ശ്രീരാഗം 💌 : ഭാഗം 1

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

"നീയറിഞ്ഞില്ലേ ഗീതു, നിന്റെ ശ്രീയേട്ടൻ നാട്ടില് വന്നിട്ടുണ്ടല്ലോ.." രാവിലെ തന്നെ പതിവില്ലാതെ വന്ന മഹിമയുടെ ഫോൺ കോൾ ഉറക്കച്ചടവോടെ അറ്റൻഡ് ചെയ്തപ്പോൾ കേട്ടത് അതാണ്... "സത്യായിട്ടും? അത് ശ്രീയേട്ടൻ തന്നെയായിരുന്നോ? എവിടെവച്ചാ കണ്ടത്.....?" കട്ടിലിൽ നിന്നും ചാടിയെണീറ്റുകൊണ്ട് വെപ്രാളത്തോടെ ചോദിച്ചു. "അപ്പോ വന്നത് നീയറിഞ്ഞില്ലേ... ഞാൻ അമ്മേടെ കൂടെ അമ്പലത്തില് പോയപ്പോ അവിടെ വച്ചു കണ്ടതാ.. എന്നെ കണ്ടപ്പോ സാറ് പെട്ടെന്ന് തിരിച്ചറിഞ്ഞു.. കൊല്ലം എട്ടായിട്ടും അങ്ങേർക്കൊരു മാറ്റോം ഇല്ലാന്നേ..." "കൂടെ ആരതിയും ഉണ്ടോ..? കുട്ടികളോ..?" അത് ചോദിക്കുമ്പോൾ തലയ്ക്കുള്ളിലൊരു നോവ് പൊടിയുന്നത് പോലെ തോന്നി.

"ഒറ്റയ്ക്ക് വന്നതാന്നാ തോന്നണേ.." "എന്നിട്ട്... ന്നിട്ട് നിന്നോട് വല്ലോം സംസാരിച്ചോ മഹിമേ?" മനസിലാകെ ഒരാകാംഷയായിരുന്നു. അത് വാക്കുകളിലും പടർന്നു പിടിച്ചിരുന്നു.. "ഉവ്വ്.. ഞങ്ങളൊരുപാട് നേരം സംസാരിച്ചു നിന്നു. പിന്നെ അമ്മക്കിച്ചിരി തിരക്കുള്ളത്കൊണ്ട് ഇനിയും കാണാമെന്നു പറഞ്ഞിട്ട് ഞങ്ങളിങ്ങു പോന്നു..." "ന്ന്.. ന്നെപ്പറ്റി... എന്തേലും ചോദിച്ചിരുന്നോ?" മടിച്ചു മടിച്ചൊടുക്കം ചോദിച്ചു. മറുപടി കേൾക്കാൻ മനസ്സ് ധിറുതി കൂട്ടി.. "ഒന്നും ചോദിച്ചില്ല....." കേട്ടപ്പോ കണ്ണൊന്നു നിറഞ്ഞു. കലങ്ങിയ കണ്ണുകളോടെ തല താഴ്ത്തി ചിരിക്കാൻ ശ്രമിച്ചു. "ചിലപ്പോ നിന്റടുത്തേക്ക് നേരിട്ട് വരുമെങ്കിലോ..?" ഒന്നും മിണ്ടാത്തത് കണ്ടുകൊണ്ടാവണം ആശ്വസിപ്പിക്കാനായി അവൾ എടുത്തു പ്രതീക്ഷ മുന്നിലേക്കിട്ട് തന്നത്. അതു തന്നെയായിരിക്കുമെന്ന് കരുതി മനസ്സിനെ തണുപ്പിക്കാൻ ശ്രമിച്ചു..

