ശിവദം: ഭാഗം 24

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

വായിക്കുംതോറും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... ശിവയെ നോക്കിയപ്പോൾ മറ്റെവിടേക്കോ നോട്ടം മാറ്റി നിൽക്കുകയായിരുന്നു... വീണ്ടും ആ ദിവസങ്ങളിലെ ഓർമകളിലേക്ക് മടങ്ങിച്ചെല്ലാൻ ആഗ്രഹിക്കാത്തത് പോലെ... പൂർത്തിയാക്കാൻ കഴിഞ്ഞില്ല... അതിന് മുൻപ് തന്നെ കാറ്റു പോലെ അവനെ ഇറുകെ പുണർന്നിരുന്നു... മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ശ്വാസം പോലും എടുക്കാൻ മറന്നിരുന്നു... അവനെഴുതിയ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ... ഒടുവിൽ അതേ കിതപ്പോടെ അവനിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോൾ ആ കൈകളും അരക്കെട്ടിൽ മുറുകിയിരുന്നു... ഒടുവിൽ ശ്വാസം വിലങ്ങിയപ്പോളായിരുന്നു അവനിൽ നിന്നും അകന്നു മാറിയത്...

അപ്പോഴും ഒരു കിതപ്പോടെ അവന്റെ തോളിൽ തന്നെ ചാഞ്ഞു മുഖമമർത്തി നിന്നു.. കഴുത്തിനിടയിലേക്ക് മുഖം പൂഴ്ത്തി എത്ര നേരം നിന്നു എന്നറിയില്ല... അവന്റെ കൈകളും ചേർത്ത് പിടിച്ചതിൽ നിന്നും അയഞ്ഞിരുന്നില്ല... കഴിഞ്ഞു പോയ നിമിഷങ്ങളിൽ നിന്നും രണ്ടാളും തിരികെ വരാൻ ഇഷ്ടപ്പെടാത്തത് പോലെ തോന്നി.. . ഇനിയൊരു മടക്കമില്ലാത്തവണ്ണം അത്രമേൽ അവനിൽ ലയിച്ചു ചേരാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു മനസ്സ്.. ""ഇഷ്ടമാണോടി.... നിനക്കെന്നെ... ഇപ്പൊ..."" വാക്കുകൾ കൂട്ടിപ്പെറുക്കി ആയിരുന്നു ചോദ്യം.... അതിന് മറുപടി പറയാതെ അവൾ ഒന്ന് കൂടി അവനോടു ചേർന്നു നിന്നു... മുഖമാകെ ചുവപ്പു രാശി പടരുന്നുണ്ടായിരുന്നു...

""പറയ്.... പെണ്ണെ... അറിയാനുള്ള കൊതി കൊണ്ടല്ലേ..."" ഇത്തവണ രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു... ആ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന പ്രതീക്ഷ അവളുടെ മനസ്സിൽ വല്ലാത്ത സ്നേഹം നിറക്കുന്നുണ്ടായിരുന്നു... വാത്സല്യം നിറക്കുന്നുണ്ടായിരുന്നു.... ""എന്ത് തോന്നുന്നു..."". ചോദ്യത്തിൽ കുസൃതി നിറഞ്ഞു... ""എനിക്കറിയില്ല..."". പറയുമ്പോൾ ആ ശബ്ദത്തിൽ പരിഭവം നിഴലിക്കാൻ തുടങ്ങിയിരുന്നു.. കൈകൾ പിൻവലിച്ചു അകന്നു മാറാൻ തുടങ്ങിയ അവനിലേക്ക് വീണ്ടും ചേർന്നു നിന്നു.... ""ഇഷ്ടം ഉണ്ടെങ്കിലോ..."". വീണ്ടും ചിരിയമർത്തി ഉള്ള ചോദ്യം.. അവനിൽ വീണ്ടും കൗതുകം നിറഞ്ഞു...

