ശിവാത്മിക: ഭാഗം 21

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

അഭിരാമി അലറിക്കൊണ്ട് ശിവയുടെ വലത്തേ കയ്യിലേക്ക് വാൾ വീശി വെട്ടി… ശിവ അലറിക്കൊണ്ട് കണ്ണടച്ചു.. എന്നാൽ നിശ്ശബ്ദത.. വാൾ തട്ടിയില്ല.. ശിവ പിടയലോടെ കണ്ണ് തുറന്നു നോക്കി… വാൾ വീശിയ അഭിരാമിയുടെ കൈ മുറുക്കെ പിടിച്ചു വച്ചിരിക്കുന്ന സൂര്യ.. അവളുടെ കണ്ണുകൾ ചുവന്നിരുന്നു.. അഭിരാമി പേടിയോടെ അവളെ നോക്കി.. അവിടെയുള്ള ഭാവം എന്താണെന്ന് മനസിലാക്കാൻ അഭിരാമിക്കോ ശിവക്കോ കഴിഞ്ഞില്ല.. “സുര്യ…?” അഭിരാമി ഉറക്കെ അലറിക്കൊണ്ട് അവളുടെ നേരെ തിരിഞ്ഞു.. “മാസ്റ്റർ….” സൂര്യ വേഗം കൈവിട്ടു.. അവളുടെ മുഖത്തു പേടി നിറഞ്ഞു.. “നീൽ…” അഭിരാമി വാൾ അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ പേടിയോടെ മുട്ട് കുത്തി ഇരുന്നു.. അവൾക്ക് അഭിരാമിയെ വല്ലാത്ത പേടി ആണെന്ന് ശിവക്ക് മനസിലായി. “സൂര്യ.. അവളെ അനുസരിച്ചാൽ നീ നിന്റെ അമ്മയെ ഇനി കാണില്ല.. അമ്മയുടെ സ്നേഹം നിനക്ക് കിട്ടില്ല..” ശിവ അത് പറഞ്ഞതും അഭിരാമി അവളുടെ മുഖത്തേക്ക് ആഞ്ഞു അടിച്ചു.. അടി കൊണ്ട് അവളുടെ കണ്ണുകൾ മറിഞ്ഞു പോയി.. “അവളുടെ കൈ പിടിക്ക് സൂര്യ… നൗ…”

അഭിരാമി ആജ്ഞാപിച്ചപ്പോൾ സൂര്യ എഴുന്നേറ്റ് നിന്ന് ശിവയെ നോക്കി.. ശിവ മെല്ലെ തലപൊക്കി നോക്കി.. അവളുടെ കണ്ണുകളിൽ ഉള്ള ഭാവം എന്താണെന്നു ശിവക്ക് മനസിലായില്ല.. സൂര്യ മെല്ലെ അഭിരാമിക്ക് നേരെ തിരിഞ്ഞു.. “എനിക്കെന്റെ അമ്മയെ കാണണം മാസ്റ്റർ…എന്നെ പറ്റിക്കുകയല്ലേ..? എനിക്കെന്റെ അമ്മയെ കാണണം..” സൂര്യ വാശി പിടിക്കുന്നത് പോലെ പറഞ്ഞു.. “യു…!!” അഭിരാമി പെട്ടെന്ന് അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.. “യു ആർ മൈ സ്ലെവ്.. ഞാൻ മരിക്കാൻ പറഞ്ഞാൽ നീ മരിക്കണം.. മനസിലായല്ലോ?? അറിയാമല്ലോ എനിക്ക് ദേഷ്യം വന്നാൽ എന്താ ഉണ്ടാവുക എന്ന്..?” അവൾ സുര്യയെ നോക്കി മുരണ്ടു.. വീണ്ടും സൂര്യ ആകെ പേടിച്ചു.. “സൂര്യ ഇത് നിന്റെ അവസാന അവസരം ആണ്.. പ്ലീസ്.. ഞാൻ വാക്ക് തരുന്നു… “ ശിവ വീണ്ടും പറഞ്ഞപ്പോൾ അഭിരാമി അലറിക്കൊണ്ട് വാൾ വച്ച് ശിവയെ ആഞ്ഞു വെട്ടി.. സൂര്യ വീണ്ടും വാളിൽ കയറി പിടിച്ചു വെട്ടു തടഞ്ഞു. ദേഷ്യം വന്ന അഭിരാമി സൂര്യയുടെ മുഖം നോക്കി ഒരു അടി അടിച്ചു വാളിന്റെ പിടി കൊണ്ട് അവളുടെ താടിക്ക് കുത്തി..

