ശ്രീരാഗം 💌 : ഭാഗം 12

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

ഒടുവിൽ കൂടുതൽ ബലം പ്രയോഗിച്ചുകൊണ്ടവൻ ആ പെണ്ണിനെ പിന്നിലേക്ക് തള്ളിമാറ്റി.. ചുണ്ടുകൾ തമ്മിൽ വേർപിരിഞ്ഞു. വിറയാർന്ന മുഖത്തോടെയവൻ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, ഒഴുകുന്നത് പ്രേമമാണ്.. ചുണ്ടുകളിൽ നിന്നും ചോരയും താടിത്തുമ്പിലേക്കൊഴുകുന്നത് കണ്ടു.. അവളുടെയല്ല.. അവന്റെ.. എന്തോ വലിയൊരു തെറ്റ് സംഭവിച്ചത് പോലെയവൻ തലയാട്ടി.. ശേഷം അവൾക്ക് മുഖം കൊടുക്കാതെ ധൃതിപ്പെട്ട് നടന്നകലാനായി തിരിഞ്ഞതും വലത്തേ കയ്യില് അവളുടെ പിടി വീണു.. തിരിഞ്ഞു നോക്കാതെയും മുന്നോട്ട് നടക്കാനാവാതെയും അവൻ നിശ്ചലനായി നിന്നു.. "ഈ നിമിഷം.. ഈ ഒരൊറ്റ നിമിഷം.. അത് മാത്രം മതിയെനിക്ക്.. അതെനിക്ക് തന്നൂടെ..?" പിന്നിൽ നിന്നും കേട്ട ചോദ്യം കണ്ണു നിറയിച്ചു.. അവളെ കണ്ടില്ലെങ്കിലും ആ നേരം അവളുടെ മുഖം എങ്ങനെയുണ്ടായിരിക്കുമെന്ന് മനസ്സിൽ ഊഹിച്ചു.. എന്തുവേണമെന്നറിയാതെ തല കുനിച്ചു നിന്നു..

ഒടുക്കം അവൾക്ക് നേരെ തിരിഞ്ഞ് ആ പെണ്ണിനെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് ഞെരിക്കും വിധം പുണർന്നു.. അവന്റെ കൈകുരുക്കിലമർന്നപ്പോൾ അവളൊന്നു തുള്ളി.. ദീർഘമായൊന്നു നിശ്വസിച്ചുകൊണ്ടവൻ ഒന്ന് പുഞ്ചിരിച്ചു.. കാലങ്ങൾക്ക് ശേഷം അവന്റെ ചുണ്ടുകളിൽ ആത്മാർത്ഥമായ ഒരു മന്ദാഹാസം വിരിഞ്ഞു.. പെണ്ണിന്റെ തുള്ളൽ മനസ്സിലാക്കിക്കൊണ്ട് തന്നെയവൻ പിടിയൽപ്പം അഴച്ചു.. അവളൊന്ന് ശ്വാസം പുറത്തേക്കു വിട്ടു. എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. മുഖമവളുടെ തോളിൽ പൂഴ്ത്തിയിരുന്നു. അപ്പോൾ അവന്റെ ചുണ്ടുകളും മീശയും താടിയും അവളുടെ തോളിൽ അമർന്നിരുന്നു. നേരം കടന്നു പോയപ്പോൾ അവനാണ് ആദ്യം അവളിൽ നിന്നും അടർന്നു മാറിയത്. അവനവളുടെ കണ്ണുകളിലേക്ക് സ്നേഹപൂർവ്വം നോക്കി നിന്നു.. അവളുടെ മുഖം കൈകളിലെടുത്ത് ചുണ്ടുകളിലും താടിയിലുമായി പതിഞ്ഞ ചോര കൈകൊണ്ട് തുടച്ചു മാറ്റി.. "ന്റെ ഓർമ്മയില് സൂക്ഷിക്കാൻ ഈയൊരൊറ്റ നിമിഷം മാത്രം മതിയെനിക്ക്..

