ശ്രീരാഗം 💌 : ഭാഗം 11

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

പകച്ചുകൊണ്ട് നിൽക്കുവാൻ ദേവമ്മക്കും അച്ഛക്കും ഡോക്ടർക്കും രണ്ടു നിമിഷമേ വേണ്ടി വന്നുള്ളൂ.. പെട്ടെന്നവർ ശ്രീരാഗിനെ താങ്ങിയെടുത്ത് തൂണിലേക്ക് ചാരിയിരുത്തി.. "എന്താ പെട്ടന്നിങ്ങനെ പറ്റിയത്..?" ഡോക്ടർ ആരോടെന്നില്ലാതെ ചോദിച്ചു.. അച്ഛയും ദേവമ്മയും ചോദിക്കാൻ തുടങ്ങിയതും അതേ ചോദ്യം തന്നെയായിരുന്നു.. എന്തേ പെട്ടന്നിങ്ങനെ പറ്റാൻ..? "പ്രെഷറിന്റെ പ്രശ്നമാണോ?" അച്ഛയും ആരോടെന്നില്ലാതെ ചോദിച്ചു.. കുറച്ചു നിമിഷങ്ങളുടെ നിശബ്ദതക്ക്‌ ശേഷം ശ്രീരാഗിന്റെ പുരികങ്ങൾ ചുളിഞ്ഞു വന്നു.. അവൻ പതിയെ കണ്ണുകൾ തുറന്നു.. "വെള്ളം......" ചുണ്ടുകൾ നേരിയ ശബ്ദത്തിൽ മന്ത്രിച്ചു. ദേവമ്മ കുറച്ച് വെള്ളമെടുക്കുവാൻ അടുക്കളയിലേക്കോടി.. ഒരു ഗ്ലാസിൽ വെള്ളവുമായി തിരിച്ചു വരുമ്പോൾ ഗീതുവിന്റെ മുറിയിലേക്കൊന്ന് തലയിട്ടു നോക്കി.. അവളപ്പോഴും മയക്കത്തിലായിരുന്നു..

ദേവമ്മ കൊണ്ടുവന്നു തന്ന വെള്ളമവൻ വെപ്രാളത്തോടെ കുടിച്ച ശേഷം അവനൊന്ന് നെടുവീർപ്പിട്ടു. ദേവമ്മയുടെയും അച്ഛയുടെയും ഡോക്ടറുടെയും മുഖത്ത് തങ്ങി നിൽക്കുന്ന നിശബ്ദതയിൽ നിന്നും തന്നെ അവരുടെ മനസ്സിൽ തളം കെട്ടി വിമ്മിഷ്ടപ്പെടുന്ന ചോദ്യങ്ങളുടെ നീണ്ട നിര അവൻ മനസ്സിൽ കണ്ടു.. ആരും ഒന്നും ചോദിച്ചില്ല.. പക്ഷെ ആ മൗനം തന്നെ വലിയൊരു ചോദ്യം ആയിരുന്നു.. "ഇപ്പോ ഇങ്ങനെ വീഴാൻ കാരണം..?" കുറച്ചു നേരത്തെ നിശബ്‌ദതയെ ചവിട്ടി മെതിച്ച് ഡോക്ടറുടെ ചോദ്യം.. ശ്രീരാഗ് ഒന്ന് വിയർത്തു.. മുഖത്തെ വിയർപ്പ് തുടച്ചു മാറ്റിക്കൊണ്ടവൻ പറയാൻ ആരംഭിച്ചു.. "ആക്‌സിഡന്റ് ആയിട്ട് ആരതി ഉപേക്ഷിച്ചു പോയശേഷം അവളുടെ കൂട്ടുകാരി എഴുന്നേൽക്കാൻ വയ്യാത്ത എന്നെ ഒരു ഹോസ്പിറ്റലിന് കയ്മാറിയ കാര്യം പറഞ്ഞിരുന്നില്ലേ.. പിന്നീടങ്ങോട്ട് ആറേഴ്‌ കൊല്ലത്തോളം അവിടെയായിരുന്നു.

