ശ്രീരാഗം 💌 : ഭാഗം 7

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

ആരതിയെ കണ്ട മാത്രയിൽ മനസ്സിലേക്ക് ആദ്യമോടിയെത്തിയത് രുദ്രന്റെ മുഖമാണ്.. കള്ളി വെളിച്ചത്തായിട്ട് നാണത്തോടെ പല്ലിളിച്ചു കാട്ടി നിൽക്കുന്നവളെ നോക്കി നിൽക്കുമ്പോൾ മനസ്സ് കാലങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു.. സ്കൂളിൽ പഠിക്കുന്ന കാലത്താണ് രുദ്രനെ കൂട്ടുകാരനായി കിട്ടുന്നത്. ഒപ്പം അവന്റെ കുഞ്ഞനിയത്തി ആരതിയും ഉണ്ടായിരുന്നു.. രുദ്രന്റെ അച്ഛൻ ആരതി കുഞ്ഞായിരുന്നപ്പോൾ അമ്മയെയും മക്കളെയും ഉപേക്ഷിച്ചു പോയതാണ്. ആരതിക്ക് പത്ത് വയസ്സുണ്ടാവുന്ന സമയത്ത് ഒരസുഖം ബാധിച്ച് അവരുടെ അമ്മയും മരണപ്പെട്ടു.. അന്ന് രുദ്രന് പതിനെട്ടു വയസ്സാണ്. പിന്നീട് രുദ്രനും ആരതിയും ആ വീട്ടിൽ ഒറ്റക്കായിരുന്നു. പകൽ സമയം പഠിപ്പും രാത്രി സമയത്ത് ജോലിയും രുദ്രൻ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ അന്നും ഇന്നും അത്ഭുതം തോന്നിയിരുന്നു.. ആരതി അതിലും മനോഹരമായൊരു അത്ഭുതമാണ്.. കുന്നോളം സ്വപ്നങ്ങളുള്ളൊരു പെണ്ണ്.. ലക്ഷ്യങ്ങളിലേക്ക് എപ്പോഴും കുതിക്കാൻ ശ്രമിക്കുന്നവൾ.. ജീവിതം എന്നും സന്തോഷകരമായി ജീവിച്ചു തീർക്കാൻ ആഗ്രഹിച്ചവൾ..

ഓരോ രാത്രിയും നന്ദിനിക്കുട്ടിയെ ഫോണിൽ വിളിച്ച് കഥ പറഞ്ഞു കൊടുക്കാൻ കൊഞ്ചുന്ന ലക്കും ലഗാനുമില്ലാത്തൊരുത്തി.. അതൊക്കെ തന്നെയാവണം തന്നിലും അവൾ വേരിടാനുള്ള കാരണം.. ആ ഇഷ്ടത്തെ കുറിച്ച് രുദ്രനറിയാമായിരുന്നു, ആരതിക്കും.. അവൾക്ക് പതിനഞ്ചു വയസ്സുണ്ടാവുന്ന സമയത്താണ് രുദ്രനും അമ്മയുടെ അതേ അസുഖം കാരണം അമ്മയുടെ അരികിലേക്ക് യാത്രയായത്.. അന്ന് താനും ആകെ തളർന്നു പോയിരുന്നു.. സ്കൂളിൽ പഠിച്ച കാലം തൊട്ടുള്ള കൂട്ടായിരുന്നു അവൻ.. ഏതൊരു മനുഷ്യനോടും ഒരു പരിധിക്കപ്പുറം അടുക്കരുത് എന്ന വലിയ പാഠം പഠിപ്പിച്ചു തന്നത് അവനാണ്, അവന്റെ ഇല്ലായ്മയുണ്ടാക്കിയ നോവുകളാണ്... അന്നത്തെ ദിവസം എല്ലാം നഷ്ടപ്പെട്ടവളെ പോലെ ആരതി കരയുന്നത് കണ്ടപ്പോൾ ആദ്യം തോന്നിയത് വീട്ടിലോട്ട് കൂട്ടിക്കൊണ്ട് പോകുവാനാണ്. പക്ഷെ അവൾക്ക് പതിനഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളു എന്നതായിരുന്നു അതിന് തടസ്സം.. ഒടുക്കം ബാംഗ്ലൂരിൽ നിന്ന് വന്ന കുടുംബക്കാർ അവളെ ബാംഗ്ലൂർക്ക് കൊണ്ടുപോവാൻ തീരുമാനിച്ചതറിഞ്ഞു..

