ശിവദം: ഭാഗം 8

shivatham

എഴുത്തുകാരി: അമ്മു അമ്മൂസ്

സുധയുടെ വാക്കുകൾ കേട്ട് വേദ കാർത്തിയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി. അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന പുച്ഛവും അവജ്ഞയും കാർത്തിയുടെ ശിരസ്സ് കുനിപ്പിച്ചിരുന്നു. "എന്താ അമ്മേ ഇത്." കാർത്തി ശബ്ദം താഴ്ത്തി അമ്മയോട് പറഞ്ഞു. "പിന്നെന്താ ഞാൻ പറയേണ്ടേ.... നീ അല്ലേ പറഞ്ഞത് നിന്നെ അവൾക്ക് ജീവനാ.. ഞാൻ അന്നങ്ങനെ പറഞ്ഞത് കൊണ്ടാണ് അവൾ വേണ്ടാന്ന് പറഞ്ഞേ എന്ന്... എന്നിട്ടിപ്പോ നോക്ക്.. നിന്നെ ഒന്ന് വിളിച്ചു പറയാനെങ്കിലും തോന്നിയോ അവൾക്ക്. " സുധയുടെ ശബ്ദം വീണ്ടും ഉയർന്നപ്പോൾ വിനോദിനി അസഹിഷ്ണുതയോടെ കണ്ണുകൾ അടച്ചു ചാരി ഇരുന്നു. അമ്മയുടെ തളർന്ന മുഖം കണ്ടു വേദക്ക് സ്വയം നഷ്ടപ്പെടും പോലെ തോന്നി.

"അപ്പച്ചി ഇപ്പോൾ പൊയ്ക്കോളൂ..... അച്ഛനെ ഇപ്പോഴേ ഒന്നും കാണാൻ പറ്റില്ല.. ഇനി നാളെ രാവിലെയേ ഉള്ളൂ വിസിറ്റിംഗ് ടൈം.. അപ്പോൾ വന്നാൽ മതി. ഇവിടെ നിന്നിങ്ങനെ ബഹളം വച്ചു വെറുതെ ആളുകളെ കൂട്ടരുത്". വേദ പല്ല് കടിച്ചു പറഞ്ഞു. വേദ പറഞ്ഞത് കേട്ട് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്ന് പോയി സുധ. ആദ്യമായിട്ടാണ് അവളിങ്ങനെ ദേഷ്യത്തോടെ സംസാരിക്കുന്നത്. "ഓഹ്... ഞാൻ പോയേക്കാം.. ഇവിടിപ്പോ പുതിയ ആളുകളെ ഒക്കെ കിട്ടിയല്ലോ.. അപ്പോൾ പിന്നേ പഴയ ബന്ധങ്ങൾ ഒക്കെ വേണ്ട എന്ന് തോന്നും. ഇനി ഞങ്ങളായിട്ട് ഇങ്ങോട്ട് വന്നു നാണക്കേടുണ്ടാക്കുന്നില്ല." സുധ ദേഷ്യത്തോടെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞിറങ്ങിപ്പോയി.

കാർത്തി അൽപ നേരം കൂടി വേദയെ നോക്കി നിന്നെങ്കിലും അവൾ മുഖം തിരിച്ചു കളഞ്ഞു. അവൻ ഒന്നും മിണ്ടാതെ നടന്നു പോകുന്നത് കൺകോണുകളിൽ കൂടി കണ്ടിരുന്നു. വേദ കണ്ണുകളച്ചു ദീർഘനിശ്വാസം വിട്ടു... കൈവിട്ട മനസ്സിനെ ഒന്ന് ശാന്തമാക്കാൻ... സ്വയം മനസ്സിനെ നഷ്ടപ്പെടാതിരിക്കാൻ 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പിന്നീടുള്ള രണ്ടു ദിവസങ്ങളും ആശുപത്രിയിൽ തന്നെ ആയിരുന്നു. ശിവ ഉണ്ടായിരുന്നു എല്ലാത്തിനും ഒരു നിഴൽ പോലെ...പലപ്പോഴും വേദക്ക് അതിശയമാണ് തോന്നിയത്. രാവിലെ മുതൽ അമ്മയുടെ അടുത്ത് നിന്ന് എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന ശിവ. താൻ പറയുന്നതിനേക്കാൾ അമ്മ ആശ്വാസം കണ്ടെത്തുന്നത് ശിവയുടെ വാക്കുകളിലാണ് എന്ന് കണ്ടപ്പോൾ വേദക്ക് ചെറിയ ഒരു കുശുമ്പ് തോന്നി.

