ശ്രുതിലയം: ഭാഗം 9

shruthilayam

എഴുത്തുകാരി: വാസുകി വസു

"ഇനി കുടിക്കോ" ദത്തന്റെ നെഞ്ചിൽ നിന്നും തലയുയർത്തി ജാനിക്കുട്ടി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. "അത് പിന്നെ..." അയാളൊരു പരുങ്ങലോടെ നിന്നു. "എന്ത് പിന്നെ..എനിക്ക് വാക്ക് താ കുടിക്കില്ലാന്ന്?" വലത് കൈ അയാൾക്ക് നേരെ നീട്ടി ജാനകി പ്രതീക്ഷയോടെ നോക്കി. "അത് പിന്നെ സങ്കടങ്ങൾ വന്നാൽ പിന്നെ എന്ത് ചെയ്യും ജാനൂട്ടി" "സങ്കടങ്ങൾ വരാതെ ഞാൻ നോക്കാലൊ..ഇനി കുടിക്കില്ലാന്ന് വാക്ക് താ ദേവേട്ടാ..ഇല്ലെങ്കിൽ എനിക്ക് സങ്കടാകും" അവളുടെ മുഖത്തേക്ക് നോക്കിയതും മനസ്സിലായി സങ്കടത്താൽ വിങ്ങുന്ന ജാനിയെ.. "ഇല്ല ജാനിക്കുട്ടി നീ കൂടെയുളള കാലം ഞാൻ മദ്യം കൈ കൊണ്ട് തൊടൂല്ലാ" "സത്യം..." "സത്യമായിട്ടും..."

ജാനിയുടെ കരങ്ങൾ ഗ്രഹിച്ചു കൊണ്ട് വിശ്വദത്ത് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷത്താൽ തിളങ്ങി.. "പിന്നെ എനിക്ക് കൂടി വാക്ക് തരണം" ദത്തൻ ആവശ്യപ്പെട്ടത് എന്തെന്ന് അവൾക്ക് മനസ്സിലായില്ല...മെല്ലെ പുരികക്കൊടി ഉയർത്തി.. "ഇനി കണ്ണ് നിറയ്ക്കില്ലാന്ന്" "ഇല്ല ദേവേട്ടാ ഞാനിനി കരയില്ല" ദത്തനിലേക്ക് ചാഞ്ഞ് മുഖം കവിളിലമർത്തി അയാളെ ആലിംഗനം ചെയ്തു.. കുറച്ചു നിമിഷങ്ങൾ ഇതളടർന്ന് വീണു.. "ഉറങ്ങണ്ടേ ദേവേട്ടാ..." "മ്മ്മ്... ഉറങ്ങണം" "എങ്കിൽ കിടന്നോളൂ..ഞാൻ പൂവാ" പോകാനായി ജാനി പിന്തിരിഞ്ഞെങ്കിലും വിശ്വദത്ത് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു.. "എവിടെ പോകാണെന്ന്" "എന്റെ മുറിയിലേക്ക്...ന്തേ.. പറ്റൂല്ലാന്നുണ്ടോ"

കുപ്പിവള കിലുങ്ങും പോലെയാവളുടെ ചിരി മുറിക്കുള്ളിൽ കിലുങ്ങി.. "ദേ ഇവിടെ ഒരേ മുറിയിൽ കിടക്കാം..ഉറക്കം വരും വരെ മിണ്ടീം പറഞ്ഞും കിടക്കാലോ" "അയ്യെടാ അതു വേണ്ട മോനേ...ഒരു താലിച്ചരട് കഴുത്തിൽ കെട്ടീട്ട് മതി" പതിയെ ദത്തനെ തള്ളിമാറ്റി ചിരിയോടെ മുറിയിലേക്ക് ഓടി..നിരാശയോടെ ദത്തൻ കിടക്കയിലേക്ക് വീണു... കുറച്ചു നിമിഷങ്ങൾ കൊഴിഞ്ഞ് വീണതും ജാനിക്കുട്ടി മുറിയിലേക്ക് വീണ്ടും കയറി വന്നു.. "എന്തേ ഉറക്കം വരണില്ലേ ജാനൂട്ടി" "ഇല്ലാലോ" പുഞ്ചിരിയോടെ ദത്തനരുകിലേക്ക് കിടന്നു...കൈകൾ മെല്ലെ എടുത്ത് ജാനിയെ പൊതിഞ്ഞ് പിടിച്ചു.. അവളുടെ ചുടുനിശ്വാസം അയാളുടെ മുഖത്ത് പതിച്ചു..