. ഒരുപാട് തവണ ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും കരുതിയതാണ്.. പക്ഷെ ജീവിതമവസാനിപ്പിക്കാൻ പോലും കൈകളുയർത്തുവാൻ പറ്റാത്ത അവസ്ഥയായിരുന്നു.. പതിയെ പതിയെ ദേഹമനങ്ങി തുടങ്ങി... കൈകൾ ചലിച്ചു.. പിന്നീട് കാലുകൾ.. പയ്യെ ജീവിതത്തിലേക്ക് കാലുവച്ചു നടന്നപ്പോൾ അത് വെച്ചുനീട്ടിയത് പ്രതീക്ഷകളായിരുന്നു.. ഉണങ്ങിയ മുറിവുകൾക്ക് ശമനം സംഭവിച്ചിട്ടില്ലെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരണം എന്നൊരു വാശിയുണ്ടായിരുന്നു ഉള്ളിൽ.. എന്റെ വാശി അവിടെ വിജയിച്ചു.. അല്ല.. വിജയിച്ചു എന്ന് ഞാൻ തെറ്റിദ്ധരിച്ചു.... പൂർണ സ്ഥിതിയിലെത്തി ഹോസ്പിറ്റൽ വിടാൻ നേരം ഞാൻ ഒന്ന് തല കറങ്ങി വീണു.. ആയിടെ കുറച്ചു നാളുകളായിട്ട് എനിക്ക് ഇടക്കിടക്കായി എനിക്ക് കലശലായ തലവേദനകളും ഉണ്ടാവാറുണ്ടായിരുന്നു. ഒരു തവണയോ മറ്റൊ മൂക്കിൽ നിന്നും ചോരയും പൊടിഞ്ഞിരുന്നു..

കാലവസ്ഥയുടെ പ്രശ്നം കൊണ്ടാവുമെന്ന് കരുതി ഞാൻ തന്നെ അവഗണിച്ചതായിരുന്നു അത്.. എന്നാൽ ഇത്തവണത്തെ തലകറക്കം കൂടിയായപ്പോൾ ഡോക്ടർസ് ചെക്കപ്പിന് കൊണ്ടുപോയി.. ആ ചെക്കപ്പിൽ നിന്നും അറിയാൻ കഴിഞ്ഞു എനിക്ക് ബ്രെയിൻ ട്യൂമർ ആണെന്ന്.. ദൈവത്തിന്റെ പരീക്ഷണം അവസാനിച്ചെന്ന് കരുതി കെട്ട പ്രതീക്ഷകളുടെ തിരി വീണ്ടും കത്തിച്ച എനിക്ക് കിട്ടിയ ഒരാടിയായിരുന്നു അത്.. ഇന്ന് മനസ്സിലാവുന്നുണ്ട്.. ഒരു പെണ്ണിന്റെ കണ്ണീര് കാണാഞ്ഞതിന് കിട്ടിയ ശിക്ഷയായിരുന്നു എന്ന്.. ബാക്കിയുള്ളത് ദിവസങ്ങളാണോ ആഴ്ചകളാണോ വർഷങ്ങളാണോ എന്നൊന്നും അറിയില്ല.. അവസാനമായി എല്ലാവരെയും നേരിൽ കണ്ട് സന്തോഷത്തോടെ മടങ്ങിയിട്ട് ബാംഗ്ലൂരിലെ അതേ ഹോസ്പിറ്റലിൽ വച്ചു തന്നെ എന്നുന്നേക്കുമായി ഈ ജീവിതത്തോട് വിട പറയാമെന്നു കരുതിയാണ് ഇവിടെക്കെത്തുന്നത്.. പക്ഷെ ഇവിടെയെത്തിയിട്ടും എന്നെ കാത്തിരുന്നത് വേദനകളാണ്.. ഗീതുവിനെ സ്വീകരിക്കാൻ മോഹമില്ലാഞ്ഞിട്ടല്ല..

