ശ്രീരാഗം 💌 : ഭാഗം 4

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

"ശ്രീക്കുട്ടാ.. സമയം ആറായീട്ടോ.." അമ്മയുടെ ശബ്‌ദം കേട്ടാണ് അന്ന് രാവിലെ ഉറക്കമെഴുന്നേറ്റത്.. കണ്ണു തിരുമ്മി എഴുന്നേറ്റിരുന്നപ്പോൾ അമ്മ കട്ടിലിനരികിൽ വീൽചെയറിൽ ഇരുന്ന് കാലിൽ തട്ടി വിളിക്കുന്നത് കണ്ടു. "എന്റെ നന്ദിനിക്കുട്ടീ ഞാൻ എണീറ്റത് കണ്ടില്ലേ?" അമ്മയുടെ ഇരുകവിളുകളും പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു. "പോയി പല്ലുതേച്ചിട്ട് വാ.. കാപ്പിയിട്ട് വച്ചിട്ടുണ്ട്.." പുഞ്ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു. അനുസരണയോടെ കുളിമുളിയിലേക്ക് നടന്നു.. ഇന്ന് കോളേജിലെ അധ്യാപകനായിട്ടുള്ള ആദ്യത്തെ ദിവസമാണ്. അതിനാൽ തന്നെ നേരത്തേ എണീറ്റ് വേണ്ടുന്ന കാര്യങ്ങളെല്ലാം കഴിച്ച് കോളേജിലേക്ക് പോകണമെന്നുണ്ട്. തലേന്ന് നേരത്തേ എഴുന്നേൽപ്പിക്കുവാൻ അമ്മയോട് പറഞ്ഞു വച്ചതായിരുന്നു. പല്ല് തേപ്പും കുളിയുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മേശമേൽ അമ്മ ഭക്ഷണം എടുത്തുവച്ചത് കണ്ടു.. "ആഹാ.. ഇതൊക്കെ എപ്പോ ഉണ്ടാക്കി? രേഖേച്ചി വരില്ലേ?" സാധാരണ അമ്മ വീൽചെയറിൽ ആയതിനാൽ വീട്ടിലെ പണികളെല്ലാം എടുക്കുന്നത് ജോലിക്ക്‌ വരുന്ന രേഖേച്ചിയാണ്.

അവധി ദിവസങ്ങളിൽ സഹായിക്കാൻ താനും ഉണ്ടാവും. അച്ഛനുണ്ടായിരുന്ന കാലത്ത് അച്ഛനാണ് വീട്ടിലെ ജോലികളും അമ്മയെയും ഒരുമിച്ചു നോക്കിയിരുന്നത്. അതോടൊപ്പം അച്ഛൻ സ്വന്തം ജോലിയും നോക്കിയിരുന്നു. അച്ഛൻ മരിച്ചുപോയതിൽ പിന്നെയാണ് രേഖേച്ചി വന്നു തുടങ്ങിയത്. രേഖേച്ചിയാണ് താൻ പല പല കാര്യങ്ങൾക്കായി പുറത്തു പോകുമ്പോഴും അമ്മക്ക് കൂട്ടുണ്ടാവുക. ഇനി കോളേജ് കഴിഞ്ഞ് വൈകീട്ടെത്തും വരെ അമ്മയുടെ കാര്യങ്ങള് ശ്രദ്ധിക്കുവാൻ രേഖേച്ചിയുണ്ട് എന്നത് ആശ്വാസകരമാണ്. "അവള് കുട്ട്യോളെ സ്കൂളിൽ പറഞ്ഞയച്ചിട്ടല്ലേ എത്തൂ.. നിനക്കിന്നു നേരത്തേ പോകാനുള്ളതല്ലേ?" അമ്മ മറുപടി പറഞ്ഞു. "അതിനീ വയ്യാത്ത കാലും വച്ച് ഇതൊക്കെ ഉണ്ടാക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ.. അതെങ്ങനാ, എന്റെ നന്ദിനിക്കുട്ടിക്ക് ഇപ്പൊ തീരെ ഒരു അനുസരണയില്ല.." ചുണ്ടുകോട്ടിക്കൊണ്ട് പറഞ്ഞപ്പോൾ അമ്മ പിന്നെയും പുഞ്ചിരിച്ചു.. "ഒന്നു പോടാ ചെക്കാ..." ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഒപ്പം അമ്മയെയും ഇരുത്തി..

