ശ്രീരാഗം 💌 : ഭാഗം 9

shreeragam adhithyan

രചന: ആദിത്യൻ മേനോൻ

 "ഞങ്ങള് വരുന്നില്ല.. താൻ പോയി സംസാരിച്ചിട്ട് വരൂ.. ചിലപ്പോ തന്റെ കൂടെ ഞങ്ങളും ഉണ്ടേൽ അമ്മ ദേഷ്യപ്പെട്ടു നീ പറഞ്ഞാലും സമ്മതിച്ചെന്നു വരില്ല..." ശ്രീയേട്ടന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഗീതുവാണ് ആദ്യം കാറിൽ നിന്നും ഇറങ്ങിയത്. ശ്രീയേട്ടനും ആരതിയും പുറത്തേക്കിറങ്ങാതെ കാറിൽ തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ സംശയത്തോടെ ശ്രീയേട്ടനെ നോക്കിയപ്പോൾ വരുന്നില്ലെന്ന് പറഞ്ഞു.. ശരിയെന്നു തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി... അവിടുത്തെ അമ്മയെ ആദ്യം തിരഞ്ഞത് അടുക്കളയിലാണ്.. അവിടെയെങ്ങും കണ്ടില്ല.. മുറിയിൽ ചെന്നു നോക്കിയപ്പോൾ കട്ടിലിൽ മറുവശത്തേക്ക് ചെരിഞ്ഞു കിടക്കുന്നത് കണ്ടു.. അരികിലായി ചെന്നിരുന്നപ്പോൾ മുന്നറിയിപ്പില്ലാതെ മുറിയിലേക്ക് കടന്നെത്തിയത് ആരെന്നറിയാൻ അമ്മ വെപ്രാളത്തോടെ തിരിഞ്ഞു നോക്കി..

അമ്മ നോക്കിയതും പെണ്ണൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. "അമ്മക്ക് വയ്യേ.. കണ്ണും മുഖവുമെല്ലാം എന്തോ പോലെയുണ്ടല്ലോ..?" കാരണം അറിയാമെങ്കിലും ഒന്ന് തിരക്കി നോക്കി.. കേട്ടതും അവരൊന്നു എണീറ്റിരുന്നു. എണീക്കാനായി അമ്മയെ അവളും സഹായിച്ചു.. എണീറ്റിരുത്തിയപ്പോൾ കണ്ണ് നിറഞ്ഞു വന്നത് കണ്ടു.. എങ്കിലും അവളുടെ കണ്ണുനീരിനെ അവൾ മിഴികൾക്കുള്ളിൽ തടയിട്ടു തന്നെ വച്ചു.. "മനസ്സിന് സമാധാനം ഇല്ലാഞ്ഞാ എന്താ ചെയ്യാ..." "ആരതി നല്ല കുട്ടിയല്ലേ അമ്മേ?" മുഖവുരയൊന്നും കൊടുക്കാതെ ചോദിച്ചപ്പോൾ അറിയാതെ കണ്ണു നിറയുമോ എന്ന് ഭയന്നിരുന്നു. കേട്ടതും എല്ലാം അറിഞ്ഞെന്നു അമ്മയും മനസ്സിലാക്കിയിരുന്നു... "എല്ലാം അറിഞ്ഞിട്ടും നീ......" അമ്മയെന്തോ പറയാൻ വന്നു.. തല താഴ്ത്തിക്കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോൾ കണ്ണുകളിൽ കണ്ണീര് തിങ്ങിക്കൂടി.. "ശ്രീയേട്ടന് ആരതിയെ ഒത്തിരി ഇഷ്ടാ അമ്മേ.." "നീയവരുടെ ഭാഗം പറയാൻ വേണ്ടി വന്നതാണോ..?" "അവർ രണ്ടുപേർക്കും പരസ്പരം ഇഷ്ടായ സ്ഥിതിക്ക്...."

