ശിവാത്മിക: ഭാഗം 18

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

അവളെ കണ്ടതും നട്ടെല്ലിന്റെ ഉള്ളിൽ ഒരു തരിപ്പ് വരുന്നത് ശിവ അറിഞ്ഞു.. അവൾക്ക് ചലിക്കാൻ പോലും ആയില്ല.. കാലുകൾ ഉറച്ചുപോയത് പോലെ.. സൂര്യ അവിടെ നിന്നുകൊണ്ട് ആ വാൾ അവൾക്ക് നേരെ നീട്ടി.. ശിവ പേടിച്ചു പുറകോട്ട് പോയി ബാൽക്കണിയിൽ വച്ചിരുന്ന മേശയിൽ തട്ടിയപ്പോൾ അതിൽ വച്ചിരുന്ന ഒരു ഗ്ലാസ് നിലത്തുവീണ് ഉടഞ്ഞു.. വലിയ ശബ്ദം... അൽപ നിമിഷം കൊണ്ടുതന്നെ പ്രിൻസിന്റെ റൂമിൽ വെളിച്ചം തെളിഞ്ഞു.. “ശിവ..? നീയെന്താ അവിടെ..?” അതും ചോദിച്ചുകൊണ്ട് വന്ന പ്രിൻസ് ശിവയെ നോക്കിയപ്പോൾ അവൾ വിറച്ചുകൊണ്ട് അവനെ ചുറ്റി പിടിച്ചു.. പ്രിൻസ് പെട്ടെന്ന് അതിശയിച്ചുപോയി.. കിലുകിലാ വിറയ്ക്കുന്ന പെണ്ണിനെ അവൻ ചേർത്ത് പിടിച്ചു.. “അച്ചായാ.. ന്നെ കൊല്ലും.. അവൾ.. കൊല്ലും എന്നെ..അവൾ വന്നു..” അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അത് പറഞ്ഞപ്പോൾ അവൻ ചുറ്റും നോക്കി..

“ആര്..ആര് വന്നു എന്ന്..? ഞാൻ ആരെയും കാണുന്നില്ലല്ലോ..?” അത് കേട്ടപ്പോൾ ശിവ തലപൊക്കി ഗേറ്റിന് നേരെ നോക്കി. ആരും ഇല്ല.. അവൾ ആകെ പകച്ചുപോയി.. “അവിടെ.. സൂര്യ അവിടെ ഉണ്ടായിരുന്നു അച്ചായാ.. പോയോ..? അവൾ വന്നു..” അവൾ വല്ലാത്ത പരിഭ്രാന്തിയോടെ ചുറ്റും നോക്കി. “എന്നതാ അച്ചായാ ഇവിടെ..?” ശബ്ദം കേട്ട് ശിവ തിരിഞ്ഞു നോക്കി.. ആലീസ് ആണ്.. “ഓ അവൾ സൂര്യയെ കണ്ടെന്ന് പറഞ്ഞു ബഹളം.. എന്തോ സ്വപ്നം കണ്ടതാണ്. “ പ്രിൻസ് നിസ്സാരമട്ടിൽ പറഞ്ഞപ്പോൾ ശിവക്ക് സങ്കടം വന്നു.. അവൾ രണ്ടുപേരെയും ഒന്ന് നോക്കി താഴേക്ക് നടന്നു.. പ്രിൻസ് അത് നോക്കി നിന്നു.. “ആലിസെ.. അവൾ കണ്ടത് സത്യം ആണ്.. ഇനി ശ്രദ്ധിക്കണം..അവൾ പുറകെയുണ്ട്..” പ്രിൻസ് ഗൗരവത്തിൽ പറഞ്ഞപ്പോൾ ആലീസ് തലയാട്ടി.. അവർ അകത്തേക്ക് കയറിപോയപ്പോൾ റോഡിൽ ഇരുളിൽ പതുങ്ങി കിടന്ന ഒരു കറുത്ത റേൻജ് റോവർ വണ്ടിയിൽ പക ജ്വലിക്കുന്ന രണ്ടു കണ്ണുകൾ ഉണ്ടായിരുന്നു.. “വിടില്ല ഞാൻ…” പല്ലുകൾ ഞെരിച്ചുകൊണ്ടു ആ ശബ്ദത്തിന്റെ ഉടമ പറഞ്ഞു..

