ശ്രീനന്ദനം: ഭാഗം 10

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"അവന് പനി ആണെന്ന് അറിഞ്ഞിട്ടും നീ എന്തിനാണ് അങ്ങോട്ട് പോയത് ലച്ചു.." നല്ല ദേഷ്യത്തിൽ ആയിരുന്നു അമ്മ.. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം കുഴഞ്ഞു. "അവന്റെ വീട്ടിൽ നിന്നാണ് വിളിച്ചത്. അവന് പനി കൂടുതൽ ആണെന്ന്.നിന്നോട് ഒന്ന് ചെല്ലാൻ." "എന്നാൽ ഞാൻ ഒന്ന് പോയി വരാം." "അവിടെ ഇരുന്നോളണം." എഴുന്നേൽക്കാൻ പോയ എന്നെ അമ്മ അവിടെ തന്നെ പിടിച്ചു ഇരുത്തി. "പനി ആണെങ്കിൽ ഡോക്ടറെ വിളിക്കണം. അല്ലാതെ നിന്നെ അല്ല.ഇനി നീ അങ്ങോട്ട് പോകണ്ട.നിന്റെ വയറ്റിൽ ഒരു ജീവൻ ഉണ്ടെന്ന് പോലും നീ മറക്കുക ആണ് ലച്ചു... ഇനി നീ അങ്ങോട്ട് പോയി എന്ന് അറിഞ്ഞാൽ....." അമ്മയുടെ കൈ ചൂണ്ടി ഉള്ള സംസാരത്തിന് മുമ്പിൽ പകച്ചു നിൽക്കുകയായിരുന്നു ഞാൻ.. "എന്താ അമ്മ ഇങ്ങനെ.നന്ദേട്ടൻ ഇപ്പോൾ എന്റെ അടുത്ത് മാത്രം ആണ് അടുപ്പം ഉള്ളത് എന്ന് അറിയില്ലേ.." "അതിന്റെ ഉത്തരം ഇപ്പോൾ കാണാനും ഉണ്ടല്ലോ.." അമ്മ അത് പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാതെ ഞാൻ തലതാഴ്ത്തി. "എന്തായാലും നീ പോകണ്ട ലച്ചു.. നിനക്ക് പനി പകർന്നാൽ അത് അവർക്ക് ഒരു കുഴപ്പവും ഉണ്ടാക്കില്ല." "അമ്മാ.. ഇതൊരു സാധാരണ പനി അല്ലെ.. ഞാൻ പോരുമ്പോൾ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ..

പെട്ടന്ന് കൂടിയതല്ലേ.ഞാൻ വല്ലാതെ അടുത്തേക്ക് ഒന്നും പോവില്ല.പ്ലീസ്." "ഈ രാത്രിയിൽ നീ അവിടേം ഞാൻ ഇവിടേം." "ഞാൻ എത്ര നേരം വൈകിയാലും വന്നോളാം." "അത് വേണ്ട.നേരം വൈകിയാൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ശരിയല്ല.ഒരുത്തനെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്.പോകുന്നുണ്ടെങ്കിൽ അവിടെ തങ്ങിക്കോ.. വരാൻ നിൽക്കണ്ട. ആ ശ്യാമേച്ചിയുടെ കൂടെ കിടന്നാൽ മതി". "പക്ഷെ അമ്മ ഒറ്റക്കാവില്ലേ.." "കുഴപ്പം ഇല്ല.നിനക്ക് വേണ്ടി അല്ലെ.. വീട്ടില്ലെങ്കിൽ ഇന്ന് മൊത്തം കരച്ചിൽ ആയിരിക്കും എന്ന് അമ്മക്ക് അറിയാം." ഞാൻ സന്തോഷത്തോടെ അമ്മയെ നോക്കി. അല്ലെങ്കിലും എന്റെ മനസ് അറിയാൻ അമ്മയെ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും. ഞാൻ വേഗം പോയി ഒരു ഉമ്മയും കൊടുത്തു നന്ദേട്ടന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ആള് മുറിയിൽ ആയിരുന്നു.പനി അൽപ്പം കൂടിയിട്ടുണ്ട്. "നന്ദേട്ടാ...എണീറ്റെ.." ആള് ഒന്ന് കൂടി പുതച്ചു ചുരുണ്ടു കൂടി കിടന്നു. "നന്ദേട്ടാ... എണീക്ക്." ഞാൻ ആ പുതപ്പ് മാറ്റി കൊണ്ട് വീണ്ടും വിളിച്ചു. "ശ്രീക്കുട്ടിയോട് ഞാൻ പിണക്ക.. എന്നെ അയാളുടെ മുമ്പിൽ ഇട്ട് കൊടുത്തു പോയില്ലേ.." "ആരുടെ കാര്യമാ ഈ പറയുന്നേ.." "അയാളുടെ.ആ താടി വെച്ച ആളുടെ." "മാഷിന്റെ കാര്യം ആണോ പറയുന്നേ..