"എന്ത് കാണിച്ചാണാവോ എല്ലാരേം ഇങ്ങനെ മയക്കി വച്ചേക്കുന്നേ ..." അവൾ പിറുപിറുത്തു. അവളുടെ കുശുമ്പ് കാണുംതോറും ശിവ ഉള്ളിൽ ചിരിച്ചുകൊണ്ട് ബാക്കി എല്ലാവരോടും കൂടുതൽ സംസാരിച്ചു. രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ മാത്രമേ അച്ഛനെ കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. മയക്കം കലർന്ന ഒരു പുഞ്ചിരിയോടെ അച്ഛൻ ആശ്വസിപ്പിക്കും. എത്രയൊക്കെ കരയരുത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും പലപ്പോഴും കണ്ണുകൾ അനുസരണ കാണിക്കാറില്ല. അച്ഛന്റെ ചിരിയും മങ്ങിത്തുടങ്ങുമ്പോഴാണ് കരയുകയായിരുന്നു എന്ന് പലപ്പോഴും തിരിച്ചറിയുക. വീണ്ടും അച്ഛന് വേണ്ടി മാത്രം ഒരു ചിരി അണിയും. കുട്ടിക്കാലത്തെ പൊട്ടത്തരങ്ങളിലേക്ക് ഓർമ്മകളെ കൊണ്ട് പോകും.

വീട്ടിലേക്ക് തിരിച്ചു ചെന്നിട്ട് ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കും. ഏറ്റവും പ്രയാസം അച്ഛനെ കണ്ടിറങ്ങിയ അമ്മയെ സമാധാനിപ്പിക്കാനാണ്. പലപ്പോഴും ശിവയുള്ളത് ഒരനുഗ്രഹമായി തോന്നിയിട്ടുണ്ട്. അയാളുടെ വാക്കുകൾ അമ്മയുടെ മനസ്സിനെ എപ്പോഴും ശാന്തമാക്കാറുണ്ട്. സംസാരിച്ചു കഴിയുമ്പോളേക്ക് അമ്മയുടെ മുഖത്ത് പ്രതീക്ഷകളും സ്വപ്നങ്ങളും വീണ്ടും വിരിയുന്നത് കാണാം. . വേദ മാത്രം അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നിന്നു. മനസ്സ് വല്ലാത്ത ഒരു സംഘർഷത്തിൽ ആയിരുന്നു....ശെരിയേത് തെറ്റേത് എന്ന് വേർതിരിച്ചറിയാനാകാത്ത അവസ്ഥ.... ഇതുവരെ കണ്ടിട്ടില്ലാത്ത.... അറിഞ്ഞിട്ടില്ലാത്ത ഒരു ശിവ ആയിരുന്നു അവളുടെ മുൻപിൽ ഉണ്ടായിരുന്നത്.