ആ വണ്ടി മെല്ലെ റോഡിലൂടെ ഒഴുകി നീങ്ങി.. * പിറ്റേന്ന് രാവിലെ, ആലീസ് അവളുടെ വണ്ടി എടുത്തു.. പ്രിൻസിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേണ്ടിയാണ്.. അവന്റെ മുറിവ് ഒന്ന് ചെക്കപ്പ് ചെയ്യാൻ വേണ്ടി.. ശിവ അല്പം പിണക്കത്തിൽ ആയിരുന്നു എങ്കിലും അവളും ഒപ്പം കയറി.. പ്രിൻസ് അവളെ നോക്കി ചിരിച്ചപ്പോൾ അവൾ ദേഷ്യത്തിൽ മുഖം വെട്ടിച്ചു.. അത് കണ്ടു ആലീസും പ്രിൻസും ചിരിക്കുകയാണ് ചെയ്തത്. ആലീസ് വണ്ടി റോഡിലേക്ക് ഇറങ്ങിയപ്പോൾ ആണ് റോഡിലൂടെ ഒരു ഹോണ്ട അക്കോർഡ് വണ്ടി പാഞ്ഞു വന്നു അവരുടെ മതിലിൽ വലിയ ശബ്ദത്തോടെ ഇടിച്ചു നിന്നത്.. ഞെട്ടിപ്പോയ ആലീസ് ആലീസ് വണ്ടി ചവുട്ടി ഒതുക്കി ചാടി ഇറങ്ങി.. പ്രിൻസും ഇറങ്ങി ഓടി ചെന്നു.. പുറകെ ശിവയും.. കാറിന്റെ ഉള്ളിൽ എയർബാഗുകൾക്കിടയിൽ ഒരു പെണ്ണ് കിടന്നിരുന്നു.. പട്ടു സാരി ചുറ്റി ആഭരണങ്ങൾ ഇട്ട നെറ്റിയിൽ പൊട്ടും കുത്തിയ കാണാൻ വല്ലാത്ത ആകർഷണം ഉള്ള ഒരു പെണ്ണ്.. ആലീസ് ഡോർ തുറന്ന് സീറ്റ് ബെൽറ്റ് അഴിച്ചു അവളെ വലിച്ചു ഇറക്കി.. അവൾ നിലത്തേക്ക് വീണുപോയപ്പോൾ പ്രിൻസ് അവളെ താങ്ങി പിടിച്ചു..

“അഭി..? അഭിരാമി…???” പ്രിൻസ് അത്ഭുതത്തോടെ പറഞ്ഞപ്പോൾ ശിവ ഒന്ന് അമ്പരന്നു.. അവൾക്ക് ബോധം ഇല്ലായിരുന്നു.. “അഭി ചേച്ചി…?” ആലീസും അത്ഭുതത്തോടെ പറഞ്ഞു.. എന്നാലും ഉടനെ തന്നെ അവർ ആലീസിന്റെ കാറിൽ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.. അവിടെ തന്നെയാണ് പ്രിൻസിന്റെയും ചെക്ക്അപ്.. “അച്ചായന് എങ്ങനെ ആണ് അവളെ അറിയുക..?” ചെക്ക്അപ് കഴിഞ്ഞു അവളെ കിടത്തിയ ഒബ്സെർവഷൻ റൂമിന്റെ പുറത്ത് ഇരുന്ന പ്രിൻസിനെ നോക്കി ആലീസ് ചോദിച്ചപ്പോൾ ശിവയും അവനെ നോക്കി.. “അഭിരാമി.. കോളേജിൽ പഠിച്ചതാണ്.. ഞാനും അഭിയും അന്നയും ആയിരുന്നു കോളേജിലെ കൂട്ട്.. എന്നാൽ പെട്ടെന്ന് ഒരു ദിവസം അവൾ വരാതെ ആയി. കുറെ അന്വേഷിച്ചു എന്നാൽ കണ്ടില്ല.. അതിൽ പിന്നെ ഇപ്പോഴാണ് കാണുന്നത്.. “ പ്രിൻസ് പറഞ്ഞത് കെട്ട്‌ അവർ കാത്തിരുന്നു.. അൽപ നേരം കഴിഞ്ഞപ്പോൾ സിസ്റ്റർ അവൾക്ക് ബോധം വന്നു എന്ന് പറഞ്ഞപ്പോൾ അവർ അകത്തേക്ക് ചെന്നു.. അവൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു.. “അഭി..? നിനക്ക് ഓർമയുണ്ടോ എന്നെ? എവിടെ ആയിരുന്നു നീയിത്ര നാൾ..?”

