സ്നേഹദൂരം.....💜: ഭാഗം 10

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവളുടെ ആ വാക്കുകൾ അവനിൽ വല്ലാത്ത ഒരു പ്രകമ്പനം ആയിരുന്നു സൃഷ്ടിച്ചിരുന്നത്......  " നീ വെറുതെ പറയുന്നതാണോ....? അവന്റെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു..... " അല്ല ഹരി ചേട്ടാ...... എൻറെ മനസ്സിൽ ഒരാളുണ്ട്...... ആ ഒരാളോട് തീവ്രമായ ഇഷ്ടവും ഉണ്ട്..... പക്ഷേ....... അവൾ ഒന്ന് നിർത്തിയപ്പോൾ വീണ്ടും അവൻ കാതോർത്തു.... "പക്ഷെ.......??? ഹരിക്ക് ആകാംഷ ആയി.... "അത് തുറന്നു പറയാനോ എൻറെ ഇഷ്ടം അയാൾ അംഗീകരിക്കാനോ യാതൊരു സാധ്യതയുമില്ല.......പക്ഷെ എൻറെ മനസ്സിൽ ആ ഇഷ്ടം വല്ലാതെ വല്ലാതെ വളർന്നു പോയി ചേട്ടാ.......

അയാളെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് കാണാൻ പോലും ഇപ്പോൾ എൻറെ മനസ്സിന് സാധിക്കും എന്ന് തോന്നുന്നില്ല....... അവൾ തന്റെ പ്രിയപ്പെട്ടവന് മുന്നിൽ തന്റെ ഹൃദയം തന്നെ ആയിരുന്നു തുറന്നു കാണിച്ചിരുന്നത്..... എന്നാൽ അത് അറിയാതെ അവൻ അവളുടെ വാക്കുകളിൽ ഒരു ചെറിയ ആശ്വാസം കണ്ടെത്തിയിരുന്നു..... ഇഷ്ടം അവൾക്ക് മാത്രമേയുള്ളൂ, അതുകൊണ്ട് തന്നെ ഒരുപാട് ഭയപ്പെടേണ്ട കാര്യമില്ല...... തന്റെ ഭയം മറ്റൊന്നായിരുന്നു, അവൾ ആരുമായോ പ്രണയത്തിലാണെന്നും അതുകൊണ്ടായിരിക്കും ഒരുപക്ഷേ വിവാഹത്തിന് അവർ എതിർക്കുന്നത് എന്നും, അവളുടെ ആ തുറന്നു പറച്ചിൽ പ്രായത്തിന്റെ ഒരു ഭ്രമം ആയി മാത്രമേ ശ്രീഹരി കണ്ടിരുന്നുള്ളു......

എന്നാൽ അവളുടെ മനസ്സിൽ അടിയുറച്ചു പോയ രൂപം തന്റേത് ആണ് എന്ന് അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു മറ്റൊരു സത്യം...... അവൾ എപ്പോഴും തൻറെ പ്രണയം തുറന്നു പറയാൻ കഴിയാതെ ഹൃദയവേദന അനുഭവിക്കുകയായിരുന്നു...... " അതൊക്കെ സാധാരണമായ കാര്യമല്ലേ മോളെ.....!! കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ഒരാളോട് സ്നേഹം തോന്നി എന്ന് പറഞ്ഞാൽ അതിൽ നമുക്ക് തെറ്റ് പറയാൻ സാധിക്കില്ല, നിന്റെ പ്രായത്തിൽ ആർക്കും തോന്നുന്നത് ഒക്കെയാണ് ഇത്...... നീ പറഞ്ഞതുപോലെ മറുഭാഗത്തുള്ള ആൾ ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ലെങ്കിൽ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി ആ ഇഷ്ടം മറക്കുക തന്നെയാണ് നല്ലത്.....