പോവരുതെന്നവളോട് പറയണമെന്നുണ്ടായിരുന്നുവെങ്കിലും മൗനം പാലിച്ചു നിന്നതേ ഉണ്ടായിരുന്നുള്ളു.. "ശ്രീക്കുട്ടേട്ടൻ പേടിക്കണ്ടാട്ടോ.. ഞാൻ വരും...." പോകുന്നതിന് മുൻപ് യാത്ര പറയാനായി അവൾ കാണാൻ വന്നിരുന്നു.. കൈകളിൽ കൈ ചേർത്ത് പിടിച്ചുകൊണ്ടവൾ പറഞ്ഞു.. നടന്നു പോകുന്നതിനിടെ തിരിഞ്ഞു നോക്കിക്കൊണ്ട് ഒരിക്കൽ കൂടി ആവർത്തിച്ചു. "ഞാൻ വരും......." കാലമിവിടെ എത്തി നിൽക്കവേ ആ വാക്കുകൾ വീണ്ടും കാതുകളിൽ അലയടിക്കുന്നതായി തോന്നി... "ഹലോ... ശ്രീക്കുട്ടൻ സാറിന്റെ കിളി പോയോ...?" വിരൽ ഞൊടിച്ചുകൊണ്ടുള്ള ആരതിയുടെ ചോദ്യം കേട്ട് അമ്പരപ്പ് മാറ്റി അവളെ അടിമുടിയൊന്ന് നോക്കി.. ഇവിടുന്ന് പോയ പെണ്ണേ ആയിരുന്നില്ല അവളിന്ന്.. മുഖത്തിലും വേഷത്തിലും ഭാവത്തിലുമെല്ലാം ഒരു പരിഷ്കാരമുണ്ട്.. അവൾ പണ്ടേ ആഗ്രഹിച്ചതും അതുതന്നെയാണ്.. "ആരതീ.. താനെന്താ ഇവിടെ...?" കൗതുകത്തോടെ ചോദിച്ചു.. പറയാനേറെയുണ്ടെന്ന് മനസ്സ് വെപ്രാള പ്പെട്ടുകൊണ്ടിരുന്നു.. "ന്യൂ അഡ്മിഷനാണ്.. ഇന്നലെ തന്നെ..

അപ്പഴാണ് പുതിയതായി ജോയിൻ ചെയ്ത മിസ്റ്റർ ശ്രീരാഗ് സാറിനെ കണ്ടത്.. അപ്പൊ ഞാൻ കരുതി ഒന്ന് കളിപ്പിച്ചു കളഞ്ഞേക്കാം ന്ന്.. എന്നാൽ പറഞ്ഞാ പറഞ്ഞ പോലെ ചെയ്യുന്നത്കൊണ്ട് എന്നെ ബ്ലോക്ക് ചെയ്യുന്നതിന് മുന്നേ ഞാൻ മുന്നിൽ വന്നു നിന്നു തന്നു...." ചുണ്ടുകൾ വക്രിപ്പിച്ചുകൊണ്ടവൾ പറയുന്നത് കേട്ട് ഊറിചിരിച്ചു. "ബാംഗ്ലൂർന്ന് എപ്പഴാ എത്തിയത്...?" "അതൊന്നും പറയണ്ട.. കഴിയുന്നത് അവർക്കൊപ്പം അല്ലെ, ഒരുപാടായപ്പോ ഞാനൊരു ബാധ്യത ആയീന്നു അവർക്ക് തോന്നിക്കാണും.. ഇവിടെത്തെ വീട് വിറ്റുള്ള കാശ് മൊത്തം എന്റെ കയ്യീന്ന് ഊറ്റിയെടുത്തല്ലേ.. ഒടുക്കം കിട്ടേണ്ടത് മൊത്തം കിട്ടിയപ്പോ അവരവരുടെ കണ്ണും മുഖവും കാണിക്കാൻ തുടങ്ങി.. പോ പുല്ലുകളേന്നും പറഞ്ഞ് ഞാനിങ്ങോട്ട് സ്‌കൂട്ട് ആയി..." ഒരു കൂസലുമില്ലാത്തതായിരുന്നു മറുപടി, ഒട്ടും സങ്കടമില്ലാതെ, ചിരിച്ചുകൊണ്ട്.. "അപ്പൊ താമസവോ?" "അതിവിടത്തെ ഒരു ഹോസ്റ്റലിൽ... സാറിന്റെ വീട്ടിലോട്ട് വരാനായിരുന്നു ആദ്യം കരുതിയത്.. പിന്നെ കരുതി ഇങ്ങനൊരു കളി കളിച്ചിട്ടാവാം എൻട്രി എന്ന്.. പക്ഷെ ഒത്തില്ല...."