പക്ഷെ അതിന് മുൻപേ മരണം എന്റെ അവകാശിയായി മാറിയിരിക്കുന്നു.. ദിവസങ്ങൾ കഴിയുംതോറും ഞാൻ മരണത്തിൽ ലയിച്ചു ലയിച്ച് ഒടുക്കം ഞാനില്ലാതാവും.. എന്നിൽ അവകാശവും അധികാരവുമുള്ളത് ഇനി മരണത്തിന് മാത്രമാണ്...... " ശ്രീരാഗ് പറഞ്ഞു നിർത്തി.. അമ്പരപ്പോടെ, ഒട്ടും വിശ്വാസം വരാതെ അവർ മൂവരും അവനെ തന്നെ നോക്കി നിന്നു.. നിമിഷങ്ങൾ കടന്നു പോയിട്ടും അവരാരും ഒന്നും മിണ്ടിയില്ല.. "ഇതൊന്നും നിങ്ങളെ അറിയിക്കരുത് എന്ന് നിശ്ചയിച്ചാണ് ഇവിടെയെത്തിയത്.. പക്ഷെ ഇനിയും നിങ്ങളറിഞ്ഞില്ലെങ്കിൽ കാര്യങ്ങള് കൂടുതൽ പ്രശ്നങ്ങളിലേക്കെത്തും.. പക്ഷെ ഒരു കാരണവശാലും ഇത് ഗീതുവറിയരുത്....." ആരും ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ശ്രീരാഗ് വീണ്ടും തുടർന്നു.. ദേവമ്മ ശ്രീരാഗ് വെള്ളം കുടിച്ച ഗ്ലാസ്സുമായി തിരിച്ചകത്തേക്ക് നടന്നു.. നടുവകത്തേക്ക്‌ പ്രവേശിച്ചതും തൊട്ടരികിൽ ചുവരിൽ ചാരി നിൽക്കുന്ന ഗീതുവിനെ കണ്ടൊന്ന് അമ്പരന്നു പോയി.. അവളെല്ലാം കേട്ടിരിക്കുന്നു..

കേട്ടത് വിശ്വസിക്കാനാവാതെ മുൾമുനയിൽ നിൽക്കുകയായിരുന്നു ആ പെണ്ണ്.. "മോളേ.. നീയിവിടെ എന്തെടുക്കുവാ..? നീയുറങ്ങുവായിരുന്നില്യേ?" അവളൊന്നും കേട്ടില്ലെന്ന് കരുതി അവളെ മുറിയിൽ കിടക്കുവാൻ വിളിച്ചു.. പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. ശ്രീരാഗ് പറഞ്ഞതെല്ലാം അവൾ കേട്ടുവെന്ന് ദേവമ്മക്കും ബോധ്യമായി. ദേവമ്മയുടെ സംസാരം കേട്ട് വെപ്രാളത്തോടെ ശ്രീരാഗ് അകത്തേക്ക് വന്നു നോക്കി.. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്നവനും മനസ്സിലായി.. പറ്റിയ അബദ്ധമോർത്ത് നെറ്റിയിൽ കൈവച്ചു.. ദേവമ്മ ഒരുപാട് വിളിച്ചിട്ടും അവൾ അനങ്ങുവാൻ കൂട്ടാക്കിയില്ല. കണ്ണുകൾ വിദൂരത്ത് തറച്ചിട്ടിരിക്കുകയായിരുന്നു.. കവിളിലൂടെ നിറഞ്ഞൊലിച്ച കണ്ണുനീരിനൊപ്പം ചുവരിലൂടെ അവളും നിലത്തേക്ക് ഊർന്നിറങ്ങി താഴെയിരുന്നു.. ഏറെ നേരം അവളാ ഇരിപ്പ് തുടർന്നു.. കണ്ണുകൾ നിറഞ്ഞു കലങ്ങുന്നതൊഴിച്ച് അവൾക്ക് മറ്റനക്കങ്ങളൊന്നുമില്ല.. ശ്രീരാഗ് അതേ നിൽപ്പും തുടർന്നു.. ഒടുക്കമവൻ അവൾക്കരികിൽ ചെന്നിരുന്നുകൊണ്ട് അവളുടെ പാതത്തിൽ കൈ വച്ചു.. തലതാഴ്ത്തി നിൽക്കുന്നവന്റെ മുഖത്തേക്കവൾ തലയുയർത്തി നോക്കി.. ദേഷ്യത്തോടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് കണ്ണുതുടച്ച് മുറിയിലേക്ക് നടന്നു പോയി..

