സ്നേഹദൂരം.....💜: ഭാഗം 11

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ശ്രീഹരിയുടെ ആ വാചകങ്ങൾ മാത്രം ഇടിത്തീപോലെ അവളുടെ ഹൃദയത്തിലേക്ക് വീണു.....  " അയ്യോ അതിൻറെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല ഹരിയേട്ടാ..... ഇപ്പോൾ ഞാൻ കണ്ടല്ലോ, ഇനി അച്ഛനും അമ്മയും ഒന്ന് കാണട്ടെ ആ സമയത്ത് സംസാരിക്കാമല്ലോ.... പെട്ടെന്ന് തന്നെ അമൽ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി...... അവൻറെ സ്വഭാവം ജയന്തിക്കും ഇഷ്ടമായി...... ശ്രീഹരിയുടെ മനസ്സും നിറഞ്ഞു എന്ന ആ മുഖം കാണുമ്പോൾ തന്നെ അറിയാം, " അതാണ് അമലേ നല്ലത് പക്ഷേ ഇപ്പോഴത്തെ കുട്ടികളല്ലേ എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കിൽ നേരത്തെ ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ അത് പറഞ്ഞത്,

ശ്രീഹരി വ്യക്തമാക്കിയപ്പോൾ ഒരു ചിരിയോടെ അവൻ തന്നെ മറുപടി നൽകിയിരുന്നു, "ഞാൻ ഏതായാലും വീട്ടിൽ ചെന്നിട്ട് അച്ഛനും അമ്മയും വിളിക്കാൻ പറയാം ..... ജാനകിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...... സമ്മതം എന്ന ഭാവത്തിൽ ജയന്തി തലയാട്ടി...... അവർക്കും മനസ്സുനിറഞ്ഞു എന്ന് മനസ്സിലായിരുന്നു......ഇറങ്ങുന്നതിനു മുൻപ് അമൽ ചിരിയോടെ ജാനകിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നു...... വരുത്തി വച്ച ഒരു പുഞ്ചിരി അവൾ അവന് നൽകി..... മറ്റാരുടോ അപ്പോൾ ഫോണിൽ സംസാരിക്കുന്ന തിരക്കിലായിരുന്നു ശ്രീഹരി.....

അവസാനം അമലിന് ഒപ്പം യാത്ര പറഞ്ഞു ശ്രീഹരി ഇറങ്ങിയപ്പോഴും അവളുടെ മിഴികൾ അവനിൽ തന്നെയായിരുന്നു കൊരുത്തിരുന്നത്...... കയറുന്നതിനു മുൻപ് ഒരു വട്ടം കൂടി അമൽ നോക്കിയപ്പോൾ അവൾ മനപ്പൂർവം കാണാത്തതുപോലെ നിന്ന് കളഞ്ഞിരുന്നു...... ശ്രീഹരി പോയി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ഭാരം തന്റെ മനസ്സിനെ നീറ്റുന്നത് പോലെ ജാനകിക്ക് തോന്നി.... അവർ വന്ന സമയം മുതൽ ജയന്തിയുടെ മുഖം സന്തോഷത്താൽ നിറഞ്ഞതാണ്...... നന്നായിത്തന്നെ ജയന്തിക്ക് ആളെ ബോധിച്ചു എന്ന് ജാനകിക്ക് മനസ്സിലായി.....