ചുണ്ട് വളച്ചുകൊണ്ട് പറയുന്നവളെ കണ്ട് ചിരിച്ചു കാട്ടി.. "നിന്റെയൊരു സാറ്.. എങ്കിലേ ക്ലാസ്സ്‌ കഴിഞ്ഞിട്ട് പെട്ടീം കിടക്കേം എടുത്ത് എന്റൊപ്പം പോര്..." ചിരിച്ചുകൊണ്ട് പറഞ്ഞു.. "സീരിയസ്ലി...? ഓഹ് മൈ ഗോഡ്.. താങ്ക് യൂ..." സന്തോഷം കൊണ്ടവൾ ഒന്ന് തുള്ളി.. പിന്നീട് അപ്രതീക്ഷിതമായി വന്ന് മാറിൽ മുഖം പൂഴ്ത്തി.. ഒന്ന് പതറിപ്പോയി. ചുറ്റിനും നോക്കിയപ്പോൾ അവിടെയുണ്ടായിരുന്ന കുട്ടികൾ അമ്പരപ്പോടെ നോക്കുന്നത് കണ്ടു.. കുറച്ചപ്പുറത്ത് കോളേജ് വരാന്തയിലെ തൂണിനു പിന്നിലായി ഗീതുവും.. പതർച്ച മറച്ച് ഗീതുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവൾ തിരിച്ചും.... "എന്നാ ഞാൻ പോട്ടെ.. ക്ലാസിൽ കേറാനുള്ള സമയായി... ഈവെനിംഗ് കാണാം.." കൈ കൊണ്ട് യാത്ര കാണിച്ചുകൊണ്ട് പറഞ്ഞിട്ടവൾ നടന്നുപോയി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ശ്രീയേട്ടൻ ഏതോ ഒരുത്തിയോട് പരിചയഭാവത്തോടെ സംസാരിക്കുന്നുണ്ടെന്ന് വന്നു പറഞ്ഞത് മഹിമയായിരുന്നു.. ശ്രീയേട്ടന് ഈ കോളേജിൽ അറിയാവുന്ന ആരുമില്ലെന്നാണ് തന്റെ അറിവ്..

അതുകൊണ്ടാണ് വരാന്തയിൽ ചെന്ന് തൂണിനു പിന്നിലായി ചാരി നിന്ന് തൂണിൽ കയ്യമർത്തിക്കൊണ്ട് പുറത്തേക്ക് തലയിട്ടു നോക്കിയത്.. കാറിനരികിലായി ശ്രീയേട്ടനെ കെട്ടിപ്പിടിച്ചുകൊണ്ടൊരു പെണ്ണ് നിൽക്കുന്നത് കണ്ടപ്പോൾ ഹൃദയത്തിന്റെ ഏതോ ഒരു ശിഖിരത്തിൽ നിന്നും ചോര പൊടിയുന്നതായി തോന്നിയിരുന്നു.. ഇടയ്ക്കുവച്ച് ശ്രീയേട്ടൻ തന്നെ കണ്ടപ്പോൾ മുഖത്തൊരു ചിരിയുണ്ടെന്ന് വരുത്തി.. പിന്നീട് തൂണിനു പിന്നിലായി ഒളിച്ചു നിന്ന് നിറഞ്ഞുവന്ന കണ്ണുകളെ സ്വന്തന്ത്രമാക്കി വിട്ടു.. വരാന്തയിലൂടെ പോകുന്ന ആളുകൾ ശ്രദ്ധിക്കുമെന്ന് ഭയന്ന് ശാള് കൊണ്ട് കണ്ണീര് തുടക്കുന്നതിനിടെ കരച്ചിലിന്റെ ശബ്‌ദം പുറത്തെത്താതിരിക്കാൻ വായിലേക്കമർത്തി... ആ കുട്ടി ആരാണെന്ന് ശ്രീയേട്ടനോട് ചോദിക്കുവാൻ മനസ്സ് വെമ്പൽ കൂട്ടിയെങ്കിലും അന്നത്തെ ദിവസം ക്ലാസൊഴിഞ്ഞ് ശ്രീയേട്ടനെ കിട്ടിയതേ ഇല്ലായിരുന്നു. വൈകുന്നേരം വരെ ക്‌ളാസിലിരുന്നപ്പോഴും മനസ് മുഴുവൻ ആ ചോദ്യമായിരുന്നു.. ഇടക്കിടക്ക് സോഫിയും മഹിമയും മാറിമാറി ചോദിച്ചു, വന്നവൾ ശ്രീയേട്ടന്റെ മുറപ്പെണ്ണോ മറ്റോ ആണോന്ന്.. "ഏയ്‌... വല്ല കൂട്ടുകാരിയും ആയിരിക്കും..." ഉള്ളിലെ കലാപം പുറത്തുകാട്ടാതെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു...

