സ്നേഹദൂരം.....💜: ഭാഗം 1

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

മഞ്ഞ പുതച്ച നനഞ്ഞ ഒരു പ്രഭാതം ആ പ്രഭാതത്തിന് കുളിര് ഏകാൻ എത്തിയ ഒരു ശീതകാറ്റ്..... കാറ്റിന്റെ താളമേളം ആ പ്രഭാതത്തെ ഒരിക്കൽ കൂടി കുളിരുള്ളത് ആക്കി...... തലയിൽ കെട്ടിയിരിക്കുന്ന തോർത്ത് ഒന്ന് അഴിച്ചു കൈകൊണ്ട് മുടി ഒന്ന് കോതി കെട്ടി അവൾ നേരെ പൂജാമുറിയിലേക്ക് കയറി.... ആദ്യം ചെന്ന് വിളക്ക് വെച്ചത് ഈശ്വരന്മാരുടെ ചിത്രത്തിന് മുൻപിൽ ആയിരുന്നു..... അത് കഴിഞ്ഞ് കുറച്ച് അപ്പുറം മാറിയിരിക്കുന്ന അച്ഛൻറെ ചിത്രത്തിന് മുൻപിലും...... അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇപ്പോൾ പന്ത്രണ്ടു വർഷം ആയിരിക്കുന്നു..... ഇന്ന് അച്ഛൻറെ മോളുടെ പിറന്നാളാണ്...... അച്ഛനില്ലാത്ത പന്ത്രണ്ടാമത്തെ പിറന്നാൾ.... ഒരിക്കലും തനിക്ക് സന്തോഷം നൽകാൻ പോലും പറ്റാത്ത ഒരു ദിവസം. ഈശ്വരൻമാരുടെ ചിത്രത്തിനൊപ്പം അച്ഛൻറെ ചിത്രത്തിന് മുൻപിൽ ഒന്ന് കൈകൂപ്പി നിന്ന് വണങ്ങിയതിനു ശേഷം നേരെ അടുക്കളയിലേക്കു ചെന്നു..... അമ്മ കുളികുന്ന തിരക്കിലാണ്.... അടുക്കളയിലെ ചെറിയ ജോലികളൊക്കെ വൃത്തിയായി തന്നെ ചെയ്യാൻ തുടങ്ങി....

ഇല്ലെങ്കിൽ പിന്നെ അതൊരു ബുദ്ധിമുട്ടായി കിടക്കും.... അമ്മയ്ക്ക് രണ്ട് അറ്റാക്ക് വന്നതാണ് അതുകൊണ്ടുതന്നെ ഇനി അമ്മയെ കൊണ്ട് ഒരുപാട് ജോലികളൊന്നും ചെയ്യിക്കരുത് ഡോക്ടർ പറഞ്ഞതാണ്..... എത്ര പറഞ്ഞാലും അമ്മ അനുസരിക്കില്ല..... അത്യാവശ്യം എല്ലാം അടുപ്പിച്ചു വെച്ചതിനു ശേഷമാണ് എന്നും കോളേജിലേക്ക് പോകുന്നത്....... ബികോം ഫസ്റ്റ് ഇയർ ആണ്.... ഈ സെമസ്റ്റർ ഏകദേശം തീരാനുള്ള സമയം ആവുകയും ചെയ്തു..... കുഴച്ചുവെച്ച മാവ് ഇടി അച്ചിലേക്ക് തിരുകി ഇഡ്ഡലി തട്ടിനു മുകളിൽ വാഴയില നിരത്തി, അതിനു ശേഷം കുറച്ചു തേങ്ങ പീര എടുത്ത് ഇഡ്ഡലിത്തട്ടിൽ മുകളിലേക്ക് വിതറി.... ശേഷം ഇഡലി തട്ടും മൂടി അടുപ്പിൽ വച്ച് വേവിക്കാൻ വച്ചു. പിന്നീട് മുട്ട എടുത്ത് പുഴുങ്ങാൻ ഇട്ടു അവൾ..... ആ സമയം കൊണ്ട് തന്നെ സവാളയും അരിഞ്ഞുവെച്ചു കഴിഞ്ഞപ്പോഴേക്കും ഒരു കറുത്ത കരയുള്ള സെറ്റും മുണ്ടും ഉടുത്ത് തലയിൽ തോർത്ത് കെട്ടി കൊണ്ട് ജയന്തി അടുക്കളയ്ക്ക് ഉള്ളിലേക്ക് കടന്നിരുന്നു..... " നീ എന്തിനാ മോളെ ഇതൊക്കെ ചെയ്യണത്..... ഇനി നിനക്ക് പോകാൻ സമയം വൈകില്ലേ..... " " സാരമില്ല..... അമ്മയൊടെ ഡോക്ടർ പറഞ്ഞിട്ടുള്ളതല്ല ഒരുപാട് ജോലികൾ ഒന്നും ചെയ്യരുത് എന്ന്......

