ശിവാത്മിക: ഭാഗം 4

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

ശിവയുടെ വീട്ടിൽ അപ്പയും വൈഷ്ണവിയും അകെ സങ്കടത്തിൽ ആയിരുന്നു.. ചെയ്ത തെറ്റിന്റെ കുറ്റബോധവും ഒപ്പം ശിവയെ കാണാത്തത്തിന്റെ വിഷമവും അവരെ കാർന്നു തിന്നുകൊണ്ടിരുന്നു.. അപ്പോഴാണ് പുറത്ത് പോലീസ് ജീപ്പ് വന്നു നിന്നത്.. ഇൻസ്‌പെക്ടർ ജയറാം അതിൽ നിന്നും ഇറങ്ങി ചെന്നു.. “ജയാ എന്തെങ്കിലും..?” വൈഷ്ണവി പ്രതീക്ഷയോടെ അവനെ നോക്കി. അപ്പയും ഉടനെ വന്നു. “ശിവ റെയിൽവേ സ്റ്റേഷനിൽ എത്തിയതും ബാംഗ്ലൂർ ട്രെയിനിൽ ചെന്ന് കയറുന്നതും cctv യിൽ പതിഞ്ഞിട്ടുണ്ട്..” അത് കേട്ടപ്പോൾ വൈഷ്ണവി അവനെ ആകാംഷയോടെ നോക്കി.. “പക്ഷെ ടിക്കറ്റ് പോലും എടുത്തിട്ടില്ല. സൊ എവിടെ ഇറങ്ങി അതോ ഇനി ഇറങ്ങിയോ ഒന്നും അറിയില്ല. ട്രെയിൻ ബാംഗ്ലൂർ എത്തുമ്പോൾ അനേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്.. അതിൽ ഇല്ലെങ്കിൽ ഇടക്ക് എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടാകും..”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവർ തളർച്ചയോടെ സെറ്റിയിൽ ഇരുന്നു.. “എന്റെ അക്ക…” അവൾ മുഖം പൊത്തി. “ഈ സമയത്ത് പറയാൻ പാടില്ല.. പക്ഷെ വൈഷ്ണവിക്കും അപ്പാക്കും ഇതിൽ തുല്യ പങ്ക് ഉണ്ട്.. അവളെ അവൻ താലി കെട്ടിയിരുന്നു എങ്കിൽ അവളുടെ ശവം പോലും നിങ്ങൾക്ക് കിട്ടില്ലായിരുന്നു.. മക്കളുടെ ഭാഗം കൂടെ കേൾക്കാൻ തയാറായിരുന്നു എങ്കിൽ പല കുട്ടികളും ഇന്ന് ജീവനോടെ ഉണ്ടായേനെ.. “ അതും പറഞ്ഞു ഇൻസ്‌പെക്ടർ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. അവന് അരിശം വന്നിരുന്നു. “ഞാൻ കഴിവതും ശ്രമിക്കാം.. പക്ഷെ ഫോൺ പോലും എടുക്കാതെ പോയ ഒരാളെ കണ്ടെത്തുക എന്ന് പറഞ്ഞാൽ ഇറ്റ്സ് ക്വിയറ്റ് ഡിഫിക്കൽട്ട്‌… “ അയാൾ പോയപ്പോൾ അവർ തലകുനിച്ചു ഇരുന്നു.. കണ്ണുനീർ ഒഴുകി ഇറങ്ങി.. അവൾക്ക് ഒരു ആപത്തും ഉണ്ടാവരുതേ എന്ന് അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. * ആരുടെയോ ഒച്ച കേട്ടപ്പോൾ ശ്വാസം അടക്കി പിടിച്ചു ശിവ ഇരുന്നു..

