ശ്രീരാഗം 💌 : ഭാഗം 5

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

അന്നത്തെ ആദ്യത്തെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുവാനായി കാറിൽ കയറുമ്പോഴാണ് പിന്നിൽ നിന്നും ശ്രീയേട്ടാ എന്ന് നീട്ടിയുള്ള വിളി കേട്ടത്.. ഗീതുവാണ്.. അല്ലാതെ ഈ കോളേജിൽ തന്നെ അങ്ങനെ വിളിക്കുന്ന വേറാരാണുള്ളത്.. തിരിഞ്ഞു നോക്കിയപ്പോഴേക്കും പെണ്ണ് ഓടിയെടുത്തെത്തിയിരുന്നു.. "ശ്രീയേട്ടൻ നേരെ വീട്ടിൽക്കല്ലേ.. എന്നെ അവിടെ ഇറക്കി വിട്ടാൽ മതി.. പിന്നെ ന്റെ വീട്ടിലേക്ക് കുറച്ച് നടന്നാൽ പോരെ.." ചിരിച്ചുകൊണ്ട് പറയുന്നവളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. ധിറുതിയോടെ മറുവശത്തായി കേറിയിരിക്കുന്നതിന് മുന്നേ ദൂരെ നിന്നു നോക്കിക്കൊണ്ടിരുന്ന മഹിമക്കും സോഫിക്കും അവള് കൈ കൊണ്ടൊരു യാത്ര പറച്ചിൽ നടത്തി.. തീർച്ചയായും ഇനി മുതൽ ക്ലാസ്സ്‌ കഴിഞ്ഞ് ശ്രീയേട്ടന്റെ കാറിൽ തിരിച്ചു പോകാമെന്നുള്ളത് സോഫിയുടെ ഐഡിയയാണ്.. കോളേജിന്റെ എന്ട്രൻസ് കടന്ന് കാർ റോഡിലേക്കിറങ്ങിയപ്പോൾ സീറ്റിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് ശ്രീയേട്ടനെ നോക്കി.. "എടീ.. നീ തല്ക്കാലം ഇപ്പൊത്തന്നെ ചാടിക്കേറി ഇഷ്ടമാണെന്നങ്ങു പറയാതെ..

അവനത് കാര്യമാക്കണമെന്നില്ല.. അതേ സമയം കുറച്ചു ദിവസം നിങ്ങളിങ്ങനെ കോളേജിലോട്ട് കാറിൽ വന്നും പോകുന്നതിനിടക്ക് സംസാരിച്ച് കഴിയാവുന്നതും അങ്ങേരുമായി അടുക്കാൻ ശ്രമിക്ക്‌. എന്നിട്ട് പറയുവാണേൽ അങ്ങേരു കണ്ണും പൂട്ടി യെസ് പറയുമെന്നുറപ്പല്ലേ..." ശ്രീയേട്ടനൊപ്പം പോകാനിരുന്നപ്പോൾ സോഫി തന്ന താക്കീത് മനസ്സിലേക്ക് കടന്നു വന്നു.. നേരം കുറച്ചായിട്ടും ശ്രീയേട്ടൻ ഇങ്ങോട്ടൊന്നും മിണ്ടിയിട്ടില്ല.. ഇടക്കിടക്ക് കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഒന്ന് പുഞ്ചിരിക്കും.. അത്രമാത്രം.. പക്ഷെ ആ പുഞ്ചിരി മനസിnനേകുന്ന കുളിർമ ചെറുതല്ല.. മിണ്ടാനെന്തെങ്കിലും കാരണം ആലോചിക്കുന്നതിനിടക്കാണ് വീണ്ടും ശ്രീയേട്ടന്റെ കണ്ണുകൾ തേടിയെത്തിയത്.. അപ്പോഴും ചുണ്ടുകൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. തിരിച്ചും ചിരിച്ചു കാട്ടി.. "താനെന്റെ നന്ദിനിക്കുട്ടിയെ നന്നായി കയ്യിലെടുത്തിട്ടുണ്ടല്ലോ...." ശ്രീയേട്ടൻ പറഞ്ഞപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ പല്ലിളിച്ചു കാട്ടി.. "തന്നെ പറ്റി പറയാൻ നൂറു നാവാ.. ഇന്ന് കാലത്തേ കൂടി തന്നെപ്പറ്റി പറഞ്ഞതെ ഉണ്ടായിരുന്നുള്ളു.."

