ശ്രീരാഗം 💌 : ഭാഗം 3

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

"ഒടുക്കം എന്റേം കെട്ട്യോൾടേം കണ്ണീര് തുടക്കാനാണ് അവൾ ബാലന്റെ മോനുമായുള്ള കെട്ടിന് സമ്മതിച്ചത്.. അപ്പോഴാണ് മോന്റെ വരവ്.." അച്ഛ ഒന്ന് പറഞ്ഞു നിർത്തി.. തലയാകെ ചുറ്റുന്നത് പോലെ തോന്നി ശ്രീരാഗിന്.. കസേരയുടെ പിടിയിൽ കയ്യമർത്തിപ്പിടിച്ച് കേട്ട കഥകളത്രയും വിശ്വസിക്കാനാവാതെ അവൻ ഇരുന്നു പോയി.. ഒരു നോട്ടം കൊണ്ട് പോലും അവള് തന്നെ സ്നേഹിച്ചിരുന്നെന്ന് തനിക്ക് തോന്നിയിട്ടില്ല.. തനിക്ക് വേണ്ടി സ്വന്തം ജീവിതത്തിനെ നീറ്റലിന് സമ്മാനിക്കാൻ മാത്രം പ്രണയം അവൾക്ക് തന്നോട് ഉണ്ടായിരുന്നിട്ട് കൂടി എന്തുകൊണ്ടാണ് താനത് അറിയാതെ പോയത്.. "നിന്റെയീ വരവ് കുറച്ചുകൂടി നേരത്തേ ആയിരുന്നെങ്കിൽ.. ഒരുപക്ഷെ അവൾക്ക് വേണ്ടി ഞാൻ മോനോട് അവളെ ഏറ്റെടുക്കാമോ എന്ന് അപേക്ഷിച്ചേനെ.. പക്ഷെ.. മോനെത്താൻ വൈകിപ്പോയി.." അച്ഛ മടിച്ചുകൊണ്ട് പറഞ്ഞു തീർത്തു..

അവന്റെ തല താണുപോയി. കടയിൽ പോയി കോഴിമുട്ടയുമായി ഗീതു തിരിച്ചെത്തി.. അടുക്കളയിലൂടെ അകത്തു കേറി കോഴിമുട്ട അമ്മയെ ഏൽപ്പിച്ച ശേഷം ഉമ്മറത്തേക്ക് ചെന്നു. അച്ഛനും ശ്രീയേട്ടനും അതേ ഇരിപ്പിൽ നിന്നും അനങ്ങിയിട്ടുണ്ടായിരുന്നില്ല.. കിതച്ചുകൊണ്ടെത്തിയവളെ അച്ഛനാണ് ആദ്യം കണ്ടത്.. പിന്നീട് ശ്രീരാഗും. ഇരുവരെയും നോക്കി ചിരിച്ചു കാട്ടി.. "ആരതിയെ കൂടെ കൊണ്ടോരായിരുന്നില്യേ..?" ചോദിക്കുമ്പോൾ വേദന തോന്നിയിരുന്നെങ്കിലും അത് മുഖത്ത് പ്രകടമാക്കുവാൻ വിടാതെ പുഞ്ചിരിയോടെ ചാരുപടിക്കൽ കേറിയിരുന്നു.. "പിന്നെയൊരിക്കലാവാം.. അവൾക്കവിടെ ജോലിയൊക്കെ ഉള്ളതല്ലേ.. ലീവ് കിട്ടുന്ന സമയത്ത് അവളേം കൂട്ടി വരാം.." ശ്രീയേട്ടൻ മറുപടി പറഞ്ഞു. അച്ഛയൊന്ന് കൗതുകത്തോടെ അവനെ നോക്കി. എന്തിന് അങ്ങനെയൊരു കള്ളം അവളോട് പറഞ്ഞു എന്നത് അച്ഛക്കപ്പോൾ മനസ്സിലായില്ല.

