ശിവാത്മിക: ഭാഗം 23

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“ഡോക്ടർ..? അവൾ ഇനി ആ അക്രമാസക്തമായ സൂര്യ ആകുമോ…?” ശിവയാണ് അത് ചോദിച്ചത്.. ഡോക്ടർ എന്തോ ആലോചിച്ചു ഇരുന്നു.. ആ ചോദ്യത്തിന്റെ ഉത്തരം ആണ് സൂര്യയുടെ ഇനിയുള്ള ജീവിതം തീരുമാനിക്കുക എന്ന് അവർക്ക് അറിയാമായിരുന്നു.. “അറിയില്ല..” ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ അവർ ഒന്ന് അമ്പരന്നു.. “പക്ഷെ.. അവൾക്ക് വേണ്ടത് സ്നേഹം ആണ് കരുതൽ ആണ്.. കുറച്ചു കൗൺസിലിംഗ് കൊണ്ട് ഞാൻ അവളെ പഴയ സൂര്യ ആക്കി തരാം.. ബാക്കി നിങ്ങൾ വേണം നോക്കാൻ… അഭിരാമിയെ കാണാതെ നോക്കണം.. എങ്ങനെ അവൾ പ്രതികരിക്കും എന്ന് പറയാൻ ആകില്ല. റൂമിൽ ഒറ്റക്ക് കിടത്തരുത്.. “ ഡോക്ടർ അത്രയും പറഞ്ഞത് സമ്മതിച്ചു പ്രിൻസും ശിവയും പുറത്തേക്ക് ഇറങ്ങി.. ഒരു ബെഞ്ചിൽ അവൾ കൈകൾ കാലിൽ വച്ച് ഇരിക്കുന്നുണ്ടായിരുന്നു. “സൂര്യ മോളെ…” “എന്തോ..?” ശിവ വിളിച്ചപ്പോൾ അവൾ ഞെട്ടി എഴുന്നേറ്റ് നിന്നു.. “വാ പോകാം…” അവൾ സൂര്യയുടെ കൈ പിടിച്ചു കാറിലേക്ക് കയറ്റി. അവളെ അവർ നേരെ എസ്റ്റേറ്റിൽ ആണ് കൊണ്ടുപോയത്..

ധാരാളം പച്ചപ്പുകൾ കണ്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. മുഖത്തു പുഞ്ചിരി വിരിഞ്ഞത് കണ്ടപ്പോൾ ശിവക്ക് സന്തോഷം തോന്നി.. ** ഒരു ആഴ്ച കഴിഞ്ഞു.. പ്രിൻസും ശിവയും ഒരു സ്ഥലത്തു കാത്ത് ഇരിക്കുകയായിരുന്നു.. അവരെ അകത്തേക്ക് വിളിച്ചപ്പോൾ അവർ അകത്തേക്ക് ചെന്നു.. അവസാനം കണ്ടു, അഴികളുടെ അപ്പുറം വെളുത്ത വേഷം ധരിച്ച അഭിരാമി.. അവൾ കണ്ണടച്ച് കിടക്കുകയായിരുന്നു.. “അഭി…?” പ്രിൻസ് വിളിച്ചപ്പോൾ അവൾ ചാടി എഴുന്നേറ്റ് ഇരുന്നു.. വിശ്വസിക്കാൻ ആകാതെ നോക്കി.. അതിന് ശേഷം മെല്ലെ എഴുന്നേറ്റ് വന്നു.. “പ്രിൻസ്… “ അവൾ മെല്ലെ വിളിച്ചുകൊണ്ടു ശിവയെ നോക്കി.. അവൾക്ക് പേടി തോന്നി.. അഭിരാമിയുടെ തനി സ്വരൂപം അവൾ കണ്ടതാണ്. അന്ന് സൂര്യയുടെ അവസ്ഥ മുതലെടുക്കാൻ കഴിഞ്ഞത് കൊണ്ട് മാത്രം ഇപ്പോൾ ജീവനോടെ ഇരിക്കുന്നു. “ഇപ്പോഴും ഞാൻ ആണ് നിരഞ്ജനെ കൊന്നത് എന്ന് നിനക്ക് വിശ്വാസം ഉണ്ടോ അഭി..?” പ്രിൻസിന്റെ ചോദ്യം കേട്ട് അവൾ ഒന്ന് നോക്കി.. “അറിയില്ല പ്രിൻസ്.. സത്യങ്ങൾ ഉൾക്കൊളളാൻ എനിക്ക് സമയം വേണം..

