ശിവദം: ഭാഗം 5

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

തന്നെ നോക്കാതെ കൈയും കെട്ടി വായും തുറന്നുള്ള അവന്റെ ഇരിപ്പ് ശിവയിൽ ചിരിയുണർത്തി. പതിവ് തെറ്റിക്കാൻ തോന്നിയില്ല. വായിൽ വച്ചു കൊടുക്കുമ്പോൾ മുഖത്തെ പരിഭവം ചെറുതായി അലിയുന്നത് കണ്ടു. "കഴിഞ്ഞോ ഇന്നത്തെ പ്രഹസനം." കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ശിവ ചോദിച്ചു. "ചിലപ്പോൾ കഴിഞ്ഞിട്ടുണ്ടാകില്ല. ആർക്ക് വേണ്ടിയാ ഏട്ടാ സ്വന്തം ആരോഗ്യം പോലും നോക്കാതെ നിങ്ങൾ ഈ ജീവിക്കുന്നത്. എന്റെ അമ്മ എന്ന് പറയുന്ന ആ സ്ത്രീക്ക് വേണ്ടിയാണോ. പുറമേ കാണിക്കുന്നതല്ലാതെ സ്നേഹത്തോടെ ഒന്ന് നോക്കിയിട്ടെങ്കിലും ഉണ്ടോ അവരിത് വരെ. "കണ്ണന് ദേഷ്യം വരുന്നുണ്ടായിരുന്നു.

വാടിയ ഒരു പുഞ്ചിരി മാത്രം ആയിരുന്നു ശിവക്ക് മറുപടിയായി ഉണ്ടായിരുന്നത്. "നീ ചെല്ല്. ക്ലാസ്സ്‌ ഉള്ളതല്ലേ നാളെ. " ശിവ വീണ്ടും വിഷയം മാറ്റി ഒഴിഞ്ഞു മാറുന്നത് കണ്ട് കണ്ണന് ദേഷ്യം വന്നു. ഇത് സ്ഥിരമാണ്. വിഷമങ്ങൾ ഒരിക്കലും തുറന്നു പറയില്ല. "എല്ലാം അറിഞ്ഞു വച്ചിട്ട് ഒന്നുമില്ല എന്നുള്ള ഈ ഒഴിഞ്ഞു മാറ്റം ഉണ്ടല്ലോ. അതാണെനിക്ക് ഇഷ്ടമല്ലാത്തത്. സ്വത്തുക്കൾ ആശ്രമത്തിന് പോകും എന്ന് അമ്മാവൻ വിൽപ്പത്രം എഴുതിയത് കൊണ്ട് മാത്രമാ അവരിപ്പോഴും ഏട്ടനെ ജീവനോടെ വച്ചേക്കുന്നേ. അല്ലെങ്കിൽ എപ്പോഴേ തീർത്തേനെ." അവന്റെ ശബ്ദം ഉയർന്നിരുന്നു. "നിനക്കെന്താ കണ്ണാ. നീയെന്തിനാ ഇതൊക്കെ ആലോചിക്കാൻ നടക്കുന്നത്. അതിനുള്ള പ്രായം നിനക്കായിട്ടില്ല.

ഇപ്പോൾ പോയിരുന്നു പഠിക്ക്". ശിവ ഗൗരവത്തിൽ തന്നെ പറഞ്ഞു. താൻ പറയുന്നതൊന്നും ശിവ അംഗീകരിക്കുന്നില്ല എന്ന് കണ്ട് കണ്ണന് ദേഷ്യവും വിഷമവും എല്ലാം കൂടി വന്നു. ഒന്നും മിണ്ടാത്തെ അവൻ മുറിയിൽ നിന്നും ഇറങ്ങി പോയി. ബെഡിൽ വന്നു കിടക്കുമ്പോഴും കണ്ണനെ കുറിച്ച് ആലോചിക്കുകയായിരുന്നു ശിവ. പത്താമത്തെ വയസ്സിലാണ് അവനെ തനിക്ക് കിട്ടുന്നത്. അതുകൊണ്ട്തന്നെ പലപ്പോഴും ഒരനുജൻ എന്നതിലുപരി മകനെന്നുള്ള വാത്സല്യം ആണ് അവനോടു............. ചേർത്തു നിർത്താനായി അവൻ മാത്രമേ തനിക്ക് ഈ ലോകത്തുള്ളൂ എന്ന തിരിച്ചറിവായിരിക്കാം.....................