ഈയൊരൊറ്റ നിമിഷം കൊണ്ട് മാത്രം ഈ ജന്മം മുഴുവൻ എനിക്ക് ജീവിച്ചു തീർക്കാനാവും.." ശ്രീരാഗിന്റെ ചുണ്ടത്തെ മുറിവ് തന്റെ ശാളുകൊണ്ടവൾ ഒപ്പിക്കൊണ്ട് പറഞ്ഞു.. "വൈകിപ്പോയി.. ഞാനൊരുപാട് വൈകിപ്പോയി... ഇനി തിരിച്ചു പിടിക്കാനാവാത്ത വിധം സമയം എന്നിൽ നിന്നും ദൂരേക്ക് പോയിരിക്കുന്നു.." അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. "ശ്രീയേട്ടന് ഒന്നും സംഭവിക്കില്ല്യ..." അത്രമാത്രം പറഞ്ഞുകൊണ്ടവൾ വീണ്ടും അവന്റെ നെഞ്ചില് വന്നൊട്ടി.. ഇത്തവണ അവൻ അവളെ ചേർത്തുവെക്കുവാൻ കൈകളുയർത്തിയില്ല.. കണ്ണുകൾ മുന്നിൽ തുറന്നിട്ട ജനലുകൾ കടന്ന് മുറ്റത്തേക്ക് വീണു കിടക്കുകയായിരുന്നു. മനസിന്റെ ഉള്ളിലൊരു വലിയ കലാപം തുടങ്ങുകയായിരുന്നു. പ്രണയവും മരണവും തമ്മിലൊരു കലാപം.. രണ്ടുപേർക്കും ആ യുദ്ധത്തിൽ വിജയിക്കണമായിരുന്നു.. ഇഞ്ചോടിഞ്ചു പോരാട്ടം അവന്റെ നെഞ്ചിനേയും നോവിപ്പിച്ചു തുടങ്ങിയിരുന്നു.. "ഞാ.. ഞാൻ മരിച്ചോണ്ടിരിക്കുവാ..."

പതറിക്കൊണ്ടവളുടെ കാതോരം മന്ത്രിച്ചു.. "തൊട്ടടുത്ത നിമിഷം ഞാനും...." മറുപടി കേട്ട് ഞെട്ടിക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി അരുതെന്ന് തലയാട്ടി... "ഇത്രേം കാലം ശ്രീയേട്ടൻ എന്നെയിതുപോലെ ചേർത്തിരിക്കുന്ന രംഗം കിനാവ് കണ്ടാ ഞാൻ ജീവിച്ചത്.. ഇനിയെനിക്ക് മരിക്കാൻ പേടിയില്ല ശ്രീയേട്ടാ..." അവനെ കൂടുതൽ ഇറുക്കിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞു.. "ഞാൻ മരിച്ചാ നിനക്ക് സഹിക്കാനാവില്ല.. നീ വല്ല അസുഖവും വരുത്തി വെക്കും.. നിന്റെ അച്ഛയും അമ്മയും പാവങ്ങളാണ്. അവർക്ക് നീയേ ഉള്ളു.." ശ്രീരാഗ് ഇതൊന്നും ശരിയല്ലെന്ന രീതിയിൽ തലയാട്ടി. "പക്ഷെ ശ്രീയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിക്ക് എന്റെ മരണത്തെ തടഞ്ഞു നിർത്താനാവില്ല..." മറുപടി കേട്ട് ശ്രീരാഗ് ആശയക്കുഴപ്പത്തിലായി. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.. "ന്നേ ഒന്നെടുക്കുവോ ശ്രീയേട്ടാ..? പണ്ട് ആരതിയെ എടുത്ത പോലെ..? എടുത്ത് കറക്കീട്ട് ഒടുക്കം കൊച്ചു കുഞ്ഞിനെ പോലെ ചേർത്ത് വെക്കുവോ?" അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചു..

