ശിവാത്മിക: ഭാഗം 28

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

“നീ പോണം. കൊച്ചിക്ക്.. , അപ്പയുടെ അടുത്തേക്ക്.. എന്നിട്ട് പറയണം ശിവാത്മിക വന്നിരിക്കുന്നത് പാലത്തിങ്കൽ തറവാട്ടിലെ പ്രിൻസ് ജീവിതകാലം മുഴുവൻ ശിവയുടെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പും ആയിട്ടാണെണ്…” അവൻ അത് പറഞ്ഞു മീശ മെല്ലെ പിരിച്ചു.. “ഇച്ചായാ….!!” അവൻ അത് പറഞ്ഞു തീരലും അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.. അത് പ്രതീക്ഷിച്ചു നിന്ന അവൻ അവന്റെ പെണ്ണിനെ നെഞ്ചോടു ചേർത്തിരുന്നു.. ആ കാഴ്ച കണ്ട് സാമും സാറാമ്മയും പരസ്പരം നോക്കി.. ആലീസ് വാപൊളിച്ചു നിന്നു.. “ഇതെന്ത് കൂത്ത്..?” സാം സാറാമ്മയെ നോക്കി.. സാറാമ്മ ഒന്നും മിണ്ടിയില്ല.. അവർ സന്തോഷത്തിൽ ആയിരുന്നു.. “എന്തിനാ ഇച്ചായാ എന്നെ അകറ്റിയത്..? എത്ര വേദനിച്ചു അറിയുമോ..?” ശിവ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനെ നോക്കി.. “കൊച്ചെ.., ഇഷ്ടമില്ലാഞ്ഞിട്ടു ഒന്നുമല്ല.. നിന്നെ കെട്ടിയാൽ ചോദിക്കാൻ ആരും വരില്ല.. എന്നാലും ഒരു പെണ്ണിന്റെ ഏറ്റവും സുന്ദരമായ നിമിഷം ഏതാണ് എന്നറിയുമോ..?” അവൻ അവളെ നോക്കി ചോദിച്ചപ്പോൾ അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി..

“അവളെ വളർത്തി വലുതാക്കിയ പിതാവ് പൂർണ മനസോടെ അവളുടെ വിവാഹം നടത്തി കൊടുക്കുന്നതാണ്.. അതിനാണ് ഞാൻ കാത്തു നിന്നത്.. “ “അപ്പ..?” “വിളിച്ചിരുന്നു…” “ങെ.? ശരിക്കും..?” “മ്മ്മ്.. എന്റെ മോൾ ശിവ നീയെന്നു പറഞ്ഞാൽ ജീവൻ കളയും ഒന്ന് കൈവിടാതെ ഒപ്പം കൂട്ടുമോ എന്ന് ചോദിച്ചു.. അപ്പക്ക് പൂർണ സമ്മതം ആണെന്ന്..” അവൾക്ക് അത് വിശ്വസിക്കാൻ ആയില്ല.. അപ്പക്ക് ഇങ്ങനെ ഒരു മാറ്റം..? “അപ്പോൾ അപ്പ സമ്മതിച്ചില്ലായിരുന്നു എങ്കിലോ..?” അവൾ പിരികം പൊക്കി ചോദിച്ചു.. “സമ്മതിപ്പിക്കാൻ എനിക്കറിയാം…അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ..” അവൻ കണ്ണ് ചിമ്മി പറഞ്ഞപ്പോൾ അവൾ വീണ്ടും മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി.. അവൻ അവളുടെ നിറുകയിൽ താടി വച്ച് ഗേറ്റിന്റെ അവിടേക്ക് നോക്കി.. ചിലർ നോക്കി നിൽക്കുന്നു.. “അല്ല..? ഇതെന്താ ഇത് ഇങ്ങനെ നിൽക്കാൻ ആണോ ഭാവം..?” ആലീസ് വിളിച്ചു ചോദിച്ചപ്പോൾ രണ്ടുപേരും അകന്നു മാറി.. “വാ..” അവൻ അവളെ കൈപിടിച്ച് വീട്ടിലേക്ക് കയറ്റി.. “ഈശോയെ എന്റെ പ്രാർത്ഥന കേട്ടു..” അമ്മച്ചി അവളെ കെട്ടിപിടിച്ചു ചുംബിച്ചു..

