ശ്രീരാഗം 💌 : ഭാഗം 10

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

വെപ്രാളത്തോടെ ഗീതുവിന്റെ വീടിനരികിലേക്ക് ഓടിയിടുക്കുമ്പോൾ അവന്റെ മനമാകെ കിതച്ചു ചത്തിരുന്നു. വീടിനു മുന്നിലെത്തി കിതപ്പൽപ്പം കുറക്കുമ്പോൾ പിന്നാലെ ദേവമ്മയും ഓടിയെത്തിയിരുന്നു.. "അവള്ടെ മുറീലാ...." ദേവമ്മയും ഓട്ടം നിർത്തിക്കൊണ്ട് പറഞ്ഞു.. "എന്താ ഉണ്ടായത്...?" അവളുടെ മുറി ലക്ഷ്യമാക്കി ധൃതിയോടെ വീണ്ടും പാഞ്ഞു തുടങ്ങുമ്പോൾ പിന്നാലെ വന്ന ദേവമ്മയോട് തിരിഞ്ഞു നോക്കാതെ ചോദിച്ചു. "മോന്റെ വീട്ടീന്ന് മോനോട് പിണങ്ങി വന്നതിൽ പിന്നെ മുറീൽ കട്ടിലിൽ ഒരേ കിടപ്പായിരുന്നു.. കുറച്ചു കഴിയുമ്പോ എണീറ്റ് വന്നോളുമെന്ന് കരുതി ഞാൻ അടുക്കളേൽക്ക് പോയി.. പിന്നെ ശബ്‌ദം ഒന്നും ഇല്ലാതായപ്പോ ഞാൻ വന്ന് നോക്കിയപ്പോ....." അമ്മക്ക് പറഞ്ഞു മുഴുമിപ്പിക്കേണ്ടി വന്നില്ല.. അതിനു മുൻപേ അവൻ മുറിക്കകത്തേക്ക് കടന്നിരുന്നു..

താഴെ ചുവരിനോട് ചേർന്നിരുന്ന് കാലിൽ കൈകെട്ടി മുട്ടുകാലിൽ മുഖം പൊത്തിയിരിക്കുന്ന പെണ്ണിനെ കണ്ടവന് കൗതുകം തോന്നി.. മുടി രണ്ടിടത്തേക്കുമായി താഴ്ത്തിയിട്ടിട്ട് അവളെ ഒരു പ്രേതത്തെ പോലെ തോന്നിച്ചു.. മറുവശത്ത് എന്ത് ചെയ്യണമെന്നറിയാതെ കട്ടിലിൽ ഇരുകളും കുത്തി അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു അച്ഛ. ശ്രീരാഗിനെ കണ്ടപ്പോൾ കണ്ണു തുടച്ച് എഴുന്നേറ്റ് നിന്നു.. അവൾക്കരികിലേക്ക് നടന്നു ചെല്ലാൻ തുടങ്ങിയപ്പോൾ അച്ഛ തടഞ്ഞു.. "അടുത്തേക്ക് പോണ്ടാ..." അവൾ തന്നെ ആക്രമിച്ചേക്കുമെന്ന ഭയമാണെന്ന് ആദ്യം കരുതി.. അവൾ തന്നേ ആക്രമിക്കുമെങ്കിൽ ആക്രമിക്കട്ടെ.. നോവവസാനിക്കും വരെ കീറിപ്പൊളിക്കട്ടെ.. അല്ലെങ്കിലും അവളുടെ ഏത് ശിക്ഷയുമേറ്റുവാങ്ങാൻ താൻ ബാധ്യസ്ഥനാണല്ലോ... അച്ഛയുടെ വാക്കുകൾക്ക്‌ ചെവി കൊടുക്കാതെ പെണ്ണിനരികിലേക്ക് നടന്നടുത്തുകൊണ്ട് കുനിഞ്ഞിരുന്നു.. മുട്ടും മുടിയും കൊണ്ട് മുഖമാകെ മൂടിയവളുടെ തോളിൽ ഒന്ന് കൈ വച്ചു...

