ശ്രീരാഗം 💌 : ഭാഗം 2

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

ഒന്നുരണ്ടു നിമിഷം ശ്വാസം അടക്കിപ്പിടിച്ചു നിന്ന നിൽപ്പ് തുടർന്ന ശേഷം പിന്നിലേക്ക് തിരിഞ്ഞു നോക്കി.. തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ശ്രീയേട്ടനെ കണ്ട് പെണ്ണിന്റെ മുഖം പൂത്തുലഞ്ഞു. മഹിമ പറഞ്ഞത് ശരിയാണ്, ശ്രീയേട്ടന് ഒരു മാറ്റവുമില്ല. അതേ കണ്ണ്.. അതേ നുണക്കുഴിച്ചിരി.. അതേ താടി.. നോക്കി നിൽക്കുംതോറും താനാ പഴയ കോളേജ് കാലത്താണെന്ന് പെണ്ണിന് തോന്നി.. "എന്തെടീ പെണ്ണെ എന്നെയിങ്ങനെ നോക്കുന്നെ..?" ശ്രീരാഗ് ചിരിച്ചുകൊണ്ടവളുടെ കവിളിൽ മെല്ലെ തട്ടി ചോദിച്ചു. "വന്നതറിഞ്ഞു.. വർഷം എട്ട് കഴിഞ്ഞിട്ടും കാണാതായപ്പോ ഞാൻ കരുതി ഈ വഴിയൊക്കെ മറന്നു കാണുമെന്ന്.." മറുപടി ഒരു പുഞ്ചിരിയിലൊതുക്കി നിർത്തി.. "എവിടെയായിരുന്നു ഇത്രേം കാലം..? ഒന്ന് ഫോൺ വിളിച്ചാൽ പോലും കിട്ടാത്തത്രയും തിരക്കെന്തായിരുന്നു? കല്യാണം കഴിഞ്ഞപ്പോ ഞങ്ങളെയൊക്കെ മറന്നുകാണും അല്ല്യോ..?" കാലങ്ങളായി തടയിട്ടുവച്ച ചോദ്യങ്ങളുടെ കെട്ടഴിഞ്ഞു.. ചോദിക്കുമ്പോൾ അറിയാതെ സ്വരത്തിൽ നോവ് കലർന്നു. അതവൻ മനസ്സിലാക്കാതിരിക്കുവാൻ മുഖത്ത് ചിരി വരുത്തി..

"എന്റെ പൊന്നോ.. ഈ വെയിലത്ത് നിർത്തി നീയെന്നെ ചോദ്യം ചെയ്യുവാണോ.. ആദ്യം എനിക്ക് വല്ലതും കഴിക്കാൻ എടുത്തു താ.. എന്നിട്ടാവാം വിചാരണ.." പ്രതികരണത്തിന് കാക്കാതെയവൻ പെണ്ണിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു മുന്നോട്ട് നടന്നു തുടങ്ങിയപ്പോൾ ഉള്ളിലൂടെയൊരു കൊള്ളിമീൻ പാഞ്ഞുപോയി.. "ഇവിടമാകെ ഒത്തിരി മാറിപ്പോയല്ലോഡീ?" റോഡിന്റെ ഓരം ചേർന്ന് നടക്കുന്നതിനിടെ ശ്രീയേട്ടൻ നോക്കിക്കൊണ്ട് ചോദിച്ചു.. "ചോദ്യങ്ങൾ ചോദിക്കരുതെന്ന് എന്നോട് പറഞ്ഞിട്ട് ഇപ്പൊ ചോദിക്കുന്നത് കണ്ടില്ലേ.." കണ്ണു കുറുക്കി നോക്കിക്കൊണ്ട് പിറുപിറുത്തപ്പോൾ ശ്രീയേട്ടൻ കേട്ടുകൊണ്ടൊന്ന് പല്ലുകാട്ടി ചിരിച്ചു. പിന്നെ വീടെത്തും വരെ സംസാരമുണ്ടായില്ല. എട്ട് വർഷം കൊണ്ട് നാട്ടിലുണ്ടായ മാറ്റങ്ങളെ അവൻ കൗതുകപൂർവം നോക്കിക്കണ്ടുകൊണ്ട് മുന്നോട്ട് നടന്നു.. അവന്റെ കൈക്കുരുക്കിൽ അനുസരണയുള്ളൊരു കുഞ്ഞിനെ പോലെ യാതൊരു മാറ്റവുമില്ലാത്ത അവനിൽ നിന്നും കണ്ണെടുക്കാതെ അവളും.. വീടെത്തിയപ്പോൾ തന്നേക്കാൾ മുൻപേ ശ്രീയേട്ടൻ കോലായയിലേക്ക് കയറി കസേരയിൽ ചെന്നിരുന്നു.

