ശിവദം: ഭാഗം 21

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

തോളിൽ അനുഭവപ്പെട്ട വേദനയിൽ നിന്നും കാര്യങ്ങൾ ഒക്കെ ശിവക്ക് പിടികിട്ടി എന്ന് കണ്ണന് മനസ്സിലായി... അവൻ പതുക്കെ ആ കൈ എടുത്തു മാറ്റി.."". ഈ ഏട്ടന്റെ ഒരു കാര്യം.... ഈയിടെയായി ആരോഗ്യം ഇത്തിരി കൂടുന്നുണ്ട് കേട്ടോ....എനിക്കേ അത്യാവശ്യമായി ഒരു ഫോൺ ചെയ്യാനുണ്ട് അത് കഴിഞ്ഞു വരാം..."" ഇനിയും നിന്നാൽ പെട്ടു പോകും എന്ന് മനസ്സിലാക്കി അവൻ പെട്ടെന്ന് മുറിയിലേക്ക് നടന്നു... കണ്ണന്റെ ഓട്ടം നോക്കി ചിരിയോടെ നിൽക്കുമ്പോഴാണ് ശിവയുടെ നോട്ടം വീണ്ടും തന്നിലേക്ക് വീഴുന്നതായി വേദക്ക് മനസ്സിലായത്... പിന്നെ ഒന്നും നോക്കാൻ നിന്നില്ല വേഗം അടുക്കളയിലേക്ക് നടന്നു. രണ്ടാളുടെയും ഓട്ടം കണ്ടു ശിവക്ക് ചിരി വരുന്നുണ്ടായിരുന്നു..

കുറച്ചു നേരം ഉമ്മറത്തിരിക്കാം എന്ന് വിചാരിച്ചു അവിടെയുള്ള ചാരു കസേരയിലേക്കിരുന്നു. വേദ ഇനി ഇപ്പോഴേ ഒന്നും മുന്നിലേക്ക് വരില്ല എന്ന് അവന് ഉറപ്പായിരുന്നു.. വെറുതെ കണ്ണുകളടച്ചു മഴയുടെ ശബ്ദവും കേട്ട് കിടന്നപ്പോളാണ് ഒരു ബൈക്ക് വന്നു നിൽക്കും പോലെ തോന്നിയത്. ഹെൽമെറ്റ്‌ ധരിച്ച ഒരു ചെറുപ്പക്കാരന്റെ പിന്നിൽ നിന്നും നിക്കി ഇറങ്ങുന്നത് കണ്ടപ്പോൾ നെറ്റി ഒന്ന് ചുളിഞ്ഞു... അടുത്തിരുന്ന ഫോൺ എടുത്തു സമയം നോക്കിയപ്പോളാണ് എട്ട് മണി കഴിഞ്ഞിരിക്കുന്നു..

ഇന്ന് ക്ലാസ്സുള്ള ദിവസം ആയതുകൊണ്ട് അവൾ വന്നിട്ടുണ്ടാകും എന്നായിരുന്നു വിചാരിച്ചിരുന്നത്.. സാധാരണ എന്നും താൻ വരുന്നത് ഒരുപാട് വൈകി ആയതിനാൽ അവൾ വീട്ടിൽ എത്തുന്ന സമയം കൃത്യമായി അറിയില്ലായിരുന്നു... ശിവ അടുത്തേക്ക് വരുന്നത് കണ്ട് നിക്കിയുടെ മുഖം വിളറി വെളുത്തു. ""ആകാശ് നീ പൊയ്ക്കോ... ഏട്ടൻ വരുന്നുണ്ട്... നിന്നെ കണ്ടാൽ പിന്നെ അത് മതി.. എന്തെങ്കിലും പറഞ്ഞു ഞാൻ മാനേജ് ചെയ്തോളാം.."" ""അതെന്തിനാ..... നിന്റെ ചേട്ടനല്ലേ.... എന്നായാലും നമ്മുടെ കാര്യം അറിയണമല്ലോ....

