ശ്രുതിലയം: ഭാഗം 1

shruthilayam

എഴുത്തുകാരി: വാസുകി വസു

"അച്ഛന്റെ മോൾ ഈ വിവാഹത്തിന് സമ്മതിക്കണം..തിരികെ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയില്ലാത്ത ഒരാൾക്ക് വേണ്ടിയെത്ര കാലമാ കുട്ടി കാത്തിരിക്കാ" "അച്ഛാ.. എന്ത് വേണമെങ്കിലും പറഞ്ഞോളൂ.സന്തോഷത്തോടെ അനുസരിക്കാം..പക്ഷേങ്കി ദത്തേട്ടനെ മറക്കാൻ മാത്രം പറയരുത്. നിക്ക് കഴിയില്ലാ" "അച്ഛനു നിന്റെ നോവ് മനസ്സിലാകും കുട്ടിയേ..അതോണ്ടാ ചോദിക്കണേ..എത്രകാലമായി ദത്തനായിട്ട് കാത്തിരിക്കണൂ..ജീവിച്ചിരിക്കണോന്നൊ മരിച്ചുവോന്ന് ആർക്കറിയാ ശിവ ശിവ" "അച്ഛാ.." നെഞ്ഞ് പിഞ്ഞിക്കീറി ജാനി വിളിച്ചു പോയി...അത്രയേറെ സങ്കടമുണ്ട് നെഞ്ചിനുള്ളിൽ.. "പിന്നെ ഞാനെന്താ കുട്ടീ പറയാ...വർഷം പത്ത് കഴിഞ്ഞൂല്ലോ ദത്തൻ നാട് വിട്ടിട്ട്..ഒരിറ്റ് സ്നേഹം നിന്നോട് ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തിരക്കി വരില്ലായിരുന്നുവോ" അച്ഛന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ജാനിയുടെ കൈവശം മറുപടി ഇല്ലായിരുന്നു.. ഒന്നോർത്താൽ അച്ഛൻ പറയണതിലും കാര്യമില്ലാതില്ല.. ഒരിക്കൽ പോലും നാട് വിട്ട് പോയ ദത്തേട്ടൻ മടങ്ങി വന്നട്ടില്ല..

എന്നിട്ടും കാത്തിരിക്കയാ ഞാനൊരാൾ..എന്റെ ദത്തേട്ടനു വേണ്ടി.. ഒരിറക്ക് വറ്റും ഒരിറ്റ് ശ്വാസവും എടുത്ത് ഇപ്പോഴും ശരീരത്ത് ജീവൻ നില നിർത്തണത് ആളെയൊന്ന് കാണാന്നുളള മോഹത്താലാ... "നിങ്ങളിങ്ങനെ പറഞ്ഞാലെങ്ങനാ ഇവൾ അനുസരിക്കാ..പറയണ്ട രീതിയിൽ പറയ്..ഇവൾക്ക് താഴെ രണ്ടു പെൺകുട്ടിയോൾ കൂടിയുളളതാ...അവരെ കൂടി എങ്ങനേലും പറഞ്ഞയക്കണം" ചെറിയമ്മയാ...ജാനീടെ...അതായത് രണ്ടാനമ്മ.. ജാനീടെ അമ്മ അവളുടെ കുഞ്ഞിലേ മരിച്ചു പോയിരുന്നു...പിന്നീട് ജാനീടെ അച്ഛൻ രണ്ടാമത് കെട്ടിയതാണ് അവരെ.. ജാനിയോട് വല്യ സ്നേഹമില്ലെങ്കിലും തരം കിട്ടുമ്പോഴൊക്കെ കുത്തുവാക്കുകൾ ഉതിർക്കും.. "നിന്റെ തല കെട്ടിയെടുത്തപ്പോഴെ നിന്റെ തളള ചത്തു..ഇനിയും ഇങ്ങനെ പുര നിറഞ്ഞ് നിൽക്കണത് എന്റെ മക്കളുടെ തല കൂടി എടുക്കാനാണോ" എല്ലാം കേട്ടു ശീലമായി കഴിഞ്ഞു.. ആദ്യമൊക്കെ സങ്കടമായൊരുന്നു..പിന്നീട് എല്ലാം പുഞ്ചിരിയിലൊതുക്കി.. കരയാൻ കണ്ണുനീരൊന്നും ഇല്ലാ...എല്ലാം ഉറവ വറ്റി പോയിരുന്നു.. പഴയ നായർ തറവാടാണ് ജാനിയെന്ന ജാനകിയുടേത്..ഇഷ്ടം പോലെ ഭൂസ്വത്ത് ഉണ്ടായിരുന്നു.. കാരണവന്മാരുടെ പിടിപ്പു കേടിനാൽ സമ്പാദ്യമൊക്കെ കുറഞ്ഞു വന്നു..