"പിന്നെ കുരുത്തക്കേട് കാണിക്കാൻ ശ്രമിക്കരുത്" മുന്നറിയിപ്പ് പോലെ അവൾ പറഞ്ഞു.. "കാണിച്ചാൽ..." അവളുടെ കാതിലേക്ക് ചുണ്ടുകൾ അമർത്തി ചോദിച്ചതും ജാനിയൊന്ന് പുളഞ്ഞു.. "ഞാൻ എഴുന്നേറ്റു പോകും" "ഓ... ശരി എന്നാൽ അടങ്ങി കിടക്കാം" ദത്തൻ അനുസരണയുളളത് പോലെ കിടന്നു....ജാനിക്കുട്ടി ഒരു ചിരിയോടെ അവന് അഭിമുഖമായി തിരിഞ്ഞ് കിടന്നു.. പതിയെ അയാളുടെ ചുണ്ടിൽ ഉമ്മ വെച്ചു...കാത്തിരുന്ന പോലെ ദത്തൻ ജാനിയെ ഇറുകി പുണർന്ന് അവളുടെ ചൊടികൾ സ്വന്തമാക്കി.. അയാളുടെ വിരലുകൾ അവളുടെ മേനിയിൽ കുസൃതി കാണിച്ചു തുടങ്ങി.. "അത് വേണ്ടാ ട്ടൊ" വയറിന് കീഴിലേക്ക് ഇറങ്ങിയ വിരലുകളെ തടഞ്ഞു കൊണ്ട് ജാനി പറഞ്ഞതും വിശ്വദത്ത് ചമ്മിയൊരു ചിരി സമ്മാനിച്ചു..

"വേണ്ടെങ്കിൽ വേണ്ടാ" ദത്തന്റെ നെഞ്ചിലേക്ക് തല ചായിച്ചു ജാനിക്കുട്ടി കിടന്നു...അവൾക്ക് ഒത്തിരി സംസാരിക്കാൻ ഉണ്ടായിരുന്നു അയാളോട്...അതെല്ലാം അയാൾ മൂളിക്കേട്ടു... പുലരിയിൽ എപ്പോഴോ ഇരുവരും മയങ്ങിപ്പോയി...രാവിലെ ഏട്ട് മണി കഴിഞ്ഞു ജാനിക്കുട്ടി ഉണരുമ്പോൾ..അപ്പോഴും വിശ്വദത്തിന്റെ കൈകൾ അവളെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടായിരുന്നു.. ജാനിക്കുട്ടിയുടെ ചുണ്ടിലൊരു മന്ദഹാസം തെളിഞ്ഞു....മെല്ലെ ദത്തന്റെ കൈകൾ അടർത്തി മാറ്റി പതിയെ എഴുന്നേറ്റു. അഴിഞ്ഞുലഞ്ഞ വാർമുടിച്ചുരുൾ കെട്ടിവെച്ച ശേഷം കുനിഞ്ഞ് അയാളുടെ ചുണ്ടിലൊന്ന് മുത്തി... പെണ്ണിന്റെ മാനത്തിനു വിലയിട്ടവനിൽ നിന്ന് രക്ഷിച്ചവൻ...

ജനിക്കുട്ടിക്ക് അടക്കാൻ കഴിയാത്ത പ്രണയം തോന്നി.. ദത്തനോട്..ആർക്കാണ് അങ്ങനെ തോന്നാത്തത്.. ജാനിക്കുട്ടി ബാത്ത് റൂമിൽ കയറി തണുത്ത വെളളത്തിൽ കുളിച്ചു..കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോഴും വിശ്വദത്ത് നല്ല ഉറക്കത്തിൽ ആയിരുന്നു.. കുറച്ചു സമയം നോക്കി നിന്ന ശേഷം അടുക്കളയിൽ കയറി ചായയിട്ട് വരുമ്പോഴേക്കും അയാൾ ഉണർന്നിരുന്നു... "ഗുഡ് മോർണിംഗ് ജാനൂട്ടി" "ഗുഡ് മോർണിംഗ് ദേവേട്ടാ" തിരികെ അവളും വിഷ് ചെയ്തു... "രാവിലെ എഴുന്നേറ്റോ" "താമസിച്ചു.. എട്ടു മണി കഴിഞ്ഞാ ഉണർന്നത്..ദേവേട്ടൻ എഴുന്നേറ്റു ചായ കുടിക്ക്" ദത്തൻ കൈ വിടർത്തി മൂരിയിട്ടോണ്ട് എഴുന്നേറ്റു.. "വായും മുഖവും കഴുകി വാ..എന്നിട്ട് കുടിച്ചാൽ മതി"