"നമ്മുടെ ഗീതുമോളൊക്കെ നീ പഠിപ്പിക്കാൻ പോണ കോളേജിലല്ലേ?" കഴിച്ചുകൊണ്ടിരിക്കെ അമ്മ ചോദിച്ചു.. "ജയേഷേട്ടന്റെ മോളല്ലേ? ആണെന്ന് തോന്നുന്നു.." "ഒരു പാവം കുട്ടിയാല്ലേ അത്.. ഇടക്കിടക്ക് ഇങ്ങോട്ട് വന്നിട്ട് എന്റെ സുഖവിവരങ്ങൾ അന്വേഷിക്കും.. എന്നെ വല്യ ഇഷ്ടവാ..." അമ്മ പറഞ്ഞുകൊണ്ടിരുന്നു.. "ആഹാ... എന്നാ പിന്നെ ആ കുട്ടിയെ ഞാനങ്ങു കെട്ടിയാലോ?" കളിയോടെ പുരികം പൊക്കിക്കൊണ്ട് ഗൗരവഭാവത്തിൽ പറഞ്ഞപ്പോൾ വലിയ തമാശ കേട്ടതുപോലെ അമ്മ പൊട്ടിച്ചിരിച്ചു. "അതൊന്നും വേണ്ട.. നിനക്കിഷ്ടപ്പെടുന്ന, നിന്നെയും ഇഷ്ടപ്പെടുന്ന ഒരുത്തിയെ നീ കണ്ടുപിടിച്ച് കൂട്ടിക്കൊണ്ട് വന്നാൽ മതി.." അമ്മ പറഞ്ഞു. കഴിച്ചു കഴിഞ്ഞശേഷം കൈകഴുകി അമ്മയുമായി ഉമ്മറത്തെത്തി.. രേഖേച്ചി വന്നിട്ട് വേണം തനിക്ക് കോളേജിലോട്ട് പോകാൻ.. രേഖേച്ചിയെ കാത്ത് ഉമ്മറത്തെ തിണ്ണയിലിരുന്നപ്പോൾ ഇടയ്ക്കുവച്ച് അമ്മ അകത്തേക്ക് പോകുന്നത് കണ്ടു. അപ്പോഴാണ് രേഖേച്ചി വന്നത്. "നന്ദിനിക്കുട്ടീ ദേ രേഖേച്ചി വന്നു ഞാനെറങ്ങുവാണെ..." അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു..

"ഒന്ന് നിക്കെടാ.. ഞാൻ ഇപ്പൊ വരാം.." കുറച്ചു നേരം കാത്തപ്പോൾ കയ്യില് ഒരു ചെപ്പുമായി അമ്മ തിരിച്ചു വന്നു.. "ഒരു നല്ല കാര്യത്തിനിറങ്ങുവല്ലേ.." അമ്മ ചെപ്പുതുറന്ന് അതിൽ നിന്നും വിരലുകൊണ്ട് അല്പം കുറിയെടുത്ത് അടുത്തേക്ക് വന്നു.. കുനിഞ്ഞു നിന്നുകൊടുത്തപ്പോൾ അമ്മയത് നെറ്റിയിൽ തൊട്ടുതന്നു.. ശേഷം അമ്മയുടെ കാല് തൊട്ട് വണങ്ങിയിട്ട് പടികളിറങ്ങി നടന്നു. ഇടക്കൊന്നു നിന്നിട്ട് തിരിഞ്ഞു നോക്കി.. "ങ്ങാ നന്ദിനിക്കുട്ടീ.. ആ ഗീതു വരുവാണേൽ എന്റെ അന്വേഷണം പറയണേ.." തമാശയോടെ വിളിച്ചു പറഞ്ഞു.. "ഒന്ന് പോടാ.. ഈ ചെറുക്കന്റെയൊരു കാര്യം.." അമ്മയും മറുപടിയായി പൊട്ടിച്ചിരിച്ചു.. കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് ഒരിക്കൽ കൂടി അമ്മയോട് കൈ വീശി യാത്ര പറഞ്ഞ ശേഷം കോളേജിലേക്ക് തിരിച്ചു.. അരമണിക്കൂറിനകം ക്യാംപസിൽ എത്തിയിരുന്നു. കാറിൽ നിന്നുമിറങ്ങി കോളേജ് ലക്ഷ്യമാക്കി നടക്കുമ്പോൾ പുതുതായി ജോയിൻ ചെയ്ത ആളെ പലരും നോക്കുന്നുണ്ടായിരുന്നു. കൂടുതലായും പെൺകുട്ടികൾ.