""പറയാനെനിക്കറിയില്ല അതെത്രത്തോളമുണ്ടെന്ന് പക്ഷേ നീയില്ലാതെ അടുത്ത നിമിഷം എന്തെന്ന് ചോദിച്ചാൽ ശൂന്യമാണെന്ന് മാത്രം ഞാൻ പറയും... ജീവനില്ലാത്ത ശൂന്യത..."" കണ്ണിൽ നനവ് പൊടിഞ്ഞിരുന്നു..പറയുമ്പോൾ.. ഇനിയൊരു വാക്ക് പോലും ആവശ്യമില്ല എന്ന പോലെ അവനവളെ ചേർത്ത് പിടിച്ചു... കണ്ണിലും കവിളിലും ചുണ്ടിലും മാറി മാറി പതിഞ്ഞ ചുംബനങ്ങൾ സ്ഥാനം തെറ്റി തുടങ്ങിയപ്പോൾ തടയാനുള്ള ശക്തി ഇല്ലാതെ അവളവനോട് ചേർന്നു നിന്നു... അവനിലേക്ക് അലിഞ്ഞു ചേരുവാൻ ഭ്രാന്തമായി കൊതിക്കും പോലെ...

ഇതുവരെ അറിയാത്ത പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ അവൻ അവൾക്കായി പകർന്നു നൽകുമ്പോൾ പലപ്പോഴും നാണത്താൽ അവളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ രാവിലെ കണ്ണ് തുറന്നപ്പോൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സ്വപ്നത്തിലാണ് ജീവിക്കുന്നതെന്ന് തോന്നി... നേരം പുലർന്നിട്ടും അവനിൽ നിന്നും അകന്നു മാറാൻ തോന്നിയില്ല... നെഞ്ചിൽ തല ചായ്ച്ചു കിടന്നപ്പോൾ ഇന്നലത്തെ ഓർമ്മകൾ മാത്രമായിരുന്നു മനസ്സിൽ... കവിളുകളിൽ നാണത്തിന്റെ കുങ്കുമ നിറം കലർന്നപ്പോൾ പതിയെ അവനെ നോക്കി.. നല്ല ഉറക്കത്തിലാണ് ആള്... അപ്പോഴും ഒരു കൈയാൽ തന്നെ ചേർത്തു പിടിച്ചിരിക്കുന്നു... വീണ്ടും ഉറങ്ങാൻ തോന്നിയില്ല...

രാവിലെ തന്നെ കമ്പനിയിൽ പോകണം എന്ന് ഇന്നലേ പറഞ്ഞിരുന്നു... താൻ വൈകിയാൽ പുറത്തു നിന്ന് കഴിക്കാം എന്നും പറഞ്ഞു അങ്ങ് പൊയ്ക്കളയും ..രാധേച്ചി ഇന്നും നാളെയും ലീവ് ആണെന്ന് പറഞ്ഞിരുന്നു... മാസത്തിൽ രണ്ടു ദിവസം കൊടുക്കുന്ന അവധി.. കുറച്ചു നേരം കൂടി അവനെ നോക്കി നിന്നു... കൈകൾ അടർത്തി മാറ്റി എഴുന്നേറ്റപ്പോൾ നെറ്റി ചുളിക്കുന്നത് കണ്ടു... ആ ചുളിവുകളിൽ ഒരിക്കൽ കൂടി ചുണ്ടുകൾ ചേർത്തു... പ്രണയത്തേക്കാൾ ഉപരി വാത്സല്യത്തോടെ.. ശിവ എണീക്കുമ്പോൾ വേദയെ അരികിൽ കണ്ടില്ല... ആദ്യം ചെറിയ പരിഭവം തോന്നിയെങ്കിലും അവളെവിടെ ആയിരിക്കും എന്ന് അറിയാമായിരുന്നതിനാൽ അതിന് ക്ഷണ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു...

