ശ്രീനന്ദനം: ഭാഗം 23

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

അവളുടെ ആ നിൽപ്പ് കണ്ടു അവൻ ചെറുതായി ചിരിച്ചു. "എന്താണ് പെണ്ണെ.." പെണ്ണെ.. പണ്ട് അവൻ ഏറെ പ്രണയത്തോടെ വിളിച്ചിരുന്ന വാക്ക്.പഴയത് എല്ലാം പതിയെ ഓർമ വന്നു തുടങ്ങുകയാണോ അതോ പുതിയ ഒരു ലോകം സൃഷ്ടിക്കുകയാണോ?? "നന്ദ.." അകത്തു നിന്ന് സന്തോഷ്‌ ഏട്ടന്റെ വിളി വന്നപ്പോൾ വേഗം കയറി. ഉള്ളിലേക്ക് കയറിയ ഞാൻ ശരിക്കും അത്ഭുതപെട്ടു.ഓരോ സാധനങ്ങളും അതിന്റെതായ സ്ഥാനത്ത് വെച്ചു അലങ്കരിച്ചിരിക്കുന്നു ഒരുപാട് വലുതല്ലെങ്കിലും നല്ല ഭംഗിയുള്ള വീട്. ഹാളിലെ ചുമരിൽ വെറുതെ ഞാൻ വിരലോടിച്ചു. ഏത് നിമിഷം വേണമെങ്കിലും പൊട്ടി പൊളിഞ്ഞു വീഴാവുന്ന എന്റെ കൂര ഓർത്തു. അത് വെച്ചു നോക്കുമ്പോൾ ഇത് സ്വർഗം അല്ലെ.. ഇനി അങ്ങനെ അല്ലെങ്കിലും നന്ദേട്ടൻ ഉള്ള ഇടം എനിക്ക് സന്തോഷം ആയിരിക്കില്ലേ... "ലച്ചു.." ജനനിയുടെ വിളി ആണ് ചിന്തയിൽ നിന്ന് ഉണർത്തിയത്. "2.30 കഴിഞ്ഞു. വല്ലതും വന്നു കഴിക്ക്.നീ കഴിക്കാതെ ഇരുന്നാൽ കുഞ്ഞിന കേട്." ഞാൻ ഒരു ചിരിയോടെ അവരെ നോക്കി.നമിയും നന്ധേട്ടനും ഒഴിച്ച് എല്ലാവരും കഴിക്കാനായി ഇരുന്നിട്ടുണ്ട്.ഭക്ഷണം പുറത്തു നിന്ന് വരുത്തിച്ചത് ആവണം. ടേബിളിന്റെ ഒരു വശത്തു ആയി ഞാൻ ഇരുന്നു.തൊട്ടടുത്തു നന്ധേട്ടനും "നീയെന്ത നമി ഇങ്ങനെ നിൽക്കുന്നെ.. വന്നു വല്ലതും കഴിക്ക്."

"അത് പിന്നെ ഞാൻ...അമ്മ തിരക്കുന്നുണ്ടാവും.അവരോട് കൂട്ടുകാരിയെ കാണാൻ പോവുകയാണ് എന്ന പറഞ്ഞത്.ഇങ്ങോട്ട് ആണ് വന്നത് എന്ന് അച്ഛൻ അറിഞ്ഞാൽ എന്നെ കൊല്ലും." അവൾ അത് പറഞ്ഞപ്പോൾ അമ്മയുടെ മുഖം വാടുന്നത് കണ്ടു.ഒന്നും ഇല്ലെങ്കിലും സ്വന്തം ചേട്ടൻ അല്ലെ.. അമ്മയുടെ ആ വാട്ടം എല്ലാ മുഖത്തേക്കും വ്യാപിച്ചെന്ന് തോന്നി.എല്ലാവരും മൌനത്തിൽ ആണ്. "അതിപ്പോൾ അച്ഛൻ അറിഞ്ഞാൽ അല്ലെ.." "നന്ദേട്ടന്റെ വീട്ടിൽ നിന്ന് നമ്മൾ ഇറങ്ങുമ്പോൾ മതിലിനു ചുറ്റും കുറെ തലകൾ ഉണ്ടായിരുന്നു.അതിൽ ഏതെങ്കിലും ഒരു തല എന്റെ വീട്ടിൽ പോയി നിങ്ങളുടെ കല്യാണ കാര്യമോ എന്നെ അവിടെ കണ്ട കാര്യമോ അറിയിച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്റെ കാര്യം കട്ട പുക. അറിയാലോ നമ്മുടെ നാട്ടുകാരെ." അറിയാതെ നാട്ടുകാരെ ഓർത്തു പോയി. നല്ല ടീംസ് ആണ്. ഇന്നത്തോടെ ഇവളുടെ കാര്യം തീർന്നു എന്ന തോന്നുന്നേ.. "ഏതായാലും നീ കഴിക്ക്.ബാക്കി എല്ലാം വരുന്നിടത്തു വെച്ചു കാണാം " "വേണ്ട.. വീട്ടിൽ എത്തിയാലേ സമാധാനം ഉള്ളു" "ഈ നേരം ആയതല്ലേ മോളെ.. വല്ലതും കഴിച്ചിട്ട് പോയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു സമാധാനം ഉണ്ടാവില്ല." അമ്മയോടൊപ്പം മറ്റുള്ളവർ കൂടി നിർബന്ധിച്ചപ്പോൾ അവർ കഴിക്കാനായി ഇരുന്നു.മുള്ളിന്മേൽ ഇരിക്കുന്നത് പോലെ ആയിരുന്നു