"അവളേം കൂട്ടി ഒരീസം വരൂ.. കുറച്ചീസം ഇവിടെ നിന്നിട്ട് തിരിച്ചു പോവാം..." ചിരിയാലേ ആ പെണ്ണ് പറയുന്നത് കേട്ട് ശ്രീരാഗിന് ആശ്ചര്യം തോന്നി. എത്രമാത്രം വേദനയാവും അവളിപ്പോൾ ഉള്ളിലൊളിപ്പിച്ചു പിടിക്കുന്നതെന്ന് അവന് ഊഹിക്കാമായിരുന്നു.. ഭക്ഷണം കഴിക്കാനായി അമ്മ അകത്തേക്ക് വിളിച്ചു. ആയിടക്ക് ശ്രീയേട്ടന്റെ മുഖത്തെ വെളിച്ചം മങ്ങിപ്പോയത് അവൾ ശ്രദ്ധിച്ചിരുന്നു.. ഇനി അച്ഛ വല്ലതും പറഞ്ഞുകാണുമോ എന്നോർത്തു മനസ്സ് വിറച്ചു.. കഴിക്കാനായി ഇരുന്നപ്പോൾ അവന്റെ ചോറിലേക്കവൾ ഉള്ളി സാമ്പാറ് കോരിയൊഴിച്ചു കൊടുത്തു.. അവനവളുടെ ഓരോ പ്രവർത്തികളെയും ദയനീയമായി വീക്ഷിക്കുന്നുണ്ടായിരുന്നു. "മതി മതി.." മതിയെന്നവളോട് തലയാട്ടി പറഞ്ഞു. കഴിച്ചു തുടങ്ങുന്നത് വരെ അവളുടെ നോട്ടം തന്നിലാണെന്ന് അവൻ മനസ്സിലാക്കി.. "എങ്ങനുണ്ട്.. അമ്മേടെ ഉള്ളി സാമ്പറിന് പഴേ രുചിയുണ്ടോ അതോ രുചിയേറിയോ?" പെണ്ണിന്റെ ചോദ്യം കേട്ട് അവനൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഉഗ്രനെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

"ആരതിയും ഉണ്ടാക്കുമായിരുന്നില്യേ സാമ്പാറ്..? നല്ല അസ്സലായിട്ട്..?" ചോദ്യത്തിന്റെ മൂർച്ച കൂടുന്നുണ്ടെന്ന് അവന് തോന്നി.. അതേയെന്ന് തലയാട്ടി.. "അവൾക്ക് സാമ്പാറുണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തത് ഞാനായിരുന്നു.." തലയുയർത്താതെ പറഞ്ഞു.. കേട്ടതും ശ്രീരാഗിന് ശ്വാസം മുട്ടി. വർഷങ്ങൾക്ക് മുൻപ് നിത്യേന കോളേജിൽ ഉച്ചക്ക് ലഞ്ച് ബ്രേക്കിന് ഒരു പാത്രത്തിൽ ഉള്ളി സാമ്പാറുമായി വരുന്ന ഇരുവശത്തേക്കും മുടി മൊടിഞ്ഞിട്ട പെൺകുട്ടി അവന്റെ മനസ്സിലേക്കോടിയെത്തി.. ഭക്ഷണ ശേഷം തറവാട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയവന്റെ ഒപ്പം പെണ്ണും നടന്നു ചെന്നു.. "നീയിതെങ്ങോട്ടാ?" "തറവാട്ടിലേക്ക്.. എത്ര കാലായി അതിന്റുള്ളൊന്ന് കണ്ടിട്ട്.." പറഞ്ഞത് കേട്ടപ്പോ തടയാൻ അവനും തോന്നിയില്ല.. നാളുകൾക്കു ശേഷം അവന്റൊപ്പം തറവാട്ടിലേക്ക് പോകുന്നതിന്റെ ഉത്സാഹമായിരുന്നു അവൾക്കപ്പോൾ.. തറവാടിന് മുന്നിലെത്തിയപ്പോൾ അറിയാതെ പെണ്ണിന്റെ കണ്ണ് നിറഞ്ഞു. ശ്രീയേട്ടന്റെ കൈ പിടിച്ച് ആ തറവാട്ടിലേക്ക് കേറിചെല്ലണമെന്നൊരു മോഹമുണ്ടായിരുന്നു. ഉള്ളിലെവിടെയോ ആ മോഹത്തെ ഇന്നും ചങ്ങലക്കിട്ട് വച്ചിട്ടുണ്ട്..