മാഷ് നന്ദേട്ടന്റെ കസിൻ അല്ലെ.. ജീവൻ.ഓർമ ഇല്ലേ.." "എനിക്ക് അറിയില്ല.എനിക്ക് ശ്രീക്കുട്ടി മതി." "അതൊക്കെ നമുക്ക് തീരുമാനിക്കാം.ഇപ്പോൾ എണീറ്റെ.." നന്ദേട്ടനെ എഴുന്നേൽപ്പിച്ചു കഞ്ഞി കോരി കൊടുത്തു. "ശ്രീക്കുട്ടി കുടിക്കുന്നില്ലേ.." "ഞാൻ കുടിച്ചതാണല്ലോ..നന്ദേട്ടൻ കഴിക്ക്". ഞാൻ കഞ്ഞി കോരി കൊടുക്കുമ്പോഴേക്കെയും ആള് ഒന്ന് ചിരിക്കും.ഇടക്ക് അതിൽ നാണം കാണാം,ഇടക്ക് പ്രണയവും,ഇടക്ക് കൗതുകവും. നാണം കണ്ടിട്ട് ഞാൻ ചിരിച്ചു ചത്തില്ലന്നേ ഉള്ളു.. ഒരു നിമിഷം ഗാരവക്കാരനായ നന്ദേട്ടനെ ഓർത്തു.ഏത് നേരവും ദേഷ്യം പിടിച്ചു നിൽക്കുന്ന നന്ധേട്ടനിൽ അന്ന് അങ്ങനെ ഒരു ഭാവം സങ്കൽപ്പിക്കാനെ കഴിയുമായിരുന്നില്ല. കഞ്ഞി കുടിച് കഴിഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് മരുന്നും കൊടുത്തു. കിടത്തി കഴിഞ്ഞു തിരിച്ചു ഇറങ്ങാൻ പോകുമ്പോഴേക്കും കയ്യിൽ പിടി വീണിരുന്നു "ഇന്ന് എന്റെ കൂടെ കിടക്കോ.." ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി. "പോയെ പോയെ.. എനിക്ക് അതല്ലേ പണി." "പ്ലീസ്.. ഇന്ന് മാത്രം." "നേരത്തെയും അത് തന്നെ അല്ലെ പറഞ്ഞത്." "പ്ലീസ് പ്ലീസ്. അല്ലെങ്കിൽ എനിക്ക് ഉറക്കം വരൂല.പനിയും പോവില്ല." "സാധ്യമല്ല. ഒറ്റക്ക് അങ്ങ് കിടന്നാൽ മതി. കൂടെ കിടക്കാൻ ഞാൻ നിങ്ങളുടെ കെട്ടിയോൾ ഒന്നും അല്ലല്ലോ.."

