❣️ശിവതീർത്ഥം❣️: ഭാഗം 20

shivatheertham

എഴുത്തുകാരി: സ്‌നേഹാ സാജു

ദിവസങ്ങൾ പിന്നെയും കടന്നു പോയി. അന്നത്തെ ആ സംഭവത്തിന് ശേഷം ദേവൻ ആരൂട്ടിയെ തീർത്ഥക്ക് ഒന്നു തൊടാൻ പോലും അനുവദിച്ചിരുന്നില്ല. ഉള്ളിൽ സങ്കടത്തിന്റെ കടലിരമ്പുമ്പോളും മറ്റുള്ളവരെ അത് അറിയിക്കാതെ അടക്കി നിർത്തിയിരുന്നു തീർത്ഥ. ബല്കാണിയിൽ ഒറ്റക്കിരിക്കുന്ന തീർത്ഥയെ കണ്ടാണ് ദേവകിയമ്മ അങ്ങോട്ടേക്ക് വന്നത്. അവർ കൈയുയർത്തി അവളുടെ തലയിൽ ഒന്നു തലോടി അപ്പോളാണ് തീർത്ഥ സ്വബോധത്തിലേക്ക് വന്നത്. കണ്ണുകൾ തുടച്ച് തിരിഞ്ഞു നോക്കിയ അവൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന ദേവകിയമ്മയെ. " എന്താമ്മേ ഇങ്ങനെ നോക്കി നില്കുന്നത് അവൾ സംശയത്തോടെ അവരോട് ചോദിച്ചു. " ഒന്നും വേണ്ടിയിരുന്നില്ലലെ മോളെ, ഈ അമ്മ നിന്നോട് മാപ്പ് ചോദിക്കുവാ. നിന്റെ സങ്കടത്തിന് പരിഹാരം ഉണ്ടാക്കാന്ന് പറഞ്ഞ് കൊണ്ടുവന്നിട്ട് നിന്നെ വീണ്ടും വേദനിപ്പിക്കുകയല്ലേ ചെയ്യുന്നേ. എന്റെ തീരുമാനം തെറ്റി പോയി മോളെ ഈ അമ്മയോട് ക്ഷമിക്ക് തൊഴു കൈയ്യാലേ അവർ അവളോട് പറഞ്ഞു. ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു തീർത്ഥ ദേവകിയമ്മയുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.

" ഒന്നും തെറ്റിയിട്ടില്ലമ്മേ, ഈ കല്യാണത്തിന് മുന്നേ എനിക്ക് എന്റെ കുഞ്ഞിനെ ഒന്നും കാണാൻ പോലും പറ്റിയിരുന്നില്ല. എന്നാൽ ഇപ്പൊ ദുരെ നിന്നെങ്കിലും കാണാൻ കഴിയുന്നില്ലേ എന്റെ മോളെ എനിക്ക് അത് തന്നെ വലിയ കാര്യമല്ലേ. അത്രയും പറഞ്ഞവൾ അകത്തേക്ക് നടന്നു. "മോളെ, ദേവകിയമ്മ അവളെ പുറകിൽ നിന്നും വിളിച്ചുകൊണ്ട് പറഞ്ഞു. "നിങ്ങൾ രണ്ടുപേരും പരസ്പരം ഒന്നു മനസുതുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. അതിന് ഒരവസരം അമ്മ ഇന്ന് ഉണ്ടാക്കി തരാം മോള് ദേവനോട് ഒന്നു സംസാരിക്ക്. അവന് മോളെ മനസിലാകും. അത്രയും പറഞ്ഞ് ദേവകിയമ്മ ദേവനെ നോക്കി താഴേക്ക് പോയി. തീർത്ഥ അല്പം ആലോചിച്ച് നിന്നിട്ട് മുറിയിലേക്കും. ദേവകിയമ്മ താഴേക്ക് ചെല്ലുമ്പോൾ ദേവൻ ആരൂട്ടിയുമായി കളിയിലായിരുന്നു. അവന്റെ മുന്നിൽ ചെന്നുനിന്ന് അവർ അവനെ വിളിച്ചു. " ദേവാ.. ആരോ വിളിക്കുന്ന പോലെ തോന്നി ദേവൻ തല ഉയർത്തി നോക്കിയപ്പോളെ കണ്ടു തന്നെ നോക്കി നിൽക്കുന്ന ദേവകിയമ്മയെ. "എന്താമ്മേ. "

