ശ്രീരാഗം 💌 : ഭാഗം 13

രചന: ആദിത്യൻ മേനോൻ
രാത്രി ഭക്ഷണം കഴിച്ച ശേഷം അടുക്കളയിലേക്കോടി ഒരു ടിഫിനിൽ ചോറും കുറച്ച് ഉള്ളി സാമ്പാറും പയറു തോരനും പപ്പടവും എടുത്തു വച്ചു.. തിരക്കിട്ട് ഇറങ്ങാൻ നേരം അമ്മയും അച്ഛയും ഉമ്മറത്തേ തിണ്ണയിൽ ഇരുന്ന് എന്തൊക്കെയോ പറയുകയായിരുന്നു.. മുറ്റത്തേക്കിറങ്ങി അവരെ ഇരുവരെയും നോക്കി.. അവരെന്താണ് പറയാൻ പോകുന്നതെന്നറിയാനായി നിൽക്കുമ്പോൾ മുഖത്ത് ഭവങ്ങളൊന്നുമില്ലായിരുന്നു.. "പോയിട്ട് വേഗം വന്നോണം.." അച്ഛ പറഞ്ഞു.. ഇത്തവണ എവിടേക്കാണെന്ന ചോദ്യം ഉണ്ടായിരുന്നില്ല.. ശ്രീയേട്ടന്റെ വീട്ടിലേക്കാണെന്ന് അവർക്കുറപ്പാണല്ലോ.. കേട്ടതും മുഖം തെളിഞ്ഞു.. ശരിയെന്നു തലയാട്ടിക്കൊണ്ട് ശ്രീയേട്ടന്റെ വീട് ലക്ഷ്യമാക്കി ഓടിപ്പോയി... ദൂരെ നിന്നും ഓടിത്തുള്ളി വരുന്നവളെ കണ്ട് വരാന്തയിൽ തൂണിനോട് ചാഞ്ഞു മാനം നോക്കിയിരുന്നവൻ കൗതുകത്തോടെ എഴുന്നേറ്റു.. "താനെന്താടോ ഈ നേരത്ത്..? ഞാനവിടുന്നിപ്പോ ഇങ്ങ് വന്നതല്ലേ ഉള്ളു.." പറഞ്ഞ് തീരുന്നതിനു മുന്നേ പെണ്ണ് അടുത്ത് വന്നെത്തി. "നിങ്ങളൊന്നും കഴിച്ചില്ലല്ലോ.."
കൈ പിടിച്ചുകൊണ്ടവൾ വരാന്തയിൽ ഇരുത്തി.. അനുസരണയോടെ അവിടെ ഇരുന്നുകൊണ്ട് കൗതുകത്തോടെ ആ പെണ്ണിനെ നോക്കി പുഞ്ചിരിച്ചു. അവളും ഇരുന്നു.. പാത്രം തുറന്ന് ഭക്ഷണങ്ങൾ മുന്നിലേക്ക് നീക്കി വച്ചു തന്നു. "എനിക്കിവിടെ ഒന്നും കഴിക്കാനില്ലെന്ന് നിനക്കെങ്ങനെ മനസ്സിലായി..?" അവളെ നോക്കിക്കൊണ്ട് ചോദിച്ചപ്പോൾ ചോറിലേക്ക് ഉള്ളി സാമ്പാർ ഒഴിക്കുന്നതിനിടെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "എനിക്ക് നിങ്ങളെ പണ്ടേ മനസ്സിലാവുമായിരുന്നു.. എന്നെ മനസ്സിലാക്കാതെ പോയത് നിങ്ങളല്ലേ..." മറുപടി കേട്ട് ഒന്ന് കുഴങ്ങിപ്പോയി.. "എനിക്ക് നിന്നെ ഇപ്പോഴും മനസ്സിലാവുന്നില്ല.." അതുവരെ കണ്ണുകളിലേക്ക് നോക്കാതിരുന്നവൾ ഇത്തവണയൊന്ന് നോക്കി.. കണ്ണുകളുടെ താഴ്‌വാരത്തിൽ പ്രളയം പൊട്ടിവീഴാൻ തുടങ്ങുകയായിരുന്നു... "ഇപ്പോഴും...?" പെണ്ണിന്റെ അവസാന ചോദ്യം. ഒന്ന് എഴുന്നേറ്റ് നിന്നു..