ഞാൻ പറഞ്ഞാലും അമ്മ കേൾക്കില്ല ഉച്ചയ്ക്കുള്ള എന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്നു..... രാവിലത്തെതെങ്കിലും ഞാൻ ചെയ്യണ്ടേ...... ബാക്കി ജോലികളൊന്നും അമ്മയെ കൊണ്ട് ചെയ്തിപ്പിക്കില്ലായിരുന്നു അവൾ..... രാവിലത്തേയ്ക്കുള്ള ഭക്ഷണം എല്ലാം തയ്യാറായതിനുശേഷം അവൾ നേരെ തന്റെ മുറിയിലേക്ക് ചെന്നു..... കോളേജിലേക്ക് കൊണ്ടു പോകുവാൻ ഉള്ള പുസ്തകങ്ങൾ എല്ലാം ഒന്നായി നിരത്തിവെച്ച് എല്ലാം നല്ല വൃത്തിക്ക് തന്നെ ഒന്ന് അടുക്കി വച്ചു ബാഗിലേക്ക് ....... അതുകഴിഞ്ഞ് പെട്ടെന്നായിരുന്നു ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്..... ബുക്കുകൾ എല്ലാം ബാഗിന് ഉള്ളിലേക്ക് എടുത്തു വച്ചതിനുശേഷം അലക്ഷ്യമായി ഡസ്കിൽ ഇരുന്ന ഫോൺ ഡിസ്പ്ലേ യിലേക്ക് നോക്കി..... ആ നിമിഷം തന്നെ മുഖം വിടരുകയും ചെയ്തു.... " ഹരി ചേട്ടൻ..... ആണ് ഈ വിളി താൻ പ്രതീക്ഷിച്ചതാണ് ഇത് എല്ലാ വർഷവും പതിവുള്ളതാണ്.... " ഹലോ......! പെട്ടെന്ന് തന്നെ ഫോൺ എടുത്തു കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം ആയിരുന്നു അവിടെ ഫോൺ കണക്ട് ചെയ്യപ്പെട്ടത്..... അല്ലെങ്കിലും കുവൈറ്റിൽ നിന്നും ഇവിടേക്ക് വിളിക്കുമ്പോൾ കുറച്ചുസമയം എടുത്തതിനുശേഷം സംസാരിക്കാൻ സാധിക്കുകയല്ലോ....... " ആഹ് ജാനി കുട്ടി...... ഹരിച്ചേട്ടന്റെ ജാനികുട്ടിക്ക് പിറന്നാൾ ആശംസകൾ...... കേൾക്കില്ല എന്ന് കരുതി ഉച്ചത്തിൽ വിളിച്ചു പറയുന്ന ഹരി ചേട്ടൻറെ ശബ്ദമായിരുന്നു ചെവിയിലേക്ക് പതിച്ചത്..... " താങ്ക്യൂ ഹരിയേട്ടാ..... നീട്ടി ഒരു താളത്തിൽ അവളും അങ്ങനെ തന്നെ പറഞ്ഞിരുന്നു..... " കോളേജിൽ പോണില്ലേ ഇന്ന്.... എന്തേ അമ്മ..... "