ഇപ്പോൾ ആകെയുളളത് തറവാടും തറവാട് നിൽക്കണ ഒരേക്കർ പുരയിടവുമാണ്..അതെങ്ങനെ എങ്കിലും കൈവശപ്പെടുത്തി സ്വന്തമാക്കണം..അതിനാണ് ജാനിയെ എങ്ങനെ എങ്കിലും ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചു ഒഴിവാക്കാൻ അവളുടെ ചെറിയമ്മ ആഗ്രഹിക്കണത്... "നിങ്ങൾ അങ്ങോട്ട് മാറി നിൽക്ക് മനുഷ്യ.. ഞാൻ സംസാരിക്കാം" അച്ഛനെ ഉന്തിത്തള്ളി മാറ്റി ചെറിയമ്മ ജാനിയുടെ അടുത്തേക്ക് വന്നു...അവളുടെ അടുത്തിരുന്ന് അവർ തലയിൽ തലോടി.. "പ്രസവിച്ചില്ലെങ്കിലും നീയെന്റെ മകളാണ് ജാനി...ശിവക്ക് എന്താ കുറവ് നല്ല ചെറുക്കനല്ലേ..കുറച്ചു മദ്യപാനമുണ്ടെങ്കിലും നല്ല സ്വഭാവമാ..നീ മനസ്സ് വെച്ചാൽ മതി അവനെ മാറ്റിയെടുക്കാം..സ്ത്രീധനമൊന്നും വേണ്ടാന്ന് പറഞ്ഞു ഇങ്ങോട്ട് വന്നത് നമ്മുടെ ഭാഗ്യമാണെന്ന് കരുതിയാൽ മതി" ശിവ... അവന്റെ പേര് കേട്ടതും ജാനിയുടെ മുഖത്ത് വെറുപ്പ് തെളിഞ്ഞു...ആഭാസൻ...നാട്ടിലുളള സ്ത്രീകളുടെ പിന്നാലെയണവൻ‌‌‌‌‌.. "എന്തിനാ ചെറ്യമ്മേ എന്നെ ദ്രോഹിക്കണേ.എല്ലാം അറിഞ്ഞോണ്ട് ഒരുത്തന്റെ കൊലക്കത്തിക്ക് എന്നെ എറിഞ്ഞു കൊടുക്കണേ" നെഞ്ചിലെ നീറ്റൽ പുറമേ കാണിക്കാതെ ജാനി ചോദിച്ചതും അവർ പൊട്ടിത്തെറിച്ചു...

"എന്താടീ അവനൊരു കുറവ്..നന്നായി പണിയെടുക്കും..കാണാനും തെറ്റില്ലാത്തൊരു ചെക്കൻ..പിന്നെ നിനക്കെന്താടീ ഇത്ര പുച്ഛം" "ചെറിയമ്മക്ക് അത്ര ഇഷ്ടം ആണെങ്കിൽ നന്ദിനിയെ അയാളെക്കൊണ്ട് കെട്ടിക്ക്.നിക്ക് വേണ്ട അയാളെ" അതുകേട്ടതും അവർ കൈ എടുത്തു നെഞ്ചിലടിച്ചു.. "നിങ്ങടെ പൊന്നുമോൾ പറയണ കേട്ടോ മനുഷ്യ...അഹങ്കാരമാ ഇവൾക്ക്...തറവാട്ടിൽ വാല്യക്കാരനായ ഒരുത്തന്റെ മകനായി കാത്തിരിക്കണ ഇവളു കാരണം ബാക്കിയുള്ളവർക്ക് പുറത്ത് ഇറങ്ങി നടക്കൻ വയ്യ...തറവാടിനു കൂടി അപമാനമാ" അറിയാവുന്ന രീതിയിലെല്ലാം ചെറിയമ്മ അച്ഛനെ എരികേറ്റണതവൾ കണ്ടു...നിശബ്ദമായി തേങ്ങാനെ ജാനിക്ക് കഴിഞ്ഞുള്ളൂ.. "പഠിപ്പിക്ക് മനുഷ്യാ കുറച്ചു കൂടി... നല്ല വിദ്യാഭ്യാസം കൊടുത്തതിന്റെ അനുഭവമാ..നിങ്ങൾ കാരണം ഞാനും എന്റെ മക്കളുമാ കണ്ണീരു കുടിക്കണത്" "ജാനകി..." അച്ഛൻ ഉറക്കെ വിളിക്കണത് കേട്ടു..കോപം വരുമ്പോഴാണു അച്ഛൻ അങ്ങനെ വിളിക്കണതെന്ന് ജാനിക്ക് അറിയാം...സ്നേഹം കൂടുമ്പോൾ ജാനീന്ന് തികച്ചു വിളിക്കില്ല.. "എന്താ അച്ഛാ" ജാനി എഴുന്നേറ്റു അച്ഛനു അരികിലെത്തി..

