❣️ശിവതീർത്ഥം❣️: ഭാഗം 1

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ചീറിപാഞ്ഞ് വലിയ ഹോൺ മുഴക്കത്തോടെ ആംബുലൻസ് ഹോസ്പിറ്റൽ കോമ്പോണ്ടിലേക്ക് കയറിവന്നു.സ്ട്രക്ച്ചറിൽ മുഖം വ്യക്തമാക്കാതെ ചോര ഒലിപ്പിക്കുന്ന ഒരു രൂപത്തെയും കൊണ്ട് പേടിയും പരിഭ്രമവും നിറഞ്ഞ മുഖത്തോടെ ഹോസ്പിറ്റൽ അധികൃതർ ICU ലക്ഷ്യമാക്കി നീങ്ങി. ICU മുൻപിൽ കണ്ണുനീരോടും പ്രാർത്ഥനയോടും കൂടി ആളുകൾ നിന്നു. പെട്ടെന്ന് തന്നെ ഹോസ്പിറ്റൽ കോമ്പോണ്ടിലേക്ക് ഒരു കാർ വന്നു നിന്നു. അതിൽ നിന്നും ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി ആരെയും നോക്കാതെ ചെറുതായി ഉന്തിയ തന്റെ വയറും ചേർത്ത് പിടിച്ച് ഇടറുന്ന കാലടിയോടെ അവൾ ICU ലക്ഷ്യമാക്കി നടന്നു. അവൾക്ക് പിന്നാലെ 40, 45 വയസ് പ്രായം തോന്നിക്കുന്ന ഒരു പുരുഷ്യനും സ്ത്രിയും. ICU മുന്നിൽ എത്തുമ്പോളേ കണ്ടു നിറമിഴിയോടെ നിൽക്കുന്നവരെ അവർക്ക് ഒരു മങ്ങിയ ചിരി സമ്മാനിച്ച് ഭിത്തിയും ചാരി നിന്നു അവൾ. ICU നിന്ന് ഇറങ്ങി വന്ന ഡോക്ടറെ കണ്ടാണ് എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിയത് തെളിച്ചമില്ലാത്ത അദ്ദേഹത്തിന്റെ മുഖം എല്ലാവരിലും പരിഭ്രമം നിറച്ചു. " സോറി, ഞങ്ങൾ കഴിയുന്നത് പോലെ എല്ലാം ശ്രമിച്ചു പക്ഷെ ജീവൻ രക്ഷിക്കാൻ ആയില്ല.

വിറയലോടെ എത്തിയ അദ്ദേഹത്തിന്റെ ശബ്ദം എല്ലാവരിലും വേദന നിറച്ചു. ആ വാക്കുകൾ അവൾ നടുക്കത്തോടെ കേട്ടിരുന്നു. വയറും താങ്ങി പതിയെ എഴുന്നേറ്റ് വിറച്ച് വിറച്ച് അദ്ദേഹത്തിന് മുന്നിൽ എത്തിയപ്പോളേക്കും ബോധം മറഞ്ഞവൾ താഴെക്ക് വീണിരുന്നു. പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ കണ്ടത് മറ്റൊരു റൂമിൽ ആയിരുന്നു. ചാടി പിണഞ്ഞേഴുന്നേറ്റ് ചുറ്റും നോക്കിയപ്പോൾ കണ്ടു എന്തൊക്കെയോ വികാരങ്ങൾ മുഖത്ത് നിറച്ച് നിന്ന് കണ്ണുനീർ വാർക്കുന്ന അമ്മയെയും അച്ഛനെയും. പുറത്തു നിന്നും എത്തിയ ഡോക്ടറിന്റെ ശബ്ദമാണ് അവളുടെ നോട്ടം പിൻവലിപ്പിച്ചത്. " താൻ ഉണർന്നോ, നന്നായി റെസ്റ് എടുക്കണം കേട്ടോ ബ്ലിഡിങ് ഉണ്ട് മരുന്ന് കഴിക്കണം. കുറച്ച് വേദന കാണും കേട്ടോ അബോഷൻ ആയതല്ലേ. ഡോക്ടറുടെ വാക്കുകൾ ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്നത് പോലെ തോന്നി അവൾക്ക്. തന്റെ ഒഴിഞ്ഞ വയറിൽ കൈപിടിച്ച് പൊട്ടികരഞ്ഞു പോയി അവൾ. അപ്പോളാണ് ഒന്നും അവളെ അറിയിച്ചിരുന്നില്ല എന്ന് ഡോക്ടർക്ക് മനസിലായത് അവർ ദയനീയതയോടെ ആ അച്ഛനേം അമ്മയേം നോക്കി അവർ കണ്ണുകൊണ്ട് ഡോക്ടറോട് പറയാൻ പറഞ്ഞു കൊണ്ടിരുന്നു.