"അതാരാ.." "ഹ.. ബെസ്റ്റ്. ഞാൻ ആരോടാ ഈ പറയുന്നേ.." "എന്നൊടല്ലേ" "എന്റെ ദൈവമേ.. ഞാൻ പോവാണ്." "പ്ലീസ് പോവല്ലേ... എനിക്ക് ഇരുട്ട് പേടിയാ..പോവല്ലേ.... പോവല്ലേ.." വാതിൽ കടന്നു പോയപ്പോഴേക്കും ഉച്ചത്തിൽ ഉള്ള നന്ദേട്ടന്റെ നിലവിളി കേട്ടിരുന്നു. *** ഏറെ നേരം വൈകിയിട്ടും ഉറക്കം എന്നെ തലോടുന്നുണ്ടായില്ല.ശ്യാമേച്ചി നല്ല ഉറക്കത്തിൽ ആയിരുന്നു. ഇടക്കെപ്പോഴോ ഛർദിക്കാൻ തോന്നിയപ്പോൾ പുറത്തേക്ക് എഴുന്നേറ്റ് പോയി. ഒരുപാട് ഓക്കനിച്ചെങ്കിലും ഛർദിച്ചില്ല. ശ്യാമേച്ചി അതിന്റെ ശബ്ദം കേൾക്കാതിരിക്കാൻ കുറച്ചു പാട് പെട്ടു. വീണ്ടും വന്നു കിടന്നിട്ടും ഉറക്കം വന്നില്ല. നന്ദേട്ടന്റെ നിലവിളി കാതിൽ വന്നു പതിച്ചു.എന്തൊക്കെ പറഞ്ഞാലും എന്റെ കുട്ടിയുടെ അച്ഛൻ അല്ലെ.. ഞാൻ ഒരുപാട് സ്നേഹിക്കുന്ന ആളല്ലേ..ഈ സമയം ഏതൊരു പെണ്ണും പുരുഷന്റെ സാന്നിധ്യം ആഗ്രഹിക്കില്ലേ.. ചേർത്ത് പിടിക്കാൻ കൊതിക്കില്ലേ.. അപ്പോൾ ഞാൻ അങ്ങോട്ട് പോകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.. പക്ഷെ കല്യാണം പോലും കഴിഞ്ഞില്ലെന്ന് ഓർക്കുമ്പോൾ.. എനിക്ക് എന്നോട് തന്നെ അവഗജ്ഞ തോന്നി. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കാനും പറ്റാത്ത അവസ്ഥ. ആകെ വട്ട് പിടിക്കുന്നു. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ മൂന്നാം മാസം ആണ്. ഇനി ഛർദി സ്വാഭാവികം ആയി വരും.

കുറച്ചു കൂടി കഴിഞ്ഞാൽ വയറ് വീർക്കും. എന്തായാലും രാധമ്മ അറിയും. നാട്ടുകാർ അറിയും. എല്ലാവരും എന്നെ തന്നേ പഴിക്കും.അപ്പോൾ എങ്ങനെ ആണ് ഞാൻ........... നന്ദേട്ടന്റെ ആ നിലവിളി മനസ്സിലേക്ക് വന്നു. അതാണ് എന്റെ ഉറക്കത്തിനെ നഷ്ടപ്പെടുത്തുന്നത് എന്ന് എനിക്ക് മനസ്സിലായി. പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. പതിയെ വാതിൽ തുറന്ന് ആരും കാണാതെ നന്ദേട്ടന്റെ മുറിയിലേക്ക് വിട്ടു. നന്ദേട്ടൻ വാതിൽ കുറ്റി ഇടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്രതീക്ഷിച്ചത് പോലെ ആള് ഒരു മൂലയിൽ പേടിച്ചു ഇരിക്കുകയാണ്. പുതച്ചു കൊണ്ട് ശരീരം മൂടി മുട്ടിൽ മുഖം ഒളിപ്പിച്ചു പേടിച്ച പോലെ ഇടക്ക് കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച് ചുറ്റും നോക്കുന്നത് കണ്ടപ്പോൾ രാധമ്മയോട് കലാശമായ ദേഷ്യം തോന്നി. ഈ സമയത്ത് അമ്മമാറായിരിക്കില്ലേ ഇവരെ ഏറ്റവും കൂടുതൽ കെയർ ചെയ്യുന്നത്. എന്നിട്ട് രാധമ്മ ചെയ്യുന്നത് നന്ദേട്ടനെ അടിക്കുകയും പട്ടിണിക്കിടുകയും. ആ സ്ത്രീ എന്തെ ഇങ്ങനെ ആയി പോയത്.? ഇരുട്ടിൽ എന്നെ കണ്ടു പേടിക്കാതെ ഇരിക്കാൻ ലൈറ്റ് ഇട്ടു. ആള് അപ്പോൾ തല ഉയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ അപ്പോൾ അത്ഭുതവും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ആയിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ നന്ദേട്ടൻ ഇത്രനേരം കരയുകയായിരുന്നു എന്ന് മനസ്സിലായി.

