ശ്രീനന്ദനം: ഭാഗം 8

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

കരഞ്ഞു കൊണ്ട് അവൾ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടിയിരുന്നു അവൻ.. "ഞാനുണ്ട് നിനക്ക്.വിട്ട് കൊടുക്കില്ല.ആർക്കും.ഒന്നിന് വേണ്ടിയും..." നെഞ്ചോട് ചേർത്ത് വെച്ചു പറയുമ്പോൾ അവളും അവനോട് ചേർന്ന് നിന്നു. **** ഓരോന്ന് ഓർത്തു കിടന്ന് അവളുടെ കണ്ണിൽ നിന്ന് നീര് നിർത്താതെ പെയ്തു കൊണ്ടിരുന്നു. അവൾ കയ്യിലേക്ക് ഒന്ന് നോക്കി.അന്ന് പൊള്ളിച്ച പാടുകൾ ഇന്നും ഉണ്ട്. രാധമ്മ ഇങ്ങനെ ഉള്ളത് ആണെന്ന് എനിക്ക് ആദ്യമേ അറിയാം.പിന്നെ എന്തിന് ആയിരുന്നു ഞാൻ ഇത്രയും പ്രതീക്ഷിച്ചത്.നന്ദേട്ടനെ വേണ്ടെന്ന് വെക്കാൻ കഴിയില്ല എനിക്ക്.എന്റെ കുഞ്ഞിന് വേണ്ടി എങ്കിലും നന്ദേട്ടനെ വിട്ട് കൊടുക്കരുത്.തിരിച്ചു കൊണ്ട് വരണം നന്ദേട്ടനെ ജീവിതത്തിലേക്ക്.ഇല്ലെങ്കിൽ അതിന്റെ ജീവിതം നരകിച്ചു തീരും. കുറച്ചു നേരം കൂടി അങ്ങനെ കിടന്നു.അമ്മ വരുമ്പോഴേക്കും കണ്ണുനീർ എല്ലാം വറ്റിയിരുന്നു. അന്നത്തെ ദിവസം അങ്ങനെ പോയി.പിറ്റേന്ന് ഉച്ചക്ക് നന്ദേട്ടന് പനി ആണെന്നും മരുന്ന് ഒന്നും കഴിക്കുന്നില്ലെന്നും ശ്യാമേച്ചി വീട്ടിൽ വന്നു പറഞ്ഞു.

രാധമ്മ പറഞ്ഞു വിട്ടതാണ് അവരെ. എന്നോട് വീട്ടിലേക്ക് വരാൻ പറഞ്ഞു. നന്ദേട്ടന് പനി ആണെന്ന് കേട്ടപ്പോൾ അമ്മ എന്നെ വിടാൻ തയ്യാറായില്ല.പനി പകർന്നാൽ പ്രശ്നം ആണെന്ന് പറഞ്ഞു.പക്ഷെ എനിക്ക് നന്ദേട്ടൻ തന്നെ ആയിരുന്നു വലുത്.അമ്മയോട് വാദിച്ചു ജയിക്കാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ അമ്മക്ക് ഒരു ഉമ്മയും കൊടുത്തു ഞാൻ ശ്യാമേച്ചിയുടെ ഒപ്പം പോയി. ഹാളിലെ സോഫയിൽ ഇരുന്നു ടീവി കാണുകയായിരുന്നു രാധമ്മ.ഞാൻ വന്നെന്ന് അറിഞ്ഞിട്ടും വല്യ മൈൻഡ് ഒന്നും ചെയ്തില്ല.മുകളിലേക്ക് കയറാൻ പോയപ്പോഴേക്കും പിന്നിൽ നിന്ന് വിളി വന്നു. "അവിടെ നിന്നെ.." അപ്പോൾ തന്നെ ഞാൻ രാധമ്മയുടെ നേരെ തിരിഞ്ഞു "നന്ദനുമായി കൂടുതൽ അടുപ്പത്തിന് ഒന്നും പോവണ്ട.എന്തെങ്കിലും പറ്റിയാൽ നിനക്ക് തന്നെയാ കേട്" ഞാൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും തലയാട്ടി സമ്മതിച്ചു കൊണ്ട് മുകളിലേക്ക് പോയി. മുറിയുടെ വാതിൽ തുറന്നു അകത്തു കയറിയപ്പോൾ പുതച്ചു മൂടി കിടക്കുന്ന നന്ദേട്ടനെ ആണ് കണ്ടത്.ടേബിളിൽ മരുന്നും വെള്ളവും അതേ പോലെ ഇരിക്കുന്നുണ്ട്.അടുത്തേക്ക് ചെന്നപ്പോൾ നല്ല വിറ ഉണ്ടെന്ന് മനസ്സിലായി.നെറ്റിയിൽ ഒന്ന് കൈ വെച്ചപ്പോൾ ഞെട്ടി പോയി ഞാൻ..! ചുട്ടു പൊള്ളുന്നുണ്ടായിരുന്നു നെറ്റി.ഞാൻ വേഗം കൈ പിൻവലിച്ചു.

