ശിവാത്മിക: ഭാഗം 24

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു.. “പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..” അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ പറഞ്ഞു എങ്കിലും അവൾ ഉടനെ അവന്റെ നമ്പർ ഒന്ന് ഡയൽ ചെയ്തു.. “ഹലോ…?” അപ്പുറത്തു നിന്നും ഗൗരവത്തിൽ ഉള്ള ചോദ്യം.. “ഞാൻ… ഞാനാ…” അവൾ വിറയലോടെ പറഞ്ഞു.. “ആര്…?” അത് കേട്ട് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി ഫോൺ എടുത്തു വലിച്ചെറിഞ്ഞു.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. ഇത്ര പെട്ടെന്ന് മറക്കുമോ. അന്ന് ചേർത്ത് പിടിച്ചതാണല്ലോ കാറിൽ വച്ചിട്ട്.. അവൾ സങ്കടം സഹിക്കാൻ ആകാതെ ഇരുന്നു. അവൾ വീണ്ടും ഫോൺ എടുത്തു അവനെ വിളിച്ചു. “ഞാൻ ആണ് ശിവ…” അവൾ ആദ്യമേ പറഞ്ഞു.. “അഹ്.. എന്താ..?” ഒരു പരിചയവും ഇല്ലാത്ത സ്വരം.. “ഞാൻ.. ഇച്ചായന്‌.. സുഖമാണോ.. എന്നറിയാൻ.. “ അവൾ വാക്കുകൾക്ക് വേണ്ടി തപ്പി.. “എനിക്ക് സുഖമാണ്.. എന്നാൽ ശരി.. ഇനി ഇതിലേക്ക് വിളിക്കണ്ട.. എന്തേലും ഉണ്ടെങ്കിൽ ആലീസിനെ വിളിച്ചോളൂ..”

അവൻ അത് പറഞ്ഞു കാൾ കട്ട്‌ ആക്കിയപ്പോൾ അവൾ നെഞ്ച് തകർന്ന് ഇരുന്നു.. കണ്ണുകൾ കുത്തി ഒഴുകി. അവൾ പുച്ഛത്തോടെ സ്വന്തം രൂപത്തെ കണ്ണാടിയിൽ നോക്കി.. കുറച്ചു നേരം മുഖം പൊത്തി ഇരുന്നു കരഞ്ഞു. “വേണ്ട.. എന്നെ ഇഷ്ടമല്ലെങ്കിൽ പിന്നെ ഞാൻ എന്തിന് പുറകെ നടക്കണം.. ജീവൻ രക്ഷിച്ച ആളോട് തോന്നുന്ന മൂനാം കിട സ്നേഹം ആണെന് തോന്നിയിരിക്കാം.. വേണ്ട ശിവ.. വേണ്ട..” അവൾ ഒഴുകുന്ന കണ്ണുകളോടെ സ്വയം പറഞ്ഞു.. അതിന് ശേഷം ഫോൺ ഓഫ് ചെയ്തു വച്ചു.. മനസിനെ ശക്തമാക്കാൻ ശ്രമിച്ചു എങ്കിലും അതത്ര എളുപ്പം ആയിരുന്നില്ല.. നിദ്ര അവളെ കടാക്ഷിച്ചില്ല.. എപ്പോഴോ ഒന്ന് മയങ്ങി. പിറ്റേ ദിവസം മുതൽ അവൾ ജോലികളിൽ മുഴുകി.. മനസിനെ നിയന്ദ്രിച്ചു രോഗികളുടെ ഒപ്പം സമയം ചിലവഴിച്ചു.. അവൾ എല്ലാവരുമായി നല്ല സ്നേഹത്തിൽ ആയിരുന്നു.. “യു ഹാവ് എ വിസിറ്റർ…”

രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഒരാൾ വന്നു പറഞ്ഞു. അവൾ ക്യാന്റീനിൽ ആയിരുന്നു… കൈകഴുകി അവൾ മെല്ലെ പുറത്തേക്ക് ചെന്നു.. അതിൽ പിന്നെ ഫോൺ ഓൺ ആക്കിയിട്ടില്ല.. ആരും തേടി വരാൻ ഇല്ല.. എന്നാലും അവിടെ നിന്ന ആളെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി. “അപ്പ…” അവളുടെ അപ്പ അവിടെ നിന്നത് കണ്ടപ്പോൾ അവൾ മെല്ലെ പറഞ്ഞു.. അയാളുടെ പുറകിൽ വൈഷ്ണവി ഉണ്ടായിരുന്നു.. അവളും ആകെ ക്ഷീണിച്ചത് പോലെ തോന്നി.. “ക്ഷമിക്കണം.. വിളിച്ചിട്ട് കിട്ടിയില്ല.. കാണാൻ.. തോന്നി..” അയാൾ ക്ഷമാപണത്തോടെ പറഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നി.. എന്തൊക്കെ പറഞ്ഞാലും അപ്പ അപ്പായല്ലേ.. “ഞാൻ.. എനിക്ക് കുഴപ്പം ഒന്നും ഇല്ല അപ്പ.. വാ. ചായ കുടിക്കാം..” അവൾ അവരെ വിളിച്ചു ഇരുത്തി ചായ പറഞ്ഞു. “നീയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.?” അവൾ വൈഷ്ണവിയെ നോക്കി.. “ഞാൻ.. അക്ക.. ന്നോട് ക്ഷമിക്കണം.. പ്ലീസ് അക്ക. എന്നെ തല്ലിക്കൊ.. എന്നാലും മിണ്ടാതെ ഇരിക്കല്ലേ…” വൈഷ്‌ണവി അവളുടെ കൈ പിടിച്ചു കരഞ്ഞു.. ശിവ അലിവോടെ കരയുന്ന അവളെ നോക്കി.

“കരയണ്ട… എനിക്ക് പിണക്കം ഒന്നുമില്ല.. “ അവൾ പറഞ്ഞപ്പോൾ വൈഷ്‌ണവി അവളെ കെട്ടി പിടിച്ചു.. പരിഭവങ്ങൾ എല്ലാം മാറുകയായിരുന്നു.. അപ്പക്കും അത് കേട്ടപ്പോൾ സന്തോഷം തോന്നി.. അന്ന് അവൾ ലീവ് ആക്കി അവരുടെ ഒപ്പം മുംബൈ കുറെ ഇടങ്ങളിൽ പോയി.. ശിവക്കും വല്ലാത്തൊരു സന്തോഷം തോന്നി.. കുറെ കാലങ്ങൾക്ക് ശേഷം.. വീണ്ടും തനിക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ.. എന്നാലും പ്രിൻസിന്റെ അമ്മച്ചിയും പപ്പയും ആലീസും അവളുടെ ഒപ്പം ഉണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. * പാലത്തിങ്കൽ തറവാട്ടിൽ രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു സാമും സാറാമ്മയും പ്രിൻസും ആലീസും.. “ആലീസെ.. ശിവമോൾ വിളിച്ചോ..?” പെട്ടെന്ന് സാം ചോദിച്ചപ്പോൾ അവൾ പുരികം പൊക്കി നോക്കി.. “കുറെ ദിവസം ആയി ഫോൺ ഓഫ്‌ ആണല്ലോ അവളുടെ..?” “ഓ അതെ പപ്പാ...കുറെ ദിവസം ആയി ഫോൺ ഓഫ് ആണ്..” ആലീസ് മറുപടി കൊടുത്തപ്പോൾ പ്രിൻസ് കഴിക്കുന്നത് നിർത്തി അവളെ നോക്കി.. “എന്നിട്ട് നീയെന്താ പറയാതിരുന്നത്..?”