അവൾ കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നപ്പോൾ അഭിരാമി വീണ്ടും ശിവക്ക് നേരെ തിരിഞ്ഞു.. “മരിക്ക്‌ നീ...!” അവൾ വാൾ വീശാൻ ആഞ്ഞപ്പോൾ ആണ് എങ്ങനെയോ എഴുന്നേറ്റ് വന്ന പ്രിൻസ് ഇടക്ക് കയറി വന്നു ഷോൾഡർ കൊണ്ട് അവളുടെ കൈതടുത്തത്.. അവന്റെ കൈ അപ്പോഴും ബന്ധിച്ച നിലയിൽ ആയിരുന്നു.. അതോടെ അഭിരാമിയെ വല്ലാതെ വിറക്കാൻ തുടങ്ങി.. “യു…..!” അഭിരാമി അവന്റെ വയറ്റിലെ മുറിവിൽ വിരലുകൾ ആഞ്ഞു ഇറക്കി.. കൈവിരലുകൾ ആഴ്ത്തി തിരിച്ചു.. “ആഹ്….” അവൻ വല്ലാത്ത വേദനയോടെ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നു പോയി.. നിലത്തിരുന്ന അവന്റെ കണ്ണുകൾ സൂര്യയിൽ എത്തി.. അവൾ മുഖം കുനിച്ചു ഇരിക്കുന്നു. കണ്ണുകൾ അവൾ മെല്ലെ ഉയർത്തി പ്രിൻസിനെ നോക്കി.. “സൂര്യ… നിന്റെ ഏട്ടൻ ആണ് പറയുന്നത്.. എന്നെ കൊന്നാലും.. എന്റെ.. ആലീസിനെ… ശിവയെ.. ഒന്ന് സഹായിക്കു..മോ… പ്ലീസ്…ഞാൻ…”

വേദന കടിച്ചുപിടിച്ചു അത് പറഞ്ഞ അവന് പറഞ്ഞു മുഴുവിപ്പിക്കാൻ ആയില്ല അതിന് മുൻപേ അഭിരാമി വാൾ നിലത്തേക്ക് ഇട്ടു നിലത്തു വീണ ഗൺ എടുത്തു അത് തിരിച്ചു അതിന്റെ പത്തി കൊണ്ട് അവന്റെ തലയിൽ ആഞ്ഞു അടിച്ചു.. അടി കൊണ്ട് അവൻ പുറകിലേക്ക് മറിഞ്ഞു വീണപ്പോൾ ശിവ കണ്ണുകൾ ഇറുക്കെ അടച്ചു. ഇതൊക്കെ കണ്ട് വയറു പൊത്തി എഴുനേൽക്കാൻ ശ്രമിച്ച ആലീസിനെ അവൾ ചവുട്ടി നിലത്തിട്ടു.. അവളുടെ ദേഹത്തേക്ക് തോക്ക് വച്ച് അടിച്ചു.. അവളുടെ നിലവിളി അവിടെ മുഴങ്ങി.. ബാധ കയറിയത് പോലെ ആയിരുന്നു അഭിരാമിയുടെ അവസ്ഥ.. അവൾ തിരിച്ചു വന്നു ആ ഗൺ പകയോടെ ശിവയുടെ നെറ്റിയിൽ മുട്ടിച്ചു വച്ചു.. “ഗുഡ്ബൈ.. എന്റെ നിരഞ്ജനു വേണ്ടി..” അവൾ അത് പറഞ്ഞു ട്രിഗറിൽ വിരൽ വച്ചു.. ശിവ അപ്പോഴും കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചിരുന്നു.. “ആഹ്ഹഹ്ഹ.. അമ്മേ………”