തന്റെ പ്രശ്നങ്ങളിലേക്ക് അവനെക്കൂടി വലിച്ചിഴക്കുന്നത് അവന് തന്നെ ദോഷമായി തീരുകയേ ഉള്ളൂ എന്ന നല്ല ബോധ്യം ഉണ്ട്. അഞ്ചു വയസ്സ് വരെയുള്ള ജീവിതത്തെ കുറിച്ച് വലിയ ഓർമയില്ല......... അമ്മയുടെ മങ്ങിയ ഒരു രൂപം മാത്രം മനസ്സിലുണ്ട്......... അനിയനെ വയറ്റിലുണ്ടായിരുന്നപ്പോൾ പറ്റിയ ഒരപകടം...... അവിടെ തുടങ്ങുകയായിരുന്നു ആ അഞ്ചു വയസ്സുകാരന്റെ നഷ്ടങ്ങൾ...... അമ്മയുടെ ഓർമ്മകൾ വല്ലാതെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അച്ഛന് പിന്നെ അവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല...... മഹാരാഷ്ട്രയിലെ ജോലി ഉപേക്ഷിച്ചു കേരളത്തിലേക്ക് തിരിക്കുമ്പോൾ സന്തോഷം ആയിരുന്നു തോന്നിയത്.............

ഫ്ളാറ്റിലെ ഒറ്റക്കുള്ള ജീവിതവും അച്ഛന്റെ മദ്യപാനവും അത്രത്തോളം ഭയപ്പെടുത്തിയിരുന്നു. ഇനി മുതൽ മോൻ ഒറ്റക്കാവില്ല, ഇഷ്ടം പോലെ കൂട്ട് കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് ഇവിടേക്കെത്താൻ കൊതിച്ചു........ ......അന്നറിഞ്ഞില്ല ചുറ്റും ആളുകളുണ്ടായിട്ടും അനുഭവിക്കുന്ന ഒറ്റപ്പെടലിനേക്കാൾ വേദനിപ്പിക്കുന്നതല്ല ആ ഫ്ളാറ്റിലെ അനുഭവങ്ങൾ ഒന്നും എന്ന്.......... . നാട്ടിൽ വന്നു തറവാട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ ഭർത്താവ് വിദേശത്തായ അപ്പച്ചിയെ നിർബന്ധിച്ചു കൂടെ താമസിപ്പിക്കുകയായിരുന്നു. അപ്പച്ചി എന്നുള്ള വിളി മാറ്റി അമ്മ എന്ന് വിളിക്കാൻ പല തവണ പറഞ്ഞെങ്കിലും കഴിഞ്ഞിരുന്നില്ല .

മാധവിയമ്മ എന്നായി പിന്നീട് വിളിക്കുന്നത്. നാട്ടിൽ വന്നു തുടങ്ങിയ കമ്പനി ലാഭത്തിൽ ആയപ്പോൾ വിദേശത്തുള്ള അമ്മാവനും ജോലി മതിയാക്കി നാട്ടിലേക്ക് തിരികെയെത്തി. മുഴുവൻ സമയവും ജോലിയിലും മദ്യത്തിലും മുഴുകി ഭാര്യയുടെ വിയോഗം അച്ഛൻ മറക്കാൻ ശ്രെമിച്ചപ്പോൾ ഒരെട്ടു വയസ്സുകാരന് പണത്തിനും ആഹാരത്തിനും അപ്പുറം വേണ്ടി വരുന്ന വാത്സല്യം എന്ന മരുന്നിനെ അച്ഛൻ പാടെ മറന്നു. അമ്മാവൻ നാട്ടിൽ എത്തുന്നത് വരെ സ്നേഹം തന്നെയായിരുന്നിരിക്കണം അപ്പച്ചിക്ക്.............. അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കാനാണിഷ്ടം. ഏഴ് വയസ്സുള്ളപ്പോൾ ആണ് നിക്കി ജനിക്കുന്നത്. അച്ഛൻ തന്നെ പേരിടണം എന്ന് അപ്പച്ചിക്ക് നിർബന്ധം ആയിരുന്നു.