മറുതലയ്ക്കൽ ഇരപ്പോടെ അവന്റെ ശബ്ദം കേട്ടു..... " കോളേജിൽ പോണം ഹരി ചേട്ടാ..... ഞാൻ അതിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു.... പിന്നെ അമ്മയുടെ കൈയ്യിൽ കൊടുക്കട്ടെ.... " വേണ്ട മോളെ ഞാൻ വൈകിട്ട് വിളിച്ചോളാം.....ഡ്യൂട്ടിക്ക് പോകാൻ വേണ്ടി നിൽകുവാ.... രാവിലെ വിളിച്ചു നിന്നോട് വിഷ് പറയണം എന്ന് കരുതിയാണ് രാവിലെ വിളിച്ചത്...... " "ശരി ഹരി ചേട്ടാ ....ഡ്യൂട്ടിക്ക് പോകാൻ തയ്യാറായി നിൽക്കുവല്ലേ..... അല്ലെങ്കിൽ പിന്നെ ചേട്ടൻ താമസിക്കേണ്ട...... ഞാൻ അമ്മയോട് പറഞ്ഞേക്കാം.... "ശരി മോളെ..... അത് പറഞ്ഞ് ഹരി ചേട്ടൻ ഫോൺ വെച്ചപ്പോൾ ആദ്യത്തെ വിഷ് എല്ലാ വർഷവും ഹരിച്ചേട്ടനിൽ നിന്ന് തന്നെ ആയിരിക്കും ലഭിക്കുന്നതെന്ന് അവൾക്ക് ഉറപ്പായിരുന്നു...... അമ്മപോലും തന്നെ വിഷ് ചെയ്യാറില്ലേ...... അല്ലെങ്കിലും അമ്മയ്ക്ക് ഈ ദിവസം തന്നെ ഓർമ്മിക്കാൻ ഇഷ്ടമില്ല തൻറെ പിറന്നാൾ കഴിഞ്ഞ ഒരാഴ്ച കഴിഞ്ഞ് സമയത്തായിരുന്നു അച്ഛൻ വിടവാങ്ങുന്നത്....... അതുകൊണ്ടുതന്നെ അമ്മ ഒരിക്കലും ആ ദിവസത്തെ പറ്റി ചിന്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല...... ആ സമയം അടുക്കുന്തോറും അമ്മ മൂകയായി പോകും...... അത്രയും സ്നേഹം ആയിരുന്നു അമ്മയും അച്ഛനും തമ്മിൽ....... ചിലപ്പോൾ ആ സ്നേഹം കണ്ടു അസൂയ പൂണ്ടായിരിക്കും ഒരുപക്ഷേ ഈശ്വരൻമാർ നേരത്തെ അച്ഛനെ വിളിച്ചത് ....... അച്ഛൻ മരിച്ച സമയം മുതൽ തങ്ങളെ സഹായത്തിനും അച്ഛന്റെ കൂട്ടുകാരനായ സേതു അങ്കിളും കുടുംബവും ഉണ്ട്..... ആ കുടുംബം ഇല്ലായിരുന്നെങ്കിൽ തങ്ങൾ എന്ത് ചെയ്തേനെ.......?

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ് അതുകൊണ്ട് തന്നെ ബന്ധുക്കളുടെ എല്ലാം എതിർപ്പുണ്ട്...... ബന്ധുക്കൾ ആരുമുണ്ടായിരുന്നില്ല പ്രണയിച്ച് വിവാഹം കഴിച്ച ഈ നാട്ടിലേക്ക് വന്നപ്പോൾ മുതലുള്ള സൗഹൃദമാണ് സേതു അങ്കിളും അച്ഛനും തമ്മിൽ...... അതുകൊണ്ടുതന്നെ സേതു അങ്കിളിനോട് അച്ഛന് ഒരു പ്രത്യേക ഇഷ്ടമാണ്....... അച്ഛൻ പിഡബ്ല്യുഡി വർക്ക് ചെയ്തതുകൊണ്ട് സർവീസിൽ നിന്നും വിരമിച്ചതിനുശേഷമായിരുന്നു മരണം എന്നതുകൊണ്ടും അച്ഛനായി കിട്ടിയ കുറച്ച് പിഎഫ് ഉണ്ടായിരുന്നു അത് ബാങ്കിൽ ഇട്ട് അരിഷ്ടിച്ചാണ് ഇപ്പോൾ തന്റെ പഠിത്തവും ചിലവുകളും നടത്തുന്നത്...... പിന്നെ പറയാനാണെങ്കിൽ സേതു അങ്കിൾ ആണ് എപ്പോഴും ആവശ്യങ്ങൾക്കായി എത്തുന്നത്..... സേതു അങ്കിളിന്റെ മകൻ ആണ് ഹരിച്ചേട്ടൻ..... അമ്മയുടെ ഒരു മകനെ പോലെ തനിക്ക് ഇല്ലാതെ പോയ ഒരു സഹോദരനെ പോലെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ തന്നെ ഹരി ചേട്ടൻ ഉണ്ടായിരിക്കും........ പക്ഷേ സേതു അങ്കിളിന്റെ കുടുംബവും അത്ര മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ആളൊന്നുമല്ല...... കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്ക് വേണ്ടി കടൽ കടന്നവൻ ആണ് ഹരിച്ചേട്ടൻ എന്ന ശ്രീഹരി..... ഇപ്പോൾ ഇത്തിരി മെച്ചപ്പെട്ടു എന്നേയുള്ളൂ..... അതിന് കാരണം ഹരി ചേട്ടൻ ആണ് പ്ലസ് ടു കഴിഞ്ഞ് ഓട്ടോ മൊബൈൽ പഠിച്ച് കൂടുതൽ പഠനങ്ങൾക്ക് ഒന്നും നിൽക്കാതെ നേരെ പോയത് കുവൈറ്റിൽ ആയിരുന്നു .... അവിടെ ഒരു മെച്ചപ്പെട്ട ഒരു ജോലി നേടി എടുത്തിരുന്നു........

