സിന്ദൂരമായ്‌ ❤: ഭാഗം 24

sinthooramay

രചന: അനു

ആരിത് വാര്യംബിള്ളിയിലെ മീനാക്ഷിയല്ലെ .... വല്യ ഭാവമാറ്റം കൂടാതെ തന്നെയാണ് കുഞ്ഞുണ്ണി അത് ചോദിച്ചത്... പക്ഷേ ആ ചോദ്യം കേട്ടയാൾക്ക്‌ അത്ര രസിച്ചട്ടില്ല .. മുഖം കടന്നലു കുത്തിയത് പോലെ വീർത്തിട്ടുണ്ട്... ഒന്ന് മാറിക്കെ പോയിട്ട് അൽപ്പം ധൃതി ഉള്ളതാ... കുഞ്ഞുണ്ണി ഹാണ്ടിലിൽ നിന്നും നിത്യയുടെ കൈ മാറ്റി കൊണ്ട് വണ്ടി എടുത്തു... ഇതൊക്കെ ഒന്ന് കരക്ക്‌ എത്തിച്ചിട്ട് വേണം ഇൗ പെണ്ണിനെ ഒന്ന് സ്വന്തമാക്കാൻ...അപ്പോഴേക്കും കൈവിട്ടു പോകല്ലെ.... വഴി തിരിയവേ അവളെ ഒരിക്കൽ കൂടെ നോക്കി കൊണ്ട് കുഞ്ഞുണ്ണി മന്ത്രിച്ചു... ❇ ദർഷ് വീട്ടിൽ എത്തുമ്പോൾ രുദ്രൻ പുറത്തേക്ക് ഇറങ്ങാൻ നോക്കുവായിരുന്നു... അവൻ പിടിച്ച പിടിയാലെ രുദ്രനേ അകത്ത് കൊണ്ടിരുത്തി...

ഞാൻ എന്താ ഏട്ടന് കൊണ്ട് വന്നിരിക്കുന്നേന്നറിയോ... ഇങ്ങനെ മസിൽ പിടിച്ച് ഇരിക്കാതെ ഇതൊക്കെ ഒന്ന് നോക്ക്... ദർഷ് അവന്റെ ഫോൺ എടുത്ത് രുദ്രന്റെ കൈവെള്ളയിൽ നൽകി... നിന്റെ ഫോൺ എനിക്കെന്തിനാടാ പോത്തെ.... അവനിൽ സംശയമുദിച്ചു... കുഞ്ഞുണ്ണി ഒന്നിരുത്തി നോക്കി ഫോണിലെ ഗാലറി തുറന്നു... ഇരുവരെയും നോക്കി കൊണ്ടാണ് അടുക്കളയിൽ നിന്ന് മാളുവും ലക്ഷ്മിയും വന്നത്... നോക്ക് ഏട്ടാ നോക്ക്... ഏത് വേണമെന്ന് പറഞ്ഞാ മതി.... കുഞ്ഞുണ്ണി ഗർവോടെ എല്ലാവരെയും നോക്കി.... രുദ്രന്റെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു... ഫോൺ അവനിലെ കൈകരുത്ത് അറിഞ്ഞു... എന്തുവാടാ അതില്... ലക്ഷ്മി കുഞ്ഞുണ്ണിയൊട് ചോദിക്കും നേരം രുദ്രന്റെ ഭാവം മാറിയതിന്റെ പിന്നിലെ രഹസ്യം അറിയാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു മാളു...

