ശ്രീരാഗം 🌻🌻🌻: ഭാഗം 3

Shreeragam

രചന: അനി

" എന്നിലെ ഗംഗയും നാഗവും സത്യമെങ്കിൽ, പാനം ചെയ്ത കാളകൂടം സത്യമെങ്കിൽ, സതീ..... നിന്നെ തേടിയുള്ള യാത്രയിൽ ഞാൻ ഒരു സ്വയംഭൂ ആകട്ടെ എന്നു അരുൾ ചെയ്ത ശ്രീമഹാദേവന്റെ, പുല്നാമ്പുകളിൽ പോലും ശിവചൈത്യന്യം തുളുമ്പുന്ന വടക്കുംനാഥന്റെ നാട്ടുകാരി. നന്ദ എന്ന നന്ദൂട്ടി. അങ്ങനെ എല്ലാവരും എന്നെ നന്ദൂട്ടി ന്നു വിളിക്കണത് എനിക്കിഷ്ട്ടില്യ..... വേറെ ഒന്നുമല്ല ആ വിളിയിൽ ഇപ്പോഴും ഞാൻ കുട്ടിയാണ്‌. എന്നാലോ ബി. എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഫസ്റ്റ് ഇയർ പഠിക്കുന്ന ഒരു വല്യ കുട്ടിയാണ് ഞാൻ എന്നു ആരും അങ്ങട് അംഗീകരിക്കണില്യ... വിടരും മുൻപേ കൊഴിഞ്ഞുപോയ നന്ദിത എന്ന എഴുത്തുകാരിയുടെ ആരാധികയാണ് ഞാൻ. എന്നെ എല്ലാവരും നന്ദ എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം. ഞാനും അച്ഛനും അമ്മയും പിന്നെ എന്റെ ഓപ്പോളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത്. അച്ഛൻ മാധവനുണ്ണി നാട്ടിൻ പുറത്തിന്റെ എല്ലാ നന്മകളും മനസിൽ ഉള്ള ഒരു ശുദ്ധൻ. കുറച്ചു ദൂരെ ടൗണിൽ ആയി ഒരു പലചരക്കു കട നടത്തുന്നു .

ഇപ്പോ എല്ലായിടത്തും സൂപ്പർമാർകെറ് സുലഭമായി ഉള്ളതുകൊണ്ട് കട കൊണ്ട് വല്യ മെച്ചമൊന്നുമില്ലെലും അച്ഛൻ അതു നടത്തിക്കൊണ്ടു പോകുന്നു. ഒരു തെക്കൻ ജില്ലയിൽ നിന്നും മാറി ഇവിടെ വന്നു ചേക്കേറിയ അച്ഛന്റെ ഭാഷയിൽ ഉള്ള വ്യത്യാസം ഇപ്പോഴുമുണ്ട്. മനസ്സിൽ ഉള്ളത് അതേപോലെ വിളിച്ചു പറയുന്ന അച്ഛൻ പലരുടെയും ഇഷ്ടവും ഇഷ്ടക്കേടും വേണ്ടുവോളം വാങ്ങികൂടാറുണ്ട്. കൊടുത്ത വാക്കിനു ജീവനെക്കാളും വില നൽകുന്ന ഒരു കാർക്കശ്യക്കാരൻ. ഉള്ളത് കൊണ്ട് ഓണം പോലെ ഭാര്യയെയും മക്കളെയും തന്റെ ചിറകിൻകീഴിൽ കൊണ്ടുപോകുന്ന ഒരു ശുദ്ധാത്മാവ്. പിന്നെ അമ്മ തുളസി.. പേര് പോലെ ഭഗവാന്റെ കാല്പാദങ്ങളിൽ തന്നെയാണ് എപ്പോഴും. പുറംലോകത്തെ പറ്റി വലിയ അറിവുകൾ ഒന്നുമില്ലെകിലും തന്റെ രാജ്യമാകുന്ന വീട് ഭരിക്കുന്ന രാജാവ് . ഇനി എന്റെ ഓപ്പോൾ വൈഗ ഞങ്ങളുടെ വീടിന്റെ ഐശ്വര്യം. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പാവം അത് എന്റെ ഓപ്പോൾ ആണ്. ഇപ്പോൾ ഒരു ടീച്ചർ ആണ്. അച്ഛൻ ഒന്നു വീണുപോയാൽ താങ്ങിനിർത്തുന്ന കൈകൾ ആണ് ഓപ്പോൾ.

