സിന്ദൂരമായ്‌ ❤: ഭാഗം 8

sinthooramay

രചന: അനു

ജിപ്സിയിൽ ചാരി നിന്ന് അവരുടെ സ്നേഹ പ്രകടനം കാണുന്ന രുദ്രനേ ചൊടിപ്പിച്ചു... പിന്നിലേക്ക് കൈ കെട്ടി മുഷ്ട്ടി ചുരുട്ടി പിടിച്ചു... മുഖത്ത് ഭാവവ്യത്യാസം ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.... അവിടെ സ്നേഹം അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുമ്പോൾ അവനിൽ അലയടിച്ചത് രണ്ട് പേരുടെ നിലവിളികൾ ആണ്... അഗ്നിയിൽ വെന്തുരുകുന്ന രണ്ട് പേരുടെ നിലവിളികൾ... അവനിലെ പക ആളി കത്തിച്ച് കൊണ്ട് ആ നിലവിളി അവനെ കീറി മുറിച്ചു... മോനേ .... അവിടെ നിൽക്കാതെ അകത്തോട്ടു കയറി വാ.... ചിന്തകളിൽ നിന്നൊരു മടക്കം... രുദ്രൻ അവരെ വീണ്ടും ഉറ്റുനോക്കി... പോണം... പോകുന്ന വഴിക്ക് ഒന്ന് കയറിയതാണ്... പോയിട്ട് തിരക്ക് ഉണ്ട്.. മാളുവിന്റെ മുഖം മങ്ങി... ഗീത അവളിലേക്ക് മിഴികൾ ഊന്നിയപ്പോൾ മാളു വിടർന്ന പുഞ്ചിരി സമ്മാനിച്ചു.. വേഗം പോകാം... മോളെ പെട്ടെന്ന് വിടാൻ തോന്നുന്നില്ല... ഒരു ഗ്ലാസ് ചായ കുടിച്ചിട്ട്... മോൻ കയറി ഇരിക്ക്... ഗീത കെഞ്ചുന്ന പോലെ പറഞ്ഞ് നോക്കി... രുദ്രൻ മാളുവിനെ നോക്കി അവിടെയും പ്രതീക്ഷയോടെ കാത്ത് നിൽക്കുന്ന മുഖം... മടക്കി കുത്തിയിരുന്ന മുണ്ട് താഴ്ത്തി ഇട്ടു... ചുളിവ് കുടഞ്ഞിട്ടു... പടികളിലേക്ക്‌ കയറി... തിണ്ണയിലേക്ക്‌ ഇരുന്നു... മാളു ആദരവോടെ അവനെ നോക്കി...

രുദ്രൻ അവളുടെ നോട്ടത്തെ പോലും പാടെ അവഗണിച്ചു .. അമ്മ ഇവിടെ നിക്ക്.. ഞാൻ ചായ ഇടാം.... ഗീതയെ അവിടെ നിർത്തി കൊണ്ട് മാളു അകത്തേക്ക് വലിഞ്ഞു... അവിടെ നിന്നും അവഗണന ഏറ്റുവാങ്ങുന്നതിനേക്കാൾ നല്ലതല്ലേ... നടക്കുമ്പോൾ എല്ലാം അടിവയറിന് താഴെ വേദന കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു.. പോകുന്ന വേളയിൽ പ്രതിവിധി ഗീതയോട് ചോദിക്കാമെന്നു കരുതി വരുന്ന വേദനയെ കടിച്ചമർത്തി... മാളു പാവട്ടോ മോനേ...പഞ്ചപാവം .... സങ്കടം വന്നാ പോലും ഒന്നും പറയില്ല .. എല്ലാം സഹിച്ച് പിടിച്ച് നിൽക്കും.. മോൻ എല്ലാം കണ്ടറിഞ്ഞ് ചെയ്യണം.. സ്നേഹം കൊണ്ട് മൂടണം എന്റെ കുട്ടിയെ... ഒരമ്മയുടെ ആധി... മകൾ സന്തുഷ്ടയാണ് എന്ന് ഉറപ്പ് വരുത്തുവാൻ ഉള്ള ആധി... രുദ്രൻ ഉള്ളിൽ വെറുപ്പും പുച്ഛവും നിറച്ച് കൊണ്ട് നനുത്ത പുഞ്ചിരി തൂകി.. എനിക്കും ഉണ്ട് ഇത് പോലൊരു അമ്മ... വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും പൊതിയുന്ന... കരുതലോടെ ചേർത്ത് നിർത്തുന്ന... ആധിയൊടെ തൊട്ട് തലോടുന്ന ഒരമ്മ... കൂടെ ഇല്ലെങ്കിലും ഇന്നും അരികിൽ ഉണ്ട് .. ഒരു തണൽമരം പോലെ .. രുദ്രൻ വാചാലനായി ... പക്ഷേ ഗീതയുടെ മുഖം മാറി... ഇപ്പോ ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ വർണനാതീതമാണ് .. രുദ്രൻ പറയുന്നതിന്റെ ഇടയിലും അവ ശ്രദ്ധിക്കുന്നുണ്ട്...