അവൻ അവളോട് ചോദിച്ചു. “എന്തിന് പറയണം..? അന്ന് വിളിച്ചപ്പോൾ ഇനി അച്ചായനെ വിളിക്കരുത് എന്ന് പറഞ്ഞത് ഞാൻ കേട്ടിരുന്നു.. അല്പം സ്നേഹം വേണം അച്ചായാ. അതിൽ പിന്നെ ആ ഫോൺ ഓൺ ആയിട്ടില്ല.. ജീവനോടെ ഉണ്ടോ എന്ന് പൊലും അറിയില്ല. അച്ചായന് അല്ലേലും അവൾ ആരാണ് ഇതൊക്കെ ചോദിക്കാൻ..? “ ആലീസ് ചോദിച്ചത് കേട്ട് അവൻ തലകുനിച്ചു ഇരുന്നു.. അതിന് ശേഷം എഴുന്നേറ്റ് പോയി.. “സത്യമാണോ കൊച്ചെ..? അവൻ അങ്ങനെ പറഞ്ഞോ അവളോട്..?” സാം ചോദിച്ചപ്പോൾ അവൾ തലകുലുക്കി കാണിച്ചു.. സാം സാറാമ്മയെ നോക്കി.. മരുമകൾ ആയി അംഗീകരിച്ചിരുന്നു ശിവയെ.. ആ സ്വപ്നം തകർന്ന് വീഴുന്നത് അവർ അറിഞ്ഞു.. അവരുടെ മുഖത്ത് സങ്കടം നിറഞ്ഞു. * സൂര്യയെ വളരെ കരുതലോടെ ആണ് അവളുടെ അമ്മയും അനിയത്തി ദുർഗ്ഗയും നോക്കി വന്നത്.. ഒറ്റക്ക് ഇരിക്കാനോ ഇരുട്ടിൽ പെട്ട് പോകാതെയും അവർ അവളെ വിട്ടിരുന്നില്ല. ആലീസ് ഇടക്ക് ഇടക്ക് അവളെ ഓരോ സ്ഥലങ്ങളിൽ കൊണ്ടുപോകുമായിരുന്നു. അതും അവളിൽ നല്ലൊരു മാറ്റം വരുത്തി..

കൂടാതെ സാമും സാറാമ്മയും പ്രിൻസും മാറി മാറി അവളെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു.. ആലീസ് രാത്രി ഇരുന്നു പഠിക്കുമ്പോൾ അവൾക്ക് കൂട്ട്‌ സൂര്യ ആയിരുന്നു. ആലീസിന്റെ എക്സാം അടുത്തപ്പോൾ അവൾ ആലീസിന്റെ ഒപ്പം നിന്നു.. അതികഠിനമായാണ് ആലീസ് പരിശ്രമിച്ചുകൊണ്ടിരുന്നത്.. എക്സാം ഉള്ള ദിവസം ആയി. അവൾ ആത്മവിശ്വാസത്തോടെ എഴുതി.. എക്സാം കഴിഞ്ഞു ഒരു റാങ്ക് കിട്ടും എന്ന് ഉറപ്പിച്ചാണ് ആലീസ് വീട്ടിൽ വന്നതും.. “നിനക്ക് വീണ്ടും മാർഷൽ ആർട്സ് പ്രാക്ടീസ് തുടങ്ങിക്കൂടെ..?” ഒരു വൈകുന്നേരം ചായ കുടിച്ചുകൊണ്ട് ഇരുന്നപ്പോൾ ആലീസ് സൂര്യയോടു ചോദിച്ചു.. “ഇനി എനിക്ക് അത് പറ്റുമോ..? മനസൊക്കെ കൈവിട്ടു പോയില്ലേ..?” അവളുടെ ആത്മവിശാസം ഒക്കെ പോയിരുന്നു എന്ന് ആലീസിന് മനസിലായി.. “എന്തുകൊണ്ട് കഴിയില്ല..?” അത് ചോദിച്ചതും ആലീസ് ഇരുന്ന ഇരുപ്പിൽ കാലു വീശി അവളുടെ കഴുത്തു നോക്കി തന്നെ ഒരു അടി അടിച്ചു.. മിന്നൽ വേഗതയിൽ ആണ് സൂര്യ ഇടത്തെ കൈ മടക്കി അവളുടെ കാൽ ബ്ലോക്ക് ചെയ്തത്.. അവൾ ആലീസിനെ പകച്ചു നോക്കി.. കാലു വലിച്ചെടുത്തു ആലീസ് ചിരിച്ചു.. “ഞാൻ… ഞാൻ അറിഞ്ഞുകൊണ്ട് അല്ല ഇത് ബ്ലോക്ക് ചെയ്തത്.. ശരീരം തനിയെ ചെയ്തതാണ്..” സൂര്യ അത്ഭുതത്തോടെ പറഞ്ഞു..