"അപ്പോ നിന്റെ ഇഷ്ടവോ?" അമ്മയുടെ ചോദ്യം.. ചോദ്യത്തിന്റെ മൂർച്ചകൊണ്ട് കാലങ്ങളായി മനസ്സിൽ തടയിട്ടുവച്ച കിനാക്കൾക്ക് നൊന്തു.. കാൽച്ചുവട്ടിലെ മണ്ണൂർന്നൊലിക്കാൻ തുടങ്ങിയപ്പോൾ പിടിച്ചു നിൽക്കാനാവില്ലെന്ന് ബോധ്യമായി.. നിയന്ത്രണം വിട്ട് കണ്ണീരൊഴുകാൻ തുടങ്ങിയപ്പോൾ അമ്മയുടെ മടിയിലേക്ക് വീണ് മുഖം പൊത്തിക്കരഞ്ഞു. "ഞാൻ സമ്മതിക്കില്ല ആ കല്യാണത്തിന്..." അമ്മ പിറുപിറുക്കുന്നത് കേട്ട് തലയുയർത്തിയിട്ട് അമ്മയെ തിരുത്താൻ ശ്രമിച്ചു.. "അല്ലമ്മേ.. അമ്മ സമ്മതിക്കണം.. അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാനാ ഞാൻ വന്നേ.... ആരതി നല്ല കുട്ട്യാ.. അവള് ശ്രീയേട്ടന് നന്നായിട്ട് ചേരും.." അമ്മയുടെ കവിളിൽ കൈവച്ചുകൊണ്ട് പറയുമ്പോൾ കരയാതിരിക്കാനുള്ള വിഫല ശ്രമങ്ങൾ തുടരുന്നുമുണ്ടായിരുന്നു.. "ഇല്ല.. ഞാൻ പറയും അവനോട്.. അവനെ കിനാവ് കണ്ടോണ്ട് നടക്കുന്ന പെണ്ണാണ് നീയെന്ന്.. നിന്നെ കെട്ടണംന്ന്.. ഞാൻ പറഞ്ഞാ അവൻ കേക്കും... ഞാനത് നേരത്തേ തന്നെ അവനോട് പറയണമായിരുന്നു...."

അമ്മ പറഞ്ഞപ്പോൾ അരുതെന്ന് തലയാട്ടി... "പറയണ്ടാ.. ശ്രീയേട്ടൻ ഒന്നും അറിഞ്ഞിട്ടില്ല.. ഇനി അറിയേം വേണ്ട.... അത് പിന്നീട് ശ്രീയേട്ടന് വല്യ ബുദ്ധിമുട്ടാവും...." വേണ്ടെന്ന് കെഞ്ചി.. "ഞാൻ പറയും... നിന്നെ എനിക്കിങ്ങനെ കാണാൻ വയ്യ....." "ഞാൻ ചത്തുകളയും......" "മോളേ....." അമ്മയുടെ സ്വരമൊന്ന് നേർത്തു വന്നത് കണ്ടു... "പറയണ്ടമ്മേ.. അത് ശ്രീയേട്ടനും അതുപോലെ എനിക്കും ഇനി ബുദ്ധിമുട്ടാവും.. അമ്മയെനിക്കൊരു വാക്ക് തരണം.. എന്റെ ഇഷ്ടത്തെ പറ്റി ഒരിക്കലും ശ്രീയേട്ടനോട് പറയില്ലാന്ന്.. ശ്രീയേട്ടൻ ഒരിക്കലും ആ കാര്യത്തെ പറ്റി അറിയില്ലാന്ന്..." "മോളേ...." ആവില്ലെന്ന് അമ്മയുടെ ആ ഒരു വിളി തന്നെ പറയുന്നുണ്ടായിരുന്നു.. "ഇല്ലേൽ ഞാൻ സത്യായിട്ടും ചത്തേക്കും അമ്മേ.. നിക്ക് വയ്യ.. ഒട്ടും വയ്യ.. ഇതമ്മ സമ്മതിച്ചില്ലേൽ ന്നേ പിന്നെ ആരും ജീവനോടെ കാണില്ല.. നിക്കത്രേം നോവുന്നുണ്ട്..." അല്പം ഉച്ചത്തിൽ കരഞ്ഞുകൊണ്ട് പെണ്ണ് പറഞ്ഞത് കേട്ട് അമ്മയും കൂടെ കരഞ്ഞു. "ഞാനും ചത്തേക്കും.. ഈ രഹസ്യം എന്റെ മനസ്സിൽ കെടന്ന് ന്നേ ശ്വാസം മുട്ടിച്ചു കൊന്നേക്കും...."