ശേഷം അവൾക്ക് പിന്നിലായി ചെന്നിരുന്ന് അവളെ തന്നിലേക്കടുപ്പിച്ചു.. അവളുടെ പിൻകഴുത്തിൽ മെല്ലെ ചുണ്ടമർത്തി.. "സത്യമായും എനിക്ക് നിന്നെ മനസ്സിലാവുന്നില്ല പെണ്ണേ.. നീയെന്നെ സ്നേഹിക്കുകയാണോ നോവിപ്പിക്കുകയാണോ എന്നെനിക്ക് മനസ്സിലാവുന്നില്ല.. എനിക്ക് നന്നായി നോവുന്നു.." അവളുടെ ഇടുപ്പിലൂടെ കൈവരിഞ്ഞുകൊണ്ട് പറഞ്ഞു.. "സ്നേഹമെന്ന് പറഞ്ഞാൽ നോവെന്നാണെന്ന് നിങ്ങൾക്കിതുവരെയും മനസ്സിലായില്ലേ..." "എങ്കിൽ ഈ നോവ് ഞാൻ ആസ്വദിക്കുന്നുണ്ട്.." അവളുടെ പിൻകഴുത്തിൽ മെല്ലെ മുത്തമിട്ടുകൊണ്ട് പറഞ്ഞു. അവൾ നെഞ്ചിലേക്ക് ചാരിക്കിടന്നു.. "കഴിക്കുന്നില്ലേ..?" "കുറച്ചു നേരം ഞാൻ നിന്നെയിങ്ങനെ പിടിച്ചോട്ടെ?" കേട്ടപ്പോൾ പെണ്ണിന്റെ കണ്ണും മനസും നിറഞ്ഞിരുന്നു.. സ്നേഹത്തോടെയവൾ അവന്റെ കവിളിൽ തലോടി..
"ഇനി എനിക്ക് നിന്റെ കൂടെയിങ്ങനെ ഇരിക്കാൻ പറ്റിയില്ലെങ്കിലോ..." ദീർഘമായി നിശ്വസിച്ചുകൊണ്ടവൻ പറഞ്ഞതു കേട്ട് കണ്ണ് കലങ്ങി. പ്രണയത്തിന്റെ മാന്ത്രികതകൊണ്ട് അവൾ പടുത്തുയർത്തിയ കൊട്ടാരത്തെ ചീട്ടുകൾ പോലെ യാഥാർഥ്യം പൊളിച്ചു വീഴ്ത്തുന്നത് കണ്ടവൾ കണ്ണുകൾ ഇറുക്കിയടച്ചു... "നിങ്ങൾക്കൊന്നും പറ്റില്ല..." അവൾ പിറുപിറുത്തപ്പോൾ അവന് മറുപടിയില്ലാതായി... "ഞാൻ കഴിക്കട്ടെ..." ഏറെനേരത്തെ നിശബ്‌ദതയെ കൊന്നുകൊണ്ടവൻ പറഞ്ഞു.. എഴുന്നേറ്റുകൊണ്ട് അപ്പുറത്തേക്ക് ചെന്നിരുന്നു.. അവനിൽ നിന്നടർന്നപ്പോൾ അവൾ നേരെയിരുന്നു. "താൻ കഴിച്ചോ?" അവന്റെ ചോദ്യത്തിന് മറുപടിയായി പുഞ്ചിരിച്ചുകൊണ്ട് കഴിച്ചെന്നു മൂളി. "മ്മ്....." അത്രമാത്രം.... ഭക്ഷണശേഷം കൈ കഴുകിക്കൊണ്ടവൻ വീണ്ടും വരാന്തയിൽ വന്നിരുന്നു.. എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ചിട്ടെന്ന പോലെ...