മോനെ ഒത്തിരി ദിവസായില്ലേ അമ്പലത്തിൽ പോയിട്ട് ഇന്ന് ഏതായാലും ഓഫീസ് ഇല്ലലോ അതുകൊണ്ട് തീർത്ഥ മോളെയും ആരൂട്ടിയേം കൂട്ടി ഒന്നു അമ്പലത്തിൽ പോയി വാ. അവൾക്കും ഒന്നു അമ്പലത്തിൽ പോണോന്ന് ഒണ്ട്. " അമ്മയോട് ഞാൻ പറഞ്ഞു അവളുടെ കാര്യം മിണ്ടിപ്പോകരുതെന്ന്. അവൾക്ക് പോണോങ്കിൽ അവളോട് പോകാൻ പറ. ദേഷ്യത്തിൽ അവൻ പറഞ്ഞു. " മോനെ അവൾ നിന്നോട് എന്ത് തെറ്റാ ചെയ്തേ ആരൂട്ടി വീണത് എങ്ങനെ ആണെന്ന് പോലും അനേഷിക്കാതെ അത് ചെയ്തത് തീർത്ഥയാണെന്ന് നീ ഉറപ്പിച്ചു അതും പോരാതെ നീ അവളെ തല്ലുകയും ചെയ്തു എന്നിട്ട് പോലും അവള് നിന്നെ എതിർത്ത് എന്തേലും പറഞ്ഞോ. അതുമാത്രമാണോ ആരൂട്ടിയെ ഒന്നു തൊടാൻ പോലും നീ അനുവദിക്കുന്നില്ല ഇതിനും മാത്രം എന്ത് തെറ്റാ അവൾ നിന്നോട് ചെയ്തത്. അവളെ ഒരു ഭാര്യയായോ ആരൂട്ടിടെ അമ്മയായോ നീ കാണണ്ട. ആരൂട്ടിടെ കാര്യങ്ങൾ നോക്കാൻ വന്നേക്കുന്ന ഒരാൾ അങ്ങനെയെങ്കിലും കണ്ടുടെ നിനക്ക്. " അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ ഞാൻ അവളേം കൂട്ടി അമ്പലത്തിൽ പോണം അത്രയുമല്ലേ ഉള്ളു പോകാം പക്ഷെ അത് അവളെ ഞാൻ അംഗീകരിച്ചത് കൊണ്ടല്ല. അമ്മ പറഞ്ഞപോലെ എന്റെ മോളെ നോക്കാൻ വന്ന ഒരു ആയ അത്രയും ഉള്ളു