കുറച്ചു നാളുകളായി അങ്ങനെയാണ് അവളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം തന്നെ തരണം എന്ന നിർബന്ധമാണ് ..... എത്ര പെട്ടെന്നാണ് തനിക്കും ഇഷ്ടങ്ങൾ ഉണ്ടായത്... ഇപ്പോൾ ഏറ്റവും ഇഷ്ടം എന്തെന്ന് ചോദിച്ചാൽ അവൾ തനിക്കായി ഉണ്ടാക്കുന്നതെന്തും എന്നാകും മറുപടി... ഇനി ഒരു പക്ഷേ അതിലവളുടെ പ്രണയവും കലരുന്നത് കൊണ്ടാകാം.. താഴെയെത്തിയപ്പോൾ ആദ്യം കണ്ണന്റെ മുറിയിലേക്കാണ് പോയത്... അലസമായി ഫോണിലേക്ക് നോക്കിക്കൊണ്ട് കട്ടിലിൽ ചാരി ഇരിക്കുന്ന അവനെ കണ്ടു... ശിവ വരുന്നത് കണ്ടപ്പോളേക്കും അവനോടി അരികിലെത്തി... ഏട്ടനെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ മനസ്സിലെ ഭാരങ്ങൾക്ക് അല്പം ആശ്വാസം കിട്ടുന്നത് പോലെ...

""എന്താടാ... എന്താ കാര്യം... ഞാൻ പോയ അന്ന് മുതൽ ശ്രദ്ധിക്കുന്നു... എന്തെങ്കിലും പ്രശ്നം ഉണ്ടോ... ""അവന്റെ പുറത്ത് പതിയെ തട്ടിക്കൊണ്ടു ശിവ ചോദിച്ചു.. . കണ്ണൻ പെട്ടെന്ന് തന്നെ ശിവയിൽ നിന്നും വിട്ട് മാറി... ""ഏയ്യ്.... എന്ത്... എന്ത് പ്രശ്നം.... ഏട്ടനേയും ഏട്ടത്തിയെയും മിസ്സ്‌ ചെയ്തു അത്രയേ ഉള്ളു... ""ഉള്ളിലെ പതർച്ച പുറത്തു വരാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു.. ഗായത്രി ടെ വീട്ടിൽ ഞാൻ പോയി സംസാരിക്കാം... കണ്ണന്റെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കി ചിരി ഒളിപ്പിച്ചു കൊണ്ട് ശിവ പറഞ്ഞു.. ""ഗാ... ഗായത്രിയോ.... ഗായത്രി ക്ക് എന്താ..."" കണ്ണൻ ചെറിയ ഒരു പരുങ്ങലോടെ പറഞ്ഞു..

ശിവയുടെ അടുത്ത മറുപടി കേട്ടപ്പോൾ ഇനി ഒഴിഞ്ഞു മാറിയിട്ടൊന്നും കാര്യമില്ല എന്നവന് മനസ്സിലായി... ""ഞാൻ മാത്യുവിനെ വിളിച്ചിരുന്നു..."" കള്ളത്തരം ഒളിപ്പിക്കാൻ പാട് പെടുന്ന കണ്ണന്റെ തോളിൽ കൈ ഇട്ട് ശിവ പറഞ്ഞു.. ""തെണ്ടി.... ഒന്ന് പോലും വിടാതെ എല്ലാം പറഞ്ഞു കൊടുത്തു കാണും.."". മാത്യുവിനെ ഒന്ന് മനസ്സിൽ സ്മരിച്ചുകൊണ്ട് കണ്ണൻ അവനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു... ശിവയുടെ മുഖത്ത് ദേഷ്യം മാറി ഗൗരവം നിറഞ്ഞു.. ""ഏട്ടൻ എന്തായാലും സംസാരിച്ചു നോക്കാം... അവളെ നിനക്ക് വിധിച്ചതാണെങ്കിൽ നിന്നിലേക്ക് തന്നെ വന്നു ചേരും.... അങ്ങനെ അല്ല എന്നാണെങ്കിൽ അതും സ്വീകരിക്കാൻ മനസ്സിനെ പഠിപ്പിക്കണം..

