ശ്രീരാഗം 💌 : ഭാഗം 8

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

ഇരുട്ട് പാകിയ വഴികളിലൂടെ നിശബ്ദതമായി തേങ്ങിക്കൊണ്ട് നടന്നു വീടെത്താറായപ്പോൾ കണ്ണും മുഖവും അമർത്തി തുടച്ചു.. അച്ഛ ഉമ്മറത്ത് തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ തല താഴ്ത്തിക്കൊണ്ട് അകത്തേക്ക് കയറി.. "എന്തിനാ നീയീ രാത്രി അത്രടം വരെ പോയത്.. അച്ഛയോട് പറഞ്ഞിരുന്നെങ്കിൽ അച്ഛ കൊണ്ട് കൊടുക്കില്ലായിരുന്നോ?" അച്ഛയുടെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയിട്ട് പുഞ്ചിരിച്ചു കാട്ടി.. "വോ... അവളാ ചെക്കനെ കാണാമ്പോയതാ.." അച്ഛയുടെ ശബ്‌ദം കേട്ട് അകത്തുനിന്നും അമ്മയും ഉമ്മറത്തെത്തി.. മറുപടി പറയാതെ അകത്തേക്ക് കയറി പോയി.. കട്ടിലിൽ കമിഴ്ന്നു കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു.. അമ്മയും അച്ഛയും ഉമ്മറത്ത് നിന്നും എന്തൊക്കെയോ അടക്കം പറഞ്ഞു ചിരിക്കുന്നത് കേട്ട് അരോചകത്തോടെ ചെവിരണ്ടും അമർത്തിപ്പൊത്തി... ഹൃദയം നുറുങ്ങുന്നത് പോലെ തോന്നിപ്പോയി.. ഒന്നുറക്കെ കരയാൻ കഴിഞ്ഞിരുന്നെങ്കിലെന്നാഗ്രഹിച്ചു.. കരച്ചിലിനെ കടിച്ചമർത്തുവാൻ തലയിണയിൽ കടിച്ചുപിടിച്ചു.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കാലത്തെ എണീറ്റു കോളേജിലേക്കായി ഒരുങ്ങുമ്പോഴും മനസ്സിൽ നിന്നും തലേ രാത്രി കണ്ട ദൃശ്യം ഒഴിഞ്ഞു പോയിരുന്നില്ല. കണ്ണാടിക്ക് മുന്നിൽ നിന്ന് അണിഞ്ഞൊരുങ്ങുമ്പോൾ സങ്കടത്തെ പുറത്തേക്കൊഴുക്കാതെ കടിച്ചമർത്തിക്കൊണ്ട് നിൽക്കുന്ന വിറച്ചിലുള്ള ചുണ്ടുകളെ കണ്ടവൾക്ക് കരച്ചിൽ വന്നു.. കണ്ണിനു കീഴിലായി ഒരു പ്രളയം തിങ്ങിക്കൂടി.. കോളേജിലേക്ക് പോകുവാനായി ശ്രീയേട്ടന്റെ വീട്ടിലേക്ക് മടിച്ചു മടിച്ചു നടന്നെത്തി.. തലേന്ന് അവിടെ ഉപേക്ഷിച്ചു വന്ന ഉണ്ണിയപ്പങ്ങളിലാകെ ഉറുമ്പ് പൊതിയുന്നത് കണ്ടു.. കണ്ണു തിരിച്ച് വീട് ലക്ഷ്യം വച്ചു നടന്നു ചെന്നപ്പോൾ ശ്രീയേട്ടൻ കാറിലേക്ക് കയറാനിരിക്കുകയായിരുന്നു. കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു കാട്ടി.. അത്ര മാത്രം.. ആരതിയുടെ മുഖത്തും ഒരു തെളിവില്ലായ്മ. എന്നും ഉണ്ടാവാറുള്ള പോലെ അവിടുത്തെ അമ്മയെ നോക്കുവാനായി കോലായയിലൂടെ കണ്ണുകൾ തിരഞ്ഞു.. എന്നാൽ അവരെ അവിടെയെവിടെയും കണ്ടില്ല.. കാറിനരികിലേക്ക് ചെന്നടുക്കുന്നതിന് മുൻപേ ആരതി ശ്രീയേട്ടന്റെ മറുവശത്തെ സീറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത് കണ്ടു..