“ഈശ്വര പ്രിൻസ്… നീയോ..?” അവൾ അത്ഭുതത്തോടെ ചാടി എഴുന്നേറ്റ് ഇരുന്നു.. പ്രിൻസ് അവളുടെ ഒപ്പം ഇരുന്നു. “ബെസ്റ്റ്‌ ഫ്രണ്ട് ആയിരുന്നില്ലെടീ നീ? എന്നിട്ടും ഒരു വാക്ക് പോലും പറയാതെ പോയില്ലേ നീ?” പ്രിൻസ് അവളോട് പരിഭവം പറഞ്ഞു.. “ഡാ സോറി.. എന്റെ ലൈഫിൽ അന്ന് കുറെ നഷ്ടങ്ങൾ ഉണ്ടായി.. അത് തരണം ചെയ്യാൻ ആകാതെ വന്നപ്പോൾ എനിക്ക് ഒളിച്ചോടേണ്ടി വന്നു.. പിന്നെ അനേഷിച്ചു എങ്കിലും നിങ്ങൾ വീടുമാറി പോയെന്നാണ്‌ അറിഞ്ഞത്.. അല്ല.? അന്ന എവിടെ? നിങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ടുണ്ടാകും അല്ലെ..?” അവൾ ചോദിച്ചപ്പോൾ പ്രിൻസ് തലതാഴ്ത്തി.. “എന്താടാ? വാട്ട് ഹാപ്പെൻഡ്.?” അവൾ ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.. “ഷി ഈസ് നോ മോർ.. ആക്സിഡന്റ് ആയിരുന്നു..” ആലീസ് ആണ് മറുപടി കൊടുത്തത്.. “സോറി മാൻ.. ഞാൻ അറിഞ്ഞില്ല.. ഒന്നും അറിഞ്ഞില്ല.. “ അവൾ നിരാശയോടെ തല താഴ്ത്തി.. അവളുടെ കണ്ണും നിറഞ്ഞു.. “അല്ല.. നീയെന്താ ഇവിടെ? കാറിന്റെ നിയന്ത്രണം പോയതാണോ.. “ പ്രിൻസ് അവളെ നോക്കി.. “ഞാൻ ഇവിടെ ഒരു രോഗിയെ കാണാൻ വന്നതാണ്..

