ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 1

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ബുള്ളെറ്റ് ഓഫ്‌ ചെയ്തു സ്റ്റാൻഡിൽ വെച്ചു “ശ്രീ” പുഴക്കര മഹാദേവന്റെ പട വുകൾ ഓടിക്കയറി..

രണ്ടു ദിവസമായി പെയ്യുന്ന തുലാമഴയിൽ പായൽ പിടിച്ചുകിടക്കുന്ന പടവുകൾ വഴുക്കുന്നുണ്ട്…

കഴിഞ്ഞ വിഷൂന് അച്ഛന് അമ്മ വാങ്ങിക്കൊടുത്ത കസവുകരയുടെ മുണ്ട് അടിച്ചു മാറ്റി ഉടുത്തതാണ്…

അച്ഛൻ ഉസ്‌കൂളിൽ പോകാൻ വേണ്ടി പറമ്പിൽ നിന്നു തിരികെ കയറുന്നതിനുമുൻപ് തിരിച്ച് വെയ്ക്കാം എന്ന കണക്കുകൂട്ടലിൽ ചൂണ്ടിയതാണ്…

മുണ്ടിന്റെ അറ്റം പടവിലെ നനവിൽ മുട്ടാതിരിക്കാനായി രണ്ടറ്റവും ഇരുകൈകളിലും പിടിച്ചു കൊണ്ട് അവൻ ചാടികയറി…

ഇടക്കൊന്നു കൈ ചരിച്ചു വാച്ചിൽ നോക്കിയപ്പോൾ മണി ഏഴു പത്ത്…

“അയ്യോ..സമയം!!”അവൻ ചാട്ടത്തിന്റെ വേഗത കൂട്ടി…

ഇവിടുന്നു ഏഴു നാല്പത്തിന്റെ ബസിന് പോയാലെ ഒരു മണിക്കൂർ കൊണ്ട് ടൗണിൽ എത്തൂ…അവിടുന്നു എട്ടു അന്പതിന്റ് ksrtc യിൽ കയറണം..അത് കിട്ടിയാൽ മാത്രേ പത്തരക്ക് പറഞ്ഞിരിക്കുന്ന ടൈമിൽ ഇന്റർവ്യൂ നടക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ എത്താൻ പറ്റൂ…ബാംഗ്ലൂർ ലെ ഒരു മൾട്ടി നാഷണൽ കമ്പനിയിലേക്കുള്ള ബി ടെക് കാർക്കുള്ള പോസ്റ്റ്…

___ഇത്…നമ്മുടെ ശ്രീ..(ശ്രീഹരി)നാട്ടിലെ ചെറുതും വലുതുമായ എല്ലാ പിള്ളേരുടെയും ശ്രീയേട്ടൻ.. വെറും ശ്രീയേട്ടൻ അല്ല…””ശ്രീയേട്ടൻ..B.tech””___

സ്പീഡിൽ പടവുകൾ കയറിയ ശ്രീ ഒന്നു നിന്നു…

രണ്ടു മൂന്നു പടവുകൾക്ക് മുകളിൽ ഒരു പാദസരകിലുക്കം…

മയിൽപ്പീലി പച്ച പട്ടുപാവാട ഒരല്പം ഉയർത്തി ,ദാവണിതുമ്പു അരയിൽ കുത്തി,അഴിച്ചിട്ട കാർകൂന്തലിൽ കുളിപ്പിന്നൽ കെട്ടി തുളസിക്കതിർ ചൂടി കയ്യിലെ പൂക്കൂടയിൽ ശംഖുപുഷ്പവും,എരിക്കിൻപൂവും കൂവളത്തിലയും നന്ദ്യാർവട്ടവുമൊക്കെയായി…

ഒരല്പം കാണാവുന്ന വെളുത്ത കാൽ വണ്ണയിലെ നനുത്ത സ്വർണ്ണരോമങ്ങൾ…

“” ആഹാ!!!””

പെട്ടെന്നാണ് “”യ്യോ!!””എന്ന നിലവിളിയോടെ കാൽ വഴുതി അവൾ താഴേക്കു മറിഞ്ഞത്…

ശങ്കിച്ചു പോയ ശ്രീ അവളെ പിടിക്കാനായി ആഞ്ഞതും അവൾ വന്നു അവന്റെ ദേഹത്തേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു..

