ശ്രീരാഗം 🌻🌻🌻: ഭാഗം 18

Shreeragam

രചന: അനി

തിരിച്ചുള്ള യാത്രയിൽ മൗനത്തെ ഞാൻ കൂട്ടു പിടിച്ചപ്പോഴും എനിക്കെന്തോ വിട്ടിട്ടു പോകുന്നപോലെ തോന്നി..എപ്പോഴും ശ്രീയേട്ടൻ പോകുമ്പോ സങ്കടം വരുമെങ്കിലും ഇത്തവണ എന്തോ... തുടിക്കുന്ന വലം കണ്ണും പിടക്കുന്ന നെഞ്ചകവും കാത്തിരിപ്പിന്റെ കാലദൈർഗ്യത്തെ കുറിച്ചതാകാം എന്ന് ചിന്തിച്ചു.. അങ്ങനെ ഞാൻ എന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു... നന്ദു പോയിക്കഴിഞ്ഞും ഞാൻ അവിടെ തന്നെ നിന്നു..പെയ്യാൻ തയാറാകുന്ന മേഘത്തെ പോലുള്ള ആ കണ്ണുകളിൽ എനിക്കായി ഒരു പുഞ്ചിരി വിരിയിച്ചു നന്ദു പോയപ്പോൾ ഒരു വിഷമം..ആ കണ്ണുകളിൽ ഒളിപ്പിക്കാൻ ശ്രെമിക്കുന്ന സങ്കടം എനിക്ക് അറിയാം... തിരിഞ്ഞു വടക്കുംനാഥനെ നോക്കി ഞാൻ പറഞ്ഞു...... "ദേവാധിദേവ ഒരിക്കലും ഒരു പ്രണയം മുൻപൊന്നും എന്നിൽ ഉണ്ടായിട്ടില്ല.....ഈ നടയിൽ അവളെ എനിക്കായി കാണിച്ചു തന്നത് നീയാണ്.....എനിക്കവളും അവൾക്കു ഞാനും എന്ന് ചേർത്ത് വെച്ചത് നീയാണ്.....കാത്തിരിപ്പുകൾക്കു അവസാനം എനിക്ക് തന്നേക്കണേ എന്റെ നന്ദുനെ."

ഇത്തവണ അവളെ പിരിയുമ്പോ മുൻപെങ്ങും ഇല്ലാത്ത പിടച്ചിലാണ് നെഞ്ചിൽ....ഇടനെഞ്ചിൽ തുടിക്കുന്ന ഒരേ ഒരു താളം അത് എന്റെ നന്ദുവാണ്‌... പഞ്ചാക്ഷരി മന്ത്രം ചൊല്ലി തീർത്തു ഞാൻ നടയിറങ്ങി.... ഓരോ ദിനങ്ങളും പതിവുപോലെ കടന്നുപോയി..പോകാൻ ഉള്ള ദിവസം അടുത്തിരുന്നു..നന്ദുനെ പോയി കാണണം എന്ന് ഉണ്ടായിരുവെങ്കിലും സമയക്കുറവുമൂലം കഴിഞ്ഞില്ല.. നാളെ രാവിലെയാണ് പോകേണ്ടത്.ഒരുപാട് വൈകിയിരുന്നു കിടക്കാൻ.എന്നാലും എന്റെ വിളിക്കായി കാത്തുനിൽക്കുന്ന നന്ദുനെ ആലോചിച്ചപോ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല..ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തിരുന്നു... "നന്ദു...നീ ഉറങ്ങിയിലെ...??" "ശ്രീയേട്ടൻ വിളിക്കാതെ എങ്ങനെ ഉറങ്ങാനാ.നാളെ അല്ലെ പോകണേ...??"" "മ്മ്.ഞാൻ വരാൻ നോക്കിയതാ പക്ഷെ പറ്റിയില്ല..." "സാരമില്ല...അലേല്ലും ശ്രീയേട്ടൻ പോകണ കാണുമ്പോ സങ്കടമാകും...പോയിട് വേഗം വന്നാൽ മതി..."