അമ്മയും ഏറ്റു പറഞ്ഞപ്പോൾ അരുതെന്ന് തലയാട്ടിക്കൊണ്ട് അമ്മയുടെ വാ പൊത്തി... "അമ്മ ശ്രീയേട്ടന്റേം ആരതിയുടേം കല്യാണത്തിന് സമ്മതിക്കണം.. അമ്മ സമ്മതിച്ചുന്നു പറഞ്ഞുള്ള എന്റെ വരവ് കാത്തിരിക്ക്യാ അവര്.. ഞാൻ പോയിട്ട് അമ്മക്ക് സമ്മതാന്ന് പറയും ട്ടോ..." കണ്ണീര് തുടച്ചു മാറ്റിക്കൊണ്ട് പോകാനായി എഴുന്നേറ്റു.. തലക്ക് കൈവച്ചുകൊണ്ട് അമ്മ കരച്ചിൽ അടക്കുന്നത് കണ്ടു.. യാത്ര പറച്ചിൽ ഉണ്ടായില്ല.. പിൻവിളിയും.. വാതിൽ കടന്ന് പോകാൻ നേരം ഒന്ന് തിരിഞ്ഞു നോക്കി.. അമ്മയപ്പോഴും മുഖം പൊത്തി കരയുകയാണ്.. "അമ്മാ...." വിളി കേട്ട് മുഖം ഉയർത്തി നോക്കി. "ഇനി ഞാൻ ഇങ്ങോട്ട് വരില്ല്യാട്ടോ.. ഞാൻ വരാണ്ടിരിക്കുന്നത് തന്ന്യാ അവർക്കും നല്ലത്..." പറയുമ്പോൾ പിന്നെയും മിഴികൾ നിറഞ്ഞു.. അമ്മയുടെ മറുപടിക്ക് കാക്കാതെ വാ പൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്കോടി.. കോലായയിലെത്തിയപ്പോൾ കണ്ണുകൾ മുറ്റത്ത് ചെന്നു വീണു.. ശ്രീയേട്ടനും ആരതിയും അവിടെ ഉണ്ടായിരുന്നില്ല.. കാറുമില്ല.. നന്നായി.. കാണാഞ്ഞത് നന്നായി..

ഇനി കാണാതിരിക്കുന്നത് തന്നെയാ നല്ലത്... തല താഴ്ത്തിക്കൊണ്ട് വീട്ടിലേക്ക് നടന്നു പോയി.. വീടെത്തിയപ്പോഴാണ് മുറ്റത്ത് ശ്രീയേട്ടന്റേം ആരതിയുടെയും കാർ കിടക്കുന്നത് കണ്ടത്.. അകത്തു നിന്നും ശ്രീയേട്ടന്റേം ആരതിയുടെയും അച്ഛയുടെയും അമ്മയുടെയും സംസാരവും കേൾക്കാം.. അച്ഛയും അമ്മയും എല്ലാം അറിഞ്ഞുകാണും.. മടിച്ചു മടിച്ച് ഒടുക്കം അകത്തു കയറിയപ്പോൾ ശ്രീയേട്ടനും ആരതിയും ഭക്ഷണം കഴിക്കുന്നത് കണ്ടു.. തന്നെ കണ്ടതും ശ്രീയേട്ടന്റെ മുഖത്തൊരു പ്രതീക്ഷ മൊട്ടിട്ടു.. "എന്തായി പോയിട്ട്..? സെറ്റ് ആയോ?" ശ്രീയേട്ടന്റെ ചോദ്യം കേട്ടിട്ടും ആദ്യം നോക്കിയത് അച്ഛനെയും അമ്മയെയും ആണ്. അവരുടെ മുഖത്തൊരു വാട്ടം.. നിശബ്ദതയും നിസ്സഹായതയും നിഴലിച്ച ആ രണ്ടു മുഖങ്ങൾ കണ്ടപ്പോഴേ ശ്രീയേട്ടൻ എല്ലാം അവരോട് പറഞ്ഞെന്ന് മനസ്സിലായിരുന്നു.. "ഗീതു.." ശ്രീയേട്ടന്റെ രണ്ടാമത്തെ വിളി.. കേട്ടിട്ട് ശ്രീയേട്ടനെയും ആരതിയെയും ഒരേപോലെ നോക്കി. ആ മുഖങ്ങളിൽ വല്ലാത്തൊരു ആകാംഷ.. "രണ്ടുപേരോടും വീട്ടിലോട്ട് ചെല്ലാൻ ശ്രീയേട്ടന്റെ അമ്മ പറഞ്ഞിട്ടുണ്ട്..