ആ കുഞ്ഞിക്കൈ തന്റെ കൈയിലേക്ക് വെച്ച് നിക്കി നിനക്കുള്ളതാ എന്ന് ചിരിയോടെ പറയുന്ന അപ്പച്ചിയുടെ മുഖം ഇന്നും ഓർമയുണ്ട്. അന്നായിരുന്നു അവസാനമായി തനിക്ക് വേണ്ടി ആ മുഖത്ത് ഒരു ചിരി വിരിഞ്ഞത്.......... ""ബന്ധത്തിൽ നിന്നും വേണ്ട മാധവി. അവളവന്റെ അനിയത്തി ആണ്""........ അച്ഛന്റെ ശബ്ദം ഇന്നും കാതിൽ മുഴങ്ങുന്നു. അപ്പച്ചിയുടെ കൈകൾ തനിയെ അയയുന്നത് കണ്ടു. പിന്നീടൊരിക്കൽ പോലും ആ കൈകൾ ചേർത്തു പിടിച്ചിട്ടില്ല. പിന്നീടൊരിക്കൽ പോലും ഒന്നും പഴയത് പോലെ ആയിട്ടില്ല.

പക്ഷേ ആ മാറ്റങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അതിനുള്ള പക്വത മനസ്സിനില്ലായിരുന്നു. കൂടെയുള്ള കൂട്ടുകാർ സ്കൂൾ വിട്ട് വീട്ടിൽ ചെന്നിട്ട് അമ്മയെ കെട്ടിപ്പിടിക്കുന്ന കഥ ക്ലാസ് മുറികളിൽ നിന്നും കേൾക്കുമ്പോളൊക്കെ അത്തരമൊരു രംഗം ഓർമകളിൽ തിരയുമായിരുന്നു ...... പക്ഷേ ഒരിക്കൽ പോലും കണ്ടെത്താനായില്ല................ അവർ പറഞ്ഞ രംഗങ്ങളിൽ വെറുതേ അമ്മയുടെ മുഖം സങ്കല്പിച്ചു നോക്കുമായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഓട്ടമത്സരത്തിനു ഒന്നാം സമ്മാനം കിട്ടിയ ട്രോഫിയുമായി വീട്ടിലേക്കോടുമ്പോൾ കൂട്ടുകാരുടെ വാക്കുകൾ ആയിരുന്നു

മനസ്സ് നിറയെ. സമ്മാനവും വാങ്ങി ഓടി ചെല്ലുമ്പോൾ അവരെ വാരിയെടുത്തുമ്മ വയ്ക്കുന്ന അമ്മയുടെ രൂപം അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു മനസ്സിൽ. മുറ്റത്തു നിൽക്കുന്ന അപ്പച്ചിയെ കണ്ടതും ഓടി ചെന്നു കെട്ടിപ്പിടിച്ചു. മറുപടി പറഞ്ഞത് പക്ഷേ......... മുറ്റത്തെ പേര മരത്തിന്റെ കമ്പുകൾ ആയിരുന്നു. ഉടുത്തിരുന്ന പുത്തൻ സാരിയിൽ മണ്ണ് പറ്റിച്ചു എന്ന് അലറിക്കൊണ്ട് വീണ്ടും വീണ്ടും തല്ലുമ്പോൾ ശബ്ദം പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. വേദന കാരണം ശ്വാസം പോലും വിലങ്ങിയോ എന്ന് തോന്നിപ്പോയി........ മുട്ടിനു താഴേക്ക് അടിച്ചാൽ അച്ഛൻ വരുമ്പോൾ പാട് കാണും എന്നതിനാൽ തുടയിലും പുറത്തുമായി മാറി മാറി പതിഞ്ഞ അടയാളങ്ങൾ......