എല്ലാവർക്കും ഇഷ്ടമായാൽ താൻ എന്തു പറഞ്ഞാണ് ഇനി ഇതിൽ നിന്നും പിന്മാറുക, പഠിക്കണം എന്ന് പറഞ്ഞാൽ ആരും സമ്മതിച്ചു തരികയില്ല..... വിവാഹം കഴിഞ്ഞ് പഠിപ്പിക്കാമെന്ന് അയാൾ പറയുന്നത് കേൾക്കുകയും ചെയ്തു, അതുകൊണ്ടുതന്നെ ഇനി ആ ഒരു കാരണം പറഞ്ഞത് തനിക്ക് പിടിക്കാൻ സാധിക്കുകയില്ല. തന്റെ പ്രണയം വിടരും മുൻപേ കൊഴിഞ്ഞു പോയ ഒന്നാണോ എന്ന് പോലും അവൾ ചോദിച്ചു..... വ്യാമോഹങ്ങളുടെ ചുഴിയിൽഅകപ്പെട്ട് കിടക്കുകയാണ് തന്റെ മനസ്സ്..... തനിക്ക് സാധിക്കുമോ ഇനി ശ്രീയേട്ടന്റെ ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എന്ന് അവൾ മനസ്സിൽ ചോദിക്കുകയായിരുന്നു.......

ഒരിക്കലും ശ്രീയേട്ടൻ അങ്ങനെ തന്നെ കാണില്ല എന്ന വിശ്വാസം മനസ്സിൽ നിറഞ്ഞു നിന്നു...... അത് അവളുടെ ആത്മവിശ്വാസം കെടുത്താൻ പ്രാപ്തി ഉള്ള ഒന്നായിരുന്നു. ഒരു നിമിഷം ബാത്റൂമിലേക്ക് കയറി ഷവർ ഓണാക്കി ഒന്ന് പൊട്ടിക്കരഞ്ഞിരുന്നു ഇരുന്നു ജാനകി....... ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു നിസ്സഹായ പ്രണയത്തിനു വേണ്ടി കണ്ണുനീരൊഴുക്കുക അല്ലാതെ മറ്റൊന്നും അവൾക്ക് സാധിക്കുമായിരുന്നില്ല....... അമൽ എറണാകുളത്ത് ജോലി ചെയ്യുന്നത് ആയതുകൊണ്ട് ഒരു ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴും ഒക്കെയാണ് വീട്ടിലേക്ക് പോകാറുള്ളത്, അതുകൊണ്ട് അവൻ വീട്ടിലേക്ക് ചെന്നതിനു ശേഷം മാത്രമേ അതിൽ ഒരു തീരുമാനം ആവുകയുള്ളൂ എന്ന കാര്യം ഉറപ്പായിരുന്നു.....

അത് ഒരു കണക്കിന് ആശ്വാസം ആയിരുന്നു അവർക്ക്...... അതോടൊപ്പം വിദ്യയുടെയും ശ്രീദേവിന്റെയും പിറന്നാളാണ് പിറ്റേന്ന് എന്ന് പറഞ്ഞതുകൊണ്ട് എല്ലാവരും അവിടേക്ക് വരുവാൻ ജയന്തിയെയും ജാനകിയെയും ക്ഷണിച്ചിരുന്നു...... അവിടേക്ക് പോകുവാൻ രണ്ടാളും തീരുമാനിച്ചു........ ഹൃദയം വല്ലാതെ തുടി കൊട്ടുന്നുമുണ്ടായിരുന്നു ജാനകിക്ക്, തൻറെ പ്രാണൻ ഒരു കൈയകലത്തിൽ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു..... ശ്രീഹരിയിൽ മാത്രം ഭ്രമണം ചെയ്യുക ആണ് ജാനകി എന്ന പ്രണയചക്രം, അവിടെ പ്രണയം മാത്രമേ ഉള്ളു, പരിഭവമൊ പരാതികളോ ഇല്ല .......

ഒരു മൊഴി ദൂരത്തിന് അപ്പുറം അവനുണ്ട്, ഒന്ന് വിളിച്ചാൽ ഓടി വരാൻ, ഒരു വേദനയിൽ ആശ്വാസം ആകാൻ, ഒന്ന് ചേർത്ത് അണയ്ക്കാൻ ..... അത് മതി അവൾക്ക്..... അവിടേക്ക് പോകുന്നതിന് മുൻപ് ജയന്തിയും ജാനകിയും കൂടി വിദ്യക്കും ശ്രീദേവിനും വേണ്ടി ഒരു സമ്മാനം വാങ്ങാനും മറന്നിരുന്നില്ല, തുണിക്കടയിൽ കയറി അവർ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു ചുരിദാർ ആയിരുന്നു ഇരുവരും വാങ്ങിയിരുന്നത്, ശ്രീദേവിന് ഒരു മുണ്ടും കുർത്തയും..... വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ രണ്ടു കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ചടങ്ങായിരുന്നു അത് എല്ലാ വർഷവും.....

