ശ്രീരാഗം 💌 : ഭാഗം 6

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

"എടി പെണ്ണെ.. എന്താ നിന്റെ പ്രശ്നം? എന്താ നിനക്ക് വേണ്ടത്..?" ദേഷ്യത്തോടെ കാൾ എടുത്തുകൊണ്ടു ചോദിച്ചു.. "ഹാ.. ദേഷ്യപ്പെടാതെ സാറേ.. പരിചയപ്പെടാൻ വരുന്ന സ്റ്റുഡന്റിനോട് ഇങ്ങനെയാണോ പെരുമാറുന്നെ..?" മന്ദഹസിച്ചുകൊണ്ടുള്ള മറുപടി കേട്ട് ദേഷ്യം ഇരട്ടിച്ചു.. "പരിചയപ്പെടാനാണെങ്കി നാളെ കോളേജിൽ നേരിട്ട് വാ.. ഓക്കേ..?" പറഞ്ഞുകൊണ്ട് ഫോൺ വച്ചു.. വച്ച ശേഷമാണ് പേര് ചോദിക്കാനുള്ള കാര്യം വിട്ടുപോയത്.. അല്ലെങ്കിലും അതറിഞ്ഞിട്ടിപ്പോ എന്തിനാ.. വീണ്ടും കട്ടിലിലേക്ക് വീണുകൊണ്ട് അന്നത്തെ രാത്രി സസുഖം മയങ്ങി.. കാലത്ത് സാധാരണ അമ്മയാണ് എഴുന്നേൽപ്പിക്കാറ്.. ഇന്ന് അമ്മക്ക് പകരം മൊബൈൽ റിങ് ചെയ്യുന്ന ശബ്‌ദം കേട്ടാണ് എഴുന്നേറ്റത്.. അടഞ്ഞ കണ്ണുകളാലേ ഫോൺ തപ്പിയെടുത്ത് ആരാണെന്ന് പോലും നോക്കാതെ ചെവിയിൽ വച്ചു.. "ഹലോ...?" അലസതയോടെ ചോദിച്ചു. "ഗുഡ് മോർണിംഗ് സാർ.." ശബ്‌ദം കേട്ടപ്പോ ഇന്നലെ വിളിച്ച അതേ പെണ്ണ് തന്നെയാണെന്ന് മനസ്സിലായി.. ഒന്നുകൂടെ ഉറപ്പിക്കുവാനായി നമ്പർ അതുതന്നെയല്ലേ എന്ന് നോക്കി ഉറപ്പ് വരുത്തിയ ശേഷം ചെവിയിലേക്ക് തിരിച്ചു വച്ചു.

"തനിക്കെന്താ വേണ്ടത്..?" താല്പര്യമില്ലായ്മയുടെയും ഉറക്കച്ചടവോടെയും ചോദിച്ചു.. "ശെടാ.. ഒരു ഗുഡ് മോർണിംഗ് വിഷ് ചെയ്യാൻ വിളിച്ചതിന് ഇത്രക്ക് കലിയോ..?" പറഞ്ഞുകൊണ്ടിരിക്കെ ഇടക്കിടക്കവളുടെ ചിരി കേട്ടു.. ചില്ലു പൊട്ടുന്നത് പോലുള്ള ചിരി. അത് കേൾക്കുമ്പോഴേ ഉള്ളിലേക്ക് ദേഷ്യം ഇരച്ചു കയറുകയായിരുന്നു.. "സാറിന്ന് കോളേജിൽ വരുന്നില്ലേ..?" "പിന്നെ വരാതെ.. വന്നിട്ട് തന്നെ ഞാൻ ശരിയാക്കിത്തരാം.." തലകുലുക്കിക്കൊണ്ട് പറഞ്ഞു. "ഒന്ന് പോ സാറേ.. സാറ് എന്നെയതിന് കണ്ടാലല്ലേ.." പിന്നെയും കേട്ടു പരിഹാസം പോലൊരു ചിരി.. ചില്ലു പൊട്ടുന്നത് പോലത്തെ ഒരെണ്ണം.. "അതൊക്കെ ഞാൻ കോളേജിൽ എത്തിയിട്ട് കാണിച്ചു തരാടി..." "ഉവ്വ് ഉവ്വ്.. ഇപ്പൊ കാണിച്ചു തരും.. കാണിച്ചു തരാൻ പോയിട്ട് സാറിനെന്നെ കാണാൻ പോലും പറ്റില്ല.." വീണ്ടും അപ്പുറത്തുനിന്നും ചില്ലു പൊട്ടി.. "നീ എന്റെ സ്റ്റുഡന്റ് അല്ലെ..? അപ്പൊ പിന്നെ നിന്നെ കണ്ടെത്തുന്നതൊന്നും എനിക്കൊരു വിഷയമേ അല്ല..." ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞിട്ടും മറുവശത്തുനിന്നവൾ വീണ്ടും ഉറക്കെ ചിരിച്ചു..