എന്റെ അനിയന് ഇപ്പോ എയർമാനിൽ ഒന്നുമല്ല ജോലി... ബ്രോക്കർ പണിയാ... ചേട്ടനെ കെട്ടിക്കാൻ നടക്കുന്നു.... ഫോൺ കുഞ്ഞുണ്ണിയുടെ കയ്യിൽ ദേഷ്യത്തിൽ വെച്ച് കൊടുത്ത്കൊണ്ട് രുദ്രൻ വീട്ടിൽ നിന്നും ഇറങ്ങി പോയി... ശെടാ ഇതാപ്പോ നന്നായെ... എന്റെ ഏട്ടന് ഒരു കൂട്ട് വേണമെന്ന് കരുതുന്നത് തെറ്റാണോ മാളു ചേച്ചി... വാടിയ മുഖം ചെരിച്ച് കുഞ്ഞുണ്ണി ചോദിച്ചു... പക്ഷേ മറുപടി ആയി തറപ്പിച്ച നോട്ടമാണ് അവനെ വരവേറ്റത്..... കുക്കർ വിസിൽ അടിക്കുന്നത് കേട്ട് മാളു തിരികെ പോയി... ഡാ ചെറുക്കാ നീ ഇതെന്ത് ഭാവിച്ചാ..... ലക്ഷ്മി കുഞ്ഞുണ്ണിക്ക് നല്ലൊരു കിഴുക്ക്‌ വെച്ച് കൊടുത്ത്... അതാണ് എനിക്കും അറിയാത്തത്... ഇതൊക്കെ എവിടെ ചെന്നു അവസാനിക്കുമോ എന്തോ... എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞില്ലെങ്കിൽ അടി വരുന്ന വഴി അറിയില്ല... നടുവിന് കുത്തും കൊടുത്ത് ദർഷ് പലമുഖങ്ങളും ഒന്ന് സ്മരിച്ചു... എല്ലാം ശെര്യാവും...

ഇപ്പന്നെ കണ്ടില്ലേ മാളുവിന്റെ മുഖം... വീർത്ത് കെട്ടിയിട്ടുണ്ട്... ഞാനും അത് ശ്രദ്ധിച്ചു... ഇങ്ങനെ ഒരു ഭാവം ഞാൻ തീരെ പ്രതീക്ഷിച്ചില്ല... ഓർമ്മ പോയാലേന്താ ആ ഹൃദയത്തില് കൊണ്ട് നടന്നതാ എന്റെ ഏട്ടനെ...നോവാതിരിക്കോ .... ഓർക്കണ്ട കുട്ട്യേ ആ കാലം... നീറി നീറി കഴിഞ്ഞ ആ കാലം ... ലക്ഷ്മി നിശ്വസിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.... ഒരുപാട് വേദനിപ്പിക്കുമോ ന്റെ ഏട്ടൻ ... ഒരിക്കപ്പോലും സ്നേഹം തോന്നി കാണില്ലേ ഏട്ടത്തിയെ...?!!? മാളവികയുടെ രുദ്രന്‌ മാത്രം അറിയാവുന്ന ഉത്തരങ്ങളുടെ ചോദ്യങ്ങൾ ദർഷിൽ അലയടിച്ചു... ❇ മനസ്സിലേക്ക് വീണ്ടും വീണ്ടും പെണ്ണുകാണൽ ഇരമ്പി വന്നൂ.... ഓർക്കാൻ ആഗ്രഹിക്കാത്ത ദൃശ്യം ... പൂട്ടി വെച്ച മിഴികൾ വലിച്ച് തുറന്നു.... കാറും കോളും മൂടി ഭൂമിയെ ഒരു മഴയായ് വിഴുങ്ങുവാൻ കാത്ത് നിൽക്കുന്ന ആകാശം... അവന്റെ മനം പോലെ കലുഷിതമായിരുന്നു...