ഇന്ന് ഹരിയേട്ടൻ കൂടി ഉണ്ട് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന ഒന്ന്...... ആ കുടുംബത്തിന് എല്ലാ ആഘോഷങ്ങളിലും ജയന്തിയേയും ജാനകിയേയും ഒഴിവാക്കാറില്ല, ഒരിക്കലും അവർക്ക് ഒറ്റപ്പെട്ടു എന്നൊരു തോന്നൽ ഉണ്ടാകാൻ ആ കുടുംബം അനുവദിക്കില്ല എന്ന് പറയുന്നതായിരിക്കും അതിലും കുറച്ചു കൂടി എളുപ്പം......രണ്ടാളെയും കൂട്ടാൻ ശ്രീഹരി വരാം എന്ന് പറഞ്ഞിരുന്നു, എങ്കിലും വേണ്ട എന്നായിരുന്നു ജയന്തി പറഞ്ഞിരുന്നത്...... കാരണം അവിടെ രണ്ടാളുടെ പിറന്നാളിന്റെ തിരക്കാണ് അതുകൊണ്ടുതന്നെ ഇരുവർക്കുമുള്ള സമ്മാനം വാങ്ങി തിരികെ പോകാമെന്ന് തന്നെയായിരുന്നു കരുതിയിരുന്നത്.......

അങ്ങോട്ട് ഉള്ള യാത്രയ്ക്ക് ആയി ഓട്ടോയിൽ ഇരിക്കുമ്പോൾ അവിടെക്കുള്ള ദൂരം കാതങ്ങൾ നീളുന്നത് പോലെയാണ് ജാനകിക്ക് തോന്നിയത്... പ്രണയം.....!! മനസ്സിൽ നിറഞ്ഞുനിൽക്കുന്ന പ്രണയം മാത്രമായിരുന്നു അതിനുള്ള കാരണം.... പ്രിയപ്പെട്ടവന്റെ അരികിലേക്ക് എത്താൻ ഹൃദയം വെമ്പുന്നു, അവിടെയെത്തിയപ്പോൾ പ്രതീക്ഷിച്ചതു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ല, സുഗന്ധി സദ്യ ഒരുക്കുന്ന തിരക്കിലാണ്, ജയന്തി കൂടി അവർക്കൊപ്പം കൂടി പിന്നീട് പിള്ളേരെല്ലാം കൂടി ഓരോ വർത്തമാനങ്ങളിൽ മുഴുകി..... ഹരി അവിടെയില്ല കേക്ക് വാങ്ങാൻ പോയിരിക്കുകയാണ് എന്നാണ് അറിഞ്ഞത്.......

ശ്രീദേവിന്റെയും വിദ്യയുടെയും പിറന്നാൾ ദിവസം വലിയ ഒരു കേക്ക് വാങ്ങി രണ്ടു പേരെയും കൊണ്ട് ഒരുമിച്ച് മുറിപ്പിക്കും...... വലിയ സന്തോഷമാണ് ഇപ്പോഴും ആ കുടുംബത്തിന് ഈ ആഘോഷം...... ഇരട്ടകുട്ടികൾ പിറന്നപ്പോൾ അന്ന് അവിടെ ഉണ്ടായിരുന്ന സന്തോഷം എത്രയാണോ അതേപോലെ തന്നെയാണ് 23 വർഷങ്ങൾക്ക് ഇപ്പുറവും ....... കുറച്ചു സമയങ്ങൾക്കു ശേഷം കേക്കുമായി വിയർത്തൊലിച്ച് എത്തിയ ആളെ കണ്ടപ്പോഴേക്കും ജാനകിയുടെ മിഴികൾ വിടർന്നിരുന്നു........ കണ്ണുകൾക്ക് ഉള്ളിൽ ഒളിപ്പിച്ച പ്രണയം പുറത്തേക്ക് വരാൻ പോകുന്നത് പോലെ.....