പരിഭവം പുറത്തു കാട്ടാതെ കാറിന് പിന്നിലായി കയറിയിരുന്നു. കാർ വീട് വിട്ട് ദൂരേക്ക് നീങ്ങുമ്പോൾ വീടിന്റെ കോലായയിലേക്ക് തിരിഞ്ഞു നോക്കി.. അമ്മയെ അപ്പോഴും കാണാനില്ല.. "ശ്രീയേട്ടാ? അമ്മ എന്ത്യേ?" "അകത്തുണ്ട്.." മറുപടി അത്രമാത്രം.. ആരതിയും പുറത്തേക്ക് കണ്ണും നട്ട് എന്തൊക്കെയോ ആലോചിച്ചിരിക്കുകയാണ്.. മൂന്നുപേർക്കിടയിലെയും മൗനം പെണ്ണിനെ ഭ്രാന്ത് പിടിപ്പിച്ചു.. ശ്വാസം മുട്ടുന്നത് പോലെ തോന്നിയപ്പോഴാണ് ആരതിയുടെ സീറ്റിന് പിന്നിലേക്കായി ഇരുന്നുകൊണ്ട് ഡോറിൽ തല ചായ്ച്ചു വച്ചത്.. അവിടുന്നും നോക്കിയാൽ വണ്ടിയോടിക്കുന്ന ശ്രീയേട്ടനെ കാണാം.. നോക്കുംതോറും കണ്ണു നിറഞ്ഞു വന്നു. ഇത്തവണ കണ്ണുകളെ പിടിച്ചമർത്തുവാൻ ആവില്ലെന്ന് മനസ്സിലാക്കി കണ്ണുകൾ പുറത്തേക്ക് പിടിച്ചു നട്ടു.. കോളേജിലെത്തിയപ്പോൾ മൂവരും മൂന്ന് വഴിക്ക് പിരിഞ്ഞു. തലേന്ന് രാത്രി അവിടെയെന്തോ പ്രശ്നം നടന്നിരുന്നെന്ന് ഇതിനോടകം പെണ്ണിന് ബോധ്യമുണ്ടായിരുന്നു.. അതിനെ പറ്റി ശ്രീയേട്ടനോട് ഒന്നും ചോദിച്ചിരുന്നില്ല..

ശ്രീയേട്ടൻ ഇങ്ങോട്ട് പറഞ്ഞതുമില്ല.. ആരതി ശ്രീയേട്ടന്റെ ആരാണെന്നറിയുവാൻ സോഫിയും മഹിമയും തിടുക്കം കൂട്ടുകയായിരുന്നു. കഴിയാവുന്ന രീതിയിൽ ഒഴിഞ്ഞു മാറുക മാത്രം ചെയ്തു.. എന്നാൽ ഉച്ച സമയത്തെ ബ്രേക്കിന് രണ്ടുപേരും ക്ലാസിൽ വച്ചു ഇരുവശത്തുമായി വന്നിരുന്നു ചോദിച്ചുകൊണ്ടേയിരുന്നു.. ആ സമയത്താണ് ക്ലാസിനകത്തേക്ക് ശ്രീയേട്ടൻ നടന്നു വന്നതും.. ശ്രീയേട്ടനെ കണ്ടതും സോഫിയും മഹിമയും സംസാരിക്കുന്നത് നിർത്തി.. "നിങ്ങള് രണ്ടുപേരും ഒന്നു പുറത്തേക്ക് നിൽക്കാമോ എനിക്ക് ഗീതുവിനോടൊന്ന് സംസാരിക്കണം..." ശ്രീയേട്ടൻ പറഞ്ഞപ്പോൾ സോഫിയും മഹിമയും പുറത്തേക്കിറങ്ങിപ്പോയി.. ശ്രീയേട്ടൻ അരികിലായി വന്നിരുന്നപ്പോൾ മുഖത്തൊരു ചിരി വിടർത്തി എന്തെന്ന് ചോദിച്ചു.. ഡെസ്കിൽ കൈകൾ കൂട്ടിപ്പിടിച്ച് ഇരുന്നവനൊന്ന് ദീർഗമായി നിശ്വസിച്ച ശേഷം തിരിച്ചു ചിരിച്ചു.. "ഞാൻ ആരതിയെ പറഞ്ഞിട്ടില്ലല്ലോ..?" ശ്രീയേട്ടന്റെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടി. "എന്റെ ബെസ്റ്റ് ഫ്രണ്ട് രുദ്രന്റെ പെങ്ങളാണ് ആരതി..