രണ്ടുപേരും ഒരുമിച്ച് സ്നേഹിക്കുമ്പോൾ മാത്രമാണ് പ്രണയം ആകുന്നത്, അങ്ങോട്ട് മാത്രം സ്നേഹിക്കുമ്പോൾ അത് പ്രണയം ആവില്ലല്ലോ....... ഞാൻ അവരോട് പറഞ്ഞു പോയി...... "പക്ഷേ ഹരി ചേട്ടാ...... " എനിക്ക് മനസ്സിലാകും നിൻറെ വിഷമം...... അതുകൊണ്ട് തന്നെയാണ് ഹരി ചേട്ടൻ പറയുന്നത് നിനക്ക് ഇഷ്ടമായില്ലെങ്കിൽ ഇനിയും ഇതിനുവേണ്ടി ചേട്ടൻ നിന്നെ നിർബന്ധിക്കില്ല....... തൽക്കാലം ഇപ്പോൾ ഒന്ന് കാണു, ഞാൻ പറഞ്ഞതല്ലേ...... ഇല്ലെങ്കിൽ ഞാൻ ആയിരിക്കും അവരുടെ മുൻപിൽ നാണം കെടുന്നത്....... അതുകൊണ്ട് നീ ഇതിനു സമ്മതിക്കണം....... അങ്ങനെ പറയുന്നവനോട് മറുത്ത് പറയാൻ അവൾക്ക് തോന്നിയിരുന്നില്ല...... അല്ലെങ്കിലും അവൻറെ ഇഷ്ടമാണല്ലോ ഇപ്പോൾ തനിക്ക് പ്രാധാന്യമുള്ളത്....... ആ മനസ്സ് വേദനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുമോ......?

പ്രിയപ്പെട്ടവന് വേണ്ടി മാത്രം മറ്റൊരുവന്റെ മുൻപിൽ ഒതുങ്ങി നിൽക്കാൻ അവൾ സമ്മതം പറഞ്ഞു...... അത്രമേൽ അവനെ ഇഷ്ട്ടപെടുന്നത് കൊണ്ട് മാത്രം...... എങ്കിലും അവൾ വെറുതെ ആഗ്രഹിച്ചിരുന്നു, ഒരിക്കലെങ്കിലും അവൻ ചോദിച്ചിരുന്നെങ്കിൽ എന്ന് നിനക്ക് ഇഷ്ടമുള്ള ആൾ ആരാണ് എന്ന്....? ഞാൻ അയാളോട് സംസാരിക്കാമെന്ന്....... അങ്ങനെയാണ് ചോദിച്ചിരുന്നു എങ്കിൽ ചിലപ്പോൾ താൻ തൻറെ മനസ്സ് അവനു മുൻപിൽ തുറക്കില്ലായിരുന്നോ.....? പക്ഷേ അത് തന്റെ മനസ്സിൻറെ വെറും ഭ്രമമായി കണ്ടവന് അത് ആരാണെന്ന് പോലും അറിയേണ്ടിയിരുന്നില്ല......

തന്റെ പ്രായത്തിന്റെ പക്വത കുറവായി മാത്രമേ അവൻ അത് കണ്ടിട്ടുള്ളു എന്ന് അവൾക്ക് മനസിലായി..... തൻറെ ഒരു കുട്ടിക്കളിയായി മാത്രമാണ് ഹരിയേട്ടൻ അത് എടുത്തത് എന്ന് അവൾക്ക് മനസ്സിലായി....... പക്ഷേ അപ്പോഴും അവളുടെ മനസ്സിൽ ശ്രീഹരി എന്ന പ്രണയം വളർന്നു കൊണ്ടിരിക്കുകയായിരുന്നു, അവൾക്കുപോലും മനസ്സിലാവാത്ത രീതിയിൽ....... പ്രണയത്തിന്റെ അഗ്നിയിൽ അവൾ ഓരോ നിമിഷവും ഉരുകുക ആയിരുന്നു..... ശ്രീഹരിയുടെ മനസ്സിൽ അപ്പോൾ ആശ്വാസമായിരുന്നു, അവളുടെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ടെങ്കിലും ആരോടും അവൾ തുറന്നു പറഞ്ഞിട്ടില്ല...... മറുഭാഗത്ത് അറിഞ്ഞിട്ടുമില്ല, അവന് വലിയ ആശ്വാസം തോന്നി........