ഒരു നിമിഷം തന്റെ പ്രണയം അവൻ അറിയരുതെന്ന് പ്രാർത്ഥന മാത്രമായിരുന്നു അവളിൽ നിന്നിരുന്നത്...... ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവൻറെ ഓരോ ചെയ്തികളും അവൾ ശ്രദ്ധിക്കാൻ തുടങ്ങി..... തന്നെ കണ്ട് ഒരു ചിരിയോടെ ഇറങ്ങി വരുന്ന ആളെ കണ്ടപ്പോൾ ഓടി അരികിലേക്ക് ചെന്നു കയ്യിലിരുന്ന ചില കവറുകൾ ഒക്കെ വാങ്ങി...... അപ്പോഴും കണ്ണുകൾ അവന്റെ മുഖത്ത് തന്നെയായിരുന്നു...... അവിടെ നിന്നും തിരികെ വരാൻ ആഗ്രഹിക്കാത്ത പോലെയായിരുന്നു മിഴികൾ അവനിൽ തന്നെ കോരുത്ത് നിന്നിരുന്നത്...... കേക്കിന്റെ കവറും അലങ്കരിക്കുവാൻ വാങ്ങിയ സാധനങ്ങളും എല്ലാം ഡൈനിങ് ടേബിളിനു പുറത്ത് വച്ചതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു....

"ജാനികുട്ടി ഞാൻ ഒന്നു കുളിച്ചിട്ട് വരാം...... ആകെ വിയർത്തുപോയി....... അതും പറഞ്ഞ് അവളെ നോക്കി ഒരു ചിരിയും ചിരിച്ച് മുകളിലേക്ക് കയറി പോയ ആളെ വീണ്ടും ആവേശത്തോടെ മിഴികൾ പിന്തുടരുന്നുണ്ടായിരുന്നു, പിറന്നാൾ ആഘോഷത്തിന്റെ അലങ്കാരങ്ങളിൽ എല്ലാരും കൂടിയപ്പോഴും മുകളിലേക്ക് പോയ ആളെ മാത്രം താഴേക്ക് കാണുന്നില്ല....... ഇടയ്ക്കിടെ ജാനകിയുടെ കണ്ണുകൾ മുകളിലേക്ക് ചെല്ലും...... അപ്പോഴാണ് ഒരു കൈയിൽ ജ്യൂസുമായി സുഗന്ധി മുകളിലേക്ക് പോകാൻ നിൽക്കുന്നത്...... പെട്ടെന്ന് അരികിലേക്ക് ചെന്നു.... "ആൻറി എവിടെ പോവാ...? " ഹരി രാവിലെ ഒന്നും കഴിച്ചിട്ട് കൂടി ഉണ്ടായിരുന്നില്ല മോളെ.....