അച്ഛനും അമ്മയും ഒന്നുമില്ലാതെ രുദ്രനായിരുന്നു അവളെ വളർത്തിയത്. അവൻ ഒരസുഖം ബാധിച്ചു മരിച്ചു പോയി.. അതോടെ ആരതിയെ അവളുടെ ബന്ധുക്കൾ ബാംഗ്ലൂർക്ക് കൊണ്ടുപോയി.." ശ്രീയേട്ടൻ പറഞ്ഞു നിർത്തി.. ഒന്നു രണ്ടു നിമിഷം നിശബ്ദനായി നിന്നു.. ആ നിശബ്ദത പറയാനാഗ്രഹിക്കുന്നതെന്തെന്ന് അവൾക്ക് മനസ്സിലായിരുന്നു.. ചിന്തകൾക്ക് തെറ്റ് പറ്റിയില്ല.. ശ്രീയേട്ടൻ തുടർന്നു.. "പണ്ട് തൊട്ടേ ആരതിയെ എനിക്ക് വലിയ ഇഷ്ടമാണ്.. അവൾക്കെന്നെയും.. വേറൊരു വഴിയും ഇല്ലാതെ ബാംഗ്ലൂർക്ക് പോകേണ്ടി വന്നപ്പോഴും എനിക്ക് വേണ്ടി തിരിച്ചു വരുമെന്ന് പറഞ്ഞിട്ടാ പോയത്.. കാലമിത്രയും കഴിഞ്ഞപ്പോഴും പ്രതീക്ഷയില്ലാത്തൊരു പ്രതീക്ഷ എന്റുള്ളിലും ഉറങ്ങിക്കിടപ്പുണ്ടായിരുന്നു.. ഇന്നലെ അവളെ കണ്ടപ്പോ പിന്നെയും തളിർത്തത് ഞാൻ പണ്ടെങ്ങാനും കണ്ടു കൂട്ടിയ കിനാവുകളാണ്.." പറയുമ്പോൾ ശ്രീയേട്ടന്റെ കണ്ണുകൾ മുന്നിലെ ബ്ലാക്ക് ബോഡിൽ ആയിരുന്നു.. അതുകൊണ്ടാവണം നിറഞ്ഞ കണ്ണുകളാലെ അവനെ നോക്കി നിൽക്കുന്ന പെണ്ണിനെ അവൻ കാണാതിരുന്നത്.. "അമ്മയ്ക്കും അവളെ വലിയ ഇഷ്ടമാണ്.. പക്ഷെ ഇന്നലെ അവളെ കെട്ടുന്ന കാര്യം ഒന്ന് അവതരിപ്പിച്ചപ്പോ... അമ്മ കിടക്കുവായിരുന്നു.. കേട്ടതും മുഖമൊന്നു വാടിയിട്ട് തിരിഞ്ഞു കിടന്നു..