ഇൗ നാട്ടിൽ മുൻപും ഉള്ളതല്ലേ നിങ്ങള്.. അറിയില്ലേ യാമിനിദേവരാജനേ... എന്റെ അമ്മയെ.... പലതും ഉള്ളിൽ ഒതുക്കി അവൻ ആരാഞ്ഞതും ഗീതയുടെ മുഖം വിളറി വെളുത്തു... വെട്ടി വിയർത്തു... ഹൃദയം പതിന്മടങ്ങ് ആയി മിടിച്ചു... ഓർമ്മ... ഓർമ്മയിൽ അങ്ങോട്ട് വരുന്നില്ല... കുറച്ച് നാളെ ഇൗ നാട്ടിൽ നിന്നിട്ടുള്ളൂ...ഗീത മിഴികൾ മറ്റെങ്ങോ തിരിച്ച് കൊണ്ട് പറഞ്ഞു... അത് കേൾക്കെ അവന്റെ പേശികൾ വലിഞ്ഞ് മുറുകി... ഞരമ്പുകൾ കൂടുതൽ വ്യക്തതയോടെ തെളിഞ്ഞ് കാണപ്പെട്ടു... ദേഷ്യം തിണ്ണയിൽ താളം പിടിച്ച് ഇടിച്ചു കൊണ്ടവൻ തീർത്തു... അപ്പോ ഇത്രനാൾ എവിടെ ആയിരുന്നു.. എന്താണിപ്പോ ഇൗ നാട്ടിലേക്ക് തിരികെ വരാൻ ഉണ്ടായത്... രുദ്രന്റെ ചോദ്യത്തിൽ ഗീതയും ചായയുമായി ഉമ്മറത്തേക്ക് വരുകയായിരുന്ന മാളുവും പതറി... കൂടുതൽ പതർച്ച സംഭവിച്ചത് മാളുവിന് ആയിരുന്നു... അവൾക്ക് വേണ്ടി ആണല്ലോ ഇൗ നാട്ടിലേക്ക് തിരികെ പോന്നത്... വെറുതെ... ഗീത കൂടുതൽ ഒന്നും പറയാതെ മറുപടി നിർത്തി.. ഇനി എന്തെങ്കിലും ചോദിക്കുമോ എന്ന ഭയം ഇരുവരിലും ഉണ്ടായിരുന്നു... മാളു വേഗം ചായയുമായി വന്നു... അവന് നേരെ ചായ നീട്ടി... പക്ഷേ വാങ്ങുവാൻ ആയി അവൻ കൈകൾ നീട്ടിയില്ല... മാളു ചായ ഗ്ലാസ് അവന് അരികെ വെച്ചു തിരിഞ്ഞു..

ഗീതയെ ഇടക്കണ്ണിട്ടു നോക്കി.. വേറെന്തോ ചിന്തയിൽ ആണ്.. നടന്നത് ഒന്നും ശ്രദ്ധിച്ചട്ടില്ല... ചായ പകുതി കുടിച്ച് രുദ്രൻ എഴുന്നേറ്റു... മുണ്ടും മടക്കി എടുത്ത് മുറ്റത്തേക്ക് ഇറങ്ങി... പോകാം... പിന്നിലേക്ക് നോക്കാതെ അവനിൽ നിന്നും ശബ്ദം ഉയർന്നു.. ഓപ്പറേഷൻ വൈകിപ്പിക്കണ്ട .. കാശെല്ലാം ശെരി ആയിലോ.. ഒരു പേടീം വേണ്ട... മാളു ഗീതയുടെ കവിളിൽ മുത്തി... തിരികെ മുത്താൻ ആയി കവിൾ കാണിച്ച് കൊടുത്തു... പോയിട്ട് വരാം... കാലുകൾക്ക് ഒപ്പം മനസ്സും ഇടറി വീണു... തിരികെ വണ്ടിയിൽ കയറി... ഇങ്ങനെ ഒരു കൂടിക്കാഴ്ച പോലും കരുതിയതല്ല .. അതിന് അവള് രുദ്രനോട് കടപ്പെട്ടു.. വഴിയിൽ എല്ലാം നിശ്ശബ്ദത തളം കെട്ടി... ഒരുപാട് സംസാരിക്കാൻ ഉണ്ട്.. പക്ഷേ കേട്ടിരിക്കാൻ ആരുമില്ല...ആരോടെന്നില്ലാതെ പറഞ്ഞിട്ടും എന്ത് പ്രയോജനം.. ആ ഭാരം കൂടുകയല്ലാതെ കുറയുകയില്ല... മൗനം പേറി യാത്ര തുടർന്നു.. ❇ ഗേറ്റ് കടന്നു മുന്നോട്ട് എടുക്കാതെ രുദ്രൻ വണ്ടി നിർത്തി... എടുക്കാൻ ഉള്ളത് എടുത്ത് ഇറങ്ങ്... അവനിൽ നിന്നുള്ള ആജ്ഞന വന്നതും മറ്റൊന്നും ആലോചിക്കാതെ കവറുകൾ എടുത്ത് വണ്ടിയിൽ നിന്നിറങ്ങി... കഴിച്ച്..... ബാക്കി പറയുന്നതിന് മുൻപേ അവൻ വണ്ടി തിരിച്ച് പൊക്കളഞിരുന്നു .. നിശ്വസിച്ചു കൊണ്ട് വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു...