ചങ്ങലക്കിട്ട് വച്ച ആഗ്രഹങ്ങളെല്ലാം ചങ്ങല പൊട്ടിച്ചെറിഞ്ഞ് അവളിൽ പെയ്തു തുടങ്ങുകയാണെന്നവന് മനസ്സിലായി.. ഇത്രകാലവും വേലി കെട്ടി തടവിലാക്കിയ സ്നേഹം ഒരു നിമിഷം കൊണ്ട് വേലിക്കെട്ടുകൾ പൊളിച്ചെറിഞ്ഞ് അവനിലേക്കൊഴുകുകയാണ്. "ഞാൻ കണ്ടിരുന്നു.. ഒരിക്കെ നിങ്ങടേം ആരതിയുടെയും കല്യാണസമയത്ത് അവിടുത്തെ അമ്മ മുറിയിൽ നിന്നും നിങ്ങളെ രണ്ടുപേരേം കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞയച്ചപ്പോ.. ശ്രീയേട്ടൻ ആരതിയെ പൊക്കിയെടുത്ത് കറക്കി....." പെണ്ണിനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ വെപ്രാളത്തോടെ അവളുടെ വായ പൊത്തിയിട്ട് വേണ്ടെന്ന് തലയാട്ടി.. അവളവന്റെ കൈകളെ മെല്ലെ പിടിച്ചു മാറ്റിയിട്ട് പുഞ്ചിരിച്ചു.. "പേടിക്കണ്ട.. അതിനു ശേഷം സംഭവിച്ചതൊന്നും ഞാൻ കണ്ടിട്ടില്ല.. കണ്ടുനിക്കാൻ നിക്കാവില്ലായിരുന്നു.. അതിനു മുൻപേ ഞാൻ അമ്മേടെ അടുത്തേക്ക് തിരിച്ചു പോയിരുന്നു...." അവൾ വീണ്ടുമൊന്ന് പുഞ്ചിരിച്ചു.. മുമ്പത്തേക്കാൾ മനോഹരമായി.. മൂന്നാമതൊന്നാലോചിക്കാതെ അവനവളെ പൊക്കിയെടുത്തു ഉയർത്തി..

അവന്റെ ഇരു തോളിലും കൈകൾ വച്ചുകൊണ്ടവൾ കണ്ണുകളടച്ചു ചിരിച്ചു.. ഉള്ളിൽ തികട്ടിവന്ന ആഹ്ലാദത്തെ മറച്ചുപിടിക്കാൻ ആവുന്നുണ്ടായിരുന്നില്ല.. കാലമിത്രയും സ്വരുക്കൂട്ടി വച്ച കിനാക്കളത്രയും പൂക്കുമ്പോൾ അവൾ തരാളിതയാവാതെ മറ്റെന്താണ്..? അവനവളുടെ വയറ്റിൽ മുഖമമർത്തിക്കൊണ്ടവളെ ചുറ്റിത്തുടങ്ങിയിരുന്നു.. അവൾക്കുള്ളിലെ ആഹ്ലാദവും വെപ്രാളവും അവളുടെ വയറ്റിലൂടെ അവന് അനുഭവിക്കാമായിരുന്നു.. അതെല്ലാം പതിയെ അവനിലേക്കും പടർന്നു പിടിക്കുന്നുണ്ടായിരുന്നു... കണ്ണുകളടച്ച് മനോഹരമായി ചിരിക്കുന്നവളിൽ കണ്ണുകളുടക്കിയപ്പോൾ കറങ്ങുന്നതിനിടെ കട്ടിലിൽ കാല് തട്ടി ഇരുവരും കട്ടിലിലേക്ക് വീണു.. വെപ്രാളപ്പെട്ടുകൊണ്ട് പെണ്ണ് കണ്ണു തുറന്നപ്പോൾ അവൾക്ക് മീതെ അവനുണ്ടായിരുന്നു.. കുറേ നേരം കറങ്ങിയതിന്റെ ആഘാതം തലയിൽ ഉതിർത്തു വന്നപ്പോൾ അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്നു.. അവന് തല കറങ്ങുന്നത് പോലെ തോന്നി... തലയാകെ പൊളിഞ്ഞു വീഴുന്ന വേദന തോന്നിത്തുടങ്ങി..

അവനത് സാരമാക്കിയില്ല.. പെണ്ണിന്റെ കൊച്ചുകൊച്ചാഗ്രഹങ്ങളെ കാണാതെ പോയാൽ അതവളോട് ചെയ്യുന്ന വലിയ ക്രൂരതയാകുമെന്നവന് അറിയാമായിരുന്നു.. ഒരു വിരൽ ദൂരം പോലും തമ്മിൽ ഇല്ലാതായപ്പോൾ അവനൊന്ന് വിറച്ചു തുടങ്ങിയിരുന്നു. അത്ര നേരം വരെയും കണ്ണുകൾ അവളിൽ നിന്നും പറിച്ചു നാടുവാൻ ആയിരുന്നില്ല.. തലയൊന്നുകൂടി മിന്നിയപ്പോഴാണ് മരണത്തെയോർത്തത്.. ഉള്ളിൽ അവളോട് പൂത്ത തീവ്രമായ സ്നേഹത്തെ കടിച്ചമർത്തിക്കൊണ്ടവൻ അവളിൽ നിന്നും എഴുന്നേൽക്കാൻ ആരാഞ്ഞതും അവന്റെ കോളറിൽ പിടിച്ചവൾ അവനെ വീണ്ടും തന്നിലേക്കടുപ്പിച്ചതും ഒരുമിച്ചായിരുന്നു. "ശ്രീയേട്ടൻ ഓർക്കുന്നുണ്ടോ? ആരതിക്ക് മഴ നനയുന്നത് വല്യ ഇഷ്ടായിരുന്നു.. നിക്കും അതേ.. പക്ഷെ ന്റെ ഇഷ്ടം ശ്രീയേട്ടൻ കണ്ടിരുന്നില്ല്യാല്ലോ..." കേട്ടപ്പോൾ അവനൊന്നു പശ്ചാത്തപിച്ചു.. "ഒരീസം അവിടെ ഞാൻ മഴ തോരാൻ കാത്തു നിന്നപ്പോ ആരതിയെയും എടുത്തോണ്ട് മഴയത്തിറങ്ങി നനഞ്ഞതോർക്കുന്നുണ്ടോ...?" കേൾക്കുംതോറും അവന് ചങ്ക് പൊടിയുന്നത് പോലെ തോന്നി..