അല്ലെങ്കിലും എപ്പോഴാണ് അവനെ അറിയാൻ ശ്രമിച്ചത് എന്നൊരു ചോദ്യം മനസ്സിൽ തെളിഞ്ഞു നിന്നു. പക്ഷേ എത്രയൊക്കെ അംഗീകരിക്കാൻ ശ്രെമിക്കുമ്പോളും അതിന്റെ മുൻപിൽ ഒരു തടസ്സം എന്നവണ്ണം ആ പെൺകുട്ടിയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ആരായിരുന്നു അത്.... തനിക്കാണ് തെറ്റ് പറ്റിയതെന്ന് മനസ്സിൽ ഇരുന്നാരോ ഉച്ചത്തിൽ വിളിച്ചു പറയും പോലെ.....പക്ഷേ കഴിയുന്നില്ല... എത്രയൊക്കെ ശ്രമിച്ചിട്ടും മനസ്സിൽ നിന്നും ആ മുഖം പറിച്ചു മാറ്റാൻ കഴിയുന്നില്ല. അത്രമേൽ ആഴത്തിൽ അത് മനസ്സിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. . തന്നിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന വേദയുടെ മാറ്റം ശിവക്കും മനസ്സിലായിരുന്നു. എന്തൊക്കെയോ അവളെ അലട്ടുന്നുണ്ട് എന്ന് തോന്നി...

മുൻപ് കണ്ടിരുന്ന വെറുപ്പില്ല ഇപ്പോൾ ആ കണ്ണുകളിൽ. ഉള്ളത് മുഴുവൻ ചോദ്യങ്ങളാണ്... അവൾ സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ചോദ്യങ്ങൾ. അങ്ങോട്ട്‌ ചെന്ന് സംസാരിക്കാൻ തോന്നിയില്ല... അവളുടെ കണ്ണുകളിലെ വെറുപ്പ് മാറിയത് തന്നെ ഒരാശ്വാസമായിരുന്നു... തണുത്ത ഒരു പുതപ്പ് ചുട്ടു നീറുന്ന മനസ്സിനെ പുതപ്പിക്കും പോലെ. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മൂന്നാമത്തെ ദിവസമാണ് ശ്രീനിവാസനെ റൂമിലേക്ക് മാറ്റുന്നത്. പ്രഷർ അപ്പോഴും നോർമൽ ആകാതിരുന്നതിനാൽ രണ്ടു ദിവസം കൂടി ആശുപത്രിയിൽ തന്നെ കഴിയാൻ ഡോക്ടർ നിർദ്ദേശിച്ചു . അച്ഛനെ റൂമിലേക്ക് മാറ്റാൻ പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും മനസ്സ് നിറഞ്ഞു.

ഒന്ന് കാണാനും മിണ്ടാനും വേണ്ടി ഇനി ഊഴം കാത്തു നിൽക്കേണ്ടല്ലോ. സന്തോഷം കൊണ്ട് കണ്ണ് നിറയും പോലെ തോന്നി വേദക്ക്. സ്‌ട്രെച്ചറിൽ മുറിയിലേക്ക് കൊണ്ട് വന്ന അച്ഛനെ കെട്ടിപ്പിടിച്ചു കരയണം എന്നുണ്ടായിരുന്നു എങ്കിലും ടെൻഷനും വിഷമവും കൊടുക്കരുത് എന്നുള്ള ഡോക്ടറുടെ വാക്കുകൾ മനസ്സിലേക്ക് വന്നപ്പോൾ സ്വയം ഉള്ളിൽ ഒതുക്കി. അമ്മയും അനിയത്തിമാരും എല്ലാം അച്ഛന് വേണ്ടി ഒരു ചിരി അണിയുന്നത് കണ്ടു. മുറിയിലേക്ക് മാറ്റാനുള്ള എല്ലാ കാര്യങ്ങളും ചെയ്തത് ശിവ തന്നെ ആയിരുന്നു. " മോനു നല്ല ബുദ്ധിമുട്ടായല്ലേ ".കിടക്കാൻ സഹായിക്കുന്നതിനിടയിൽ ശിവയുടെ കവിളിൽ കൈ വെച്ച് ശ്രീനി ചോദിച്ചു.. "പിന്നേ.... ഇതൊക്കെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടല്ലേ...