ബോധം നശിച്ചു മാത്രം വീട്ടിലേക്ക് വരുന്ന മഹേന്ദ്രനും മകന്റെ വേച്ചു വേച്ചുള്ള നടത്തത്തിന്റെയും ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളും കണ്ടില്ല എന്ന് നടിച്ചു....... ഇരുന്നു ആഹാരം കഴിക്കാൻ ആകാതെ എഴുന്നേറ്റു പോകുമ്പോളും കണ്ണുകൾ ആദ്യം ചെന്നത് അച്ഛന്റെ മുഖത്തേക്കായിരുന്നു..... ഇരിപ്പിടത്തിൽ പോലും നിലയുറക്കാതെ ഒരു കൈ മേശയിൽ അമർത്തിപ്പിടിച്ചു........... മറുകൈ കൊണ്ട് പത്രത്തിലെ ചോറ് പരതി കഴിക്കുന്ന ആ രൂപം മനസ്സിലെ മുഴുവൻ പ്രതീക്ഷയേയും ഇല്ലാതാക്കാൻ കഴിവുള്ളതായിരുന്നു...... പതിയെ പതിയെ മനസ്സ് യാഥാർഥ്യങ്ങളെ സ്വീകരിച്ചു തുടങ്ങി....... പയ്യെ പയ്യെ ഊണുമേശയിലും ഒരധികപ്പറ്റായി മാറുകയായിരുന്നു.

ആഹാരം വിളമ്പി തരുമ്പോൾ പതിഞ്ഞ സ്വരത്തിൽ ചെവിയോരം പറയുന്ന ശാപ വാക്കുകൾ തീൻ മേശയിലെ ക്ഷണിക്കപ്പെടാത്ത അതിഥിയോടുള്ള അമർഷം എടുത്തു കാട്ടുന്നതായിരുന്നു. ഒരിറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല. വിളമ്പുമ്പോൾ പറയുന്ന ശാപവാക്കുകൾ മാത്രം മുഴങ്ങി ചുറ്റും കേൾക്കുന്നു. പിറ്റേ ദിവസം പഠിക്കാനുണ്ട് എന്ന കാരണം പറഞ്ഞു മുറിക്കുള്ളിൽ അടച്ചിരിക്കുമ്പോൾ ചെവികൾ രണ്ടും ഊണുമേശയിലെ സംഭാഷണത്തിന് കാതോർത്തിരിക്കുകയായിരുന്നു. ആരെങ്കിലും ചെറിയ ശബ്ദത്തിൽ എങ്കിലും തിരക്കുന്നുണ്ടോ എന്നറിയാൻ......... അത്രത്തോളം വിശപ്പ് ശരീരത്തിനെ കീഴ്പ്പെടുത്തിയിരുന്നു. എന്തൊക്കെയോ തമാശകൾ പറഞ്ഞു അപ്പച്ചിയും മാമനും ചിരിക്കുന്നുണ്ട്.

അച്ഛന്റെ ശബ്ദം ഒന്നും കേൾക്കുന്നില്ല. സംസാരിക്കാൻ പോലും വയ്യായിരിക്കും. എന്നും അങ്ങനെ തന്നെയാണ്. മാമന്റെ സഹായത്തോടെയാണ് മുറിയിലേക്ക് പോലും പോകുക. പലപ്പോഴും ബോധം വരെ നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരിക്കും വീട്ടിൽ എത്തുക. ഊണുമേശയിലെ സംഭാഷണങ്ങൾ അവസാനിക്കും വരെ കാതോർത്തിരുന്നിട്ടും ഒരിക്കൽ പോലും ആരും വിളിച്ചു കണ്ടില്ല. ഒടുവിൽ വിശപ്പ്‌ സഹിക്കാൻ കഴിയാതെ ചെന്നു പാത്രങ്ങൾ തുറന്നു നോക്കുമ്പോഴാണറിഞ്ഞത് പതിവിനു വിപരീതമായി മിച്ചം വന്ന ആഹാരം വാഴക്ക് വളമായി തീർന്ന കാര്യം......... . ജീവിതം മാറുകയായിരുന്നു.