ഇപ്പൊ ജസ്റ്റ്‌ ഒന്ന് പരിചയപ്പെടുന്നതിൽ എന്താ. "" ആകാശ് സംശയത്തോടെ ചോദിച്ചു... അവൾ വീണ്ടും അവനെ പറഞ്ഞു വിടാൻ ശ്രമിക്കുമ്പോഴേക്കും ശിവ അടുത്തെത്തിയിരുന്നു. ""എവിടെയായിരുന്നു നീ ഇതുവരെ..."" മുഖത്തെ ദേഷ്യം വാക്കുകളിലും പ്രകടമായിരുന്നു.. ""അത്.. എന്റെ ഫ്രണ്ട്ന്റെ birthday പാർട്ടി ഉണ്ടായിരുന്നു... വൈകിപ്പോയതറിഞ്ഞില്ല..."" നിലത്തേക്ക് നോക്കിക്കൊണ്ട് മറുപടി പറഞ്ഞു അവൾ. ശിവ നോക്കുന്നത് കണ്ട് ആ ചെറുപ്പക്കാരൻ തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി അവനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു..

""ഹായ് ചേട്ടാ.... ഞാൻ ആകാശ് ... ഞങ്ങൾ ഒരേ ക്ലാസ്സിലാ... ചേട്ടനെ നിക്കി പറഞ്ഞറിയാം... "" അവന്റെ നോട്ടത്തിലും ഭാവത്തിലും ഒരു സാധു ആണെന്ന് തോന്നി ശിവക്ക്. എങ്കിലും ഗൗരവം വിട്ട് കളയാൻ തോന്നിയില്ല.. ""നിനക്ക് അകത്തേക്ക് പോകാറായില്ലേ..."" നിക്കിയെ നോക്കി വീണ്ടും കടുപ്പത്തിൽ ചോദിച്ചതും അവൾ വേഗത്തിൽ അകത്തേക്ക് നടന്നു. ആകാശിനെ ഒരിക്കൽ കൂടി ഒന്ന് ഇരുത്തി നോക്കിയിട്ട് പിന്നാലെ ശിവയും.. അപ്പോഴും ഇവിടിപ്പോ എന്താ നടന്നെ എന്ന് ആലോചിച്ചു ആകാശ് അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി ഊണുമുറിയിലും നിക്കി വന്നിരുന്നില്ല....കണ്ണൻ ചെന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും തല വേദന ആണെന്ന് പറഞ്ഞൊഴിഞ്ഞു. നിക്കി കഴിക്കാൻ വരാതിരുന്നത്കൊണ്ട് മാധവിയമ്മ രണ്ടാൾക്കുള്ള ഭക്ഷണവുമായി നിക്കിയുടെ മുറിയിലേക്ക് പോയി.. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നവർക്ക് തോന്നിയിരുന്നു. ശിവക്ക് ആഹാരം വിളമ്പി കൊടുക്കുമ്പോൾ അതുവരെ ഇല്ലാത്ത വിറയലും ടെൻഷനും ഉണ്ടായിരുന്നു വേദക്ക്... പിണക്കം മാറ്റാൻ വേണ്ടി ഇന്നത്തെ പാചകം മുഴുവൻ സ്വയം ഏറ്റെടുത്തതാണ്... അവന്റെ പാത്രത്തിലേക്ക് ചപ്പാത്തിയും പനീർ ബട്ടർ മസാലയും വിളമ്പി കൊടുത്തിട്ട് ആകാംഷയോടെ നോക്കി നിന്നു.