“ഇപ്പോൾ നിനക്ക് കഴിയും എന്ന് ബോധ്യം ആയില്ലേ..?” ആലീസ് ചോദിച്ചപ്പോൾ അവൾ ചിന്തിച്ചു ഇരുന്നു.. ശരിയാണ്.. അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ ആലീസ് സന്തോഷിച്ചു.. അവളെ പഴയ നിലയിലേക്ക് വേഗം തന്നെ എത്തിക്കാൻ ഉള്ള മാർഗം ആയിരുന്നു അത്.. ** ദിവസങ്ങൾ കൊഴിഞ്ഞു വീണു.. “നിനക്ക് നാട്ടിലേക്ക് ഒന്ന് വന്നുകൂടെ..?” ശിവ ഒരു ദിവസം രാത്രി അപ്പയെ വിളിച്ചപ്പോൾ അവൾ ഒന്ന് ആലോചിച്ചു.. മൂന്ന് മാസം ആയി നാട്ടിൽ നിന്നും വന്നിട്ട്.. ഒന്ന് പോയാൽ കൊള്ളാമെന്ന് അവൾക്ക് തോന്നി. “വരാം അപ്പ..” അവൾ സമ്മതം അറിയിച്ചു.. പിറ്റേ ദിവസം അവൾ ലീവ് എഴുതി.. ആലീസിന്റെ റിസൾട്ട് വരാൻ ആയല്ലോ എന്നവൾ ചിന്തിച്ചു.. നാട്ടിൽ പോകുമ്പോൾ അവിടെ ഒന്ന് പോകണം.. ഫോൺ ഓൺ ആക്കിയ അന്ന് തന്നെ അവൾ ആലീസിനെ വിളിച്ചിരുന്നു.. ഒപ്പം അമ്മച്ചിയെയും സാമിനെയും.. നേരിൽ പോയി കണ്ട് അവരുടെ പരാതികൾ ഒക്കെ ഒന്ന് പരിഹരിക്കണം.. അവൾ എയർപോർട്ടിലേക്ക് ചെന്നു.. ഡൊമസ്റ്റിക് ടെർമിനലിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ അവൾ നാട്ടിലേക്ക് പറന്നു..