"നന്ദേട്ടാ... നന്ദേട്ടാ.. എണീറ്റെ" കുറെ വിളിച്ചപ്പോൾ ഒന്ന് മൂളി വീണ്ടും പുതച്ചു കിടന്നു. "നോക്കിയേ.. ശ്രീകുട്ടിയ വന്നേക്കുന്നെ" അപ്പോഴേക്കും പ്രതികരണം ഒന്നും ഇല്ല.ഞാൻ വേഗം പോയി ഒരു തുണി നനച്ചു നെറ്റിയിൽ ഇട്ട് കൊടുത്തു.ആസ്വസ്ഥതയോടെ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നുണ്ടായിരുന്നു.രണ്ട് വട്ടം തുണി നനച്ചു ഇട്ടിട്ടും കുറവില്ലെന്ന് കണ്ടപ്പോൾ ഞാൻ അടുക്കളയിൽ പോയി ആവി പിടിക്കാൻ ആയി വെള്ളം വെച്ചു. "എന്താ ശരിക്കും പറ്റിയെ.." പച്ചക്കറി അറിഞ്ഞു കൊണ്ടിരിക്കുന്ന ശ്യാമേച്ചിയോട് ഞാൻ ചോദിച്ചു. "എന്തു പറ്റിയതാണെന്ന് വല്യ പിടി ഇല്ല മോളെ.. മഴ ഒന്നും കൊണ്ടില്ല.ഇന്നലെ അമ്പലത്തിൽ നിന്ന് വന്നു നന്തൻ മോനെ കുറെ തല്ലി.മോൻ കരഞ്ഞു കൊണ്ട മുകളിലേക്ക് കയറി പോയത്.രാത്രി ചോറുണ്ണാൻ കുമാരേട്ടൻ പോയി വിളിക്കുമ്പോൾ ആള് പനിച്ചു കിടക്കുന്നു." "എന്നിട്ട് മരുന്ന് ഒന്നും കൊടുത്തില്ലേ.." "നല്ല പനി ഉണ്ടായിരുന്നു.അത് കൊണ്ട് അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.രാവിലെ അവിടെ നിന്ന് വന്നത്.ട്രിപ്പ്‌ ഇട്ട് കിടത്തിയേക്കായിരുന്നു അത്രേ.. പക്ഷെ ഇപ്പോഴും വല്യ കുറവ് ഒന്നും കാണുന്നില്ല." "ഉം.." "മോള് അവന് ആവി പിടിക്കാൻ ഉള്ള വെള്ളം ചൂടാക്കുവാണോ.." "ആ.. അതേ.ചിലപ്പോൾ പനി കുറയും." "എനിക്കും അങ്ങനെ ചെയ്തു കൊടുക്കണം എന്നുണ്ടായിരുന്നു.

