ശിവാത്മിക: ഭാഗം 25

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“നല്ല ചേർച്ച.. അല്ലെ അമ്മച്ചി..?” “മ്മ്മ് സുന്ദരൻ.. അവൾക്ക് ചേരും..” ആലീസ് അമ്മച്ചിയോട് ചോദിച്ചതും അമ്മച്ചി മറുപടി പറഞ്ഞതും കേട്ട് പ്രിൻസ് നിശ്ചലമായി നിന്നു.. “ശിവക്ക് വേറെ ആളെ ഇഷ്ടമാണോ..?” അവൻ സ്വയം ചോദിച്ചു.. ഉത്തരം കിട്ടിയില്ല. അവൻ വേഗം മുകളിലേക്ക് നടന്നു. അവന്റെ റൂമിൽ ബെഡിൽ ഇരുന്നു.. മെല്ലെ അന്നയുടെ ഫോട്ടോയിലേക്ക് നോക്കി.. ചിരിച്ചുകൊണ്ട് നിൽക്കുന്ന അന്ന.. “എന്തിനാ ഇച്ചാ അവളെ അകറ്റിയത്..? പാവം അല്ലെ.. ?” അവന്റെ മനഃസാക്ഷിയിൽ നിന്നും ആ ചോദ്യം ഉയർന്നു.. അവൻ മെല്ലെ എഴുന്നേറ്റ് ചെന്ന് ആ ഫോട്ടോയിൽ ഒന്ന് തൊട്ടു.. “കൊച്ചെ.. അറിഞ്ഞുകൊണ്ട് അല്ല.. ഇഷ്ടമാണ്.. എന്നാൽ.. ഇഷ്ടപ്പെട്ടു പോയി കഴിഞ്ഞു അവൾ പോയാൽ.? വീട്ടുകാർ സമ്മതിച്ചില്ല എങ്കിൽ..? താങ്ങത്തില്ല.. അതാന്നെ.. “ അവൻ പകുതി ചിരിച്ചു കൊണ്ട് അന്നയുടെ ചിത്രത്തിലേക്ക് നോക്കിയപ്പോൾ കണ്ണ് നനഞ്ഞിരുന്നു.. പതിവ് പോലെ അന്ന ഒന്നും മിണ്ടിയില്ല. അല്പ നേരം ഇരുന്നു അവൻ താഴേക്ക് ചെന്നു.. താഴേക്ക് ചെന്നപ്പോൾ സൂര്യ ഓടി അവന്റെ തോളിൽ തൂങ്ങി നിന്നപ്പോൾ അവൻ പുഞ്ചിരിയോടെ നിന്നു..

“അച്ചായൻ കരഞ്ഞോ.?” അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി. “ഇല്ല. മോളെ, പ്രിൻസ് അങ്ങനെ ഒന്നും കരയില്ല..” അവൻ മീശ പിരിച്ചു പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. ആലീസ് അവനെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.. അവന് ഒരു സങ്കടവും അവൾ കണ്ടില്ല.. “ഇതെന്തൊരു ജീവിയാണെന്റെ കർത്താവേ..” അവൻ ബന്ധുക്കളോട് ചിരിച്ചു വർത്തമാനം പറയുന്നത് കേട്ടപ്പോൾ ആലീസ് സ്വയം പറഞ്ഞു.. * “സൊ പറ.. ആരോടേലും തനിക്ക് ഇഷ്ട്ടം തോന്നിയിട്ടുണ്ടോ..?” വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ ആര്യന്റെ ചോദ്യം കേട്ടപ്പോൾ ശിവ ചിരിച്ചു.. അവർ കൊച്ചിക്ക് തിരികെ പോകുകയായിരുന്നു.. “അഹ് ഉണ്ട്..” അവൾ മറുപടി കൊടുത്തു. “ങേ അതാരാ..?” “ആദ്യം അർണോൾഡ് ഷർസ്സ്‌നെഗർ, പിന്നെ സ്റ്റാലോൺ.. അഹ് പിന്നെ ഒരു പെണ്ണ് ആയിട്ടു കൂടെ ആഞ്‌ജലീന ജോളി.. അവരുടെ വിടർന്ന ചുണ്ടുകൾ കണ്ടാൽ ആർക്കാണ് അതിനെ ഇഷ്ടമാകാത്തത്..? എന്തൊരു ഷേപ്പ് ആണ്..? അല്ല? ആര്യന് തോന്നിയിട്ടില്ലേ..?” അവൾ ആവേശത്തോടെ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി ചിറി കോട്ടി..