ചെറിയ വരുമാനം..... പിന്നീട് നീണ്ട പ്രവാസത്തിനു വഴിതെളിച്ചപ്പോൾ ചേട്ടന്റെ നല്ല കാലമെല്ലാം പൂർണമായും നഷ്ടപ്പെട്ട് പോയെങ്കിലും ആ കുടുംബത്തിന് അന്തസ്സുള്ള നിലയിൽ നിർത്തുവാൻ കഴിഞ്ഞു ...... ഹരി ചേട്ടന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും തന്നെയായിരുന്നു ആ വീടിന്റെ അന്തസ്സ് ആയി നിറഞ്ഞുനിന്നിരുന്നത്........ കുടുംബത്തിനുവേണ്ടി തൻറെ സ്വപ്നങ്ങളും യൗവനവും എല്ലാം ഹരി ചേട്ടൻ ബലി നൽകുകയായിരുന്നു....... 12 വർഷത്തെ പ്രവാസജീവിതം.......! വീട്ടിലുള്ളവരെല്ലാം സന്തോഷപൂർവ്വം ഉണ്ണുകയും ഉറങ്ങുകയും ചെയ്തപ്പോൾ ഒരു കുബ്ബൂസിലോ ഒരു ബിസ്ക്കറ്റിലോ ചേട്ടൻ വിശപ്പടക്കി........ തന്റെ ജീവിതം കൊണ്ട് ചേട്ടൻ പടുത്തുയർത്തിയത് ഒരു സന്തോഷകരമായ കുടുംബം തന്നെയായിരുന്നു..... പക്ഷേ ഇപ്പോൾ ഹരി ചേട്ടൻ വയസ്സ് 31 ആണ്....... ഈ വരവിൽ എന്താണെങ്കിലും ഹരിചേട്ടന് കുരുക്ക് കിട്ടണം എന്ന് വിചാരിച്ച് ഇരിക്കുകയാണ് വീട്ടിലുള്ള എല്ലാവരും....... അച്ഛൻ മരിച്ചതിനുശേഷം തനിക്കു മറ്റൊരു വിഷമവും ഉണ്ടാവാതിരിക്കാൻ സ്വന്തം പെങ്ങളെ പോലെ സ്വന്തം മകളെപ്പോലെയാണ് ആ കുടുംബം നോക്കി യിട്ടുള്ളത്...... എല്ലാ ആവശ്യങ്ങളും അറിഞ്ഞു ചെയ്തു തന്നെ അവർ തന്റെ കൂടെയുണ്ടായിരുന്നു...... അച്ഛനോളം ആവാൻ ആർക്കും കഴിയില്ലെങ്കിലും അച്ഛനില്ലാത്ത കുറവ് നികത്താൻ ഒരു പരിധിവരെ ആ കുടുംബത്തിന് സാധിച്ചിരുന്നു......