എന്ത് പറ്റിയെന്നറിയില്ല.. അവൾക്കും അതൊരു വിഷമായി.. അമ്മയാണെങ്കിൽ കാലത്ത് എന്നോടുപോലും ഒന്നും മിണ്ടുന്നില്ല.. എനിക്കെന്താ ചെയ്യേണ്ടെന്ന് ഒരു പിടിയുമില്ല.. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ അതിന് താൻ മനസ്സ് വെക്കണം.." ശ്രീയേട്ടൻ പറഞ്ഞു നിർത്തി.. ശ്രീയേട്ടൻ മുഖത്തേക്ക് നോക്കുമെന്ന് പേടിച്ച് മുഖം ശാള് കൊണ്ട് തുടച്ചു.. "ഞാനോ..? ഞാൻ.. ഞാനെന്ത് ചെയ്യണമെന്നാ ശ്രീയേട്ടൻ പറയുന്നത്?" വെപ്രാളവും തകർച്ചയും ഉള്ളിലമർത്തിവച്ച് ചോദിച്ചു.. "തന്നെ അമ്മക്ക് വലിയ ഇഷ്ടമാണ്.. താനൊന്ന് പറഞ്ഞു സമ്മതിപ്പിച്ചു തരണം.. അമ്മേടെ പിണക്കത്തിന് കാര്യമെന്തെന്നറിഞ്ഞാലും മതി.. എങ്ങനെയെങ്കിലും..? പ്ലീസ്..?" എന്തോ ഒരു അധികാരത്തോടെ അവൻ പെണ്ണിന്റെ കയ്യില് പിടിച്ചുകൊണ്ടു ചോദിച്ചു.. ദേഹമാസകലം ഒരു വിറച്ചിൽ പടർന്നു കയറി.. ചെന്നിയിലൂടെ വിയർപ്പ് പൊടിഞ്ഞു തുടങ്ങി..

"ഞാൻ പറഞ്ഞാൽ....." "താൻ പറഞ്ഞാൽ അമ്മ ഉറപ്പായിട്ടും കേക്കും.. തന്നെ അമ്മക്ക് അത്രേം ഇഷ്ടാടോ... താനൊന്ന് അമ്മയെ പറഞ്ഞൊന്നു മനസ്സിലാക്കിക്കണം. എനിക്ക് വേണ്ടി... പ്ലീസ്....?" ശ്രീയേട്ടൻ കണ്ണു കുറുക്കിക്കൊണ്ട് അപേക്ഷിച്ചു. "എനിക്ക് വേണ്ടി....." ആ വാക്കുകൾ മാത്രം കാതുകളിൽ പിന്നെയും ആവർത്തിക്കപ്പെട്ടു.. അവന് വേണ്ടി..... അവന്റെ മോഹങ്ങൾക്ക് വേണ്ടി.. അവന്റെ ചിറകുകൾക്ക് വേണ്ടി.. ആകാശങ്ങൾക്ക് വേണ്ടി.. "ഞാൻ സംസാരിച്ചു നോക്കാം ഏട്ടാ.." പുഞ്ചിരിയാലെ പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ആശ്വാസം കണ്ട് നോവ് പൊടിയുന്നെങ്കിലും സന്തോഷം തോന്നി.. "താങ്ക് യൂ സോ മച്ച്... ആട്ടെ, താൻ കഴിച്ചില്ലേ?" "ഇല്ല..." അത്രമാത്രം പറഞ്ഞുകൊണ്ട് നിർത്തി.. "ഞാനും ഒന്നും കഴിച്ചില്ല.. ഇതൊക്കെ ഓർത്തിട്ട് ഒന്നും കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്യ..." ശ്രീയേട്ടന്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ ബാഗിൽ തപ്പി ടിഫിൻ പുറത്തെടുത്തു ശ്രീയേട്ടന് മുന്നിലേക്ക് നീക്കി വച്ചു കൊടുത്തു.. "ശ്രീയേട്ടൻ വിശന്നിരിക്കണ്ട.. കഴിച്ചോ.."