അവൾ എനിക്ക് അത്രയും പറഞ്ഞ് ദേവൻ ആരൂട്ടിയേം കൊണ്ട് തീർത്ഥയുടെ മുറിയിലേക്ക് പോയി. " തീർത്ഥ.. വാതിൽക്കൽ നിന്നുമുള്ള ശബ്ദം കെട്ടാണ് അവൾ അങ്ങോട്ട് നോക്കിയത് വാതിക്കൽ നിൽക്കുന്ന ആളെ അതിശയത്തോടെ അവൾ നോക്കി നിന്ന് പോയി. അവളുടെ അമ്പരന്നുള്ള നിൽപ്പ് കണ്ട് അവൻ ദേഷ്യത്തിൽ അവളെ ഒന്നുകൂടി വിളിച്ചു. " ടി നിനക്ക് എന്താ ചെവികേൾക്കില്ലേ. " എ... ന്താ.... പെട്ടെന്ന് ഞെട്ടി അവൾ അവനോട് ചോദിച്ചു. ദേവൻ അപ്പോളേക്കും അകത്തേക്ക് കയറി, ആരൂട്ടിയെ തീർത്ഥയെ ഏൽപിച്ചിട്ട് പറഞ്ഞു. " രണ്ടുപേരും പെട്ടെന്ന് റെഡിയായി വാ. അമ്പലത്തിൽ പോണോന്ന് അമ്മ പറഞ്ഞു. തീർത്ഥ ഒന്നും മിണ്ടാതെ അതിശയത്തോടെ അവനെ പിന്നെയും നോക്കിനിന്നു. അവൾക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു മാറിൽ ചേർന്നിരിക്കുന്ന ആരൂട്ടിയെ തുരുതുരെ ഉമ്മ വെച്ചു അവൾ. ദേവൻ അത് കുറച്ച് നേരം നോക്കിയിട്ട് പുറത്തേക്ക് നടന്നു. വാതിൽക്കൽ എത്തി തിരിഞ്ഞവളെ നോക്കിയിട്ട് അവൻ പിന്നെയും പറഞ്ഞു. " ഒരുപാട് സന്തോഷിക്കൊന്നും വേണ്ടാ, എന്റെ മോളുടെ വെറും ഒരു ആയ അത്രെ ഒള്ളു എനിക്ക് നീ അല്ലാതെ നിന്നെ ഞാൻ എന്റെ ഭാര്യയായോ എന്തിന് ആരൂട്ടിടെ അമ്മയായി പോലും കണ്ടിട്ടില്ല ഇനി കാണുകയും ഇല്ല.

അമ്മ നിർബന്ധിച്ചോണ്ട് മാത്രമാ ഇപ്പൊ അമ്പലത്തിൽ പോകാൻ വരെ സമ്മതിച്ചത്. പെട്ടെന്ന് തന്നെ ഒരുങ്ങി താഴേക്ക് പോരെ ഞാൻ അവിടെ കാണും. തീർത്ഥക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി കുറച്ചു നേരം കണ്ണുകൾ അടച്ചു നിന്നു അവൾ. മുഖത്ത് ഒരു തണുപ്പറിഞ്ഞപ്പോളാണ് അവൾ കണ്ണു തുറന്നത് അപ്പോളെ കണ്ടു കുഞ്ഞി കൈ കൊണ്ട് തന്റെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റുന്ന ആരൂട്ടിയെ. കുഞ്ഞിനെ കാണുന്തോറും സങ്കടങ്ങൾ എങ്ങോ പോയി ഒളിക്കുന്ന പോലെ തോന്നി അവൾക്ക്. താൻ കരയുന്നത് കണ്ട് കുഞ്ഞി ചുണ്ടുകൾ വിതുമ്പുന്ന ആരൂട്ടിയോട് വാത്സല്യം തോന്നി പോയി . " മ്മേ "എന്തോ. " എഞ്ചിനാ കയണേ. " അമ്മ കരഞ്ഞതല്ല കണ്ണാ, കണ്ണിൽ ഒരു കരട് പോയതാ. " അന്നോ മ്മേ. " അയ്യേ അതിന് അമ്മേടെ കണ്ണൻ എന്തിനാ കരയുന്നെ, അമ്മേടെ പൊന്ന് ഗുഡ് ഗേൾ അല്ലെ. " നാൻ ഗുദ് ഗേൽ അനല്ലോ. ആരൂട്ടി കൈ കൊട്ടി ചിരിച്ചോണ്ട് പറഞ്ഞു. " എന്നാലേ നമ്മുക്ക് വേഗം റെഡിയായി താഴേക്ക് പോകാം അവിടെ അച്ച നമ്മളെ നോക്കിയിരിക്കുവാ അമ്പോറ്റിയെ കാണാൻ പോകണ്ടേ നമ്മുക്ക്. " മ്മ്. പെട്ടെന്ന് തന്നെ അവർ തയ്യാറായി താഴേക്ക് ചെന്നു. അപ്പോളെ കണ്ടു തങ്ങളെ നോക്കി ഇരിക്കുന്ന ദേവനെ. അവരു വരുന്നത് കണ്ട് ദേവൻ കാറിന്റെ കീയുമായി മുറത്തേക്ക് പോയി.