അവരുടെ എല്ലാ ആഘോഷങ്ങളിലും തന്നെയും അമ്മയെയും ക്ഷണിക്കാൻ തുടങ്ങി..... തങ്ങളെ ഏകാന്തതയിലേക്ക് കൂപ്പുകുത്താൻ അനുവദിക്കാതെ ചേർത്ത് പിടിക്കുകയായിരുന്നു...... ജീവിതത്തിൻറെ എല്ലാ സന്തോഷ നിമിഷങ്ങളിലും ആദ്യം ഹരി ചേട്ടൻറെ ഒരു ഫോൺകോൾ ഉണ്ടായിരിക്കും...... അമ്പലത്തിൽ പോയി പ്രാർത്ഥനയോക്കേ കഴിഞ്ഞായിരുന്നു കോളേജിലേക്ക് ജാനകി പോയത്....... പതിവുപോലെ ആ ദിവസവും കടന്നു പോയി....... വൈകുന്നേരം വീട്ടിൽ വന്നപ്പോഴേക്കും സേതു അങ്കിൾ വീട്ടിൽ ഇരിപ്പുണ്ട്...... കണ്ടപ്പോൾ തന്നെ സന്തോഷമായി...... ഓടിച്ചെന്ന് കെട്ടിപിടിച്ചു...... ഒരു മകളെ പോലെ അദ്ദേഹവും തന്നെ വാരിപ്പുണർന്നു...... " മോൾ എന്നും വരുമ്പോൾ ഈ സമയം ആകുമോ.....? സമയം സന്ധ്യയോട് അടിക്കുന്നത് കണ്ട് ഒന്ന് നെറ്റിചുളിച്ചു ചോദിച്ചു.... " ഇന്ന് ഒരു സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു..... അതുകൊണ്ടാ.... ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു അവൾ പറഞ്ഞു.... അവളുടെ കയ്യിലേക്ക് ഒരു കവറിൽ വെച്ച് കൊടുത്തു കൊണ്ടായിരുന്നു ബാക്കി സംസാരം.... " ഇന്ന് പിറന്നാൾ അല്ലേ..... ഹാപ്പി ബർത്ത് ഡേ..... സേതു അത് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് താൻ കണ്ടിരുന്നു......

മനപൂർവം അത് കണ്ടില്ലെന്ന് നടിച്ചു...... "നിനക്ക് സുഗന്ധി പായസം വെച്ചിരുന്നു...... നിൻറെ പിറന്നാൾ ആയതു കൊണ്ട്..... പായസത്തിന്റെ പാത്രം അകത്തു ഉണ്ട് എന്ന് അറിഞ്ഞതോടെ അവൾ അകത്തേക്കോടി...... ഡൈനിങ് ടേബിളിൽ തന്നെ ഇരിപ്പുണ്ട്..... സുഗന്ധി അമ്മയുടെ സ്പെഷ്യൽ പാൽപ്പായസം...... ഒന്ന് മൂക്ക് കൊണ്ട് വാസനിച്ചു നോക്കിയപ്പോൾ തന്നെ ഗന്ധം സഹിക്കാൻ പറ്റില്ല പെട്ടെന്ന് പോയി മുഖം കഴുകി കപ്പ് എടുത്ത് അതിലേക്ക് പായസം നിറച്ചു..... അതിനുശേഷം കപ്പുമായി സേതു അങ്കിളിന്റെ അരികിൽ വന്നു ഇരുന്ന് ആയി ബാക്കി സംസാരങ്ങൾ ഒക്കെ...... " ഹരിക്കുട്ടൻ രാവിലെ വിളിച്ചിരുന്നു എന്ന് ഇവൾ പറഞ്ഞത്.... അമ്മ പറഞ്ഞു.... " അവൻ പിന്നെ എല്ലാവരുടെയും പിറന്നാൾ ദിവസം മറക്കില്ല..... രണ്ടാഴ്ച കഴിയുമ്പോൾ അവന് ഇങ്ങ്‌ എത്തുമല്ലോ..... ദേവ് നാളെ വൈകിട്ട് എത്തും..... സേതു അങ്കിളിന്റെ രണ്ടാമത്തെ മകനാണ് ശ്രീ ദേവ് എന്ന ദേവേട്ടൻ ..... ചേട്ടൻ ബാംഗ്ലൂരിൽ മെഡിസിനു പഠിക്കുകയാണ്..... ശ്രീഹരി, ശ്രീദേവി, ശ്രീവിദ്യ ഇങ്ങനെ മൂന്ന് മക്കളാണ് സേതു അങ്കിളിനു സുഗന്ധിക്കും ഉള്ളത്...... ശ്രീഹരി ആണ് മുൻപ് പറഞ്ഞ ഹരി ചേട്ടൻ...... ചേട്ടൻ ഒഴിച്ച് ബാക്കി എല്ലാവരും നല്ല വിദ്യാഭ്യാസം ഉള്ളവർ തന്നെയാണ്...... ദേവേട്ടൻ മെഡിസിന് പഠിക്കുമ്പോൾ വിദ്യ ചേച്ചി എൻജിനീയറിംഗ് പഠിക്കുക ആണ് .... വിദ്യ ചേച്ചിയും ദേവേട്ടനും ട്വിൻസ് ആയിരുന്നു...... " ഇന്നലെ വിദ്യേച്ചി പറഞ്ഞില്ലോ ചേച്ചിയും നാളെ ചിലപ്പോൾ വരുമെന്ന്.... സ്പൂണിൽ കോരി പായസം കുടിക്കുന്നതിന്റെ ഇടയിൽ അവൾ പറഞ്ഞു ...