ആ സ്വാതന്ത്ര്യം അവന് പണ്ടേ ഉണ്ടായിരുന്നുവെന്ന് അവളോർത്തു.. "അമ്മേ.. അച്ഛേ... ഇതാരാ വന്നിരിക്കണേന്ന് നോക്ക്യേ.." അകത്തേക്ക് നീട്ടി വിളിച്ചുകൊണ്ട് ചാരുപടിയിൽ കയറിയിരുന്നു. പെണ്ണിന്റെ ഉത്സാഹം കണ്ട് അവനൊന്ന് നോക്കി ചിരിച്ചു.. മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ അച്ഛക്കും അമ്മയ്ക്കും വന്നതാരാണെന്ന് മനസിലായിരുന്നു. ആദ്യം അച്ഛയാണ് പുറത്തേക്ക് വന്നത്. പിന്നാലെ അമ്മയും.. കണ്ടതും ശ്രീയേട്ടൻ എഴുന്നേറ്റു നിന്നു. "ഹാ.. ഇതാരായിത്? വന്നൂന്ന് അറിഞ്ഞു. എവിടെയായിരുന്നെടോ ഇത്രേം കാലം..?" അച്ഛ കയ്കൊടുത്ത് ഇരിപ്പുറപ്പിച്ച ശേഷം ചോദിച്ചു. അതിന് മറുപടി കേൾക്കാൻ പെണ്ണിനും തിടുക്കമേറി. "ഇങ്ങോട്ട് വരാൻ ഒരുപാട് ആഗ്രഹിച്ചതാണ്. വരാണ്ടിരുന്നത് മനപ്പൂർവമല്ല.. ഇവിടുന്ന് കെട്ട് കഴിഞ്ഞ് ബാംഗ്ലൂർക്ക് പോണ വഴി ഒരു ആക്‌സിഡന്റ്.. കാലം ഇത്രേം ഒന്ന് എണീക്കാൻ പോലും പറ്റാണ്ടെ കിടത്തത്തിൽ തന്നെയായിരുന്നു.. ഇനി എണീറ്റു നടക്കാൻ പറ്റും ന്ന് വല്യ പ്രതീക്ഷയൊന്നും വേണ്ടാന്നാ ഡോക്ടർമാർ വിധിയെഴുതിയത്.. ഒടുക്കം ദേ എനിക്കിങ്ങനെ പിന്നെയും എണീറ്റ് നടക്കാനുള്ള ഭാഗ്യം ണ്ടായി..

പിന്നൊന്നും നോക്കിയില്ല.. നേരെ ഇങ്ങട്ട് പോന്നു." ശ്രീയേട്ടൻ ഒന്ന് നിർത്തി. യാതൊരു നോവുമില്ലാതെ വളരെ നിസാരമായാണ് ശ്രീയേട്ടൻ അതവതരിപ്പിച്ചത്. പക്ഷെ കേട്ടപ്പോ പെണ്ണിന് കണ്ണ് നിറഞ്ഞു വന്നിരുന്നു.. ഇങ്ങനെയൊരു കാരണം ഒരിക്കലും ചിന്തിച്ചിരുന്നില്ല.. കണ്ണീരു കടിച്ചമർത്തി നിൽക്കുന്നവളെ അവനൊന്ന് നോക്കി കണ്ണു ചിമ്മി കാട്ടി. "എന്താടി കുരിപ്പേ ഇങ്ങോട്ട് ഞാൻ വരാഞ്ഞതിലുള്ള നിന്റെ പരാതി തീർന്നോ?" അവൻ ചോദിച്ചു. മറുപടിയായി ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി. എങ്ങോട്ടെന്നില്ലാതെ അടുക്കളയിൽ നടന്നു ചെന്ന് നിന്നു. സങ്കടത്തിന്റെ കെട്ടഴിച്ചപ്പോൾ കണ്ണീര് ഒലിച്ചിറങ്ങി. ശബ്‌ദം പുറത്തേക്ക് കേക്കാണ്ടിരിക്കാൻ വായമർത്തിപ്പൊത്തി.. "ഒറ്റക്കാണോ വന്നത്..?" അച്ഛ ചോദിച്ചത് കേട്ട് ശ്രീരാഗ് അതേയെന്ന് തലയാട്ടി. "കെട്ടിയോളേം മക്കളേം കൂടെ കൂട്ടായിരുന്നില്യേ?" അമ്മയുടെ ചോദ്യം കേട്ട് അവന്റെ മുഖത്തെ ചിരിയൊന്ന് മങ്ങി.. "ആരതിയും ഞാനുമിപ്പോൾ ഒരുമിച്ചല്ല.." പുഞ്ചിരിതൂകിക്കൊണ്ട് അവൻ പറഞ്ഞ മറുപടി കേട്ട് അച്ഛയും അമ്മയും അമ്പരന്ന് പരസ്പരം നോക്കി. ഒരുപാട് സംശയങ്ങൾ അവർക്കുള്ളിൽ തിങ്ങി നിറയാൻ തുടങ്ങുന്നുണ്ടെന്ന് മനസ്സിലാക്കി ഒരു ചോദ്യത്തിന് കാക്കാതെ കാര്യങ്ങൾ അവരോടായി പറഞ്ഞു..