"എങ്ങനെ? സാറിനു എന്റെ പേരറിയോ.. പോട്ടെ എന്നെ കണ്ടാ തിരിച്ചറിയാൻ പറ്റോ.. ഇല്ലല്ലോ...?" ശരിയാണ്.. അവളുടെ പേരറിയില്ല, മുഖവും.. "ത.. തന്റെ പേരെന്താ..?" ഒടുക്കം വേറെ വഴിയില്ലെന്ന് മനസ്സിലാക്കി മടിച്ചുകൊണ്ട് ചോദിച്ചു നോക്കി.. "ഇപ്പഴേ പേരൊക്കെ പറഞ്ഞാ അതിലൊരു ത്രില്ല് ഇല്ല.." "എന്നാലേ.. മോളിനി ഇങ്ങോട്ട് വിളിക്കേം ബേണ്ട ഓക്കേ?" പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. എങ്കിലും ആളാരെന്നറിയുവാൻ മനസ്സിനൊരു ആഗ്രഹമുണ്ട്.. ഒരു ചെറിയ കൗതുകം.. "ശ്രീക്കുട്ടാ.. നീ പതിവില്ലാണ്ട് കാലത്തേണീറ്റിട്ട് എന്താലോചിച്ചോണ്ട് നിക്കുവാ?" ഫോണും കട്ടിലിലിട്ട് മേൽപ്പോട്ടു നോക്കി ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അമ്മ വീൽചെയർ ഉരുട്ടി മുറിക്കകത്തേക്ക് വന്നത്.. "ഏയ്‌ ഒന്നുല്ല എന്റെ കുട്ട്യേ..." സ്നേഹത്തോടെ ചെന്ന് കവിളിൽ തട്ടി.. "എന്താടാ.. ഇന്നലെ കെട്ട് കഴിഞ്ഞതും നീ നന്നാവാൻ തീരുമാനിച്ചോ..?" അമ്മ ചോദിച്ചപോൾ ഒരു നിമിഷം ഒന്നാലോചിച്ചു നിന്നുപോയി.. കെട്ടോ.. ആരുടെ കെട്ട്? പിന്നെയാണ് ഗീതുവിനെ കൂട്ടുപ്പിടിച്ച് അനുഗ്രഹം വാങ്ങിക്കാൻ അമ്മേടെ കാലിൽ വീണത് ഓർമ്മ വന്നത്..

"ഞാനേ വേം പോയി ഫ്രഷ് ആകട്ടേ.. നിങ്ങടെ മരുമോൾ വരാനുള്ള സമയമായി..." അതും പറഞ്ഞുകൊണ്ട് തോർത്തെടുക്കാൻ മുറ്റത്തേക്ക് നടന്നു.. അമ്മ പിന്നാലെ വരുന്നുണ്ട്.. "ഇതൊരു സ്ഥിരം പരിപാടിയാക്കണ്ട..." അമ്മയൊന്ന് ഊറിച്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു കൊടുത്തു.. "അവളെന്തായാലും ഇവിടെ അടുത്തല്ലേ.. അതോണ്ട് ഇന്നലെ ഞാനാ പറഞ്ഞു പോക്കും വരവുമെല്ലാം ഇനി എന്റൊപ്പം ആവാം ന്ന്..." "ഹാ.. അപ്പൊ രണ്ടാളും ചേർന്നുള്ള ഒത്തുകളിയാല്ലേ....?" അമ്മ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഞെട്ടിക്കൊണ്ട് അല്ലെന്ന് തലയാട്ടി.. "നന്ദിനിക്കുട്ട്യേ.. ഓവറാക്കി ചളമാക്കല്ലേ..." ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അച്ഛയോടും അമ്മയോടും യാത്ര പറഞ്ഞ് ശ്രീയേട്ടന്റെ വീട് ലക്ഷ്യമാക്കി നടന്നു.. ശ്രീയേട്ടനെ കാണാനുള്ള തിടുക്കത്തിൽ നടന്നിട്ടും എത്തുന്നില്ലാന്ന് കണ്ടപ്പോൾ വെപ്രാളംപ്പെട്ടുകൊണ്ട് ഓടി.. ഓടിക്കിതച്ച് തറവാടിന് മുന്നിലെത്തിയപ്പോൾ ശ്രീയേട്ടൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുകയായിരുന്നു.. "ഹാ.. തന്നെ കാണാതായപ്പോ കാറെടുത്ത് അങ്ങോട്ട് വരാനിരിക്കുവായിരുന്നു ഞാൻ.."