ശ്രീയേട്ടൻ പറയുന്നതിനൊക്കെ മറുപടി മൂളിക്കൊണ്ട് ചിരിക്കുകയല്ലാതെ ഒന്നും മിണ്ടുവാൻ കഴിഞ്ഞിരുന്നില്ല.. അമ്മയെ പറ്റി സംസാരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ തെളിയുന്ന തിളക്കം അവൾ ആശ്ചര്യത്തോടെ നോക്കിക്കണ്ടു.. "ഇന്ന് രാവിലെ നിന്റെയും എന്റെയും കല്യാണക്കാര്യം ആയിരുന്നു മെയിൻ വിഷയം.." കേട്ടതും വലിയൊരു അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി.. "അയ്യോ.. തെറ്റിദ്ധരിക്കാതെ.. അമ്മേടെ സംസാരം നോക്കണ്ട.. സിനിമാനടി കീർത്തി സുരേഷിനെക്കൊണ്ട് വരെ എന്നെ കെട്ടിക്കാൻ പ്ലാനിട്ട ആളാ...." അതും പറഞ്ഞുകൊണ്ട് ശ്രീയേട്ടൻ ഉറക്കെ ചിരിച്ചു.. അപ്പോഴും പറയാൻ മറുപടിയൊന്നുമില്ലായിരുന്നു.. പക്ഷെ ചോദിക്കാനൊത്തിരിയുണ്ട്.. കെട്ടാമോ ന്ന്.. കൂടെ കൂട്ടുമോ ന്ന്.. സ്നേഹിക്കുമോ ന്ന്.. "എടോ.. തന്നെ കാണാനും ഏകദേശം ഒരു കീർത്തി സുരേഷിനെ പോലെ തന്നെയുണ്ട് കേട്ടോ.." ശ്രീയേട്ടൻ ഒന്നടുത്തേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞതും ആദ്യമായി അങ്ങേരുടെ വായിൽ നിന്നും കേട്ട ആ വാക്കുകൾ ഹൃദയത്തിന്റെ ഒരു കോണിൽ മനോഹരമായി കൊത്തി വച്ചിരുന്നു.

ഒടുക്കം ശ്രീയേട്ടന്റെ വീടെത്തി.. കാറിൽ നിന്നുമിറങ്ങിയപ്പോൾ തറവാട്ടുമുറ്റത്ത് എത്തിയ സ്ഥിതിക്ക് അവിടുത്തെ അമ്മയെ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി.. അകത്തേക്ക് കയറുമ്പോൾ കാറിന്റെ കീ കറക്കിക്കൊണ്ട് പുറകെ ശ്രീയേട്ടനും വരുന്നുണ്ടായിരുന്നു.. അമ്മയുടെ മുറിയിലെത്തിയപ്പോൾ വീൽ ചെയറിൽ ഇരുന്ന് തുണി തുന്നുന്നത് കണ്ടു.. "നന്ദിനിക്കുട്ട്യേ.." പിന്നിൽ നിന്നും ശ്രീയേട്ടന്റെ ശബ്‌ദം കേട്ടു.. കേട്ടതും അമ്മ തലപൊക്കി നോക്കുന്നത് കണ്ടു.. ശ്രീരാഗ് ഒന്ന് കണ്ണുകൊണ്ട് ഗീതുവിനെ ചൂണ്ടിക്കൊണ്ട് നാണം കാണിച്ചു നിന്നു.. "എന്റെ ദൈവമേ.. ഇവളെ കെട്ടുന്ന കാര്യം നീ ശരിക്ക് പറഞ്ഞതാരുന്നോടാ ശ്രീക്കുട്ടാ...." അമ്പരന്നുകൊണ്ടുള്ള അമ്മയുടെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകളൊന്ന് വിടരുന്നതിന് തൊട്ട് മുൻപേ അവനവളുടെ കൈപിടിച്ച് തമാശയോടെ പാഞ്ഞ് അമ്മക്കരികിലെത്തിയ ശേഷം അവളുടെ കൈയും പിടിച്ചുകൊണ്ട് അമ്മയുടെ കാൽക്കൽ വീണു.. "അമ്മേ.. അമ്മേടെ ഇഷ്ടപ്രകാരം ഞാൻ ഇവളെ അങ്ങ് കൂടെ കൂട്ടിയമ്മേ.. അമ്മ ഞങ്ങളെ അനുഗ്രഹിക്കണം...."