ചൂട് ചട്ടുകം തോളിൽ പൊള്ളിച്ചതു കണക്കെ അവളൊന്ന് തുള്ളി.. പിന്നീട് പ്രതീക്ഷിച്ചതിനു വിപരീതമായി തലപൊക്കി പിന്നിലെ ചുവരിലേക്കാഞ്ഞിടിച്ചു.. കണ്ണുകൾ അമർത്തിയടച്ചിരിക്കുകയായിരുന്നു.. ശ്രീരാഗ് ഒന്ന് ഞെട്ടി.. ഇതുകാരണമാണ് അച്ഛ അവൾക്കടുത്തേക്ക് പോകുന്നത് വിലക്കിയതെന്നവന് മനസ്സിലായി.. പെട്ടെന്നവൾ വീണ്ടും ശക്തിയിൽ തല ചുവരിലിടിച്ചു.. അവൻ പെട്ടെന്ന് പിന്നിലേക്ക് വലിഞ്ഞു.. "പണ്ട് ഇങ്ങനെയുണ്ടാവുമ്പോ കെട്ടിയിടാറാ പതിവ്.." അമ്മ സാരിത്തുമ്പുകൊണ്ട് വാ പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു.. അച്ഛ അവിടെ തന്നെ ഒന്നും മിണ്ടാതെയിരുന്നു.. പണ്ടത്തെ പോലെ അവൾക്ക് അസുഖം വരുമ്പോൾ നിയന്ത്രിക്കാനോ കെട്ടിയിടാനോ തനിക്ക് വയ്യ, കാരണം മനസ്സുകൊണ്ടും ശരീരം കൊണ്ടും താൻ അസ്വസ്തനാണ്.. പെണ്ണിന്റെ മുഖം പിന്നെയും മുട്ടുകളിലേക്ക് മൂടപ്പെട്ടു..

അന്തരീക്ഷത്തിൽ നിന്നുമൊരു തേങ്ങലുയർന്നു.. പെണ്ണിന്റെ കരച്ചിൽ കേട്ടാൽ ഒരു കൊച്ചു കുഞ്ഞ് കരയുന്നത് പോലെയേ തോന്നൂ.. ശ്രീരാഗ് ഒന്ന് വിയർത്തു. ഉള്ളിന്റെയുള്ളിൽ ഒരു ഇടിമുഴക്കമുണ്ടായി.. അത്തരത്തിലുള്ളൊരു ഗീതുവിനെ ഇന്നേ വരെ പരിചയമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി.. അച്ഛയെയും അമ്മയെയും നോക്കിയപ്പോൾ അവരും നിന്ന നിൽപ്പിൽ നിൽക്കുകയാണ്.. അവരും നോവ് തിന്നു തളർന്നു കാണണം.. ഗീതുവിന്റെ അടുത്ത നീക്കം എന്തെന്നറിയാതെ അച്ഛയെയും അമ്മയെയും മാറി മാറി നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് പെണ്ണിന്റെ കരച്ചിലൊന്ന് ഉയർന്നു.. കണ്ണുകൾ അവളിലെത്തിയപ്പോൾ മുഖം ഉയർന്നിട്ടുണ്ടായിരുന്നു.. കണ്ണുകൾ അപ്പോഴും അടഞ്ഞിട്ടായിരുന്നു.. പെട്ടന്നവൾ കൈനഖങ്ങൾ കൊണ്ട് സ്വന്തം മുഖത്ത് ഭ്രാന്തമായി വരച്ചു..