“എന്തായിരുന്നു..? ജെയിംസ് ബോണ്ടിന്റെ ജാഡ.. എന്നിട്ട് അവൾ പോയപ്പോൾ സിനിമ സ്റ്റൈൽ പ്രൊപോസൽ.. അല്ല നിങ്ങൾ ആരുവാ..?” ആലീസ് പ്രിൻസിന്റെ വയറിന് ആഞ്ഞൊരു ഇടി കൊടുത്തുകൊണ്ടാണ് ചോദിച്ചത്.. “എന്റെ മോൻ അല്ലിയോ.. പണ്ട് ഞാൻ ഇവളുടെ പുറകെ പോയപ്പോ ഇതുപോലെ ആയിരുന്നു..” സാം മീശ പിരിച്ചു പറഞ്ഞപ്പോൾ ആലീസ് കൈകൂപ്പി.. “പ്ലീസ് കൊല്ലരുത്…” അത് കേട്ടപ്പോൾ അധരങ്ങളിൽ ചിരി വിടർന്നു.. “അല്ല നിനക്ക് പോണ്ടേ..?” ആലീസ് അവളെ ചൂടാക്കാൻ വേണ്ടി ഒന്ന് ചോദിച്ചു.. “വേണ്ട.. അല്ല.. പോകാം ല്ലേ..?” അവൾ ഇടംകണ്ണിട്ടു പ്രിൻസിനെ നോക്കി പറഞ്ഞപ്പോൾ അവൻ ചിരിച്ചു.. അല്പ നേരം കഴിഞ്ഞപ്പോൾ ശിവ പോകാൻ തയാറായി.. “മോളെ.. ഞങ്ങൾ അങ്ങ് വന്നേക്കാം.. പെണ്ണ് ചോദിക്കാൻ..” പപ്പ പറഞ്ഞത് കേട്ടപ്പോൾ ശിവ നാണം കൊണ്ട് തലതാഴ്ത്തി.. “ഹോ അച്ചായൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ തന്നെ പെണ്ണിന്റെ സൗന്ദര്യം കൂടി..” ആലീസ് അവളുടെ കവിളിൽ ഒന്ന് നുള്ളി.. അവൾ ചിരിച്ചു.. വിറയലോടെ ആണ് അവൾ സ്കോഡ ഒക്ടോവിയയിൽ കയറിയത്.. “കൊച്ചെ സൂക്ഷിക്കണം.. പവർ കയറ്റിയ വണ്ടിയാണ്.. “ പ്രിൻസ് പറഞ്ഞപ്പോൾ ശിവ തലകുലുക്കി.. അതിന് ശേഷം എൻജിൻ ഓൺ ചെയ്തു.