“ആക്കിയത് ആണല്ലേ.? ഞാൻ അവരുടെ കാര്യം അല്ല ചോദിച്ചത്. പേർസണൽ ലൈഫിൽ..ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ ഓർ പ്രേമിക്കുന്നുണ്ടോ.. ?” “അത് പേർസണൽ സീക്രെട് ആയി ഇരുന്നോട്ടെ ആര്യൻ.. എല്ലാം അങ്ങ് ഒറ്റ അടിക്ക് പറഞ്ഞാൽ വായിച്ചു തള്ളിയ പുസ്തകം പോലെ ആകും..” അവൾ മറുപടി കൊടുത്തു. “ങേ.? വായിച്ചു കഴിഞ്ഞ പുസ്തകമോ..?” ആര്യൻ അവളെ നോക്കി… “യെസ്.. ഒരു തവണ വായിച്ച പുസ്തകം വീണ്ടും വായിച്ചാൽ ആദ്യം വായിക്കുന്ന ഫീൽ ഉണ്ടാകുമോ ഇല്ല.. യു നോ വാട്ട് ഹാപ്പെൻസ് നെക്സ്റ്റ് അല്ലെ..? എന്നാൽ പകുതി മാത്രം വായിച്ചു വെച്ച പുസ്തകം അതിനോട് ഒരു അകംഷ നമുക്ക്‌ ഉണ്ടാകും. അതുപോലെ ആകണം നമ്മൾ.. കാണുമ്പോഴേക്കും എല്ലാവരോടും എല്ലാം അങ്ങ് തുറന്നു പറഞ്ഞാൽ അവരുടെ കണ്ണുകൾ നമ്മളിൽ ആയിരിക്കില്ല.. അടുത്തുള്ള തുറക്കാത്ത പുസ്തകത്തിലേക്ക് പോകും..” അവൾ പുറത്തേക്ക് നോക്കിയാണ് അത് പറഞ്ഞത്.. “വൗ.. ഇമ്പ്രെസ്സിവ്.. താൻ എന്നെ അതിശയിപ്പിക്കുന്നു… ഒരു ഫാൻ ആയി കേട്ടോ ..അല്ല അതിന്റെ അർഥം ഇനി എന്റെ കണ്ണ് തന്നിൽ വേണം എന്നാണോ..?”

അവൻ വണ്ടി ഓടിച്ചുകൊണ്ടു പറഞ്ഞു.. അവൾ അത് കേട്ട് പൊട്ടിച്ചിരിച്ചു.. “നീ വെറും കോഴിയാണ് ആര്യൻ..തനി നാടൻ..” അവൾ അത് പറഞ്ഞപ്പോൾ അവന്റെ മുഖം വാടി.. “സത്യമായും.. എനിക്ക് തന്നെ കെട്ടിയാൽ കൊള്ളാം എന്നുണ്ട്..” അവൻ വീണ്ടും പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.. എന്തോ പറയാൻ വന്നപ്പോഴേക്കും അവൾക്ക് ഒരു കാൾ വന്നു.. അവൾ അതെടുത്ത് സംസാരിച്ചു.. വഴി നീളെ സംസാരിച്ചാണ് അവർ പോയത്… കൊച്ചിയിൽ എത്തി അവളെ വീട്ടിൽ ഇറക്കി വിട്ടിട്ടാണ് അവൻ പോയത്. * “ശിവകൊച്ചിന്റെ കല്യാണം ഉടനെ ഉണ്ടാകുമായിരിക്കും അല്ലിയോടി..?” വൈകീട്ട് ചായ കുടിച്ചുകൊണ്ട് ഇരുന്നപ്പോൾ സാം ചോദിച്ചു.. “ആന്നെ. ആവശ്യം ഉള്ളവർ പുറകെ നടന്നു നേടും..” അമ്മച്ചി അത് പറഞ്ഞപ്പോൾ പ്രിൻസ് തലപൊക്കി നോക്കി. മടിയിൽ തലവച്ചു കിടന്ന ആലീസിന്റെ മുഖത്തേക്ക് അവനൊന്ന് പാളി നോക്കി.. അവൾ ചിരിക്കുന്നുണ്ടോ… കള്ളിയാണ്.. ഫോണിൽ എന്തോ ചെയ്യുന്നു. “അഹ് കുടുംബമായിട്ട് പോകണം.. എന്തായാലും മറ്റന്നാൾ കൊച്ചി വരെ പോകുന്നുണ്ടല്ലോ.. അവിടെയും കയറാം..” സാം അത് പറഞ്ഞു എഴുന്നേറ്റപ്പോൾ സാറാമ്മയും എഴുന്നേറ്റ് പോയി.. “ആരാടീ ആ ചെക്കൻ..?” അവൻ ആലീസിനെ ഒന്ന് തോണ്ടി..