വൈകീട്ട് ക്ലാസ് കഴിഞ്ഞപ്പോൾ സോഫിയോടും മഹിമയോടും യാത്ര പറഞ്ഞ് ശ്രീയേട്ടന്റെ കാറിനരികിലേക്ക് ഓടിയെത്തി.. കാറിനകത്ത് ശ്രീയേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.. മറുവശത്ത് പോയിരുന്ന് ഡോർ അടച്ച് ശ്രീയേട്ടനെ നോക്കിയപ്പോൾ കണ്ണുകൾ അപ്പോഴും പുറത്തേക്ക് മറ്റാരെയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. "പോവാം ശ്രീയേട്ടാ?" ചിരിച്ചുകാട്ടിക്കൊണ്ട് ചോദിച്ചു.. "ഒരു മിനിറ്റ്.. ആരതി വരാനുണ്ട്...." പേര് കേട്ടപ്പോൾ തന്നെ രാവിലെ കണ്ട കൊച്ചെന്ന് ഊഹിച്ചിരുന്നു.. മുഖമൊന്നു വാടിപ്പോയി.. "അതാരാ..?" "ഓ.. സോറി... ഞാൻ ആരതിയെ പറ്റി പറഞ്ഞിട്ടില്ലല്ലേ..." അപ്പോഴാണ് ശ്രീയേട്ടൻ ചിരിച്ചുകൊണ്ട് നോക്കുന്നത്.. ആ കണ്ണുകളിൽ അത് പറയുമ്പോഴുണ്ടായിരുന്ന തിടുക്കവും തിളക്കവും പെണ്ണിന് കാണാമായിരുന്നു.. "എന്റെ ചങ്കിന്റെ പെങ്ങളാ.. അവൻ കുറേ മുന്നേ മരിച്ചു പോയതാ.. അവള് ബാംഗ്ലൂരിലായിരുന്നു, ഇന്നലെ വന്നതാ..." ശ്രീയേട്ടൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ദൂരെ നിന്നും ആരതി കാർ ലക്ഷ്യമാക്കി വരുന്നത് കണ്ടു... "ഞാൻ ലേറ്റ് ആയോ ശ്രീക്കുട്ടേട്ടാ?" "ഹേയ്..." ശ്രീയേട്ടൻ അത്രമാത്രം പറഞ്ഞുകൊണ്ട് ചിരിയാലേ അവള് കാറിനു പിന്നിലായി കയറുന്നത് നോക്കി നിന്നു.. "ബയ് ദി വേ.. ഇതാരാ ശ്രീക്കുട്ടേട്ടാ?" "ഇത് ഗീതു.. എന്റെ വീടിന്റെ കുറച്ചടുത്തുള്ള കുട്ടിയാ.."

ശ്രീയേട്ടൻ മറുപടി പറയുന്നത് കേട്ടപ്പോൾ ചിരി വന്നു പോയി.. ആരതി പരിചയപ്പെടുവാനായി കൈ നീട്ടി.. വീടെത്തും വരെ ആരതിയെ പരിചയപ്പെട്ടുകൊണ്ടൊരിക്കുകയായിരുന്നു.. ശ്രീയേട്ടൻ ഇരുവരുടെയും സംസാരം ശ്രവിച്ചുകൊണ്ട് ഡ്രൈവ് ചെയ്തു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വീട്ടിലെത്തിയപ്പോൾ മനസാകെ അസ്വസ്ഥമായിരുന്നു.. ചെയ്യുന്ന ജോലികളൊന്നിലും ശ്രദ്ധ കിട്ടുന്നില്ല.. ദേവമ്മയിൽ നിന്നും ശ്രദ്ധയില്ലാത്തതിന് ഇടയ്ക്കിടെയായി വഴക്ക് കേട്ടുകൊണ്ടിരിക്കുന്നു.. അതൊന്നും ചെവികൊള്ളാനാവുന്നില്ല.. സമയം രാത്രിയായി.. എങ്കിലും ഉള്ളു മുഴുവൻ ശ്രീയേട്ടനെ പറ്റിയുള്ള ചിന്തകളായിരുന്നു.. അച്ഛ പണി കഴിഞ്ഞ് എത്തിയിട്ടേ ഉള്ളു.. അമ്മ എന്തൊക്കെയോ പുലമ്പികൊണ്ട് തന്നെ അടുക്കളയിൽ ഉണ്ണിയപ്പം പൊരിക്കുകയാണ്.. ഉണ്ണിയപ്പത്തിന്റെ മണം മൂക്കിൽ വന്നു പെട്ടതും അടുക്കളയിലേക്ക് പാഞ്ഞു ചെന്നു.. തൊട്ടടുത്തായി ഒരു പാത്രത്തിലായി അല്പം പൊരിച്ചുവച്ചത് കണ്ടു... ധൃതിയോടെ മറ്റൊരു പാത്രമെടുത്ത് കുറച്ച് ഉണ്ണിയപ്പം എടുത്തിട്ടു.. "ഇതാർക്കാ..?" ദേവമ്മയുടേതായിരുന്നു ചോദ്യം..