അഭിരാമിയുടെ വേദന നിറഞ്ഞ കരച്ചിൽ കേട്ട് ശിവ കണ്ണ് തുറന്നു.. നിലത്തു കിടന്ന പ്രിൻസും കണ്ണുകൾ ബലപ്പെട്ടു തുറന്ന് നോക്കി.. അഭിരാമിയുടെ അടിവയർ പിളർത്തി പുറകിൽ നിന്നും മുൻപിൽ എത്തി ചോരതുള്ളികൾ ഉറ്റുന്ന വാളിന്റെ അഗ്രം… അവളുടെ കയ്യിൽ നിന്നും ഗൺ നിലത്തേക്ക് വീണു.. അവൾ കരച്ചിലോടെ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നപ്പോൾ ആണ് ശിവ അതു കണ്ടത്.. നിർവികാരമായ മുഖത്തോടെ സൂര്യ അവളുടെ പുറകിൽ.. അവൾ മെല്ലെ അഭിരാമിയുടെ വയറ്റിൽ കുത്തിയ കത്തി വലിച്ചു ഊരിയപ്പോൾ അഭിരാമി വയറു പൊത്തി പിടിച്ചു നിലത്തേക്ക് വീണു.. സൂര്യ അതൊന്ന് നോക്കി നിന്നു.. ശിവക്ക് ഇടി വെട്ടിയ അവസ്ഥ ആയിരുന്നു.. “എല്ലാത്തിനും മാപ്പ്.. ചേച്ചി.. അവസാനമായി അമ്മയെ കാണാൻ കഴിഞ്ഞില്ല.. മാപ്പ്.. മാപ്പ്..” അത് പറഞ്ഞു സൂര്യ ആ വാൾ സ്വന്തം കഴുത്തിൽ അമർത്തി വലിക്കാൻ പോകുന്നത് കണ്ടപ്പോൾ ശിവ അലറി.. “മോളെ… നോ… വേണ്ട.. ചേച്ചി.. ചേച്ചി ആണ് പറയുന്നത്.. പ്ലീസ്.. നോ..” അവൾ അലറിയപ്പോൾ സൂര്യ നിന്നു കരഞ്ഞു.. “മാപ്പ് ചേച്ചി…”

അവൾ വാൾ വലിക്കാൻ തയാറെടുത്തപ്പോൾ ആണ് നിലത്തു നിന്നും പ്രിൻസ് ചാടി എഴുന്നേറ്റ് അവന്റെ കൂട്ടി കെട്ടിയ ഇരുകൈകളും നീട്ടി ആ വാളിൽ പിടിച്ചത്.. “വേണ്ട മോളെ.. ഇതൊന്നും നിന്റെ തെറ്റല്ല.. ഞാൻ ഉണ്ട് നിനക്ക്.. ഞങ്ങൾ എല്ലാവരും ഉണ്ട് നിനക്ക്… ഏട്ടനെ അനുസരിക്ക്..” അവൻ ബുദ്ധിമുട്ടി അത് പറഞ്ഞപ്പോൾ സൂര്യ കരഞ്ഞുകൊണ്ട് നിന്നു.. അപ്പോഴേക്കും ഒരു കൈ ഫ്രീ ആയിരുന്ന ശിവ മറ്റേ കയ്യിലെ കെട്ടുകൾ അഴിച്ചിരുന്നു.. അവൾ എഴുന്നേറ്റ് വന്നു സൂര്യയുടെ കയ്യിൽ നിന്നും ആ വാൾ വാങ്ങി എറിഞ്ഞു.. അവൾ ഒരു പൊട്ടിക്കരച്ചിലോടെ ശിവയെ കെട്ടി പിടിച്ചു.. * അധിക സമയം കളയാതെ തന്നെ ശിവയും സൂര്യയും സാമും കൂടെ അഭിരാമിയെയും ആലീസിനെയും ആകെ തളർന്നിരുന്ന പ്രിൻസിനെയും ഹോസ്പിറ്റലിൽ എത്തിച്ചു.. ആലീസിന് രക്തം വേണ്ടിവന്നത് ശിവയാണ് കൊടുത്തത്.. പോലീസ് വന്നു ഡീറ്റെയിൽസ് എടുത്തു.. അവർ താൽക്കാലികം ആയി സൂര്യയെ കസ്റ്റഡിയിൽ എടുത്തു. പുറമെ വെടി കൊണ്ട് കിടന്നവരെയും ഓടിപ്പോയ ഒരാളെയും പോലീസ് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.. **