ശ്രീയുടെയും ബാലൻസ് തെറ്റി…രണ്ടുപേരും കൂടി കയറിയത്രയും പടവ്കൾ ഉരുണ്ടുരുണ്ടു താഴേക്കു പോന്നു…

രണ്ടു മുട്ടുകയ്യും ഇടിച്ചു ശ്രീ നിലത്തെ പരന്ന പാറക്കല്ലിൽ കിടന്നു…കഴുത്തിലെവിടോ ഒരു കൂർത്ത കല്ലു കുത്തിക്കയറിയതവൻ അറിഞ്ഞു..

അവൾ അവന്റെ നെഞ്ചത്തായിരുന്നു..കൈമുട്ടും ഒരു കാൽ മുട്ടും കരിങ്കല്ലിൽ ഇടിച്ചിരുന്നു..

പൂക്കൂടയിലെ പൂവ് മുഴുവൻ ഉയർന്നു വന്നു അവരുടെ മേലേക്ക് പതിച്ചു..

ശ്രീ വേറേതോ ലോകത്ത് ആയിരുന്നു..

“ആഹാ..പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നോ”…അവൻ മെല്ലെ പറഞ്ഞു കൊണ്ടു പാറക്കല്ലിൽ മലർന്നു കിടന്നു…

“എടോ… എഴുന്നേറ്റു മാറിപ്പോഡോ..നാശം..”അവളുടെ ഒച്ചയാണ് അവനെ ബോധത്തിലേക്കു കൊണ്ടു വന്നത്…

“ഡി.. കുളകൊക്കെ…അനാവശ്യം പറഞ്ഞാലുണ്ടല്ലോ…നീയല്ലേ എന്റെ നെഞ്ചത്തു കയറികിടക്കുന്നെ…എന്നിട്ടിപ്പൊ ഞാൻ മാറണോ…”

“എഴുന്നേറ്റു മാറെടി…എല്ലു കുത്തിക്കയറിയിട്ടു വയ്യ നശൂലം…”

“അയ്യടാ ഇപ്പൊ എനിക്കായോ കുറ്റം..എന്നെക്കയറി പിടിച്ചിട്ടു മര മോന്തൻ പറയുന്ന കേട്ടില്ലേ…”അവളും വിട്ടുകൊടുത്തില്ല…

“കിടന്നു ചളി അടിക്കാതെ എഴുന്നേൽക്കേടി…”

അവൾ അവന്റെ വയറിൽ കൈമുട്ട് കുത്തി എഴുന്നേറ്റിരുന്നു…

“യ്യോ…ന്റമ്മേ…ഡീ… ഇതെന്താ ഡ്യൂറോഫ്‌ളക്‌സ് മെത്തയാണെന്നു കരുതിയോ..കൈ അങ്ങോട്ട് ശെരിക്കും കുത്തി എഴുന്നേൽക്കാൻ..എന്റെ വയറാടി..അതെങ്ങനെയാ..മെത്തയിൽ കിടക്കും പോലെയല്ലേ ഇത്രയും നേരം കിടന്നത്…ബാക്കിയുള്ളവൻ കരിങ്കല്ലിലും…”

“കഴിക്കുമ്പോൾ കുറച്ചു കഴിക്കണം..അല്ലെങ്കിൽ ഇതുപോലെ പിത്തകാടിയെ പോലിരിക്കും”അവൾ കിറി കോട്ടി കാണിച്ചു..

“നിന്റച്ഛൻ അല്ലല്ലോ എനിക്ക് തിന്നാൻ തരുന്നത്…പോടീ എഴുന്നേറ്റു..”

“പോടാ..മരംകൊത്തി മോറാ…”

അവൾ എഴുന്നേൽക്കാൻ ശ്രെമിച്ചു..

“ആ…”മുട്ടിൽ പിടിച്ചു കൊണ്ട് അവൾ കുനിഞ്ഞു…പാവാടതുമ്പു ഉയർത്താൻ ആഞ്ഞിട്ടു പെട്ടെന്ന് തന്നെ അവൻ നോക്കുന്നതകണ്ടു അവൾ താഴ്ത്തിയിട്ടു…

അവൻ ആ ഭാഗത്തേക്ക് നോക്കി..പാവാടക്കു പുറമെ രക്തത്തിന്റെ നല്ല നനവ്…

കൈമുട്ടിൽ നിന്നും രക്തമൊലിക്കുന്നുണ്ട്..അവിടവിടെ തൊലിയൊക്കെ പോയിട്ടുണ്ട്..