ആരോ ടാങ്കിന്റെ അടിയിൽ ഉണ്ട്.. വെളിച്ചം ഇടക്ക് ഇടക്ക് വീഴുന്നു.. ആരോ സംസാരിക്കുന്നു. എണീറ്റ് നിൽക്കാൻ പോലും ശക്തിയില്ല.. ഓടാൻ പോലും കഴിയില്ല. തമിഴ് ഭാഷ ആണെന്ന് തോന്നി.. അവൾ മെല്ലെ താഴേക്ക് നോക്കി.. രണ്ടു ആണുങ്ങൾ. അവർ കയ്യിൽ ഉണ്ടായിരുന്ന കുപ്പി വായിലേക്ക് കമിഴ്ത്തുന്നത് കണ്ടപ്പോൾ അവൾ പതുങ്ങി ഇരുന്നു.. അവർ അവളെ തേടി വന്നതല്ല എന്നുള്ള കാര്യം അവളെ അല്പം ആശ്വസിപ്പിച്ചു. അല്പം കഴിഞ്ഞപ്പോൾ ശബ്ദങ്ങൾ അകന്നു പോയി.. അവൾ എത്തി നോക്കിയപ്പോൾ ആരും ഇല്ല.. അവൾ നെഞ്ചിൽ കൈവച്ചു.. പെട്ടെന്നാണ് അവൾ ചെവി ഒന്ന് ഓർത്തത്.. അല്പം മാറി ദൂരെ വണ്ടികൾ പോകുന്ന ശബ്ദം.. അപ്പോൾ അടുത്ത് എവിടെയോ ഒരു റോഡ് ഉണ്ടെന്ന് അവൾക്ക് മനസിലായി. അവൾ മെല്ലെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു..വീഴാൻ പോയി.. കൈ പിടിച്ചു നിന്നു. ഒന്ന് ബാലൻസ് ആയപ്പോൾ മെല്ലെ താഴേക്ക് ഇറങ്ങി..

“അമ്മാ….” കാൽ മുട്ടുകളിലെ വേദനകൊണ്ട് അവൾ കരഞ്ഞുപോയി.. എന്നാലും ഒരു വിധത്തിൽ മെല്ലെ താഴേക്ക് ശ്രമപ്പെട്ടു ഇറങ്ങി.. അവർ ഇരുന്ന അവിടെ ഒരു കുപ്പിയിൽ അല്പം വെള്ളം ഉണ്ടായിരുന്നു.. ഒരു പെറ്റ് ബോട്ടിൽ. അവൾ അത് എടുത്തു ആർത്തിയോടെ കുടിച്ചു.. ആ വെള്ളം മധുരിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.. വിശപ്പ് സഹിക്കാൻ ആവുന്നില്ല. ബോധം മറയുന്നത് പോലെ.. അവൾ ചെവി വട്ടം പിടിച്ചു. സാരി മടക്കി കുത്തി.. അതിന് ശേഷം മെല്ലെ മെല്ലെ വണ്ടികളുടെ ശബ്ദം കേൾക്കുന്ന ഇടത്തേക്ക് നടന്നു.. എവിടെയോ പട്ടികളുടെ ശബ്ദം. അവൾ ഒരു വടി എടുത്തു കയ്യിൽ വച്ചു. മെല്ലെ മെല്ലെ നടന്നു. കുറെ തവണ വെച്ചു വീഴാൻ പോയി.. എന്നാലും നടന്നു.. അവസാനം അവൾ ഒരു ഇടത്തരം റോഡിൽ ആണ് എത്തിയത്. അവിടെ നിന്നും ദൂരെ വെളിച്ചം കണ്ടപ്പോൾ അവൾ അവിടേക്ക് മെല്ലെ നടന്നു.. അര കിലോമീറ്റർ നടന്നിട്ടുണ്ടാകും..