പക്ഷെ എനിക്ക് പേടിയാ അവനെ.പെട്ടന്നുള്ള ദേഷ്യത്തിൽ എന്റെ മേലേക്കെങ്ങാനും ഈ തളച്ച വെള്ളം ഒഴിച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.." അത് കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.പിന്നെ വെള്ളവും കൊണ്ട് മുകളിലേക്ക് കയറി. **** കിടന്നിടത്തു നിന്ന് നന്ദേട്ടനെ എഴുന്നേൽപ്പിച്ചു ആവി പിടിക്കാൻ കൊണ്ട് വരാൻ അൽപ്പം കഷ്ടപ്പെട്ടു.അതിന് മുമ്പിൽ ഇരിക്കുമ്പോഴും നന്ദേട്ടൻ തളർന്നു വീഴും എന്ന് എനിക്ക് തോന്നി.തല കുറച്ചു താഴ്ത്തി ഒരു പുതപ്പ് കൊണ്ട് മൂടി ഇട്ടു കൊടുത്തു.വീഴാതിരിക്കാൻ പിടിച്ചു കൊടുത്തു. ആദ്യത്തെ ഒരു വട്ടം ഒരു പ്രതികരണവും ഇല്ലാതെ ഇരുന്നു.ഞാൻ തന്നെ പുതപ്പ് നീക്കി എഴുന്നേൽപ്പിച്ചു. ആള് ആകെ തളർന്നു പോയിരുന്നു അപ്പോൾ.കണ്ടപ്പോൾ പാവം തോന്നി. വീണ്ടും പഴയത് പോലെ ചെയ്തു.ഇപ്രാവശ്യം ആള് വേഗം സ്വയം പുതപ്പ് മാറ്റി.ഞാൻ നിർബന്ധിച് ഒന്ന് കൂടി ഇട്ടു കൊടുത്തു. "മതി.. ശ്വാസം മുട്ടുന്നു." തളർന്ന ശബ്ദത്തോടെ ആണെങ്കിലും അത് പറഞ്ഞപ്പോൾ എനിക്ക് സമാധാനം ആയി.ഇപ്പോൾ സംസാരിക്കാൻ എങ്കിലും പറ്റിയല്ലോ.. എങ്ങനെ ഒക്കെയോ അവിടെ നിന്ന് താങ്ങി എഴുന്നേൽപ്പിച്ചു കട്ടിലിൽ ചാരി കിടത്തി.

അപ്പോഴേക്കും ഉപ്പിട്ട കഞ്ഞിയും ആയി സെർവെൻറ് എത്തിയിരുന്നു. ഞാൻ തന്നെ ആ കഞ്ഞി പതിയെ കോരി കൊടുത്തു.വളരെ കുറച്ചു മാത്രം കുടിച്ചു.അപ്പോഴും കണ്ണ് ശരിക്ക് തുറന്നു എന്നെ നോക്കാൻ ഉള്ള ആരോഗ്യം പോലും ഉണ്ടായില്ല.കുറച്ചു കൂടി കൊടുക്കാൻ പോയപ്പോൾ മതി എന്ന് പറഞ്ഞു.കിടക്കയിലേക്ക് കിടക്കാൻ പോയവനെ നിർബന്ധിച് പിടിച്ചു ഇരുത്തി ഗുളിക കൊടുത്തു.പിന്നെ പതിയെ കിടത്തി.നെറ്റിയിൽ തുണിയും നനച്ചു ഇട്ടു കൊടുത്തു. വീണ്ടും അടുക്കളയിലേക്ക് പോയി വെള്ളം ചൂടാക്കി.ലോ ഫ്ളയ്മിൽ ആണ് ഇട്ടത്. വെള്ളം ചൂടാവുന്നത് വരെ ആള് കിടക്കട്ടെ എന്ന് വിചാരിച്ചു. വെള്ളം ചൂടായപ്പോൾ വീണ്ടും അതും കൊണ്ട് മുകളിലേക്ക്.രാധമ്മയെ അവിടെ ഒന്നും കണ്ടില്ല.ഉണ്ടായിട്ടും കാര്യം ഒന്നും ഇല്ല. ഒരിക്കൽ കൂടി വിളിച്ചു എഴുന്നേൽപ്പിച്ചു.എഴുന്നേൽപ്പിക്കാൻ ആണ് ബുദ്ധിമുട്ട്.തളർച്ചയിലും ആള് നല്ലോണം ചിണുങ്ങുന്നുണ്ടായിരുന്നു.ഞാൻ അതൊന്നും കാര്യം ആക്കാൻ നിന്നില്ല. എന്തായാലും നേരത്തെ ഉണ്ടായതിനേക്കാൾ പനി കുറഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.നടക്കാൻ അധികം സഹായിക്കേണ്ടി വന്നില്ല.