കിടപ്പ് ഒഴിവാക്കി രുദ്രൻ ബോണറ്റിൽ നേരെ ഇരുന്നു.... പാട വരമ്പിലൂടെ പുതുതായി ചെത്തി എടുത്ത പനങ്കള്ളുമായി മാണിക്യൻ വരുന്നുണ്ട്... രുദ്രനെ കണ്ടതും നടത്തം ഇങ്ങോട്ടേക്കു മാറ്റി... ഇത്തിരി എടുക്കട്ടെ കുഞ്ഞേ.... ഇന്നതേതിന് മധുരം അൽപ്പം കൂടുതലാ..... തല വശ്യതയിൽ വെട്ടിച്ച് മാണിക്യൻ പറയുന്നത് കേട്ട് രുദ്രന്റെ മനം തുടിച്ചു... രുദ്രൻ ഇരു കയ്യും നീട്ടി സ്വീകരിച്ചു... വല്ലാത്തൊരു ആവേശത്തോടെ അവനത് മോന്തി.... നിറഞ്ഞ് തുളുമ്പിയ കുടത്തിൽ നിന്നും കള്ള് അവന്റെ നെഞ്ചിലേക്ക് ഒഴുകി... കഴുത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന രുദ്രാക്ഷ മാലയെ നനച്ചു കൊണ്ട് അവ പാച്ചൽ അവസാനിപ്പിച്ചു.... കുടിച്ച് തീർത്തതിനു ശേഷം കൈ തണ്ട അമർത്തി ചുണ്ട് തുടച്ചു.... കാലങ്ങൾക്ക് ശേഷം കുടിച്ചത് കൊണ്ടാവണം തലക്ക് പെട്ടെന്ന് ഏറ്റത് പോലെ അവന് അനുഭവപ്പെട്ടു.... നിക്കണ്ട കുഞ്ഞേ നല്ല മഴ്യാ വരാൻ പോണെ...

കണ്ടില്ല്യെ കിളികൾ കൂടണയത്.... മാണിക്യൻ രുദ്രന്റെ പക്കൽ നിന്നും കുടം തിരികെ വാങ്ങി... തന്ന കള്ളിന് പകരമായി മുണ്ടിന്റെ മടക്കിൽ നിന്നും അതിനുള്ള പ്രതിഫലവും നൽകി.... വീട്ടിലേക്ക് പോകാനുള്ള മനസ്സ് ഉണ്ടായിരുന്നില്ല... എങ്കിലും പണ്ടൊരിക്കൽ ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന ഒരുവളെ ഓർത്തപ്പോൾ പോകാമെന്നായി... മനസ്സിൽ ഒരാശ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ പോകുവാൻ.... വിഷമങ്ങൾ ഏതുമില്ലാതെ സന്തോഷം മാത്രം നിറഞ്ഞൊരു ജീവിതം... മോഹങ്ങളും സ്വപ്നങ്ങളും കൊണ്ട് കെട്ടിപ്പടുത്ത ജീവിതം... പക്ഷേ അവളെ തന്നെ ജീവിതസഖി ആയ് കിട്ടണം... എപ്പോഴത്തേത് പോലെയല്ല ... തൻ പ്രണയത്തിൽ കിരണങ്ങൾ ആയ് ആ സീമന്തരേഖയിൽ സിന്ദൂരമായ്‌ ചാർത്തി കൊടുക്കണം...

പൊട്ടിച്ചറിഞ്ഞ ഇൗ കൈകൾ കൊണ്ട് തന്നെ ആലിലത്താലി അണിയിക്കണം.... അങ്ങനെ ഒരുത്തനേം കൊണ്ട് എന്റെ പെണ്ണിനെ എന്നിൽ നിന്നടർത്തി മാറ്റാൻ കഴിയില്ല.... അതിന് മുൻപേ എന്തെങ്കിലും ചെയ്തേ പറ്റൂ.... രുദ്രനുള്ളിലും ചിന്തകൾ കടന്നു കൂടി... മഴക്കാറിനെ തള്ളി നീക്കികൊണ്ട് കാറ്റ് ശക്തമായി വീശി.... മുറ്റത്ത് കിടക്കുന്ന തുണികൾ എല്ലാം എടുത്ത് മാളു ഉമ്മറത്തേക്ക് കയറി... കുഞ്ഞുണ്ണി അവന്റെ ക്യാമറയുടെ ലെൻസ് തുടക്കുന്ന തിരക്കിൽ ആയിരുന്നു... അവനൊരു പുഞ്ചിരി നൽകി മാളു തുണികൾ എല്ലാം എടുത്ത് വെക്കാൻ അകത്തേക്ക് കയറി... രുദ്രൻ വന്നപ്പോ കുഞ്ഞുണ്ണി ബഹുമാനപ്പൂർവം എഴുന്നേറ്റ് നിന്നു... പോകും നേരം അവനോടു ദേഷ്യം കാണിച്ചതിൽ രുദ്രനല്പം സങ്കടം ഉണ്ടായിരുന്നു... എന്നും അങ്ങനെയാണ് ... അറിയാതെ പോലും അവനോട് ദേഷ്യം കാണിക്കാൻ രുദ്രന്‌ പറ്റില്ല...