"ഞാൻ തീരുമാനിച്ചു കഴിഞ്ഞു ശിവയും ആയിട്ടുള്ള കല്യാണം..വയസ്സ് ഇരുപത്തിയാറ് കഴിഞ്ഞു നിനക്ക്..ഇനിയും തിരികെ വരാത്ത ഒരാൾക്കായി ഇവിടെ ഇങ്ങനെ നിർത്താൻ കഴിയില്ല" "അച്ഛാ...." വിശ്വാസം വരാതെ ഒരിക്കൽ കൂടി വിളിച്ചു... "അതേ അച്ഛൻ തന്നാ പറഞ്ഞത്...ഞാൻ പറയും നീ അനുസരിക്കും..അതുമതി" ജാനിക്ക് പിന്നെ അവിടെ നിൽക്കാൻ കഴിഞ്ഞില്ല.. തേങ്ങലോടെ മുറിയിലേക്കോടി..കതകടച്ചു കിടക്കയിലേക്ക് വീണു തലയണയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു... അവളിലെ സങ്കടങ്ങൾ മുഴുവനും മിഴിനീരായൊഴുകി തലയിണയെ കുതിർത്തു.. സമയം ഇഴഞ്ഞ് നീങ്ങി രാത്രി വളർന്നു തുടങ്ങി.. ജാനി അപ്പോഴും എഴുന്നേറ്റിരുന്നില്ല.ഒരുകുന്നോളം സങ്കടം ഉള്ളിലുണ്ട്..എഴുന്നേൽക്കാൻ തോന്നിയില്ല.. മനസ്സ് നിറയെ ദത്തേട്ടന്റെ രൂപമാണ്... പൊടി മീശമുളള പതിനെട്ടുകാരൻ...കുഞ്ഞിലേ മുതൽ അവനാണ് കൂട്ട്..കളിക്കാനും സ്കൂളിൽ പോകാനുമെല്ലാം... ദത്തൻ...ആ പേരോർത്തതും ഉള്ളിലൊരു കുളിരുളള കാറ്റ് ആഞ്ഞ് വീശിയത് ജാനിയറിഞ്ഞു....

ഒടുവിൽ നാട് വിടാൻ നേരത്ത് തന്റെ മുറി തേടിയെത്തിയ ദത്തൻ വീണ്ടും ഒരു നോവായി മാറി.. ജനലഴികളിൽ കൂടി കൈകൾ കോർത്ത് പിടിച്ചു ദത്തൻ പറഞ്ഞ ഓരോ വാക്കുകളും ഇന്നലെയെന്ന പോലെ ഓർമ്മയിൽ നിന്നു.. "ജാനിക്കുട്ടി കരതണുണ്ടോ നിങ്ങളുടെ തറവാട്ടിലെ പണം ഞാൻ അപഹരിച്ചതാണെന്ന്" "ഇല്ല" നൂറ്റിയൊന്ന് പ്രാവശ്യം ജാനി വേദനയോടെ പറഞ്ഞു.. "ചെയ്യാത്ത കുറ്റത്തിനാ ജാനി എന്നെ പുളിമരത്തിൽ കെട്ടിയിട്ട് എന്റെ അച്ഛൻ പുളിവടിവെച്ച് പുറം പൊളിച്ചത്" അസഹ്യമായ വേദനയിൽ ദത്തനൊന്ന് പുളഞ്ഞു...അവനിലെ നോവ് കുഞ്ഞ് ജാനിയിലും തെളിഞ്ഞു.. "ഞാൻ പോവാ ജാനിക്കുട്ടി...ഈ നാട്ടിൽ നിന്നും..ഇവിടെ നിന്നാൽ നാളെ മുതൽ കളളനെന്നാകും എല്ലാവരും വിളിക്കാ..ചെയ്യാത്ത തെറ്റിനു പഴി കേൾക്കാൻ വയ്യ" ദത്തേട്ടൻ പോകാണെന്ന്...ജാനിക്കുട്ടിയിലൊരു നോവുണർന്ന് പെയ്ത് തുടങ്ങി.. "എനിക്ക് യാത്ര ചോദിക്കാൻ ജാനിക്കുട്ടിയുള്ളൂ...എന്നെങ്കിലും ഞാൻ തിരിച്ച് വരും..എനിക്കായി കാത്തിരിക്കോ" "ഹ്മ്മ്ം" ഒലിച്ചിറങ്ങിയ കണ്ണുനീരോടെ മൂളി. "എങ്കിൽ എനിക്ക് വാക്ക് താ" ദത്തൻ നീട്ടിയ കൈകളിൽ ജാനി കരങ്ങൾ ചേർത്തു..കുനിഞ്ഞൊന്ന് അവളുടെ കൈ പുറത്ത് മുത്തി..അവനിലെ നോവ് മിഴിനീരായി അതിലേക്ക് വീണു.. "പോവാ ജാനിക്കുട്ടി" ദത്തൻ പറയുമ്പോഴേക്കും പുറത്ത് ആരുടെയൊക്കയോ അലർച്ച കേട്ടതും ഇരുളിലൂടെ അവനോടി...