പുഞ്ചിരി തൂക്കിക്കൊണ്ട് പറഞ്ഞു.. "അപ്പൊ താൻ കഴിക്കുന്നില്ലേ?" "വേണ്ടാ.. എനിക്കെന്തോ കഴിക്കാൻ തോന്നുന്നില്ല..." "അതെന്തേ? എന്തേലും പ്രശ്നമുണ്ടോ?" ശ്രീയേട്ടന്റെ ചോദ്യം കേട്ട് ഇല്ലെന്ന് തലയാട്ടി.. "നേരത്തേ ക്യാന്റീനിൽ നിന്ന് നെയ്യപ്പമൊക്കെ കഴിച്ചിരുന്നു.. ഇനി ഇതുംകൂടെ കഴിക്കാൻ വയ്യ..." അങ്ങനെയൊരു കള്ളമാണ് പെട്ടെന്ന് വായിലേക്ക് വന്നത്.. പറഞ്ഞുകൊണ്ട് തന്നെ ടിഫിൻ തുറന്ന് ശ്രീയേട്ടനരികിലേക്ക് നീട്ടി വച്ചു കൊടുത്തു.. കറിയുടെ പാത്രം തുറന്ന് ചോറിലേക്ക് കറിയൊഴിച്ചു... "ഇത് തന്റെ അമ്മേടെ സ്‌പെഷൽ ഉള്ളി സാമ്പറല്ലേ.. ഒരീസം അമ്മേടൊപ്പം അത്രടം വരെ വന്നപ്പോ ഊണിനു കഴിച്ചത് എനിക്ക് ഇപ്പഴും ഓർമ്മയുണ്ട്.. എന്നിട്ട് വീട്ടീ വന്നിട്ട് അമ്മയോട് അതുണ്ടാക്കിത്തരാൻ പറഞ്ഞിട്ട് അമ്മക്കറിയില്ലാന്ന് പറഞ്ഞു.." ശ്രീയേട്ടൻ പറഞ്ഞു.. "അതെയോ.. എന്നാ ഉള്ളി സാമ്പാർ ഉണ്ടാക്കുമ്പോ ഞാൻ ഇനി ശ്രീയേട്ടനും കൊണ്ട് തരാട്ടോ..." പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. "ഏയ്‌... ആരതിക്ക് പറഞ്ഞു കൊടുത്താലും മതി..." ശ്രീയേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

ശരിയെന്നു മൂളിക്കൊടുത്തു.. ശ്രീയേട്ടന് മുന്നിൽ നോവ് പൊത്തിപ്പിടിച്ചു നിൽക്കുക എന്നത് പ്രയാസകരമായ ഒരു ഉദ്യമമായിരുന്നു.. ഒരു നേരിയ സംശയം പോലും തോന്നിക്കാതിരിക്കുവാൻ അവൾ എല്ലായ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.. കഴിച്ചു കഴിഞ്ഞ് ശ്രീയേട്ടൻ കൈ കഴുകുവാനായി എഴുന്നേറ്റു പോയപ്പോൾ കഴുകുവാനായി ടിഫിനും എടുത്തിരുന്നു.. "ഞാൻ കഴുകിക്കൊള്ളാം ശ്രീയേട്ടാ.. നിങ്ങള് പൊക്കോളൂ..." പെണ്ണിന്റെ നിർബന്ധത്തിന് വഴങ്ങി അവൻ പാത്രം അവളെയെല്പ്പിച്ച് കൈ കഴുകുവാനായി ക്ലാസിൽ നിന്നും പുറത്തേക്ക് പോയി... കാഴ്ച്ചയിൽ നിന്നും അവൻ ദൂരങ്ങളിലേക്ക് വീണതും കണ്ണീരിന്റെ ഉറവ പൊട്ടിയൊലിച്ചു... ചോറ്റുപാത്രത്തിലേക്ക് നോക്കിയപ്പോൾ കുറച്ചു വറ്റ് ബാക്കിയുണ്ടായിരുന്നു.. ശ്രീയേട്ടൻ കഴിച്ചു ബാക്കി വച്ചതാണ്.. ടിഫിനിൽ കയ്യിട്ട് കരഞ്ഞുകൊണ്ട് മിച്ചം വന്ന ചോറ് വാരിതിന്നു.. അന്നം വായിലേക്ക് കുത്തിനിറച്ചുകൊണ്ട് സങ്കടത്തിന്റെ ശബ്ദത്തെ നിയന്ത്രിക്കുമ്പോഴും കണ്ണുകൾ നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story