സാധാരണ ഒരു കൗമാരക്കാരി പെൺകുട്ടിയുടെ മനസ്സിൽ തോന്നുന്ന ആകർഷണം അതിനപ്പുറം മറ്റൊന്നും അവന് തോന്നിയിരുന്നില്ല...... ആരാണെന്ന് അറിയുവാനും അവന് ആകാംക്ഷ തോന്നിയില്ല...... അവളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് താനാണെന്ന് അറിയാതെ സമാധാനത്തോടെ ശ്രീഹരിയും ആ നിശയിൽ സമാധാനം പൂർവ്വം നിദ്രയെ സ്വീകരിക്കാൻ തയ്യാറായി....... മറ്റൊരുടത്ത് ഒരുവൾ നിദ്രയെ പുൽകാൻ കഴിയാതെ പ്രണയചൂടിൽ വീർപ്പുമുട്ടി കിടന്നു...... എന്തുകൊണ്ടോ അവൾക്ക് സാധിച്ചിരുന്നില്ല മറ്റൊരുവന്റെ മുൻപിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ......

അവളെ സംബന്ധിച്ചടത്തോളം മറ്റൊരുവന്റെ മുന്നിൽ നിൽക്കുക എന്നുപറയുന്നത് വലിയൊരു ഹൃദയവേദന തന്നെയായിരുന്നു....... തന്റെ സന്തോഷം നിലനിൽക്കുന്നത് ആ ഒരുവനിൽ മാത്രം ആണ്.....പക്ഷേ അത് ശ്രീഹരിക്ക് വേണ്ടി ആണല്ലോ എന്നോർത്ത് അവൾ മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചു, ഇല്ല പറ്റില്ല വേറെ ഒരാൾക്ക് മുന്നിൽ താൻ, ആ ചിന്ത പോലും അവളെ അസ്വസ്ഥ ആക്കി തുടങ്ങി, അവസാനം അവൾ മനസിനെ പകപ്പെടുത്തി നാളെ താൻ ഒരുങ്ങി നില്കുന്നത് തന്റെ ശ്രീയേട്ടന്റെ മുന്നിൽ ആണ്, ശ്രീയേട്ടന് കാണുവാൻ വേണ്ടി മാത്രം..... അങ്ങനെ ഒരു തീരുമാനം അവൾ എടുത്തിരുന്നു...... ഉറക്കമില്ലാതെ ഇരുന്ന് ഏതോ ഒരു യാമത്തിൽ അവളെ തേടി നിദ്ര വന്നു....... വെളുപ്പ് ആയപ്പോൾ തന്നെ അവൾ ഉണർന്നു....... കുറച്ചു സമയം കഴിഞ്ഞപ്പോൾ എഴുന്നേറ്റ് കുളിക്കുകയും ചെയ്തു.......

പ്രഭാതത്തിൽ തന്നെ അടുക്കളയിലെ ജോലികളൊക്കെ ചെയ്യുമ്പോഴും മനസ്സ് ശാന്തമല്ല എന്ന് അവൾക്ക് തോന്നി....... സമയം കഴിയുംതോറും ആ സത്യത്തെ അംഗീകരിക്കാൻ മനസ്സും മടിച്ച് തുടങ്ങി...... മറ്റൊരാൾക്ക് മുൻപിൽ പോയി നിൽക്കുക, അവൾക്ക് വല്ലാത്ത വേദനയായിരുന്നു തോന്നിയിരുന്നത്...... പക്ഷേ ശ്രീഹരിയെ കാണാൻ പറ്റുമല്ലോ എന്നുള്ള സന്തോഷം മനസ്സിനുള്ളിൽ എവിടെയോ മറഞ്ഞു കിടന്നു........ പ്രണയം അല്ലെങ്കിലും അങ്ങനെ ആണല്ലോ, നമ്മൾ ഒരിക്കലും വിശ്വസിക്കാത്ത രീതിയിലേക്ക് നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്.......