കട്ടൻ ചായക്കായി കൈ നീട്ടിയ ദത്തനെ രൂക്ഷമായി നോക്കി...ഇതൊന്നും പതിവുളളതല്ല..രാവിലേ ജാനിക്കുട്ടിയെ വെറുപ്പേറ്റണ്ടെന്ന് കരുതി അയാൾ എഴുന്നേറ്റു പുറത്തേക്കിറങ്ങി.. മുഖമൊക്കെ കഴുകി വന്നശേഷം ജാനിക്കുട്ടി നൽകിയ കട്ടൻ ചായ വാങ്ങി കുടിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു.. "നന്ദിനിക്കുട്ടി ഉണ്ടായിരുന്നപ്പോൾ ഇതുപോലെ ആയിരുന്നു.." "ദേവേട്ടാ സങ്കടപ്പെടാതെ...എനിക്ക് സഹിക്കില്ലാ.നന്ദിനിക്കുട്ടിയായി ഞാൻ കൂടെയുളളപ്പോൾ എന്റെ ഏട്ടൻ സങ്കടപ്പെടരുത്" ദത്തന്റെ മാറിലേക്ക് ചാഞ്ഞിട്ട് ജാനി അയാളെ ആശ്വസിപ്പിച്ചു...അവൾക്ക് അറിയാം ഇപ്പോൾ നന്നായി ദത്തനേയും നന്ദിനിക്കുട്ടിയേയും.. "ദേവേട്ടൻ കുളിച്ചിട്ട് വാ" തോർത്ത് എടുത്ത് ദത്തന്റെ തോളിലേക്കിട്ടു..

അവളുടെ കവിളിൽ സ്നേഹത്തോടെ തലോടിയിട്ട് പുറത്തേക്കിറങ്ങി കിണറ്റിൻ കരയിലേക്ക് നടന്നു.. കുളികഴിഞ്ഞ് വിശ്വദത്ത് തിരികെ എത്തുമ്പോൾ സാരിയൊക്കെ ധരിച്ച് ജാനിക്കുട്ടി ഒരുങ്ങി നിന്നിരുന്നു... കണ്ണും പിരികവും കണ്മഷിയാലെഴുതി ഇടത് കവിളിൽ ചെറിയ ഒരു പുള്ളിക്കുത്തുമിട്ടു..ചെറിയ ഒരു കറുത്ത പൊട്ട് നെറ്റിയിൽ തൊട്ടിട്ടുണ്ട്.പേരിന് മുഖത്ത് കുറച്ചു പൗഡറും പൂശിയട്ടുണ്ട്... "ശരിക്കും സുന്ദരിയായിട്ടുണ്ട്" ദത്തൻ കണ്ണ് മിഴിക്കാതെ നോക്കി നിന്നു...ജാനിക്കുട്ടി അങ്ങനെ ഒരുങ്ങണത് അയാൾ ഇതുവരെ കണ്ടട്ടില്ല.. "എന്നെ നോക്കി നിൽക്കാതെ മുണ്ടും ഷർട്ടും ധരിച്ച് വാ ദേവേട്ടാ" "എന്തിന്" "അതൊക്കെ പറയാം ചെല്ലൂന്നേ"

വായ് പൊളിച്ചു നിന്ന അയാളെ ഉന്തിതള്ളി അകത്തേക്ക് വിട്ടു... "ഇതാ എന്റെ ദേവേട്ടന് കൂടുതൽ ഇണങ്ങാ" ജാനിക്കുട്ടി ഇരുകൈകളും മടക്കി ചെവിയോട് ചേർത്തു കൊണ്ട് പറഞ്ഞു.. "വാ ദേവേട്ടാ" ദത്തന്റെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു...അവളുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും കൂടെ ചെന്നു... നന്ദിനിക്കുട്ടിയുടെ പട്ടടയുടെ മുന്നിലേക്കാണ് ദത്തനെയും കൂട്ടി ജാനിക്കുട്ടി ചെന്നത്... "ദത്തേട്ടാ ആ താലിയെടുത്ത് എന്റെ കഴുത്തിൽ കെട്ടോ" നന്ദിനിക്കുട്ടിക്കായി അവളുടെ പട്ടടക്ക് മുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന താലിയിലേക്ക് വിരൽ ചൂണ്ടി ജാനി പറഞ്ഞതും വിശ്വദത്ത് വിറച്ചു പോയി.. "നന്ദിനിക്കുട്ടിക്ക് സമ്മതാ ദേവേട്ടാ..ആ താലി എന്നെ അണിയിക്കാനാ അവളും ഇഷ്ടപ്പെടണത്..അല്ലെങ്കിൽ ദേവേട്ടൻ ചോദിച്ചു നോക്ക്"