ലക്ഷ്മിഅമ്മയോട് വേഷം മാറ്റി വരാമെന്ന് പറഞ്ഞ് മുകളിലേക്ക് കയറി.. വാതിൽ തുറക്കുന്നതിന് മുൻപ് പരിചയമാർന്ന പുരുഷ ശബ്ദം... മാളു മുകളിൽ നിന്നും താഴേക്ക് എത്തിച്ച് നോക്കി... താഴെ ലക്ഷ്മിഅമ്മക്ക് നേർമുഖം ആയി നിൽക്കുന്ന തമ്പിയെ കണ്ടതും മാളു പേടി കൊണ്ട് നിന്ന് വിറക്കാൻ തുടങ്ങി... കയ്യിൽ ഉള്ള കവറുകൾ താഴെ വീണു... ഓടി മുറിയിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു... ഭീതിയോടെ തന്നെ താഴേക്ക് ഊർന്നിരുന്നു ...ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ മാളു പാടുപെട്ടു... ചേന്നിയിലും കഴുത്തിലും വിയർപ്പ് കണങ്ങൾ കുമിഞ്ഞു കൂടി... ഉഷ്ണം അസഹ്യമായി തോന്നി ആ വേള... തന്നെ കണ്ട് കാണുമോ... അന്വേഷിച്ച് വന്നതാവുമോ... ചിന്തകൾ ഉരുണ്ട് കൂടി.. കിതപ്പിന്റെ ശബ്ദം ചെവിയിൽ മുഴങ്ങി കേട്ട് തുടങ്ങിയപ്പോൾ വാ പൊത്തി... ചെവികൾ പുറത്തേക്ക് കൂർപ്പിച്ച് വെച്ചു...... എവിടെ രുദ്രൻ ഇല്ലെ ലക്ഷ്മി.. തമ്പി വീടാകേ നിരീക്ഷിച്ചു...കുഞ്ഞ് ഇവിടെ ഇല്ലല്ലോ സാറേ... ഇനിപ്പൊ രാത്രി നോക്കിയാൽ മതി.. കെട്ടി കഴിഞ്ഞിട്ടും അവന്റെ കറക്കം തീർന്നില്ലേ.. ഇങ്ങോട്ട് ഒക്കെ ഇറങ്ങാൻ പറഞ്ഞിട്ട് അവൻ മുങ്ങി...

