ശ്രീനന്ദനം: ഭാഗം 2

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"നിങ്ങൾ അറിഞ്ഞോ മനക്കലെ ചെക്കന് വീണ്ടും ഭ്രാന്ത് ഇളകി അത്രേ.." ലീലേച്ചി രാവിലെ തന്നെ ഓടി വന്നു പറയുന്നത് കേട്ട് ഒരു നിമിഷം ഞാൻ ഞെട്ടി.കൈകൾ അറിയാതെ വയറിലേക്ക് നീങ്ങി. "നന്ദേട്ടൻ..! " "നിന്നോട് ആരാ പറഞ്ഞത്." "എന്നോട് ആ സരള ആണ് പറഞ്ഞത്.ചെക്കന് ഭ്രാന്ത് ഇളകിയിട്ട് പിടിച്ചു കെട്ടിയിട്ടേക്കുവാണത്രെ.." "നന്ദേട്ടനെ ആരും കെട്ടിയിടാറില്ല.അതിനും മാത്രം ഭ്രാന്ത് ഒന്നും നന്ദേട്ടന് ഇല്ല." ലീലേച്ചിയുടെ മുഖത്ത് നോക്കി അൽപ്പം കാര്യത്തിൽ തന്നെ അത് പറഞ്ഞപ്പോൾ അമ്മ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.ലീലേച്ചിയുടെ മുഖവും അത്ര പന്തി ഇല്ല.ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. ഇല്ലെങ്കിലും കുഴപ്പം ഇല്ല.പരദൂഷണ കമ്മിറ്റിക്കാരോട് അത്ര എങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ല. "ലച്ചു.. നീ അപ്പുറത്തു പോ.." അമ്മ പറഞ്ഞത് അനുസരിച്ചു അപ്പുറത്തു പോയി. "നന്ദേട്ടൻ ഇത് വരെ ആരെയും ഉപദ്രവിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഷോക്ക് കൊടുക്കണ്ടയോ ചങ്ങലക്ക് ഇടേണ്ടയോ വന്നിട്ടില്ല.നാട്ടുകാർക്ക് പിന്നെ എന്തും പറയാമല്ലോ.." 'പ' എന്ന് പറഞ്ഞാൽ 'പട്ടി' എന്ന് വിളിച്ചു എന്ന് പറഞ്ഞു നടക്കുന്ന പരദൂഷണ കമ്മിറ്റിയിലെ അംഗം ആണ് ഈ സരള ചേച്ചിയും ലീലച്ചിയും ഒക്കെ.അത് കൊണ്ട് അവർ പറഞ്ഞത് പൂർണ്ണമായും വിശ്വസിച്ചില്ലെങ്കിലും എന്തോ ഒന്ന് മനസ്സിനെ അലട്ടി കൊണ്ടിരുന്നു. കൈകൾ വയറിനെ തഴുകി.നന്ദേട്ടനെ കാണാൻ തോന്നുന്നു! അപ്പോഴേക്കും അമ്മ അവരുടെ നുണ കഥ കേട്ട് എത്തി കഴിഞ്ഞിരുന്നു.

"അമ്മേ.. നന്ദേട്ടന് എന്തോ.. ഞാൻ ഒന്ന് കാണാൻ പൊയ്ക്കോട്ടേ." "മിണ്ടരുത് നീ..!അവൾക്ക് നന്ദേട്ടനെ കാണാൻ പോണം പോലും.ആരാടി നിന്റെ നന്ദേട്ടൻ.." "അമ്മേ.." ഇത്തിരി ദേഷ്യത്തോടെ തന്നെ ആയിരുന്നു വിളിച്ചത്.അമ്മ അതിനെ പാടെ അവഗണിച്ചു. "ദേ നോക്ക് ലച്ചു.. ആ ചെക്കൻ ആരെയൊക്കെയോ ഉപദ്രവിച്ചു എന്നാണ് കേട്ടത്.നീ അങ്ങോട്ടൊന്നും പോവാൻ നിൽക്കണ്ട.നിന്നെ അവൻ എന്തെങ്കിലും ചെയ്യും.രണ്ട് ജീവന ഉള്ളത്.അത് മറക്കരുത്." "പിന്നെ പോവാതെ.. നന്ദേട്ടന്റെ കാര്യങ്ങൾ എല്ലാം ഞാനല്ലേ ചെയ്തിരുന്നത്.അതിനി ആര് ചെയ്യും." "അതൊക്കെ ആരെങ്കിലും ചെയ്തോളും.എന്റെ മോള് അതോർത്തു വിഷമിക്കണ്ട." "ഉം." "അല്ല..നീ എന്തിനാ ആ ലീലയോട് തർക്കുത്തരം പറയാൻ പോയത്.അവളെ ചൊടിപ്പിക്കുന്നത് ഒന്നും പറയണ്ട.അവളെ പിണക്കാൻ പറ്റില്ല നമുക്ക്.നാളെ നിന്റെ വയറ് പൊങ്ങുമ്പോൾ ഇവൾ നാട്ടുകാരോട് മുഴുവൻ എന്തൊക്കെ പറഞ്ഞു നടക്കും എന്ന് വലിയ നിശ്ചയം ഉണ്ടോ.." "അത് ഇപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും സമയം ആവുമ്പോൾ പരദൂഷണ കമ്മിറ്റി എല്ലാം പറഞ്ഞു കൊടുക്കും എന്ന് അമ്മക്ക് അറിയാമല്ലോ.." "എന്തായാലും അവന്റെ അമ്മയെ പോയി ഒന്ന് കാണണം." "എന്തിന്" "പിന്നെ ഇത് ഇങ്ങനെ തന്നെ വച്ചോണ്ട് ഇരിക്കാൻ ആണോ നിന്റെ വിചാരം.അവരെ അറിയിക്കാതെ ഇരുന്നാൽ പറ്റുവോ.."