ഒരു മൂളലോടെ സ്റ്റാർട്ട് ആയ വണ്ടിയിൽ ഇരുന്നു കൊണ്ട് അവൾ പ്രിൻസിനെ നോക്കി.. കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു.. “അങ്ങ് വന്നേക്കാം..” അവൻ പറഞ്ഞപ്പോൾ അവൾ തലകുലുക്കി.. വണ്ടി മുൻപോട്ട് എടുത്തു.. മെല്ലെ കാറ് ഗേറ്റ് കടന്നു പോയത് നോക്കി അവർ നിന്നു.. “ഹോ ഈശോയെ.. ഈ ചെക്കന് നല്ല ബുദ്ധി തോന്നിച്ചല്ലോ…” അമ്മച്ചി അവനെ കെട്ടിപ്പിടിച്ചപ്പോൾ അവൻ ചിരിച്ചു.. “എനിക്കും കെട്ടാൻ തോന്നുന്നുണ്ട്.. “ ആലീസ് പറഞ്ഞത് കേട്ട് അവൻ അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു.. “ഇപ്പൊ കെട്ടിക്കമെടീ നിന്നെ.. ഇന്റർവ്യൂ അടുത്തു.. അപ്പോഴാണ് പെണ്ണിന്റെ കൊഞ്ചൽ..” അവൻ അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു.. സാമിനും സാറാമ്മക്കും ആലിസിനും അവനോടു തോന്നിയ ദേഷ്യം മാറിയിരുന്നു.. ഒരു പെണ്ണിന്റെ അമ്മയുടെ അഭാവത്തിൽ അവളെ വളർത്തി വലുതാക്കിയ പിതാവിന്റെ അനുഗ്രഹം വേണമെന്ന് ചിന്തിച്ച പ്രിൻസിനോട് അവർക്ക് ആദരവ് തോന്നി.. * വൈകുന്നേരം ആയപ്പോൾ ആണ് ശിവ അവളുടെ വീട്ടിൽ എത്തിയത്.. അവൾ ആ വണ്ടി ആസ്വദിച്ചു ഓടിച്ചു..

അന്നയുടെയും പ്രിൻസിന്റെയും ജീവൻ ആണ് ഈ വണ്ടിയെന്ന് അവൾക്ക് നല്ല ബോധം ഉണ്ടായിരുന്നു.. വണ്ടി അകത്തേക്ക് കയറിയപ്പോൾ അപ്പ ഉമ്മറത്ത് കാത്തു നിന്നിരുന്നു.. വണ്ടിയുടെ സ്വരം കേട്ടപ്പോൾ വൈഷ്ണവിയും ഇറങ്ങി വന്നു.. “മോളെ…” അപ്പ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.. “അപ്പ… “ അവൾ മെല്ലെ വിളിച്ചപ്പോൾ അപ്പ വൈഷ്ണവിയെ കൂടെ ചേർത്ത് പിടിച്ചു.. “ആര് ചോദിച്ചാലും മറുപടികൾ ഒക്കെ ഞാൻ പറഞ്ഞോളാം. ഇനി എന്റെ മക്കളുടെ ഒരു ആഗ്രഹത്തിനും അപ്പ തടസം നിൽക്കില്ല.. വാക്ക്.. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ അപ്പക്ക് ആവില്ല…” അത് കേട്ട് അവർ രണ്ടുപേരും അപ്പയെ മുറുക്കെ പിടിച്ചു കരഞ്ഞു.. കുറെ നാളുകൾക്ക് ശേഷം അന്ന് ആ വീട്ടിൽ സന്തോഷം നിറഞ്ഞു നിന്നു.. * ഒരു ദിവസം കഴിഞ്ഞു പിറ്റേന്ന് രാവിലെ.. “മതി ഒരുങ്ങിയത്.. ഇപ്പൊ തന്നെ അച്ചായൻ കണ്ടാൽ ഉടനെ കൊണ്ടുപോകും അക്ക…” വൈഷ്‌ണവി വന്നു ശിവയെ കളിയാക്കി.. ആകാശ നീല നിറമുള്ള അനാർക്കലി ചുരിദാർ ഇട്ടു കാതിൽ ജിമുക്കിയും കൈകളിൽ നിറയെ വളകളും മെടഞ്ഞ മുടിയും.. മഷി എഴുതിയ കണ്ണും.. ശിവ നന്നായി ഒരുങ്ങിയിരുന്നു.. “പോ പെണ്ണെ…” അവൾ വൈഷ്ണവിയുടെ കവിളിൽ നുള്ളി.. അപ്പോഴാണ് പുറത്തു ശബ്ദം കേട്ടത്.. അവർ ബാൽക്കണി വഴി നോക്കി..