നഖങ്ങൾ ക്ഷതങ്ങളുണ്ടാക്കി.. ക്ഷതങ്ങൾ വിളറി വെളുപ്പായി.. വിളറി വെളുത്തവയിൽ ചോര പൊടിഞ്ഞു.. ചോര പൊടിഞ്ഞതിൽ ഒരു നിശബ്ദ പ്രണയത്തിന്റെ നോവൊഴുകി.. പിന്നെയും മുഖത്തേക്ക് കൈകൾ അടുപ്പിക്കവേ ശ്രീരാഗ് പിന്നെയും അടുത്തേക്ക് ചെന്ന് അവളുടെ കൈകളെ തടഞ്ഞു നിർത്തി... "ഗീതു.. ഇങ്ങോട്ട് നോക്ക്യേ... കണ്ണു തുറക്ക്... എന്നെ നോക്ക്.." പെണ്ണിന്റെ കരങ്ങളെ ബലമായി പിടിച്ചു വെച്ചിട്ടവൻ അവളുടെ മുഖത്തേക്ക് നോക്കി.. അവളുടെ കണ്ണുകൾ അപ്പോഴും തുറന്നില്ല.. "നിങ്ങള് പോയി ഡോക്ടറെ വിളിച്ചുകൊണ്ടു വരൂ.. ഇവളെ ഈ അവസ്ഥയില് ഹോസ്പിറ്റലിലോട്ട് കൊണ്ടുപോണത് റിസ്ക് ആണ്.. ഇവളെ ഞാൻ ശ്രദ്ധിച്ചോളാം.." ശ്രീരാഗ് അച്ഛയെ നോക്കി ഉച്ചത്തിൽ പറഞ്ഞു. നിർദ്ദേശമനുസരിച്ച് അച്ഛ ധൃതിയിൽ പുറത്തേക്ക് നടന്നു.. പിന്നാലെ അമ്മയും പോയി..

"ഗീതു... കണ്ണ് തുറന്നെ.. ഞാനാടി.. ശ്രീയേട്ടനാ..." കേട്ടിട്ടും വലിയ കുലുക്കമൊന്നുമുണ്ടായില്ല. അവന്റെ കൈകളിൽ നിന്നും തന്നെ സ്വാതന്ത്രമാക്കുവാനുള്ള പരിശ്രമത്തിലാണ് അവൾ.. പെട്ടന്നവളുടെ കൂട്ടിപ്പിടിച്ച ചുണ്ടുകളിൽ നിന്നും ചോര ഒലിച്ചിറങ്ങുവാൻ.. അവനൊന്ന് പതറി.. കീഴ്ച്ചുണ്ടമർത്തിക്കടിക്കുകയാണവൾ.. ചുണ്ട് പൊട്ടി ചോരയൊലിക്കുന്ന "എടിയേ..." കൈകൊണ്ട് ആവുന്നത്ര തടഞ്ഞുവെങ്കിലും പല്ലുകൾ കീഴ്ച്ചുണ്ടിൽ നിന്നും പിടി വിട്ടില്ല.. തടയുമ്പോൾ മുറിവിന്റെ ആഴം കൂടുതൽ സങ്കീർണ്ണമാവുന്നത് പോലെ.. ഒടുവിൽ പെണ്ണൊന്നടങ്ങി.. അവളുടെ ശരീരം പയ്യെ തളരുന്നതവൻ അറിഞ്ഞു. കടിച്ചു പൊട്ടിച്ച ചുണ്ടിൽ നിന്നും ഒളിച്ചിറ്റുന്ന ചോരയിൽ നീരും നോവും ഒഴുകുന്നുണ്ടാവണം.. പ്രേതചിത്രം പോലെ തോന്നിച്ച പെണ്ണിന്റെ മുഖം കണ്ട് അവന്റെ നെഞ്ച് കലങ്ങി.. കണ്ണീരിന്റെ കനം കൊണ്ട് തലയവൻ പെണ്ണിന്റെ മടിയിലേക്ക് ചായ്ച്ചു.. "നിന്റെയീ ചങ്കില് മുഴുവൻ ഞാനാ.. അല്ലേടീ..?" തലയുയർത്തി കണ്ണുകളടച്ചിരിക്കുന്നവളുടെ മുഖത്തേക്ക് നോക്കി..