പക്ഷെ ചെയ്ത തെറ്റുകൾ ഞാൻ മനസിലാക്കുന്നു..” അവൾ തലകുനിച്ചു പറഞ്ഞു.. പ്രിൻസ് ഒന്ന് പുഞ്ചിരിച്ചു.. “ആ പെൺകുട്ടിയെ ഞാൻ ഉപയോഗിച്ചു.. മറ്റു മൂന്ന് പേരെയും.. എന്തിന് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല.. പക്ഷെ അന്ന് ഹോസ്പിറ്റൽ വിടുന്ന നീ ശിവയുടെ മരണ വാർത്ത കേൾക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. അന്ന പോയപ്പോൾ തകർന്ന് ഇരുന്ന നിന്നെ കണ്ടു ആസ്വദിച്ചവൾ ആണ് ഞാൻ.. അതുപോലെ വീണ്ടും കാണണം എന്ന് തോന്നി.. തെറ്റായിരുന്നു എല്ലാം..” അഭിരാമി അവന്റെ മുഖത്തേക്ക് നോക്കി.. “എല്ലാം അവളിലേക്ക് ഇട്ടു കൊടുത്തു ഞാൻ എവിടേക്കെങ്കിലും പോകാൻ ആയിരുന്നു പ്ലാൻ.. പക്ഷെ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.. നിരഞ്ജൻ എന്നെ ഉപയോഗിച്ചു എന്ന്…” അവൾ പറഞ്ഞപ്പോൾ പ്രിൻസ് ഒന്നും മിണ്ടിയില്ല.. “പ്രണയം നല്ലതാണ് അഭിരാമി.. പക്ഷെ അതിൽ മുഴുകി കണ്ണ് കാണാതെ ആകുമ്പോൾ അവർ ഒരാളെ കൊന്നാലും നമ്മൾ ന്യായികരിക്കാൻ ശ്രമിക്കും.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?” ശിവ ചോദിച്ചപ്പോൾ അഭിരാമി അവളെ നോക്കി.. “നിരഞ്ജൻ ആയിരുന്നു നിന്റെ പ്രണയം എന്ന് വേറെ ആർക്കെങ്കിലും അറിയാമായിരുന്നോ..?” “ഇല്ല. അന്നക്കൊ പ്രിൻസിനോ അറിയില്ലായിരുന്നു.. അപ്പോൾ വേരെ ആർക്കും അറിയില്ല..”

“എന്നാൽ അതൊന്നും അറിയാത്ത പ്രിൻസും അന്നയും എന്തിന് അങ്ങനെ ഒരു സ്റ്റോറി ഉണ്ടാക്കണം..? അങ്ങനെ ചിന്തിച്ചാൽ അഭിരാമിക്ക് ഉത്തരം കിട്ടും..” ശിവയുടെ ചോദ്യം കേട്ടപ്പോൾ അഭിരാമി ഒന്ന് ഞെട്ടി.. അഴികളിൽ മുറുക്കെ പിടിച്ചു.. അൽപ നേരം ഒന്നും മിണ്ടിയില്ല.. “അവൻ എല്ലാ ദിവസവും എനിക്ക് ചോകൊലെറ്റ് തരുമായിരുന്നു.. അതിന് ശേഷം എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോകും.. പിന്നെ എനിക്ക് ഒന്നും ഓർമയുണ്ടായിരുന്നില്ല എന്ന് ഞാൻ ഓർക്കുന്നു പ്രിൻസ്.. പിറ്റേ ദിവസം ദേഹം മുഴുവനും വേദന ആയിരിക്കും.. അപ്പോൾ അവൻ വീണ്ടും ചോകൊലെറ്റ് തരും.. അപ്പോൾ ശരിയാകും.. ശരിയാണ്.. ഞാൻ ഒരു പാവ ആയിരുന്നു.. “ അവൾ മെല്ലെ പറഞ്ഞു.. “അവൻ അവസാനം പറഞ്ഞ വാക്കുകൾ. അത് ഞാൻ വിശ്വസിച്ചു.. പിന്നെ അവൻ പോയപ്പോൾ എനിക്ക് ആ ചോകൊലെറ്റ് വേണമായിരുന്നു.. കിട്ടാതെ ആയപ്പോൾ എനിക്ക് പ്രാന്ത് പിടിച്ചു.. ഞാൻ അലഞ്ഞു നടന്നു അവസാനം എവിടെയോ എത്തി.. അവിടെ കുറെ ചെറുപ്പക്കാർ ഉണ്ടായിരുന്നു. അവർ ചോദിച്ചു എന്നോട് എന്താണെന്നു അപ്പോൾ ഞാൻ പറഞ്ഞു ചോകൊലെറ്റ് വേണം അതില്ലാതെ പ്രാന്ത് പിടിക്കുന്നു എന്ന്.. അവർ ഒരു പൊടി തന്നു.. അത് വലിച്ചപ്പോൾ എനിക്ക് ആ സുഖം വീണ്ടും കിട്ടി..