തമ്പി സെറ്റിയിൽ നടു നിവർത്തി ഇരുന്നു.. ഇടത്തെ തുടക്ക് മുകളിൽ ആയി വലത്തേ കാൽ വെച്ച് ഗമയോടെ .... എവിടെ അവന്റെ പെണ്ണ്... ഞാൻ ഒന്ന് കാണട്ടെ.. വിളിക്ക് അവളെ.... മാളു നടുങ്ങി... കുറ്റി ഒരിക്കൽ കൂടി വീണിട്ടിലെ എന്നുറപ്പ് വരുത്തി... ഭീതിയോടെ ഇഴഞ്ഞ് മൂലക്കിൽ സ്ഥാനം നേടി... ലക്ഷ്മി വാതിൽ വന്ന് മോളെ വിളിച്ച് തട്ടുന്നുണ്ട്... മാളു നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടേയിരുന്നു... പിന്നൊരിക്കൽ ആകാം... എനിക്ക് ഇപ്പോ പോയിട്ട് ധൃതി ഉണ്ട്... അവനോട് പറഞ്ഞെക്ക്‌ വന്നിരുന്നു എന്ന്... താഴെ നിന്ന് ഘനഗാംഭീര്യത്തോടെ ഉള്ള ശബ്ദം ഉയർന്നു വന്നു... വാതിൽ വീണു കൊണ്ടിരുന്ന മുട്ടലിന് അവസാനം വന്നു... മാളു ആശ്വാസത്തോടെ നെടുവീർപ്പ് ഇട്ടു.. തൊണ്ട വറ്റി വരണ്ടിരിക്കുന്നു... ഇഴഞ്ഞ് ഇഴഞ്ഞ് ടേബിളിൽ വെച്ചിരിക്കുന്ന ജഗിലെ വെള്ളം മുഴുവൻ കുടിച്ചു... വെപ്രാളത്തിൽ ആയത് കൊണ്ട് പാതിയിൽ ഏറെ ദേഹത്ത് കൂടെ ഒഴുകി... അവ വിയർപ്പിനൊപ്പം സംയോജിച്ചു.. ഇയാളാരായിരിക്കും ഏട്ടന്റെ.... ഇത്രയേറെ പരിചയം.... മനസ്സിൻ വാതിൽ തൃക്കേടത്ത്‌ തറവാട്ടിലേക്ക് വീണ്ടും വിരൽ ചൂണ്ടി... പലരുടെയും മുഖങ്ങൾ കാഴ്ചയിൽ തെളിഞ്ഞു... തന്നെ തന്റെ ബന്ധുക്കളിൽ നിന്നും... തന്റെ തറവാട്ടിൽ നിന്നും... നാട്ടിൽ നിന്നും തുരത്തി ഓടിച്ച വ്യക്തി...

തമ്പി... അയാളുടെ ക്രൂരമായ മിഴികൾ അവളിലേക്ക് വീണ്ടും ആഴ്നിറങ്ങി... വലിയൊരു നോവോടെ... ❇ രാവിലെ പോയിട്ട് ഒരിക്കൽ പോലും രുദ്രൻ വീട്ടിലേക്ക് എത്തിയില്ല... മാളു എല്ലാം ഉള്ളിൽ ഒതുക്കി ലക്ഷ്മി അമ്മയായി സന്തോഷത്തോടെ സമയം തള്ളി നീക്കി... രാത്രി ഉമ്മറ പടിയിൽ അവനായി കാത്തിരിക്കുമ്പോൾ ഇന്നലെ വന്നത് പോലെ ആയിരിക്കല്ലെ എന്നവൾ ആശിച്ചു... വീണ്ടും കളങ്കപ്പെടാൻ വയ്യ.. അതിലുപരി ആയി അവനെ കുടിച്ച് ആ അവസ്ഥയിൽ കാണുമ്പോൾ ഉള്ളം നീറുന്നു... ഇൗ സമയം രുദ്രൻ അവനായി മാത്രം ചെത്തി കൊണ്ട് വരുന്ന കള്ളിനായി കാത്ത് നിൽക്കുകയായിരുന്നു... ചെത്ത്‌ക്കാരൻ മാണിക്യൻ വരുന്നത് കണ്ടതും അവൻ വശ്യമായി പുഞ്ചിരിച്ചു..... ഒരു കുടം നിറച്ച് കിട്ടിയിട്ടുണ്ട്.... മാണിക്യൻ അവന് നേരെ കുടം നീട്ടി... അവ വാങ്ങാൻ ആയി കൈ ഉയർത്തിയതും ഫോൺ റിങ് ചെയ്തു... സ്ക്രീനിൽ തെളിഞ്ഞ മുഖം കണ്ടതും മുഖത്തെ പിരിമുറുക്കം അയഞ്ഞു... കോൾ കണക്ട് ചെയ്ത് കാതോരം ചേർത്തു... മ്മ്‌ .. പറയ്... ഇൗ നേരത്ത് ഒരു വിളി... മറുപടി കേട്ട് ആരെയും മയക്കുന്ന പുഞ്ചിരി അവന്റെ ചെഞ്ചൊടിയിൽ പ്രത്യക്ഷമായി .. തയ്യാറായി ഇരുന്നോ.. വന്നോളാം.. ഭക്ഷണം കഴിച്ചില്ലെ... എന്നാ ഉറക്കം ഉളക്കണ്ട കിടന്നോ... മ്മ്.... രുദ്രൻ കോൾ കട്ടാക്കി ബോണട്ടിൽ തലചായ്ച്ചു കിടന്നു...