ഇടക്ക് ഒരു ധൈര്യത്തിന് കണ്ണനെ നോക്കിയെങ്കിലും മറ്റൊന്നും ശ്രദ്ധിക്കാതെയുള്ള അവന്റെ വാരിവലിച്ചുള്ള കഴിപ്പ് കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി. ""നീ ഇരിക്കുന്നില്ലേ... ""അവൻ കഴിച്ചു തുടങ്ങുന്നതും കാത്തു അക്ഷമയോടെ നിൽക്കുന്ന വേദയെ നോക്കി ശിവ സംശയത്തോടെ ചോദിച്ചു. അവളൊന്നു ഞെട്ടി പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ.. ""ഉ... ഉണ്ട്... ""പെട്ടെന്ന് തന്നെ ഒരു പാത്രത്തിലേക്ക് വിളമ്പിക്കൊണ്ട് കണ്ണന്റെ അടുത്തായി ഇരിക്കാൻ തുടങ്ങിയെങ്കിലും ശിവയുടെ പ്രതീക്ഷയോടെയുള്ള നോട്ടം കണ്ടപ്പോൾ അവനരികിലായി ഇരുന്നു. ആദ്യത്തെ പീസ് വായിലേക്ക് വച്ചപ്പോൾ തന്നെ പുതുമയുള്ള രുചി അവനു മനസ്സിലായിരുന്നു...

ഇത്രയും നാളും കഴിച്ച ഭക്ഷണത്തിൽ നിന്നും വ്യത്യസ്തമായ ഒരു രുചി.. ഒരുപക്ഷേ അതിൽ സ്നേഹം കൂടി കലരുന്നത് കൊണ്ടാകാം. . ഉദ്വെഗത്തോടെ തന്റെ മുഖത്തെ ഭാവങ്ങൾ ഒപ്പി എടുക്കാൻ വേണ്ടി കണ്ണും മിഴിച്ചു നോക്കി ഇരിക്കുന്ന വേദയെ നോക്കിയപ്പോൾ മനസ്സ് നിറഞ്ഞു.. ഇഷ്ടപ്പെട്ടു കാണുമോ എന്നുള്ള ചോദ്യം പ്രകടമായിരുന്നു അവളുടെ മുഖത്ത്. കണ്ണനെ നോക്കിയപ്പോൾ ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതെ ഭക്ഷണത്തിൽ മാത്രം മുഴുകി ഇരിക്കുന്നതാണ് കണ്ടത്....കഴിച്ചു തീർത്തിട്ട് എന്തോ അന്താരാഷ്ട്ര കാര്യം ചെയ്യാനുണ്ടെന്ന പോലെയാണ് കഴിപ്പ്.

പിന്നെ ഒട്ടും താമസിച്ചില്ല വേദയുടെ വലതു കൈ ചുണ്ടോട് ചേർത്ത് വിരലുകളിൽ അമർത്തി ചുംബിച്ചു... കണ്ണുകൾ രണ്ടും ഇപ്പോൾ പുറത്തു വരും എന്ന പോലെയായി വേദയുടെ... അകത്തേക്കെടുത്ത ശ്വാസം പോലും പുറത്തേക്ക് വിടാനാകാതെ തരിച്ചിരുന്നു.... അവന്റെ താടി രോമങ്ങൾ വിരലുകളെ ഇക്കിളികൂട്ടാൻ തുടങ്ങിയപ്പോളാണ് ഞെട്ടലോടെ കൈ പിൻവലിക്കുന്നത്... കണ്ണനെ നോക്കിയപ്പോൾ രണ്ടാളെയും മാറി മാറി നോക്കി അന്തംവിട്ട് ഇരിക്കുന്നത് കണ്ടു.. വീണ്ടും ഒരിക്കൽ കൂടി അവനെ നോക്കാൻ തോന്നിയില്ല.... പ്ലേറ്റിലേക്ക് നോക്കി കുനിഞ്ഞിരുന്നു കഴിക്കാൻ ശ്രമിച്ചെങ്കിലും കൈ വിറക്കുന്നത് കാരണം അതും പറ്റുന്നില്ലായിരുന്നു...