അവൾ പൂക്കൂടയുമെടുത്ത് മുടന്തി മുടന്തി നടന്നു നീങ്ങി..

അവൻ കഴുത്തിൽ നിന്നു കൂർത്ത ചെറിയൊരു കല്ലു അടർത്തിയെടുത്തു..

“മഹാദേവ…ന്റെ ഇന്റർവ്യൂ…” അവൻ വാച്ചിലേക്കു നോക്കി..

മണി ഏഴേ മുക്കാൽ…”യ്യോ.. ഇനിയെന്തു ചെയ്യും…മുറിവ് ഡ്രസ് ചെയ്യാതെ എങ്ങനാ പോകുന്നേ…യ്യോ..കഴിഞ്ഞ വിഷൂന് അച്ഛന് അമ്മ മേടിച്ചു കൊടുത്ത കസവു മുണ്ട്…”

അവൻ മുണ്ടിലേക്കു നോക്കി..
അപ്പിടി പച്ചപ്പായാലും അഴുക്കും…

‘ഇനിയിപ്പോ എന്തു ചെയ്യും…ഇന്റർവ്യൂ ഏതായാലും സ്വാഹ…അച്ഛൻ ഉസ്കൂളിൽ പോയിക്കഴിഞ്ഞു വീട്ടിൽ കയറാം…അമ്മയോട് എന്തേലും കുനുഷ്ടു വിളിച്ചു പറയാം..’

അവൻ പോക്കെറ്റിൽ തപ്പി..’ബെസ്റ്റ്…ഫോൺ എടുത്തിട്ടില്ല…

‘ഏട്ടുമണിയായിട്ടെ പ്രാഥമികാരോഗ്യ കേന്ദ്രം തുറക്കൂ..അതു വരെ ഡേവിച്ചന്റെ വീട്ടിൽ ഇരിക്കാം…’

അവന്റെ കൂട്ടുകാരനാണ് ഡേവിസ് എന്ന ഡേവിച്ചൻ..പ്രത്യേകിച്ചു പണിയൊന്നുമില്ല…കണ്ടം ക്രിക്കറ്റും മീൻപിടുത്തവും കലിങ്കിൽ സൊറപറഞ്ഞിരിക്കലും ഒക്കെയായി അങ്ങു പോകുന്നു…

പിന്നെ ഒരാൾ കൂടിയുണ്ട്..ഫൈസൽ എന്ന ഫൈസി…ബാപ്പയുടെ എണ്ണക്കച്ചവടത്തിനു സഹായിയായി നിൽക്കുന്നു…അവർക്ക് ഒരു എണ്ണ മില്ലുണ്ട്…

എന്നിരുന്നാലും മേൽപ്പറഞ്ഞ കണ്ടം ക്രിക്കറ്റിലും മീന്പിടുത്തിലും സൊറപറഞ്ഞിരിക്കലിലുമൊക്കെ മുൻപന്തിയിൽ ഉണ്ട്…

മൂവർ സംഘം നാട്ടിൽ എല്ലാക്കാര്യത്തിനും മുൻ നിരയിലുണ്ടാവും…മാത്രമല്ല മതമൈത്രിക്കു ഉദാഹരണവും ആണവർ…അമ്പലത്തിലും പള്ളിയിലുമൊക്കെ ഒരുമിച്ചുണ്ടാവും…

_____ഇത് പുഴക്കര ഗ്രാമം..ഒരു പുഴയുടെ ഇരുവശത്തും ഉള്ള നൂറോളം കുടുംബങ്ങൾ അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം…ഇവിടെ നിന്നും ഒന്നര മണിക്കൂർ യാത്രയുണ്ട് തൊട്ടടുത്ത ടൗണിൽലേക്കു…ദിവസത്തിൽ മൂന്നു പ്രാവശ്യം സർവീസുള്ള ‘കാശിനാഥൻ’ബസിനെയാണ് നാട്ടുകാർ അതിനായി ആശ്രയിക്കുന്നത്…

പുഴയുടെ കിഴക്കെ കരയിലാണ് പുഴക്കര മഹാദേവന്റെ അമ്പലവും,പ്രാഥമികാരോഗ്യ കേന്ദ്രവും..