എങ്ങോട്ടെന്നില്ലാതെ... വർഷം പത്തു കഴിഞ്ഞിരിക്കണൂ ദത്തൻ നാട്ടിലേക്ക് വന്നിട്ട്..എവിടെയാണെന്ന് യാതൊരു അറിവുമില്ല..പതിയെ എല്ലാവരും അവനെ മറന്നെങ്കിലും ജാനിയുടെ മനസ്സിൽ പ്രണയത്തോടെ അവന്റെ രൂപം ജ്വലിച്ചു നിന്നു... എന്നെങ്കിലും ദത്തേട്ടൻ വരും..ജാനി ഉറച്ചു വിശ്വസിച്ചു... തന്നെ കൂടെ കൂട്ടാനായി...ഇന്നും അവൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. കാലം കഴിയവേ തറവാട് ക്ഷയിച്ചു തുടങ്ങി.. പഴയ പ്രതാപമൊക്കെ എവിടെയോ പോയി മറഞ്ഞു തറവാട്ട് പേര് മാത്രം നിലനിന്നു... ജാനിയെ ഓടിക്കാനായി ചെറിയമ്മ പല ശ്രമങ്ങൾ നടത്തിയെങ്കിലും അതിനെയെല്ലാം അവൾ അതിജീവിച്ചു..ഏറ്റവും ഒടുവിലത്തെയാണു നാട്ടിലെ ഏറ്റവും വലിയ തെമ്മാടിയായ ശിവയുടെ വിവാഹ ആലോചനയുമായി അവരെത്തിയതും... കതകിൽ തട്ടണ ശബ്ദം കേട്ടാണു ജാനി എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നത്‌‌.അച്ഛനെ കണ്ടൊന്ന് ഞെട്ടി..അദ്ദേഹം വേഗം അകത്ത് കയറി.. "എന്റെ മോൾ ഇവിടെ നിൽക്കണ്ടാ...ചെറിയമ്മ എങ്ങനെ എങ്കിലും നിന്റെ വിവാഹം നടത്തും..അച്ഛൻ കഴിവില്ലാത്തവനായി പോയി മോളെ ക്ഷമിക്ക്..എന്റെ കുഞ്ഞിന്റെ കണ്ണുനീർ അച്ഛനു കാണാൻ വയ്യ..