"വേഗം വരാം..എന്റെ നന്ദുന്റെ കാത്തിരിപ്പു അധികം നീട്ടാതെ ഓടിവന്നേക്കാം...വന്നിട്ട്...??" "വന്നിട്ട്...??"" "ഞാൻ എന്റെ കുട്ടിക്ക് തന്ന താലിമാല അധികാരത്തോടെ അണിയിക്കാൻ നിന്റെ ഇന്ദ്രേട്ടനെ കാണാൻ വരുന്നുണ്ട്...." ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായാതെ അവിടെ തന്നെ തത്തികളിച്ചു.... "മ്മ്..അങ്ങനെ ആകട്ടെ...ശ്രീയേട്ടൻ എന്ന ഓർമയിൽ മാത്രമാണ് ജീവിക്കുന്നത്... നിന്റെ കഴുത്തിലെ വിയർപ്പിൽ ഒരു ചുംബനമാകാനും...നിന്റെ വിരിമാറിലെ ചൂടിൽ ഒരു മഴയായി പെയ്തിറങ്ങുവാനും ഞാൻ കാത്തിരിക്കാം... ശ്രീയേട്ടന്റെ താലിയും കുങ്കുമവും അണിഞ്ഞു മഹാദേവനെ തൊഴണം എനിക്ക്...." "പെണ്ണിനല്ല പ്രണയത്തിനാണ് സൗന്ദര്യം എന്ന് എനിക്ക് കാണിച്ചു തന്നത് നിന്റെ കണ്ണുകളാണ്..ഒരു നിമിഷംകൊണ്ട് ഒരു ആയുസു ജീവിക്കാം എന്നെനെ ഓര്മിപ്പിക്കുന്നതും നീയാണ്..ആ നന്ദുവിലാണ് ശ്രീയുടെ ജീവിതത്തിന്റെ താളം...

എന്നെ കാത്തിരിക്കുന്ന എന്റെ കൊച്ചിനെ മാത്രം ആലോചിച്ചു ചേട്ടായി ഓടി ഇങ്ങു വരും.." "മ്മ്... എന്നാൽ കിടന്നോ നാളെ പോകണ്ടേ...എത്തിയിട്ട് വിളിക്കണം....." മനസുകൾക്ക് ഒരിക്കലും മോക്ഷം കിട്ടാതെ സൂക്ഷിക്കുന്ന ഒരു വേദനയായി തീരാൻ തുടങ്ങുവായിരുന്നു ആ പ്രണയം...💔💔💔 ഒരു ചെറുചിരിയാൽ ഒരുപാടു വേദനകൾ ഒളിപ്പിക്കാൻ തുടങ്ങുകയായി... സ്വയം അണിയുന്ന മൗനം കൊണ്ട് മറ്റാരെയും നോവിക്കാതെ വിധി എന്നൊരു ഉത്തരത്തിൽ അണയാൻ പോകുകയാണ് നന്ദുവിന്റേയും ശ്രീയുടെയും പ്രണയം എന്നവർ അറിഞ്ഞില്ല.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ശ്രീ പോയതിനു ശേഷം ഒരുപാടു ദിനങ്ങൾ കടന്നുപോയെങ്കിലും അവരുടെ ഉള്ളിലെ പ്രണയം കാത്തിരിപ്പുകൾക്കു സുഖം പകരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു... അപ്പു ഇല്ലാത്ത ഒരു ദിവസം രാവിലെ ഓഫീസിൽ ചെന്നപ്പോ തൊട്ടു മനസിന് ആകെ ഒരു അസ്വസ്ഥത ആയിരുന്നു...സമയം തള്ളിനീക്കി വൈകീട്ട് ഇറങ്ങുമ്പോഴും അപ്പു വന്നില്ല.അവളും അച്ഛനും അമ്മയും കൂടെ ഗുരുവായൂർകു പോയതാണ്..