അത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ പെട്ടന്ന് ഒരു വെള്ളിടി വെട്ടി.നന്ദേട്ടന്റെ കുഞ് എന്റെ വയറ്റിൽ വളരുന്നുണ്ടെന്ന് അറിഞ്ഞാൽ ഉള്ള അവരുടെ പ്രതികരണം എന്തായിരിക്കും. "എന്തായാലും ഇന്ന് വേണ്ട അമ്മേ.. പ്ലീസ്. പിന്നെ മതി." "ഇനി എന്ന്? കുറച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മൂന്നാം മാസം ആണ് നിനക്ക്." "അമ്മേ പ്ലീസ്.. രണ്ട് ദിവസം എങ്കിലും കഴിയട്ടെ." "ഉം." "അമ്മായി..." നീട്ടിയുള്ള വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി നമി ആണെന്ന്. ഇന്ന് അമ്മായി എന്ന് വിളിക്കൻ അവൾ മാത്രമേ ഞങ്ങൾക്ക്.. "ആഹാ മോള് എത്തിയോ.." അമ്മ ചോദിക്കുന്നത് കേട്ട് അവൾ ഓടി വന്നു അമ്മയെ കെട്ടിപിടിച്ചു. "ഞാൻ ചായ എടുക്കാം." അമ്മ പോയി കഴിഞ്ഞതും അവൾ എന്റെ അടുത്തേക്ക് വന്നു. പതിയെ എന്റെ അടുത്തായി ഇരുന്നപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. "എന്തായി നിന്റെ തീരുമാനം." ഞാൻ താലതാഴ്ത്തി "ഉം... പഴയ പടി തന്നെ ആയിരിക്കുമല്ലേ..നിനക്ക് മതിയായില്ലേ ലച്ചു..നന്ദേട്ടന്റെ അമ്മയുടെ പെരുമാറ്റം നിനക്ക് അറിയുന്നതല്ലേ..നിന്നെ അവർ നന്നായി നോക്കും എന്ന് തോന്നുന്നുണ്ടോ.. ചിലപ്പോൾ ഈ കുഞ്ഞിനെ വരെ ഇല്ലാതാക്കാൻ ശ്രമിക്കും അവർ.അത്രക്ക് ദുഷ്ടയ.." "അറിയാം." "എന്നിട്ടും എന്തിനാ നീ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.." "ഭ്രാന്ത് ഉള്ളപ്പോൾ ചെയ്ത് കൂട്ടിയതാണെങ്കിലും നന്ദേട്ടന്റെ കുട്ടി തന്നെ അല്ലേടി ഇത്.ഒരിക്കൽ... അല്ല ഇപ്പോഴും ഞാൻ ഏറെ പ്രണയിക്കുന്ന നന്ദേട്ടന്റെ.