എങ്ങടെങ്കിലും പോയി രക്ഷപ്പെടൂ..നിനക്ക് നന്മയെ വരൂ" "സാരല്യാ അച്ഛാ..എനിക്ക് എന്റെ അച്ഛനെ മനസ്സിലാകും" അച്ഛൻ നീട്ടിയ കുറച്ചു പണം ജാനി വാങ്ങി..ബാഗിൽ കുറച്ചു വസ്ത്രങ്ങൾ കുത്തി തിരുകി വെച്ചു.സർട്ടിഫിക്കറ്റുകളും സുരക്ഷിതമായി വെച്ചു... "രാത്രി പന്ത്രണ്ട് മണി കഴിയട്ടെ‌...അവൾ പോത്ത് പോലെ ഉറങ്ങണ സമയമാ" "ഹ്മ്മ്ം" അച്ഛൻ മുറിവിട്ടിറങ്ങി പോകണത് സങ്കടത്തോടെ നോക്കി നിന്നു.... അമ്മയുടെ ഒരു ഫോട്ടോയും കൂടെ കരുതി.. പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ അച്ഛൻ വന്ന് വിളിച്ചതും ജാനി കൂടെയിറങ്ങി..പിന്തിരിഞ്ഞ് നോക്കുമ്പോൾ വല്ലാത്തൊരു നോവുള്ളിൽ നിറഞ്ഞു... ഇരുപത്തിയാറ് വർഷം ജീവിച്ച വീട്...ഓടിക്കളിച്ചു വളർന്ന തറവാട് മുറ്റം..അമ്മ ഉറങ്ങണ വീട്...അവളുടെ നെഞ്ഞ് പിഞ്ഞിക്കീറി... ജാനിയെ അച്ഛൻ തന്നെ ബസ് കയറ്റി വിട്ടു...യാത്ര പറയുമ്പോൾ ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു...അവൾക്ക് അറിയാം അവളുടെ അച്ഛനെ... ബസിൽ അധികം തിരക്കില്ലായിരുന്നു...വിൻഡോയുടെ വശത്തുള്ള സീറ്റിലിരുന്നു...ബാഗ് ഇടത് വശത്ത് വെച്ചു... എങ്ങോട്ടെന്ന് അറിയില്ല ഈ യാത്ര.... എവിടേക്കെങ്കിലും പോകണം.... അത് മാത്രമായിരുന്നു മനസ്സിൽ... "ടിക്കറ്റ്...ടിക്കറ്റ്" കണ്ടക്ടർ ജാനിക്ക് സമീപമെത്തി...

"എവിടേക്കാ ടിക്കറ്റ്" "സർ...ഈ ബസിന്റെ ലാസ്റ്റ് സ്റ്റോപ് എവിടാ" അയാൾ അമ്പരന്നൊന്ന് നോക്കിയെങ്കിലും മറുപടി കൊടുത്തു.. "പാലക്കാട്...." ജാനിക്കുട്ടി നിശബ്ദമായി ഉരുവിട്ടു... "പാലക്കാട്... ചിലപ്പോൾ ശേഷിച്ച ജീവിതം ഇവിടെയാകും... ഡ്രൈവർ പറഞ്ഞ തുക കൊടുത്തിട്ട് ബാക്കി വാങ്ങി ടിക്കറ്റുമായി ചേർത്ത് പേഴ്സിൽ വെച്ചു... പാലക്കാട് സൂപ്പർ ഫാസ്റ്റ് വേഗതയിൽ പാഞ്ഞു...ഇടുക്കിയിൽ നിന്ന് പാലക്കാട്ടേക്ക്... തണുപ്പുള്ളൊരു കാറ്റ് മുഖത്തേക്ക് ഇരച്ചു കയറിയതും ഷാൾ തലവഴി മൂടി പുറത്തേക്ക് നോക്കിയിരുന്നു... വണ്ടി തൃശൂർ എത്തുമ്പോൾ നാലുമണി ആകാറായി...ചായ കുടിക്കാനായി എല്ലാവരും ഇറങ്ങിയെങ്കിലും ജാനി സീറ്റിലിരുന്നു.... ബസ് വിടാൻ സമയം ആയപ്പോഴേക്കും സുമുഖനായൊരു ചെറുപ്പക്കാരൻ ജാനിക്ക് അരികിലെത്തി.. " ബാഗ് കുറച്ചൊന്ന് മാറ്റി വെയ്ക്കുമോ..എനിക്ക് കൂടി ഇരിക്കാമായിരുന്നു" സൗമൃതയിലുളള സംസാരം...അവൾ വെറുതെ അയാളെ നോക്കിയിട്ട് മുഖം തിരിച്ചു.. ബസ് നിറയെ ആളായി..ബാഗ് എടുത്ത് മാറ്റിയതും ആ ചെറുപ്പക്കാരൻ ജാനിക്ക് അരികിലിരുന്നു... ആ യാത്രയിലുളള ആൾ പിന്നീട് ജീവിതത്തിന്റെയൊരു ഭാഗമാകുമെന്ന് അപ്പോൾ ജാനിക്കുട്ടി അറിഞ്ഞില്ല...അയാളും... തുടരും.....

Share this story