"ഇപ്പഴും അമ്പലത്തിലുണ്ടോ അങ്ങേര്..?" "അറിയില്ല.. ഞാൻ വീട്ടിലേക്ക് തിരിച്ചു.. സാറ് വന്നത് നീയറിഞ്ഞു കാണുമെന്നാ ഞാൻ കരുതിയത്.." "മ്മ്...." ചിന്തകൾ അപ്പോഴേക്കും കുന്നുകൂടിയിരുന്നു. ഫോൺ വച്ച് വല്ലാത്തൊരു വെപ്രാളത്തോടെ ബാത്‌റൂമിൽ ചെന്ന് വൃത്തിയായി, വസ്ത്രം മാറി കണ്ണാടിക്ക് മുന്നിലായിട്ട് ചെന്നു നിന്നു.. കണ്ണാടിയിൽ ഒട്ടിച്ചുവച്ച കറുത്ത കുഞ്ഞു വട്ടപ്പൊട്ടെടുത്ത് നെറ്റിയിലമർത്തി.. മുടിയൊന്ന് ഇരുവശത്തേക്കുമായി മൊടിഞ്ഞിട്ടു.. ഇങ്ങനെ ഇരുവശത്തേക്കും മുടി മൊടിഞ്ഞിട്ടാൽ പെണ്ണിനെ കാണാൻ നല്ല ചേലായിരിക്കുമെന്ന് ശ്രീയേട്ടൻ പറഞ്ഞതോർമ്മ വന്നു.. കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ വീണ്ടും ആ പഴയ കോളേജ് പെൺകുട്ടിയായെന്ന് തോന്നി.. ശ്രീ സാറിന്റെ വരവ് കാത്ത് ക്ലാസിൽ കാത്തിരിക്കുന്ന ആ പൊട്ടി പെണ്ണ്.. തിരക്കിട്ടിറങ്ങി നടുവകത്തെത്തിയപ്പോ ദേവമ്മ അടുക്കളയിൽ നിന്നും പിന്നാലെയെത്തിയിരുന്നു.. അച്ഛ ടേബിളിൽ ഇരുന്ന് ദോശ തിന്നുന്നുണ്ട്.. "ഗീതുമോളെ.. കാലത്തെ കുളിച്ചൊരുങ്ങി നീയിതെങ്ങോട്ടാ...?"

"ശ്രീയേട്ടൻ വന്നിട്ടുണ്ടത്രേ.. അമ്പലത്തില് വച്ചു മഹിമയാ കണ്ടത്..." ചിരിച്ചുകൊണ്ട് പറയുമ്പോൾ ഉള്ളിൽ അലതല്ലുന്ന സന്തോഷം മുഖത്ത് തന്നെ പ്രകടമായിരുന്നു. "അതിന് നിനക്കെന്താ ഇത്ര പെടച്ചില്.. കഴിഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ അല്ലെ?" ദേവമ്മയോർമ്മിപ്പിച്ചപ്പോൾ മടിച്ചുകൊണ്ട് അച്ഛനും ഒന്ന് നോക്കി മുഖത്തൊരു ചിരി വരുത്തിക്കാട്ടി. കേട്ടപ്പോ മുഖത്തെ സന്തോഷം വാടിപ്പോയി.. ചുണ്ടുകൾ അമർത്തിപ്പിടിച്ചുകൊണ്ട് അവരെ നോക്കുമ്പോൾ കണ്ണിലൊന്നിൽ വെള്ളം നിറഞ്ഞു. "ഇവിടെ വന്നിരുന്ന് വല്ലോം കഴിക്ക് പെണ്ണെ നീയ്.. ഇവിടെ വരെ വന്ന സ്ഥിതിക്ക് ആ ചെറുക്കൻ നിന്നെക്കാണാൻ ഇങ്ങോട്ട് വരാതിരിക്കില്ല.." അമ്മ പറഞ്ഞത് കേട്ട് മനസ്സൊന്നുകൂടെ തണുത്തു.. ശ്രീയേട്ടൻ ഇങ്ങോട്ട് വരുമെന്ന് ഉള്ള് പിന്നെയും മന്ത്രിച്ചു. "മോളിങ്ങു വന്നേ.. ഇവിടെ വന്നിരുന്ന് വല്ലോം കഴിക്ക്.. "