."" കണ്ണനെ ചേർത്ത് പിടിച്ചു വാത്സല്യത്തോടെ പറഞ്ഞു.. കണ്ണന്റെ മുഖം തെളിഞ്ഞപ്പോൾ തന്റെ മനസ്സിലും സന്തോഷം നിറയുന്ന പോലെ തോന്നി... പണ്ടേ അങ്ങനെയാണ് അവന്റെ മുഖം വാടിയാൽ അതിലും വേദന തനിക്കാണ്... എന്നും അവന്റെ ചിരിയോടു കൂടിയ മുഖം കാണാനാണ് ഇഷ്ടം.. ""ചേട്ടന്റെയും അനിയന്റെയും സംസാരം കഴിഞ്ഞെങ്കിൽ കഴിക്കാൻ വരാം.."". ഊണുമുറിയിൽ നിന്നും വേദ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ കണ്ണൻ ആദ്യം തന്നെ പോയി... ഒരാഴ്ച കൊണ്ട് അവളുടെ ഭക്ഷണം വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു... ശിവ വരുന്നത് കണ്ടപ്പോൾ അവൾ നാണത്തോടെ കണ്ണുകൾ താഴ്ത്തി... അവനോട് ചേർന്നു നിന്ന് വിളമ്പി കൊടുക്കുമ്പോൾ മുമ്പെങ്ങും ഇല്ലാത്ത പരവേശം ആയിരുന്നു..

അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയെന്നവണ്ണം കളിയാക്കി ബുദ്ധിമുട്ടിക്കാൻ അവന് തോന്നിയില്ല... അതിനുമപ്പുറം അവളുടെ കരുതൽ ആസ്വദിക്കുകയായിരുന്നു മനസ്സ്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വൈകിട്ട് ക്ലാസ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ വീണ്ടും കണ്ണുകൾ അവൻ പതിവായി ഇരിക്കാറുള്ള സ്ഥലത്തേക്ക് നീണ്ടു.. ഇന്നും അവിടെ കാണാതിരുന്നപ്പോൾ ഉള്ളിൽ ഒരു വേദന തോന്നി.. ഒരാഴ്ചയിൽ അധികമായിരുന്നു കണ്ടിട്ട്... അന്ന് അങ്ങനെ പറഞ്ഞതിന് ശേഷം ഒരിക്കൽ പോലും മുൻപിൽ വന്നിട്ടില്ല... അവനായി കണ്ണുകൾ ചുറ്റും പരതുമ്പോൾ ദൂരെ നിന്നെങ്കിലും ഒന്ന് കണ്ടാൽ മതി എന്നായിരുന്നു.. കടന്നു പോകുന്ന മുഖങ്ങളിലെല്ലാം അവനെ തിരഞ്ഞു..

ഓരോ തവണയും നിരാശയോടെ കണ്ണുകൾ പിൻവലിക്കും... ഇനിയും കാണാതെ ഇരുന്നാൽ ഒരു പക്ഷേ ഈ കുറ്റബോധവും ഭാരവും താങ്ങാൻ കഴിയാതെ മരിച്ചു പോകുമോ എന്ന് പോലും അവൾക്ക് തോന്നി... അത്രമേൽ വേദനിക്കുന്നുണ്ടായിരുന്നു ഓരോ നിമിഷവും... ആദ്യമേ ഒഴിവാക്കാൻ കഴിയുമായിരുന്നിട്ടും താൻ തന്നെയാണ് തന്റെ മൗനത്തിലൂടെ അവന് പ്രതീക്ഷകൾ നൽകിയത്... എന്നിട്ടിപ്പോൾ താൻ തന്നെ ഒരു ദാക്ഷിണ്യവും ഇല്ലാതെ അത് തട്ടിയുടക്കുകയും ചെയ്തു.. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... മറ്റാരെങ്കിലും കാണുന്നതിന് മുൻപ് അമർത്തി തുടച്ചു മുന്നോട്ട് നടന്നു... ""ഇത്രേം നേരം നോക്കിയിട്ട് കാണാതെ പോയാൽ എങ്ങനാ... ""