ഇടക്ക് ഒരു തലവേദന വരാറുണ്ട്.. അത് പെട്ടെന്ന് അറ്റാക്ക് ചെയ്തപ്പോൾ ഞാൻ എന്താണ് ചെയ്തത് എന്നുപോലും എനിക്ക് ഓർമയില്ല.. സോറി.. ഡിഡ് ഐ ഹിറ്റ് യുവർ കാർ..?” അവൾ ക്ഷമാപണത്തോടെ ചോദിച്ചു.. “നോ ഇറ്റ്സ് ഓക്കേ.. നിന്റെ ബോഡി വളരെ വീക് ആണല്ലോ എന്ന് ഡോക് പറഞ്ഞു.. എന്താ ഉറക്കം ഒന്നും ഇല്ലേ..? അഹ് എന്തായാലും നീ വീട്ടിൽ നിന്ന് രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി. കുറെ വിശേഷം പറയാൻ ഉണ്ട്..” പ്രിൻസ് അവളെ എഴുന്നേൽപ്പിച്ചു ചുറ്റി പിടിച്ചു കൊണ്ടുപോയപ്പോൾ ശിവ അത് ദഹിക്കാത്തത് പോലെ നോക്കി.. “കം ഓൺ ശിവ.. അവർ ബെസ്റ്റ്‌ ഫ്രെണ്ട്സ് ആണ്.. പിന്നെ അവൾക്ക് പണ്ട് തൊട്ടേ കരളിൽ പിടിച്ച പ്രേമം ഒരാളോട് ഉണ്ടായിരുന്നു. അവർ ഒരുമിച്ചാണ് താമസിച്ചത് വരെ.. അന്നയും അച്ചായനും പ്രേമിക്കാൻ തന്നെ കാരണം അഭിയാണ്‌.. എന്തൊരു രസം ആയിരുന്നു ആ കാലം..” ആലീസ് ഓർമകളിൽ മുഴുകി നിന്നപ്പോൾ ശിവ അവളെ നോക്കി നിന്നു.. എന്തോ പറയാൻ വന്നു എങ്കിലും അവൾ പുറത്തേക്ക് നടന്നപ്പോൾ ആലീസും പുറകെ ചെന്നു.. അവർ നേരെ വീട്ടിലേക്ക് ആണ് പോയത്..

“മോളെ.? എത്ര നാളായി കണ്ടിട്ട്..?” സാമും സാറാമ്മയും അഭിരാമിയെ ചേർത്ത് പിടിച്ചപ്പോൾ തന്നെ ശിവക്ക് മനസിലായി അവൾക്ക് ആ വീട്ടിൽ ഉള്ള സ്ഥാനം.. പ്രിൻസിന്റെ സന്തോഷം കണ്ടു അവൾക്ക് അസൂയ ആണ് തോന്നിയത്.. “പണ്ടത്തെ ഫ്രണ്ട് വന്നപ്പോ നമ്മക്ക് പുല്ലു വില.. കത്തി എടുത്തു കണ്ണിൽ കുത്തണം ഈ ഭൂതത്തിന്റെ..” “ശിവ എന്തെങ്കിലും പറഞ്ഞോ..?” അഭി അവളുടെ മുൻപിൽ നിന്ന് അത് ചോദിച്ചപ്പോൾ ആണ് ശിവ താൻ പറഞ്ഞത് ഉച്ചത്തിൽ ആയിരുന്നു എന്ന് മനസിലാക്കിയത്. “ഏയ് ഇല്യ.. ഒന്നും പറഞ്ഞില്ല…” അവൾ ചമ്മലോടെ പറഞ്ഞു.. “കത്തി എടുത്തു കണ്ണിൽ ഒന്നും കുത്തല്ലേ ശിവ.. വേദനിക്കില്ലേ…” അവൾ ചിരിയോടെ ചോദിച്ചപ്പോൾ ശിവ ആകെ ചമ്മിപ്പോയി.. എന്നാൽ അതോടെ അവർ സംസാരിച്ചു.. ആർക്കും ഇഷ്ടമാകുന്ന ഒരു കാരക്ടർ ആയിരുന്നു അഭിരാമി. ശിവക്കും അവളെ പെട്ടെന്ന് തന്നെ ഇഷ്ടമായി.. ** അന്ന് രാത്രി എല്ലാവരും സന്തോഷത്തിൽ ആയിരുന്നു.. കളിയും ചിരിയും.. അതിനിടക്ക് അഭിരാമിയുടെ അമ്മ കൂടെ വിളിച്ചു സംസാരിച്ചിരുന്നു.. “അല്ലെടീ..? എവിടെ നിന്റെ ആ പ്രേമം?