ഡ്രൈവിംഗ് സീറ്റിൽ നിന്നും ആലീസ് ഇറങ്ങുന്നു.. പ്രിൻസ് ആകാശ നീല കസവ് ഷർട്ടും കരയുള്ള മുണ്ടും.. “എന്റെ ദേവീ.. അക്ക അച്ചായനോട് പറഞ്ഞോ സ്കൈ ബ്ലൂ ഇടാൻ..?” “ഇല്ല…” അതിശയത്തോടെ ആണ് ശിവ പറഞ്ഞത്.. രണ്ടുപേരും ഒരേ നിറത്തിൽ.. അപ്പയും വൈഷ്ണവിയും അവരെ സ്വീകരിച്ചു.. അവർ സംസാരിച്ചു ഇരുന്നപ്പോൾ ശിവ ഒരു ട്രേയിൽ ചായയും ആയി വന്നു. അവളുടെ കവിളുകൾ ചുവന്ന് വന്നിരുന്നു.. “പെണ്ണിനെ ശരിക്കും കണ്ടോ.. പിന്നെ കണ്ടില്ല പറയരുത്..” ആലീസ് പ്രിൻസിന്റെ ചെവിയിൽ പറഞ്ഞപ്പോൾ അവൻ ചിരി ഒതുക്കി അവളെ നോക്കി.. “എന്തൊരു ഭംഗിയാ ഈശോയെ ഇതിനെ..” “മിണ്ടാതിരിക്കടീ കുരിപ്പെ...” അവൻ ആലീസിന്റെ കാലിൽ ഒരു നുള്ളു വച്ച് കൊടുത്തു.. ചായ കൊടുത്തപ്പോൾ പ്രിൻസ് അവളുടെ കണ്ണിലേക്ക് നോക്കി.. അവൾ ഒരു നോട്ടം മാത്രമേ നോക്കിയുള്ളൂ.. അവളുടെ പിടച്ചിൽ കണ്ട് എല്ലാവരും ചിരി ഒതുക്കി ഇരുന്നു.. അവൾ വിറയലോടെ ചായ കൊടുത്തു മാറി വൈഷ്ണവിയുടെ പുറകിൽ നിന്നു.. “ഉനക്ക്‌ വെക്കം വരുതാ അക്ക..?” അവൾ രഹസ്യമായി ചോദിച്ചപ്പോൾ അവൾ ചിരി ഒതുക്കി..

ശരിക്കും അവൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.. ഇതൊക്കെ ഒരു സ്വപ്നം ആണോ എന്ന് തോന്നി.. “അപ്പോൾ എങ്ങനെയാ കാര്യങ്ങൾ.. “ അവളുടെ അപ്പ ചോദിച്ചു.. “സ്പെഷ്യൽ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാം.. അതിന് ശേഷം ഏതെങ്കിലും അമ്പലത്തിൽ വച്ച് താലി കെട്ടി റിസപ്‌ഷൻ നടത്താം.. അങ്ങനെ പോരെ..?” സാം പറഞ്ഞപ്പോൾ അപ്പ തലയാട്ടി.. അവർ വിവാഹത്തിന്റെ ബാക്കി കാര്യങ്ങൾ കൂടെ സംസാരിച്ചു.. പ്രിൻസും ശിവയും മെല്ലെ മാറി നിന്നു.. ഒരു മഹാഗണിയുടെ തടിയിൽ ചാരി പ്രിൻസ് നിന്നപ്പോൾ അവൾ അവന്റെ കൈ കോർത്തു പിടിച്ചു.. “സ്വപ്നം പോലെ തോന്നുന്നു..” അവൾ മെല്ലെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു.. അവൻ ചിരിച്ചു കാണുന്നത് അപൂർവം ആയിരുന്നു. രണ്ടുപേർക്കും അധികം സംസാരിക്കാൻ ഇല്ലായിരുന്നു.. എന്നാലും അവർ മനസുകൊണ്ട് ഒന്നായിരുന്നു.. എല്ലാം തീരുമാനിച്ചു അവർ പോയത് നോക്കി ശിവ ബാൽക്കണിയിൽ നിന്നു.. “സന്തോഷമായോ കുട്ടിക്ക്..?” അപ്പ അവളെ ചേർത്ത് നിർത്തി.. അവൾ തല ചായ്ച്ചു വച്ച് അപ്പയെ നോക്കി.. “മ്മ്മ്.. അപ്പ സമ്മതിക്കും എന്ന് കരുതിയില്ല..