എന്റെ മാഷേ രാജേഷങ്കിൾ ഉണ്ട് അവിടെ. അച്ഛൻ ഉള്ള കാലം മുതലേ കമ്പനി നേരാംവണ്ണം നോക്കി നടത്തുന്നത് അങ്കിൾ അല്ലേ. ഒരാഴ്ചയും കൂടി അതൊന്നു മാനേജ് ചെയ്യുന്നതിൽ അങ്കിളിനു ഒരു കുഴപ്പവും ഇല്ല. "അവൻ ചിരിയോടെ പറഞ്ഞു. പക്ഷേ പെട്ടെന്ന് തന്നെ മുഖത്തു ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു. "മാഷ് ഡോക്ടറോട് പറഞ്ഞോ ഇപ്പോൾ ഒരു സർജറി വേണ്ടാന്ന്. " അവന്റെ ചോദ്യം കേട്ടപ്പോൾ ശ്രീനി തല കുനിച്ചു. വേദക്കും അമ്മയ്ക്കും ഞെട്ടലാണുണ്ടായത്. "എന്താ ഏട്ടാ... ശിവ പറയണേ...എന്തിനാ ഇങ്ങനൊക്കെ പറയണേ.". വിനോദിനി പെട്ടെന്ന് തന്നെ അടുത്ത് ചെന്നിരുന്നു ചോദിച്ചു. വേദയും അച്ഛനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. "സർജറി വേണ്ടാന്ന് പറഞ്ഞെന്നോ.....

എന്താ അച്ഛാ ഈ കേൾക്കണേ.." "എന്താ.. മാഷേ...എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ തീരുമാനം എടുക്കണേ.". ശ്രീനിയുടെ കൈകൾ കോർത്തു പിടിച്ചു.. ശാന്തമായ സ്വരത്തിൽ ശിവ ചോദിച്ചു. "കേൾക്കുന്നവർക്ക്.. വിവരക്കേടെന്നോ.. ഭ്രാന്തെന്നോ.. ഒക്കെ തോന്നാം...പക്ഷേ... പേടിയാടോ.. സർജറിയുടെ ഇടക്ക് എന്തെങ്കിലും സംഭവിച്ചാൽ.. പിന്നേ എന്റെ കുട്ടികൾക്കാരുണ്ട്... വേദ മോളെ എങ്കിലും ആരെയെങ്കിലും ഏല്പിച്ചിട്ട് വേണം.. എനിക്ക് മരിക്കാൻ.. " "ഒന്നും സംഭവിക്കില്ല മാഷേ...ഞാനല്ലേ പറയണേ... ഇത് ചെറിയ ഒരു സർജറി അല്ലേ...".ശ്രീനി പറഞ്ഞത് കേട്ട് ഒരു നിമിഷം ഒന്ന് പകച്ചു പോയെങ്കിലും പെട്ടെന്ന് തന്നെ സംയമനം വീണ്ടെടുത്ത് ശിവ പറഞ്ഞു. ശ്രീനി ചിരിച്ചതേ ഉള്ളൂ..."

താനെന്നെ ആശ്വസിപ്പിക്കാൻ നോക്കേണ്ടെടോ... പറ്റുന്നിടത്തോളം പോട്ടെ... അതിനുള്ളിൽ ന്റെ കുട്ടിക്ക് നല്ല ഒരു ചെക്കനെ കണ്ടു പിടിക്കണം.. " "എന്താ ഏട്ടാ.... ഡോക്ടർ പറഞ്ഞത് രണ്ടാഴ്ച കഴിയുമ്പോൾ ചെയ്യണം എന്നല്ലേ... അതിനുള്ളിൽ എങ്ങനെയാ ഏട്ടാ.. "വിനോദിനിയുടെ ശബ്ദം ഇടറിയിരുന്നു. വേദക്ക് മാത്രം മരവിപ്പാണ് തോന്നിയത്. താൻ കാരണമാണ് അച്ഛൻ ഇപ്പോൾ ഈ അവസ്ഥയിൽ...... നാട്ടിൽ പ്രചരിച്ച കഥകളുടെ അപമാനം സഹിക്ക വയ്യാതെ തളർന്നു പോയിട്ടുണ്ടാകാം... ഇപ്പോൾ വീണ്ടും താൻ കാരണം ഒരിക്കൽ കൂടി... "എങ്കിൽ പിന്നെ നമുക്ക് ചേച്ചിയെ ശിവേട്ടനെക്കൊണ്ട് കെട്ടിച്ചാൽ പോരെ". ദിയ എന്തോ വലിയ ഒരു പരിഹാരം കണ്ടു പിടിച്ച കണക്ക് എല്ലാരേയും നോക്കി നിഷ്കളങ്കമായി ചിരിച്ചു.