ഒരു ദിവസം കഴിഞ്ഞു. ഹോസ്പിറ്റലിൽ ആലീസ് കിടന്ന റൂമിൽ ഇരിക്കുക ആയിരുന്നു പ്രിൻസ്.. അവനും നല്ല പരിക്കുകൾ ഉണ്ടായിരുന്നു.. അവൻ അതൊന്നും കണക്കാക്കാതെ ആലീസിന്റെ അടുത്ത് ഇരുന്നു.. “അച്ചായന് ഒന്ന് കിടന്നാൽ എന്നതാ…?” അവൾ പ്രിൻസിനെ നോക്കി ചോദിച്ചപ്പോൾ ആണ് സിഐ അവിടേക്ക് വന്നത്.. “എങ്ങനെ ഉണ്ട് മോളെ..?” അയാൾ വന്നു ആലീസിനോട് ചോദിച്ചു.. “എങ്ങനെ.. വയറിൽ ചെറിയ ഒരു ഹോൾ വീണു അങ്കിൾ.. അത്രയേ ഉള്ളു..” അവൾ ചിരിയോടെ പറഞ്ഞപ്പോൾ അയാൾ പ്രിൻസിനെ നോക്കി.. “വല്ലാത്തൊരു സാധനം തന്നെ…” അത് കേട്ട് പ്രിൻസും റൂമിലേക്ക് ഭക്ഷണം കൊണ്ടുവന്ന ശിവയും ചിരിച്ചു.. “പപ്പയും അമ്മച്ചിയും..? അവർ എവിടെ..?” “ജലപാനം പോലും ഇല്ലായിരുന്നു.. ഇപ്പോഴാണ് ഒന്ന് ക്യാന്റീനിൽ കൊണ്ടുപോയി വിട്ടത്..കഴിക്കുന്നുണ്ട്…” ശിവ പുഞ്ചിരിയോടെ പറഞ്ഞു ആലീസിന്റെ തലയിൽ തലോടി.. “അഭിരാമി, അവൾക്ക് ബോധം തെളിഞ്ഞിട്ടുണ്ട്.. കുറ്റബോധം ഉണ്ട്.. പിന്നെ ആ കുട്ടി ശക്തമായ മയക്കുമരുന്നുകളുടെ അടിമയാണ്.. കൂടാതെ ഇടക്ക് വരുന്ന മെന്റൽ ഡിസോർഡർ.., നിരഞ്ജൻ അവസാനമായി അവളോട് പറഞ്ഞത് അവൾ വിശ്വസിച്ചു.. അതാണ് പുറകെ വന്നത്.. അന്നയുടെ മരണം അവൾ പ്ലാൻ ചെയ്തിരുന്നു എന്നാൽ ആ അപകടത്തിൽ അഭിരാമിക്ക് പങ്കില്ല..