ദിവസത്തിന്റെ മുക്കാൽ ഭാഗവും പഠിക്കലും പഠിപ്പിക്കലും ആയി നടക്കുന്ന ടീച്ചറമ്മ.. നാട്ടിലും വീട്ടിലും ട്യൂഷൻ എടുത്തും സ്കൂളിൽ പഠിപ്പിച്ചും അച്ഛനെ സഹായിക്കുന്ന ഓപ്പോൾ. കിട്ടുന്ന ശമ്പളത്തിന്റെ മുക്കാൽ ഭാഗവും അച്ഛനെ ഏല്പിച്ചു ബാക്കികൊണ്ടു എന്നെ മാത്രം സന്തോഷിപ്പിക്കുന്ന വൈഗ..... അവൾ എന്റെ ജീവനായിരുന്നു.. എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഞാൻ വൈഗയെ ഓപ്പോളെന്ന് വിളിക്കാറുള്ളു. അല്ലാത്തപ്പോൾ എല്ലാം എടി വൈഗേച്ചി ആണ്. എന്നിലെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾക്ക്‌ ചിറകു മുളപ്പിച്ച എന്റെ ചേച്ചി.. ഓപ്പോൾക്ക് കല്യാണം ഒക്കെ നോക്കുണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല.വരുന്നവർക്കു ഒക്കെ ഓപ്പോളേ ഇഷ്ടപെടും.എങ്കിലും വീടും ചുറ്റുപാടും ഒന്നും അങ്ങട് ബോധിക്കുന്നില്ല. പിന്നെ വല്യ സ്ത്രീധനം കൊടുത്തു പറഞ്ഞു വിടാൻ മാത്രം നീക്കിയിരിപ്പൊന്നും മാധവന്കുട്ടീടേൽ ഇല്ലാട്ടോ.ഓപ്പോൾകു ഒരു വിഷമോം ഇല്ല അച്ഛന് ഒരു താങ്ങായി അത്രേം കാലം കൂടി വീട്ടിൽ നിൽക്കാൻ പറ്റുമല്ലോ എന്ന സന്തോഷം മാത്രമാണ് ആ മനസ്സിൽ.

പിന്നെ പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു വരുന്ന ഒരു കോന്തന്മാരും ഇതുവരേം ആ വഴിക്കു വന്നിട്ടുണ്ടായിരുന്നില്ല. അങ്ങനെ ചേച്ചിടെ കല്യാണം ഒന്നും ശരിയാകാതെ ഒരു അവസ്ഥയിൽ അമ്മ ഒരു നേർച്ച നേർന്നു.. പാർവതി ദേവി മാംഗല്യയോഗം നൽകുന്ന ഒരു പുണ്യപുരാതന ക്ഷേത്രം... എറണാകുളത്തുള്ള തിരുവൈരാണിക്കുളം ക്ഷേത്രം. എനിക്ക് തോന്നിയിട്ടുണ്ട് ഏറ്റവും നല്ല പ്രണയം മഹാദേവന്റെ ആണെന്. മഹാദേവന് വേണ്ടി മാത്രം ജന്മം കൊണ്ട സതീദേവി.എല്ലാം ഉപേക്ഷിച്ചു ദേവനെ പ്രണയിച്ച പ്രണയിനി. പ്രാണനാഥന് വേണ്ടി ജീവത്യാഗം ചെയ്ത പ്രാണേശ്വരി. പ്രിയതമയുടെ വിയോഗത്തിൽ ജന്മോദ്ദേശം തന്നെ മറന്നു സതിദേവിക് വേണ്ടി അലഞ്ഞു തിരിഞ്ഞ കാലഭൈരവൻ.... ദേവനു വേണ്ടി പുനർജ്ജന്മം കൈകൊണ്ട സതീദേവി. ദേവിയുടെ പുനർജൻമം ആയിട്ടു കൂടി മഹാദേവനെ സ്വന്തമാക്കാൻ വേണ്ടി ഒരുപാടു വേദനകൾ അനുഭവിച്ച പാർവതീ. ഊണും ഉറക്കവും ഉപേക്ഷിച്ചു തിങ്കളാഴ്ച വൃതം നോറ്റു ഭഗവാന്റെ പ്രാണനായി മാറിയ ഗൗരിപാർവതി.