അന്ന് രാത്രി മുഴുവൻ അവർ എന്നെ ഉപയോഗിച്ചു എങ്കിലും എനിക്ക് കുറെ പൊടി തന്നു.. പിന്നെ ഞാൻ അറിഞ്ഞു അതൊരു മയക്ക് മരുന്ന് ആണെന്ന്.. ആരും അറിയാതെ ഞാൻ അത് ഉപയോഗിച്ചു.. പക മാത്രം ആയിരുന്നു മനസ്സിൽ.. ഞാൻ പഠിച്ചു.. അന്നയെ കൊല്ലാൻ ആയിരുന്നു ആദ്യ പ്ലാൻ.. എന്നാൽ അതിൽ എനിക്ക് പങ്കില്ല.. എനിക്ക് എന്ത് പറഞ്ഞാലും അനുസരിക്കുന്ന ആളുകൾ വേണം എന്ന് തോന്നി.. അപ്പോഴാണ് സൂര്യയെ കുറിച്ച് ഒരു ഫ്രണ്ട് പറഞ്ഞത്.. മിക്സഡ് മാർഷൽ ആര്ടിസ്റ്റ്.. അവളെ ഞാൻ വശത്താക്കി അവളുടെ സമനില തെറ്റിച്ചാണ് കൂടെ നിർത്തിയത്.. യെസ്.. ഐ നോ….” അവൾ പുലമ്പുന്നത് കേട്ടപ്പോൾ ശിവക്ക് പേടി തോന്നി.. വല്ലാത്തൊരു ഭാവം.. “ഇതൊക്കെ എന്തിന് വേണ്ടി ആയിരുന്നു എന്ന് നീ ചിന്തിക്കുന്നുണ്ടാകും അല്ലെ..? ഉത്തരം ഇല്ല.. പ്രാന്ത്.. അതാണ് ഉത്തരം.. വെറും പ്രാന്ത്.. ഹഹഹ….” അഭിരാമി ഉച്ചത്തിൽ ചിരിച്ചു.. അവന്റെ മുഖം ഒന്ന് തലോടി.. “പോ പ്രിൻസ്.. ശിവ.. ചേരും.. ബുദ്ധി ഉള്ള പെൺകുട്ടി. ഷി നോസ് വേർ റ്റു ഹിറ്റ്.. സൂര്യയെ വശത്താക്കിയ ആ കഴിവ്.. ഇമ്പ്രെസ്സിവ്… “