കേൾക്കാൻ കൊതിച്ച ശബ്ദം കാതിൽ മുഴങ്ങി കേട്ടപ്പോൾ വെപ്രാളത്തോടെ തിരിഞ്ഞു നോക്കി.. കാണാൻ കൊതിച്ച മുഖം കണ്മുന്നിൽ കണ്ടിട്ടും കാലുകൾ അവനരികിലേക്ക് ചലിച്ചില്ല... ഒരു തരം മരവിപ്പായിരുന്നു... കുറ്റബോധം കൊണ്ട് തല കുനിഞ്ഞു പോയിരുന്നു.. അടുത്ത് വന്നു നിൽക്കുന്നതറിഞ്ഞിട്ടും മുഖമുയർത്തി നോക്കിയില്ല.. ""യുദ്ധം ഒക്കെ തീർന്നോ..."" കണ്ണൻ ചിരി മറച്ചു ഗൗരവം കലർന്ന സ്വരത്തിൽ ചോദിച്ചു... . അവന്റെ ഗൗരവം അവളിൽ വല്ലാത്ത നോവ് നിറച്ചു... ""അത് ഞാൻ... വേദനിപ്പിക്കാൻ വേണ്ടി അല്ല... എ.. എനിക്കൊരിക്കലും ഇ... ഇഷ്ടപ്പെടാൻ പറ്റാത്തോണ്ട്... വേ.. വേറെ വഴി ഒന്നും ഇല്ലായിരുന്നു... ""വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.....

""കിഷോറിനെ പേടിച്ചാണോ..."" കണ്ണന്റെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടത്... എല്ലാ സത്യങ്ങളും അവൻ അറിഞ്ഞു കാണുമോ എന്ന് ഭയം തോന്നി... വല്ലാത്ത അപകർഷതാ ബോധം തോന്നുന്നു... ഓർമ വച്ച നാള് മുതൽ മനസ്സിൽ സ്വരുക്കൂട്ടി വച്ച രഹസ്യങ്ങളൊക്കെയും മറ നീക്കി പുറത്തു വരുമോ എന്നവൾക്ക് ഭയം തോന്നി... വേണ്ട... ആരും ഒന്നും അറിയണ്ട... തിരിഞ്ഞോടാൻ തുടങ്ങുമ്പോളെക്കും കൈയിൽ പിടിച്ചു അവനിലേക്ക് വലിച്ചടുപ്പിച്ചിരുന്നു... അവളുടെ കണ്ണുകളിൽ ഭയം ആണ് നിറഞ്ഞു നിൽക്കുന്നതെന്ന് അവന് മനസ്സിലായിരുന്നു.. കവിളിൽ കൂടി ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ വിരലുകൾ കൊണ്ട് ഒപ്പി എടുക്കുംതോറും കൂടുതൽ ശക്തിയായി ഒഴുകിക്കൊണ്ടിരുന്നു... .

""ഇനി അവനെ ഓർത്ത് ഈ കണ്ണുകൾ നിറയരുത് ....നിന്റെ കഴുത്തിൽ ഒരാൾ താലി കെട്ടുന്നുണ്ടെങ്കിൽ അതീ നിരഞ്ജൻ മാത്രമായിരിക്കും ...""അവളുടെ മുഖം കൈയിലെടുത്തു പറഞ്ഞു.. . അവനെ നോക്കി നിൽക്കുമ്പോൾ സ്വയം നഷ്ടപ്പെടും പോലെ തോന്നി... പക്ഷേ മറുപടി പറയുന്നതിന് തൊട്ട് മുൻപാണ് തന്നെ നോക്കി നിൽക്കുന്ന മറ്റു രണ്ടു കണ്ണുകളെ കാണുന്നത്... ഭയം നെഞ്ചിനെ വരിഞ്ഞു മുറുക്കും പോലെ തോന്നി.... കൈത്തണ്ടയിലും നെറ്റിയിലും വിയർപ്പുതുള്ളികൾ പൊടിഞ്ഞിറങ്ങി ...നാവിനും തളർച്ച ബാധിച്ചത് പോലെ.... ""നീ വരുന്നില്ലേ..... വാ ഞാൻ അങ്ങോട്ട.. ."" ഗാംഭീര്യത്തോടെയുള്ള ശബ്ദം കേട്ടു... ഉമിനീരിറക്കാൻ പോലും പേടി കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല...