ഞാൻ ഈ കുട്ടിയെ കളഞ്ഞാൽ അത് അത് അദ്ദേഹത്തോട് ചെയ്യുന്ന പാപം ആണ്.ഈ കുഞ്ഞിനെ ഞാൻ വളർത്തിക്കോളാം.ചുറ്റും ഉള്ളവർ എങ്ങനെ ആണെങ്കിലും ജനിച്ചിട്ട് പോലും ഇല്ലാത്ത ഈ കുഞ് എന്തു ചെയ്തു." അവൾ പിന്നെ ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് തോന്നി കാണും. ഇതിന്റെ ഉള്ളിൽ ഇങ്ങനെ ചടഞ്ഞു കൂടി ഇരുന്നിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ ലച്ചു.. ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു. "നിന്റെ ഈ ചിരിയാണ്..." "മോള് അവളെയും കൊണ്ട് ഒന്ന് പുറത്തൊക്കെ പൊയ്ക്കോ.. എന്നോട് നന്ദന്റെ വീട്ടിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.അവിടെ വരെ ഒന്ന് പോയി വരാം.." "എന്തിനാ നന്ദേട്ടന്റെ വീട്ടിലേക്ക്" പേടിയോടെ ആയിരുന്നു ഞാൻ ചോദിച്ചത്. "നീ പേടിക്കണ്ട.അവരോട് ഞാൻ ഒന്നും പറയില്ല.നീ ഇല്ലാത്തത് കൊണ്ട് അവരെ സഹായിക്കാൻ എന്നോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.അവർക്ക് ഒറ്റക്ക് ഒന്നിനും കഴിയില്ലത്രേ..ഞാൻ പോയി വരാം.." അമ്മ അതും പറഞ്ഞു എന്നെ ഒന്ന് നോക്കി. ഞാൻ തലയാട്ടി സമ്മതിച്ചപ്പോൾ അമ്മ നന്ദേട്ടന്റെ പോയി. "നമുക്ക് അമ്പലം വരെ പോയാലോ.. " നമി ആവേശത്തോടെ ചോദിച്ചപ്പോൾ ഞാൻ അവളെ സൂക്ഷിച്ചു നോക്കി. "എന്താടി പെണ്ണെ..നിന്റെ വാദ്യാർ വരുന്നുണ്ടോ അങ്ങോട്ടേക്ക്." ഒരു നിമിഷം അവളുടെ കവിളുകൾ ചുവന്നു.അവൾ നാണിച്ചു തലതാഴ്ത്തിയപ്പോൾ ഞാൻ പൊട്ടി ചിരിച്ചു. "എന്താ പെണ്ണിന്റെ ഒരു നാണം.. വാ.. നമുക്ക് പോവാം.ഇനി അതിന്റെ ഒരു കുറവ് വേണ്ട." അത് കേട്ടതും പെണ്ണ് ചാടി എഴുന്നേറ്റു.

അവൾ കണ്ണാടിയിൽ ഒന്ന് നോക്കി സുന്ദരി ആണെന്ന് സ്വയം ഉറപ്പ് വരുത്തി വീട് പൂട്ടി എന്നെയും കൊണ്ട് ഇറങ്ങി. എന്റെ വീട്ടിൽ എന്നേക്കാൾ സ്വാതന്ത്ര്യം ഇവൾക്കാണെന്ന് ഞാൻ ചിരിയോടെ ഓർത്തു. വളരെ പതിയെ ആയിരുന്നു അമ്പലത്തിലേക്കുള്ള നടത്തം.അതിന്റെ ഇടയിൽ ആവേശത്തോടെ ഓരോ കാര്യങ്ങൾ പറയുന്നുണ്ട് പെണ്ണ്.അവൾ നല്ല സന്തോഷത്തിൽ ആണ്. വഴിയിൽ കാണുന്ന പശുവിനോടും പുല്ലിനോടും വരെ കഥ പറഞ്ഞു ചാടി തുള്ളി ആണ് അവളുടെ നടപ്പ്.പിറകെ ഒരു പുഞ്ചിരിയോടെ ഞാനും.. ഒരു നിമിഷം അവളെ പറ്റി ആലോചിച്ചു.അമ്മാവന്റെ മകൾ ആണ് നമി.വലിയ തറവാട്ടുകാർ ആയിരുന്നു അമ്മ വീട്ടുകാർ.അമ്മ ഒരു മുക്കുവന്റെ കൂടെ ഒളിച്ചോടിയപ്പോൾ അമ്മാവൻ അടക്കം എല്ലാവരും പടിയടച്ചു പിണ്ഡം വെച്ചു.പിന്നെ അമ്മയുടെ ജീവിതം ഞങ്ങളുടെ കൊച്ചു കുടിലിൽ ആയി. ഇടക്ക് തല്ല് കൂടുമായിരുന്നു എങ്കിലും അമ്മ എപ്പോഴും സന്തോഷവതി ആയിരുന്നു.അമ്മയെ ഒരിക്കലും അച്ഛൻ കരയിച്ചിട്ടില്ല.ഞാനും അച്ഛനും അമ്മയും ഉണ്ണി കുട്ടനും മാത്രമായ നല്ല ഒരു ജീവിതം. കടൽ രൂക്ഷമായ ഒരു ദിവസം തോണിയപകടത്തിൽ അച്ഛൻ ഞങ്ങളെ വിട്ട് പോയി.അന്ന് എന്നേക്കാൾ ഒന്നര വയസ് താഴെ ആയ ഉണ്ണികുട്ടനെയും എന്നെയും ചേർത്ത് പിടിച്ചു കരഞ്ഞ അമ്മയെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്.