ശ്രീയേട്ടൻ വന്നതും തറവാട്ടിന്റെ വലതുവശത്തെ തോപ്പിലെ മാവിഞ്ചുവട്ടിലേക്ക് പോയി. താഴെക്കിടന്ന കല്ലെടുത്ത് മരത്തിലേക്കേറിഞ്ഞ് ഒരു മാങ്ങ എറിഞ്ഞു വീഴ്ത്തി.. കാല് കഴുകാൻ വച്ച പൈപ്പിൽ നിന്നും മാങ്ങ കഴുകി വൃത്തിയാക്കി.. "ഗീതൂന് വേണോ?" പിന്നിൽ നിന്നവളെ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചപ്പോൾ മറുപടിയായി വേണ്ടെന്ന് തലയാട്ടി.. "ന്റെ വീട്ടിലും മാവുണ്ട്.. ഇന്നലെ കൂടെ മാങ്ങ എറിഞ്ഞു വീഴ്ത്തി കഴിച്ചതെ ഉള്ളു..." കേട്ടപ്പോ ഒന്നൂടെ തിരിഞ്ഞു നോക്കി. "ഗീതൂന്റെ വീട്ടിൽ മാവുണ്ടോ?" "ഉവ്വ്.. വീടിന്റെ പിന്നാമ്പുറത്താ.. ആല് പോലൊരെണ്ണം.." കണ്ണുകൾ വികസിപ്പിച്ചുകൊണ്ട് പറഞ്ഞു.. "പിന്നാമ്പുറത്തായതോണ്ടാവും ഞാൻ കണ്ടിട്ടില്ല്യാ.." "പിന്നാമ്പുറത്തുള്ളതൊന്നും മുന്നീന്ന് നോക്ക്യാ കാണാൻ പറ്റില്ലല്ലോ.." കേട്ടതും കയ്യിലെ മാങ്ങയൊന്ന് വഴുതി മണ്ണിലേക്ക് വീണു. വെപ്രാളപ്പെട്ടുകൊണ്ട് അത് കയ്യിലെടുത്തു പിന്നെയും കഴുകി..

പെണ്ണിന്റെ മുഖത്തേക്ക് നോക്കുവാൻ തോന്നിയില്ല.. "എത്ര കാലായി ഇവിടത്തേക്ക് വന്നിട്ട്.. ഇവിടത്തെ അമ്മേനെ ഞാനെന്നും ഓർക്കും.. മരിക്കണേന്റെ തൊട്ടു മുന്നേ വരെ ഗീതുമോളെന്ന് വിളിച്ച് ന്റെ കയ്യില് മുറുക്കി പിടിച്ചിട്ടാ..." തുടർന്നു പറയാനായില്ല.. കണ്ണ് നിറഞ്ഞു വന്നു.. ശ്രീരാഗിന്റെ മനസ്സിലേക്കും അമ്മയെ പറ്റിയുള്ള ഓർമ്മകൾ തികട്ടി വന്നു.. "ശ്രീക്കുട്ടാ.. നീ കല്യാണം കൈക്കുമ്പോ ഗീതുമോളെ തന്നെ കെട്ടണേ.. അതാവുമ്പോ ന്നേ നോക്കാൻ ഇവള് ഒറ്റൊരുത്തി മതി.." വീൽചെയറിൽ ഇരുത്തി അമ്മയുമായി വീടാകെ ചുറ്റുമ്പഴാവും അവനെ നോക്കി അമ്മ ആവർത്തിക്കുക.. അപ്പോൾ അവളുടെ മുഖം ചമ്മുന്നത് കണ്ട് താൻ ചിരിക്കുമായിരുന്നു.. "ഈ അമ്മേടെ ഒരു കാര്യം.. വെറുതെയാ.." അവൾ തന്നെ നോക്കി മറുപടി പറയും.. "പിന്നില്ലേ.. ഞാനെത്ര കണ്ടിരിക്കണൂ നീ ശ്രീക്കുട്ടന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കണത്.." അമ്മ പറയും.. "ഈ അമ്മ വെറുതെ വട്ട് പറയുവാ ശ്രീയേട്ടാ.. ശ്രീയേട്ടൻ ചെല്ല്..." അതും പറഞ്ഞുകൊണ്ട് തന്നേ അവിടുന്നും പറഞ്ഞയക്കും..