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ വേദ ദിയയെ ചിറഞ്ഞു നോക്കി. ബാക്കി ഉള്ളവരുടെ അവസ്ഥയും ഏകദേശം അത് തന്നെ ആയിരുന്നു. ശിവ അറിയാതെ ഇരിക്കുന്നിടത്തു നിന്നും എണീറ്റ് പോയി. ശ്രീനിയും വിനോദിനിയും വേദയെയും ശിവയേയും മാറി മാറി നോക്കി. ശിവയുടെ പരിഭ്രമം കണ്ടപ്പോൾ അവനിഷ്ടമല്ലാത്ത കാര്യമാണ് ദിയ ഇപ്പോൾ പറഞ്ഞതെന്ന് തോന്നി വിനോദിനിക്ക്. അവർ പെട്ടെന്ന് തന്നെ ദിയയുടെ അടുത്തേക്ക് ചെന്നു അവളുടെ ചെവിയിൽ പിടിച്ചു.... "എന്താ പറയുന്നേ എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ ദിയ...ഇങ്ങനെയാണോ സംസാരിക്കുക... മോൻ ഒന്ന് സഹായിച്ചപ്പോൾ മുതലെടുക്കാൻ നോക്കുവാ..."

"ആഹ്.... അമ്മേ.. വിട്... ശിവേട്ടന് ചേച്ചിയെ ഭയങ്കര ഇഷ്ടമാ... കണ്ണേട്ടൻ പറഞ്ഞല്ലോ.." ചെവിയിലെ പിടി മുറുകിയപ്പോൾ ദിയ അറിയാതെ വിളിച്ചു പറഞ്ഞു. കേട്ടതിന്റെ ഞെട്ടലിൽ വിനോദിനിയുടെ കൈ മെല്ലെ അവളുടെ ചെവിയിൽ നിന്നും അയഞ്ഞു. ദിയ ചെവിയും തിരുമ്മി ചിണുങ്ങിക്കൊണ്ട് അമ്മയെ നോക്കി. കണ്ണനെ മനസ്സിൽ സ്മരിച്ചുകൊണ്ട് ശിവ എല്ലാരേം നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. അമ്മയെ നോക്കിയപ്പോൾ ഇപ്പോഴും വിശ്വാസം ആകാത്തത് പോലെ നിൽക്കുവാണ്. മാഷിന്റെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ട്. വേദയെ ഒന്നേ നോക്കിയുള്ളൂ.... മുഖം ഒക്കെ ദേഷ്യം വന്നു ചുമന്നു ഇപ്പൊ പൊട്ടും എന്ന പോലെ നിൽപ്പുണ്ട്.