“അഹ് ടോണി ജാ. തായ് ബോക്സിങ് ഇത്ര നന്നായി അവതരിപ്പിക്കുന്ന വേറെ ആളില്ല തോന്നുന്നു. ആം എ ഫാൻ..” അത് കേട്ടതും അവൻ അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു.. “ആആ എന്നതാ അച്ചായാ..?” അവൾ എഴുന്നേറ്റ് ഇരുന്നു.. “നീ ഫോണിൽ നോക്കുന്നവൻ അല്ല.. ശിവയുടെ കൂടെ വന്നവൻ.. ആരാണെന്ന്.. “ ആലീസിന് ചിരി പൊട്ടി.. അവൾ അത് മറച്ചു. “ആര്യനോ സൂര്യനോ അങ്ങനെ എന്തോ ആണ്. മുടിഞ്ഞ പ്രേമം ആണ്..” “ങേ.. ആർക്ക്..?” അവൻ ഒന്ന് ഞെട്ടി.. “ശിവക്ക്.. ആല്ലാതാർക്ക്‌..?” അവനു അത് വിശ്വാസം വന്നില്ല. “ശിവയെ ഇത്ര ഹാപ്പി ആയി കണ്ടിട്ടുണ്ടോ..? ഇല്ലല്ലോ..?” അവൾ ചോദിച്ചപ്പോൾ അവൻ അത് ഓർത്തു.. ശരിയാണ്.. അവളെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടില്ല.. തന്റെ അടുത്ത് വരുമ്പോൾ ഒക്കെ കത്തുന്ന പ്രണയം ആണ് കണ്ണുകളിൽ കണ്ടിരുന്നത്.. പ്രതീക്ഷയാണ്.. അന്ന് അകറ്റി ഓടിച്ചു… അവൻ മെല്ലെ എഴുന്നേറ്റ് പാർക്കിങ്ങിൽ പോയി ജീപ്പിൽ കയറി.. അത് അകന്നു പോയപ്പോൾ ആലീസ് അത് നോക്കി നിന്നു.. അവൾക്കും അവളുടെ ഇച്ചായന്റെ അവസ്ഥയിൽ സങ്കടം ഉണ്ടായിരുന്നു..

അവൻ എന്തിനാണ് ശിവയിൽ നിന്നും അകന്നു മാറിയത് എന്ന് അവൾക്ക് അറിയാം.. അവനെ കുറ്റം പറയാനും പറ്റില്ല. * കൊച്ചിയിൽ ശിവ വീട്ടിൽ ബാൽക്കണിയിൽ തൂക്കി ഇട്ട ചൂരൽ കസേരയിൽ ഇരുന്നു ആടുകയായിരുന്നു.. നിറയെ മരങ്ങൾ ആണ് അവരുടെ വീടിന് ചുറ്റും.. “അക്ക.. “ വൈഷ്‌ണവി പുറകിൽ നിന്നും വന്നു അവളെ കെട്ടിപിടിച്ചു.. “എന്താ പെണ്ണിന് ഒരു കൊഞ്ചൽ..?” അവൾ വൈഷ്ണവിയോട് ചോദിച്ചപ്പോൾ ആണ് ഒരു ജീപ്പ് കോമ്പസ് ഗേറ്റ് കടന്ന് വന്നത് അവർ കണ്ടത്.. “അക്ക അതാ പ്രിൻസ് ഏട്ടൻ അല്ലെ..? വയനാട്ടിലെ?” വൈഷ്ണവി ചോദിച്ചപ്പോൾ ശിവ നോക്കി.. അതെ പ്രിൻസിന്റെ വണ്ടിയാണ്. അവൾ ചാടി എഴുന്നേറ്റ് താഴേക്ക് ഓടി.. അവൾ വാതിലിന്റെ അവിടെ എത്തിയപ്പോഴേക്കും അമ്മച്ചിയും സാമും ഇറങ്ങി വന്നിരുന്നു.. ആലീസ് പുറകെ കയറി വന്നു. “അമ്മച്ചീ…. പപ്പ…” അവൾ അവരെ മുറുക്കെ കെട്ടിപിടിച്ചു ഒച്ചയിട്ടത് കേട്ടപ്പോൾ ആണ് അപ്പ അകത്തുനിന്നും വന്നത്.. “ആഹാ ഇതാരൊക്കെ ആണ്..? മോളെ വൈഷ്ണു.. ചായ എടുത്തേ.. ഇരിക്ക് കേട്ടോ..” അയാൾ അവരെ സ്വീകരിച്ചപ്പോൾ ശിവ പ്രിൻസിനെ നോക്കി.