അച്ഛ ടേബിളിനരികിൽ വിളിച്ചിരുത്തി.. അച്ഛയുടെ അരികിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഏഴ് വർഷങ്ങൾക്ക് ശേഷം ശ്രീയേട്ടനെ കാണാൻ പോകുന്നതിലുള്ള ആഹ്ലാദമായിരുന്നു മനസ്സ് നിറയെ.. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് മറ്റൊരു ലോകത്തിരിക്കുന്നവളെ അച്ഛ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല.. "പഴേതെല്ലാം പിന്നെയുമൊർത്തെടുത്ത് സൂക്കേട് വരുത്തിവെക്കാൻ പോകുവാണോ നീയ്..?" "ഏയ്‌.. ഇല്ലച്ഛാ.. ഞാൻ വെറുതെ...." ചോദ്യം പെട്ടന്നായതിനാൽ പറയുവാൻ കള്ളങ്ങൾ കിട്ടിയിരുന്നില്ല.. "അവൻ വരുന്നതൊക്കെ കൊള്ളാം.. വന്നു കഴിഞ്ഞിട്ട് അവൻ പോയ ശേഷം ഇവിടെ കിടന്ന് കരഞ്ഞ് സൂക്കേട് വരുത്തി അച്ഛയേം അമ്മേം പേടിപ്പിക്കരുത്.. അവനൊരു ഭാര്യയുള്ളത് നിനക്കോർമ്മ വേണം.. ഇപ്പൊ രണ്ട് മൂന്ന് കുഞ്ഞുങ്ങളും ആയിക്കാണും.. അതുപോലെ നിന്റെ കല്യാണം ഉറപ്പിച്ച കാര്യവും ഓർമ്മയിലുണ്ടാവണം..." അച്ഛ തലയുയർത്താതെ കഴിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു തന്നപ്പോ അറിയാതെ കണ്ണ് നിറഞ്ഞു. തല താണുപോയി..

കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റിലേക്ക് കണ്ണീരിറ്റി.. അച്ഛ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ പിന്നെയും ആവർത്തിച്ചു കേൾക്കുവാൻ തുടങ്ങി.. അത് കേട്ട് എട്ടു വർഷങ്ങളായി അവൾ തടയിട്ടുവച്ച പരിഭവനമായ സ്നേഹത്തിന് നൊന്തു.. "അറിഞ്ഞോണ്ട് ഈ പെണ്ണാരുടെയും ജീവിതം ഇല്ലാണ്ടാക്കില്ലച്ഛാ.. ശ്രീയേട്ടന്റെ കല്യാണം നടക്കുന്നതിന് മുൻപ് പോലും ഇഷ്ടമാണെന്ന് പറയാൻ ന്നെക്കൊണ്ട് പറ്റീട്ടില്ല.. ഇനിയൊരിക്കലും ഗീതുവത് പറയേം ഇല്ല.. ഇടക്കിടക്ക് ഒന്ന് കണ്ടാൽ മതി.. സന്തോഷത്തോടെയിരിക്കുന്നത് കണ്ടാൽ മതി.. പഴേ പോലെ ഗീതുപ്പെണ്ണേന്ന് വിളിക്കുന്നത് കേട്ടാൽ മതി.. ഇരുവശത്തേക്കും മുടി മൊടിഞ്ഞിട്ടാ പെണ്ണിന്റെ അഴക് കൂടുമെന്ന് പറയുന്നത് കേട്ടാൽ മതി... അത് മതിയെനിക്ക്...." വാക്കുകൾ വിക്കുന്നുണ്ടായിരുന്നു.. എങ്ങനെയൊക്കെയോ പറഞ്ഞു തീർത്ത ശേഷം കീഴ്ച്ചുണ്ട് മെല്ലെ കടിച്ചുകൊണ്ട് കണ്ണുകൾ അമർത്തിയടച്ചു. കണ്ണുനീര് കവിളിനെ തഴുകിക്കൊണ്ട് ഒലിച്ചിറങ്ങി. തോളിലൊന്ന് പതുക്കെ തട്ടിക്കൊണ്ട് അച്ഛ എണീറ്റു പോയി..