"ശ്രീക്കുട്ടി വന്നല്ലോ..." നന്ദേട്ടൻ അതും പറഞ്ഞു കൈ കൊട്ടി ചിരിക്കുന്നത് കണ്ട് ഞാൻ ലൈറ്റ് ഓഫ് ചെയ്തു ബെഡ് ലൈറ്റ് ഇട്ടു.പിന്നീട് ഞങ്ങൾ ഒരുപാട് കഥ പറഞ്ഞിരുന്നു.പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല.പക്ഷെ നന്ദേട്ടന്റെ അപ്പോഴത്തെ സംസാരം പോലും എന്നെ സന്തോഷ വതി ആക്കി. നന്ധേട്ടനെയും.കഥ പറഞ്ഞു തളർന്നപ്പോൾ നന്ദേട്ടൻ തളർന്നു.ഉറക്കം വരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരു പാട്ട് പാടി കൊടുത്തു.എപ്പോഴോ ഉറങ്ങി. ***** ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു സമയം നോക്കിയപ്പോൾ ആറ് മണി കഴിഞ്ഞിരുന്നു.അപ്പോൾ തന്നെ അവിടെ നിന്ന് സ്ഥലം കാലിയാക്കി വീട്ടിലേക്ക് വിട്ടു. വീട്ടിലേക്ക് പോകുന്ന വഴി മാഷിനെ കണ്ടു.മാഷ് കാണാതെ ഇരിക്കാൻ ആയി മുഖം മറച്ചെങ്കിലും കണ്ടു പിടിച്ചു. "ശ്രീലക്ഷ്മി എന്താ ഇവിടെ.ഈ നേരത്ത്." "അത് ഞാൻ... വീട്ടിലേക്ക്.മാഷ് എന്താ ഇവിടെ" "ഞാൻ ജോഗിങ്ങിന് ഇറങ്ങിയതാ.." "ആ.. എന്നാൽ ഞാൻ പോകുന്നു." അവിടെ നിന്ന് വേഗം വീട്ടിലേക്ക് നടന്നു.അമ്മയുടെ ഒപ്പം പോയി കിടക്കുമ്പോഴും ഞാൻ എന്തിനാ ഈ പേടിക്കുന്നത് എന്ന ചിന്ത ആയിരുന്നു.