തീർത്ഥ ആരൂട്ടിയെ എടുത്തോണ്ട് ദേവകിയമ്മയോട് യാത്രയും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. തീർത്ഥയുടെ മുന്നിൽ ദേവൻ കാർ കൊണ്ടു നിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങി തീർത്ഥയുടെ കൈയിൽ നിന്നും ആരൂട്ടിയെ വാങ്ങി അവളോട് കയറാൻ പറഞ്ഞു. പുറകിലെ ഡോർ തുറന്ന് കയറാൻ ഒരുങ്ങിയ അവളെ ഫ്രണ്ടിലെ ഡോർ തുറന്ന് അങ്ങോട്ട് കേറ്റി ആരൂട്ടിയെ മടിയിലേക്ക് ഇരുത്തി ഡോർ അടച്ച് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി എടുത്തു പോയി. അത് നോക്കി നിന്ന ദേവകിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. അമ്പലത്തിലെത്തി ദേവൻ ആയിരുന്നു ആരൂട്ടിയെ എടുത്തത്. ശ്രീകോവിലിനു മുന്നിൽ നിറക്കണ്ണുകളോടെ തീർത്ഥ തൊഴുതു. " ഭഗവാനെ ഒരിക്കലും ഇനി ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു ആരൂട്ടിക്ക് വേണ്ടി മാത്രമാ ഞാൻ ഇതിന് തയ്യാറായത്. ഈ താലി എന്റെ കഴുത്തിൽ വീണത് മുതൽ അതിനോട് ഞാൻ നീതി പുലർത്തിട്ടെ ഉള്ളു അതുകൊണ്ട് തന്നെ എന്റെ ആരൂട്ടിക്കും ദേവേട്ടനും തുണയായി ഉണ്ടാകണേ.

ഇനി ഒരിക്കൽ കൂടി ഈ താലി എന്നിൽ നിന്ന് പറിച്ചെറിയരുതേ ഭഗവാനെ. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് നോക്കിയപ്പോൾ കണ്ടു തൊഴുത് പുറത്തേക്ക് ഇറങ്ങുന്ന ദേവനെയും ആരൂട്ടിയെയും. പ്രസാദം വാങ്ങി തീർത്ഥ അവരുടെ പുറകെ വെച്ചു പിടിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു തനിക്ക് നേരെ നടന്നു വരുന്ന രാഹുലിന്റെ അമ്മ മഹേശ്വരിയെ. അവളുടെ കൈകൾ വിറക്കാൻ തുടങ്ങി ശരീരം തളരുന്നപോലെ ദേവൻ കൂടെ ഉള്ളത് കൊണ്ട് മാത്രം അത് പുറത്തുകാട്ടാതെ അവൾ നടന്നു. അവർക്ക് മനസിലാകാതിരിക്കാൻ തല താഴ്ത്തിയാണ് അവൾ നടന്നത്. അവർ മുന്നിലൂടെ കടന്നു പോയപ്പോളാണ് തീർത്ഥക്ക് ശ്വാസം നേരെ വീണത്. എന്നാൽ അതിന് അതികം ആയുസ്സില്ലായിരുന്നു. അവരെ മറികടന്നു പോയ മഹേശ്വരി പെട്ടെന്ന് നിന്ന് തിരിഞ്ഞു നോക്കി വിളിച്ചു. " ഒന്നു നിന്നെ. തീർത്ഥയുടെ കാലുകൾ അവൾ പോലുമറിയാതെ നിശലമായി. അവൾ വിറക്കാൻ തുടങ്ങിയിരുന്നു. മഹേശ്വരി അവളുടെ മുന്നിലേക്ക് വന്നൊണ്ട് ചോദിച്ചു. " നീ എന്താ കരുതിയെ തലതാഴ്ത്തി പോയാൽ ഞാൻ കാണില്ലെന്നോ.