ഇനി കാണിച്ചാൽ തന്നെ മനസ്സിന് വല്ലാത്തൊരു ഭാരമാ... ഏട്ടൻ ദേഷ്യപ്പെട്ടത് വെഷമായോ.... രുദ്രൻ കുഞ്ഞുണ്ണിയുടെ മുടിയിൽ തഴുകി... രുദ്രന്റെ കണ്ണുകൾ ഈറനണിഞ്ഞു... ദെ കൊച്ചു പിള്ളേരെ പോലെ കരയാൻ നിന്നാ ഉണ്ടല്ലോ .. ഏട്ടൻ ആണെന്നൊന്നും നോക്കില്ല നല്ല പെട വെച്ച് തരും... കുസൃതി നിറഞ്ഞ ദർഷിന്റെ വാക്കുകൾ മതി അവന്റെ വ്യസനം വഴിമാറാൻ.... രുദ്രൻ കുഞ്ഞുണ്ണിയെ പുണർന്നു... ഇവനെ തന്റെ അനിയൻ ആയി തന്നതിന് ആ ദൈവത്തിനു നന്ദി പറഞ്ഞ് കൊണ്ട്.... ഞാൻ ഇൗ ഡ്രസ്സ് ഒക്കെ ഒന്ന് മാറട്ടെ... ആകെ മുഷിഞ്ഞു.... അടർന്നു മാറി രുദ്രൻ വസ്ത്രത്തിൽ തട്ടി.... മ്മ്‌.. മ്മ്... മുഷിഞ്ഞത് എങ്ങനെ ആണെന്ന് എനിക്ക് മനസ്സിലായി... ഇൗ മൂക്കും ഒട്ടും പിന്നിൽ അല്ല മണം പിടിക്കാൻ...

കപട ദേഷ്യം വരുത്തി ദർഷ്‌ മുഖം വീർപ്പിച്ചു... ഇല്ലേടാ ഇന്നത്തേക്ക് മാത്രം... ഒരൊറ്റ തവണ... ഇനിയില്ല.... അങ്ങനെ ആണെങ്കിൽ സമ്മതിച്ചു.... ദർഷ് ദേഷ്യം മാറ്റി പുഞ്ചിരി വിടർത്തി... അത് കാണുമ്പോൾ രുദ്രനും ഒരാശ്വാസം..... കാർമേഘങ്ങൾ ഗർജനത്തോടെ തടഞ്ഞ് വെച്ച തുള്ളികളെ ഭൂമിയിലേക്ക് പെയ്തിറക്കി... ആ നനുത്ത തുള്ളികളെ ആസ്വദിക്കാൻ വെമ്പി നിൽക്കുകയായിരുന്ന ഭൂമിയും ഭൂമിയുടെ അവകാശികളും അവയെ ആവാഹിച്ചു...... പനീർ പുഷ്പത്തിൽ തട്ടി തെറിക്കുന്ന മഴത്തുള്ളികളുടെ ചിത്രം ദർഷ് ക്യാമറയിൽ പകർത്തി... പ്രകൃതി എന്തൽഭുതം ആണല്ലേ.... നേർമയോടെ മാളുവിന്റെ സ്വരം കേട്ടു കുഞ്ഞുണ്ണി തിരിഞ്ഞ് നോക്കി... ക്യാമറയിൽ പകർത്തിയ ചിത്രം അവൾക്ക് കൂടി കാണിച്ച് കൊടുത്തു...