"ഇവിടുന്ന് കെട്ട് കഴിഞ്ഞ് പോണ പോക്കിന് ആക്‌സിഡന്റ് പറ്റി ഞാൻ കിടപ്പിലായി. അവൾക്ക് നിസാരമായ പരിക്കുകളേ ഉണ്ടായിരുന്നുള്ളു. ഇനി എഴുന്നേൽക്കണമെങ്കിൽ ദൈവം കനിയണമെന്ന് പറഞ്ഞ് ഡോക്ടറ്മാർ കയ്യൊഴിഞ്ഞ എന്നെ ആദ്യമൊക്കെ അവൾ നന്നായി നോക്കി.. പിന്നെ പിന്നെ ഞാനൊരു ഭാരമായി.. പിന്നീട് വെറുപ്പായി.. ഒടുക്കം പ്രതീക്ഷയുടെ അവസാന തുമ്പും അറ്റു പോയപ്പോ അവളിറങ്ങിപ്പോയി. ഇപ്പൊ മറ്റൊരുത്തന്റെ ഭാര്യയാണ്.." കേട്ടുകഴിഞ്ഞ് അച്ഛയും അമ്മയും വിശ്വാസം വരാത്ത മട്ടിൽ ഒന്നും പറയാതെ നോക്കി നിന്നു.. ഈ സമയത്ത് അടുക്കളയിൽ നിന്നും ഗീതു ചായയിട്ട് കൊണ്ടുവന്നു. ഗൗരവമേറിയ മുഖത്തോടെ ഇരിക്കുന്ന മൂവരെയും കണ്ടവളൊന്ന് കണ്ണു മിഴിച്ചു. കണ്ടതും ശ്രീയേട്ടൻ മുഖത്തൊരു ചിരി വരുത്തി.. "നീ ചായയിടാനൊക്കെ പഠിച്ചല്ലേ..?" നീട്ടിയ ചായ വാങ്ങി രുചിച്ചു നോക്കിക്കൊണ്ട് ശ്രീയേട്ടൻ ചോദിച്ചു. മറുപടി പറഞ്ഞത് അമ്മയായിരുന്നു. "പിന്നില്ലാതെ കല്യാണം കഴിഞ്ഞു ചെന്നാ ഇതൊക്കെ ചെയ്യണ്ടേ.." അമ്മയത് പറഞ്ഞപ്പോൾ പെണ്ണൊന്നു മുഖം താഴ്ത്തി.

"അപ്പൊ.. ഇതുവരെ ഗീതുവിന്റെ കല്യാണം കഴിഞ്ഞില്ലേ?" ശ്രീയേട്ടൻ ചോദിച്ചു. കേട്ടപ്പോൾ ഉണങ്ങിയ മുറിവിന്റെ പൊറ്റ നുള്ളിപ്പൊളിക്കുന്നത് പോലെ തോന്നി.. മറുപടി പറയാനില്ലാതെ അച്ഛയും അമ്മയും മുഖത്തോട് മുഖം നോക്കി. "താനെന്താടോ കല്യാണം കഴിക്കാഞ്ഞേ? തന്റെ കുട്ടികളെ ഇവിടെങ്ങും കാണുന്നില്ലല്ലോ എന്ന് ചോദിക്കാൻ നിക്കുവായിരുന്നു ഞാൻ.." ശ്രീയേട്ടൻ പറഞ്ഞു. മറുപടിയായി ഒന്ന് ചിരിച്ചു കാട്ടി. കണ്ണിനു തുമ്പത്തായി ഇത്തിരി നീര് പൊടിഞ്ഞു. "കല്യാണം ഉടനെ ഉണ്ടാവും.. തിയതി നിശ്ചയിക്കാനിരിക്കുവാ.." അച്ഛ പറഞ്ഞു. "വൗ... അപ്പൊ തന്റെ കല്യാണം കൂടാൻ എനിക്ക് യോഗമുണ്ടല്ലോടോ.. ഞാനെന്തായാലും കുറച്ചു നാൾക്ക് ഇവിടെ തന്നെ കാണും.. തറവാട് വൃത്തിയാക്കിയിടാൻ സേതുവേട്ടനോട് പറഞ്ഞിട്ടാ ഇങ്ങോട്ട് വണ്ടി കേറിയത്.. ഇനി എന്തായാലും തന്റെ കെട്ട് കഴിഞ്ഞിട്ടാവാം തിരിച്ചു പോക്ക്.." ശ്രീയേട്ടൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പറഞ്ഞു. കേട്ടതും അച്ഛയെയും അമ്മയെയും ഒന്ന് നോക്കിപ്പോയി.