ചെറു വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി ഡോക്ടർ പറഞ്ഞു. " സാരമില്ല കുട്ടിയെ നിനക്ക് ആ കുഞ്ഞിനെ വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി. പൊട്ടികരഞ്ഞുകൊണ്ട് അവൾ ഡോക്ടറുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ കണ്ണുകൾ മറ്റെന്തോ കൂടി പറയാൻ ആഗ്രഹിക്കുന്നെന്ന് അവൾക്ക് മനസിലായി, അത് മനസിലാക്കി എന്നോണം അവൾ പറഞ്ഞു തുടങ്ങി " എന്താ ഡോക്ടറെ ഇനി എന്തേലും കൂടി പറയാനുണ്ടോ. അതിന് അവളെ ഒന്നു നോക്കി സങ്കടത്തോടെ അവർ പറഞ്ഞു " മോളെ ഞാൻ ഒരു ഡോക്ടറാ അത്കൊണ്ട് തന്നെ നിന്റെ ജീവിതത്തെ സമ്പധിക്കുന്ന കാര്യങ്ങൾ നിന്നെ അറിയിക്കാതിരിക്കാൻ ആകില്ല അത് കൊണ്ട് പറയുന്നതാ. " എന്തായാലും പറഞ്ഞോ ഡോക്ടർ ഇതിൽ കൂടുതൽ ഇനി എനിക്ക് എന്ത് സംഭവിക്കാനാ " കഴിഞ്ഞ തവണ ചെക്കപ്പിനു വന്നപ്പോൾ പറഞ്ഞതായിരുന്നില്ലേ കുറച്ച് പ്രശ്നം ഒണ്ട് ബിപി ഒരുപാട് കൂടാൻ അനുവദിക്കരുതെന്ന്. അബോഷൻ ഓവർ ബ്ലിഡിങ് കൊണ്ടാ, അത് ആ വീഴ്ചയിൽ പറ്റിയതാകാം അത് മാത്രം അല്ല വീണപ്പോൾ വയർ താഴെ ഇടിച്ചത് കൊണ്ട് യൂട്രസിന് ചെറിയൊരു പ്രശ്നം പറ്റിട്ടുണ്ട് അത് കൊണ്ട് ഇനി ഒരു പ്രെഗ്നൻസിക്ക് ചാൻസ് കുറവാ.

അത്രയും പറഞ്ഞ് അവർ പുറത്തേക്ക് പോയി ഡോക്ടറുടെ വാക്കുകൾ അവളെ കീറി മുറിച്ചു കൊണ്ടിരുന്നു. ഹൃദയത്തിന്റെ വേദനയെ കണ്ണുകൾ കണ്ണുനീരായി പൊഴിച്ചുകൊണ്ടിരുന്നു. കുറെ സമയത്തേക്ക് ചുറ്റുമുള്ളതെല്ലാം മറന്ന് ഒരു ശില കണക്കെ ഇരുന്നു പോയി അവൾ. പെട്ടെന്ന് എന്തോ ഓർമ വന്നത് പോലെ കണ്ണുകൾ തുടച്ച് വിറക്കുന്ന ശബ്ദത്തോടെ അവൾ അച്ഛനോടായി ചോദിച്ചു. " അ....... ച്ചാ...... എ.....ന്റെ.....രാ... ഹു... ലേട്ടൻ.. എ... വിടെ... എ.....നിക്ക്... ഇ.... പ്പോ... കാ... ണണം.. ഏട്ടനെ. വല്ലാത്തൊരു ഭാവത്തോടെ അത്രയും പറഞ്ഞ് കൈയിലെ സൂചി വലിച്ചൂരി അവൾ പുറത്തേക്ക് ഓടിയിരുന്നു. അച്ഛനും അമ്മയും പുറകെ എത്തിയപ്പോളേക്കും അവൾ പോയി കഴിഞ്ഞിരുന്നു. പുറത്തേക്ക് കടന്നപ്പോളെ കണ്ടു കൂടി നിൽക്കുന്ന ആളുകളെ അവരെ എല്ലാം വകഞ്ഞു മാറ്റി അവൾ മുന്നിലേക്ക് ചെന്നു. അപ്പോളെ കണ്ടു വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ ഒരു രൂപത്തെ വിറക്കുന്ന കൈയാലേ മുഖത്തെ തുണി എടുത്ത് മാറ്റിയവൾ. മുന്നിൽ ജീവനറ്റു കിടക്കുന്ന തന്റെ എല്ലാമായവൻ തന്റെ പതി കണ്ടപ്പോൾ അവളുടെ ഉള്ളു വിറച്ച് പോയിരുന്നു. വാവിട്ട് കരഞ്ഞു കൊണ്ട് അവന്റെ ദേഹത്തേക്ക് വീണവൾ പൊട്ടിക്കരയാൻ തുടങ്ങി.