വണ്ടികൾ ചീറിപ്പായുന്ന ശബ്ദം കേട്ട് തുടങ്ങി.. അവൾ ഉള്ള ആരോഗ്യം വച്ച് വേഗത്തിൽ നടന്നു.. എത്തിയത് ഒരു ഹൈവെയിൽ ആണ്. വണ്ടികൾ തലങ്ങും വിലങ്ങും പായുന്നു.. വല്ലാത്ത വേഗത. അവൾ ഏതോ ഒരു വണ്ടിക്ക് കൈ കാണിച്ചു.. അത് നിർത്തിയില്ല.. അതുപോലെ പല വണ്ടികളും നിർത്താതെ പോയി.. “ആരെങ്കിലും ഒന്ന് നിർത്തടാ പട്ടികളെ.…” അവൾ സ്വയം അത് പറഞ്ഞു കരഞ്ഞുപോയി.. അവൾക്ക് സങ്കടം അടക്കാൻ ആയില്ല.. ഒരു പെണ്ണ് ഇന്ത്യ പോലെ ഒരു രാജ്യത്ത് ഒറ്റപ്പെട്ടാൽ ഉണ്ടാകുന്ന അവസ്ഥ വല്ലാത്തതാണ് എന്നവൾ മനസിലാക്കി മെല്ലെ നടന്നു.. ആർക്കും ഈ ഗതി വരരുത് എന്നാശിച്ചുകൊണ്ട്.. കുറച്ചു ദൂരം ചീറിപ്പായുന്ന വണ്ടികൾ നിറഞ്ഞ റോഡിലൂടെ നടന്നു.. തല പൊക്കി നോക്കിയപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.. ദൂരെ ഒരു തട്ട് കട.. “എനിക്ക് വിശക്കുന്നു…” അവൾ ഓടി.. സർവ ശക്തിയും എടുത്തു..

ഓടി കിതച്ചു അവൾ കടയുടെ അടുത്തെത്തി നിന്ന് കിതച്ചു.. പ്രായം തോന്നുന്ന ഒരു മുസ്ലിം വേഷധാരി ആയിരുന്നു കട നടത്തിയിരുന്ന ആൾ. അയാൾ അവളെ ഒന്ന് നോക്കി. അവിടെ രണ്ടോ മൂന്നോ ആളുകൾ ഇരുന്നു എന്തോ കഴിക്കുന്നുണ്ട്. “എനിക്ക്.. അത്.. അത്….” അവൾ ദോശ ചൂണ്ടി കാണിച്ചു വാക്കുകൾ കിട്ടാതെ നിന്നു.. ഓടി വന്നു ദോശ ചൂണ്ടി കാണിച്ചു നിന്ന് കരയുന്ന പെണ്ണിനെ കണ്ടപ്പോൾ അയാളുടെ കണ്ണ് നനഞ്ഞു.. വേഗം ഒരു പാത്രത്തിൽ അയാൾ ദോശ രണ്ടെണ്ണം എടുത്തു സാമ്പാറും ചട്ണിയും കൂടെ കൂട്ടി അവൾക്ക് കൊടുത്തപ്പോൾ അവൾ തട്ടി പറിക്കുന്നത് പോലെയാണ് അത് വാങ്ങിയത്.. “മെതുവേ അമ്മ…” അയാൾ അവൾ വാരി വലിച്ചു കഴിക്കുന്നത് കണ്ടപ്പോൾ പറഞ്ഞു.. ഉടനെ അവൾക്ക് നിറുകയിൽ കയറി.. വേഗം വെള്ളം എടുത്തു കൊടുത്തു പതിയെ അവളുടെ തലയിൽ ഒന്ന് തട്ടി കൊടുത്തു.. അതിന് ശേഷം ഒരു കൊച്ചു കസേര വലിച്ചു ഇട്ടു കൊടുത്തു..