അവളുടെ ഇരിപ്പ്.എന്തൊക്കെയോ പെട്ടന്ന് കഴിക്കുന്നത് കണ്ടു.അതിനിടക്ക് അമ്മായിയുടെ ഫോൺ വന്നതും കഴിക്കുന്നത് മതിയാക്കി എല്ലാവരോടും യാത്ര പറഞ്ഞു അവൾ പോയി. വീട്ടിൽ നിന്ന് നല്ല വഴക്ക് കിട്ടും എന്നറിഞ്ഞിട്ടും അവൾ എനിക്ക് വേണ്ടി വരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഓർത്തപ്പോൾ ശരിക്കും സന്തോഷം തോന്നി. എനിക്ക് ശരിക്കും സ്നേഹിക്കാൻ എത്ര പേരാ...!!ചുറ്റും കണ്ണോടിക്കുമ്പോൾ എന്നെ സ്നേഹിക്കാൻ ആയി മാത്രം ഇത്ര ആളുകൾ?!ശരിക്കും ഞാൻ ഭാഗ്യവതി തന്നെ അല്ലെ.. ഭക്ഷണത്തിന് ശേഷം എല്ലാവരും ഒന്നിച്ചു ഹാളിൽ ഇരുന്നു.ഞാനും നന്ധേട്ടനും ഡ്രസ്സ്‌ മാറാൻ ആയി റൂമിൽ പോയി. റൂം കണ്ടു ഞാൻ ശരിക്കും ഞെട്ടി. അവിടെ ഒരു തൊട്ടിൽ..!! അതിന് അടുത്തായി കുറച് പാവ കുട്ടികളും!ഇതെല്ലാം.. ഇതെല്ലാം എങ്ങനെ? "എന്തിനാ നന്ദേട്ടാ ഇതൊക്കെ" "നമ്മുടെ വാവക്ക് വേണ്ടിയാ.." "അതിന് വാവ വരാൻ ആയിട്ടില്ലല്ലോ.. ഇനിയും ഇല്ലേ നാല് മാസത്തോളം." "എങ്കിലും എന്റെ വാവക്ക.. വാവ വരുമ്പോൾ കളിക്കലോ.. അല്ലെങ്കിൽ വയറ്റിൽ ഉള്ളപ്പോൾ തന്നെ വാവക്ക് എല്ലാം മനസ്സിലാവും എന്ന് ശ്രീക്കുട്ടി തന്നെ അല്ലെ പറഞ്ഞെ.. നമുക്ക് വാവയെ ഇപ്പോൾ തന്നെ കളിപ്പിക്കലോ.." "ആഹാ ബെസ്റ്റ്." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ നന്ദേട്ടൻ എന്നേ പിന്നിലൂടെ വന്നു കെട്ടിപിടിച്ചു.