മറുപടിയുണ്ടായില്ല.. പകരം ചുണ്ടിൽ നിന്നും ഒരുതുള്ളി ചോരയിറ്റി അവന്റെ നെറ്റിയിലേക്ക് പതിഞ്ഞു... അവളുടെ മടിയിലങ്ങനെ എത്രനേരം കിടന്നുവെന്നറിയില്ല.. പുറത്തു നിന്നും അച്ഛയുടെ ശബ്‌ദം കേട്ടാണ് ചാടിയെണീറ്റത്.. എണീക്കുമ്പോൾ അവളെന്തോ പിറുപിറുത്തു.. അവസാനത്തെ ശ്രീയേട്ടാ എന്ന വിളി മാത്രമവൻ അവ്യക്തമായി കേട്ടു.. അവളെ കൈകളിൽ പൊക്കിയെടുത്ത് കട്ടിലിൽ കൊണ്ടുപോയി കിടത്തുമ്പോഴാണ് ഡോക്ടറുമായി അച്ഛയും അമ്മയും എത്തിയത്.. "നിങ്ങളെല്ലാവരും പുറത്തോട്ട് നിന്നോളൂ.." ഡോക്ടറിന്റെ നിർദ്ദേശപ്രകാരം എല്ലാവരും മുറിക്ക്‌ പുറത്തേക്ക് പോയി.. പുറത്തേ ചുവരിൽ ചാരിയങ്ങനെ നിൽക്കുമ്പോഴാണ് മുറിയിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നത്.. "കുഴപ്പമൊന്നുമില്ല.. ഇൻജെക്ഷൻ കൊടുത്ത് ഉറക്കിയിരിക്കുകയാണ്. പക്ഷെ എനിക്ക് മനസ്സിലാവാത്തത് കഴിഞ്ഞ അഞ്ചു വർഷമായി കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ.. അവൾ ഓക്കേ ആയതല്ലേ.. പിന്നെ പെട്ടെന്ന് വീണ്ടുമിങ്ങനെ സംഭവിക്കാൻ എന്താ കാരണം..?"

ഡോക്ടർ അച്ഛയോടായി ചോദിച്ചപ്പോൾ അച്ഛയുടെയും അമ്മയുടെയും കണ്ണുകൾ ശ്രീരാഗിലേക്ക് വന്നു.. തല താണുപോയി.. "ഇത്...?" ഡോക്ടർ ശ്രീരാഗിനെ ചൂണ്ടിക്കൊണ്ട് ആരെന്നറിയാൻ അച്ഛയെ നോക്കി. "ഇതാണ് അവളുടെ ശ്രീയേട്ടൻ...." അച്ഛ പറഞ്ഞതും കൗതുകത്തോടെ ഡോക്ടർ ശ്രീരാഗിനെ നോക്കി. "അപ്പൊ തന്റെ വരവാണ് അവളുടെ ഇപ്പഴത്തെ ഈ അവസ്ഥക്ക് കാരണം ല്ലേ...?" ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ തിരിച്ചു ചിരിക്കാൻ ശ്രമിച്ചെങ്കിലും ചുണ്ടുകൾ വിസമ്മതിച്ചു. "ഇയാളോട് എല്ലാ കഥകളും പറഞ്ഞോ?" അച്ഛയെ നോക്കിക്കൊണ്ട് ഡോക്ടർ ചോദിച്ചു. "ഞാനെല്ലാം അറിയിച്ചു..." അച്ഛ മറുപടി പറഞ്ഞു. ഡോക്ടർ ശ്രീരാഗിനെ നോക്കി... "മിസ്റ്റർ ശ്രീരാഗ്.. താങ്കളിപ്പോ...." ഡോക്ടറുടെ ചോദ്യങ്ങൾക്ക് കാക്കാതെ ബാംഗ്ലൂരിൽ നിന്നും തിരിച്ചു വരാനുണ്ടായ സാഹചര്യം മുഴുവൻ ശ്രീരാഗ് നിന്ന നിൽപ്പിനു വിശദീകരിച്ചു.

ഡോക്ടറുടെ മൂർച്ചയേറിയ ചോദ്യങ്ങളാൽ മുറിപ്പെടാതിരിക്കാനായിരുന്നു അത്.. "അപ്പൊ.. അങ്ങനെയൊക്കെയാണ് കാര്യങ്ങള്.. എങ്കിൽ ഞാനൊരു ഉപായം പറയട്ടെ? താങ്കൾക്ക് ഗീതുവിനെ സ്വീകരിച്ചുകൂടെ?" ഡോക്ടറുടെ ചോദ്യം ഓർക്കാപ്പുറത്ത് തലക്കടിയേറ്റവനെ പോലെ ശ്രീരാഗ് ഒരക്ഷരം ഉരിയാടാനാവാതെ തറഞ്ഞു നിന്നു.. "അല്ല.. അവൾക്ക് വേറൊരു കല്യാണം..." അച്ഛ പറയാൻ വന്നതും ഡോക്ടർ ഇടയ്ക്കു കയറി. "മറ്റൊരു കല്യാണം കഴിച്ചാലും അവളെ ഈയൊരു അവസ്ഥയില് നിന്നും രക്ഷിക്കാനാവില്ല.. ഒരുപക്ഷെ അത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ സാധ്യതയുള്ളൂ.. അവളുടെ അസുഖം ശ്രീരാഗാണ്.. അതിനുള്ള മരുന്നും ഇവൻ തന്നെയാണ്... ഇവന് മാത്രമേ അവളുടെ മനസ്സിനെ നിയന്ത്രിക്കാനും മുന്നോട്ട് നടത്താനും ആവുകയുള്ളു.. ശ്രീരാഗിന് വിരോധമില്ലെങ്കിൽ ഗീതുവിനെ സ്വീകരിച്ചുകൂടെ?"