വർഷങ്ങൾക്കിപ്പുറം അമ്മ ഇടയ്ക്കിടെ പറഞ്ഞ വട്ടുകളെ പറ്റി ശ്രീരാഗ് നിശബ്ദമായി ഓർത്തു.. അകത്തേക്ക് കയറാൻ കതക് തള്ളിയപ്പോൾ ഒരു വലിയ ശബ്ദത്തോടെ അത് തുറന്നു വന്നു.. അകത്തേക്ക് കടന്നതും പഴയതിന്റെ മണം മൂക്കിൽ തിങ്ങിക്കേറി.. "കാലങ്ങളായി പൂട്ടിക്കിടന്നതോണ്ടാ ഈ മണം.." പിന്നിൽ നിന്നും അവൾ പറയുന്നത് കേട്ടു.. ആ വീട്ടിൽ അത്രയും മനോഹരമായി താൻ ജീവിച്ചു തീർത്ത നാളുകളെയത്രയും ഓർത്തെടുക്കുന്ന തിരക്കിലായിരുന്നു അവൻ.. മനസിലേക്ക് അമ്മയുമൊത്തുള്ള കാഴ്ചകൾ തിങ്ങിക്കൂടി വന്നു.. എങ്കിലും ഓർമ്മകളുടെ ഓരോ ഫ്രെയിമിയിലും ഗീതുവും ഉണ്ടായിരിക്കും, മിക്കപ്പോഴും അമ്മക്കൊപ്പം തന്നെ.. "ശ്രീയേട്ടൻ എത്ര നാള് ഇവിടുണ്ടാവും..?" "അറിയില്ല.." മനസിലപ്പോഴും ഓർമകളുടെ വർണ്ണപ്പകിട്ടായിരുന്നു.. അമ്മ.. കോളേജ്.. ആരതി.. പിന്നെ ഗീതു.. "മ്മ്... ആരതിക്ക്‌..." കേട്ടതും മനസ്സൊന്നു മരവിച്ചത് പോലെ.. അതാവണം അവൾ തുടരുന്നതിന് മുന്നേ തടഞ്ഞത്.. "നിനക്ക് അവളെ പറ്റിയല്ലാതെ വേറൊന്നും ചോദിക്കാനില്ലേ?" തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിക്കുമ്പോൾ ആരതിയോടുള്ള ദേഷ്യവും മുഖത്ത് പ്രകടമായിരുന്നു.

. അവളൊന്ന് പരുങ്ങിയത് കണ്ടു.. കാണിച്ചത് തെറ്റായിപ്പോയെന്ന് മനസ്സിലാക്കി ഒരു സോറി പറയുന്നതിന് തൊട്ടു മുൻപേ അവൾ കണ്ണുകൾ നിറച്ചുകൊണ്ട് ഇറങ്ങിപ്പോയി. പണ്ടും ഇതുപോലെ ദേഷ്യപ്പെടുന്ന സമയത്ത് അവളിറങ്ങി പോവാറാണ് പതിവ്. അന്നൊക്കെ പിന്നാലെ ചെന്ന് കാലുപിടിച്ചുകൊണ്ട് വീട്ടിലേക്ക് പൊക്കിയെടുത്തുകൊണ്ട് വരുമായിരുന്നു.. പക്ഷെ ഇന്ന് അവൾ പോകുന്നത് നോക്കി നിൽക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല.. ഒരുപക്ഷെ പിന്നാലെ വന്ന് എടുത്തുകൊണ്ടു പോകുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാവണം അവളുടെ നടത്തം.. തല പൊട്ടിപ്പിളരുന്ന വേദന തോന്നി.. താൻ കാരണം അത്രയും നോവ് തിന്നേണ്ടി വന്നവളാണ്.. തന്റെ ഈയൊരു വരവും അവൾക്ക് നോവ് മാത്രമേ സമ്മാനിക്കൂ എന്നും ഉറപ്പാണ്.. അമ്മയുടെ മുറിയിലെത്തി കതക് തുറന്നപ്പോൾ അവിടെ ഇപ്പോഴും അമ്മയുടെ ഗന്ധം ബാക്കിയുണ്ടായിരുന്നു..