"ഇതാണ് നമ്മുടെ ലോകം." "ആഹ ഇതൊക്കെ പറയാൻ പഠിച്ചോ.." "ഈ....." ആള് നന്നായി ഒന്ന് ഇളിച്ചു കാട്ടി.അത് കണ്ടു ഞാൻ പൊട്ടി ചിരിച്ചു പോയി. നന്ദേട്ടന്റെ ചെറിയ കുസൃതികൾ പോലും ഞാൻ ഇപ്പോൾ ഒത്തിരി ആസ്വദിക്കുന്നുണ്ടായിരുന്നു അപ്പോൾ. വൈകുന്നേരം ഞങ്ങൾ മാവിന്റെ ചുവട്ടിൽ ഇരുന്നു.അമ്മ കിടക്കാൻ എന്നും പറഞ്ഞു പോയി.അമ്മയുടെ മനസ്സിലെ വലിയ ഒരു ഭാരം ഒഴിഞ്ഞു പോയിട്ടുണ്ടാവും ഇപ്പോൾ. അപ്പോഴാണ് നമിയുടെ ഫോൺ കാൾ വന്നത്.പ്രതീക്ഷിച്ച പോലെ തന്നെ ഏതോ ഒരു പരദൂഷണ കമ്മിറ്റി എല്ലാം വെടുപ്പായി ചെന്നു പറഞ്ഞിട്ടുണ്ട്.ഫോൺ ഉപയോഗിക്കാനും വീട്ടിൽ നിന്ന് പുറത്തിറങ്ങാനും അവൾക്ക് വിലക്ക് ആണത്രേ.. ഇപ്പോൾ ഉള്ള ഫോൺ കാൾ പോലും ആരും കാണാതെ അവൾ വിളിക്കുന്നതാ.. "നിങ്ങളുടെ വീട്ടിൽ നിന്ന് പ്രശനങ്ങൾ ഒന്നും ഉണ്ടാവില്ലേ എന്റെയും നന്ദേട്ടന്റെയും കല്യാണം നടത്തി തന്നതിൽ." "ഞങ്ങൾ അമ്മയോട് എല്ലാം പറഞ്ഞിരുന്നു.അമ്മയാണ് ഞങ്ങളുടെ തീരുമാനത്തിന് സപ്പോർട്ട് ചെയ്തത്.

അമ്മയുടെ ഒരു ബലം കൂടി ഉള്ളത് കൊണ്ടാണ് കാര്യം ഇത്ര എളുപ്പത്തിൽ കഴിഞ്ഞത്.അത് കൊണ്ട് ആ കാര്യത്തിൽ പേടിക്കാൻ ഇല്ല." "ഉം.. അല്ലായിരുന്നു എങ്കിൽ നിങ്ങളുടെ കല്യാണത്തിന്റെ കാര്യം ഞങ്ങൾ കാരണം തീരുമാനം ആയേനെ.." "ഏയ്.. അങ്ങനെ ഒന്നും ഇല്ലടാ.. എന്തായാലും നാളെ ആറാം മാസം തുടങ്ങുവല്ലേ.. എല്ലാം ഒരു കുഴപ്പവും ഇല്ലാതെ അവസാനിക്കും" ഞാൻ ഒന്ന് പുഞ്ചിരിച്ചു. ഒപ്പം അവരും. പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു.രാത്രിയിൽ മുഴുവൻ പാട്ടും ബഹളവും ആയിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളിയാക്കലും ഉള്ളിലെ ഗായകനെ പുറത്തു കൊണ്ട് വരലും മോളുടെ ഡാൻസും ഒക്കേ ആയി വളരെ രസകരം.ഏറെ നാൾക്ക് ശേഷം ഉള്ള് തുറന്നു ചിരിച്ച നിമിഷങ്ങൾ..ശരിക്കും അന്നത്തെ ജീവിതത്തിൽ മറക്കാൻ പറ്റാത്തത് ആയിരുന്നു. പിറ്റേന്ന് രാവിലെ നേരത്തെ തന്നെ അവർ പോയി.മോളോട് വിട പറഞ്ഞപ്പോൾ ഇപ്രാവശ്യം നന്ദേട്ടൻ കരഞ്ഞില്ല.പകരം എന്നെ ചേർത്ത് പിടിച്ചു.എങ്കിലും എന്റെ ഉള്ള് നന്നായി നോവുന്നുണ്ടായിരുന്നു. ജീവൻ മാഷ് പോവുന്നത് മാഷിന്റെ വീട്ടിലേക്ക് തന്നെ ആയിരുന്നു.മാഷിന്റെ ഉത്തര വാദിത്യം കഴിഞ്ഞു അത്രേ.. കുറച്ചു കാലം കഴിഞ്ഞാൽ കോളേജ് ഉം തുറക്കുന്നത് കൊണ്ട് ഇവിടെ നിൽക്കാൻ കൂടുതൽ നിർബന്ധിച്ചില്ല.