എന്നാലും സമ്മതിച്ചു ഞാൻ നിന്നെ, വലിയൊരു വീട്ടിലെ ചെറുക്കനെ തന്നെ വളച്ചെടുത്തല്ലോ നീ. തീർത്ഥ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നത്തെ ഉള്ളു. ചുറ്റും ആളുകൾ കൂടുന്നത് കണ്ട് ദേവൻ അവരോട് ചോദിച്ചു. " ആരാ നിങ്ങൾ, എന്തൊക്കെയാ നിങ്ങൾ ഈ പറയുന്നത്. " അല്ല മോൻ ആണോ ഇവളുടെ പുതിയ ഭർത്താവ്. ഈശ്വരമഠത്തിലെ കുട്ടി അല്ലെ. മോന് ഈ അശ്രീ കരത്തെ മാത്രമാണോ ഭാര്യ ആക്കാൻ കണ്ടുള്ളു. ദേവൻ ഒന്നും മനസിലാവാതെ അവരെ മിഴിച്ചു നോക്കി നിന്നു അത് കണ്ടപ്പോളെ അവർക്ക് മനസിലായി അവന് ഒന്നും അറിയില്ലെന്ന്. " ഓഹോ അപ്പൊ ഒന്നും അറിയാതെ ആണോ മോൻ ഇവളെ വിവാഹം കഴിച്ചത്. " ഇതൊക്കെ പറയാൻ നിങ്ങൾ ആരാ മനസിലായില്ലലോ. " അയ്യോ സോറി ഞാൻ അത് പറയാൻ മറന്നു. ഞാൻ ഇവളുടെ ആദ്യ ഭർത്താവിന്റെ അമ്മയാ. ദേവൻ വിശ്വാസം വരാതെ അവരെ നോക്കി എന്നിട്ട് തീർത്ഥയേയും. " ഒന്നും പറഞ്ഞു കാണില്ലായിരിക്കും ഇവള് എങ്ങനെ പറയാനാ. മോന് അറിയോ എന്റെ മോന്റെ ജീവിതത്തിലേക്ക് ഇവൾ കാലെടുത്ത് കുത്തിയപ്പോളെ വേണ്ടാന്ന് ഞാൻ പറഞ്ഞതാ പക്ഷെ അവന് ഇവളായിരുന്നു വലുത്.

എന്നിൽ നിന്ന് അവനെ ഈ ഒരുമ്പേട്ടോൾ അകറ്റി എന്നിട്ട് ഇപ്പൊ എന്തായി എന്റെ കുട്ടി ഈ ഭൂമിയിൽ നിന്നു തന്നെ പോയി. പോയപ്പോൾ എനിക്ക് പോയി ഇവൾ ഇപ്പോളും സന്തോഷത്തോടെ ജീവിക്കുവല്ലേ. ദേവന് വിശ്വാസം വരുന്നില്ലായിരുന്നു അവൻ തീർത്ഥയെ നോക്കി അവൾ തല താഴ്ത്തി തന്നെയായിരുന്നു നിൽപ്. മഹേശ്വരിയുടെ ശബ്ദം തന്നെയാണ് തീർത്ഥയിൽ നിന്നും അവന്റെ നോട്ടം മാറ്റിച്ചത്. " അതൊക്കെ പോട്ടെ മോൻ കുഞ്ഞിനെ നോക്കാനാ രണ്ടാമത് ഒരു വിവാഹത്തിന് സമ്മതിച്ചെന്ന് കേട്ടല്ലോ, ഭ്രാന്തിന് ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ ഇവളെ മാത്രെ കിട്ടിയൊള്ളു. ഇവൾ എങ്ങാനും കുഞ്ഞിനെ ഉപദ്രവിച്ചാലോ നല്ലോണം അനേഷിച്ചിട്ട് നടത്തായിരുന്നില്ലേ. ഏതായാലും ഇതുവരെ ഒന്നും പറ്റിട്ടില്ല ഇനി ഒന്നും ഉണ്ടാകാതിരിക്കാൻ ശരിക്കും ശ്രദ്ധിച്ചോ അത്രയും പറഞ്ഞ് അവർ നടന്നു പോയി. ദേവൻ അടിമുടി ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുവായിരുന്നു അവൻ തീർത്തയോട് ഒന്നുമാത്രമേ ചോദിച്ചുള്ളൂ കേട്ടതൊക്കെ ശരിയാണോന്ന്. അതിന് തല ആട്ടി ശരിയാണെന്ന് പറയാനേ അവൾക്കായുള്ളു. അത് കേൾക്കേണ്ട താമസം അവളെ കാറിലേക്ക് വലിച്ചിട്ട് വണ്ടി പറപ്പിച്ചിരുന്നു ദേവൻ. മുറ്റത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കെട്ടാണ് നീലുവും ദേവകിയമ്മയും പുറത്തേക്ക് വന്നത്.

ദേവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി ആരൂട്ടിയെ നീലുവിനെ ഏൽപിച്ച് മറുവശത്ത് വന്ന് ഡോർ തുറന്ന് തീർത്ഥയെ വലിച്ചിറക്കി വീട്ടിലേക്ക് കയറി. തീർത്ഥ നന്നായി വിറക്കുന്നുണ്ടായിരുന്നു ഒന്നും മനസിലാകാതെ ദേവകിയമ്മയും നീലും അവർക്ക് പുറകെ കയറി. " ദേവാ നിനക്ക് എന്താ ഭ്രാന്ത് ആണോ, തീർത്ഥ മോളെ എന്തിനാ നീ ഇങ്ങനെ വലിച്ചോണ്ട് പോകുന്നെ ദേവകിയമ്മ അകത്തേക്ക് കയറിക്കൊണ്ട് അവനോട് ചോദിച്ചു. എന്നാൽ അമ്മയോട് മറുപടി ഒന്നും പറയാതെ അവൻ തീർത്ഥയെ അകത്തേക്ക് ഒറ്റ തള്ളായിരുന്നു. തീർത്ഥ നേരെ സോഫയിലേക്ക് ആണ് വീണത് എങ്ങനൊക്കെയോ അവിടന്ന് ചാടി പിണഞ്ഞേഴുന്നേറ്റു അവൾ.അപ്പോളേക്കും അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവളുടെ കവിളിൽ കുത്തി പിടിച്ചോണ്ട് പറഞ്ഞു. " അവർ പറഞ്ഞതൊക്കെ ശരിയാണോ. അവൾക്ക് കവിൾ നന്നായി വേദനിക്കുന്നുണ്ടായിരുന്നു എന്നാലും അതെ എന്ന അർത്ഥത്തിൽ തല ചെരിച്ചു കാട്ടി. തീർത്ഥയുടെ കവിളിൽ നിന്നും കൈ വിടുവിച്ച് അവളെ സോഫയിലേക്ക് തള്ളിക്കൊണ്ട് അവൻ ദേവകിയമ്മയോടും നീലുവിനോടും ചോദിച്ചു.

അപ്പോളേക്കും ശബ്ദം കേട്ട് നിവി താഴേക്ക് വന്നു. അവിടെ ഒരു സൈഡിലേക്ക് നിന്ന് കൊണ്ട് അവൾ എല്ലാം ആസ്വദിച്ച് കാണാൻ തുടങ്ങി. " നിങ്ങളും കൂടി എല്ലാം അറിഞ്ഞുകൊണ്ടാണോ ഈ വിവാഹം നടത്തിയത്. ഒന്നും മനസിലാകാതെ അവർ പരസ്പരം നോക്കി എന്നിട്ട് ദേവകിയമ്മ അവനോട് ചോദിച്ചു. " എന്താ ദേവാ നീ എന്താ ഈ പറയുന്നേ മനുഷ്യന് മനസിലാകുന്ന രീതിയിൽ പറ. " ഇവളെ പോലെ ഒരു ഭ്രാന്തിയെ ആണോ എന്റെ മോൾക്ക് വേണ്ടി നിങ്ങൾ കണ്ടെത്തിയതെന്ന്. നിങ്ങൾക്ക് നേരെത്തെ അറിയായിരുന്നോ ഇതൊക്കെ. ദേവകിയമ്മക്ക് അവനോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. " മോനെ, അങ്ങനെ ഒന്ന് മോൾക്ക് ഉണ്ടായിരുന്നു എന്നത് സത്യമാ എന്നാൽ ഇപ്പൊ അതൊക്കെ മാറി. " ഓഹോ, അപ്പോൾ അറിയായിരുന്നല്ലേ എങ്ങനെ തോന്നി അമ്മക്ക് ഇവളെ പോലൊരാളെ എന്റെ മോൾക്ക് വേണ്ടി കണ്ടെത്താൻ. " ദേവാ തീർത്ഥ മോളെക്കാൾ നല്ലൊരമ്മയെ ആരൂട്ടിക്ക് കൊടുക്കാൻ ഞങ്ങൾക്കാവില്ല. മോള് വന്നിട്ട് ഇത്രയും ദിവസം ആയില്ലേ എന്തേലും കുഴപ്പം ഉണ്ടെങ്കിൽ നിനക്ക് തന്നെ കാണാൻ പറ്റില്ലേ. ആരൂട്ടിയെ പൊന്നുപോലെ നോക്കുന്നില്ലേ ഇവൾ.