പെട്ടെന്ന് കേട്ടതിൽ അമ്മയേക്കാൾ ഞെട്ടൽ അവളിലായിരുന്നു. അമ്പരപ്പോടെ അവനെ നോക്കിയപ്പോൾ കണ്ണിറുക്കിക്കാട്ടി ചിരിക്കുന്നത് കണ്ടു.. ദേഹമാകെ വിറച്ചു തുടങ്ങി.. മനസ്സ് പടാപടാന്ന് മിടിച്ചു.. ശരീരമാകെ വിയർപ്പ് പന്തലിച്ചു.. "ഒന്നുപോയെടാ ചെറുക്കാ..." അമ്മ ചിരിച്ചുകൊണ്ട് ചുണ്ട് കോട്ടി. "ഇല്ല.. അമ്മ ഞങ്ങളെ അനുഗ്രഹിക്കാതെ ഞാൻ എണീക്കില്ല.. അനുഗ്രഹിക്കമ്മേ.. ഞങ്ങളെ അനുഗ്രഹിക്കൂ..." ശ്രീയേട്ടൻ സങ്കടഭാവത്തോടെ പറഞ്ഞു.. "പ്ഫാ... കളിക്കാതെ എഴുന്നേറ്റ് പോടാ ചെക്കാ.. ഇല്ലേൽ എന്റെ കാലോണ്ട് ഞാനൊരു തൊഴിയങ് വച്ചുതരും.. ഹാ.." അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവനൊന്ന് എഴുന്നേറ്റ് ഊറിച്ചിരിച്ചുകൊണ്ട് നടന്നുപോയി.. പെണ്ണപ്പോഴും ആയിരിപ്പ് തുടർന്നു.. ഒരു നിമിഷം സംഭവിച്ചത് സത്യമായിരുന്നെങ്കിലെന്ന് മനസ്സാഗ്രഹിച്ചു.. "നീയെന്ത് കിനാവ് കണ്ടോണ്ടിരിക്ക്യാ ഗീതുമോളെ.. അവന്റെ തലക്ക് ഓളമാ.. മോളതൊന്നും കാര്യാക്കണ്ട.." അമ്മ തലയിൽ തലോടിയപ്പോൾ വെപ്രാളത്തോടെ ചാടിയെണീറ്റു.. "ഞാനെന്നാ പോട്ടെ അമ്മേ.. " പറഞ്ഞുകൊണ്ട് ധൃതിയിൽ നടന്നപ്പോൾ അമ്മ പിന്നിൽ നിന്നും വിളിച്ചു. "അല്ല.. നീയെന്തിനാ ഇവിടേക്ക് വന്നേ...." മൂക്കിൽ വിരൽ വച്ചുകൊണ്ട് അമ്മ ചോദിച്ചു. "അത്... അമ്മേനെ കാണാൻ.. അല്ലാണ്ടെന്തിന്..?"