സമയം ആകുമ്പോൾ പറയാം എന്ന് പറഞ്ഞു അവസാനം എല്ലാവരെയും പറ്റിച്ചു അല്ലെ.? മാര്യേജ് കഴിഞ്ഞോ..?” ബാൽക്കണിയിൽ ഇരുന്നു സംസാരിക്കുന്നതിന്റെ ഇടയിൽ പ്രിൻസ് പെട്ടെന്ന് ചോദിച്ചപ്പോൾ അഭി പെട്ടെന്ന് നിശബ്ദ ആയി.. “എന്താടീ.?” അവൻ ചോദിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു.. “ആൾ സൂയിസൈഡ് ചെയ്തു.. എന്നെ കൂടെ വിളിച്ചിരുന്നു എങ്കിൽ ഞാനും പോയേനെ.. പക്ഷെ ആൾ ഒറ്റക്ക് അങ്ങ് പോയികളഞ്ഞു..” അഭിരാമി മെല്ലെ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല.. പ്രിൻസിന് അവൾ അവനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നറിയാമായിരുന്നു. അവൾക്ക് അവനോടു പ്രാന്ത് ആയിരുന്നു. എന്നാൽ അത് ആരാണെന്ന് അവൾ ഒരിക്കലും പറഞ്ഞിരുന്നില്ല.. അവർ ഒരുമിച്ചു താമസിച്ച സ്ഥലത്തു പോയിരുന്നു എങ്കിലും ആളെ കണ്ടിരുന്നില്ല. “ഞാൻ കിടക്കട്ടെ.. തലവേദന എടുക്കുന്നു..” അവൾ ബാഗിൽ നിന്നും ചില ഗുളികൾ എടുത്തു. “സ്ലീപ്പിങ് പില്സ്.. പെയിൻ കില്ലർ… ഇത് രണ്ടും ഹൈ ഡോസ് ആണല്ലോ അഭി..? അപകടമാണ് ഇത് രണ്ടും…” ശിവ അത് പറഞ്ഞപ്പോൾ അഭി ശിവയെ നോക്കി.. “അത് നിനക്ക് എങ്ങനെ അറിയാം..?”

“അവൾ ഡോക്ടർ ആണ് അഭി…” പ്രിൻസ് മറുപടി കൊടുത്തപ്പോൾ അഭി പുഞ്ചിരിച്ചു.. “ഓ കൂൾ.. ബട്ട് ഡോണ്ട് വറി ശിവ.. ഇത് എനിക്ക് ശീലം ആയി.. പക്ഷെ ഇനി 7 മണിക്കൂർ ആന ചവുട്ടിയാലും ഞാൻ അറിയില്ല എന്നേയുള്ളു.. ഐ നീഡ് ദിസ്..” അവൾ ആ മരുന്നുകൾ കഴിച്ചു.. അൽപ നേരം ഇരുന്നപ്പോൾ തന്നെ അഭിയുടെ കണ്ണുകൾ അടഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ശിവ പുഞ്ചിരിയോടെ അവളെ കൊണ്ടുവന്നു ശിവയുടെ ബെഡിൽ കിടത്തി.. അവൾ മയങ്ങിയപ്പോൾ ശിവ തിരികെ ചെന്നു.. “ശിവ കിടന്നോളു.. അവളുടെ ഒപ്പം കിടക്കാൻ ഇഷ്യൂ ഉണ്ടേൽ ആലീസിന്റെ ഒപ്പം കിടന്നോളു..” പ്രിൻസ് പറഞ്ഞപ്പോൾ അവൾ എന്തോ ആലോചിച്ചു നിന്നു.. “മ്മ്മ്..?” അവൻ അവളെ നോക്കി.. “എനിക്കൊരു കാര്യം പറയാൻ ഉണ്ട്…അഭി കഴിക്കുന്ന ഗുളിക…?” അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചു.. “അറിയാം..അഭി അത് പണ്ടുമുതൽ കഴിക്കുന്നത് ആണ്.. പിന്നെ സൂര്യ.. അവൾ വരില്ല.. വന്നാലും അകത്തു കയറാനൊന്നും കഴിയില്ല.. പേടി വേണ്ട.. ഞങ്ങൾ ഇല്ലേ ഇവിടെ..? ചെന്നു കിടക്ക്..” അവൻ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു നടന്നു.. റൂമിൽ എത്തി.