അർദ്ധനാരീശ്വര പ്രണയം വാക്കുകൾക്കു അതീതമായ പ്രണയം. തന്നുലടിൽ പോലും പ്രണയം തീർത്ത പരമശിവൻ....അവരെ പോലെ തമ്മിൽ പ്രണയിച്ച മറ്റൊരു ദേവനും ദേവിയും ഉണ്ടെന്നു എനിക്ക് തോന്നിട്ടില്ല... അതുകൊണ്ട് തന്നെയാകാം ആൺപെൺ വിത്യാസമില്ലാതെ മംഗല്യ യോഗത്തിനു വേണ്ടി ദേവിയെ പ്രസാദിപ്പിക്കുന്നതു. ഈ പറഞ്ഞ ക്ഷേത്രത്തിലും പാർവതി ദേവിയുടെ പ്രേത്യകത അതാണ്. വർഷത്തിൽ 12 ദിവസം മാത്രം നട തുറന്നു തന്റെ ഭകതരെ അനുഗ്രഹിക്കുന്ന പാർവതി ദേവി. ശക്തി സ്വരൂപിണി ആയ ദേവിയെ തൊഴുതാൽ വിവാഹയോഗം ശരിയാകും എന്നുള്ളതും ഭക്തരുടെ വിശ്വാസം ആണ്. മഹാദേവനും സതിദേവിയും വിഘ്നേശ്വരനും ശാസ്താവും വിഷ്ണു എല്ലാ ഭഗവന്മാരും ഉണ്ടെങ്കിലും പാർവ്വതിദേവിയുടെ ഈ പ്രേത്യേകത വളരെ പേരുകേട്ടതാണ്.. ദേവിക്കു ഏറ്റവും പ്രിയപ്പെട്ടത് മഞ്ഞൾ കൊണ്ടുള്ള പറ യും... അങ്ങനെ ഉള്ള ആ ദേവിയെ കണ്ടു തൊഴുതു വൈഗയെ കൊണ്ട് ഒരു മഞ്ഞൾ പറയും നിറപ്പിക്കാം എന്ന് അമ്മ നേർന്നു.

പക്ഷെ പോകാൻ തീരുമാനിച്ച ദിവസത്തിൽ അമ്മക്ക് പോകാൻ പറ്റാണ്ടായി. അങ്ങനെ വൈഗക് തുണയായി ഞാനും ഞങ്ങൾക്ക് തുണയായി ചിറ്റേടെ 2 മക്കളും ആയി ഞങ്ങൾ പോയി. അവിടെ ചെന്നപ്പോഴോണ് ഇത്രയധികം മനുഷ്യര് കല്യാണം കഴിക്കാൻ ഉണ്ടെന്ന സത്യം മനസിലാക്കിയത് അത്രക്കും തിരക്കു ദേവിയെ പോയിട്ടു അമ്പലത്തിന്റെ നട കാണാൻ പറ്റുമെന്ന് തോനുന്നില്ല. അവിടത്തെ നീണ്ട കിടക്കണ വരി കണ്ടപ്പോഴേ എന്റെ ഉളിലെ വിശപ്പിന്റെ വിളി മണിയടിക്കാൻ തുടങ്ങി. എന്നാൽ കൂടെ വന്നിരിക്കുന്ന ഭക്ത കുജേല ദേവീദർശനം കഴിയാതെ ഒരു തരി വെള്ളം പോലും വാങ്ങിത്തരില്ല എന്ന് അറിയാവുന്ന ഞാൻ.... X ഇതൊക്കെ എനിക്ക് പുല്ല് എന്നുള്ള മട്ടിൽ അവസാനം കാണാത്ത ആ വരിയുടെ അവസാനം തപ്പി കണ്ടുപിടിച്ചു അവിടെ പോയ് നിന്നു. പിന്നെ ആകെയുള്ള ഒരു സന്തോഷം ചുറ്റിലും ഉള്ള കാണാൻ കൊള്ളാവുന്ന പയ്യൻസ് ആണ്. ആ ദർശന സുഖം അനുഭവിച്ചു നിൽക്കുന്ന ഞാൻ ചേച്ചിയോട് ചോദിച്ചു "എടി വൈഗേച്ചി ഇവിടെ നിൽക്കുന്ന ആരെയെങ്കിലും നിനക്ക് വളച്ചുടെ.....