ഡോക്ടറുടെ ചോദ്യം.. ശ്രീരാഗിന് തല പെരുത്തു കയറുന്നത് പോലെ തോന്നി.... "ഇങ്ങനെയേ എന്റെ മോൾടെ അസുഖം മാറൂന്നാണെങ്കി എനിക്കും വിരോധമൊന്നുമില്ല.." അച്ഛയുടെയും വാക്കുകൾ.. ശ്രീരാഗ് ഒന്ന് വിയർത്തു.. കണ്ണുകളിൽ ഇരുട്ട് തിങ്ങിതുടങ്ങുന്നതായി തോന്നി അവന്.. "ശ്രീരാഗ് എന്താ ഒന്നും മിണ്ടാത്തത്..?" ഡോക്ടറുടെ ചോദ്യം കേട്ട് ഡോക്ടറെ ഒന്ന് നോക്കി.. "അത്... ഇത് ശരിയാവില്ല.. ഇത്.. നടക്കില്ല...." ശ്രീരാഗ് ഇല്ലെന്ന് തലയാട്ടിക്കൊണ്ട് പറഞ്ഞു. ദേഹമാകെ വിയത്തൊലിച്ചു.. "വൈ..? ഗീതുവിനെ ഭാര്യയായി കാണാൻ സാധിക്കാഞ്ഞിട്ടാണോ?" അല്ലെന്ന് തലയാട്ടി... ഇനിയും അവളുടെ സ്നേഹം കാണാതെ പോയാൽ അത് ക്രൂരതയാണെന്ന് ഇതിനോടകം അവൻ മനസ്സിലാക്കിയതാണ്. ഓർമ്മകളുടെ മാളികയിലേക്ക് തിരിഞ്ഞു നടന്നപ്പോഴേ ആ പെണ്ണവന്റെ മനസ്സിൽ പൂവിട്ടു കഴിഞ്ഞതുമാണ്..

പക്ഷെ പ്രശ്നമതല്ല.. "പിന്നെ അവളെ കല്യാണം കഴിക്കാൻ ശ്രീരാഗിന് മറ്റെന്തെങ്കിലും തടസമുണ്ടോ?" മറുപടി പറഞ്ഞില്ല.. അവന്റെ കാഴ്ച മങ്ങി തുടങ്ങിയിരുന്നു... "ആ തടസ്സം ആരതിയാണോ?" അച്ഛയുടെ ചോദ്യം.. അല്ലെന്ന് പതുക്കെ തലയനക്കി.. "പിന്നെ.. പിന്നാരാണ് ഇതിന് തടസം...?" ചോദ്യം ആരുടേതാണെന്നറിയാൻ പറ്റിയില്ല.. കാരണം അവന്റെ കാഴ്ചയെ ഇരുട്ടു മൂടിയിരുന്നു.. അവന്റെ മറുപടി കാത്തുള്ള ഏതാനും നിമിഷങ്ങൾ.. ചുരുങ്ങിയ നിമിഷങ്ങളിലെ നിശബ്‌ദതയെ കൊന്നു തള്ളിക്കൊണ്ട്, അവരെ മൂവരെയും അപ്രതീക്ഷിതമായി ഞെട്ടിച്ചുകൊണ്ട്, അവൻ ബോധരഹിതനായി കുഴഞ്ഞുവീണു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story