“ അവൾ മെല്ലെ പറഞ്ഞു.. “മോളെ.. നീ അവിടെ ആകുമ്പോൾ ഞാൻ എന്റെ മകൾ സുരക്ഷിത ആണെന്നുള്ള പൂർണമായ ഉറപ്പിൽ ആണ് ഉറങ്ങിയത്.. പിന്നെ അന്ന് അവർ ഇവിടെ വന്നപ്പോഴേ എനിക്ക് അവനു നിന്നോടുള്ള ഇഷ്ട്ടം മനസിലായതാണ്… എനിക്ക് വീണ്ടും തെറ്റ് പറ്റാതിരിക്കാൻ ആണ് ഞാൻ അങ്ങനെ പറഞ്ഞു നിന്നെക്കൊണ്ട് സത്യം ചെയ്യിച്ചത്.. ഇറങ്ങി പോകുമെന്ന് വിചാരിച്ചില്ല.. എന്റെ അതിബുദ്ധി അബദ്ധം ആയോ എന്ന് പേടിച്ചു.. പക്ഷെ അല്പ നേരം കഴിഞ്ഞപ്പോൾ അത് മാറി..” അപ്പ പറഞ്ഞു നിർത്തിയപ്പോൾ അവൾ തലപൊക്കി അപ്പയെ നോക്കി.. “എങ്ങനെ മാറി..?” “നീ സുൽത്താൻ ബത്തേരി ബസിൽ ഉണ്ടെന്ന് എന്റെ ഒരു പരിചയക്കാരൻ പറഞ്ഞപ്പോൾ പോകേണ്ട ഇടത്തേക്കാണ് നീ പോയതെന്ന് മനസിലായി..” അപ്പ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.. അവൾക്കും ചിരി വന്നു.. “പറ്റിക്കുക ആയിരുന്നു അല്ലെ അപ്പ..? കൊല്ലും ഞാൻ അപ്പയെ..” അവൾ എത്തി വലിഞ്ഞു അപ്പയുടെ കവിളിൽ ആഞ്ഞു കടിച്ചപ്പോൾ അയാൾ പൊട്ടി ചിരിച്ചു.. എന്നോ നഷ്ടമായ ശിവയെ അയാൾ വീണ്ടും കൺനിറയെ കണ്ടു.. *