പടിഞ്ഞാറെ കരയിലാണ് പുഴക്കരപള്ളിയും റേഷൻ കടയും,LP സ്‌കൂളും, പാൽസൊസൈറ്റിയും..കൂടാതെ കാശിനാഥൻ ബസ് സർവീസ് തുടങ്ങുന്നതും പടിഞ്ഞാറെ കരയിൽ നിന്നു തന്നെ…

ബസ് സ്റ്റാൻഡിൽ അടുത്തു തന്നെ ഒരു കടത്തും ഉണ്ട്..പാലം പിന്നെയും ദൂരെയാണ്…അതുകൊണ്ടു കൂടുതലും എല്ലാവരും കടത്തു തന്നെയാണ് ആശ്രയിക്കുന്നത്…

ഇനി നമ്മുടെ ശ്രീ…അവന്റെ വീട് പടിഞ്ഞാറേക്കരയിലാണ്…LP സ്‌കൂൾ ഹെഡ്മാസ്റ്റർ സേതുമാധവൻ മാഷിന്റെയും വീട്ടമ്മയായ സുമംഗലാമ്മയുടെയും പുത്രൻ..അവനു മൂത്തത് ഒരു ചേച്ചിയും ഇളയത് ഒരു അനിയത്തിയും ഉണ്ട്..വീട്ടിലെ ആകെയുള്ള ആണ്തരി..അതാണ് നമ്മുടെ ശ്രീ…

ചേച്ചി ശ്രീവിദ്യ വിവാഹിതയാണ്…ഒരു കുട്ടിയുണ്ട്…താലൂക്കോഫീസിൽ ക്ലർക് ആയ നന്ദകുമാർ ആണ് ഭർത്താവ്..മൂന്നു വയസ്സുള്ള ശ്രീനന്ദ ഒരേയൊരു മകൾ…അവരുടെ വീട് ടൗണിൽ ആണ്..

അനിയത്തി ശ്രീലക്ഷ്മി ടൗണിലെ കോളേജിൽ BA ക്കു പഠിക്കുന്നു..രണ്ടാം വർഷം..

ഈ പുഴക്കര ഗ്രാമത്തിന്റെ ചരിത്രത്തിൽ തന്നെ ഗ്രാമത്തിലെ ആദ്യ എൻട്രൻസ് ജേതാവാണ് ശ്രീ..ആദ്യ ബിടെക് കാരനും…അതുകൊണ്ടു തന്നെ ഒളിഞ്ഞും തെളിഞ്ഞും അവന്റെ പേരിന്റെ കൂടെ ‘ശ്രീ ബിടെക്’എന്നൊരു വിളിപേരുമുണ്ടു..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ശ്രീ ബുള്ളെറ്റ് സ്റ്റാർട് ചെയ്തു..

“ഓ.. എവിടെങ്ങാണ്ടൊക്കെയോ വേദനിക്കുന്നുണ്ട്…

രണ്ടു മിനിറ്റ് ഓടിയാൽ ഡേവിച്ചന്റെ വീടായി…ഇനി അഞ്ചു മിനിട്ടും കൂടിയുണ്ട് ആശുപത്രി തുറക്കാൻ…

“ഡാ..ഡേവിച്ചാ..”അവൻ പുറത്തു നിന്നു ഉറക്കെ വിളിച്ചു…

“ഇച്ഛായൻ എഴുന്നേറ്റില്ല ശ്രീയേട്ട..”അവന്റെ പെങ്ങൾ ജാൻസി വാതിൽക്കൽ നിന്നു വിളിച്ചു പറഞ്ഞു..

അവൻ വേച്ചു വേച്ചു നടന്നു അവന്റെ മുറിയുടെ ജനാലക്കൽ എത്തി..

“ആഹാ…എന്താ ഒരുറക്കം…തലവഴി മൂടി പുതച്ചു..കുംഭകർണ്ണൻ”

“ഡി.. ജാൻസി ഒരു മഗ് വെള്ളമിങ് തന്നേ..”അവൻ വിളിച്ചു പറഞ്ഞു..