" കൊള്ളാം, ഇവളെ പോലൊരു ഭ്രാന്തി എന്റെ കുഞ്ഞിനെ ഉപദ്രവിക്കില്ലെന്ന് ആരുകണ്ടു അസുഖം മാറിയെന്ന് ഇവളും വീട്ടുകാരും കള്ളം പറയുന്നതായിക്കൂടെ. " ദേവാ എന്തൊക്കെയാ നീ ഈ പറയുന്നത്. അങ്ങനെ കള്ളം പറയുന്നത് എന്തിനാ. ദേവന്റെ ഓരോ വാക്കുകളും കുർത്ത മുള്ളുപോലെ തീർത്ഥയുടെ ഹൃദയത്തിൽ തന്നെ തറഞ്ഞു കയറിക്കൊണ്ടിരുന്നു. ആ ഹൃദയത്തിൽ നിന്നും രക്തം കിനിയുന്നപോലെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്നാലും ഒന്നും തന്നെ മിണ്ടിയില്ല അവൾ. തല താഴ്ത്തി നിൽക്കുന്ന തീർത്ഥയെ നോക്കി അവൻ പിന്നെയും പറഞ്ഞു തുടങ്ങി. "അമ്മ എന്തൊക്കെ പറഞ്ഞാലും ശരി ഇനി ഇവളെ ഇവിടെ നിർത്താൻ പറ്റില്ല. ഭ്രാന്തിയാണെന്ന് അറിഞ്ഞ സ്ഥിതിക്ക് എപ്പോളാ സ്വഭാവം മാറുന്നതെന്ന് പറയാൻ പറ്റില്ല. അതുമല്ല ഇനി എന്ത് വിശ്വസിചാ ആരൂട്ടിയെ ഞാൻ ഇവളെ ഏൽപിച്ചിട്ട് പോകുന്നത്. ഒരു തോന്നലിന് ഇവൾ എന്റെ കുഞ്ഞിനെ കൊല്ലില്ലെന്ന് ആരു കണ്ടു. അത്രയും പറഞ്ഞ് തീർത്ഥയുടെ കൈയിൽ പിടിച്ച് വലിച്ച് പുറത്തേക്ക് നടന്നു ദേവൻ. നീലും ദേവകിയമ്മയും എന്ത് പറയണമെന്ന് അറിയാതെ അവർക്ക് പുറകെയും. നിവി ഒരു പുഞ്ചിരിയോടെ നില്കുന്നത് കണ്ട് നീലു അവളെ ദേഷ്യത്തിൽ നോക്കി.