അഭിരാമി ചിരിയോടെ ആണ് അത് പറഞ്ഞത്.. “പൊയ്ക്കോളൂ.. എന്നെ തേടി വരരുത് ഇനി.. ഞാൻ തെറ്റുകൾ ചെയ്തു പ്രിൻസ്.. വയ്യ.. വയ്യ എനിക്ക്..” അവൾ നിലത്തേക്ക് ഇരുന്നപ്പോൾ പ്രിൻസ് അവളുടെ തലയിൽ ഒന്ന് തലോടി.. അതിന് ശേഷം തിരിഞ്ഞു നടന്നു.. കാറിൽ കയറി ഇരുന്നു അവൻ സ്റ്ററിങ്ങിൽ മുഖം വച്ച് കരഞ്ഞു.. കൂട്ടുകാരിയുടെ അവസ്ഥ അവനെ തകർത്തിരുന്നു.. ചുമലിൽ ഒരു കൈവന്നു തൊട്ടപ്പോൾ അവൻ നോക്കി.. ശിവയാണ്. “ഇച്ചായാ.. സങ്കടപെടണ്ട.. അവൾ ഓക്കേ ആകും.. പാവം. അവൻ അല്ലെ അവളെ അങ്ങനെ ആക്കിയത്..? എന്റെ ഇച്ചായൻ സങ്കടപെട്ടാൽ എനിക്ക് എന്തോപോലെ ആണ്….” നിറഞ്ഞ കണ്ണുകളോടെ പറഞ്ഞ ശിവയെ അവൻ ഒന്ന് നോക്കി.. “എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്..?” “ഞാൻ ഇച്ചായനു വേണ്ടി ജനിച്ചത് കൊണ്ട്..” അവൾ പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.. ഒരു കൈ അവളുടെ തോളിൽ കൂടെ ഇട്ടു ചേർത്ത് പിടിച്ചു.. ശിവ മെല്ലെ അവന്റെ നെഞ്ചിലേക്ക് ചാരി.. * ദിവസങ്ങൾ കടന്നു പോയി. സൂര്യ ആ വീടിനോട് വല്ലാതെ ഇണങ്ങി.. ആലീസും എഴുന്നേറ്റ് നടക്കാൻ തുടങ്ങി.. ഇടക്ക് ഒറ്റക്ക് പോയി ഇരിക്കും എങ്കിലും അവൾ സാധാരണ പെൺകുട്ടി ആയി മാറാൻ തുടങ്ങി.. ഒരു ദിവസം അവളും ആലീസും ഉമ്മറത്ത് ഇരിക്കുകയായിരുന്നു..

അപ്പോഴാണ് പ്രിൻസിന്റെ ജീപ്പ് കോമ്പസ് വന്നത്.. അവൻ രണ്ടു ദിവസം ആയി സ്ഥലത്തു ഇല്ലായിരുന്നു.. “അച്ചായൻ വന്നു…” സൂര്യ ചിരിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റ് നിന്നു.. അവൻ വണ്ടിയിൽ നിന്നും ഇറങ്ങി.. പുറകിലെ സീറ്റിൽ നിന്നും ഒരു സ്ത്രീയും ഒരു പെൺകുട്ടിയും ഇറങ്ങി.. സൂര്യ അവരെ ഒന്ന് നോക്കി.. പെട്ടെന്ന് അവൾ ഒന്ന് ഞെട്ടി.. “അ.. അമ്മ.. അമ്മ…??? അമ്മേ…” അവൾ അലറിക്കരഞ്ഞു കൊണ്ട് ഓടിച്ചെന്ന് അവരെ മുറുക്കെ കെട്ടി പിടിച്ചു.. അവരും അവളെ കെട്ടിപിടിച്ചു കരഞ്ഞു.. ആ പെൺകുട്ടിയും നിന്ന് കരയുകയായിരുന്നു.. പുറത്തേക്ക് വന്ന സാമും സാറാമ്മയും ശിവയും ആ കാഴ്ച്ച കണ്ടു കണ്ണ് തുടച്ചു.. ആലീസും കരഞ്ഞുപോയി.. സൂര്യ അവരെ രണ്ടുപേരെയും ഇരുകൈകളും കൊണ്ട് മുറുക്കെ പിടിച്ചു വച്ചു.. ഇനി വിട്ടു പോകരുത് എന്നത് പോലെ.. എന്നാലും അവളുടെ മുഖത്ത് പ്രിൻസ് അവളെ അവിടെ നിന്നും പറഞ്ഞു വിടുമോ എന്ന തോന്നൽ വന്നു.. പ്രിൻസ് അത് മനസിലാക്കിയിരുന്നു.. അപ്പോഴാണ് സാധനങ്ങൾ നിറച്ച ഒരു ലോറി വന്നു അപ്പുറത്തെ വീട്ടിലേക്ക് കയറിയത്.