സൈഡിൽ നിന്നും ശിവയുടെ അടക്കിപ്പിടിച്ച ചിരി കേട്ടപ്പോൾ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി.... വീണ്ടും പ്ളേറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. """ദുഷ്ടൻ.... ഈശ്വരാ ആകെ നാണം കെട്ടല്ലോ... ഇനി ഞാനെങ്ങനെ കണ്ണന്റെ മുഖത്തു നോക്കും...""" അവൾക്കാകെ അവിടെ ഇരിക്കാൻ വല്ലാത്ത ചമ്മൽ തോന്നി. പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്നെ ഇല്ല എന്നുള്ള ഭാവമായിരുന്നു ശിവക്ക്... അത്രയ്ക്ക് സന്തോഷത്തിൽ ആയിരുന്നു മനസ്സ്....താൻ ജനിച്ചതിന് ശേഷം ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം ഇന്നാണെന്ന് തോന്നി അവനു... രാത്രി മുറിയിലേക്ക് പോകാൻ പതിവിലും അധികം വെപ്രാളം തോന്നി അവൾക്ക്....

വൃത്തിയാക്കിയതെല്ലാം വീണ്ടും വീണ്ടും വൃത്തിയാക്കി അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നു. ""ഉറങ്ങാൻ ഉള്ള പ്ലാൻ ഒന്നുമില്ലേ... ""ശിവയുടെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ വാതിൽപ്പടിയിൽ കൈ കെട്ടി ചാരി നിൽക്കുന്നത് കണ്ടു. നോട്ടത്തിലും ഭാവത്തിലും ഒക്കെ കുസൃതി ഒളിപ്പിച്ചത് പോലെ. ""അത്... ഞാനീ പാത്രം ഒന്ന് കഴുകിയിട്ട് വന്നോളാം..."" പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ കൈയിൽ ഇരുന്ന പാത്രം ഉയർത്തികാണിച്ചു.. അടുത്ത് വന്നവൻ കൈയിലെ പാത്രം ബലമായി പിടിച്ചു വാങ്ങി... ""ഈ പാത്രം ഞാനവിടെ വന്നു നിന്നപ്പോൾ മുതൽ നീ കഴുകുവാ.... ഇതിനും വേണ്ടി അതിൽ എന്താ ഇത്ര അഴുക്കിരിക്കുന്നെ...""

ഇനിയും പറയാൻ കാരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തല താഴ്ത്തി നിന്നു. ശിവയുടെ കൂടെ മുറിയിലേക്ക് നടക്കുമ്പോഴും നെഞ്ച് വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു... മുറിയിലെത്തിയിട്ടും മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... കണ്ട സിനിമകളിലെയും വായിച്ച നോവലുകളിലെയുമെല്ലാം ഫസ്റ്റ് നൈറ്റ്‌ രംഗങ്ങൾ മനസ്സിലേക്കോടി വന്നു... അടുത്തായി ഇരിക്കുമ്പോൾ നെറ്റിയിൽ കൂടി വിയർപ്പു തുള്ളികൾ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. അവളുടെ വിറയ്ക്കുന്ന കൈ വിരലുകൾ കണ്ടപ്പോഴേ എന്തൊക്കെയാണ് ആലോചിച്ചു കൂട്ടുന്നതെന്ന് ശിവക്ക് മനസ്സിലായിരുന്നു... അവളുടെ വിരലുകൾക്ക് മുകളിലായി കൈകൾ കൂട്ടിപ്പിടിച്ചു...

മുഖമുയർത്തി നോക്കിയപ്പോൾ എപ്പോഴും കാണാറുള്ള അതേ സൗമ്യ ഭാവത്തോടെ ഇരിക്കുന്ന ശിവയെ കണ്ടപ്പോൾ അവൾക്ക് ചെറിയ ആശ്വാസം തോന്നി. ""നിന്റെ ഈ കുഞ്ഞി തലയിൽ ആലോചിച്ചു കൂട്ടുന്നതൊക്കെ എനിക്കറിയാം.... ""അവളുടെ തലയിൽ ചെറുതായി കൊട്ടിക്കൊണ്ട് അവനത് പറയുമ്പോൾ അവനെ നോക്കി ചമ്മിയ ഒരു ചിരി ചിരിക്കാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. ""ഇപ്പോൾ ഒരു സോറി പറഞ്ഞതിന്റെ പുറത്തോ.... തെറ്റിദ്ധാരണ മാറിയതിന്റെ പുറത്തോ ഒരു വിവാഹ ജീവിതം തുടങ്ങാൻ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല വേദ... ""