അമ്മക്കൊരു പ്രശ്നോം ഇല്ല.." ഉള്ളിലെ നോവ് മൂടിവച്ചുകൊണ്ട് ചിരി വിടർത്തി വച്ചു. "സീരിയസ്ലീ..?" ശ്രീയേട്ടന്റെ ചോദ്യം.. കണ്ണുകളിൽ വെളിച്ചം.. "താങ്ക് യൂ സോ മച്ച് ഗീതു......" ആരതി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പെണ്ണിനെ ചെന്ന് പുണർന്നു.. ദേഹത്തൊരു കത്തി കുതിക്കേറുന്നത് പോലെ തോന്നി പെണ്ണിന്... കൺകോണിലൂടെ ശ്രീയേട്ടനെ നോക്കി.. സന്തോഷം കൊണ്ട് വീർപ്പുമുട്ടിയിരിക്കുന്ന ആ മുഖം കണ്ട് നോവ് കുത്തിയിറങ്ങി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ തൊട്ടടുത്തുള്ള അമ്പലത്തില് വച്ചു തന്നെയായിരുന്നു കെട്ട്... കെട്ടിന് ഏറ്റവും ഉത്സാഹം ഗീതുവിന് തന്നെയായിരുന്നുവെന്ന് ശ്രീരാഗ് ഓർത്തു. കെട്ടുറപ്പിച്ചതിനു ശേഷം അവളെ കാണുമ്പോഴെല്ലാം അവളുടെ മുഖത്തൊരു ചിരി കാണുമായിരുന്നു.. ആ ചിരി വേദനകൾ കൊണ്ട് പടുത്തുയർത്തിയതായിരുന്നെന്ന് ഇന്ന് അത്യധികം വേദനയോടെ താൻ മനസിലാക്കുന്നു.. കല്യാണത്തിന് ശേഷം പല തവണയായി ആരതി ബാംഗ്ലൂരിൽ സെറ്റിൽ ആവണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ അമ്മയിവിടെ ഉള്ളതുകൊണ്ട് അതൊന്നും നടക്കില്ലെന്നു അവളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്നോണമാണ് അമ്മയുടെ മരണം സംഭവിച്ചത്. കെട്ട് കഴിഞ്ഞതിൽ പിന്നെ അമ്മ പഴേ പോലെ ചിരിക്കാറില്ലായിരുന്നു.. അമ്മക്ക് എന്തൊക്കെയോ പറയാനുള്ളതായി ഇടക്കായി തോന്നിയിരുന്നു.. കല്യാണം കഴിഞ്ഞ മൂന്നാം നാളാണ് അമ്മ മരണപ്പെടുന്നത്.. ഇപ്പോൾ മനസ്സിലാക്കുന്നു, ഒരു വലിയ രഹസ്യം മനസ്സിനെ വീർപ്പുമുട്ടിച്ചാണ് അമ്മയെ കൊന്നത്.. അതിന് കാരണക്കാരൻ താൻ തന്നെയാണെന്നും ഇപ്പോൾ താൻ അറിയുന്നു... അമ്മ പോയതിൽ പിന്നെ വീട് വീടല്ലാതാവുന്നുവെന്ന തോന്നൽ സഹിക്ക വയ്യാതെയാണ് ഒടുക്കം ബാംഗ്ലൂർക്ക് ചേക്കേറാമെന്ന് തീരുമാനിക്കുന്നത്.. ആരതിക്കൊപ്പം നേരെ ബാംഗ്ലൂർക്ക് പുറപ്പെട്ടു.. പോകും വഴിക്കാണ് ആക്‌സിഡന്റ് സംഭവിക്കുന്നത്. കാറോടിച്ചിരുന്നത് ആരതിയായിരുന്നു.. കാരണം അവളുടെ തന്നെ പിഴവായിരുന്നു.. നിസ്സാര പരുക്കുകളോടെ ആരതി രക്ഷപ്പെട്ടു..