ജാൻസി ചിരിയോടെ വെള്ളം കൊണ്ട് കൊടുത്തു…പുറകെ അവരുടെ അമ്മച്ചി സലോമിയും എത്തി…

ശ്രീ വെള്ളം അവന്റെ മുഖത്തേക്കോഴിച്ചു…

“അമ്മച്ചി…ഞാൻ പുഴയിൽ വീണേ..”എന്നലറി കൊണ്ടു അവൻ ചാടി എഴുന്നേറ്റു…

“വീണാലെന്താ…നിനക്കു നീന്താനറിയാല്ലോ..”എന്നു പറഞ്ഞുകൊണ്ട് സലോമി അടുക്കളയിലേക്കു പോയി…

“ഡാ..പോത്തെ.. ഇങ്ങോട്ടെഴുന്നേറ്റു വന്നേ…”ശ്രീ ഒരു തട്ടു കൊടുത്തു അവനിട്ടു..

ഡേവിച്ചൻ കോട്ടുവായ ഇട്ടുകൊണ്ടു പുറത്തേക്കു വന്നു..

ശ്രീയുടെ കോലം കണ്ടു അവൻ വാ പൊളിച്ചു നിന്നു..

ശ്രീ കാര്യമൊക്കെ അവനോട് പറഞ്ഞു..

“അതുകൊണ്ടു നീയൊരു കാര്യം ചെയ്യ്..എട്ടര കഴിയുമ്പോൾ അമ്മയെ വിളിച്ചു ബുള്ളറ്റ് ചെറുതായൊന്നു മറിഞ്ഞു…ഞാൻ ആശുപത്രിയിലാ എന്നു പറഞ്ഞേക്കു..ദേ..ഓവറാക്കരുത്..അമ്മ പേടിക്കും…പിന്നെ… എട്ടര കഴിഞ്ഞിട്ട് മതി കേട്ടോ…അപ്പോഴേക്കും അച്ഛൻ പോകും..”

“അത് ഞാനേറ്റു..നീ വിട്ടോ..ഈ ഡേ വിച്ചനല്ലേ പറയുന്നേ…”

ശ്രീ ബുള്ളെറ്റ്‌മെടുത്തു പ്രൈമറി ഹെല്ത് സെന്ററിലേക്ക് പോയി..

ചീട്ടെടുത്ത് ഡോക്ടറിനെ കണ്ട ശേഷം മുറിവ് ഡ്രെസ് ചെയ്യാനായി നഴ്സിങ്റൂമിലേക്കു ചെന്നു..

കർട്ടൻ മാറ്റി അകത്തേക്ക് കയറിയ ശ്രീ തറഞ്ഞു നിന്നു…

മുട്ടൊപ്പം പാവാട ഉയർത്തിവെച്ചു അവൾ കട്ടിലിൽ ഇരിക്കുന്നു.. അടുത്തു നിന്ന് നഴ്‌സ് മുറിവ് ഡ്രസ് ചെയ്യുന്നു..

അവൾ പെട്ടെന്ന് പാവാട വലിച്ചിട്ടു..
അവളുടെ മുഖത്തേക്ക് നോക്കിയ നഴ്സ് പുറകിലേക്ക് തിരിഞ്ഞു നോക്കി..

“ആഹ്..ശ്രീയോ..എന്തുപറ്റി..?”

“ആഹ്..ഗീതേച്ചി ആയിരുന്നോ..?”

ശ്രീയുടെ അയൽവാസിയാണ് ഗീത..ഭർത്താവ് മധു പട്ടാളക്കാരനാണ്..ഒരു മകൾ എട്ടാംക്ലാസ്സിൽ പഠിക്കുന്ന സുകുമോൾ..എന്ന സുകന്യ..

“ഒന്നു ഡ്രസ് ചെയ്യണം ഗീതേച്ചി…ചെറുതായൊന്നു വീണു…”

“നീയൊന്നു വെയിറ്റ് ചെയ്യൂട്ടോ..ഇതൊന്നു കഴിയട്ടെ..”

“ശെരി…”അവൻ പുറത്തിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ പുറത്തേക്കിറങ്ങി…കൈമുട്ടിൽ വെച്ചു കെട്ടുമായിട്ടു…കാലിലെ കാണാൻ വയ്യ..