അവളും കിടന്നു.. അഭി നല്ല ഉറക്കത്തിൽ ആയിരുന്നു.. ശിവക്ക് ആകെ ഒരു പേടി തോന്നി.. കിടന്നു കുറെ സമയം കഴിഞ്ഞപ്പോൾ ആണ് ശിവ ഉറക്കത്തിലേക്ക് വീണത്.. “This is my December…. This is my time of the year…. This is my December…. And I’m all alone….” മെല്ലെ ആരോ പാടുന്നത് കേട്ടപ്പോൾ ആണ് ശിവ കണ്ണ് തുറന്നത്.. അവൾ ഒന്ന് ഞെട്ടി എങ്കിലും തൊട്ടടുത്ത് അഭി കിടന്നു നല്ല ഉറക്കത്തിൽ ആയിരുന്നു.. അവൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.. “This is my December….” അവൾ വീണ്ടും അത് കേട്ട് ഞെട്ടി കൈകുത്തി എഴുന്നേറ്റ് ഇരുന്നു… വിറച്ചു പോയി ശിവ.. ബെഡിന്റെ കുറച്ചു മാറി ഉള്ള ഒരു കസേരയിൽ ഒരു കറുത്ത രൂപം ഇരിക്കുന്നു. “ആ.. രാ…” ശിവ പതറിയ സ്വരത്തിൽ ചോദിച്ചു.. പേടിയോടെ.. “യുവർ ഡൂംസ്ഡേയ്…” ആ ശബ്ദം.. ശിവയുടെ കാല്പാദം മുതൽ ഒരു തരിപ്പ് കയറി.. അനങ്ങാൻ പറ്റാത്ത വിധം ഒരു തരിപ്പ്.. “അഭി. അഭി….” ശിവ അഭിയെ കുലുക്കി വിളിച്ചു.. ഒരു അനക്കവും ഇല്ല.. “അഭി ഉണരില്ല ശിവാത്മിക.. “ അവൾ അത് പറഞ്ഞയുടനെ എഴുന്നേറ്റ് ലൈറ്റ് തെളിച്ചു.. ശിവ അവളെ നോക്കി..

കറുത്ത ബനിയനും കറുത്ത പാന്റും.. കാലിൽ ചെരുപ്പ് ഇല്ല.. മുടി അഴിച്ചിട്ടിരിക്കുന്നു.. അവൾ തന്നെ സൂര്യ.. “സുന്ദരി ആണല്ലോ നിന്റെ കൂട്ടുകാരി അഭിരാമി..? ഈ ബലിയിൽ അവളെ കൂടെ പെടുത്തുന്നതിൽ നിനക്ക് വിരോധം ഉണ്ടോ..?” ചിരിയോടെ സൂര്യ അഭിരാമിയെ നോക്കി.. അവൾ നല്ല ഉറക്കത്തിൽ ആണ്.. “നോ.. എന്നെയല്ലേ നിനക്ക് വേണ്ടത്..? കൊന്നോളൂ.. എന്നിട്ട് തിന്നോ എന്നെ.. അവളെ ഒന്നും ചെയ്യേണ്ട..” എവിടെ നിന്നോ വന്ന ധൈര്യത്തിൽ ശിവ ചാടി എഴുന്നേറ്റ് അവളുടെ മുൻപിൽ പോയി നിന്നു.. “വൗ.. ഇമ്പ്രെസ്സിവ്… കൂട്ടുകാരിയെ രക്ഷിക്കാൻ നോക്കുന്നോ..? ഗുഡ് ഗുഡ്..” സൂര്യയുടെ കണ്ണുകൾ വെട്ടി.. അവളുടെ മുഖഭാവം വല്ലാതെ ആയി.. അവൾ കൈകൾ പുറകിലേക്ക് കൊണ്ടുപോയി ഒരു വലിയ വാൾ വലിച്ചെടുത്തു.. ശിവക്ക് പേടി തോന്നിയില്ല.. എവിടെ നിന്നോ കിട്ടിയ ധൈര്യം.. സൂര്യ വാൾ വീശാൻ വേണ്ടി കൈകൾ പുറകിലേക്ക് കൊണ്ടുപോയി.. അതെ നിമിഷം ശിവയുടെ കൈകൾ നീണ്ടു.. “ആആആ….” സൂര്യയുടെ മാറിലൂടെ ആണ് ശിവയുടെ കയ്യിൽ ഇരുന്ന സർജിക്കൽ ബ്ലേഡ് പാഞ്ഞു പോയത്..