തീപ്പെട്ടി ഉരച്ച് എണ്ണയിൽ മുക്കിയ തിരിക്ക് അഗ്നി പകർന്നോണ്ട് അവൾ പറഞ്ഞു... ദത്തൻ മിഴികൾ ഇറുകെ പൂട്ടിയതും ഒരു കുളിർ തെന്നൽ അവരെ കടന്നുപോയി.. "എന്റെ ആഗ്രഹമാ ദേവേട്ടാ ജാനി പറഞ്ഞത്...അതങ്ങ് ചെയ്തേക്ക്" ഉള്ളിലിരുന്ന് നന്ദിനിക്കുട്ടി മന്തിക്കുന്നതായി തോന്നി...ഒരുനിമിഷം ഒന്ന് ആലോചിച്ച ശേഷം മഞ്ഞച്ചരടിൽ കോർത്ത താലി കയ്യിലെടുത്തു..രണ്ടു തുള്ളി മിഴിനീര് കവിളിനെ ചുംബിച്ചു താഴേക്കിറങ്ങി... തല കുനിച്ചു നിന്ന ജാനിക്കുട്ടിയുടെ കഴുത്തിലേക്ക് കൊട്ടും കുരവയും ആൾക്കൂട്ടവും ഇല്ലാതെ നന്ദിനിക്കുട്ടിയെ സാക്ഷിയാക്കി താലി ചാർത്തി... "ദേവേട്ടാ ചോന്ന ചെമ്പരത്തി പൂവ് ഇറുത്ത് എന്റെ തലയിൽ ചൂടൊ"

ജാനിക്കുട്ടി ആവശ്യപ്പെട്ടതും നോവോടെ രണ്ടു പൂവ് ഇറുത്ത് എടുത്ത് ഒന്ന് ജാനിയുടെ മുടിയിൽ ചൂടി..മറ്റൊന്ന് നന്ദിനിക്കുട്ടിയുടെ പട്ടടയിലും വെച്ചു.... "സന്തോഷായി...എന്റെ ദേവേട്ടനിനി തനിച്ചല്ലോ" വീശിയ കാറ്റിൽ നന്ദിനിക്കുട്ടിയുടെ സ്വരം ദത്തന്റെ കാതിൽ പതിച്ചു... "ഇവിടം തന്നാ ദേവേട്ടാ നമ്മുടെ വിവാഹത്തിനു യോജിച്ചയിടം...ഇതിനെക്കാളൊരു പുണ്യസ്ഥം ഇനി കിട്ടില്ല...നന്ദിനിക്കുട്ടിക്ക് സന്തോഷമാകട്ടെ...അവളുടെ ആത്മാവ് വേദനിക്കരുത്" നിറകണ്ണുകളോടെ ദത്തന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു... അയാൾ ജാനിയെ പൊതിഞ്ഞ് പിടിച്ചു... "ശരിയാാണ്...ഏറ്റവും അനുയോജ്യമായ സ്ഥലവും നന്ദിനിക്കുട്ടിക്ക് നൽകാൻ വിലമതിക്കുന്ന മറ്റൊരു സമ്മാനവും വേറെയുണ്ടാകില്ല..നന്ദിനിക്കുട്ടി തന്നെയാണ് തനിക്കായി ജാനകിയെ തിരഞ്ഞെടുത്തതും..."

ജാനകി തലേന്ന് രാത്രിയിലെ തീരുമാനം എടുത്തിരുന്നു...തങ്ങളുടെ വിവാഹം.. താലിയുടെ പിൻ ബലം ഇല്ലാതെ ദേവേട്ടനൊപ്പം ജീവിക്കാൻ കഴിയില്ല...ആളെ പിരിയാനും വയ്യ... നന്ദിനിക്കുട്ടി ആഗ്രഹിക്കുന്നതും ഇതാണ്... ജാനിയും ദേവനും ഒന്നാകാൻ... ഒപ്പം കൊത്തി വലിക്കുന്ന ദത്തന്റെ ഓർമ്മകളിൽ നിന്നൊരു മോചനം...ഇല്ലെങ്കിൽ ദത്തനും ദേവനും ഇടയിൽ ചങ്കുപൊട്ടി ചത്ത് പോകെയുള്ളൂ ജാനിക്കുട്ടി.. "ദേവേട്ടാ...നിഴലായി കൂടെയുണ്ടാകും മരണം പിരിക്കും വരെ...ഇനിയെന്നും എന്റെ ദേവേട്ടന്റെ ശ്വാസം മാത്രമേ എന്നിലുണ്ടാകൂ" പറഞ്ഞതും പൊട്ടിക്കരഞ്ഞു പോയി...ആശ്വസിപ്പിക്കും പോലെ വിശ്വദത്ത് ജാനിക്കുട്ടിയുടെ പുറത്ത് ചെറുതായി തട്ടി കൊണ്ടിരുന്നു..... തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story