എന്നെ ഒരുപാടു നിർബന്ധിച്ചെങ്കിലും തിരികെ വരാൻ വൈകിയാലോ വൈഗേച്ചി ഉള്ളതല്ലെ വിചാരിച്ചു ഞാൻ പോയില്ല... വീട്ടിലെത്തിയിട്ട് അപ്പുനെ വിളിച്ചെങ്കിലും പെണ്ണ് ഫോൺ എടുക്കുന്നില്ല..വന്നിട്ടുണ്ടാകില്ല വിചാരിച്ചു വൈഗേച്ചിയോടു സംസാരിക്കുമ്പോഴാ ഇന്ദ്രേട്ടൻ ഓടിക്കയറി വന്നത്.പരിഭ്രമിച്ച മുഖം കണ്ടു എന്തേ ന്നു ചോദിച്ചെങ്കിലും ഏട്ടന് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല... അവസാനം പറഞ്ഞു അപ്പു പോയ കാർ ആക്സിഡന്റ് ആയിന്നും അവളുടെ അച്ഛൻ അപ്പൊത്തന്നെ മരിച്ചുന്നും...അമ്മ സീരിയസ് ആയിട്ട് icu വിൽ ആണ് എന്നോട് ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു.. ഞാൻ വിക്കി വിക്കി അപ്പു ന്നു പറഞ്ഞപ്പോ ഏട്ടൻ പറഞ്ഞു അവൾക്കു കുഴപ്പമില്ല അവള് വണ്ടിയിൽ നിന്നും തെറിച്ചു പുറത്തേക്കു വീണിരുന്നു അതിനാൽ അപ്പൂന് കാര്യമായിട് ഒന്നും പറ്റിയിട്ടില്ല പറഞ്ഞു....

ഹോസ്പിറ്റലിന്റെ വരാന്തയിൽ കൂടി നടന്നപ്പോ കാലുകൾക്കു തളര്ച്ച തോന്നിയിരുന്നു.അവിടത്തെ ആ മൂകത എന്നെ പിടിച്ചുലക്കുന്നുണ്ടായിരുന്നു... icu വിനു പുറത്തു തലതാഴ്ത്തിയിരിക്കുന്ന അപ്പുനെ കണ്ടു ഞാൻ ഓടിച്ചെന്നു.എന്നെ വട്ടം കെട്ടിപിടിച്ചു കരയുന്ന അപ്പുനെ ഞാൻ ആശ്വസിപ്പിയ്ക്കാൻ വാക്കുക്കൾക്കായി പരതി.... കുറച്ചു സമയത്തിനു ശേഷം പുറത്തിറങ്ങിയ ഡോക്ടർ ഇന്ദ്രേട്ടനോട് എന്തൊക്കെയോ പറഞ്ഞിട്ട് പോയി.ഏട്ടൻ വന്നു അമ്മയെ കേറി കണ്ടോളാൻ പറഞ്ഞു.നിറമിഴികളോടെ എന്നെ നോക്കുന്ന അപ്പുനെ ചേർത്തുപിടിചു ഞാൻ നടന്നു... അവളെ കണ്ടു നിറഞ്ഞൊഴുകുന്ന ആ അമ്മ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു... എന്നെ നോക്കിയ ആ മുഖത്തെ ഭാവം കണ്ടു ഞാൻ പറഞ്ഞു.. "അമ്മ വിഷമിക്കണ്ട അപ്പു ഒരിക്കലും ഒറ്റക്കാകില്ല ഞാൻ ഉണ്ടാകും അവളുടെ കൂടെ..." അത് തന്നെയായിരുന്നു പറയാൻ ശ്രമിച്ചിരുന്നത് എന്ന് മനസിലായി..ഒരൊറ്റ യാത്രയിൽ അപ്പു ഒറ്റക്കായിപ്പോയി....