"അതൊക്കെ അവിടിരിക്കട്ടെ.. ഇന്നിനി ഊണ് ഇവിടുന്നാവാം.." വിഷയം മാറ്റാൻ വേണ്ടിയാവണം അച്ഛ പറഞ്ഞത്. "ഉറപ്പായിട്ടും.. കാലം കൊറേ ആയില്ലേ ഇവിടുത്തെ ഭക്ഷണം കഴിച്ചിട്ട്.. അമ്മേടെ ഉള്ളി സാമ്പാറിന്റെ രുചി ഇപ്പഴും ഈ നാവിന്തുമ്പത്തുണ്ട് ട്ടോ.." ശ്രീയേട്ടൻ പറഞ്ഞപ്പോൾ അമ്മയൊന്ന് നാണത്തോടെ ചിരിച്ചു. "നിങ്ങളെന്നാ സംസാരിച്ചിരിയേ.. ചോറിനു വെള്ളം വച്ചാ ഞാൻ വന്നത്.." അമ്മ ശ്രീയേട്ടനെ നോക്കി തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറിച്ചെന്നു. പിന്നെ ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെ ആംഗ്യം കാണിച്ചു വിളിച്ചു.. എന്തെന്ന് കാണിച്ചുകൊണ്ട് അരികിലേക്ക് ചെന്നു. "നീ കടേൽ പോയി കോഴിമൊട്ട വാങ്ങിച്ചുകൊണ്ട് വന്നേ.. ചോറിനു പൊരിക്കാൻ ഒറ്റയെണ്ണം ഇരിപ്പില്ല.." അമ്മ പറഞ്ഞു. വന്നിട്ടിതുവരെ ശ്രീയേട്ടനോട് ഒന്നു മര്യാദക്ക് മിണ്ടാൻ പറ്റിയിട്ടില്ല. അതിനിടയ്ക്കാണ്.. ആ പരിഭവം മുഖത്ത് വച്ചുകൊണ്ട് കാശ് വാങ്ങിച്ച് പിന്നാമ്പുറത്തുകൂടെ കടയിലേക്കോടി..

"ശരിക്കും ഗീതുവെന്തേ കാലം ഇത്രേം കഴിഞ്ഞിട്ടും കെട്ടിയില്ല..?" സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ശ്രീരാഗ് പിന്നെയും ആ വിഷയം എടുത്തിട്ടു.. ഒടുക്കം അച്ഛക്ക്‌ അത് അവനോട് തുറന്ന് പറയേണ്ടി വന്നു. "അതിന് കാരണക്കാരൻ മോനാ.." അച്ഛ അത് പറഞ്ഞപ്പോൾ അമ്പരപ്പോടെയവൻ അച്ഛയെ നോക്കി.. "ഞ്.. ഞാനോ..?" ഓർക്കാപ്പുറത്ത് കേട്ടപ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതായി തോന്നി അവന്.. "അവക്കൊത്തിരി ഇഷ്ടായിരുന്നു മോനെ..." അച്ഛയുടെ വാക്കുകൾ കേട്ട് ഉള്ള് പൊള്ളിപ്പോയി.. ഈ നിമിഷം ഭൂമി പിളർന്ന് താൻ താഴേക്ക് വീണു പോയിരുന്നെങ്കിലെന്ന് മനസ്സാഗ്രഹിച്ചു.. എന്നാൽ പിന്നീട് അച്ഛ പറഞ്ഞ കഥകൾ അവനെ ഞെട്ടിച്ചു കളഞ്ഞിരുന്നു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story