പരിഭ്രമം മറച്ചുവച്ചുകൊണ്ട് പറയുമ്പോഴും വാക്കുകൾ തെന്നിവീഴുന്നുണ്ടായിരുന്നു.. "ന്നെക്കാണാനോ? ന്നിട്ട് നീയ് ന്റെ സുഖവിവരമൊന്നും അന്വേഷിച്ചില്ലല്ലോ...." അമ്മ പറഞ്ഞപ്പോൾ കള്ളി വെളിച്ചതാകുമോ എന്ന ഭയത്തോടെ വാക്കുകൾക്ക് വേണ്ടി പരതി.. "അത്.. ഞാൻ.. ഞാനമ്മയെ കണ്ടല്ലോ.. അതോണ്ടാ ഞാൻ കൂടുതലൊന്നും..." പൂർത്തിയാക്കാനാവാതെ വാക്കുകൾ വിക്കിയപ്പോൾ അമ്മ അർത്ഥം വച്ചു തലകുലുക്കി ചിരിച്ചു.. "മ്മ്.. മ്മ്.. മ്മ്.. എനിക്കൊന്നും മനസ്സിലാവുന്നില്ലാന്ന് കരുതണ്ട.. നിന്റെയൊക്കെ ഈ പ്രായം കഴിഞ്ഞേച്ചു തന്നെയാ ഞാനും ഇവിടെ വരെ എത്തിയത്.." "ഏയ്‌.. അമ്മ വെറുതെ തെറ്റിദ്ധരിച്ചതാവും... എന്നാ ഞാൻ.. ഞാൻ പോട്ടെ.. " തിരിച്ചെന്തു പറയുമെന്ന് കേൾക്കാൻ നിക്കാതെ അത്രമാത്രം പറഞ്ഞുകൊണ്ട് അവിടെ നിന്നും തടിതപ്പി... അമ്മയുടെ മുന്നിൽ നിന്നും രക്ഷപെട്ടു പുറത്തെത്തിയപ്പോൾ വലിയൊരു ആശ്വാസത്തോടെ ഒന്ന് ദീർഗമായി നിശ്വസിച്ചു. ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയാണ് മുറ്റം ലക്ഷ്യമാക്കി ഒരൊറ്റ ഓട്ടം വച്ചു കൊടുത്തത്..

എന്നാൽ തല കുനിച്ചു നാണത്തോടെ പൂമുഖവാതിൽ കടന്നതും ശ്രീയേട്ടന്റെ നഗ്നമായ മാറിൽ ഇടിച്ചുകൊണ്ട് ഒന്ന് വീഴാനായതും ഒരുമിച്ചായിരുന്നു.. തറയിലേക്ക് വീഴാൻ തുടങ്ങിയവളെ ഇടുപ്പിലൂടെ കയ്യിട്ടുകൊണ്ടവൻ ചേർത്ത് നിർത്തി.. ശ്രീയേട്ടൻ കുളിക്കുവാനായി മുണ്ട് മാത്രം ഉടുത്തു വന്നിരിക്കുകയാണ്.. പെണ്ണിന്റെ ഉടലിന്റെ തൂവലിനൊന്നിനു തീ പിടിച്ചു.. "എന്തിനാടീ പെണ്ണെ നീയിങ്ങനെ ചെന്നൈ എക്സ്പ്രസ്സ് പോലെ കുതിച്ചോടുന്നത്.. എന്റെ നെഞ്ചില് വലിയ കല്ലെന്തോ വന്നിടിച്ച പോലുണ്ട്.." ശ്രീയേട്ടൻ നോക്കിക്കൊണ്ട് പറഞ്ഞു.. മറുപടി പറയാതെ വിറച്ചു നിൽക്കുന്നവളെ കണ്ട് ചിരിതോന്നി അവൻ തന്റെ കൈകളെ അവളിൽ നിന്നും അടർത്തി മാറ്റി. ഒന്നും മിണ്ടാതെ വെപ്രാളപ്പെട്ടുകൊണ്ട് ഇറങ്ങി നടക്കുവാൻ തുടങ്ങിയപ്പോൾ ഡീ പെണ്ണേ എന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കാതെ നടത്തം നിർത്തി.. "നാളെ കാലത്തെ ഇങ്ങ് പോര്.. കോളേജിലോട്ട് എന്റൊപ്പം പോവാം.." ശ്രീയേട്ടൻ പറഞ്ഞു.. കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ശരിയെന്നു തലയാട്ടിക്കൊണ്ട് നടന്നകന്നു... ✨️✨️✨️✨️✨️✨️✨️✨️✨️✨️