ഒരു കുട കൂടെ കിട്ടിയാൽ ഇതിൽ കൂടുതൽ ചിത്രങ്ങൾ ഞാൻ എടുക്കും.. ഇപ്പോ എടുത്തിട്ട് വരാം ... മാളു മുറ്റത്തേക്ക് നോക്കി കൊണ്ട് തന്നെ തലയിളക്കി.. ദർഷ് തിരികെ നടക്കാൻ ഒരുങ്ങവെ കണ്ണിമ ചിമ്മാതെ മുറ്റത്തേക്ക് നോക്കി വരുന്ന രുദ്രനെ കണ്ട് അവന് തൊട്ട് മുൻപിൽ ആയി നിലയുറപ്പിച്ചു ... കാഴ്ചക്ക് തടസ്സം നേരിട്ടതിന്റെ നീരസത്തിൽ മിഴികളിൽ നേത്രഗോളങ്ങൾ കൂർത്തു.... ഏട്ടാ ഇൗ ചിത്രം നോക്ക്.... കുഞ്ഞുണ്ണി ഉത്സാഹത്തോടെ ക്യാമറ അവന് നേരെ നീട്ടി... അതിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ കൈ കൊണ്ട് തല അരികിലേക്ക് മാറ്റി നിർത്തി അവൻ മുന്നോട്ട് ആഞ്ഞു... കാരണം അറിയാതെ കുഞ്ഞുണ്ണി രുദ്രൻ പോയ വഴിയെ മിഴിനാട്ടി.. അത് ശെരി... കള്ള കാമുകാ.... ഒരു കുസൃതി ചിരി നാമ്പിട്ട്‌ കുഞ്ഞുണ്ണി അവരറിയാതെ നടന്നു... ക്യാമറ കണ്ണിൽ പലതും പകർത്തുവാൻ... രുദ്രന്റെ മിഴികളിൽ ഒന്നെ ഉണ്ടായിരുന്നുള്ളൂ...

മഴ നനഞ്ഞ്... കൈകൾ വിടർത്തി മഴയെ പുണരുവാൻ കൊതിയോടെ നിൽക്കുന്ന അവന്റെ പെണ്ണിനെ......ആദ്യമായും അവസാനമായും മഴയെ ഒരു കൗതുകം ആയി തോന്നിയത്... ഭംഗി ആയി തോന്നിയത് ഇവളതിനെ ആസ്വദിക്കുന്നത് കണ്ടാണ് തുടിന്നുണ്ട് ഉള്ളം.... ശരവേഗത്തിൽ....സ്നേഹത്തോടെ ഒന്ന് ചുംബിക്കാൻ... നെഞ്ചോട് ചേർക്കാൻ... അത്ര ഒന്നും വേണ്ട... മോഹങ്ങൾ ആണ് വെറും മോഹങ്ങൾ... ആഗ്രഹം ഉണ്ട്... ഒന്നിനോടു... തെല്ലും ഭയമില്ലാതെ... കുറ്റബോധം ഇല്ലാതെ... അഴലിലാതെ പ്രണയത്തോടെ ...വാത്സല്യത്തോടെ ആ മിഴികളിലേക്ക്‌ ആഴ്ന്നിറങ്ങാൻ... കൊതിയാണ്.... ഇൗ ഒന്നിനോട് മാത്രം... രുദ്രൻ അവൾക്ക് ഓരം ചെന്നു നിന്നു.... സ്പർശനം ഏൽക്കാത്ത വിധം...

തണുത്ത് വിറക്കുന്ന പിങ്കഴുത്തിൽ ചുടുനിശ്വാസം ഏറ്റു....പൊള്ളിപിടഞ്ഞു മാളു പിന്തിരിഞ്ഞ് നോക്കി... രുദ്രനെ കാൺകെ മിഴികൾ പിടഞ്ഞു... ശ്വാസം വിലങ്ങി... അത്രയേറെ ആ ആത്മാവ് അവളുടെ ഹൃദയതാളത്തെ കീഴ്പ്പെടുത്തിയിരുന്നു... എന്റെ ഏട്ടാ .. നിങ്ങളാളു കൊള്ളാലോ... അപ്പോ പേടിപ്പിക്കാൻ മാത്രമല്ല റോമാൻസും ആ മുഖത്ത് വരുവല്ലെ... മുഖത്ത് നാണം വരുത്തി കുഞ്ഞുണ്ണി ചിത്രങ്ങൾ പകർത്തി.. നമ്മളെതോ ജന്മം വേഴാമ്പലുകളായി തീർന്നിരിക്കാം .. നിനക്ക് ഞാനും എനിക്ക് നീയുമെന്ന അലിഖിത നിയമത്തിൻ ജനിമൃതികൾ താണ്ടിയിരിക്കാം ... അല്ലാതെങ്ങനെയാണ് ഇത്രമേൽ അകന്നിട്ടും ആത്മാവിൻ കൂട്ടിലേക്ക് വീണ്ടും അടുക്കുന്നത്.... രുദ്രന് അവനെ അവളിൽ ഉഴഞ്ഞ് നഷ്ടമാകുന്നത് അറിഞ്ഞു... മറുപ്പുറത്ത് അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല ... ഇനിയും നിന്നാൽ ഒരുപക്ഷേ താൻ അധികാരം എടുത്ത് അവളെ പുണർണെന്ന് വരാം...