"അവിടത്തെ നന്ദിനിയമ്മക്ക് ഉണ്ണിയപ്പം വല്യ ഇഷ്ടാ..." പറഞ്ഞുകൊണ്ട് അമ്മയുടെ മറുപടിക്ക് കാക്കാതെ പിൻവശത്തൂടെ പാത്രവുമായി ഇറങ്ങിയോടി... ദേവമ്മ പിന്നിൽ നിന്നും എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും വക വെച്ചതേയില്ല.. എങ്ങനെയെങ്കിലും അവിടുത്തെ കാര്യങ്ങള് അറിയുക എന്നത് മാത്രമായിരുന്നു മനസ്സിൽ.. അതുകൊണ്ടാണ് ഈയൊരു കാരണം പറഞ്ഞ് ഇറങ്ങിയതും.. ഒരു കയ്യില് ഉണ്ണിയപ്പത്തിന്റെ പാത്രം പിടിച്ചുകൊണ്ട് ഇരുട്ട് വീണ വഴികളിലൂടെ ഓടിയോടി ശ്രീയേട്ടന്റെ വീടിന്റെ കണ്ണെത്തുന്ന ദൂരത്തെത്തി.. കിതപ്പകറ്റാൻ ഒന്ന് നിന്ന ശേഷം മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ വീട്ടിനകത്തു നിന്നും കണ്ണു തുടച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങിവരുന്ന ആരതിയെ കണ്ടു.. കുറച്ചു നേരത്തിനു ശേഷം അവൾക്ക് പിന്നാലെ ശ്രീയേട്ടനെയും.. ആരതി മുറ്റത്തേക്കിറങ്ങിച്ചെന്ന് വാ പൊത്തി കരയുന്നത് കണ്ടപ്പോൾ കൗതുകം തോന്നി പെണ്ണ് ഇരുട്ടിനു പിന്നിലായി ഒളിച്ചു നിന്ന് അവരെ നോക്കി..

ആരതി കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുമ്പോൾ ശ്രീയേട്ടൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു.. ശ്രീയേട്ടന്റെ മുഖത്തും ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു സങ്കട ഭാവം.. കരഞ്ഞുകൊണ്ട് എന്തൊക്കെയോ പുലമ്പുന്നവളെ നിയന്ത്രിക്കുവാനായി ശ്രീയേട്ടൻ അവളുടെ മുഖം തന്റെ കൈക്കുമ്പിളിൽ ഒതുക്കുന്നത് കണ്ടു.. ഒടുക്കം തേങ്ങിത്തെങ്ങിയവൾ ശ്രീയേട്ടന്റെ മാറിൽ തല ചായ്‌ക്കുന്നതും... പക്ഷെ തലയ്ക്കുള്ളിലൊരു ഇടിമിന്നലുണ്ടായത് ശ്രീയേട്ടൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ മൃദുവായി മുത്തിയപ്പോഴാണ്.... ഉള്ളിന്റെ ഉള്ളിൽ നിന്നൊരു മിന്നൽപ്പിണരുയർന്നു.. അത് ശരീരത്തിലെ ഓരോ കോണിലേക്കും പടർന്നു പിടിച്ചു. ശരീരം വിറച്ചു തുടങ്ങി, കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിപ്പോയി.. കയ്യിലെ പാത്രം താഴെ വീണ് ഉണ്ണിയപ്പങ്ങൾക്ക് കീഴെ മണ്ണ് പുരണ്ടു.. കരയാതിരിക്കുവാൻ കീഴ്ച്ചുണ്ട് അമർത്തി കടിച്ചു പിടിച്ചിട്ടുണ്ടായിരുന്നു.. ഇനിയും ഇവിടെ തന്നെ നിന്നാൽ ഭ്രാന്തമായി കരഞ്ഞേക്കുമെന്ന് തോന്നിയപ്പോഴാണ് തല താഴ്ത്തി കരഞ്ഞുകൊണ്ട് തിരിച്ചു വീട്ടിലേക്ക് നടന്നത്........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story