കണ്ടതും ശ്രീയേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു കാറിലേക്ക് കേറിയിരുന്നു. ശ്രീയേട്ടൻ ഇന്ന് നീല ഷർട്ടും മഞ്ഞ കരയുള്ള മുണ്ടുമാണ് വേഷം.. നെറ്റിയിലൊരു കുറിയുമുണ്ട്.. ആകെ മൊത്തത്തിൽ സുന്ദരനായിട്ടുണ്ട്.. ഇടക്കിടക്ക് ചിരിക്കുമ്പോൾ ഇരു കവിളുകളിലും തെളിയുന്ന നുണക്കുഴികളിലേക്ക് പെണ്ണങ്ങനെ നോക്കി നിന്ന് പോവാറുണ്ട്.. "താൻ വരുന്നില്ലേ?" കാർ സ്റ്റാർട്ട്‌ ചെയ്തിട്ടും മുന്നിൽ നിന്നും അനങ്ങാതെ നോക്കി നിൽക്കുന്നവളെ നോക്കിക്കൊണ്ട് ചോദിച്ചു.. കേട്ടതും കിനാവ് കാണുന്നത് മതിയാക്കി കോലായയിൽ ഇരിക്കുന്ന അമ്മയോട് യാത്ര പറഞ്ഞു കാറിലേക്ക് കയറിയിരുന്നു.. "ഇന്നലെ രാത്രി കോളേജിലെ ഏതോ ഒരു പെൺകുട്ടി വിളിച്ചിരുന്നു.. പേരൊന്നും പറയാതെ വെറുതെ സംസാരിച്ചോണ്ടിരുന്നു.. ഇന്ന് കാലത്തും.. നിങ്ങടെ കോളേജിലെ പെൺപിള്ളേർ എല്ലാം നല്ല അസ്സല് പിടക്കോഴികളാണല്ലോ..." കാർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രീയേട്ടൻ ചോദിച്ചു. "ബ്ലോക്ക് ചെയ്തു വച്ചൂടെ?" പെണ്ണിന്റെയുള്ളിലെ വികാരം കൊണ്ട് പറഞ്ഞതാണെന്ന് അവനറിയില്ലായിരുന്നു.

"എന്തിന് അവിടെ കിടക്കട്ടെ.. ഞാനങ്ങോട്ടു ചൂടായിട്ടാ സംസാരിച്ചത്. എന്നാലും ആളെ അറിയാനൊരു കൗതുകം ഇല്ലാതില്ലാതില്ല.." അത് പറഞ്ഞ ശേഷം അവൻ മാത്രം ചിരിച്ചു. പെണ്ണിന് ചിരിക്കാൻ തോന്നിയില്ല.. കോളേജെത്തിയപ്പോൾ കാറിൽ നിന്നും ധൃതിയിൽ ഇറങ്ങി അവന്റെ ഭാഗത്തേക്ക്‌ നടന്നു ചെന്നു.. ചുറ്റിനും നോക്കുമ്പോൾ പരിസരത്തുള്ള പെൺകുട്ടികളുടെ കണ്ണുകളെല്ലാം അവനിലാണ്. "അതേയ്.. ആ നമ്പർ അങ്ങട്ട് ബ്ലോക്ക് ചെയ്ത് വച്ചേക്കൂട്ടോ.. ഇവിടെ പെൺകുട്ട്യോൾ മഹാ പിടകളാ.. ചിലവള്മാർക്ക് ആഴ്ചക്ക്‌ ആഴ്ചക്ക്‌ കാമുകനെ മാറ്റുന്ന പരിപാടിയാ.. സൂക്ഷിക്കണം..." ഗൗരവ ഭാവത്തിൽ കണ്ണുകൾ വിടർത്തിക്കൊണ്ട് പറഞ്ഞു.. "താനെന്തിനാടോ ഇത്ര സീരിയസ് ആവുന്നേ.. ഞാനിവിടെ പഠിപ്പിക്കാനല്ലേ വന്നത്.. അങ്ങനെ ഒരുത്തീടെ വലയിലും ഈ ശ്രീരാഗ് വീഴില്ല..." ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ തലയാട്ടിക്കൊണ്ട് പെണ്ണ് ക്ലാസിലേക്ക് നടന്നു പോയി.. കാറിൽ ചാരി നിന്ന് ഒന്ന് ചുറ്റിനും കണ്ണോടിച്ചപ്പോൾ പെൺകുട്ടികളിൽ പലരുടെയും നോട്ടം തന്നിലേക്ക് പതിക്കുന്നത് കണ്ട് ചിരി പൊട്ടി..