നിലത്തിരുത്തി ആവി കൊള്ളാൻ ആയി തലയിലേക്ക് പുതപ്പ് ഇട്ടപ്പോൾ തന്നെ പുതപ്പ് തട്ടി മാറ്റി. "വേണ്ട.മതി" "അത് പറ്റില്ല.ഒരു വട്ടം കൂടി ചെയ്താലേ പനി പോവു.." "വേണ്ട. ശ്വാസം മുട്ടും." "പനി പോവണ്ടേ.." "വേണ്ട." വീണ്ടും വാശി പിടിക്കുന്നത് ഒന്നും കേൾക്കാതെ ഞാൻ തല പിടിച്ചു കുറച്ചു താഴ്ത്തി പുതപ്പ് ഇട്ട് കൊടുത്തു.അതിന്റെ ഉള്ളിൽ നിന്ന് ആള് പൊങ്ങി വരും എന്ന് തോന്നിയപ്പോൾ ഞാൻ പുതപ്പിന്റെ ഉള്ളിലേക്ക് കയറി.ഞാനും കൂടി കേറിയപ്പോൾ ആള് അനങ്ങിയില്ല.പക്ഷെ അതിൽ നിന്ന് പുറത്തു വന്നപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു. അവിടെ നിന്ന് എഴുന്നേൽപ്പിച്ചു കട്ടിലിൽ കൊണ്ട് കിടത്തി.അപ്പോഴും എന്റെ ഒരു കൈ വിടാതെ പിടിച്ചിരുന്നു. "വിട്..ഞാൻ പോട്ടെ.." "പോണ്ട.എന്റെ കൂടെ കിടക്ക്." ഞാൻ അത് കേട്ട് ഒന്ന് ഞെട്ടി. "അയ്യോ.. അതൊന്നും പറ്റില്ല." ഞാൻ വേഗം കൈ വിടുവിച്ചു പുതച് കൊടുത്തു.കട്ടിലിൽ നിന്ന് വീഴാതെ ഇരിക്കാൻ ആയി കുറച്ചു നീക്കി ആയിരുന്നു കിടത്തിയത്. "പോവല്ലേ.. പ്ലീസ്." പതുക്കെ ആണെങ്കിലും ദയനീയം ആയി പറഞ്ഞപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.ആ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. "വയ്യാത്തോണ്ട് അല്ലെ.."

അത് കേട്ടപ്പോൾ പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കേറുമ്പോൾ തണുത്തിട്ട് എന്ന പോലെ നന്ദേട്ടൻ എന്നെ ചുറ്റി വലിഞ്ഞു എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.എതിർക്കാൻ പോയില്ല.ആ മുടിയിൽ ഒന്ന് തലോടുക മാത്രം ചെയ്തു. **** എപ്പോഴാണ് എഴുന്നേറ്റത് എന്ന് ഓർമ ഇല്ല.ഉണർവ് വന്നപ്പോൾ വേഗം എന്നെ വരിഞ്ഞു മുറുകിയ കൈകളെ അടർത്തി മാറ്റി എഴുന്നേറ്റു.ഒന്ന് കൂടി പുതച്ചു കൊടുത്തു താഴേക്ക് ഇറങ്ങി. പേടി ആയിരുന്നു അപ്പോൾ.ഇത്ര നേരം വൈകിയിട്ടും നന്ദേട്ടന്റെ മുറിയിൽ നിന്ന് ഇറങ്ങാത്തതിന് രാധമ്മ വഴക്ക് പറയുമോ എന്ന് ഓർത്ത്.നന്നായി വിശക്കുന്നും ഉണ്ടായിരുന്നു.ഉച്ചക്ക് ഒന്നും കഴിച്ചിട്ടും ഇല്ല.സമയം എത്ര ആയി എന്നും നിശ്ചയം ഇല്ല. വേഗത്തിൽ പടി ഇറങ്ങി. അവസാന പടി ശ്രദ്ധിച്ചില്ല.അങ്ങനെ തന്നെ താഴേക്ക് പോയി.പക്ഷെ വീഴുന്നതിന് മുൻപ് ആരോ എന്നെ താങ്ങി നേരെ വെച്ചു. ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.എവിടെയോ കണ്ടു നല്ല പരിജയം.അവിടെ ഒരു പുഞ്ചിരി മാത്രം ആയിരുന്നു.പെട്ടന്ന് എനിക്ക് ആളെ പിടി കിട്ടി. "വാദ്യാര്" ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story