'എന്റെ തെറ്റ് കൊണ്ടല്ലല്ലോ ഇങ്ങനെ സംഭവിച്ചത്.ഉം.. എന്തായാലും വരുന്നിടത്തു വെച്ചു കാണാം.' *** "നന്ദൻ എവിടെ." പ്രാതൽ കഴിഞ്ഞു ബാൽകണിയിൽ ഇരിക്കുമ്പോൾ ആയിരുന്നു മാഷ് അങ്ങോട്ട് വന്നത്. "നന്ദേട്ടൻ വീഡിയോ ഗെയിം കളിക്കാ.." "അവന്റെ പനി മാറിയോ.." "ആ.. നല്ല മാറ്റം ഉണ്ട്." "ഉം. ഇത് വരെ അവന് എന്നെ മനസ്സിലായതേ ഇല്ല. ഇന്നലെ നീ പോയതിന് ശേഷം ഞാൻ കുറെ മനസ്സിലാക്കി കൊടുക്കാൻ നോക്കി. പക്ഷെ അടുക്കുന്നെ ഇല്ല. ഒരു 10 മിനിറ്റ് നേരം അടുത്തിരുന്നാൽ എങ്ങനെ എങ്കിലും കയ്യിലെടുക്കാമായിരുന്നു. ഇതിപ്പോൾ ഞാൻ ചെല്ലുമ്പോൾ 'പോ പോ' എന്ന് മാത്രം ആണ് പറയുന്നേ.." "ആദ്യം രാധമ്മ ചെല്ലുമ്പോഴും അങ്ങനെ ആയിരുന്നു. ഡെയിലി കാണുമ്പോൾ അത് പതിയെ മാറിക്കോളും." "എനിക്ക് ഇപ്പോഴും സംശയം ഞങ്ങളുടെ അടുത്ത് കാണിച്ച പരിചയക്കുറവ് നിന്റെ അടുത്ത് മാത്രം എന്തെ കാണിക്കാത്തത് എന്നാണ്.നിന്നെ മാത്രം ഇപ്പോഴും വല്യ കാര്യം ആണ് അവന്. അത് എന്താ.." പെട്ടന്നുള്ള ആ ചോദ്യത്തിൽ ഞാൻ ഒന്ന് പതറി. "അത്.. പിന്നെ.. എനിക്ക് അറിയില്ല."

"ശരി. നിന്നെ ആദ്യം ആയി കാണുമ്പോൾ ഉള്ള അവന്റെ പ്രതികരണം എന്തായിരുന്നു എന്ന് പറയാമോ.." അത് കേട്ട് ഞാൻ കുറച്ചു കാലം മുൻപ് ഉണ്ടായ സംഭവങ്ങളെ ചികഞ്ഞു എടുത്തു.പതിയെ ഒന്ന് ദീർഘ നിശ്വസിച്ചു. "നന്ദേട്ടന് ഭ്രാന്ത് ആയെന്ന് നാട്ടുകാർ പറഞ്ഞു നടക്കുന്നത് കേട്ടാണ് ഞാൻ ഓടി കിതച്ചു ഇവിടേക്ക് വന്നത്.ദേഷ്യം വന്നു കിട്ടിയത് എല്ലാം വലിച്ചെറിയുന്ന നന്ദേട്ടനെ കണ്ടിട്ടുണ്ടെങ്കിലും അവിടെ ഉണ്ടായിരുന്നതെല്ലാം തല്ലി പൊട്ടിക്കുന്ന നന്ദേട്ടനെ ഞാൻ ആദ്യം ആയി കാണുകയായിരുന്നു.ഒരു കത്തി എടുത്തു കൊണ്ട് വന്നപ്പോൾ രാധമ്മ അടക്കം എല്ലാവരും പേടിച്ചു മാറി.ആ കത്തി കൊണ്ട് വന്നു സോഫയെ കുത്തി കീറി അതിലെ പഞ്ഞി മുഴുവൻ പുറത്തേക്കിട്ട് ഊതി കളിക്കുന്ന നന്ദേട്ടനെ ഞാൻ പേടിയോടെ ആണ് നോക്കിയത്.എപ്പോഴോ നന്ദേട്ടന്റെ കണ്ണുകൾ എന്റെ നേരെ ആയപ്പോൾ ആ കണ്ണിന് ഉണ്ടായ തിളക്കം എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്.നന്ദേട്ടന്റെ നോട്ടം കണ്ടു പേടിച്ചു പിന്നിലേക്ക് പോയ എന്നെ ഓടി വന്നു കെട്ടിപിടിച്ചു കൊണ്ടായിരുന്നു നന്ദേട്ടൻ എന്നെ ഞെട്ടിച്ചത്. എന്റെ മുഖം കയ്യിലെടുത്തു 'ശ്രീക്കുട്ടി' എന്ന് ഉറക്കെ വിളിച്ചപ്പോൾ ഞാൻ മാത്രം അല്ല.. കണ്ടു നിന്നവർ എല്ലാം ഞെട്ടിയിരുന്നു.