രാത്രി ഭക്ഷണശേഷം അമ്മയെ കട്ടിലിൽ കിടത്തി ഉറക്കിയ ശേഷം ശ്രീരാഗ് തന്റെ മുറിയിലേക്കു വന്നു.. ഇന്ന് നല്ല ക്ഷീണമുണ്ട്. കോട്ടുവായിട്ടുകൊണ്ട് കട്ടിലിലേക്ക് വീണപ്പോൾ ടേബിളിന്മേൽ കിടന്ന മൊബൈൽ ശബ്‌ദിച്ചു.. എഴുന്നേറ്റിരുന്നു എടുത്ത് നോക്കിയപ്പോൾ അറിയാത്ത നമ്പർ ആയിരുന്നു.. "ഹലോ?" കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചു.. "ഹായ് സാർ.." മറുവശത്തു നിന്നും ഒരു പെൺകുട്ടിയുടെ ശബ്‌ദം.. സാറെന്ന് അഭിസംബോധന ചെയ്തപ്പോൾ തന്നെ കോളേജിലെ ഏതോ പെൺകുട്ടിയാണെന്ന് മനസ്സിലായിരുന്നു.. "ആരാ? മനസിലായില്ല.." "ശ്രീരാഗ് സാറല്ലേ.. സാറിനെന്നെ അറിയില്ല.. പക്ഷെ സാറിനെ എനിക്കറിയാം.." "എങ്ങനെ..?" നെറ്റി ചുളിഞ്ഞു.. "ഇന്ന് കണ്ടു..." നിസാരഭാവത്തിൽ മറുപടി കേട്ടു. "പേരെന്താണ്? എന്തെങ്കിലും ഡൌട്ട് ക്ലിയർ ചെയ്യാൻ വിളിച്ചതാണോ?" ഗൗരവഭാവത്തിൽ ചോദിച്ചു. "ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ തന്നെയാ.. സാറിന്റെ കൂടെ ഇന്ന് കണ്ട ആ പെണ്ണില്ലേ.. ഗീതു.. ആ കുട്ടി സാറിന്റെ ഗേൾഫ്രണ്ട് ആണോ..?" ചോദ്യം കെട്ടൊന്ന് നെറ്റി ചുളിഞ്ഞു.

"ലൂസ് ടോകിന് എനിക്ക് നേരമില്ല.. പഠിക്കുന്ന കാര്യത്തിൽ എന്തെങ്കിലും ഡൌട്ട് ഉണ്ടോ? ഇല്ലെങ്കിൽ വച്ചിട്ട് പോണം..." ദേഷ്യത്തോടെ പറഞ്ഞു... "സാറിനെ മൊത്തമായും ഒന്ന് പഠിച്ചെടുക്കുന്ന കാര്യത്തിലെ ഡൌട്ട് ആയിരുന്നു ഞാൻ ചോദിച്ചത്..." ആരെന്നറിയാത്ത ആ പെൺകുട്ടിയുടെ മറുപടി കേട്ട് താല്പര്യമില്ലായ്മയോടെ കാൾ കട്ട്‌ ചെയ്തു.. "നോൺസെൻസ്...." ചുണ്ടുകൾ മന്ത്രിച്ചു.. ഫോൺ കട്ടിലിലേക്കിട്ട് വീണ്ടും മലർന്നു കിടന്നു കണ്ണടച്ചപ്പോൾ പിന്നെയും ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കാതുകളിൽ മുഴങ്ങി.. അലസതയോടെ ഫോൺ എടുത്തു നോക്കിയപ്പോൾ വീണ്ടും അതേ നമ്പറിൽ നിന്നു തന്നെയാണ് കോളെന്ന് കണ്ടു.. കണ്ടതും ദേഷ്യം കൊണ്ട് മുഖമാകെ വലിഞ്ഞു.. കണ്ണുകൾ കുറുകി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story