ആ നിമിഷം മതിയായിരുന്നു ശിവക്ക്… അവൾ കതകു തുറന്ന് ഓടിച്ചെന്ന് ഇടിച്ചത് കട്ടിളയിൽ ആണ്.. തല ശക്തമായി അതിൽ അടിച്ചു അവൾ കറങ്ങി ചെന്ന് വീണത് നിലത്തേക്ക് ആണ്.. സൂര്യ പാഞ്ഞു വരുന്നത് അവൾ കണ്ടു.. എന്നാൽ എടുത്തടിച്ചതുപോലെ സൂര്യ പുറകിലേക്ക് തെറിച്ചു പോകുന്നത് ആണ് ശിവ കണ്ടത്.. അവളെ ഒരു കൈ വലിച്ചുപോക്കി.. പ്രിൻസ് ആയിരുന്നു അത്.. അപ്പോൾ തന്നെ വീട്ടിലെ ലൈറ്റുകൾ മുഴുവനും ഒരുമിച്ചു തെളിഞ്ഞു.. “അച്ചായാ…” ശിവ പ്രിൻസിനെ കെട്ടി പിടിച്ചു നിന്നപ്പോൾ പുറകിൽ നിന്നും ആലീസ് മുൻപിലേക്ക് വന്നു.. “സൂര്യ.. സ്റ്റോപ്പ് ദിസ്..” അവൾ പറഞ്ഞതും സൂര്യ അലറിക്കൊണ്ട് ആലീസിന് നേരെ കുതിച്ചു.. ആലീസ് കരുതി നിന്നിരുന്നു.. സൂര്യ അടുത്തെത്തിയതും ആലീസിന് നേരെ അവൾ വാളുവെച്ചു വീശി വെട്ടി.. എന്നാൽ ആലീസ് അവളുടെ പുറകിൽ നിന്നും ഒരു ഇരുമ്പു കമ്പി എടുത്തു അതിനേക്കാളും വേഗത്തിൽ ആണ് സൂര്യയുടെ കൈക്ക് അടിച്ചത്. സൂര്യയുടെ കയ്യിൽ നിന്നും വാൾ തെറിച്ചുപോയി ഭിത്തിയിൽ തട്ടി താഴേക്ക് വീണു.. പകച്ചു നിന്ന സൂര്യയെ നെഞ്ചിൽ ചവുട്ടി വീഴ്ത്തി ആലീസ് ഓടിച്ചെന്ന് പപ്പയുടെയും അമ്മച്ചിയുടെയും റൂം പുറത്തു നിന്നും അടച്ചു..