ഈ ജന്മവും വരും ജന്മങ്ങളിലും ഒക്കെ ആ പ്രണയം സ്വന്തം ആയെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയി.....ഒരു ജന്മത്തിലും അവനിൽ നിന്നും മോചനം ഇല്ല എന്ന് മനസ്സ് അലമുറയിടാൻ തുടങ്ങി....... അവന്റെ ചുംബനചൂടിൽ വിയർക്കാൻ ഉള്ളം കൊതിച്ചു...... ഉള്ളും ഉടലും അവനായി മാത്രം പൂത്ത് അവന്റെ സിന്ദൂര ചുവപ്പൊടെ കൂടി മണ്ണിൽ ലയിച്ചു അങ്ങനെ ഈ ജീവിതയാത്രയ്ക്ക് അന്ത്യം കാണണം എന്ന് ചിന്തകൾ നിറഞ്ഞു..... അന്ന് അടുക്കളയിൽ എല്ലാ സഹായങ്ങൾക്കും വേണ്ടി ജയന്തിയും കൂടിയിരുന്നു..... അവർക്ക് ഒരു പ്രത്യേക ഉന്മേഷം ആയിരുന്നു എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുവേണ്ടി......

ചായയും മധുരപലഹാരങ്ങൾ ഒരുക്കുകയും ഒക്കെ ചെയ്തിരുന്നു...... അതിനുശേഷം ഫോൺ വിളിക്കുന്നുണ്ടായിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ശ്രീഹരിയുടെ ഫോൺ വന്നപ്പോൾ അവർ ഒരു മണിക്കൂറിനുള്ളിൽ എത്തും എന്നാണ് അറിയാൻ സാധിച്ചത്........ ആ സമയത്ത് ജാനകിയുടെ നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി....... മുറിക്കുള്ളിലേക്ക് കയറി നിർബന്ധിച്ച് ഒരു സെറ്റും മുണ്ടും ആണ് ജയന്തി അവളെ ഉടുപ്പിച്ചത്........ അവളുടെ എല്ലാ പിറന്നാളിനും അവരത് വാങ്ങാറുണ്ട്, വലിയ ആഘോഷമായി അവൾക്ക് നൽകിയില്ലെങ്കിലും അവളെ ആ വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമുള്ള കാര്യമാണ്.......

പലപ്പോഴും അമ്പലത്തിൽ പോകുമ്പോളോ മറ്റോ ആണ് ജാനകിയത് ധരിക്കാറുള്ളത്....... തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകൾ ധരിക്കുന്ന വേഷം അതുതന്നെയാണ്..... ഒരു ഒലിവ് ഗ്രീൻ നിറത്തിലുള്ള കരയുള്ള സെറ്റ് മുണ്ടുമായിരുന്നു മകൾക്കുവേണ്ടി ജയന്തി തിരഞ്ഞെടുത്തിരുന്നത്........ ഉടുത്തു കഴിഞ്ഞപ്പോൾ അവൾക്ക് ഐശ്വര്യം ഉള്ളതുപോലെ അവർക്ക് തോന്നി........ അവളുടെ നീണ്ട മുടിയിഴകളിൽ ഇഴകൾ ഇട്ടു, മുല്ലപൂ വച്ചു കൊടുത്തു........ ഇരു നിറത്തിൽ വിടർന്ന കണ്ണുകളോടെ കൂടിയ ജാനകി സുന്ദരി ആയിരുന്നു...... കണ്ണിൽ മഷി കൂടി എഴുതിയപ്പോഴേക്കും ആളു മാറിതുപോലെ അവർക്ക് തോന്നി........

തൻറെ മകൾ ഒരു വലിയ പെൺകുട്ടി ആയതു പോലെ...... ഒരു കുഞ്ഞു കറുത്ത പൊട്ടും അതിനോടൊപ്പം ചന്ദനക്കുറിയും കൂടി ആയപ്പോഴേക്കും ജാനകിക്ക് ആ ഐശ്വര്യം കൈ വന്നു..... പക്വത നിറഞ്ഞ ഒരു പെൺകുട്ടിയുടെ രൂപത്തിലേക്ക് അവൾ മാറി കഴിഞ്ഞിരുന്നു...... അവളുടെ മുഖത്തെ തിളക്കം ഇല്ലായ്മ അവർ ശ്രെദ്ധിച്ചു...... അതിന്റെ കാരണം അവർക്കും അവ്യക്തമായിരുന്നു....... പക്ഷേ കുറച്ച് ദിവസങ്ങളായി അവളുടെ മുഖത്ത് വരുന്ന മാറ്റങ്ങളും സ്വഭാവത്തിൽ വന്ന വ്യത്യാസങ്ങളും ഒക്കെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു...... ഒരു പെൺകുട്ടിയെ അടിമുടി മനസ്സിലാക്കുവാൻ അവളുടെ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക......?

അവളുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന ഭയം പോലും അവരുടെ ഉള്ളിൽ അടിയുറച്ചു കഴിഞ്ഞിരുന്നു..... പക്ഷേ അവളോടെ നേരിട്ട് ചോദിക്കാൻ ഒരു ഭയം...... താൻ ഭയക്കുന്ന ഒരു മറുപടി ആണ് അവൾക്ക് തന്നോട് പറയാനുള്ളത് എങ്കിൽ അത് കേൾക്കുന്ന നിമിഷം ചിലപ്പോൾ തനിക്ക് താങ്ങാൻ സാധിക്കില്ല...... അതുകൊണ്ടാണ് ആ കാര്യം അവളോട് ചോദിക്കാതെ ഇരിക്കുന്നത്..... ഇപ്പോൾ അവളുടെ വിഷാദം നിറഞ്ഞ ആ മുഖം അതിനുള്ള മറുപടി പറയാതെ പറയുന്നത് പോലെയാണ് അവർക്ക് തോന്നിയത് ..... എങ്കിലും അത് മനസ്സിലൊളിപ്പിച്ച് തന്നെ അവർ പറഞ്ഞു..... " ഇപ്പോൾ എൻറെ മോള് സുന്ദരിയായി.......

ആർക്കും കണ്ടാൽ ഇഷ്ടമാകും, കുറച്ചുസമയം കൂടി കഴിഞ്ഞപ്പോൾ ശ്രീഹരി വിളിച്ചു..... അവർ കവലയിൽ എത്തി എന്ന് പറഞ്ഞു..... ആ സമയം ജാനകി പരിഭ്രാന്തയായി...... ജയന്തി പെട്ടെന്ന് അടുക്കളയിലേക്ക് പോയി...... കാപ്പിയും പലഹാരങ്ങളും ട്രെയ്യിൽ ആക്കി ഒരുക്കിവെച്ചു....... അതിനുശേഷം അവളുടെ അരികിലേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു.. " മോൾ തന്നെ വേണം കാപ്പി കൊടുക്കാൻ, ആദ്യം പയ്യന് തന്നെ കൊടുക്കണം..... മധുരമുള്ള എന്തെങ്കിലും പയ്യൻ കഴിക്കുന്നതെങ്കിൽ അതിനർത്ഥം പെൺകുട്ടി ഇഷ്ടമായി എന്നാണ്, എരിവ് ഉള്ളതാണെങ്കിൽ ഇഷ്ടമായില്ല എന്ന്.....

പഴയ കാര്യങ്ങളൊക്കെ ഓരോന്നായി അവർ പറയുമ്പോഴും അവളുടെ മനസ്സിൽ ശ്രീഹരിയെ കാണാൻ സാധിക്കുമല്ലോ എന്ന സന്തോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്....... കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു വണ്ടി മുറ്റത്തു വന്നുനിൽക്കുന്ന ശബ്ദം കേട്ടപ്പോൾ ഉത്സാഹത്തോടെ ജയന്തി എഴുന്നേറ്റ് പോയിരുന്നു....... ആ നിമിഷം അവളുടെ ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങിയിരുന്നു...... ആ സമയം തന്നെ പെണ്ണുകാണൽ ആണ് എന്ന് പോലും അവൾ മറന്നുപോയിരുന്നു...... അവന്റെ സാന്നിധ്യം കൂട്ടി കൊണ്ട് പോയ ഒരു മായിക ലോകത്തിൽ ആയിരുന്നു അവൾ.....