അപ്പൊപിന്നെ നിങ്ങടെ 2 ആൾടെ പ്രാർത്ഥന എങ്കിലും ദേവിക്കു കുറഞ്ഞു കിട്ടുലോ... " അമ്പലം ആയതു കൊണ്ട് മാത്രം വൈഗേച്ചി ഒന്നും പറഞ്ഞില്ല.. അല്ലെങ്കിലും ഇവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു ഞാൻ എന്റെ വർക്കിലേക് കടന്നു. നിന്ന് നിന്ന് മനുഷ്യന്റെ ഊപ്പാട് ഇളകി അവസാനം ഞങ്ങൾക്ക് മുന്നിലുള്ള എൻട്രൻസ് തുറന്നു അവിടെയും ദേവി എന്നെ ചതിച്ചു ഞാൻ നേരത്തെ പറഞ്ഞത് ആൾക്ക് ഇഷ്ടായില്ല തോനുന്നു എന്റെ മുൻപിൽ വെച്ച് ആ എൻട്രൻസ് അവര് വീണ്ടും അടച്ചു. ഒരേ സമയം എല്ലാ വരിയിൽ നിന്നും ആളുകളെ കയറ്റി വിടുന്നത് കൊണ്ട് അവരു ഒരോ വരിയിൽ നിന്നും കുറച്ചു പേരെയേ ഉളിലേക്കു വിടുന്നുള്ളു. ചേച്ചി ആണേൽ എന്താ ചെയ്യാ വിചാരിച്ചു എന്നെ നോക്കുന്നുണ്ട്. ഞാൻ വന്നോളാം പേടിക്കണ്ട ന്ന്‌ ഞാൻ കണ്ണോണ്ട് പറഞ്ഞു. അപ്പോഴേക്കും ചേച്ചിയേം അവന്മാരെയും പിന്നിൽ നിന്ന് വന്ന തിരക്കു മുൻപിലോട് കൊണ്ടുപോയി. ഞാൻ ഒറ്റക് വീണ്ടും കാത്തുനിന്നു. "എന്റെ പൊന്നു ദേവി, ഇനി എന്റെ സ്വന്തം കല്യാണക്കാര്യം പറയാൻ നീ ഒന്നുകൂടി എന്നെ ഇവിടേക്ക് വരുത്തരുത് എന്റെ കാര്യം കൂടി ഈ വരവിൽ തന്നെ ഒരു തീരുമാനം ആക്കിതരണം...."

എന്ന്‌ കൂടി ഉളിൽ പറഞ്ഞു കൊണ്ട് നിൽക്കുമ്പോഴാണ് ഇതുവരേം ഒരു കുഴപ്പം ഇല്ലാതെ തൊട്ട് പുറകിൽ നിന്നിരുന്ന ചെക്കൻ തട്ടാനും മുട്ടാനും തുടങ്ങിയത്. വരുത്താവുന്ന അത്രേം ദേഷ്യം കണ്ണിൽ വരുത്തി ഞാനൊന്നു തിരിഞ്ഞു നോക്കി അവനെ പേടിപ്പിച്ചു. അവൻ പേടിച്ചില്ല പകരം എന്നെ പേടിപ്പിക്കാൻ തുടങ്ങി. അവന്റെ തട്ടലും മുട്ടലും കൂടി കൂടി വരാൻ തുടങ്ങി.കുറെ നേരം പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും എന്റെ ഉള്ളിൽ ആകെ പേടിയായി തുടങ്ങി. എനിക്കെന്റെ അച്ഛനെ കാണാൻ തോന്നി. കണ്ണുകൾ നിറഞ്ഞു തുടങ്ങ്യപ്പോഴാണ് വീണ്ടും ആളുകളെ കയറ്റാൻ തുടങ്ങിയത്... വേഗം ഉള്ളിലോട്ടു കയറിയ എന്റെ തൊട്ടുപിന്നാലെ അവനും വന്നു. ഒരേ സമയം ഒന്നിലധികം വരികൾ തുറക്കുന്നതുകൊണ്ടു വീണ്ടും തിരക്കായി. അവൻ പിന്നെയും എന്നെ തൊടാൻ വന്നപ്പോൾ പെട്ടന്നു അറിയാതെ മുൻപിൽ നിൽക്കുന്ന പയ്യന്റെ കൈയിൽ ഞാൻ കേറിപിടിച്ചു. ആ പയ്യൻ തിരിഞ്ഞുനോക്കിയെങ്കിലും തിരക്കിൽ പിടിച്ചതാകാം എന്ന് വിചാരിച്ചാകണം അങ്ങോട്ടേക് തന്നെ തിരിഞ്ഞു നിന്നു. പിന്നിൽ ഉള്ളവൻ പിന്നേം വന്നപ്പോൾ പേടിച്ചിട്ടു ഞാൻ മുൻപിൽ ഉള്ളവന്റെ കൈയിൽ വീണ്ടും പിടിച്ചു. "എന്താടി.... കണ്ണ് കണ്ടൂടെ...??"