അടുത്തേക്ക് വന്നു കണ്ണന്റെ കൈകൾ ബലമായി തന്നിൽ നിന്നും മോചിപ്പിച്ചു ചേർത്ത് നിർത്തുമ്പോൾ ശരീരം വിറയ്ക്കാൻ തുടങ്ങിയിരുന്നു... ""ഞാൻ കിഷോർ... ഗായത്രി ടെ fiance ആണ്.."". ചുണ്ടിൽ ചിരി വരുത്തി അങ്ങനെ പറയുമ്പോളും ആ കണ്ണിൽ തെളിഞ്ഞു കാണുന്ന പക കണ്ണന് വ്യക്തമായിരുന്നു ... ""അറിയാം നന്നായി.... ""തിരികെ കൊടുത്ത മറുപടിയിലും അതേ കനം ഉണ്ടായിരുന്നു... ദയനീയമായി തന്നെ നോക്കുന്ന ഗായത്രിയേ കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ അവന് തോന്നിയില്ല... താൻ പറയുന്ന ഓരോ വാക്കിന്റെയും ഫലം ആ പാവം അനുഭവിക്കേണ്ടി വരും എന്നവന് ബോധ്യം ഉണ്ടായിരുന്നു..

കണ്ണിൽ നിന്നും മറയും വരെ ഇടക്കിടെ തിരിഞ്ഞു നോക്കി പോകുന്ന അവളെ നോക്കി നിൽക്കുമ്പോൾ അരുതാത്തത് എന്തോ സംഭവിക്കാൻ എന്ന പോലെ അവന്റെ നെഞ്ചിടിപ്പ് ഉയർന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കൈയിൽ നിന്നും ഇറ്റു വീഴുന്ന രക്ത തുള്ളികളിലേക്ക് നോക്കുമ്പോൾ മനസ്സ് പോലെ മുഖവും നിർജീവം ആയിരുന്നു... ചൂരൽ പാടുകൾ ഏൽക്കാത്ത ഒരു സ്ഥലം പോലും ദേഹത്തു ഇല്ലായിരുന്നു... അച്ഛന് മുൻപിലേക്ക് തന്നെ വലിച്ചെറിഞ്ഞു കൊണ്ട് ആൺകുട്ടികളുമായി ശൃംഗരിച്ചു നിൽക്കുന്ന മകളുടെ കഥകൾ കിഷോർ പറയുമ്പോൾ അതിന് മറുപടിയായി അച്ഛന്റെ കൈകൾ പലവട്ടം ഉയർന്നു താണു.. തടയാൻ വന്ന അമ്മയെപ്പോലും വകവയ്ക്കാതെ തലങ്ങും വിലങ്ങും തല്ലുമ്പോൾ അന്നാദ്യമായി കരയാതെ നിന്നു...

എല്ലു നുറുങ്ങുന്ന വേദന ഉണ്ടായിട്ടും ഒരിറ്റു കണ്ണുനീർ പോലും പുറത്തേക്ക് വന്നില്ല എന്നത് തന്നെത്തന്നെ അത്ഭുതപ്പെടുത്തി.. ""പിഴച്ചവൾ ""എന്ന് അച്ഛൻ പറഞ്ഞ വാക്കിൽ തന്നെ ഹൃദയം മരിച്ചിരുന്നു... ഒടുവിൽ ഒരാഴ്ച തികയുമ്പോൾ ഉള്ള ഏറ്റവും അടുത്ത മുഹൂർത്തത്തിൽ വിവാഹം ഉറപ്പിക്കുമ്പോൾ അവിടെ മരണം പൂർണ്ണമാകുകയായിരുന്നു... തറയിൽ പരന്നു തുടങ്ങിയ രക്തതിന് കണ്ണന്റെ മുഖമാണെന്ന് തോന്നി... വെറുതെ അതിലൊന്നു തൊട്ടു... കൈകൾ ഒരിക്കൽ കൂടി ചുവന്നതല്ലാതെ അവനിലേക്കെത്താൻ കഴിഞ്ഞില്ല... കാഴ്ചകൾ മങ്ങി തുടങ്ങിയിരുന്നു... ചുമരിലേക്ക് ചാഞ്ഞു ഇരിക്കുമ്പോൾ കണ്ണന്റെ മുഖം മാത്രം മനസ്സിലേക്ക് വന്നു... വീണ്ടും ഒരിക്കൽ കൂടി ആ മുഖത്തൊരു ചിരി വിടർന്നു... ഒരുപക്ഷേ അവനായി വിടരുന്ന അവസാനത്തെ പുഞ്ചിരി.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story