ഇപ്പോൾ തന്നെ ഒരുപാട് കഷ്ടപ്പെട്ടു അവർ. അവർ പോയതിന് പിന്നാലെ തന്നെ ഞങ്ങളും ഹോസ്പിറ്റലിലേക്ക് ഇറങ്ങി.നേരെ പോയത് ഗൈനക്കോളജിസ്റ് ന്റെ അടുത്തേക്ക് ആയിരുന്നു. സ്കാനിങ് എല്ലാം കഴിഞ്ഞു വന്നപ്പോഴെ ഞാൻ ഏറെ തളർന്നിരുന്നു. "ബ്ലഡ്‌ നന്നേ കുറവാണ്.പിന്നെ മരുന്ന് എല്ലാം കൃത്യ സമയത്ത് കഴിക്കണം.ഒന്നും ഒഴിവാക്കരുത്.കുട്ടിക്ക് അനക്കകുറവോ.. അമ്മക്ക് കൂടുതൽ ആയുള്ള തലകറക്കാമോ ഛർദിയോ ഉണ്ടെങ്കിൽ കൊണ്ട് വന്നോളൂ.." ഡോക്ടർ പറഞ്ഞതിനെല്ലാം ഞാൻ കൃത്യമായി തലയാട്ടി. നന്ദേട്ടനെ ആദ്യം ആയിട്ട് ആയിരുന്നു ഈ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് വരുന്നത്.അതിന്റെ ആകാംഷ ആണോ അതോ കുഞ്ഞിനെ കുറിച്ച് അറിയാൻ ഉള്ള വ്യഗ്രത ആണോ എന്നൊന്നും അറിയില്ല,നന്ദേട്ടൻ നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.ഒട്ടും മടുപ്പില്ലാതെ മറുപടി പറഞ്ഞു ആ ഡോക്ടറും. പിന്നെ ഞങ്ങൾ പോയത് നന്ദേട്ടനെ കാണിക്കാൻ ആയിരുന്നു.ആ ഹോസ്പിറ്റലിൽ തന്നെ ഉള്ള സൈക്കട്രിസ്റ്റ്.ഇന്നലെ നടന്ന സംഭവങ്ങൾ മുൻകൂട്ടി കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു,

മാഷ് നന്ദേട്ടനെ ഈ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. "ജീവനോട് പറഞ്ഞത് തന്നേ,നന്ദൻ ഇപ്പോൾ നോർമൽ ആയി കൊണ്ടിരിക്കുകയാണ്.പെട്ടന്ന് ഒരു പൂർണ്ണമായ മാറ്റം പ്രതീക്ഷിക്കണ്ട.എങ്കിലും മാസങ്ങൾ എടുത്തു അത് ശരിയാവും.അതിന്റെ ചെറിയ മാറ്റങ്ങൾ നിങ്ങൾക്ക് കാണാം.നന്ദൻ ഉഷാറാണ്.2 മണിക്കൂർ എടുത്തുള്ള അവന്റെ സംസാരത്തിൽ അവൻ പറഞ്ഞത് ഒക്കെയും ശ്രീകുട്ടിയെയും നിങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനേയും കുറിച്ചാണ്.ജസ്റ്റ്‌ വെയിറ്റ്.നിങ്ങളുടെ സാന്നിധ്യം അയാളെ മാറ്റും.തീർച്ച." ഡോക്ടറുടെ വാക്കുകൾ എന്നിൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടാക്കി.നല്ല നാളേക്ക് ആയുള്ള ഉദയം ഞാൻ സ്വപ്നം കണ്ടു. രാത്രി നല്ല നിലാവ് ഉണ്ടായിരുന്നു.അമ്മ വേഗം കിടന്നു.നിലാവ് കാണണം എന്ന് ആഗ്രഹം തോന്നി.നന്ധേട്ടനോട് പറഞ്ഞപ്പോൾ എന്നെയും കൂട്ടി ഉമ്മറത്തേക്ക് പോയി. ഒരു പടിയിൽ ഞാൻ ഇരുന്നു.തൊട്ട് മുകളിൽ ഉള്ളതിൽ നന്ധേട്ടനും.നന്ദേട്ടൻ എന്നെ പിന്നിലൂടെ കെട്ടിപിടിച്ചിരുന്നു.ഞാൻ അദ്ദേഹത്തോട് ചേർന്ന് ഇരുന്നു.ലൈറ്റ് ഇടാതെയും ഇത്രയും ഭംഗിയുള്ള പ്രകാശം നൽകുന്ന ചന്ദ്രനെ ഞാൻ അത്ഭുതത്തോടെ നോക്കി.നിലത്തു മുഴുവൻ നിലാവ് വീണു കിടപ്പുണ്ടായിരുന്നു.