പ്രിൻസ് ഒരു കുട്ടിയെ സ്നേഹിക്കാൻ വേണ്ടി അവൾ കാത്തിരുന്നു.. “ സിഐ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല.. “അവൾ ഒരു മെന്റലിസ്റ്റ് ആണ്.. അവളുടെ കൂടെ അകെ നാലുപേർ ഉണ്ടായിരുന്നു. അവർ ഒക്കെ ഇവളുടെ അടിമകൾ പോലെ ആയിരുന്നു.. മയക്കു മരുന്നുകളും ഷോക്ക് ട്രീട്മെന്റും കൊടുത്തു അവരെ ഇവൾ വശത്താക്കി.. അതിൽ സൂര്യ.. അവൾ ഒരു മാർഷൽ ആര്ടിസ്റ്റ് ആയിരുന്നു.. ഉയരങ്ങളിൽ എത്തേണ്ട പെൺകുട്ടി.. അവളെ ഇവൾ വശത്താക്കി ഏതൊക്കെയോ ഗുളികകൾ കൊടുത്തു മെന്റലി വീക്ക് ആക്കി.. അതിന് ശേഷം ഷോക്ക് ട്രീറ്റ്മെന്റ് മുതൽ ഇരുട്ടറയിൽ ഇടലും ചാട്ട വച്ചുള്ള അടിയും.. ആ കുട്ടിയെ ഇവൾ എന്ത് പറഞ്ഞാലും ചെയ്യുന്ന അവസ്ഥയിൽ ആക്കിയിരുന്നു.. എന്നാൽ നിങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ സൂര്യക്ക് വാതിൽ തുറന്ന് കൊടുത്തത് അഭിരാമി ആണ്.. പിടി തരാൻ പറഞ്ഞിരുന്നു ഒപ്പം അവൾക്ക് കൊടുത്ത മയക്കുമരുന്ന് ഡോസ് കുറവ് ആയിരുന്നു.. അതാണ് നിങ്ങളെ സഹായിച്ചത്.. അവൾ നോർമൽ മൈൻഡിലേക്ക് എത്തിയപ്പോൾ ആണ് അമ്മയെ അവൾക്ക് ഓർമ വന്നതും.. “ അയാൾ പറഞ്ഞത് കേട്ട് മൂവരും കണ്ണ് മിഴിച്ചു ഇരുന്നുപോയി.. “ഒഴിഞ്ഞു കിടന്ന പല സ്ഥലങ്ങളും താവളമാക്കി.. നിരഞ്ജന്റെ അസ്സെറ്റ് മുഴുവൻ അവൾ അതിന് വേണ്ടിയാണ് ഉപയോഗിച്ചത്..

വല്ലാത്തൊരു പെണ്ണ്..അഹ് ബാക്കി ഒക്കെ സൂര്യ പറയും.. അവൾ ആരോടും മിണ്ടുന്നില്ല ഇപ്പോൾ…” അയാൾ പറഞ്ഞപ്പോൾ പ്രിൻസ് ഒന്നും മിണ്ടിയില്ല. “അവളെ എനിക്ക്‌ വേണം…സൂര്യയെ.. അവൾ ഇല്ലായിരുന്നു എങ്കിൽ ഈ കൂട്ടത്തിൽ ആരും ഉണ്ടാവില്ലായിരുന്നു ജീവനോടെ…, ഞാൻ നോക്കിക്കോളാം അവളെ..” അവൻ പറഞ്ഞത് കേട്ടപ്പോൾ സിഐ ഒന്നും മിണ്ടിയില്ല.. പുഞ്ചിരിച്ചു.. “അവൾ ഇപ്പോൾ മിണ്ടുന്നില്ല എന്നാലും ഓക്കേ ആണ്.., രണ്ടു ദിവസം കൊണ്ട് വിട്ടു തരാം.. മെന്റലി ഓക്കേ ആണെങ്കിൽ മാത്രം..” * 2 ദിവസത്തിന് ശേഷം. ആലീസ് വീട്ടിൽ അവളുടെ ബെഡിൽ ആയിരുന്നു.. ശിവ അവളുടെ ഒപ്പം ഉണ്ടായിരുന്നു എന്തിനും.. “എന്നെ ഇവൻ അടച്ചിട്ടത് കൊണ്ടാണ്.. അല്ലേൽ കാലേ പിടിച്ചു നിലത്തടിച്ചേനെ ഞാൻ അവളെ.. പണ്ട് ഒറ്റപന്നി കുത്താൻ വന്നപ്പോ….” “എന്റെ പൊന്നു പപ്പാ.. പ്ലീസ്.. ഇതിപ്പോ ആയിരത്തി ഒന്ന് തവണ കേട്ടു.. കൊല്ലരുത്‌..” ആലീസ് ഉടനെ ചിരിയോടെ പറഞ്ഞപ്പോൾ സാം ദേഷ്യത്തോടെ അവളെ നോക്കി. “പപ്പ പിണങ്ങേണ്ട.. അല്ല പപ്പ ആ പന്നി എത്ര കിലോ ഉണ്ടായിരുന്നിരിക്കും..?”