വാതിലിന്റെ അവിടെ നിൽക്കുകയാണ്. “അച്ചായാ വാ…” ഇച്ചായൻ എന്ന് വിളിച്ച അവളുടെ വിളി അച്ചായൻ എന്നായതു അവൻ ഒന്ന് ശ്രദ്ധിച്ചു.. അവൻ അകത്തേക്ക് കയറി.. അവർ സെറ്റിയിൽ ഇരുന്നു. ആലീസ് ശിവയുടെ ഒപ്പം അകത്തേക്ക് പോയി.. വീടിന്റെ ഹാളിൽ നിറയെ ചിത്രങ്ങൾ.. പലതരം വസ്തുക്കൾ.. നല്ല അലങ്കാരങ്ങൾ.. “ഇതൊക്കെ ശിവമോളുടെ ഓരോരോ നേരം പോക്കുകൾ ആണ്.” അപ്പ പറഞ്ഞപ്പോൾ പ്രിൻസ് ഒന്ന് കണ്ണുകൾ ഓടിച്ചു.. എല്ലാം കൊള്ളാം.. ഈ പെണ്ണ് വല്ലാത്തൊരു പെണ്ണ് ആണല്ലോ എന്ന് അവർ ഓർത്തു.. ഒരു ഡോക്ടറുടെ ഗൗരവമോ ഒന്നും ഇല്ല അവൾക്ക്. ഒരു കൊച്ചിനെ പോലെ ആണ്. അവർ അൽപ നേരം സംസാരിച്ചു ഇരുന്നു. അപ്പോഴേക്കും ശിവ ചായയും ആയി വന്നിരുന്നു.. അവൾ എല്ലാവർക്കും കൊടുത്തു.. പ്രിൻസിന്റെ മുൻപിൽ കൊണ്ടുവന്നപ്പോൾ പ്രിൻസ് അവളെ നോക്കാതെ ചായ എടുത്തു മെല്ലെ കുടിച്ചു.. അപ്പോഴാണ് പുറത്ത് ഒരു കാർ വന്നത്.. അതിൽ നിന്നും ഇറങ്ങി അകത്തേക്ക് വന്നവരെ കണ്ടപ്പോൾ പ്രിൻസ് ഒന്ന് അമ്പരന്നു.. അന്ന് ശിവയെ കൂട്ടികൊണ്ട് പോയ ചെമ്പൻനിറം മുടി ഉള്ളവൻ..

അവനും അവന്റെ അച്ഛനും അമ്മയും ആണ് ഒപ്പം എന്ന് തോന്നി.. “ആഹാ ഇതാരാ ആര്യനോ..? വാ കയറി ഇരിക്ക്..” അവളുടെ അപ്പ വിളിച്ചപ്പോൾ അവർ കയറി ഇരുന്നു.. സാമും അവരും ഒന്ന് പരിചയപെട്ടു.. ശിവ ചിരിയോടെ നിന്നു.. ആലീസ് സംശയത്തോടെ അവരെ നോക്കി.. “ഞങ്ങൾ വന്നത് ഇവനും ശിവകൊച്ചും ഇഷ്ടത്തിൽ ആണല്ലോ.. അതൊന്നു ഉറപ്പിക്കാം എന്ന് കരുതി ആണ്..” ആര്യന്റെ അച്ചൻ ശിവയെ ചൂണ്ടി അത് പറഞ്ഞപ്പോൾ പ്രിൻസിന്റെ കയ്യിൽ ഇരുന്ന കപ്പ് ഒന്ന് വെട്ടി ചായ അല്പം മറിഞ്ഞു.. സാമും സാറാമ്മയും ഒന്ന് പകച്ചു.. ആലീസും വല്ലാതെ ആയി.. “അഹ് എന്നാൽ അതങ്ങോട്ട് നടക്കട്ടെ.. അപ്പോൾ ഞങ്ങൾ ഇറങ്ങുന്നു.. പോയിട്ട് അല്പം തിരക്കുണ്ട്..” സാം മറുപടിക്ക് കാക്കാതെ എഴുന്നേറ്റപ്പോൾ സാറാമ്മയും എഴുന്നേറ്റു.. പ്രിൻസ് ശിവയെ ഒന്ന് നോക്കി.. അവളുടെ കണ്ണുകൾ ആര്യനിൽ ആണെന്ന് കണ്ടപ്പോൾ അവൻ പെട്ടെന്ന് പുറത്തേയ്ക്ക് ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി.. സാമും സാറാമ്മയും പുറത്തേക്ക് പോയപ്പോൾ ആലീസ് ഒന്ന് പകച്ചു നിന്നു.. “എന്നാൽ പോയേച്ചു വരാമേ…” അവൾ എങ്ങനെയോ പറഞ്ഞു ശിവയെ ഒന്ന് നോക്കി അവിടെ നിന്നും ഇറങ്ങി.. അവളോടി വണ്ടിയിൽ കയറിയപ്പോൾ പ്രിൻസ് വണ്ടി തിരിച്ചു.. ആരും ഒന്നും മിണ്ടിയില്ല.. റോഡിലേക്ക് ഇറങ്ങിയ ജീപ്പ് കോമ്പസ് മിന്നൽ പോലെ പാഞ്ഞു..……........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story