ഇതിപ്പോ ഞാൻ എന്താ ചെയ്യേണ്ടത്... മാണിക്യൻ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.. ഇന്നിനി വേണ്ട... പൊക്കോ.... കൈ വീശി കൊണ്ട് രുദ്രൻ താരകങ്ങൾ ചിമ്മുന്ന മാനത്തേക്ക് മിഴികൾ പായിച്ചു... ക്രമേണ അവയുടെ തിളക്കം കുറയുന്നത് പോലെ... മന്ദമാരുതന്റെ അകമ്പടിയോടെ ചെറു ചാറ്റൽ മഴ ആരംഭം കുറിച്ചു... അവൻ തെടി കൊണ്ടിരുന്ന താരകങ്ങളെ കാണാൻ കഴിയാത്തതിൽ അവന്റെ ഉള്ളിൽ ആരോടെന്നില്ലാതെ ഈർഷ്യയും അമർഷവും നിറഞ്ഞു... ഇരുന്നു ഇരുന്നു കണ്ണിൽ മയക്കം പിടിച്ചിരിക്കുന്നു ... തണുത്ത കാറ്റ് മുഖത്തേക്ക് വീശി അടിച്ചപ്പോൾ ആണ് ഉറക്കത്തിന് അറുതി വീണത്... ചാറ്റൽ ആയി മഴ പെയ്യുന്നുണ്ട്... മാളു മുറ്റത്തേക്ക് ഇറങ്ങി... കൈകൾ രണ്ടും വിരിച്ച് കുഞ്ഞു നീർ മുത്തുകളെ ആവാഹിച്ചു... അവ അവളുടെ മിഴികൾക്കുള്ളിലേക്കും കവിൾ തടങ്ങളിലും വീണുടഞ്ഞു... രാത്രി വിരിയാൻ കാത്ത് നിൽക്കുന്ന പാരിജാത പൂക്കൾ കുളിച്ച് ഈറൻ ഉടുത്തിട്ടുണ്ട്... മാളു പൂക്കളിൽ പോയി പയ്യെ തൊട്ടു... പിണങ്ങി തലതാഴ്ത്തിയത് പോൽ അവയിലെ വെള്ളത്തുള്ളികൾ നിലം പതിച്ചു...

രുദ്രന്റെ ജിപ്സി അകത്തേക്ക് പ്രവേശിച്ചതും മാളു ഓടി തൂണിൽ മറവിൽ മറഞ്ഞ് നിന്നു... ഇടക്കണ്ണിട്ടു അവസ്ഥ എന്താണെന്ന് നോക്കി... കുടിചട്ടില്ല... കാൽ രണ്ടും നിലത്ത് തന്നെ ഉറപ്പിച്ചിട്ടുണ്ട്... എന്നാലും മാളു മുന്നിലേക്ക് ചെന്ന് നിൽക്കാൻ ധൈര്യം കാട്ടിയില്ല... ആരെ കാണിക്കാനാ ഇങ്ങനെ ഉറങ്ങാതെ ഉമ്മറത്ത് നിൽക്കുന്നത്... നാളെ മേലാക്കാം നിന്നെ ഇവിടെ കണ്ട് പോകരുത്... കനപ്പിച്ചു നോക്കിക്കൊണ്ടവൻ അകത്തേക്ക് കയറി പോയി... മാളു നോവൊടെ അവൻ പോയ വഴിയേ നോക്കി... തിരികെ കതക് പൂട്ടി മുറിയിൽ എത്തുമ്പോൾ രുദ്രൻ ഇല്ലായിരുന്നു... പകരം മറ്റേതോ കതക് അടയുന്ന ശബ്ദം അവളുടെ ശ്രദ്ധയിൽ പതിഞ്ഞു... . മുറിക്ക് പുറത്ത് ഇറങ്ങി കണ്ണോടിച്ചു എങ്കിലും അതെത് മുറി ആണെന്ന് അവൾക്ക് മനസ്സിലായില്ല... രുദ്രൻ അകത്തേക്ക് കയറി വെളിച്ചം പരത്തി.... ആ മുറിയിൽ വലിയ ഒരു ഫാമിലി ഫ്രെയിം... നാല് പേരടങ്ങുന്ന ഒരു ഫ്രെയിം... അത് രുദ്രനെ നോക്കി കണ്ണ് ചിമ്മി... പതിനാല് വർഷങ്ങൾക്ക് മുൻപ് ഉള്ള ആ ചിത്രത്തിൽ അവൻ തഴുകി... മൃദുവായി...സ്നേഹത്തോടെ ..............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story