സൂര്യ എഴുന്നേൽക്കാൻ ശ്രമിച്ചതും ആലീസ് ഓടിച്ചെന്ന് വായുവിൽ ചാടി കറങ്ങി കാലു വീശി ആഞ്ഞൊരു അടിയടിച്ചു.. ആ കിക്ക്‌ കുടുങ്ങിയത് സൂര്യയുടെ കഴുത്തിൽ ആണ്.. അവൾ അലർച്ചയോടെ നിലത്തേക്ക് വീണു.. പ്രിൻസ് ശിവയെ വിട്ട് സൂര്യയെ നോക്കി.. അവളുടെ ബോധം മറഞ്ഞിരുന്നു.. അവൻ നിമിഷ നേരം കൊണ്ട് അവളെ ഒരു കസേരയിൽ എടുത്തു ഇരുത്തി ഒരു ഷാൾ കൊണ്ട് വരിഞ്ഞു കെട്ടി.. അവളുടെ നെഞ്ചിൽ ഒരു കോറൽ ആണ് ഉണ്ടായിരുന്നത്.. അതിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.. “ഇവൾ എങ്ങനെ അകത്തുകയറി.. ?” ആലീസ് സംശയത്തോടെ ചോദിച്ചു.. മെയിൻ ഡോർ തുറന്നു കിടന്നിരുന്നു. “മാസ്റ്റർ….. മാസ്റ്റർ…. “ സൂര്യ കസേരയിൽ ഇരുന്നു ഞെരങ്ങിയപ്പോൾ അവർ അവളെ ശ്രദ്ധിച്ചു.. “കേട്ടില്ലേ..? അവൾക്ക് ഒരു മാസ്റ്റർ ഉണ്ട്.. “ ശിവ പ്രിൻസിനോട് പറഞ്ഞു.. “മാസ്റ്റർ.. പറഞ്ഞത് പോലെ… ഞാൻ… പിടി.. കൊടുത്തു….. മാസ്റ്റർ.. ബ്ലെസ് മി… “ അവൾ വീണ്ടും ഞരങ്ങി.. “വാട്ട് ദി ഹെൽ..അവൾ പിടി കൊടുത്തു എന്നോ..?” ആലീസ് പതർച്ചയോടെ പ്രിൻസിനെ നോക്കി.. അവനും ഒന്ന് അമ്പരന്നു.. പപ്പയും അമ്മച്ചിയും വാതിലിൽ തട്ടി വിളിച്ചു.. ആലീസ് ചെന്ന് വാതിലിന്റെ അവിടെ നിന്നു.. “അമ്മച്ചി.. പപ്പ.. എല്ലാം ഓക്കേ ആണ്.. എന്നാലും ഇപ്പോൾ പുറത്തേക്ക് വരണ്ട..”

അവൾ അതും പറഞ്ഞു ശിവ കിടന്ന റൂമിൽ കൂടെ നോക്കി.. അഭിരാമി നല്ല ഉറക്കത്തിൽ ആണ്. അവൾ തിരിച്ചു വന്നു.. പ്രിൻസും ശിവയും സൂര്യയുടെ അടുത്ത് നിൽക്കുന്നു.. ശിവ സൂര്യയുടെ കയ്യിലെ പൾസ് നോക്കി.. “ഏതോ ഡ്രഗ്‌ കൊടുത്തിട്ടുണ്ട് അവൾക്ക്.. ആരോ അവളെ ഉപയോഗിക്കുന്നു അച്ചായാ..” ശിവ പറഞ്ഞപ്പോൾ സൂര്യ കണ്ണുകൾ മെല്ലെ തുറന്നു.. അവളുടെ ചുണ്ടിൽ പുഞ്ചിരി വന്നു.. “മാസ്റ്റർ…?” അവൾ വാതിൽക്കലേക്ക് നോക്കി.. ആലീസും പ്രിൻസും ശിവയും ഞെട്ടിതിരിഞ്ഞു അവിടേക്ക് നോക്കി.. “മാസ്റ്റർ…” സൂര്യ വീണ്ടും വിളിച്ചപ്പോൾ അവർ കണ്ടു.. വാതിൽക്കൽ മൂന്ന് കറുത്ത വേഷധാരികൾ.. മൂന്ന് പേരും മുഖം മൂടിയിരുന്നു.. അവരുടെ കയ്യിൽ നീണ്ടു വളഞ്ഞ വാളുകൾ… അതിൽ ഒരാൾ മുൻപോട്ട് വന്നു.. വാൾ നീട്ടി പിടിച്ചു. “പ്രിൻസ്.. നാളെ സൂര്യൻ ഉദിക്കുന്നത് കാണാൻ നീയുണ്ടാകില്ല.. ഇത് ഞാൻ തരുന്ന വാക്ക്..” ഘനഗാംഭീര്യമായ ആ ശബ്ദം കേട്ടപ്പോൾ പ്രിൻസ് അനങ്ങാൻ ആകാതെ പതറി നിന്നു..……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story