അവൾക്കരികിൽ ചെന്നിരുന്നുകൊണ്ട് അവളുടെ കൈകളിൽ കൈവച്ചു.. "എനിക്കൊരു കാര്യം പറയാനുണ്ട്...." "എന്താ ശ്രീയേട്ടാ?" തിടുക്കത്തോടെ അവനെ നോക്കി. "താൻ ശ്രദ്ധിച്ചു കേൾക്കണം.." അരികിലേക്ക് നീങ്ങിയിരുന്നുകൊണ്ടവൻ പറഞ്ഞപ്പോൾ ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ തലയാട്ടി.. "ഞാൻ നാളെ ബാംഗ്ലൂർക്ക് തിരിച്ചു പോവും...." കേട്ടപാടെ ഓർക്കാപ്പുറത്ത് തലക്കടി കിട്ടിയവളെ പോലെ ഒന്ന് പതറുന്നത് കണ്ടു.. പിന്നെ പിന്നെ കണ്ണുകളും ചുണ്ടുകളും വിറച്ചു വന്നു.. വേണ്ടെന്ന് തലയാട്ടിക്കൊണ്ട് കരയാൻ തുടങ്ങുന്നവളെ അവൻ പിൻകഴുത്തിൽ പിടിച്ചുകൊണ്ടു നെഞ്ചിലേക്കിട്ടു.. നെഞ്ചില് കിടന്നു വിറക്കുന്നവളെ അവൻ ഇരുകൈകളാലും അടക്കി പിടിച്ചു... "കരയാതെ.... ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്... കേക്കില്ലേ നീ....?" "പോണ്ടാ..... പോണ്ട ശ്രീയേട്ടാ...."
നെഞ്ചില് നിന്നും തലപൊക്കി അവനെ നോക്കി.. "അയ്യേ... ഇക്കണ്ട കാലമാത്രേം കരഞ്ഞു തീർത്തില്ലേ ഡീ.. ഇനി കരയല്ലേ...." അവൻ പറയുന്നതൊന്നും അവളുടെ മനസ്സിനെ തണുപ്പിച്ചിരുന്നില്ല..... "പോണ്ടാ.... ശ്രീയേട്ടൻ പോണ്ടാ..... ഞാൻ ശ്രീയേട്ടനെ വിടില്ല.... എന്നെ ഇനിയും വിട്ടിട്ട് പോവരുത്.... ഞാൻ മരിച്ചോവും ശ്രീയേട്ടാ...." അവന്റെ വാക്കുകളെ ചെവിയിലേക്കടുപ്പിക്കാതെയവൾ പറഞ്ഞുകൊണ്ടേയിരുന്നു... "ശ്രീയേട്ടൻ പോണ്ടാ..... പോണ്ടാ... പോവല്ലേ....." "നിനക്കെന്നെ വേണ്ടേ...? എന്നെ വേണ്ടേ?" ശ്രീയേട്ടന്റെ ചോദ്യം കേട്ട് വേണമെന്ന് തലയാട്ടി.. അവന്റെ കഴുത്തിനു പിന്നിലായി ഇരുകൈകളും ചേർത്ത് മുറുക്കി... "എങ്കിൽ കരച്ചിൽ നിർത്തിക്കെ... എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടേ...." ശ്രീയേട്ടന്റെ സ്നേഹത്തോടെയുള്ള വാക്കുകളിൽ വീണ് ശ്രീയേട്ടനെ കേൾക്കാനായി കരച്ചിൽ നിർത്തി... അവനവളുടെ മുഖം കൈകളിലെടുത്തു... "പേടിക്കണ്ട... ഇനി ഞാൻ നിന്റേത് മാത്രമായിരിക്കും...." പറഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. "എന്തിനാ പോണത്..?"