പിന്നാലെ ശ്രീരാഗും ചെന്നു. അവൾ വീണ്ടും അസുഖം പിടിപ്പിക്കുമോ എന്ന് അച്ഛയും അമ്മയും ഭയന്നു.. "പേടിക്കണ്ട.. നാളുകളായി അവൾക്കുള്ളിൽ പുകയുന്ന അസുഖം ഇന്ന് എരിഞ്ഞു തീരും.. ഞാനിവിടെ തന്നെയുണ്ട്.. ഒരു കുഴപ്പവുമുണ്ടാവില്ല.." ഡോക്ടറാണ് ആശ്വസിപ്പിച്ചത്.. മുറിയിൽ കയറി പെണ്ണ് ധൃതിയിൽ വാതിലടക്കാൻ ശ്രമിച്ചതും പുറത്തു നിന്നവൻ വാതിലുന്തി തടഞ്ഞു.. മുഴുവൻ ശക്തിയും പുറത്തെടുത്തിട്ടും അവൻ വാതിൽ തള്ളി തുറന്നപ്പോൾ ഒടുക്കം പരാജയം സമ്മതിച്ച് ദേഷ്യത്തോടെ ജനലിനരികിലേക്ക് പോയി നിന്നു... പിന്നാലെയവനും ചെന്നു.. തോളിലൊന്ന് തൊട്ടു.. നോവ് താങ്ങാനാവാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. കണ്ണടച്ചപ്പോൾ രണ്ടു തുള്ളി കണ്ണീര് നിലം പതിച്ചു. "സോറി....." അവന്റെ മന്ത്രണം.. കാതുകളിലേക്ക് ഒഴുകിയെത്തി.... എങ്കിലും തിരിഞ്ഞു നോക്കിയില്ല..

കേട്ട സത്യങ്ങളെല്ലാം ഉള്ള് പുകച്ചുകൊണ്ടിരിക്കുകയായിരുന്നു... "ഇക്കണ്ട കാലമാത്രേം എന്നെയൊരു വിഡ്ഢിയാക്കി.. ഇപ്പഴും വന്നു.. വീണ്ടുമെന്നെ വിഡ്ഢിയാക്കാൻ.. മതിയായില്ലേ നിങ്ങൾക്ക്.. എന്നെയിങ്ങനെ നോവിച്ചു മതിയായില്ലേ...." മുഖത്തേക്ക് നോക്കാൻ ആവുമായിരുന്നില്ല.. തിരിഞ്ഞു നിന്നുകൊണ്ട് തന്നെ അത്രയും പാടുപെട്ട് പറഞ്ഞൊപ്പിച്ച ശേഷം ഒന്ന് നിശ്വസിച്ചു.. ബലം പിടിച്ചുകൊണ്ടവൻ അവളെ തിരിച്ചു നിർത്തി.. തിരിക്കുന്നതിനിടെ ഒരു മാത്രയിൽ അവളവന്റെ തളർന്ന മുഖം കണ്ടു.. "അറിഞ്ഞുകൊണ്ട് നിന്നെ ഞാൻ വിഡ്ഢിയാക്കാൻ ശ്രമിച്ചിട്ടില്ല പെണ്ണേ.. ഒരുപക്ഷെ ആരതി എന്റെ ജീവിതത്തിലോട്ട് വീണ്ടും കടന്നു വരുന്നതിന് മുന്നേ തന്നെ നീ നിന്റെ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് നടന്ന ഇഷ്ടം ഞാനറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നിന്നെയങ്ങ് കെട്ടിയേനെ.. എങ്കിൽ ഇന്ന് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു... ദിവസങ്ങൾ എണ്ണപ്പെട്ടപ്പോൾ നിന്നെയൊക്കെ അവസാനമായിട്ടെങ്കിലും കാണാൻ വേണ്ടി ഇവിടേക്ക് എത്തിയ ഞാനറിയുന്നത്