പ്രിൻസിന്റെ വീടിന്റെ തൊട്ടു അടുത്ത വീട്.. “നീ ഞങ്ങളുടെ അടുത്ത് വേണം.. അങ്ങനെ വിട്ടു കളയാൻ മനസില്ല.. അത് കൊണ്ട് ഇനി നിങ്ങൾ താമസിക്കുന്നത് അവിടെ ആണ്.. ഞാൻ ആ വീട് നിന്റെ പേർക്ക് വാങ്ങി…എന്റെ അനിയത്തി എന്റെ കൺമുൻപിൽ ഉണ്ടാകണം..” അവൻ സൂര്യയെ നോക്കി പറഞ്ഞപ്പോൾ അവൾ ഇരുകൈകളും നിവർത്തി അവനെ മുറുക്കെ കെട്ടിപിടിച്ചു നിന്നു.. “എന്റെ ഏട്ടൻ…” അവൾ മെല്ലെ പറഞ്ഞപ്പോൾ പ്രിൻസ് അവളുടെ നിറുകയിൽ ചുംബിച്ചു.. * കുറച്ചു ദിവസങ്ങൾക്ക് ശേഷം.. ആലീസ് സൂര്യയെ ബൈക്കിൽ ഇരുത്തി എവിടെയോ കൊണ്ടുപോകുന്നത് നോക്കി നിൽക്കുകയായിരുന്നു പ്രിൻസ്.. “ഇച്ചായ..?” ശിവയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു.. “മ്മ്മ്..?” “ഹോസ്പിറ്റലിൽ നിന്നും വിളിക്കുന്നു.. തിരികെ ചെല്ലാൻ പറഞ്ഞു…” അവൾ വിഷമത്തോടെ പറഞ്ഞു.. “അതിനെന്താ? നാളെ തന്നെ പൊയ്ക്കോളൂ.. കോഴിക്കോട് നിന്ന് ട്രെയിൻ ഞാൻ ബുക്ക് ചെയ്തോളാം..” അതും പറഞ്ഞു എങ്ങോട്ടോ പോകുന്നവനെ നോക്കി നിന്നപ്പോൾ ശിവക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.. പിറ്റേ ദിവസം അവൾ ബാഗ് ഒക്കെ എടുത്തു എല്ലാവരോടും യാത്ര പറഞ്ഞു.. എല്ലാവരും സങ്കടത്തിൽ ആയിരുന്നു.. പ്രിൻസ് ഒഴികെ.. ആരും ഒന്നും മിണ്ടിയില്ല.

അവൾ ആലീസിന്റെ വണ്ടിയിൽ കയറാൻ നേരം പ്രിൻസിനെ ഒന്നുകൂടെ നോക്കി… ഇല്ല. അവന്റെ ശ്രദ്ധ വേറെ എവിടെയോ ആണ്.. അവൾ സങ്കടത്തോടെ കാറിൽ കയറി.. ആലീസ് ഒന്നും മിണ്ടാതെ വണ്ടി മുൻപോട്ട് എടുത്തു.. ട്രെയിനിൽ കയറിയപ്പോൾ ആലീസും സൂര്യയും അവളുടെ അനിയത്തിയും ശിവയെ കെട്ടിപിടിച്ചു കരഞ്ഞു.. “എന്താ പിള്ളേരെ ഇത്..? ഞാൻ ഇടക്ക് അങ്ങ് വരില്ലേ..?” അവൾ അവരെ അടർത്തി മാറ്റി കൊണ്ട് ചോദിച്ചു.. അവർ സങ്കടത്തോടെ നിന്നപ്പോൾ ശിവ ട്രെയിനിൽ കയറി.. “ഇതാ..” സൂര്യ ഒരു കൊച്ചു പൊതി അവൾക്ക് നേരെ നീട്ടി.. ശിവ അത് വാങ്ങി തുറന്ന് നോക്കി.. ഒരു സർജിക്കൽ ബ്ലേഡ്… അവൾ ചിരിയോടെ അത് കാലിലെ ഷൂസിന്റെ ഇടയിൽ വച്ചു.. ട്രെയിൻ മെല്ലെ നീങ്ങിയപ്പോൾ ശിവ അവളുടെ സീറ്റിൽ ഇരുന്നു പൊട്ടി കരഞ്ഞു.. ചങ്ക് പിളർക്കുന്ന വേദന.. പ്രിൻസിന്റെ അവഗണന അവൾക്ക് താങ്ങാൻ പോലും ആയില്ല.. മുംബൈയിലെ അവളുടെ ഫ്ലാറ്റിൽ എത്തി.. പിറ്റേ ദിവസം മുതൽ ജോലി തുടങ്ങി.. ഒരു ഡോക്ടർ എന്ന നിലയിൽ ഉള്ള തിരക്കുകൾ നെഞ്ചിലെ വേദന കുറക്കാൻ സഹായിച്ചു.. എന്നാൽ ഫ്ലാറ്റിൽ എത്തുമ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.. അവന്റെ ഒരു ഫോൺ കോൾ പോലും അവളെ തേടി വന്നില്ല...……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story