ഒരു ദിവസത്തെ ആഹാരം എന്നത് രാവിലെ അച്ഛൻ ബോധത്തോടെ ഇരിക്കുമ്പോൾ തരുന്നതും സ്കൂളിലെ ഉച്ചക്കഞ്ഞിയും മാത്രമായി ചുരുങ്ങി. ഉച്ചക്ക് ആർത്തിയോടെ വീണ്ടും വീണ്ടും വാങ്ങി കഴിക്കുമായിരുന്നു. കൂട്ടുകാർ കളിയാക്കുമ്പോളും രാത്രിയിലെ വിശപ്പിനുള്ള പരിഹാരം തേടുകയായിരുന്നു ശരീരം. രാത്രികളിൽ മറ്റെല്ലാവരും കഴിക്കുന്നതിനു മുൻപേ ഉറങ്ങുന്ന മകനെ അച്ഛൻ ഒരിക്കൽ പോലും ശ്രെദ്ധിച്ചിരുന്നില്ല......... വർഷങ്ങൾ വേണ്ടി വന്നു എന്ന് തോന്നുന്നു ആ അഭാവം തിരിച്ചറിയാൻ. പക്ഷേ അപ്പോഴേക്കും മനസ്സുകൊണ്ട് വല്ലാതെ അകന്നിരുന്നു. വീണ്ടും അടുക്കാൻ ശ്രെമിക്കുകയായിരുന്നു..........

പക്ഷേ അതിനുള്ള അവസരം വിധി നൽകിയില്ല......വാഹനാപകട രൂപത്തിൽ ക്ഷണിക്കപ്പെടാത്ത ആ അതിഥി വിരുന്നെത്തിയപ്പോൾ അന്നാദ്യമായി എല്ലാത്തിൽ നിന്നും ഓടിയൊളിക്കാൻ തോന്നി. മുഴങ്ങി കേട്ട ഇടിയുടെ ശബ്ദമാണ് ഓർമകളിൽ നിന്നും തിരികെ കൊണ്ട് വന്നത്. വീണ്ടും വേദയുടെ മുഖം മനസ്സിലേക്ക് വന്നപ്പോൾ അവൻ കണ്ണുകൾ മുറുക്കി അടച്ചു. "വേണ്ട....... എല്ലാം ഓർമ്മകളായി തന്നെ ഇരിക്കട്ടെ..... ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിലേക്ക് അവളുടെ പേര് കൂടി. " അടഞ്ഞ കൺപീലികൾക്കിടയിലൂടെ ഒഴുകി ഇറങ്ങുന്ന നീർത്തുള്ളികൾ മനസ്സിന്റെ തീരുമാനത്തെ മാനിക്കാൻ മടി കാണിച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കണ്ണാടിക്ക് മുൻപിൽ തൻ്റെ പ്രതിബിംബത്തിലേക്ക് നോക്കിയപ്പോൾ അത് താൻ തന്നെ ആണോ എന്ന് തോന്നി വേദക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഷ്ടപ്പെട്ട ഉറക്കത്തിന്റെ അടയാളം എന്നവണ്ണം കണ്ണുകൾ കറുത്ത് കുഴിഞ്ഞിരുന്നു. പ്രണയം എന്ന വികാരം കാർത്തിയേട്ടനോട് തോന്നി തുടങ്ങിയിരുന്നില്ല. ഇഷ്ടപ്പെടാൻ ശ്രെമിക്കുകയായിരുന്നു മനസ്സ്. പക്ഷേ കുട്ടിക്കാലം മുതൽ കൂടെ ഉണ്ടായിരുന്ന ഏറ്റവും നല്ല സുഹൃത്തിനെ ആണ് നഷ്ടമായത്. കാർത്തിയേട്ടനോട് ചോദിക്കാതെ ഒരു തീരുമാനം പോലും എടുക്കില്ലായിരുന്നു. താല്പര്യം ഇല്ലാതിരുന്നിട്ടും അധ്യാപനം എന്ന മേഖലയിലേക്ക് തിരിഞ്ഞതും കാർത്തിയേട്ടന്റെ മാത്രം നിർബന്ധത്തിനായിരുന്നു.