അച്ഛ പോയതും കണ്ണുകൾ ഉമ്മറത്തേക്ക് തിരിഞ്ഞു.. ശ്രീയേട്ടൻ ഉടനെത്തുമെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.. സമയം കടന്നുപോയിക്കൊണ്ടിരുന്നപ്പോൾ ക്ഷമ നശിക്കുകയായിരുന്നു.. ശ്രീയേട്ടൻ വന്നിട്ടുണ്ടെങ്കിൽ ഇവിടേക്ക് വരാതിരിക്കില്ല.. പക്ഷെ സമയം മുന്നോട്ട് നീങ്ങുംതോറും പ്രതീക്ഷയറ്റുകൊണ്ടിരുന്നു.. കഴിച്ചെണീറ്റ പാത്രവുമായി അടുക്കളയിലെത്തിയപ്പോൾ അമ്മയും അച്ഛയും എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.. തന്നെ കണ്ടപ്പോൾ അവർ സംസാരം നിർത്തി തന്നെ നോക്കി പുഞ്ചിരിച്ചു കാണിച്ചു. ശ്രീയേട്ടനെ കണ്ട ശേഷം താൻ വീണ്ടുമാ പഴയ ഗീതുവാകുമോ എന്ന പേടിയാവാം.. കൈകഴുകി തിരിച്ചു വന്ന് ഉമ്മറത്തെ വാതിലിന് പിന്നിലായി നിന്നുകൊണ്ട് മുറ്റത്തേക്ക് നോക്കി. ദൂരെ നിന്നും ഒരു മനുഷ്യനും വരുന്നുണ്ടായിരുന്നില്ല.. റോഡിലൂടെ കടന്നു പോയ ഓരോ കാറും ആ പെണ്ണിന്റെ പ്രതീക്ഷയെ ജനിപ്പിച്ചുകൊണ്ട് കൊന്നു കളഞ്ഞു..

കലങ്ങിയ കണ്ണുകൾ കാഴ്ചയെ മങ്ങിപ്പിച്ചു. ഒടുക്കം പെണ്ണിന്റെ ക്ഷമ നശിച്ചു. അകത്തേക്കൊന്ന് ഒളിഞ്ഞു നോക്കിയപ്പോൾ അച്ഛയും അമ്മയും അടുക്കളയിൽ തന്നെയാണ്. ഉടനെ തന്നെ മുറ്റത്തേക്കിറങ്ങിയോടി.. വയൽവരമ്പിലൂടെ കിതപ്പ് സഹിച്ച് അമ്പലത്തെ ലക്ഷ്യമാക്കി നിർത്താതെ ഓടി.. അമ്പലമടുത്തപ്പോൾ ഉള്ളം പടാപടാന്ന് മിടിച്ചു തുടങ്ങിയിരുന്നു. അമ്പലത്തിനു മുന്നിൽ ചെന്ന് ഓട്ടം നിർത്തിക്കൊണ്ട് ഒന്ന് കിതച്ചു.. ശ്വാസമെടുക്കുവാൻ ആവാത്തതുപോലെ.. പല്ലുകൾ തമ്മിൽ കൂട്ടി മുട്ടി.. കണ്ണുകൾ ചുറ്റിനും തിരഞ്ഞുകൊണ്ടിരുന്നു.. അമ്പലത്തിനുള്ളിലേക്ക് കയറിയപ്പോൾ ശ്വാസം നിലച്ചു തുടങ്ങുകയാണെന്ന് തോന്നി. അമ്പലത്തിനു ചുറ്റും ശ്രീയേട്ടനെ തിരയുമ്പോൾ ചെന്നിയിലൂടെ വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു..

ചുറ്റിനും വീക്ഷിച്ചു, പ്രതീക്ഷയോടെ.. ഓരോയിടങ്ങളിലും തിരഞ്ഞിട്ടും ശ്രീയേട്ടനെ കണ്ടുകിട്ടാത്തായപ്പോൾ കണ്ണു നിറയുവാൻ തുടങ്ങി. ഒടുക്കം അമ്പലത്തിനകത്തും പരിസരത്തും മുഴുവനായും കണ്ണോടിച്ചു തീർത്തു. ശ്രീയേട്ടനെ മാത്രം കണ്ടില്ല.. കണ്ണിൽ സങ്കടം തിങ്ങിക്കൂടി.. കണ്ണീരിന്റെ ഭാരം കൊണ്ട് തല താണുപോയി.. കരയാൻ തുടങ്ങുന്നതിനു തൊട്ട് മുന്നേ പിന്നിൽ നിന്നും പെട്ടെന്ന് ആരുടെയോ കൈ തോളിൽ പതിയുന്നതറിഞ്ഞു തലയുയർന്നു. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.. (തുടരും)

Share this story