. ജനലിലൂടെ നോക്കിയപ്പോൾ ആദ്യം ഇറങ്ങിയതും ശ്രീഹരി ആയിരുന്നു, അവൻറെ മുഖം കണ്ടപ്പോഴേക്കും ഉള്ളിൽ വച്ചിരിക്കുന്ന പ്രണയം പുറത്തേക്ക് വരുന്നത് അവൾ അറിഞ്ഞിരുന്നു........ " തൻറെ സെറ്റുമുണ്ടിനു ചേർന്ന ഒലിവ് ഗ്രീൻ നിറത്തിൽ ഉള്ള ഷർട്ട് ആണ് അവൻ ഇട്ടിരിക്കുന്നത്...... അത് കണ്ടപ്പോൾ അവൾക്ക് വലിയ സന്തോഷം തോന്നി, അവനോടൊപ്പം ഇറങ്ങുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനെ ജാനകി കണ്ടതേയില്ല ..... അവളുടെ മുഖം മുഴുവൻ ശ്രീഹരി തന്നെയായിരുന്നു........ തന്റെ പ്രണയത്തിൻറെ ഉടയോൻ വന്നു എന്ന് മനസ്സ് മുന്നറിയിപ്പ് നൽകുന്നത് പോലെ....... അവനിലേക്ക് മാത്രം ഹൃദയം ചുരുങ്ങിയത് പോലെ......

ആ ആണൊരത്തിന്റെ സാന്നിധ്യത്തിൽ മാത്രം താൻ എത്രത്തോളം സന്തോഷം അനുഭവിക്കുന്നുണ്ട് എന്ന് അവൾ അത്ഭുതത്തോടെ ഓർക്കുകയായിരുന്നു...... ശ്രീഹരി ആണ് തൻറെ പാതി എന്ന് വീണ്ടും വീണ്ടും മനസ്സിനോട് അവൾ പറഞ്ഞു പഠിപ്പിച്ചു...... എങ്കിലും തന്റെ ഇഷ്ടം പോലും അവനോട് തുറന്നു പറയാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ് താൻ എന്നും അവൾ ചിന്തിച്ചു....... ഒരേ സമയം പ്രണയത്താൽ നിറയുകയും നീറുകയും ചെയ്തു അവളുടെ മനസ്സ് ...... എങ്ങനെയാണ് അവനെ പ്രണയിക്കുന്നു എന്ന് ആ മുഖത്തുനോക്കി പറയുന്നത്.....? അതിനുള്ള ധൈര്യം മാത്രം തനിക്ക് ഇല്ല.....

അവനെ കാണുമ്പോൾ തോന്നുന്ന പ്രണയം മുഴുവൻ ആ കാര്യത്തെ പറ്റി ചിന്തിക്കുമ്പോൾ ചോർന്നുപോകുന്നു എന്ന് അവൾ ഓർക്കുകയായിരുന്നു...... എത്രയൊക്കെ ധൈര്യം സംഭരിച്ചു എന്ന് പറഞ്ഞാലും ഹരി ചേട്ടൻറെ മുഖത്തുനോക്കി ആ സത്യം പറയാനുള്ള ധൈര്യം ഇപ്പോഴും തനിക്ക് ഇല്ല എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു...... അയാളോട് ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞതിനുശേഷം ശ്രീഹരി അയാളുടെ തോളത്ത് പിടിച്ച് അകത്തേക്ക് കയറുന്നുണ്ട്, കുറച്ചുകഴിഞ്ഞ് ഹാളിൽ നിന്നും അമ്മ വിളിച്ചു..... അപ്പോൾ തനിക്ക് ചെല്ലാനുള്ള ക്ഷണമാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു......