ആ വിടവ് ഒരിക്കലും നികത്താൻ കഴിയില്ല എന്ന് തോന്നി അവൾക്ക്. എത്ര പറിച്ചുമാറ്റാൻ ശ്രെമിച്ചാലും അതങ്ങനെ ജീവിതത്തിന്റെ ഭാഗമായി ഇഴുകി ചേർന്നു കിടക്കും. മൂന്നു ദിവസം ആയിരിക്കുന്നു പെണ്ണുകാണൽ കഴിഞ്ഞിട്ട്. മുന നീണ്ടു വരുന്ന ചോദ്യങ്ങളിൽ നിന്നും ഒഴിവാക്കാനാണ് രണ്ടു ദിവസം ലീവ് എടുത്തത്. പുറത്തേക്കിറങ്ങുമ്പോൾ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെയുള്ള കുശലാന്വേഷണങ്ങൾ ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു. അടക്കം പറച്ചിലുകൾ പലപ്പോഴും ശബ്ദത്തിന്റെ നിയന്ത്രണം ലംഘിച്ചു കാതുകളിൽ മുഴങ്ങി.

തന്റെ കണ്ണ് നിറയാതിരിക്കാൻ വേണ്ടി സന്തോഷം അഭിനയിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖമാണ് മനസ്സിനെ കൂടുതൽ മുറിവേൽപ്പിച്ചത്. മകളെന്തെങ്കിലും ബുദ്ധിമോശം കാണിക്കുമോ എന്നുള്ള ഭീതി ആ കണ്ണുകളിൽ വ്യക്തമായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും മുറിക്കുള്ളിൽ ഒതുങ്ങികൂടുന്ന മകൾ അച്ഛനും വേദന സമ്മാനിക്കുന്നുണ്ടായിരുന്നു.. പതിവിലും നേരത്തേ ഒരുങ്ങി വേദ. ഇന്ന് മുതൽ ബസ്സിന്‌ പോയാൽ മതി എന്ന് തീരുമാനിച്ചു. ശീലങ്ങൾ മാറി തുടങ്ങുന്നതാണ് നല്ലത്. കോളേജിൽ പോകാൻ വേണ്ടി ഒരുങ്ങി വരുന്ന വേദയെ കണ്ടപ്പോൾ വിനോദിനിയുടെ കണ്ണുകൾ നിറഞ്ഞു.

ആരോടും മിണ്ടാതെ മുറിക്കുള്ളിൽ ഒതുങ്ങി കൂടിയ വേദുവിന്റെ രൂപം കാണുമ്പോൾ നെഞ്ച് വിങ്ങുമായിരുന്നു. "ദേ രാവിലെ കരഞ്ഞു സെന്റി ആക്കാൻ ആണെങ്കിൽ ഞാനില്ല കേട്ടോ. അമ്മായിങ്ങനെ കരഞ്ഞോണ്ട് പറഞ്ഞു വിട്ടാൽ അന്നത്തെ ദിവസം മൊത്തോം പോകും. " അവളുടെ പറച്ചിൽ കേട്ട് അമ്മ പെട്ടെന്ന് കണ്ണുകൾ തുടച്ചു മുഖത്തൊരു ചിരി വരുത്തി. അത് കണ്ടപ്പോൾ വേദുവിനു അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഓടി ചെന്നു ആ മാറിൽ വീണു കരയുമ്പോൾ ഇത്രയും ദിവസം മനസ്സിൽ ഇരുണ്ടു മൂടിയിരുന്ന ദുഖത്തിന്റെ കാർമേഘങ്ങൾ പെയ്തൊഴിയുകയായിരുന്നു................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story