അവൾ അതിൽ ഇരുന്നു തിന്നാൻ തുടങ്ങി.. അവളുടെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു അപ്പോൾ.. വിശപ്പ് എന്ന വികാരം മാത്രം.. അയാൾ വീണ്ടും ദോശ കൊടുത്തപ്പോൾ അവൾ അതും കഴിച്ചു.. വെള്ളവും കുടിച്ചു അവൾ തളർന്ന് ഇരുന്നു.. വീഴാൻ പോകുന്നത് പോലെ തോന്നി.. കണ്ണുകൾ അടഞ്ഞു പോകുന്നു. “എന്നാചു തെരിയലെ.. ക്യാഷ് ഒന്നുമേ കെടയാത് .. ആണാ പാർത്താലേ നല്ല ഫാമിലി പൊണ്ണു മാതിരിയെ ഇരുക്ക്‌…” അയാൾ ആരോടോ പറയുന്നത് കേട്ടപ്പോൾ അവൾ തലപൊക്കി നോക്കി. ഒരു തമിഴ് സ്ത്രീ ആണ്.. അവർ അവളെപ്പറ്റി ആണ് സംസാരിക്കുന്നത്. അവൾ അപ്പോഴാണ് ആലോചിച്ചത് പൈസ ഇല്ല കയ്യിൽ.. അവൾ കൈ കഴുകി.. അതിന് ശേഷം കയ്യിൽ കിടന്ന ഒരു സ്വർണ വള വലിച്ചു ഊരി അയാൾക്ക് നേരെ നീട്ടി.. “എനിക്ക് കേരളത്തിലേക്ക് പോണം.. ഇത് സ്വർണം ആണ്.. ഇത് വച്ച് കുറച്ചു പൈസ തരുമോ? ഞാൻ പൊയ്ക്കോളാം..”

അവൾ അത് പറഞ്ഞപ്പോൾ അയാൾ സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീ മുൻപിലേക്ക് വന്നു.. “ഏ അമ്മ..? എന്താ പറ്റി..? അതൊന്നും തേവായില്ല. വാങ്കെ ഇന്നേക്ക് എൻ വീട്ടിലെ ഇരിക്കാം.. മലയാളം അവളോ അറിയില്ല.. എന്നാലും കേട്ടാൽ തെരിയും” പെട്ടെന്ന് മുറി മലയാളം ആണെങ്കിലും കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.. പിന്നെ അതൊരു കരച്ചിൽ ആയിട്ടാണ് പുറത്തേക്ക് വന്നത്.. അതോടെ അവർ അവളെ ചേർത്ത് പിടിച്ചു.. “വാങ്കെ..” അവർ അവളെ ചേർത്ത് പിടിച്ചു അതിന്റെ പുറകിൽ ഉള്ള വീട്ടിലേക്ക് കൊണ്ടുപോയി.. അവൾക്ക് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. അകെ തളർച്ച.. വീണു പോകും എന്ന് തോന്നി.. തോന്നൽ ആയിരുന്നില്ല.. അവൾ നിലത്തേക്ക് വീണപ്പോൾ അവർ അവളെ താങ്ങി പിടിച്ചു ഒരു ബെഡിൽ കിടത്തി.. * ആരോ വിളിച്ചപ്പോൾ ആണ് അവൾ വളരെ ബുദ്ധിമുട്ടി കണ്ണുകൾ തുറന്നത്.. അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റ് ഇരുന്നു..

പകച്ചു ചുറ്റും നോക്കി.. ഒരു കൊച്ചു റൂം.. അവൾ വേഗം സ്വയം ഒന്ന് നോക്കി.. ഇല്ല സാരി ഒക്കെ അതുപോലെ തന്നെയുണ്ട്.. കഴിഞ്ഞ കാര്യങ്ങൾ ഓർമവന്നു.. അവൾ ആശ്വാസത്തോടെ നോക്കിയപ്പോൾ ആണ് അടുത്ത് ഇരുന്നു ആരോ അവളെ തോണ്ടിയത്.. അവൾ നോക്കി. അഞ്ചു വയസു തോന്നുന്ന ഒരു പെൺകുട്ടി.. അവൾ ആണ് ശിവയെ തോണ്ടി വിളിച്ചത്.. അവൾ ശിവയുടെ കയ്യിലെ വളകൾ പിടിച്ചു നോക്കുകയാണ്.. “മോളുടെ പേരെന്താ..?” “തങ്കം…” ശിവ ചോദിച്ചപ്പോൾ അവൾ മറുപടി കൊടുത്തു.. അപ്പോഴേക്കും ആ സ്ത്രീ അകത്തേക്ക് വന്നു. “ഉണർന്നോ..? ടൈം എവലൊ ആച്ചു തെരിയുമാ..?” അവർ ഒരു ഗ്ലാസ് കട്ടൻ ചായ അവളുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ചോദിച്ചു. തുറന്നു കിടന്ന വാതിലിൽ കൂടെ അവൾ ഭിത്തിയിൽ ക്ലൊക്ക്‌ കണ്ടു.. 4:30 കഴിഞ്ഞിരുന്നു.. അവളുടെ കണ്ണ് മിഴിഞ്ഞു പോയി.. വൈകുന്നേരം നാല് വരെ താൻ ഉറങ്ങിയോ..?