പട്ടിണി സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് അമ്മ നന്ദേട്ടന്റെ വീട്ടിൽ അടുക്കള പണിക്ക് പോയത്.ചെറുതാണ് എങ്കിലും ഞാനും പോകും അമ്മയോടൊപ്പം. അവിടെ ഇടക്ക് കാണമായിരുന്നു നന്ദേട്ടനെ. അന്ന് തുടങ്ങിയതാണ് ഞാനും നന്ധേട്ടനും തമ്മിൽ ഉള്ള കൂട്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ണികുട്ടനും അമ്മാവന്റെ കണ്ണ് വെട്ടിച്ചു എന്നേക്കാൾ മൂന്ന് വയസ് ഇളയ നമിയും വരാൻ തുടങ്ങി. എന്നേക്കാൾ 5 വയസ് കൂടുതൽ ഉള്ള നന്ദേട്ടൻ ആയിരുന്നു ഏറ്റവും മൂത്തത്.ഞങ്ങളുടെ ഇടയിലെ തലവൻ. അന്ന് തുടങ്ങിയ ആരാധന ആയിരുന്നു. മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ എന്റെ നായകൻ ആയി ഒപ്പം നിന്നപ്പോഴും ആ ആരാധന കൂടിയിട്ടേ ഉള്ളൂ.. ഒരുപാട് ആശിച്ചിരുന്നു ഞാനും നന്ധേട്ടനും പിന്നെ നമിയും ഉണ്ണിക്കുട്ടനും ഒത്തുള്ള ജീവിതം.പക്ഷെ എല്ലാം എന്റെ മോഹങ്ങൾ മാത്രം ആയിരുന്നു. ഞങ്ങൾ നാല് വഴിക്ക്.. എന്റെ ഉള്ളിൽ മാത്രമായിരുന്നുവോ ഇങ്ങനെ ഒരു മോഹം.. അല്ലെങ്കിൽ ഉണ്ണികുട്ടനോട് നമിയെ ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ അവൻ എന്നെ കളിയാക്കി ചിരിക്കില്ലായിരുന്നല്ലോ.. നമിയുടെ ഉള്ളിലും അങ്ങനെ ഒരു ഇഷ്ടം ഉണ്ടായി കാണില്ല. അവൾ ഒരു പാവം ആണ്. അവളെ വിധിച്ചിട്ടുള്ളത് ഒരു വാദ്യർക്ക് ആണ്. ഉണ്ണികുട്ടനെ അവന്റെ കോളേജിലെ കുട്ടിക്കും.. "ചേച്ചിയെയ്...."

വിരൽ ഞൊടിച്ചു ഉറക്കെ കൂകി വിളിക്കുന്ന നമിയെ ഞാൻ ഒരു ഞെട്ടലോടെ നോക്കി.അമ്പലം എത്തിയിരിക്കുന്നു. കൂടെ അവളുടെ ചെക്കനും. ഞാൻ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു. ഏത് ലോകത്ത് ആയിരുന്നു എന്റെ ചേച്ചിയെ..ഞാൻ ഇപ്പോൾ വിളിച്ചില്ലായിരുന്നു എങ്കിൽ വീണ്ടും നടന്നേനെ മുന്നോട്ട്. വീണ്ടും എന്നെ കളിയാക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി വാദ്യർക്ക് ഒന്ന് ചിരിച്ചു കൊടുത്തു ആൽത്തറയുടെ അടുത്തേക്ക് പോയി. നമി അയാളുടെ മുന്നിൽ വെച്ചു മാത്രമേ എന്ന് ചേച്ചി എന്ന് വിളിക്കു.. നിശ്ചയം ഉറപ്പിച്ചു വെച്ചതാണ് അവരുടെ. എങ്കിലും ഇടക്ക് ഇത് പോലെ വന്നു കാണും.. ചുറ്റും ആരും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ ഈ പതിനൊന്നു മണി നേരത്ത് അമ്പലത്തിൽ ആരും പതിവില്ലല്ലോ.. ദൂരെ നിന്ന് അവർ സംസാരിക്കുന്നത് കാണാം. ഞാൻ ആൽത്തറയിൽ കയറി ഇരുന്നു. നല്ല കാറ്റുള്ള സ്ഥലം. ഇത്ര ചൂടിലും ഈ ആലിന്റെ ചുവട്ടിൽ തണുപ്പ് ആയിരുന്നു. ആൽത്തറയിൽ അങ്ങനെ വെറുതെ ഇരിക്കുമ്പോൾ നന്ദേട്ടനെ കുറിച്ച് ഓർത്തു.ഞങ്ങളുടെ പ്രണയ നിമിഷത്തെ കുറിച്ച്.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story