"സത്യാണോ ശിവ... നിനക്ക് വേദ മോളെ ഇഷ്ടാണോ.. "ശ്രീനി ശിവയുടെ കൈകളിൽ പിടിച്ചു ചോദിച്ചു. ആ കണ്ണുകളിലെ പ്രതീക്ഷയും കൈകളുടെ മുറുക്കവും കണ്ടപ്പോൾ നിരാകരിക്കാൻ കഴിഞ്ഞില്ല. അറിയാതെ തല കുലുക്കി. "പക്ഷേ മാഷേ.... വേദക്ക്..." "ഏയ്യ്..... ഞാൻ പറയുന്നത് തന്നെയാ എന്റെ കുട്ടിയുടെ ഇഷ്ടം.... നിന്നെ കിട്ടുന്നത് അവളുടെ ഭാഗ്യാ... നിന്റെ കൈയിൽ ഏൽപ്പിച്ച ശേഷം മരിക്കാൻ പോലും നിക്ക് സന്തോഷമേ ഉള്ളൂ..." ശ്രീനിയുടെ കണ്ണുകൾ സന്തോഷം കാരണം നിറഞ്ഞിരുന്നു. ശിവയുടെ കരുതലും സ്നേഹവും കാണുമ്പോൾ ഉള്ളൂ കൊണ്ട് പലപ്പോഴും ആഗ്രഹിച്ചിരുന്നു അവനെ തന്റെ മകനായി കിട്ടിയിരുന്നെങ്കിൽ എന്ന്. പക്ഷേ..

അതിനിടയിലാണ് കാർത്തി വേദയോടുള്ള ഇഷ്ടം അറിയിക്കുന്നത്.. പിന്നീട് ആ ആഗ്രഹത്തെ മണ്ണിട്ട് മൂടുകയായിരുന്നു മനസ്സിൽ. അമ്മയുടെയും അച്ഛന്റെയും എല്ലാം മുഖത്തെ സന്തോഷം കണ്ടപ്പോൾ വേദ ഒന്നും മിണ്ടാതെ നിന്നു. ദേവുവിന്റെയും ദിയയുടെയും എല്ലാം മുഖത്തു നിറഞ്ഞ സന്തോഷം കണ്ടു... "അതെങ്ങനാ എല്ലാരേം മയക്കി വച്ചേക്കുവല്ലേ.." അവൾ ഉള്ളിൽ പറഞ്ഞു. വേദയുടെ ഭാവമാറ്റം ശിവക്ക് മനസ്സിലായിരുന്നു. താൻ ഇവിടെ നിൽക്കുംതോറും അവൾ സ്വന്തമായി ഒരു തീരുമാനത്തിൽ എത്തില്ല എന്നവന് തോന്നി. "ഞാനിപ്പോൾ വരാം മാഷേ....ഡോക്ടറെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു". അത്രയും പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ അവൻ പെട്ടെന്ന് പുറത്തേക്ക് നടന്നു. രണ്ടു മൂന്ന് ചുവടു വച്ചപ്പോഴേ പിന്നിൽ നിന്നും വിളി എത്തി. "ഡോ..."

തിരിഞ്ഞു നോക്കിയ ശിവ കാണുന്നത് അവന്റെ നേരെ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി വരുന്ന വേദയെ ആണ്.. "ഡോ..... തന്റെ ആഗ്രഹം ഒരു കാലത്തും നടക്കാൻ പോകുന്നില്ല... എനിക്ക് സൗകര്യമില്ല തന്നെ കെട്ടാൻ..." അവൾ പറഞ്ഞത് നെഞ്ചിൽ തട്ടി എങ്കിലും ശിവക്ക് ചെറിയ ഒരു കുസൃതി തോന്നി. "അങ്ങനെ പറയരുത് മാഡം. മാഡത്തെ കല്യാണം കഴിക്കുക എന്നത് മാത്രമാണ് എന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യം.". അവൻ കൈകൾ കൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു. വേദക്ക് എന്ത് പറയണം എന്ന് മറുപടി ഉണ്ടായില്ല. തന്നെ നോക്കി ദേഷ്യം കൊണ്ട് വിറച്ചു വായും തുറന്നു നിൽക്കുന്ന വേദയെ കണ്ണിറുക്കി കാണിച്ചു അവൻ മുന്നോട്ട് നടന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story