ഒരു നിമിഷം അമ്മയുടെ സാരിയിൽ തൂങ്ങി നടന്നിരുന്ന ഒരു കൊച്ചു കുട്ടിയായി ഞാൻ മാറി.ഓടി പോയി ആ നിലാവത്ത് പോയി വട്ടം കറങ്ങാൻ തോന്നി.പിന്നെയാണ് ഉള്ളിൽ ഒരാൾ ഉള്ള കാര്യം ഓർത്തത്. ആ നിലാവിനെ വീണ്ടും നോക്കി കൊണ്ടിരിക്കെ പെട്ടന്ന് അച്ഛനെ ഓർമ വന്നു. ഇത് പോലെ ഉള്ള രാത്രികളിൽ അച്ഛന്റെ തോളിൽ കയറി എത്ര പ്രാവശ്യം ആകാശത്തേക്ക് കയ്യെത്തിച്ചിട്ടുള്ളതാ.. കിട്ടില്ല എന്ന് ഉറപ്പാവുമ്പോൾ താമര കുളത്തിലേക്ക് ഒരു ഓട്ടം ഉണ്ട്.പിന്നാലെ അച്ഛനും വരും.വെള്ളത്തിൽ വീണു കിടക്കുന്ന നിലാവിനെ കുറെ നേരം നോക്കി നിൽക്കും.അന്നൊക്കെ ആമ്പലിനോട് കുശുമ്പ് തോന്നിയിട്ടുണ്ട്.ചിലപ്പോൾ ഒരുപാട് ഇഷ്ടവും. വളർന്നപ്പോൾ ആണ് മനസ്സിലായത്.ആര് എത്രയൊക്കെ പ്രണയിച്ചാലും നിലാവിന്റെ പ്രണയം അവന്റെ ആമ്പൽ പൂവിനോട് ആണെന്ന്.അവനെ കാണുമ്പോൾ നാണിച്ചു ചുവക്കുന്ന ആ ആമ്പൽ പെണ്ണിന്റെ കവിളിലും ഉണ്ടായിരുന്നത് പ്രണയം ആയിരുന്നു. "ശ്രീക്കുട്ടി വാ.." "എങ്ങോട്ടാ." "വായോ.. ഞാൻ ഒരു കൂട്ടം കാണിച്ചു തരാം.." എന്റെ കൈ പിടിച്ചു കൊണ്ട് പോകുന്ന നന്ദേട്ടനെ മനസ്സിലാവാതെ ഞാൻ നോക്കി. എന്നെ കൊണ്ട് പോയത് ആമ്പൽ കുളത്തിലേക്ക് ആയിരുന്നു.

എനിക്ക് ഒത്തിരി ഒത്തിരി സന്തോഷം തോന്നി.ഇന്നലെ വന്നപ്പോൾ ഇവിടെ ആ കുളം കണ്ടത് പെട്ടന്ന് ഓർത്തു. നിലാവ് അവിടെയും വീണു കിടപ്പുണ്ടായിരുന്നു.ആമ്പലിന്റെ കവിളിൽ ഇപ്പോഴും ഉണ്ട് ആ ചുവപ്പ് കലർന്ന നാണം.ഞാൻ ഒത്തിരി സന്തോഷത്തോടെ നന്ദേട്ടനെ നോക്കി. "ശ്രീകുട്ടിക്ക് വേണ്ടി ഞാൻ പറഞ്ഞു ചെയ്യിച്ചതാ.. ശ്രീകുട്ടിക്ക് ഒത്തിരി ഇഷ്ടല്ലേ താരപ്പൂവ്." എന്റെ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു.അതേ സന്തോഷത്തോടെ ഞാൻ നന്ദേട്ടനെ കെട്ടിപിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ നന്ദേട്ടൻ തന്നെ ആ പിടി വിടിയിച്ചു. "നമ്മുടെ കുഞ്ഞു.." എന്റെ വയറിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു. ഞാൻ നന്ദേട്ടനെ പ്രണയത്തോടെ നോക്കി.അദ്ദേഹവും എന്നെ തന്നേ നോക്കുന്നുണ്ടായിരുന്നു.ആ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നത് പ്രണയമോ അതോ വാത്സല്യമൊ..? ഒന്നും മിണ്ടാതെ ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു.നന്ദേട്ടൻ എന്നെ ചേർത്ത് നിർത്തി. ഞങ്ങളുടെ പ്രണയത്തിന് സാക്ഷി ആയി മറ്റൊരു ആമ്പൽ കൂടി വിടരുന്നുണ്ടായിരുന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story