നേർത്ത ശബ്ദത്തിൽ ഒരു ചോദ്യം.. മറുപടി ഇല്ലാതായപ്പോൾ അത് വിളറിയ ശബ്ദത്തിലായി.. "പോവാതിരുന്നൂടെ?...." "ഞാൻ പോയിട്ടുടനെ തിരിച്ചു വരും..." അത് കേട്ടപ്പോൾ പെണ്ണൊന്നടങ്ങി.. "വരുവോ....?" "മ്മ്... ഉറപ്പ്...." "വാക്കാ?" "വാക്ക്....." "ഇനിയെന്തിനാ അവിടേക്ക് പോണത്...?" "പോയില്ലെങ്കിൽ ഞാൻ മരിച്ചു പോയേക്കും.." അവന്റെ മുഖത്തേക്കവൾ വേദനയോടെ നോക്കി... "അവസാനമായിട്ട് നിന്നേം ബാക്കിയെല്ലാവരേം ഇവിടെ വന്ന് കണ്ടിട്ട് തിരിച്ചു വരാം ന്ന് ഞാൻ വാശി പിടിച്ച് ഒടുക്കം എന്റെ വാശിക്ക് വഴങ്ങിയാ കുറച്ചു നാളത്തേക്കുള്ള മരുന്നുകൾ തന്ന് അവരെന്നെ ഇങ്ങോട്ട് വിട്ടത്.. ഇവിടെ വന്നപ്പോഴാണ് നിന്നെപ്പോലൊരു പൊട്ടിപ്പെണ്ണ് എനിക്ക് വേണ്ടി ജീവിക്കുന്നതറിഞ്ഞത്.. ഒരിക്കൽ അറിയാതെ വിട്ടുപോയ ഈ കൈകൾ ഇനി വിട്ടുകളയാൻ എനിക്ക് വയ്യ.. നാളെത്തന്നെ പോയിട്ട് ഡോക്ടറോട് പറയണം നാളെ തന്നെ എന്റെ ചികിത്സയൊക്കെ തുടങ്ങി സൂക്കേടൊക്കെ മാറ്റിത്തരാൻ..
എന്നെ കാത്ത് ഒരു പെണ്ണിവിടെ കണ്ണുനട്ടിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം എട്ടായെന്ന് പറഞ്ഞാൽ ഡോക്ടർ സഹായിക്കാതിരിക്കില്ല.." ശ്രീയേട്ടൻ പറഞ്ഞു.. "എങ്കിൽ.. ഞാനും കൂടെ വന്നോട്ടെ...?" പെണ്ണിന്റെ ചോദ്യം. വേണ്ടെന്നവൻ തല കുലുക്കി... "അത് ശരിയാവില്ല.. ഒരുപക്ഷെ ഞാനവിടെ കിടന്നു ചത്താലോ..?" പറഞ്ഞു തീർത്തതും അവളവന്റെ വായ പൊത്തി അരുതെന്ന് തലയാട്ടി. "എങ്കിൽ ഞാനും ചാവും.. ശ്രീയേട്ടന്റെ കണ്ണടയുന്നതിന് തൊട്ടു മുന്നേ ഞാൻ മരിച്ചിട്ടുണ്ടാവും...." അവൾ പറഞ്ഞു... "കാത്തിരിക്കാൻ നീയിവിടെ ഉണ്ടായാൽ എനിക്കങ്ങനെ മരിച്ചുപോവാൻ പറ്റുവോടീ?" പ്രതീക്ഷയറ്റവന്റെ അവസാനത്തെ അടവ്.. അതിലാ പെണ്ണ് അലിഞ്ഞു പോയി.. "എങ്കിൽ ഞാനിവിടെ കാത്തിരിക്കും.. പണ്ടത്തെ പോലെയല്ല.. ഇപ്പഴെനിക്ക് കാത്തിരിക്കാൻ ഒരു കാരണമുണ്ടല്ലോ...." അവളവന്റെ താടിത്തുമ്പത്ത് നാസികയമർത്തിക്കൊണ്ട് അവനെ ചാരി. "അഥവാ ഞാൻ മരിച്ചാലോ..?" അവൻ പിന്നെയും ഒന്ന് ചോദിച്ചു.. "ആ നിമിഷം ഞാനും മരിക്കും....." അവളവനെ കൂടുതൽ ഇറുക്കിക്കൊണ്ട് മറുപടി പറഞ്ഞു.. അവൻ പിന്നെയും മരണത്തെക്കുറിച്ച് ചോദിച്ചു.. അവൾ പ്രണയത്തെക്കുറിച്ച് വാചാലയായി...... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.