അവൾക്ക് വിശ്വസിക്കാൻ ആയില്ല.. “ഇവിടെ ഒരാൾ ഇരുക്ക്.. പെരിയ ബിസിനസ് കാരൻ.. അവൻകിട്ടെ വരാ സൊള്ളിയാച്.. അവർ ഇന്നേക്ക് കേരളവ്‌ക്ക് പോകുത്.. ഉങ്കളുക്കും പോകലാം..” അവര് പറഞ്ഞത് അവൾക്ക് മനസിലായി.. അവർ വേറെ ഒന്നും ചോദിച്ചില്ല.. അവൾ ഒന്നു ഫ്രഷ് ആയി വന്നപ്പോൾ അവർ അവൾക്ക് ചോറും മീൻ കറിയും കൊടുത്തു. അവൾ അത് വേഗത്തിൽ കഴിച്ചു.. പെൺകുട്ടി വന്നു അവളെ ചുറ്റി പറ്റി നിന്നപ്പോൾ അവൾ അവളോടും സംസാരിച്ചു.. അവളുടെ നോട്ടം അവളുടെ വളകളിൽ ആയിരുന്നു.. ശിവ അവളുടെ കയ്യിൽ നിന്നും രണ്ടു വളകൾ ഊരി പെൺകുട്ടിയുടെ കൈയിൽ ഇട്ടു കൊടുത്തു. മാല കൂടെ അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. “എങ്ങനെ ഉണ്ട്..? “ അവൾ ചിരിയോടെ അവളുടെ മുഖം പിടിച്ചു പൊക്കി.. ആ കുഞ്ഞി കണ്ണുകൾ വിടർന്നു.. അതിശയത്തോടെ അവൾ ശിവയെ നോക്കി. “അയ്യോ.. അതൊന്നുമേ വേണ്ട.. “ ആ സ്ത്രീ ഓടി വന്നു അത് ഊരി എടുത്തു അവൾക്ക് തന്നെ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ശിവ അത് തടഞ്ഞു.. തിരികെ ഇട്ടു കൊടുത്തു.. “അമ്മാ.. കൂലി ഒന്നും അല്ല.. ഇഷ്ടത്തോടെ കൊടുത്തതാണ്..

എന്റെ ജീവൻ ആണ് നിങ്ങൾ കാത്തത്..” അവൾ കൈ കൂപ്പി അവരോടു പറഞ്ഞപ്പോൾ അവർ സ്നേഹത്തോടെ അവളെ കെട്ടി പിടിച്ചു ചുംബിച്ചു.. അപ്പോഴാണ് ഇന്നലെ കണ്ട ആളും ഒരു 45 വയസ്സ് തോന്നിക്കുന്ന ആളും അകത്തേക്ക് വന്നത്.. ശിവ അയാളെ നോക്കി.. അവളെ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയോ എന്ന് അവൾക്ക് തോന്നി.. ഏയ് ഇന്നലത്തെ അനുഭവത്തിൽ തോന്നിയത് ആകും.. അവൾ സ്വയം ആശ്വസിച്ചു. എല്ലാ ആണുങ്ങളും ഒരുപോലെ അല്ലല്ലോ.. “ഇയാളെവിടുന്നാണ്..? എങ്ങനെ എത്തി ഇവിടെ..?” രാജൻ എന്ന ആൾ ചോദിച്ചപ്പോൾ അവൾ കാര്യങ്ങൾ പറഞ്ഞു.. എന്നാൽ ബാഗ് മോഷണം പോയി പെട്ട് പോയെന്നാണ്‌ അവൾ പറഞ്ഞത്. അയാൾ അത് വിശ്വസിച്ചില്ല എന്ന് തോന്നി. പിന്നെയും അയാൾ സൗമ്യമായി സംസാരിച്ചപ്പോൾ നല്ലവൻ ആണെന്ന് അവൾക്ക് മനസിലായി.. “ഞാൻ കൊച്ചിക്ക് ആണ് പോകുന്നത്.. വണ്ടി ഉണ്ട്.. ഒപ്പം വരാം....”