. "എസ്ക്യൂസ്‌ മീ.. പ്രിൻസിപ്പലിന്റെ റൂമെവിടെയാണ്?" ഒരു പെൺകുട്ടിയെ വിളിച്ചുകൊണ്ടു ചോദിച്ചു. ആ കുട്ടി ഒരു നിമിഷം നോക്കി നിന്നു. "ദേ നേരെ ചെന്ന് വലത്തോട്ട് തിരിഞ്ഞാൽ മതി.." "ശരി.. താങ്ക്യൂ.." ഒന്ന് പുഞ്ചിരിച്ചുകാട്ടി മുന്നോട്ട് നടന്നപ്പോൾ ആ കുട്ടി വീണ്ടും പിന്നിൽ നിന്നും വിളിച്ചു. "ചേട്ടന്റെ ആരേലും പഠിക്കുന്നുണ്ടോ ഈ കോളേജിൽ?" ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. ആ കുട്ടിയുടെ മുഖത്തൊരു നാണമൊക്കെയുണ്ട്.. "ഇല്ല.. ഞാനിവിടെ പഠിപ്പിക്കാൻ വന്നതാ.." മറുപടി പറഞ്ഞു മുന്നോട്ട് നടക്കുമ്പോൾ ആ കുട്ടിയിലുണ്ടാവുന്ന ഞെട്ടൽ മനസ്സിൽ കണ്ട് ആവേശം കൊള്ളുകയായിരുന്നു. റൂമിൽ ചെന്ന് പ്രിൻസിപ്പലിനെ കണ്ട് സംസാരിച്ച ശേഷം കതക് വലിച്ചു തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ മുന്നിൽ കണ്ടത് ഗീതുവിനെയാണ്.. പ്രിൻസിപ്പൽ റൂമിലേക്ക് കയറാൻ കാത്തുള്ള നിൽപ്പാണ്.. "ശ്രീയേട്ടൻ.. ശ്രീയേട്ടനെന്താ ഇവിടെ..?" കണ്ടതും അവളൊന്ന് അത്ഭുതത്തോടെ ചോദിച്ചു.. "ആഹാ.. അപ്പൊ താനറിഞ്ഞില്ലേ.. ഞാനിവിടെ സബ്സ്റ്റിട്യൂഷന് വന്നതാടോ.. ഇവിടുള്ള ഏതോ ടീച്ചറ് നിങ്ങളെ മെരുക്കാൻ കഴിയില്ലെന്നും പറഞ്ഞ് പണി നിർത്തി പോയത്രേ.. നിന്നെയൊക്കെ പഠിപ്പിച്ചു നന്നാക്കിയെടുക്കാൻ പറ്റോന്ന് ഇനി ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.."