ഇനിയും മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായ തീർത്ഥ വിറക്കുന്ന ശബ്ദത്തോടെ പറയാൻ തുടങ്ങി. " എ.. ന്നെ... പ... റ...ഞ്ഞയക്കല്ലേ.... എ.. നി.. ക്ക്.. ഇ... പ്പോ... കുഴപ്പമൊന്നുമില്ല. ഞാ...ൻ.. ആ.. രൂ.. ട്ടി.. ടെ.. മു... ന്നിലേക്ക്... വരില്ല.. ദൂ.. രെ.. നി.. ന്ന് കണ്ടോള്ളാം. എന്നെ വീട്ടിൽ കൊണ്ടാക്കല്ലേ. മോ... ളില്ലാതെ... നിക്ക്... പറ്റില്ല. ദേവന്റെ കൈയിൽ നിന്ന് കൈ വിടുവിച്ച് തൊഴുകൈയാലേ വാക്കുകൾ പെറുക്കികുട്ടി എങ്ങനൊക്കെയോ അവൾ പറഞ്ഞു. അത് കൺകെ നീലുവിന് നല്ല ദേഷ്യം തോന്നി അവൾ ദേവനോട് പറഞ്ഞു. " എന്തിനാ എന്തിനാ ഏട്ടാ ഇങ്ങനെയൊകെ ഏട്ടത്തിയോട് ചെയ്യുന്നേ. ഏട്ടത്തി ഏട്ടനോട് എന്ത് തെറ്റാ ചെയ്തേ. നമ്മുടെ ആരൂട്ടിക്ക് കിട്ടിയിട്ടില്ലാത്ത അമ്മയുടെ സ്നേഹം പകർന്ന് കൊടുത്തതാണോ. എല്ലാം അറിഞ്ഞപ്പോൾ ഒന്നു തുറന്ന് ചോദിക്കായിരുന്നില്ലേ ഏട്ടത്തിയോട് എല്ലാം പറയാൻ തന്നെയാ ആ പാവം ഇന്ന് നിങ്ങടെ കൂടെ വന്നത്.വേണ്ട ഏട്ടാ ഏട്ടത്തിയെ കൊണ്ടുപോകേണ്ട. " വേണ്ട മോളെ അവനെ നീ തടയണ്ട. ഈ വീട്ടിൽ കാലുകുത്തിയ അന്ന് മുതൽ തീർത്ഥ മോൾ അനുഭവിക്കുന്നതാ ഇതൊക്കെ. അവൻ കൊണ്ടാകട്ടെ അപ്പോളെങ്കിലും അല്പം സമാധാനം കിട്ടുവല്ലോ അതിന്. ദേവൻ അവർ പറയുന്നത് ഒന്നും കേൾക്കുന്നില്ലായിരുന്നു

അവന്റെ ഉള്ളിൽ അമ്പലത്തിൽ വെച്ച് മഹേശ്വരി പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു. തീർത്തയെ കാറിനടുത്തേക്ക് നിർത്തി അവൻ അലറി. " കയറടി വണ്ടിയിൽ, ഇനി ഒന്നും എനിക്ക് കേൾക്കണ്ടാ മതി നിന്റെ ഇവിടത്തെ പൊറുതി. നിന്നെ പോലൊരു ഭ്രാന്തിയെ എന്റെ തലയിൽ കെട്ടിവെച്ച നിന്റെ തന്തയേം തള്ളയേം എനിക്ക് ഒന്നു കാണണം. പിന്നെ തീർത്ഥ ഒന്നും പറയാതെ കാറിലേക്ക് കയറി. ദേവൻ ഉടൻ തന്നെ കാർ മുന്നോട്ടേക്ക് എടുത്തു. ദേവകിയമ്മ ഒരു തളർച്ചയോടെ നീലുവിനെ നോക്കി അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു നിസ്സഹായതയോടെ അവൾ അവരെ നോക്കി.രണ്ടു പേരും അകത്തേക്ക് പോയി. എന്നാൽ ഇതൊക്കെ ചിരിയോടെ കണ്ടു നിൽക്കുവായിരുന്നു നിവി. ഉടൻ തന്നെ ഫോൺ ചെവിയോട് ചേർത്തു മറുപ്പുറത്ത് നിന്ന് ഒരു ചിരിയായിരുന്നു. " താങ്ക്സ് മഹേശ്വരി ആന്റി.. " എന്തിന് നിവി മോളെ ഇത് എന്റെ കൂടി ആവശ്യമല്ലേ. അവൾ അങ്ങനെ സന്തോഷമായി ജീവിക്കണ്ട. " ഇതോടെ നമ്മൾ തമ്മിലുള്ള ഡീൽ തീർന്നു ക്യാഷ് നിങ്ങളുടെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. അതും പറഞ്ഞു നിവി ഫോൺ വെച്ചു. പക എരിയുന്ന കണ്ണുകളോടെ ദേവൻ പോയ വഴിയേ അവൾ നോക്കി നിന്നു....... (തുടരും )...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story