പക്ഷെ തന്നേ കഴുത്തിനു താഴോട്ട് തളർത്തിയാണ് ദൈവം പരീക്ഷിച്ചത്.. അറിയാതെ പോയതിന് സ്നേഹം ശപിച്ചതാവണം.. ആരതി സ്നേഹത്തോടെയാണ് പരിചരിച്ചത്. പിന്നെ പിന്നെ അവൾക്കും മടുത്തു. അവളെയും തെറ്റ് പറയാനാവില്ല.. ഒരു വിരൽ പോലും അനക്കാനാവാതെ ശവം പോലെ കിടക്കുന്നവനെ ഊട്ടിയും ഉറക്കിയും അവൾ വെറുത്തുകാണും.. ഒടുക്കം സഹികെട്ടവൾ ഇറങ്ങിപ്പോകുമ്പോൾ തിരിച്ചു വിളിച്ചില്ല.. കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു.. പിന്നീട് ആരതിയുടെ ഒരു സുഹൃത്ത് സഹതാപം തോന്നി ഒരു ഹോസ്പിറ്റലിനു കയ്മാറുകയായിരുന്നു. അവിടുന്ന് കിട്ടിയതാണ് ഈ രണ്ടാം ജന്മം.. വർഷങ്ങൾക്കിപ്പുറം... നടക്കാനായതും ആദ്യം തിരഞ്ഞത് ആരതിയെ തന്നെയാണ്. കാരണം ഈ ലോകത്തിനി തനിക്ക് അവൾ മാത്രമേ ഉള്ളു എന്നുള്ള ധാരണയായിരുന്നു അന്ന്.. പക്ഷെ അവളെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല.. കിടന്നുകൊണ്ട് കഴിഞ്ഞ കാലമത്രയും ഓർത്തെടുക്കുമ്പോൾ മനസ്സിലേക്ക് ഗീതുവിന്റെ മുഖം കടന്നു വന്നു..

എത്രയധികം നോവ് തിന്നാണ് നാളിതുവരെയും ആ പെണ്ണ് ജീവിച്ചു കൂട്ടിയിട്ടുണ്ടാവുക.. അവളെ കുറിച്ചോർത്തപ്പോൾ താനിവിടെ തിരിച്ചു വരാനെ പാടില്ലായിരുന്നുവെന്ന് തോന്നി... ഈ നിമിഷം ഭൂമി പിളർന്ന് തന്നെ ആ പിളർപ്പിലേക്ക് താഴ്ത്തിയെങ്കിൽ എന്ന് മനസ്സാഗ്രഹിച്ചു... ഏറ്റവും തളർത്തിയത് താൻ ആരതിയുമായി ബാംഗ്ലൂർക്ക് പോയ ശേഷം ഗീതുവിന് സംഭവിച്ച കാര്യങ്ങളാണ്.. അച്ഛയുടെ വാക്കുകൾ വീണ്ടും കാതോരത്തെത്തി.... "മോനെയും അവളെയും കാറിൽ യാത്രയാക്കാൻ അവളും വന്നിരുന്നില്യേ.. നിങ്ങടെ കാറ് ദൂരെ മറയണത് വരെയും അവള് അവിടെ തന്നെ നിന്നു.. ഓർക്കുന്നുണ്ടോ ആ സമയത്തൊരു മഴ പെയ്തത്? അതെന്റെ കുട്ടീടെ കണ്ണീന്നായിരുന്നു.. നിങ്ങള് പോയ ശേഷം അവളുടെ മുഖം വാടിപ്പോയിരുന്നു. എങ്കിലും അത്രയും നാൾക്ക് മുഖത്ത് വച്ചുപിടിപ്പിച്ച ചിരിയവൾ നിലനിർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.. തിരികെ വീട്ടിലെത്തി.. അവള് മുറീലായിരുന്നു.. ഞാനും ദേവകിയും നിങ്ങടെ കാര്യം പറഞ്ഞിരിക്കുമ്പോ പെട്ടെന്ന് അവളുടെ ഒരു നിലവിളി കേട്ടു..