വിന്ഡോ സീറ്റിൽ ഇരുന്നു പുറത്തേക്ക് നോക്കിയപ്പോൾ അവൾ കുറെ ആലോചിച്ചു.. ജീവിതം ഒക്കെ തീർന്നെന്നു കരുതിയതാണ്.. രക്ഷിക്കാൻ ആളുണ്ടായിരുന്നു. അവൾ പുഞ്ചിരിയോടെ ഓർത്തു.. “ഹലോ.. എന്താ ഇത്ര ആലോചിക്കാൻ.. ?” ഒരു ചോദ്യം കേട്ടപ്പോൾ ആണ് അവൾ സൈഡിലേക്ക് നോക്കിയത്.. ചെമ്പൻ നിറമുള്ള മുടിയുള്ള ഒരു ചെറുപ്പക്കാരൻ.. “ഞാൻ ആര്യൻ.. ആൻഡ് യു..?” അവൻ കൈനീട്ടിയപ്പോൾ അവൾ കൈ ഒന്ന് തൊടുവിച്ചു.. “ശിവാത്മിക…” “വാട്ട് എ നെയിം.. എന്ത് ചെയ്യുന്നു മോഡൽ ആണോ? യു ആർ ബ്യൂട്ടിഫുൾ..” അവൻ ആരാധനയോടെ പറഞ്ഞപ്പോൾ അവൾ ചിരിച്ചു… “ഒരു നാടൻ കോഴിയാണോ ദൈവമേ അടുത്ത് എന്നായിരിക്കും അല്ലെ ഇപ്പോൾ താൻ ചിന്തിച്ചത്.. ?” അവന്റെ ചോദ്യം അവളെ ചിരിപ്പിച്ചുകളഞ്ഞു.. അവനും അവളും സംസാരിച്ചു.. നിമിഷ നേരം കൊണ്ട് തന്നെ അവർ ഫ്രെണ്ട്സ് ആയി.. * പാലത്തിങ്കൽ തറവാട്ടിൽ അന്നത്തെ ദിനം എല്ലാവരും കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാർത്ത കേട്ടാണ് അവർ ഉണർന്നത്.. എക്സാമിന് ആലീസ് നല്ല രീതിയിൽ തന്നെ വിജയിച്ചു ..

അവളുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലം കണ്ടപ്പോൾ അവളെ ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു സാറാമ്മയും സാമും.. പ്രിൻസും ഒത്തിരി സന്തോഷിച്ചു.. അവന്റെ അനിയത്തി ആഗ്രഹപ്രകാരം ഒരു ഐപിഎസ്‌ ആകാൻ പോകുന്നു.. പാർട്ടി വെച്ചിട്ടുണ്ടായിരുന്നു.. അത് നടക്കുമ്പോൾ ആണ് ആലീസ് ഉച്ചത്തിൽ കൂവിക്കൊണ്ടു ഒരാളുടെ അടുത്തേക്ക് ഓടുന്നത് പ്രിൻസ് കണ്ടത്.. ശിവ… കടും നീല സാരിയും അഴിച്ചിട്ട മുടിയും കാതിൽ ജിമുക്കിയും കൈകളിൽ വളകളും.. നെറ്റിയിൽ കൊച്ചു പൊട്ടും.. അവളുടെ സൗന്ദര്യം ഇരട്ടി ആയിരിക്കുന്നു.. അവളെ കണ്ടു അവൻ ഒന്ന് മതിമറന്നു നിന്നുപോയി എങ്കിലും കണ്ണുകൾ ഇടഞ്ഞപ്പോൾ അവൻ നോട്ടം പിൻവലിച്ചു.. “മോളെ ശിവേ..” സാറാമ്മയും ഓടി ചെന്ന് അവളെ മുറുക്കെ കെട്ടി പിടിച്ചു.. അവൾ ആലീസിന്റെ കഴുത്തിൽ ഒരു സ്വർണ മാല അണിയിച്ചു കൊടുത്തു.. കയ്യിൽ ഒരു വാച്ചും.. “ഒത്തിരി സന്തോഷം പെണ്ണെ.. ഇനി പോലീസ് ആയി വിലസാൻ ഉള്ളതാണ്…ഒരു ഐപിഎസുകാരി കൂട്ട്‌ ഉള്ളത് നല്ലതല്ലേ..?” ശിവ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“ഇനി ഇന്റർവ്യൂ ഉണ്ട്...