സഹിക്കാവാതെ അവൻ അവളുടെ വാ പൊത്തി പിടിച്ചു.. "ഗീതു.... ഓർമ്മകളെ വലിച്ചിറങ്ങി നീയെന്നെ നോവിപ്പിക്കുകയാണ്.. ഉണങ്ങിയ മുറിവിന്റെ പൊറ്റ പൊള്ളിയടർത്തുന്ന പോലെ എനിക്ക് നോവുന്നുണ്ട്...." ശ്രീയേട്ടന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടവൾ അവന്റെ കണ്ണുകളിലൊന്നിൽ മെല്ലെ മുത്തി.. മുറിയിലാകെ ഇരുട്ട് പടരുന്നത് കണ്ടപ്പോൾ അവനൊന്ന് ജനലിഴകളിലൂടെ പുറത്തേക്ക് കണ്ണു നട്ടു.. അന്തരീക്ഷം ഇരുണ്ടു തുടങ്ങുകയാണ്.. ആകാശമാകെ കരിനിറം വ്യാപിക്കുന്നത് കണ്ടു.. "മഴ പെയ്യാൻ പോവാ...." പെണ്ണിന്റെ മന്ത്രണം.. അവനവളെ തിരിച്ചു നോക്കി.. "വാ.. നനഞ്ഞേക്കാം..." കേട്ടതും അവളുടെ കണ്ണുകളിൽ ഒരു തിളക്കം.... അവളിൽ നിന്നെഴുന്നേറ്റുകൊണ്ടവൻ അവളുടെ കൈപിടിച്ചു പൊക്കിക്കൊണ്ട് അവളുമായി മുറിയുടെ പുറത്തേക്ക് നടന്നു..

നടുവകത്തെത്തിയപ്പോൾ ദേവമ്മയും അച്ഛയും സോഫയിൽ ഇരിക്കുന്നത് കണ്ടു.. ഡോക്ടറെ അവർ പറഞ്ഞു വിട്ടുവെന്ന് തോന്നുന്നു.. "എവിടെക്കാ...?" അച്ഛയുടെ ചോദ്യം.. "മഴ നനയാൻ..." പെണ്ണിന്റെ മറുപടി.. അവരെന്തെങ്കിലും മിണ്ടുന്നതിന് മുൻപേ അവർ മുറ്റത്തേക്കിറങ്ങി ചെന്നിരുന്നു.. അവരിറങ്ങുന്നതിന് മുന്നേ മഴയവരെ സ്വീകരിക്കാൻ എത്തിയിരുന്നു... അച്ഛയും അമ്മയും ആ പെണ്ണിന്റെ ആഹ്ലാദത്തെ നോക്കി നിന്നു.. അന്ന് പെയ്ത മഴയിൽ അവനവളെ ചേർത്ത് പിടിച്ച് പൊക്കിയുയർത്തി.. അവൾ ഇരുകൈകളും നീട്ടി മഴയെ അവളിലേക്ക് ആവാഹിച്ചിറക്കി.. അവളുടെ സന്തോഷത്തെ കൗതുകപൂർവം നോക്കി നിൽക്കുന്നതിനോടൊപ്പം വേദനിപ്പിക്കുന്ന ഒരു തീരുമാനവും ശ്രീരാഗ് മനസ്സിൽ ഉറപ്പിച്ചു വച്ചിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story