പ്രണയവിവാഹം ആയതിനാൽ അപ്പുന്റെ അച്ഛനും അമ്മക്കും കാര്യമായി ബന്ധുക്കൾ ഒന്നുമുണ്ടായിരുന്നില്ല.ഉള്ളവരിൽ ഏറെയും അപ്പുന്റെ പേരിലുള്ള വീട് കണ്ടിട്ട് അപ്പുനെ ഏറ്റെടുക്കാൻ തയാറാണെന്നു പറഞ്ഞു വരാൻ തുടങ്ങി... ഒറ്റക്കായെന്ന തോന്നൽ ഇല്ലാതാകാൻ ഞാൻ എപ്പോഴും അപ്പുന്റെ കൂടെ ഉണ്ടായിരുന്നു..ബന്ധുകൾക്കിടയിൽ ഞാൻ ഒരു പ്രശ്നമാകാൻ തുടങ്ങിയപ്പോ ആ അവസ്ഥയിലും അപ്പു എല്ലാവരോടും ആയി പറഞ്ഞു. "എന്റെ അച്ഛനും അമ്മക്കും ഇല്ലാത്ത ഒരു ബന്ധുത്വവും എനിക്ക് വേണ്ട..വന്നതിനു എല്ലാവരോടും നന്ദിയുണ്ടെന്നും.." അപ്പുനെ അഹങ്കാരിയെന്നു വിളിച്ചു എല്ലാവരും പോയപ്പോഴും അപ്പു എന്നെ നോക്കി പറഞ്ഞു.എനിക്ക് നീ മതിയെന്ന്... എന്നെ പോലെത്തന്നെ അപ്പൂനേം കണ്ടിരുന്ന അമ്മ അവളെ എന്റെ വീട്ടിലേക്കു കൊണ്ടുവന്നു..ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അമ്മ അവളെ ഒറ്റക്കാക്കാൻ സമ്മതിച്ചില്ല.അമ്മക്കിനി ഒരു മകളും കൂടി ആയിന്നു പറഞ്ഞപ്പോ അപ്പു കരഞ്ഞു പോയി..

സങ്കടങ്ങൾ എല്ലാം ഞാൻ ശ്രീയേട്ടൻ വിളിക്കുമ്പോ പറഞ്ഞിരുന്നു..അപ്പുനോട് വിഷമിക്കണ്ട എല്ലാവരും കൂടെയുണ്ടെന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിരുന്നു... ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്തോറും വൈഗേച്ചി ക്ഷീണിതയാകുവായിരുന്നു.ഇന്ദ്രേട്ടൻ ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും ഉള്ളിൽ എന്തോ വിഷമങ്ങൾ ഉള്ളപോലെ എനിക്കും അപ്പുനും തോന്നിയിരുന്നു.ഞാൻ ഒരുപാടു ചോദിച്ചാലും ഏട്ടൻ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു... ഒരു ദിവസം രാത്രി വൈഗേച്ചിടെ കരച്ചിൽ കേട്ടാ ഉണർന്നത്.ചേച്ചിക്ക് ബ്ലീഡിങ് ഉണ്ടായിരുന്നു.ഇന്ദ്രേട്ടൻ എടുത്തു കൊണ്ട് ഓടുവായിരുന്നു..ഞാനും അമ്മയും അപ്പുവും എല്ലാവരും ഏട്ടനെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഏട്ടൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു...

ലേബർ റൂമിനു പുറത്തിരുന്നു പ്രാർത്ഥിക്കായിരുന്നു ഞാൻ.തിരക്കിട്ടു അകത്തേക്കും പുറത്തേക്കും ഓടുന്ന ഡോക്ടർസും നഴ്സുമാരും ഞങ്ങളിലെ പരിഭ്രാന്തി വർദ്ധിപ്പിച്ചു കൊണ്ടിരുന്നു..ഏതെല്ലാമോ പേപ്പറിൽ ഇന്ദ്രേട്ടൻ ഒപ്പിട്ടു കൊടുത്തിരുന്നു... മണിക്കൂറുകൾക്കു ഒടുവിലായി സന്തോഷത്തെ തന്നുകൊണ്ടു അവൻ ഞങ്ങടെ വൈഗേച്ചിടെ മകൻ ഭൂമിയിലേക്കു കണ്ണ് തുറന്നു...വെള്ളത്തുണികെട്ടിൽ പൊതിഞ്ഞ ആ കുഞ്ഞിനെ വാങ്ങിയപ്പോൾ ഞാൻ അറിഞ്ഞില്ല എന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുവായിരുന്നു ആ പിഞ്ചോമന എന്ന്........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story