ശിവ ആലീസിനെ നോക്കി കണ്ണിറുക്കി സാമിനോട് ചോദിച്ചപ്പോൾ സാം വീണ്ടും ഉഷാറായി.. “ഹാ ഒരു നൂറ്റമ്പതു കിലോ ഉണ്ടാകും.. അന്ന് ഞാൻ ചെറുപ്പം അല്ലിയോ…നൂറ്റമ്പതു കിലോ എന്നൊക്കെ പറഞ്ഞാൽ എനിക്ക് പുഷ്പം പോലെ ആണെന്നെ..” സാം വീണ്ടും പറഞ്ഞത് കേട്ടാണ് പ്രിൻസ് അവിടേക്ക് വന്നത്.. അവൻ ചിരിയോടെ അമ്മച്ചിയെ നോക്കി.. അപ്പോൾ പുറത്തു ഒരു ജീപ്പിന്റെ ശബ്ദം കേട്ടു.. അവൻ വേഗം പുറത്തേക്ക് ചെന്നു.. അവന്റെ ഫ്രണ്ട് സിഐ സാറും ഒപ്പം രണ്ടു വനിതാ കോൺസ്റ്റബിൾമാരും.. അവർ ജീപ്പിന്റെ പുറകിൽ നിന്നും ഒരാളെ പിടിച്ചു ഇറക്കി.. സൂര്യ.. അവളെ പുതിയ ഒരു സാരി ഉടുപ്പിച്ചിരുന്നു.. മുടി മെടഞ്ഞു അകെ നല്ല മാറ്റം അവൾക്ക്.. അവർ അവളെ കൈപിടിച്ച് കൊണ്ടുവന്നു.. “ഇവളെ എല്ലാത്തിൽ നിന്നും ഒഴിവാക്കി.. ഇതാ നിന്റെ കയ്യിൽ ഏൽപ്പിക്കുന്നു… “ സിഐ അവളുടെ കൈ പിടിച്ചു പ്രിൻസിനെ ഏൽപ്പിച്ചു.. അവൻ അവളെ ചേർത്ത് നിർത്തി.. “ഏട്ടാ.. ഞാൻ…എനിക്ക് ഏട്ടനെ.. ഞാൻ കൊല്ലാൻ നോക്കിയതല്ലേ ഏട്ടനെ.. “ അവൾ തലതാഴ്ത്തി കരയാൻ തുടങ്ങി.. പ്രിൻസ് അവളുടെ താടി പിടിച്ചു പൊക്കി.. “മ്‌ച്ചും. ഏട്ടൻ അല്ല.. അച്ചായൻ.. അങ്ങനെ വിളിച്ചാൽ മതി.., അതൊക്കെ മറന്നു കളയണം.. ഇനി എന്റെ സൂര്യമോൾ പുതിയൊരു ജീവിതത്തിലേക്ക് ആണ്… വാ..” അത് കേട്ട് അവൾ പുഞ്ചിരിയോടെ തലകുലുക്കിയപ്പോൾ അവൻ അവളെയും കൂട്ടി അകത്തേക്ക് പോയി....……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story