"ആഹ്... അവൾ ഒന്നും പറഞ്ഞില്ല...... അവൾക്ക് പിന്നെ വലിയ ദൂരമില്ലല്ലോ എറണാകുളത്തുനിന്ന് ഇവിടേക്ക് വന്ന പോരെ..... ദേവൂട്ടൻ അങ്ങനെയല്ലല്ലോ..... എന്തായാലും കുട്ടികൾ ഒക്കെ വരട്ടെ.... " എന്തെങ്കിലും വിശേഷം ഉണ്ടോ.....? ജയന്തി അയാളുടെ മുഖത്തേക്ക് നോക്കി തിരക്കി...... ചെറിയൊരു പുഞ്ചിരി ആ മുഖത്ത് വിടർന്നപ്പോൾ ജയന്തിയും ജാനകിയും പരസ്പരം നോക്കി സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു...... തങ്ങളാഗ്രഹിക്കുന്ന വാർത്ത ആയിരിക്കണേ കേൾക്കാൻ പോകുന്നത് എന്നായിരുന്നു രണ്ടു മനസ്സുകളും ആഗ്രഹിച്ചിരുന്നത്..... ചെറു ചിരിയോടെ പറഞ്ഞു സേതു.... . " ഹരിക്കുട്ടന് ഒരു ആലോചന വന്നിട്ടുണ്ട്..... ആലപ്പുഴ നിന്നാണ്....അവൻ ഏതായാലും വരികയല്ലേ.... അങ്ങനെ ആണെങ്കിൽ നമുക്കെല്ലാവർക്കും കൂടി പോയി കുട്ടി ഒന്ന് കാണണം...... അപ്പോൾ കുട്ടികളൊക്കെ വരാം എന്ന് തീരുമാനിച്ചു..... ഹരി കുട്ടനും ഒരാഴ്ച കഴിഞ്ഞാൽ വരുമല്ലോ ... അപ്പൊൾ പിന്നെ കുട്ടികളൊക്കെ നേരത്തെ അവധിയെടുത്ത് ഇങ്ങോട്ട് വന്നത് തന്നെ ആണ് നല്ലത്...... മാത്രമല്ല ഓണവും അല്ലേ..... "ഹരി ചേട്ടൻ അറിഞ്ഞോ....? ചിരിയോടെ സേതു ചോദിച്ചു...... "അങ്ങനെ വ്യക്തമായിട്ട് ഒന്നും പറഞ്ഞിട്ടില്ല..... എങ്കിലും ഒരു മൂക്കുകയറിടാൻ ആളെ നോക്കുന്നുണ്ട് എന്ന് ഞങ്ങൾ വിളിച്ചു പറഞ്ഞിരുന്നു...... അച്ഛൻ നോക്കിക്കോ എന്ന് മാത്രം അവൻ പറഞ്ഞു..... അവന് പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നും ഇല്ല എന്ന് ആണ് പറഞ്ഞത്...... "ഹരിച്ചേട്ടന്റെ കല്യാണത്തിന് വേണം അടിച്ചുപൊളിക്കാൻ..... അവൾ പറഞ്ഞപ്പോൾ സേതു ചിരിച്ചു.... "