കട്ടിലിൽ ചെന്നിരുന്ന് കിടക്കയെ മെല്ലെ തലോടി. കണ്ണറിയാതെ നിറഞ്ഞു വന്നു.. കുറച്ചുനേരം അവിടെ മലർന്നു കിടന്നു മയങ്ങി.. അമ്മയടുത്തു കിടക്കുന്നതായി തോന്നി.. ഇടക്ക്‌ അമ്മ ശ്രീക്കുട്ടാ എന്ന് വിളിക്കുന്നത് കേട്ട പോലെ തോന്നിയതുകൊണ്ടാണ് കണ്ണ് തുറന്നത്.. മണിക്കൂറു രണ്ടായി ഉറങ്ങിക്കിടക്കുന്നുവെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. കണ്ണുകൾ തിരുമ്മി എണീറ്റ് വന്നപ്പോൾ ഉമ്മറവാതിൽ തുറന്നു കിടക്കുന്നത് കണ്ടു. ആശ്ചര്യത്തോടെ കോലായയിൽ നടന്നെത്തിയപ്പോൾ അവിടെ കസേരയിട്ട് അച്ഛ ഇരിക്കുന്നത് കണ്ടു. "ആ.. മോനെണീറ്റോ.. ഞാൻ വന്നപ്പോ ഉറങ്ങുന്നത് കണ്ടു.. യാത്ര കഴിഞ്ഞ ക്ഷീണം കാണുമല്ലോ.. അതാ എഴുന്നേൽക്കുന്നത് വരെ കാത്തത്..." അച്ഛ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. "വിളിക്കാമായിരുന്നു.. ഒരുപാട് നേരായോ വന്നിട്ട്?" "ദേ ഇപ്പോ വന്നതേ ഉള്ളു.." "മ്മ്... ഗീതു....?" "അതറിയാനാ ഞാൻ വന്നത്.. നിന്റെ കൂടെ ഇവിടേക്ക് വന്നിട്ട് കുറച്ചു കഴിഞ്ഞപ്പോൾ കരഞ്ഞോണ്ട് വരുന്നത് കണ്ടു.. എന്തെങ്കിലും പ്രശ്നം..?" അച്ഛ ചോദിച്ചപ്പോൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.

"ഒന്നുമില്ല.. ആരതിയെ പറ്റി ചോദിച്ചപ്പോ ഞാനറിയാതെ ഒന്ന് ചൂടായി.." തല താഴ്ത്തിക്കൊണ്ട് പറഞ്ഞു. "അവൾ കരഞ്ഞുകൊണ്ട് വന്നപ്പോ കാര്യമെന്താണെന്ന് ചോദിച്ചിട്ട് മിണ്ടാതായപ്പോ ഞാനും അവളും ഒന്ന് പേടിച്ചു. അതാ ഞാൻ കാര്യം തിരക്കുവാൻ ഒന്ന് വന്നത്.." "അച്ഛ പേടിക്കണ്ട.. ഞാനുടനെ ഇവിടെ നിന്നും പോകും.. പിന്നെയൊരു തിരിച്ചുവരവ് ഉണ്ടാവില്ല.. പോണതിന് മുന്നേ ഗീതുവിന്റെ കല്യാണം നമുക്ക് നടത്തണം.. ഇനിയൊരിക്കലും അവൾ ഞാൻ കാരണം വിഷമിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്...." അച്ഛയുടെ കൈകളിൽ പിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. യാത്ര പറഞ്ഞ് അച്ഛ തിരിച്ചു പോകുന്നത് നോക്കി നിൽക്കവേ അച്ഛ ഒന്ന് നിന്ന ശേഷം പതുക്കെ തിരിച്ചു വന്നു.

. "ചോദിക്കുന്നത് തെറ്റാണോ എന്നറിയില്ല.. എങ്കിലും എന്റെയൊരു സമാധാനത്തിന് വേണ്ടി... അവളുടെ കെട്ടുറപ്പിച്ചില്ലായിരുന്നുവെങ്കിൽ മോനവളെ കെട്ടാൻ തയാറാവുമായിരുന്നോ..?" അച്ഛയുടെ ചോദ്യത്തിന്റെ മൂർച്ചയേറ്റ് ഹൃദയത്തിൽ ചോര പൊടിച്ചു. "അതൊരിക്കലും ശരിയാവില്ല അച്ഛേ.. ഇനിയൊരു ബന്ധത്തെ കുറിച്ചാലോചിക്കാൻ എനിക്ക് വയ്യ.." പറഞ്ഞപ്പോൾ അച്ഛ ഒന്ന് തലയാട്ടി. അതുതന്നെയാണ് അച്ഛയും കേൾക്കാനാഗ്രഹിച്ച ഉത്തരമെന്ന് തനിക്കറിയാമായിരുന്നു.. "ശരി.. ഞാൻ വരട്ടെ..." അച്ഛ നടന്നു പോയി.. തലയ്ക്കുള്ളിൽ ഒരു കനം.. തലയിൽ കയ്യമർത്തിക്കൊണ്ട് കട്ടിലിൽ പോയി മലർന്നു കിടന്നു.. പയ്യെ കണ്ണുകളടച്ചപ്പോൾ ഓർമ്മകളുടെ കൂമ്പാരം കണ്മുന്നിൽ തെളിഞ്ഞു വന്നു.. അതവനെ എട്ട് വർഷം മുൻപുള്ള ഒരു പ്രഭാതത്തിൽ എത്തിച്ചു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story