ട്രെയിനിങ് ഉണ്ട്.. കുറച്ചു വർഷം എടുക്കും…” “ഇത്ര നേടിയ നിനക്ക് ആണോ ഇനി ഇന്റർവ്യൂ ഇത്ര ബുദ്ധിമുട്ട്..?” അവൾ ചോദിച്ചപ്പോൾ ആലീസ് അവളെ വീണ്ടും കെട്ടിപിടിച്ചു.. “ചേച്ചി…?” പുറകിൽ വിളി കേട്ട് ശിവ തിരിഞ്ഞു.. സൂര്യ.. അവൾ ഓടി വന്നു ശിവയെ കെട്ടിപിടിച്ചു.. ശിവ തിരിച്ചും.. സൂര്യ കുറെയധികം മാറി എന്ന് ശിവക്ക് മനസിലായി.. അവൾ വീണ്ടും മാർഷൽ ആർട്സ് പ്രാക്ടീസ് തുടങ്ങി എന്ന് അവൾ ശിവയോട് പറഞ്ഞു.. അത് കേട്ട് അവളും സന്തോഷിച്ചു.. കേക്ക് മുറിച്ചപ്പോഴും ആഹാരം വിളമ്പിയപ്പോഴും ശിവ ഓടി നടന്നു ആ കൂട്ടത്തിൽ ഒരുവൾ ആയിട്ട്.. എന്നാൽ പ്രിൻസിനെ അവൾ നോക്കിയത് കൂടെ ഇല്ല.. ഇടക്ക് എപ്പൊഴൊ അവൾ അവന്റെ മുൻപിൽ പെട്ടപ്പോൾ അവൾ ഒന്ന് പിശുക്കി ചിരിച്ചു.. “സുഖമല്ലേ ശിവ..?” അവൻ ചോദിച്ചപ്പോൾ അവൾ തലകുലുക്കി കാണിച്ചു.. ഒന്നും മിണ്ടിയില്ല.. അവൾ വേഗം തന്നെ അവന്റെ മുൻപിൽ നിന്നും പോയി. “അമ്മച്ചി.. ഞാൻ പോകട്ടെ.. ഒരിടം വരെ പോകാനുണ്ട്.. ഞാൻ വേറെ ഒരു ദിവസം വന്നു നിൽക്കാം കേട്ടോ..”

അവൾ സാറാമ്മയെ കെട്ടിപിടിച്ചു പറഞ്ഞപ്പോൾ അമ്മച്ചിക്ക് വിഷമം ആയി… “കണ്ണ് നിറയെ ഒന്ന് കണ്ടില്ലല്ലോ മോളെ നിന്നെ..” അവർ പരാതി പറഞ്ഞു.. “അതല്ല അമ്മച്ചി എന്റെ ഒപ്പം വേറെ ഒരാൾ കൂടെ ഉണ്ടായിരുന്നു. ആ ആൾ ഇപ്പോൾ പുറത്ത് ഉണ്ട്.. നേരെ കൊച്ചിക്ക് തന്നെയാണ്.. ഞാൻ വരാം.. പൊന്നമ്മച്ചി അല്ലെ..?” അവൾ സാറാമ്മയോട് കൊഞ്ചുന്നത് കേട്ട് പ്രിൻസ് അവിടെ ഉണ്ടായിരുന്നു.. അവൾ സാമിനോടും പറഞ്ഞു.. എല്ലാവരും അവളെ ഉമ്മറത്ത് കൊണ്ടുപോയി. അപ്പോഴാണ് ഒരു കാർ കയറി വന്നത്.. ശിവ സന്തോഷത്തോടെ ഓടിച്ചെന്ന് അതിൽ കയറി… അകത്തു നിന്നും കാറിലേക്ക് നോക്കിയപ്പോൾ പ്രിൻസ് കണ്ടു.. ചെമ്പൻ മുടിയുള്ള ഒരു ചെറുപ്പക്കാരൻ ആണ് ഡ്രൈവിംഗ് സീറ്റിൽ.. അവൻ എന്തോ പറയുന്നതും ശിവ പൊട്ടി ചിരിക്കുന്നതും ആ കാർ അകന്നു പോകുന്നതും അവൻ നോക്കി നിന്നു.. “നല്ല ചേർച്ച.. അല്ലെ അമ്മച്ചി..?” “മ്മ്മ് സുന്ദരൻ.. അവൾക്ക് ചേരും..” ആലീസ് അമ്മച്ചിയോട് ചോദിച്ചതും അമ്മച്ചി മറുപടി പറഞ്ഞതും കേട്ട് പ്രിൻസ് നിശ്ചലമായി നിന്നു..……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story