നമ്മുക്ക് തകർക്കാടി മോളെ.... ഞാനിപ്പോൾ വന്നത് അതല്ല ജയന്തി, ഹരിക്കുട്ടന്റെ ജാതകം നോക്കാൻ വേണ്ടി ഞാൻ ജ്യോത്സ്യൻ അടുത്തേക്ക് പോകുന്നുണ്ട്..... കുട്ടികൾക്കൊക്കെ വിവാഹം കഴിക്കുന്ന പ്രായം അല്ലേ ...... അപ്പൊൾ എല്ലാവരുടെയും നോക്കാം എന്ന് വിചാരിക്കുന്നത്..... ഏതായാലും നീ ഇവളുടെ ജാതകം കൂടി ഇങ്ങ് തന്നേക്കൂ... ഇവളും ഞങ്ങടെ കുട്ടി തന്നെയല്ലേ..... നോക്കുമ്പോൾ നാലുപേരുടെയും ഒരുമിച്ച് അങ്ങോട്ട് നോക്കാമെന്ന് വിചാരിച്ചു..... സുഗന്ധി ആണ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്..... സേതു പറഞ്ഞു.... " എനിക്ക് കല്യാണം ഒന്നും ഇപ്പോൾ വേണ്ട..... ഞാൻ ഉടനെ കല്യാണം കഴിക്കാൻ പോകുന്നില്ല..... അവൾ ചുണ്ട് കൂർപ്പിച്ചു..... " നീ ഇപ്പോൾ കല്യാണം കഴിക്കണം എന്ന് പറഞ്ഞാലും ഞങ്ങൾ ആരും അതിനു സമ്മതിക്കാനും പോകുന്നില്ല...... അതൊന്നുമല്ല 18 വയസ് കഴിയുമ്പോൾ കുട്ടികളുടെ ജാതകം നോക്കി വെക്കുന്നത് വളരെ നല്ലത് ആണ്..... അതുകൊണ്ട് ഞാനും ഒന്ന് പോയി നോക്കാം....... " ഇപ്പൊൾ എടുത്തിട്ട് വരാട്ടോ അതുംപറഞ്ഞ് ജയന്തി അകത്തേക്ക് പോയപ്പോഴേക്കും സേതുവിൻറെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി ഇരുന്നു കൊണ്ട് ചെറു കുസൃതിയോട് ജാനകി പറഞ്ഞു......

" ഹരി ചേട്ടന് പെണ്ണ് നോക്കുമ്പം നന്നായി സംസാരിക്കുന്ന പെണ്ണിനെ തന്നെ കണ്ടുപിടിക്കണം...... ഹരി ചേട്ടന് എന്തെങ്കിലും ചോദിച്ചാൽ സംസാരിക്കാൻ തന്നെ എന്തൊരു ബുദ്ധിമുട്ടാണെന്ന് അറിയാമോ..... ഒരുമാതിരി വേണ്ടാത്ത ഗൗരവം..... അതുകൊണ്ട് എപ്പോഴും ഇങ്ങനെ സംസാരിച്ചു ഉപദ്രവിക്കുന്ന ഒരു പെണ്ണിനെ തന്നെ കണ്ടുപിടിക്കണം..... " ഏറ്റു മോളെ...... ചിരിയോടെ അയാൾ അത് പറഞ്ഞപ്പോഴും അവളും പൊട്ടി ചിരിച്ചിരുന്നു അപ്പോഴേക്കും ജയന്തി ജാതകവുമായി വന്നിരുന്നു..... ആ ജാതകം തൻറെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് ആ നിമിഷം അവളും അറിഞ്ഞിരുന്നില്ല.... കാത്തിരിക്കൂ....💙 പുതിയ കഥ ആണ്.... ട്വിസ്റ്റ്‌ ഒന്നും ഇല്ല കേട്ടോ, സാധാരണ ജീവിത കഥ തന്നെ, അമാനുഷികമായി ഒന്നും ഇല്ല.... അപ്പോൾ നമ്മുക്ക് ഹാപ്പി ആയി അങ്ങ് തുടങ്ങാം അല്ലേ.....

Share this story