അയാൾ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി.. അയാളെപ്പറ്റി മകൻ പോലെ ആണ് എന്ന് ആ സ്ത്രീ കൂടെ പറഞ്ഞപ്പോൾ അവൾക്ക് വിശ്വാസം ആയി.. അങ്ങനെ നല്ലവരായ ആ മനുഷ്യരോട് യാത്ര പറഞ്ഞു അവൾ അയാളുടെ കാറിൽ കയറി.. സമയം ആറു മണി കഴിഞ്ഞിരുന്നു. അയാൾ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.. നുണ പറയാൻ കഴിയാത്തതു കൊണ്ട് ശിവ നടന്ന കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു.. കല്യാണം മുടങ്ങിയതും ട്രെയിനിൽ കയറിയതും റേപ്പ് അറ്റെംപ്ടിൽ നിന്നും രക്ഷപ്പെട്ടതും എല്ലാം.. പറയുന്നതിന്റെ ഇടക്ക് എപ്പോഴോ ഒന്ന് നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ അവളുടെ മാറിടത്തിൽ ആയിരുന്നു എന്ന് അവൾക്ക് തോന്നി.. ഇല്ല തോന്നൽ ആകും എന്ന് അവൾ ആശ്വസിച്ചു. അയാൾ ആരെയോ വിളിച്ചു കാര്യങ്ങൾ അനേഷിക്കാൻ പറഞ്ഞു.. ഏതോ കാൾ വന്നപ്പോൾ വണ്ടി നിർത്തി പുറത്തു പോയി സംസാരിച്ചു. അല്പം കഴിഞ്ഞപ്പോൾ ഒരു കാൾ വന്നു.. വണ്ടി മുൻപോട്ടു പോകുകയായിരുന്നു. ബ്ലുടൂത് വഴി കാൾ കാറിൽ കണക്ട് ആയി.. “രാജേട്ടാ.. ഞങ്ങൾ അനേഷിച്ചു..

അതിൽ ട്രെയിനിൽ നിന്നും വീണ ചെക്കൻ അപ്പോൾ തന്നെ മരിച്ചു.. പിന്നെ വെയിൻ മുറിച്ചവൻ.. ഹോസ്പിറ്റലിൽ ഉണ്ട്.. ക്രിട്ടിക്കൽ ആണ്.. ആ പെണ്ണിന്റെ ഫോട്ടോ അവരുടെ കയ്യിൽ ഉണ്ട്.. അവരെ അറ്റാക്ക് ചെയ്തു എന്നാണു അവൻമ്മാർ മൊഴി കൊടുത്തതും.. അതിനെ പോലീസ് അന്വേഷിക്കുന്നുണ്ട്.. അല്ല രാജേട്ടൻ എന്താ ഇതിനെപറ്റി ചോദിച്ചത്? നിങ്ങൾ ആ പെണ്ണിനെ പറ്റി എങ്ങനെ അറിഞ്ഞു..?” ശിവ അത് കേട്ട് ഞെട്ടി വിറച്ചുപോയി.. “ഇത് ഒരാൾ പറഞ്ഞപ്പോൾ ഡീറ്റെയിൽസ് ചോദിച്ചത് ആണെടാ.. എന്നാൽ ശരി..” അയാൾ അത് പറഞ്ഞു ശിവയെ നോക്കി.. ശിവ പൊട്ടി പൊട്ടി കരഞ്ഞു.. അവൾ കൊലപാതകി ആയെന്ന് കേട്ട കാര്യം അവളെ ഞെട്ടിച്ചിരുന്നു. അപ്പോഴത്തെ ആവേശത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു എന്നാൽ ഇപ്പോൾ ഉള്ള ധൈര്യവും നഷ്ടമായി.. “ഹേയ് ശിവ.. ഡോണ്ട് വറി.. എനിക്ക് പരിചയമുള്ള ഒരു വക്കീൽ ഇവിടെ ഉണ്ട്.. ആളെ ഒന്ന് കണ്ടാലോ?