അവളുടെ കരച്ചിൽ കെട്ടാണ് സൈഡിലെ കസേരയിൽ തലതാഴ്ത്തിയിരിക്കുന്ന സ്ത്രീ മുഖം ഉയർത്തി നോക്കിയത്. തന്റെ മകനെ കെട്ടിപ്പിടിച്ച് കരയുന്നവളെ കണ്ട് സർവ്വ നിയന്ത്രണവും വിട്ടവർ ചാടിയെഴുന്നേറ്റ് അവളെ പിടിചെഴുന്നേൽപ്പിച്ച് തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. കൂടി നിന്നവർ അവരെ പിടിച്ചു മാറ്റി എന്നാലും ദേഷ്യത്തോടെ അവർ അവളോട് അലറി. " കൊന്നില്ലെടി നീ എന്റെ കുഞ്ഞിനെ, അപ്പോളെ ഞാൻ പറഞ്ഞതാ ജാതക ദോഷക്കാരിയായ നിന്നെ വിവാഹം കഴിക്കണ്ടാന്ന്. അതെങ്ങനെയാ അപ്പോളേക്കും നീ അവനെ മയക്കിയില്ലേ. എന്റെ വാക്കിന് ഒരു വിലയും തരാതെ എന്ന് നിന്നെ താലി ചാർത്തിയോ അന്ന് മുതൽ എന്റെ കുഞ്ഞിന്റെ ജീവിതം നശിച്ചു. ദേ ഇപ്പൊ എന്റെ കുഞ്ഞിനെ കൂടി കൊന്നില്ലെടി അസത്തെ. അവരുടെ വാക്കുകൾ അവളെ കുത്തി മുറിപ്പെടുത്തി കൊണ്ടിരുന്നു. എന്നാലും തേങ്ങുകയല്ലാതെ ഒരക്ഷരം മിണ്ടിയിരുന്നില്ല അവൾ. " ഒന്നു നിർത്താമോ ചേച്ചിയെ അല്ലെങ്കിൽ തന്നെ എന്റെ കുഞ്ഞ് പാതി ചത്തിരിക്കുവാ ഇനിയും അവളെ നോവിക്കല്ലേ തൊഴുകൈയാലേ അവളുടെ അമ്മ അവരോട് കേണു കൊണ്ടിരുന്നു എന്നാൽ മുന്നിൽ ജീവനറ്റു കിടക്കുന്നത് സ്വന്തം മകനാണെന്ന് കൂടി ഓർക്കാതെ ദേഷ്യവും വാശിയും തീർക്കാനായിരുന്നു അവർക്ക് ദൃതി.

അത്കൊണ്ട് തന്നെ മുന്നിൽ നില്കുന്നത് തന്റെ മകന്റെ ഭാര്യ ആണെന്നോ, ഒരേ സമയം ഭർത്താവിനെയും കുഞ്ഞിനേയും നഷ്ട്ടപെട്ട ഒരു പെൺകുട്ടി ആണെന്ന് പോലും ഓർക്കാതെ പിന്നെയും അവർ അവളെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു. " നിന്റെ വയറ്റിൽ കുരുത്ത നശൂലം ജനിക്കുന്നതിന് മുന്നേ അച്ഛനെ കൊന്നു അപ്പൊ ജനിക്കുവായിരുന്നേൽ എന്താകുവായിരുന്നു, ചത്ത് തുലഞ്ഞല്ലോ നന്നായി. നിന്റെ വയറ്റിൽ കുരുത്തതല്ലേ അങ്ങനെ വരു. അത്രയും ആയപ്പോളേക്കും ഒരു പെൺകുട്ടി അവരെ വന്ന് വിളിച്ചോണ്ട് പോയി, പോകുന്ന പൊക്കിൽ തിരിഞ്ഞു നിന്ന്ക്കൊണ്ട് ആ പെൺകുട്ടി അവളോട് പറഞ്ഞു. " എന്റെ ഏട്ടൻ പോയി പോയെന്നല്ല നീ കൊന്നു. ഇനി ഇതിന്റെ പേരും പറഞ്ഞ് വന്ന് പോകരുത്. അപ്പോൾ എന്തോ ഓർത്തത് പോലെ പ്രായമായ സ്ത്രീയും കൂടി പറഞ്ഞു " എന്റെ മോള് പറഞ്ഞത് കേട്ടല്ലോ ഇതോടെ തീർന്നു എല്ലാ ബന്ധവും. ഇനി നിന്നെ കണ്ടു പോകരുത് എന്റെ മുന്നിൽ. ഏതായാലും ആ കുഞ്ഞു ചത്തത് നന്നായി ഇല്ലെങ്കിൽ ആ ബന്ധവും പറഞ്ഞു കയറിക്കൂടാൻ നോക്കിയേനെ. ഇത്രയും പറഞ്ഞ് അവർ നടന്നു നീങ്ങി, ഒന്നും പറയാനാകാതെ നിലത്തേക്ക് ഊർന്നിരുന്ന് പൊട്ടിക്കരയാനെ ആ പെണ്ണിന് കഴിഞ്ഞുള്ളൂ. ഒരു ദിവസം കൊണ്ട് തന്റെ ജീവിതം മാറിമറിഞ്ഞത് ഓർക്കുകയായിരുന്നു അവൾ.