ആ ചിരി അവസാനിച്ചത് കയ്യില് കിടന്ന് റിങ് ചെയ്ത മൊബൈൽ ഫോണിൽ ഇന്നലെ രാത്രി മുതൽ വിളിച്ചുകൊണ്ടിരുന്ന പെണ്ണിന്റെ നമ്പർ കണ്ടതോടെയാണ്... മുഖമൊന്നു ഗൗരവത്തിൽ വച്ചുകൊണ്ട് അവൻ കാളെടുത്തു. "ഹലോ...?" "ഹായ് സാർ.. ഇന്ന് നല്ല ഗ്ലാമർ ആയിട്ടുണ്ടല്ലോ? നീല ഷർട്ടും ചന്ദനക്കുറിയുമൊക്കെയായിട്ട്.. ഇവിടുള്ള പെൺപിള്ളേരെ വീഴ്ത്താനുള്ള സൈക്കോളജിക്കൽ മൂവ് ആണോ?" ചോദ്യം കേട്ട് ചുറ്റിനും വീക്ഷിച്ചു നോക്കി, അവരിലാരെങ്കിലും ആണോ തനിക്ക് ഫോൺ ചെയ്യുന്നതെന്നറിയാൻ.. പക്ഷെ ആരുടേയും കയ്യില് പോലും ഫോൺ ഉണ്ടായിരുന്നില്ല.. "അതേ മാഷേ.. അവിടെയൊന്നും തിരയണ്ട.. ഞാനവിടെയൊന്നുമല്ല...." "താനിപ്പോ എവിടെയുണ്ട്..?." "ഞാനിപ്പോ സാറിന് കാണാൻ സാധിക്കാത്ത ഒരിടത്തുണ്ട്..." "സ്ഥലം ഏതാന്ന് പറയ്.. ഞാൻ അങ്ങോട്ട് വരാം..."

"യ്യൊ... അത് വേണ്ട.. ബുദ്ധിമുട്ടാവില്ലേ..?" "എങ്കിലേ... താൻ വിളിക്കുന്നതും എനിക്ക് ബുദ്ധിമുട്ടാ.. അതോണ്ട് ഇനി ഇങ്ങോട്ട് വിളിക്കണമെന്നില്ല.. വിളിച്ചാലും കിട്ടില്ല.. തന്നെ ഞാൻ ഇപ്പോ തന്നെ ബ്ലോക്ക് ചെയ്യാൻ പോകുവാ.." അമർഷത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വെക്കാനാരംഭിച്ചു.. "യ്യൊ.. വെക്കല്ലേ വെക്കല്ലേ..." "ന്താ?" "ഞാൻ വരാം..." നിരാശയോടെയുള്ള ഒരു മറുപടി. വരവ് കാത്ത് ഫോൺ കട്ട് ചെയ്ത് കാറിൽ ചാരി കോളേജിൽ നിന്നും ആരെങ്കിലും വരുന്നതും നോക്കി നിന്നു.. മുഖത്തപ്പോഴും ഗൗരവമായിരുന്നു. പെട്ടെന്ന് പിന്നിൽ നിന്നും ആരോ തട്ടി വിളിക്കുന്നതറിഞ്ഞു.. കൂടുതൽ ദേഷ്യം മുഖത്ത് കയറ്റി വച്ചുകൊണ്ട് വന്നിരിക്കുന്നവളെ തിരിഞ്ഞു നോക്കി.. മുന്നിൽ നിന്നും കൈ കാണിച്ച് ചിരിക്കുന്നവളെ കണ്ടൊന്ന് ഞെട്ടി.. "ആരതീ....." ചുണ്ടുകൾ മന്ത്രിക്കുമ്പോൾ ഉള്ളിലെ ഗൗരവവും ദേഷ്യവുമെല്ലാം ഒരു മഞ്ഞുമല ഉരുകും വിധം ഉരുകിയൊലിച്ചുപോയി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story