പേടിക്കണ്ട.. ഞാൻ ഉണ്ട് ഒപ്പം…ഇപ്പോൾ പൊലീസിന് പിടി കൊടുക്കേണ്ട..” അയാൾ അതും പറഞ്ഞു അവളുടെ തോളിൽ ഒന്ന് തട്ടി വണ്ടി മുൻപോട്ട് എടുത്തു.. ശിവ മുഖം പൊത്തി കരഞ്ഞു.. തന്റെ ഭാവി.. എല്ലാം പോയെന്ന് അവൾക്ക് മനസിലായി.. പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു ചിന്ത വന്നു.. അവൻ വിളിച്ചപ്പോൾ ഈ സീൻ കണ്ടതുപോലെ ആണ് പറഞ്ഞത്.. “അതിൽ വീണവൻ…” അങ്ങനെ എടുത്തു പറഞ്ഞിരുന്നു. എന്നാൽ രാജൻ അവരോടു അന്വേഷിക്കാൻ പറഞ്ഞപ്പോൾ റെയിൽവേ ട്രാക്കിൽ ആരേലും വീണു മരിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ മാത്രം ആണല്ലോ പറഞ്ഞത്..? ബാക്കി അയാൾ കാറിന് പുറത്തു പോയപ്പോൾ പറഞ്ഞോ..? അതോ.. അവൾക്ക് എന്തോ ഒരു അപായ സൂചന കിട്ടി.. ഒറ്റക്ക് ആകുമ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടത് ബുദ്ധിയാണ്.. വണ്ടി എവിടേക്കോ പൊയ്ക്കൊണ്ടിരുന്നു.. അവൾ മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടലുകൾ നടത്തി..

പെട്ടെന്ന് വണ്ടി നിന്നു.. അവൾ കണ്ണ് തുറന്നു നോക്കി.. ഒരു പമ്പ് ആണ്.. അയാൾ ഫോൺ എടുത്തു ആരെയോ വീണ്ടും വിളിച്ചു.. കാൾ എടുത്തില്ല.. “എവിടെ പോയി കിടക്കുന്നോ നായ..” അയാൾ കലിപ്പോടെ ഫോൺ വണ്ടിയിൽ വച്ച് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.. അതെ സ്പോട്ടിൽ ആണ് ഒരു കാൾ തിരിച്ചു വന്നത്.. അത് റിങ് ചെയ്ത ഉടനെ ബ്ലുടൂത് വഴി കാറിൽ കണക്ട് ആയി.. “രാജേട്ടാ..? ഞാൻ പൊളിച്ചില്ലേ? ആ പെണ്ണ് മുഴുവൻ വിശ്വസിച്ചു എന്ന് കരച്ചില് കേട്ടപ്പോൾ മനസ്സിലായി.. എങ്ങനെ ഉണ്ടായിരുന്നു പെർഫോമൻസ്.. പെണ്ണ് ഇപ്പോൾ എന്തും ചെയ്യും അല്ലെ?? അല്ല ആ കിളിയുടെ ഫോട്ടോ ഒന്ന് അയക്കുമോ.? സിനിമാനടിയെ പോലെ ഉണ്ടെന്നു കേട്ടപ്പോൾ സഹിക്കുന്നില്ല.. ഇവിടെ എല്ലാം സെറ്റ് ആണ്.. ഇനി ആ ഉരുപ്പടി കൂടെ വന്നാൽ ഫുൾ സെറ്റ്. ചവുട്ടി വിട് വണ്ടി… ഫോട്ടോ മറക്കണ്ട…” ഇതാണ് സ്‌പീക്കറിൽ കൂടെ കേട്ടത്.. നേരത്തെ വിളിച്ച ശബ്ദം.. ഫോൺ എടുക്കാൻ ആഞ്ഞ അയാളും അത് കേട്ട ശിവയും ഞെട്ടി.. അവൾക്ക് വിശ്വസിക്കാൻ ആയില്ല.. ചിന്തിച്ചത് സത്യമായി. ചതിയിൽ നിന്നും വീണ്ടും ചതികളിലേക്ക്.. ഒരു നിമിഷം തളർന്നു പോയി അവൾ..