നിന്റെ ഇഷ്ടത്തെ പറ്റിയാ.. എനിക്ക് വേണ്ടി കാത്തിരിക്കുന്ന നിന്നെ പറ്റിയാ.. നിന്റെ കല്യാണം ഉറപ്പിക്കാൻ പോകുവാണെന്നതു കൊണ്ടോ ഒരു രണ്ടാംകെട്ടുകാരൻ നിനക്ക് ചേരില്ല എന്ന പഴമ്പുരാണം കൊണ്ടോ ഒന്നുമല്ല നിന്നെ ഞാൻ വേണ്ടെന്ന് വച്ചത്.. എന്റെ മരണം അടുത്തതുകൊണ്ടാ... അത് പിന്നെ നിനക്ക് വലിയൊരു ഷോക്ക് തന്നേക്കുമെന്ന് അറിഞ്ഞതുകൊണ്ടാ.. അതുകൊണ്ട് തന്നെയാ ആരതി പോയ കാര്യം നിന്നെ അറിയിക്കാഞ്ഞത്.. അല്ലാതെ നിന്നെയൊരു വിഡ്ഢിയാക്കാനല്ല.. നിന്റെ ജീവിതം ഞാൻ കാരണമാണ് ഈവിധത്തിലായതെന്ന് എനിക്കറിയാം.. അതിന് നീ തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയാറാണ്..." ശ്രീരാഗ് പതുക്കെ പറഞ്ഞു നിർത്തി.. അവന്റെ കണ്ണുകളും കലങ്ങിയിരുന്നു.. പക്ഷെ അവളപ്പോൾ അവനെ ശിക്ഷിക്കുവാനുള്ള തീരുമാനത്തിലായിരുന്നു.. സ്നേഹം കൊണ്ട് മുറിവേൽക്കപ്പെട്ടവനെ സ്നേഹം കൊണ്ട് മുറിവേൽക്കപ്പെട്ടവൾ ശിക്ഷിക്കുവാനായി മുന്നോട്ട് നീങ്ങി..

അവൾ എന്താണ് ചെയ്യാൻ പോകുന്നതെന്നവന്റെ മനസ്സിലൊരു ചോദ്യം ഉണരുന്നതിന് മുൻപേ അവളവന്റെ ചുണ്ടിൽ ചുണ്ടുകൾ അമർത്തി.. ദേഷ്യത്തോടെ, പകയോടെ, പിടച്ചിലോടെ, പൊള്ളലോടെ, പ്രേമപൂർവ്വം.... നിനച്ചിരിക്കാതെ തലക്കടിയേറ്റവനെ പോലെ അവനൊന്ന് അമ്പരന്നു നിന്നു.. വെപ്രാലപ്പെട്ടുകൊണ്ടവളെ തള്ളി മാറ്റാൻ ശ്രമിക്കുന്നതിന് മുന്നേ അവളവന്റെ തലയ്ക്കു പിറകിലായി കൈകൾ ഇറുക്കി വച്ചിരുന്നു.. അവളിൽ നിന്നും മോചിതനാകുവാൻ ശ്രമിച്ചപ്പോൾ പെണ്ണിന്റെ പല്ലുകൾ അവന്റെ കീഴ്ച്ചുണ്ടിലാഴ്ന്നു.. ചോര പൊടിഞ്ഞു.. അതിൽ അവളുടെ നോവുകൾ അലിഞ്ഞില്ലാതായി.. വർഷങ്ങളായി അവൾ തടയിട്ടുവച്ച കിനാക്കൾ അവന് മീതെ കുരുക്കിട്ടു.. ആ വലയത്തിനുള്ളിൽ അവൻ നിസ്സഹായനായി നിന്നു, ആ പെണ്ണിന്റെ ഒടുങ്ങാത്ത പ്രേമത്തിന് മുന്നിൽ തോറ്റുകൊണ്ട്....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story