മനസ്സില്ലാമനസ്സോടെ ആയിരുന്നു അവൾ അടുക്കളയിലേക്ക് നടന്നത്....... അപ്പോഴും ഉള്ളിൽ നേരിയ പ്രതീക്ഷ വിടർന്നു..... ചായയും പലഹാരങ്ങളും വെച്ചിരുന്ന ട്രേയും ആയി മുന്നിലേക്ക് നടന്നപ്പോൾ അമ്മ പറഞ്ഞ വാചകങ്ങൾ ഓർത്തു..... " ആദ്യം ചായ പയ്യന് തന്നെ കൊടുക്കണം എന്ന്..... മുന്നിലേക്ക് നടക്കും തോറും ശ്രീഹരിയുടെ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു...... തൻറെ കാതുകൾക്ക് എന്നും പ്രത്യേക ഇമ്പം നൽകുന്ന ആ ശബ്ദം കേൾക്കുംതോറും അവള് പ്രണയിനി ആയി മാറിയിരുന്നു..... തന്റെ മനസ്സിൽ ഉള്ള പ്രണയം ശക്തിപ്രാപിക്കുന്നത് അവൾ അറിഞ്ഞിരുന്നു...... ഒരു നിമിഷം മറ്റെല്ലാം അവർ വിസ്മരിച്ചു പോയി......

കണ്ണുകൾക്ക് മുൻപിൽ പ്രിയപ്പെട്ടവൻ മാത്രമായ നിമിഷങ്ങൾ........ ചായയുമായി എത്തിയപ്പോഴും കണ്ണുചിമ്മാതെ അവൾ അവനെ തന്നെ നോക്കി നിന്നു പോയിരുന്നു..... "ചായ കൊടുക്ക് മോളെ... അമ്മ പറഞ്ഞപ്പോഴാണ് ബോധം വന്നത്, പെട്ടെന്ന് ചായയുടെ കപ്പുമായി നേരെ ചെന്നത് ശ്രീഹരിയുടെ മുൻപിലേക്ക് ആയിരുന്നു .... അവളുടെ ആ പ്രവർത്തിയിൽ ശ്രീഹരിയും ഒന്ന് വല്ലാതായിരുന്നു....... പക്ഷേ അവൾക്ക് പരിഭ്രമം കൊണ്ട് പറ്റിയത് ആയിരിക്കും എന്ന് അവന് തോന്നി...... അതുകൊണ്ടുതന്നെ തനിക്ക് നീട്ടിയ ചായകപ്പിലേക്ക് നോക്കി തന്നെ അവൻ പറഞ്ഞു..... "അമലിന് ആദ്യം ചായ കൊടുക്ക് മോളെ..... അവന്റെ ആ ഒറ്റ വാചകം മതിയായിരുന്നു അവളുടെ പ്രണയത്തെ തകർത്ത് കളയാനായി.....

എങ്കിലും മനസ്സില്ലാമനസ്സോടെ അരികിലിരുന്ന് ആൾക്ക് നേരെ ചായ നീട്ടി, ഒന്ന് ചിരിക്കാൻ പോലും അവളുടെ മനസ്സിനെ തോന്നിയിരുന്നില്ല..... പക്ഷേ ആ മുഖത്ത് നിറഞ്ഞ ഒരു ചിരിയുണ്ട്, അമൽ ചായ എടുത്തതിനുശേഷം ആണ് ശ്രീഹരി ചായ എടുത്തത് ..... പിന്നീട് അമ്മയോട് വിശേഷങ്ങൾ പറച്ചിലായി, നല്ല ജോലി ഉള്ള പയ്യനാണ് എന്നും തനിക്കറിയാവുന്ന വീട്ടുകാരാണ് എന്ന് അവനെ പറ്റി പറയുന്നുണ്ട്..... അയാൾ ആണെങ്കിൽ തന്റെ മുഖത്തും നിന്ന് കണ്ണു മാറ്റുന്നുമില്ല, ചായകുടിച്ച് കഴിഞ്ഞ് അമൽ ആദ്യം എടുത്തത് ഒരു ജിലേബി ആണ്..... അത് കണ്ടപ്പോൾ തന്നെ അമ്മയുടെ മനസ്സും നിറഞ്ഞിരുന്നു...... ശ്രീഹരിയുടെ മുഖത്തും നിറഞ്ഞ ചിരി തന്നെയായിരുന്നു...... " അമ്മേ അവർക്ക് എന്തെങ്കിലും സംസാരിക്കണം എങ്കിൽ സംസാരിക്കാട്ടെ.... ശ്രീഹരിയുടെ ആ വാചകങ്ങൾ മാത്രം ഇടിത്തീപോലെ അവളുടെ ഹൃദയത്തിലേക്ക് വീണു.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story