മീശത്തുമ്പ് പിരിച്ചുവച്ചുകൊണ്ട് പറഞ്ഞതും അവളൊന്ന് തലകുലുക്കി ചിരിച്ചു.. "അയ്യടാ.. ആ ടീച്ചറേ പ്രൊമോഷൻ കിട്ടീട്ട് പോയതാ.." ചുണ്ടുകോട്ടിക്കൊണ്ട് അവൾ പറഞ്ഞു. "ഹഹ.. അല്ല.. താനെന്താ പ്രിൻസിപ്പലിനെ കാണാൻ നിക്കുവാണോ?" "അതേ.. ഈ പ്രിൻസിപ്പൽ മാഡത്തിന് എന്നെയിങ്ങനെ ഇടക്കിടക്ക് കണ്ടോണ്ടിരിക്കണം.." പറഞ്ഞത് കേട്ട് തലയാട്ടി ചിരിച്ചു.. എന്തോ പണിയൊപ്പിച്ചുള്ള വരവാണെന്ന് മനസ്സിലായി.. "ഓഹ്.. ആയിക്കോട്ടെ.. എന്നാ കാണാം ട്ടോ.." ശരിയെന്നു പറഞ്ഞു തലയാട്ടിക്കൊണ്ട് നടന്നു പോകുമ്പോൾ പിന്നിൽ നിന്നും വീണ്ടും ശ്രീയേട്ടാ എന്ന വിളി കേട്ടു.. തിരിഞ്ഞു നോക്കിയിട്ട് എന്തെന്ന് കയ്യുയർത്തി ചോദിച്ചു. "കോളേജിലെ ആദ്യത്തെ ദിവസമല്ലേ.. ഓൾ ദി ബെസ്റ്റ്.." തള്ളവിരലുയർത്തിക്കാണിച്ചുകൊണ്ട് പെണ്ണ് പറഞ്ഞു.. "താങ്ക് യൂ.." കണ്ണ് കുറുക്കി ചിരിച്ചു കാട്ടിക്കൊണ്ട് നടന്നകന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️ "എടിയേ... എടിയേ...." ശ്രീയേട്ടനെ കണ്ട ശേഷം അത് മഹിമയോടും സോഫിയോടും പറയാൻ വേണ്ടി വെപ്രാളപ്പെട്ട് ക്ലാസിലേക്കോടി.

ശ്രീയേട്ടനെ ഇവിടെ വച്ചു കാണാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.. ക്ലാസിലേക്ക് ദിറുതി കൂട്ടി ചെന്നപ്പോൾ സോഫിയും മഹിമയും എന്തൊക്കെയോ സംസാരിച്ചിരിക്കുകയായിരുന്നു.. "എന്നതാടീ പെണ്ണെ കിടന്നു കാറുന്നെ..?" സോഫി ചോദിച്ചു തീരുന്നതിനു മുന്നേ അവർക്കരികിൽ വന്നു നിന്നിരുന്നു.. നെഞ്ചത്ത് കൈവച്ച് കിതപ്പകറ്റിയ ശേഷം പെണ്ണ് പുഞ്ചിരിച്ചു കാട്ടി. "എടിയേ.. അങ്ങേര് വന്നിട്ടുണ്ടിവിടെ.. ശ്രീയേട്ടൻ.. ദേ ഇപ്പൊ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കേറീട്ടുണ്ട്.." പറയുമ്പോൾ മനസിലെ ഉത്സാഹം മുഖത്തും പരന്നു.. "ഏത്? നിന്റെ വീട്ടിനടുത്തെ ആ ചേട്ടനോ? അങ്ങേരെന്തിനാ ഇവിടേക്ക് വന്നേ..?"

സോഫിയുടേതായിരുന്നു ചോദ്യം.. "നീതുട്ടീച്ചർക്ക് പകരം വന്നതാത്രെ...." "അടിപൊളി.. എടീ അങ്ങേരെ കർത്താവ് കണ്ടറിഞ്ഞ് നിന്റെ മുന്നിലോട്ട് ഇട്ടു തന്നതാ.. കാലം കുറച്ചായില്ലേ അങ്ങേരെ വളക്കാൻ അങ്ങേരുടെ വീട്ടിൽ കേറിയിറങ്ങാൻ തുടങ്ങീട്ട്.. ഇപ്പൊ അങ്ങേരിതാ നിന്നെത്തേടി എത്തിയിരിക്കുന്നു.. അങ്ങേരു നിനക്കുള്ളത് തന്നെയാ മോളേ...." സോഫി തോളിൽ തട്ടിക്കൊണ്ട് പറഞ്ഞപ്പോൾ കിട്ടിയ പ്രതീക്ഷ ചെറുതല്ല.. "നിങ്ങള് നോക്കിക്കോ.. ഇക്കണ്ട കാലമത്രേം നിക്ക് പറയാൻ പറ്റാണ്ട് പോയ എന്റിഷ്ടം ഞാൻ ഇവിടെ വച്ച് ശ്രീയേട്ടനോട് പറയും.." ചിരിയാലേ വിദൂരതയിലേക്ക് നോക്കി പറയുന്ന പെണ്ണിനെ കിനാവ് കാണിക്കാനെന്നോണം പിന്നിൽ നിന്നും മഹിമയും സോഫിയും അവളെയും ശ്രീരാഗിനെയും ചേർത്ത് പറയുന്നുണ്ടായിരുന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story