“പോടാ..”പോകുന്ന വഴിക്ക് അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി..

“ഡി.. തോട്ടിക്കോലെ…”അവൻ ചാടിയെഴുന്നേറ്റതും ഗീതേച്ചി മുറിയിൽ നിന്നും പുറത്തേക്കു തലയിട്ടതും ഒരുമിച്ചായിരുന്നു….

അവൾ മുഖമടച്ചു അവനിട്ടു ഒരാട്ടു കൊടുക്കുന്നതും അവൻ അവൾക്കു നേരെ കയ്യോങ്ങുന്നതും ഗീതേച്ചി വ്യക്തമായി കണ്ടു..

ശ്രീ ഒരു ചമ്മലോടെ അകത്തേക്ക് കയറി…

“ഉം…ഇതെന്തു പറ്റിയതാ..”?

“അതുപിന്നെ…”അവൻ വിക്കി…

“വണ്ടിയേന്നു വീണതാ…”

“ഓഹോ..അവളും ഉണ്ടായിരുന്നോ നിന്റെ വണ്ടിയിൽ…?”

“യ്യോ…ഇല്ല…”

“പിന്നെ രണ്ടുപോർക്കും കൂടിയെങ്ങനാ ഇത്ര രാവിലെ ..ഒരു പോലത്തെ പരിക്ക്…”ഗീത അവന്റെ നേരെ കണ്ണുരുട്ടി…

“എന്റെ പൊന്നു ഗീതേച്ചി…ചതിക്കരുത്..വീട്ടിൽ അമ്മയും ലച്ചുവ്മൊന്നും അറിയരുത്…എന്നെ കളിയാക്കി കൊല്ലും…”

അവൻ നടന്ന കാര്യം മുഴുവനും ഗീതയോട് പറഞ്ഞു…

“ആം…സത്യമെന്തുവാ എന്നറിയാൻ ചോദിച്ചതാ…അവളും ഇതുതന്നെയാ പറഞ്ഞേ..എന്നിട്ടെങ്ങനുണ്ടാരുന്നു ..?നല്ല ഫീൽ ആരുന്നോ?”ഗീത അവനെ കളിയാക്കി…

“ഏതവൾ”? ശ്രീ അന്തം വിട്ടു…

“ഇപ്പൊ ഇവിടുന്നു പോയില്ലേ…”അവൾ”..”

“ഗീതേച്ചിക്കറിയോ അവളെ…”ശ്രീ ലേശം ഒരു പകപ്പോടെ ചോദിച്ചു…

“ഓ… അറിയാല്ലോ…”ഗീത ശ്രെദ്ധയോടെ അവന്റെ മുറിവ് വെച്ചുകെട്ടുന്നതിനിടയിൽ പറഞ്ഞു…

“അപ്പോ ഓക്കെ…എന്നാൽ വിട്ടോ…”

“ശെരി…ഗീതേച്ചി…ഇറങ്ങുവാ”….അവൻ എഴുന്നേറ്റു…

മുറിയിൽ നിന്നും കാൽ പുറത്തേക്കു വെച്ചിട്ട് തിരിഞ്ഞു നിന്നു അവൻ ഗീതയെ നീട്ടി വിളിച്ചു…

“ഗീതേച്ചി……

“സേതുലക്ഷ്മി..വയസ്സ് ഇരുപത്തിയൊന്ന്..പാലത്തിനടുത്ത് കട നടത്തുന്ന ശ്രീധരേട്ടന്റെയും ഭാനുമതി ചേച്ചിയുടെയും മകൾ…”

“എന്താ ഇത്രയും ഡീറ്റെയിൽസ് മതിയോ …മോനെ ദിനേശാ…”ഗീത അവനെ ഇളിച്ചു കാണിച്ചു…

ചമ്മിയ ചിരിയോടെ ശ്രീ പുറത്തേക്കിറങ്ങി…

ചുണ്ടിന്റെ കോണിൽ ഒരു കള്ളച്ചിരിയുമായി …😜😜 തന്റെ വെട്ടിയൊതുക്കി നിർത്തിയ ഗ്ലാമർ താടിയിൽ ചെറുതായൊന്നു തടവിക്കൊണ്ടു….

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

Share this story