ആദ്യമായാണ് ഒരാള് എന്നോട് ഇത്രയും ചൂടായി സംസാരിക്കുന്നത്.... പേടിച്ചിട്ടാണെകിൽ ശബ്ദം പുറത്തേക്കു വരുന്നില്ല. നിറഞ്ഞു തുളുമ്പിയ കണ്ണു കണ്ടിട്ടാകണം ഒന്നും പറഞ്ഞില്ല. വീണ്ടും പുറകിൽ നിന്നു ഞാൻ ഞെരിപിരി കൊള്ളാൻ തുടങ്ങി....മുൻപിൽ നില്കുന്നവനോട് പറയണം എന്നുണ്ടെങ്കിലും അവന്റെ വലിഞ്ഞു മുറുകിയ ആ മുഖം കണ്ടു ഞാൻ വേണ്ടെന്നു വെച്ചു..... പക്ഷെ എന്തോ ഇത്തവണ അവൻ തിരിഞ്ഞുനോക്കിയപ്പോൾ അവനു കാര്യം മനസിലായി.... ദേഷ്യത്തിൽ ആണെങ്കിലും എന്നെ പിടിച്ചു അവന്റെ മുൻപിൽ നിർത്തി.ദേഷ്യം കൊണ്ട് അവന്റെ മുഖമെല്ലാം ചുവന്നിരുന്നു. ധൈര്യമുണ്ടെങ്കിൽ ഇനി നീ തൊട്ടു നോക്കെടാ എന്നുള്ള അർത്ഥത്തിൽ അവൻ എന്റെ പിന്നിൽ നിന്നരുന്നവനെ നോക്കി. അവൻ പേടിച്ചിട്ടാകണം പിന്നിലേക്കു നീങ്ങിപ്പോയി.അത് നോക്കികൊണ്ട്‌ നിന്ന എന്നോട് അതെ ദേഷ്യത്തിൽ അവൻ തിരിഞ്ഞു.... " നിന്ന് മോങ്ങാതെ നേരെ നോക്കി പ്രാർത്ഥികെടി....പ്രതികരിക്കാൻ അറിയാതെ നീയൊക്കെ അടുക്കളയിൽ തന്നെ നിൽക്കത്തെ ഉള്ളൂ... ""

പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.ദേവിയെ തൊഴാനായി തിരിഞ്ഞുവെങ്കിലും മനസു നിറയെ അവനോടു നന്ദി പറയുവായിരുന്നു ഞാൻ. തിരിഞ്ഞു നോക്കിയാൽ ഇനിയും വഴക്കു കേട്ടാലോ വെച്ച് കണ്ണടച്ചു പ്രാർത്ഥിച്ചു....." ദേവി എന്റെ വൈഗേച്ചിയെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരു ഏട്ടൻ വരണേന്നും കല്യാണം വേഗം ശരിയാകണെന്നും...." പിന്നെ എന്താ പറയണ്ടെന്നു ആലോചിച്ചു നില്കുമ്പോഴാണ് വൈഗേച്ചി എന്നെ വന്നു പിടിച്ചത്. ചേച്ചിയെ കണ്ടപ്പോൾ കെട്ടിപിടിച്ചു കരയാൻ തോന്നി. അവളുട മുഖത്തു എന്നെ കണ്ടപ്പോൾ വന്ന സന്തോഷവും ആശ്വാസവും കണ്ടു അവളേം കൂടി പറഞ്ഞു വിഷമിപ്പിക്കണ്ട വെച്ച് ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നോക്കി.പക്ഷെ ആ ചൂടനെ കണ്ടില്ല. "നീ ആരെയാ നോക്കണേ....??" "ഇല്ല ആരും ഇല്ല.... വാ നമുക്ക് തൊഴാം...." അതുംപറഞ്ഞു ഞങ്ങള് നടന്നു നീങ്ങി. അമ്പലത്തിൽ തൊഴുമ്പോഴും വഴിപാട് കഴിപ്പിക്കുമ്പോഴും കണ്ണുകൾ കൊണ്ട് അവനെ തേടി ഞാൻ. എങ്ങും കണ്ടില്ല. തിരിച്ചിറങ്ങുമ്പോഴും ഒരുപാട് നോക്കി ഇല്ല ഒരു നിമിഷം മുൻപിൽ വന്നു നിന്ന് അവൻ പോയി.. മായാജാലക്കാരനെ പോലെ എന്റെ മുൻപിലേക്കു വന്നു എന്തോ മായാജാലം കാണിച്ചു അവൻ എങ്ങോട്ടോ പോയി.....

തിരിച്ചു പോരുമ്പോൾ ബസിന്റെ വിൻഡോ സീറ്റും ഓർമിക്കാൻ അവനും കൂട്ടിനു ഒരു റൊമാന്റിക് പാട്ടും കൂടി ആയപ്പോൾ അതിൽ അലിഞ്ഞു ഇല്ലാതായി മാറി ഞാൻ. ചേർത്ത് പിടിച്ചപ്പോൾ എനിക്ക് ഉണ്ടായ ധൈര്യം ആ കണ്ണുകളിൽ കണ്ട കരുതൽ പിന്നീട് ഒരിക്കലും എനിക്ക് ആരിൽ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല.... പേടിച്ചിരിക്കുമ്പോൾ കണ്ടത് കൊണ്ട് വ്യക്തമായി അവന്റെ മുഖം എനിക്ക് ഓർമയില്ല. തിളക്കമുള്ള ആ കുഞ്ഞിക്കണ്ണുകളും, ദേഷ്യം കൊണ്ട് ചുവന്നു പോയ നീളമുള്ള മൂക്ക്, കട്ടി മീശയും ചെറിയ താടിയും മൊത്തത്തിൽ ആളൊരു ചുള്ളൻ ആയിരുന്നു. നെറ്റിയിൽ ഉണ്ടായിരുന്ന ചന്ദനക്കുറി അവന്റെ മുഖത്തിനു ഒരു ഐശ്വര്യം കൂട്ടിയിരുന്നു. ഒരു നന്ദി പോലും പറയാൻ പറ്റിയില്ലെല്ലോ എന്നുള്ള വിഷമവും അവനെ ഇനി കാണിലെ എന്നുള്ള വിചാരവും ഒരേ പോലെ മനസ്സിൽ വന്നു. ആ ഒരൊറ്റ കണ്ടുമുട്ടലിൽ പിനീടുള്ള ഒരുപാട് രാത്രികൾ എന്റെ ഉറക്കം കളഞ്ഞു. എപ്പോഴൊക്കെയോ എന്നെ തേടി വന്നിരുന്നു ആ കണ്ണുകൾ. സതിദേവി എനിക്കായി കാണിച്ചു തന്ന മഹാദേവനാണ് അവനെന്നു അന്ന് എനിക്കു തിരിച്ചറിയാൻ പറ്റിയില്ല.ഒരുപാട് നാളുകളും വർഷങ്ങളും കടന്നുപോയെങ്കിലും ആ ഓർമ എന്നിൽ എന്നും ഉണ്ടായിരുന്നു. ഓരോ ആൾക്കൂട്ടത്തിലും അറിയാതെ ഞാൻ തേടുമായിരുന്നു അവനെ.... എങ്ങോ പോയ്മറഞ്ഞ... എന്നും എൻ ഓർമകളിൽ മാത്രം നിറഞ്ഞു നിന്നാ..... മായാജാലക്കാരൻ..... ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story