പുഞ്ചിരി തൂകി തിരികെ നടന്നു.... മാളു അപ്പോഴും അതേ നിൽപ്പ് തുടർന്നു... ഉയർന്നു പൊങ്ങിയ നിശ്വാസത്തെ പിടിച്ച് കെട്ടാൻ ശ്രമിച്ചു കൊണ്ട്.... ❇ രാതിയെറെ പിന്നിട്ടിട്ടും അവന് നിദ്ര പുൽകാൻ സാധിച്ചില്ല... വൈകീട്ട് നടന്നതെല്ലാം അവനിൽ വീണ്ടും വർണ്ണാഭമായ മന്ദഹാസം വിരിച്ചു.. ഡ്രോയറിൽ നിന്നും പുല്ലാങ്കുഴൽ എടുത്ത് അവൻ വെളിയിലേക്ക് ഇറങ്ങി..... ആരെയും ശല്യം ചെയ്യാതെ ഗാർഡനിലെ ബെഞ്ചിൽ ചെന്നിരുന്നു... ബെഞ്ചിന് മുകളിൽ ആയി പടർന്നു പന്തലിച്ച മുല്ലപ്പൂവിന്റെ ഇതളുകളിൽ മഴയുടെ അവശേഷിപ്പെന്നോണം മഴത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു... ഭാരം താങ്ങാൻ ആവാതെ കാറ്റിനൊപ്പം അവ അവന് മേൽ വർഷിച്ചു... എല്ലാം മറന്ന് കൊണ്ട് അവൻ പുല്ലാങ്കുഴൽ ഊതി...

കാറ്റ് പോലും അവന്റെ വരുതിയിൽ വരുന്നത് പോലെ മാധുര്യം നിറഞ്ഞ ധ്വനി... മറ്റാർക്കും കെട്ടിലെങ്കിലും ധ്വനി മാളുവിന്റെ കാതോരം വന്ന് പ്രതിധ്വനിച്ചു.... മിഴികൾ തുറക്കാതെ തന്നെ മാളു അത് തുടർന്നു കേട്ടു... കേൾക്കെ കേൾക്കെ ദേഹം വെട്ടി വിയർത്തു... പൊടുന്നനെ ഞെട്ടി എണീറ്റു.... ഭയന്ന് വിറച്ചിരുന്നു...എന്തിന്നെന്നിലാതെ ... അൽപ്പം നേരം തലകുനിച്ച് ആ ഇരുപ്പ് ഇരുന്നു... പിന്നെ പയ്യെ എഴുന്നേറ്റു.... മുറിയിൽ വെളിച്ചം പരത്തി ... കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്നു തൻ പ്രതിബിംബത്തെ ഉറ്റുനോക്കി... വലിപ്പു തുറന്ന് സിന്ദൂരചെപ്പ് എടുത്തു.. ശ്വാസം നീട്ടി സ്വീകരിച്ചു... ഒരു നുള്ള് സീമന്ത രേഖയിൽ ചാർത്തി.... ശേഷം പ്രതിബിംബത്തെ നോക്കി.... പൂർണ്ണത വന്നിരിക്കുന്നു ... മിഴികൾ സജലമായി... മാളു കണ്ണാടിയിൽ അരുമയോടെ തലോടി..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story