ഒരു കരച്ചിൽ... ചെകിടടപ്പിക്കുന്ന രീതിയിൽ.. ഞാനും അവളും കൂടെ ചെന്ന് നോക്കിയപ്പോ ഗീതുവിന്റെ മുറീന്നായിരുന്നു.. അകത്ത് ചെന്ന് നോക്കിയപ്പോ നിലത്തിരുന്ന് തലയിൽ കൈ വച്ചു കരയുവായിരുന്നു. വിരലുകൾ മുടിക്കുള്ളിൽ കുരുങ്ങിപ്പോയിട്ട് മുടി പൊട്ടുമെന്ന് വക വെക്കാതെ അവൾ വിരലുകളെ മോചിപ്പിക്കുവാനായി കൈ വലിക്കുന്നുണ്ടായിരുന്നു. ഞാനും ദേവകിയും ചേർന്ന് തടഞ്ഞു വച്ചിട്ടും ഞങ്ങളെ തള്ളി മാറ്റി അവള് അലറിക്കരഞ്ഞു. പൊട്ടാൻ കാത്തിരുന്ന ഒരു അഗ്നിപർവതമായിരുന്നു അവള്.. പൊട്ടിത്തെറിച്ചു.. ചുവരിൽ തലയിടിച്ചു ചോരയൊലിപ്പിച്ചു.. ഒടുക്കം.. ഒടുക്കം ഞങ്ങക്കവളെ കെട്ടിയിടേണ്ടി വന്നു...." അത് പറയുമ്പോൾ താങ്ങുവാനാവാതെ കഴിഞ്ഞതോർത്ത് അച്ഛ ഒന്ന് കരഞ്ഞിരുന്നു.. ശേഷം വീണ്ടും തുടർന്നു... "ഹോസ്പിറ്റലിലോട്ട് കൊണ്ടൊവുന്നതിനിടക്ക് കണ്ണുകൾ ഇറുക്കിയടച്ച് അവള് കയ്യിലെ കെട്ടഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.. ശ്രീയേട്ടൻ ശ്രീയേട്ടൻ ന്ന് പുലമ്പി... ഒടുക്കം അവളെ ഭ്രാന്താശുപത്രിയിൽ മൂന്ന് മാസത്തോളം കാലം ചങ്ങലക്കിടേണ്ടി വന്നു...

എല്ലാം ഒരു പരിധി വരെ ശരിയായപ്പോൾ ഞങ്ങളവളെ വീട്ടിലേക്ക് കൊണ്ടുവന്നു.. ശേഷം കുറേ കാലത്തിന് മോന്റെ വരവ് പ്രതീക്ഷിച്ച് ഉമ്മറത്തങ്ങനെ കാത്തു നിക്കുമായിരുന്നു.. പിന്നെയതും നിന്നു.. പ്രതീക്ഷയറ്റതല്ല.. എന്റേം ദേവകിയുടെയും കണ്ണീരു കണ്ടിട്ട്... ആ കണ്ണീര് കണ്ടാണ് മറ്റൊരു കല്യാണത്തിന് അവള് സമ്മതിക്കുന്നതും.. അപ്പഴാണ് മോന്റെ വരവ്......" മലർന്നു കിടന്നുകൊണ്ട് അക്ഷമയോടെ എല്ലാം ആലോചിക്കവേ ഓർമ്മകളുടെ കൂട്ടിൽ നിന്നും പിന്നോട്ട് വലിച്ചിട്ടുകൊണ്ട് ആരോ കതകിലു മുട്ടുന്ന ശബ്‌ദം കേട്ട് എഴുന്നേറ്റു.. ഉമ്മറത്തേക്ക് ചെന്നു നോക്കിയപ്പോൾ ദേവമ്മയാണ്.. അരുതാത്തതെന്തോ സംഭവിച്ചിട്ടെന്ന പോലെ മുഖത്തൊരു വല്ലാത്ത വെപ്രാളമുണ്ട്.. ആരതിയെ കുറിച്ച് ചോദിച്ചതിന് ആ പെണ്ണിനോട് ദേഷ്യപ്പെട്ടതും സങ്കടത്തോടെ അവള് ഇറങ്ങിപ്പോയതും പെട്ടെന്ന് ഓർത്തെടുത്തു.. അപ്പോഴേക്ക് ദേവമ്മ പറയാൻ തുടങ്ങി.. "അവിടെ... എന്റെ മോള്.. ഒന്ന് വേഗം വരാമോ.?" കേട്ടതും ഉള്ളിലൂടെയൊരു കൊള്ളിമീൻ പാഞ്ഞുപോയി. തുടർന്നു കേൾക്കാൻ നിൽക്കാതെ അവരുടെ വീട് ലക്ഷ്യമാക്കി ഓടി. ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story