അവളെ കാണാതെ അനേഷിച്ചു വന്ന അച്ഛനും അമ്മയും കാണുന്നത് നിലത്ത് മുട്ടിലിരുന്ന് എന്തോ ഓർത്തിരിക്കുന്നവളെ ആയിരുന്നു. കണ്ണുകൾ ഒഴുകുന്നത് കണ്ടപ്പോൾ ആ മാതാപിതാക്കളുടെയും ഉള്ള് നീറിയിരുന്നു. ഇതേ സമയം അവൾ ഓർക്കുകയായിരുന്നു മൂന്നു വർഷത്തെ പ്രണയവും രണ്ട് വർഷത്തെ തന്റെ പ്രാണന്റെ കൂടെയുള്ള ജീവിതവും. ആ ഓർമ്മകൾ പതിയെ അവളുടെ ഒഴിഞ്ഞ വയറിലെത്തിയപ്പോളേക്കും പരസ്പര ബദ്ധമില്ലാതെ ഓരോന്നും പുലമ്പാൻ തുടങ്ങിയിരുന്നു. "അമ്മേടെ കുഞ്ഞൻ അമ്മയെ തനിച്ചാക്കി അച്ചേടെ കൂടെ പോയല്ലേ, ഇനി അമ്മ എന്താ ചെയ്യാ. നിങ്ങൾ രണ്ടാളുമില്ലാതെ ഈ അമ്മ എങ്ങനെയാ ഒറ്റക്ക് ഇവിടെ ജീവിക്കുന്നെ, ഞാനും കൂടി വരുവാ നിങ്ങളുടെ അടുത്തേക്ക്. പരസ്പര ബദ്ധമില്ലാതെ ഓരോന്ന് പുലമ്പുന്ന മകളെ വേദനയോടെ നോക്കി ആ അമ്മ അവളെ വിളിക്കാൻ കൈ ഉയർത്തിയപ്പോളേക്കും അത് തട്ടിയെറിഞ്ഞ് ഒരു ഭ്രാന്തിയെപ്പോലെ അലറി അവൾ പുറത്തേക്ക് ഓടിയിരുന്നു. " അയ്യോ എന്റെ അമ്മേ.. അലറി കരഞ്ഞു കൊണ്ട് ഞെട്ടി ഉറക്കം വിട്ടുണർന്നവൾ.

തന്റെ കഴിഞ്ഞു പോയ കാലങ്ങൾ സ്വപ്നം പോലെ മുന്നിൽ തെളിഞ്ഞപ്പോൾ വിറച്ച് പോയിരുന്നു അവൾ ശരീരം മുഴുവൻ വിയർപ്പിനാൽ കുതിർന്നിരുന്നു. ഈ മൂന്നു വർഷത്തിനിടയിൽ തന്റെ ജീവിതത്തിൽ താൻ മറക്കാൻ ആഗ്രഹിക്കുന്ന ആ ഒരു ദിവസം പിന്നെയും തെളിഞ്ഞുവന്നപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ പൊട്ടികരഞ്ഞു പോയിരുന്നു അവൾ. ഇത് തീർത്ഥ പരമേശ്വരൻ. വില്ലേജ് ഓഫീസർ ആയ പരമേശ്വരന്റെയും ഒരു സാധാ വീട്ടമ്മയായ നിർമല പരമേശ്വരന്റെയും ഒരേ ഒരു മകൾ. തീർത്ഥ ഇപ്പോൾ മുംബൈയിൽ ഒരു കോളേജ് ലെക്ചർ ആയി ജോലി ചെയുന്നു. തുടരും....❤

Share this story