വളരെ വേഗമാണ് ദിവസങ്ങൾ കടന്നു പോയത്.. പ്രിൻസും ശിവയും ഫോൺ ചെയ്താലും അധികം സംസാരിക്കാറില്ലായിരുന്നു.. “അൺറൊമാന്റിക് മുരടനെ ആണോ ദൈവമേ ഞാൻ പ്രേമിച്ചത്..?” അവൾ സ്വയം ചോദിച്ചു ചിരിച്ചു.. അതിനിടയിൽ ആലീസിന്റെ ഇന്റർവ്യൂ കഴിഞ്ഞു റാങ്കോടെ ലിസ്റ്റ് വന്നു.. അതിന്റെ ആഘോഷവും നടന്നു. ശിവയും അപ്പയും വൈഷ്ണവിയും പോയി പങ്കെടുത്തിരുന്നു.. ആലീസ് ട്രൈനിങ്ങിന് പോകും മുൻപേ പ്രിൻസിന്റെ വിവാഹം നടത്താൻ തീരുമാനം ആയി.. ലീഗൽ ആയിട്ടുള്ള കാര്യങ്ങൾ എല്ലാം സാം ഏറ്റെടുത്തു.. തീയതി ഉറപ്പിച്ചു.. * വിവാഹത്തിന്റെ തലേ ദിവസം ശിവയും കുടുംബവും വയനാട്ടിൽ എത്തി. അവർക്ക് താമസിക്കാൻ സ്ഥലം ഒരുക്കിയിരുന്നു.. ഒപ്പം രജിസ്റ്റർ കഴിഞ്ഞാൽ ഉടനെ ഒരു ക്ഷേത്രത്തിൽ വച്ച് മിന്നു കെട്ടാൻ ഏർപ്പാട് ചെയ്തിരുന്നു.. വൈകുന്നേരം പള്ളിയിൽ വച്ചുള്ള കൊച്ചു ചടങ്ങോടെ റിസപ്ഷൻ.. ചുവന്ന കാഞ്ചീപുരം സാരി വീണ്ടും ചുറ്റിയപ്പോൾ ശിവക്ക് ഒരു വിറയൽ വന്നു.. ഇതിന് മുൻപേ ഇതുപോലെ ഒരു സാരി ചുറ്റിയ അവൾക്ക് നേരിടേണ്ടി വന്ന പലതും അവളുടെ മനസ്സിൽ വന്നുപോയി.. അവൾ ഒരു നിമിഷം അനങ്ങാതെ നിന്നു.. “അക്കാ...?” വൈഷ്ണവിയുടെ വിളിയാണ് അവളെ ഉണർത്തിയത്..

അവൾ സാധാരണ നിലയിലേക്ക് വന്നു.. വൈഷ്ണവി വേഗം തന്നെ അക്കയെ ഒരുക്കി.. സൂര്യയും ആലീസും കൂടെ ശിവയെ ഒരുക്കാൻ വന്നിരുന്നു.. അധികം ആഭരണങ്ങൾ ഇല്ലാതെ വളരെ സിംപിൾ ആയിട്ടാണ് ശിവ ഒരുങ്ങിയത്.. റജിസ്റ്റർ ഓഫീസിൽ എത്തിയപ്പോൾ പ്രിൻസ് കാത്തു നിന്നിരുന്നു.. ജുബ്ബയും മുണ്ടും.. താടി ട്രിം ചെയ്തു മീശ അല്പം ഒതുക്കിയിരുന്നു അവൻ.. രെജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം അവർ ഉടനെ തന്നെ അടുത്തുള്ള ശിവ പാർവതി ക്ഷേത്രത്തിൽ എത്തി.. എല്ലാം ഒരുക്കി വച്ചിരുന്നു. “കെട്ടിക്കോട്ടെ..?” മഞ്ഞ ചരടിൽ കുരുക്കിയ താലി പൊക്കി അവൻ ചോദിച്ചപ്പോൾ അവൾ തലകുലുക്കി സമ്മതം അറിയിച്ചു.. നിറഞ്ഞ കണ്ണുകളോടെ.. വൈഷ്ണവി അവളുടെ മുടി മാറ്റി കൊടുത്തപ്പോൾ പ്രിൻസ് താലി അവളുടെ കഴുത്തിലൂടെ ഇട്ടു അവളെ ഒന്ന് നോക്കി.. പ്രണയത്തിന്റെ എല്ലാം എല്ലാം ആയ ശിവനെയും പാർവ്വതിയെയും സാക്ഷി നിർത്തി പ്രിൻസ് ശിവയെ കഴുത്തിൽ താലി കെട്ടി മുറുക്കി അവന്റേത് മാത്രം ആക്കുമ്പോൾ അവൾ കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുകയായിരുന്നു..…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story