“ശിവ.. ഇത് നീ വിചാരിക്കുന്ന...പോലെ..” അയാൾ പറയാൻ വന്നതും അവൾ സീറ്റ് ബെൽറ്റ് ഊരി മാറ്റി ഡോർ തുറന്ന് വണ്ടിയിൽ നിന്നും വേഗം ഇറങ്ങി റോഡിലൂടെ ഓടി.. “ശിവാ.. നിൽക്ക്.. അതൊരു തെറ്റിദ്ധാരണ ആണ്. സ്റ്റോപ്പ്.. ഓടല്ലേ…” അയാൾ പുറകെ ഓടി… അവൾ സർവശക്തിയും എടുത്തു മുൻപോട്ട് ഓടി.. അയാൾ അവൾക്ക് പുറകിൽ എത്തിയപ്പോൾ അവൾ പെട്ടെന്ന് റോഡ് ക്രൊസ്സ്‌ ചെയ്ത്‌ ഓടാൻ ശ്രമിച്ചു.. എതിരെ വന്ന ഒരു ജീപ്പ് അവൾ കണ്ടില്ല. പാഞ്ഞു വന്ന ജീപ്പ് അവളെ ഇടിച്ചു തെറിപ്പിച്ചു.. അലർച്ചയോടെ ഇടി കൊണ്ടു തെറിച്ചു പോയ ശിവ റോഡിൽ നിന്നും തെറിച്ചു അപ്പുറത്തെ ഭാഗത്തേക്ക് എത്തി ഉരുണ്ടു മണ്ണിൽ വീണപ്പോൾ രാജൻ ഞെട്ടി തരിച്ചു നിന്നു.. ജീപ്പ് നിർത്താതെ കുതിച്ചു മുൻപോട്ട് പോയി.. രാജൻ ഒന്ന് നോക്കി… വണ്ടികളുടെ വെളിച്ചത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ശിവ.. റോഡിന്റെ വശത്തുള്ള മണ്ണിൽ ആണ് അവൾ.. അനക്കം ഒന്നും ഇല്ല. വല്ലാതെ പേടിച്ച അയാൾ തിരിഞ്ഞു ഓടി അയാളുടെ വണ്ടിയിൽ കയറി.. അത് മിന്നൽ പോലെ മുൻപോട്ട് പോയി.. വണ്ടി വന്ന് ഇടിച്ചതെ ശിവക്ക് ഓർമ ഉണ്ടായിരുന്നുള്ളു. മുഴുവൻ മരവിപ്പ്.. ചോരയുടെ ഗന്ധം.. “അപ്പാ.. ന്തിനാ അപ്പാ.. ന്നെ വിശ്വസിക്ക... തി ..രുന്നത്….. അപ്പാ…” അവൾ മെല്ലെ അപ്പയെ വിളിച്ചു.. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി.. റോഡിൽ അപ്പോഴും വണ്ടികൾ പായുന്നുണ്ടായിരുന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story