എന്തു ചെയ്യണം എന്നറിയാതെ ഞാൻ നിന്നപ്പോഴേക്കും ആശുപത്രിയിൽ നിന്ന് ആൾക്കാർ എത്തി നന്ദേട്ടനെ ഇൻജെക്ഷൻ വെച്ച് ബോധം കെടുത്തി.അപ്പോഴും എന്റെ കയ്യിൽ നന്ദേട്ടന്റെ കൈക്കുള്ളിൽ ആയിരുന്നു. പിന്നീട് ആണ് രാധമ്മയെ പോലും നന്ദേട്ടൻ തിരിച്ചറിഞ്ഞില്ലെന്ന് ഞാൻ അറിയുന്നത്.നന്ദേട്ടന്റെ ഓർമകളെ വീണ്ടെടുക്കാൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആണ് ഞാൻ ഇപ്പോഴും ഇവിടെ നിൽക്കുന്നത്." "നന്തന് പെട്ടന്ന് ഇങ്ങനെ സംഭവിക്കാൻ കാരണം എന്താണെന്ന് അറിയാമോ.." "അതെനിക്ക് അറിയില്ല.സംഭവം നടക്കുന്നതിന് ഒരു മാസം മുൻപ് വരെ ഞാൻ വീട്ടിൽ നിന്ന് പുറത്തേക്കേ ഇറങ്ങാറില്ലായിരുന്നു." "അതെന്താ.." *ഇനി എന്റെ കണ്മുന്നിൽ കണ്ടു പോവരുത് * നന്ദേട്ടന്റെ വാക്കുകൾ മനസ്സിലേക്ക് വന്നതും ഞാൻ പെട്ടന്ന് തല ഒന്ന് കുടഞ്ഞു. "ഏയ്.. ഒന്നും ഇല്ല. വെറുതെ" "ശ്രീക്കുട്ടി..." മാഷ് വീണ്ടും എന്നോട് എന്തോ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും നന്ദേട്ടൻ എവിടെ നിന്നോ ഓടി വന്നു. ഞാൻ മാഷിന്റെ അടുത്ത് നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അത് ഇഷ്ടപ്പെടാത്ത പോലെ മാഷിനെ ഒന്ന് തറപ്പിച്ചു നോക്കി

എന്റെ അരികിലേക്ക് ചേർന്ന് നിന്നത്. അത് കണ്ടു മാഷ് ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി. "എന്താടാ നോക്കുന്നെ.. ശ്രീക്കുട്ടി എന്റെയ.. എന്റെ മാത്രം." കുഞ്ഞി പിള്ളേരെ പോലെ അത് പറഞ്ഞു എന്നെ കെട്ടിപിടിക്കുന്ന നന്ദേട്ടനെ കണ്ടപ്പോൾ അത്ഭുതം തോന്നി.മാഷ് ഇതൊക്കെ കണ്ടു അത്ഭുതപെട്ട് കണ്ണും തുറിച്ചു നോക്കുന്നത് കണ്ടു എനിക്ക് ആകെ നാണക്കേട് തോന്നി.. 'ഈ നന്ദേട്ടൻ നാറ്റിച്ചേ അടങ്ങു...' "എന്താടാ നീ തുറിച്ചു നോക്കണേ.." വീണ്ടും ഓരോന്ന് പറഞ്ഞു മാഷിന്റെ അടുത്തേക്ക് ചെല്ലുന്ന നന്ദേട്ടനെ കണ്ടപ്പോൾ സംഗതി കൈ വിട്ടു പോവുമെന്ന് തോന്നി. അവിടെ നിന്ന് വേഗം നന്ധേട്ടനെയും വലിച്ചു ഇങ്ങോട്ട് പോരുമ്പോഴും നന്ദേട്ടൻ മാഷിനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story