അവളുടെ മുഖം ഇരു കവിളുകളിലും പിടിച്ചുയർത്തി അവനത് പറയുമ്പോൾ അറിയാതെ ആ കണ്ണുകളിൽ നോക്കി നിന്നു പോയി... ""ഇപ്പോൾ നിന്റെ ഈ കണ്ണിലുണ്ടല്ലോ...."" പതിയെ കൺപീലികളിൽ കൂടി വിരലോടിച്ചപ്പോൾ അവൾ കണ്ണുകൾ അടച്ചു പിടിച്ചു... ""നിറഞ്ഞു നിൽക്കുന്നത് ഭയമാണ്.... എതിർത്താൽ ഞാനെന്ത് കരുതും എന്നുള്ള ഭയം...."" അത്ഭുതമായിരുന്നു അവൾക്ക്... ഒരു വാക്ക് പോലും പറയാതെ എങ്ങനെയാണ് ഇത്രയും കൃത്യമായി തന്റെ മനസ്സിലെ ചിന്തകൾ വായിക്കാൻ കഴിഞ്ഞത് എന്നുള്ള അത്ഭുതം.. ""ഇനിയും ഒരുപാട് പരസ്പരം മനസ്സിലാക്കാനുണ്ട്.... അതുകൊണ്ട് അതൊക്കെ നടക്കേണ്ട സമയത്ത് അങ്ങ് നടന്നോളും...""

അവൻ ചിരിയോടെ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു പറഞ്ഞു... ഒരു നിമിഷം കണ്ണുകളടച്ചിരുന്നെങ്കിലും പതിയെ ആ പുഞ്ചിരി അവളുടെ ചുണ്ടിലേക്കും പടർന്നിരുന്നു... ""അന്ന് നിന്റെ ഈ കണ്ണിൽ ഭയത്തിന് പകരം എനിക്ക് പ്രണയം കാണണം.... അതെന്നാണോ അന്ന് വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... """ അവന്റെ വാക്കുകൾ അവളുടെ കണ്ണിൽ നനവ് പടർത്തി തുടങ്ങിയിരുന്നു... ""ഒന്നുമില്ലെങ്കിലും തിരിഞ്ഞു പോലും നോക്കാത്ത ഒരു യക്ഷികൊച്ചിന് വേണ്ടി വർഷങ്ങൾ കാത്തിരുന്നതല്ലേ....

""പെണ്ണ് വീണ്ടും കരയാനുള്ള പുറപ്പാടാണെന്ന് കണ്ട് ശിവ കളിയായി പറഞ്ഞു.. നെഞ്ച് നോക്കി ഒരടിയായിരുന്നു പകരമായി കിട്ടിയത്... രാത്രിയിൽ അവന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ വിശേഷങ്ങൾ പറഞ്ഞിട്ടും അറിഞ്ഞിട്ടും തീരുന്നില്ല എന്ന് തോന്നി അവൾക്ക്... ബാല്യവും... കൗമാരവും... പ്രണയവുമെല്ലാം പലവട്ടം സംഭാഷണങ്ങളിൽ കടന്നു വന്നു... ഒടുവിലെപ്പോഴോ മയക്കം തഴുകുമ്പോഴും പറഞ്ഞു പൂർത്തിയാക്കാത്ത ഒരു വാചകം നാവിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

രാവിലെ എഴുന്നേറ്റപ്പോൾ ആദ്യത്തെ ദിവസത്തെ പോലെ അവനോടു ചേർന്നു കിടക്കുകകയിരുന്നു ...അന്നത് ഞെട്ടൽ മാത്രമായിരുന്നു ഉണ്ടാക്കിയത് എങ്കിൽ ഇന്ന് പേരറിയാത്ത പല വികാരങ്ങളും ഉള്ളിൽ നിറയുന്നുണ്ടായിരുന്നു... അവന്റെ നെഞ്ചിലേക്ക് തന്നെ മുഖമമർത്തി വെറുതെ കിടന്നു.... ചുറ്റി പിടിച്ചിരുന്ന കൈകൾക്ക് മുറുക്കം കൂടിയപ്പോൾ മനസ്സിലായി അവിടെയും ഉണർന്നു കിടക്കുകയാണെന്ന്... മുഖമുയർത്തി നോക്കിയപ്പോൾ കണ്ണിമയ്ക്കാതെ നോക്കി ചിരിച്ചുകൊണ്ട് കിടക്കുന്നത് കണ്ടു. എന്താ എന്നുള്ള ഭാവത്തിൽ പിരികം പൊക്കി നോക്കി... പതിയെ തല താഴ്ത്തി കവിളിൽ ഉമ്മ വച്ചപ്പോളേക്കും കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു..

""എന്താടി മീങ്കണ്ണി നീ നോക്കുന്നെ.... ഉമ്മ വെക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല... അതെനിക്ക് തോന്നുമ്പോൾ ഒക്കെ ദാ ഇങ്ങനെ തരും...."" കണ്ണും തള്ളി നിൽക്കുന്ന അവളുടെ കവിളിൽ ഒരിക്കൽ കൂടി അമർത്തി ചുംബിച്ചു കൊണ്ട് ഒരു പൊട്ടിച്ചിരിയോടെ ശിവ പറഞ്ഞു.. ഇനിയും ഒന്ന് കൂടി വാങ്ങാനുള്ള ശക്തി ഇല്ലാതിരുന്നതിനാൽ വേഗം അവനെ തള്ളി മാറ്റിയിട്ട് എഴുന്നേറ്റു... അപ്പോഴും അവൾ തല ചായ്ച്ചു കിടന്ന തലയണയെ മാറോടടുക്കി അവൻ നോക്കി കിടക്കുന്നുണ്ടായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഗായത്രിക്കായി കാത്തു നിൽക്കുകയായിരുന്നു കണ്ണൻ.. ഇന്നലെ അവളെ കണ്ടിരുന്നില്ല... അതാണ് പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത്..

ദൂരെ നിന്നും അവൾ വരുന്നത് കണ്ടപ്പോളേ അവൻ വേഗം അവളുടെ അടുത്തേക്ക് നടന്നു... എന്നാൽ അവനെ ശ്രദ്ധിക്കുക പോലും ചെയ്യാതെ മുന്നോട്ട് നടക്കുകയായിരുന്നു അവൾ... രണ്ടു തവണ അവൻ മുൻപിൽ വന്നു നിന്നിട്ടും ശ്രദ്ധിക്കാതെ അവൾ വഴിയൊഴിഞ്ഞു നിന്നപ്പോൾ മനപ്പൂർവം തന്നെ ഒഴിവാക്കുകയാണെന്ന് അവനു മനസ്സിലായി... കാര്യം എന്താ എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.. ""ഡീ... നീ എന്താ കണ്ടിട്ടും കാണാതെ പോകുന്നെ.."". വീണ്ടും അവൾ മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ തടസ്സമായി മുൻപിൽ നിന്നു .. ""വഴിയിൽ നിന്നും മാറ്... എനിക്ക് പോണം...""

അവന്റെ മുഖത്ത് നോക്കാതെ സൈഡിലേക്ക് നോക്കി അവൾ പറഞ്ഞു ... ""അതിന്റെ കാരണമാണ് ചോദിച്ചത്.... നിനക്കെന്താ എന്റെ മുഖത്തേക്ക് നോക്കിയാൽ.."". ഇത്തവണ അവനും ദേഷ്യം വന്നു തുടങ്ങിയിരുന്നു.... ""നിങ്ങൾക്കെന്താ.... പറഞ്ഞാൽ മനസ്സിലാകില്ലേ.... നമ്മൾ തമ്മിൽ അതിന് എന്ത് ബന്ധമാ ഉള്ളത്.... എന്റെ ആരാ നിങ്ങള്..."" ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന അവളുടെ ആ രൂപം അവനന്യമായിരുന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story