കുളി കഴിഞ്ഞിട്ട് ചിലപ്പോൾ ഇറങ്ങിയിട്ടുണ്ടാകും..... കുറച്ചു ജ്യൂസ് കൊടുക്കാം എന്ന് കരുതി...... , " ഞാൻ കൊടുക്കാം ആന്റി .... പെട്ടെന്ന് സുഗന്ധിയുടെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങി...... എങ്ങനെയെങ്കിലും ആളെ ഒന്ന് കണ്ടാൽ മതിയായിരുന്നു, ഹൃദയത്തിന് അത്ര ക്ഷമ നശിച്ചു കഴിഞ്ഞിരുന്നു...... ആ സാന്നിധ്യം അരികിലുള്ളപ്പോൾ ഒക്കെ എപ്പോഴും അരികിൽ ഇരിക്കാൻ തോന്നുകയാണ്........ " എങ്കിൽ പിന്നെ മോള് തന്നെ കൊണ്ട് കൊടുത്തേക്ക്.... അത് പറഞ്ഞു സുഗന്ധി അടുക്കളയിലേക്ക് പോയപ്പോൾ മെല്ലെ പടികൾ കയറി, ഹൃദയം അതിന്റെ പരിഭ്രമം അറിയിച്ചു ശക്തിയായി മിടിച്ചു തുടങ്ങി..... ഡോർ അടച്ചിട്ടിരിക്കുകയാണ്, ഒന്നു കൊട്ടി......

ഹരിയേട്ടൻ തന്നെ തുറന്നു, ഒരു ലൈറ്റ് ബ്ലൂ ഷർട്ടും കാവി മുണ്ടും ആണ് വേഷം..... കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് വരാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി.....തന്നെ കണ്ടപ്പോൾ വിടർന്നു ഒന്ന് പുഞ്ചിരിച്ചു...... താനൊരു പുഞ്ചിരി നൽകാൻ മടിച്ചിരുന്നില്ല, " ആൻറി തന്നു വിട്ടതാ...... ജ്യൂസ് നീട്ടി പറഞ്ഞു.... " ഞാൻ താഴെ വരാൻ തുടങ്ങുവായിരുന്നു...... ജ്യൂസ് വാങ്ങി കുടിച്ചു കൊണ്ടിരിക്കുന്നവനോട് ഇനി എന്ത് സംസാരിക്കും എന്ന് അവൾക്ക് ഒരു വല്ലായ്മ തോന്നി...... ഇതുവരെ ഇല്ലാത്ത ഒരു മൗനം തങ്ങൾക്കിടയിൽ നിറയുന്നതു പോലെ....... എന്ത് സംസാരിക്കണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ.....

" അമലിന് നിന്നെ ഇഷ്ടമാണെന്ന് ആണ് പറഞ്ഞത്....... എന്താണെങ്കിലും നാളെ നാട്ടിൽ പോയി കഴിയുമ്പോൾ വീട്ടുകാരെ കൂടി വരും എന്ന് പറഞ്ഞിരിക്കുന്നത്...... പെട്ടെന്ന് സർവ്വ പ്രതീക്ഷകളെയും കീറിമുറിച്ചുകൊണ്ട് ഹരിയുടെ ആ മറുപടി കേട്ടപ്പോൾ ഹൃദയത്തിലേക്ക് ഉയർന്നുവന്ന എല്ലാ പ്രണയവും ഒരു നിമിഷം കൊണ്ട് മങ്ങി തുടങ്ങുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു....... അവളുടെ മാറിയ മുഖം കണ്ടപ്പോൾ തന്നെ ഹരിക്കും അതിൻറെ അർത്ഥം മനസ്സിലായിരുന്നു...... " നീ ഇപ്പോഴും നിന്റെ വൺവെ ലവ് ഓർത്തിരിക്കുവാണോ....?

ചെറിയ തമാശയോടെ ഹരി അത് ചോദിച്ചപ്പോൾ അവളുടെ മുഖം അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു...... " മോളെ ഈ ഒരു പ്രായത്തിൽ പെൺകുട്ടികൾക്ക് കൂടെ പഠിക്കുന്ന പുരുഷന്മാരോടൊ സീനിയർ ആയിട്ടുള്ള ആളുകളോടോ ഒക്കെ ഒരു താല്പര്യം തോന്നി...... തോന്നണം......!! അങ്ങനെയാണ് സംഭവിക്കുന്നത്, അത് പ്രകൃതിയുടെ ഒരു നിയമമാണ് ...... അതിൽ നമുക്ക് തെറ്റ് പറയാൻ സാധിക്കില്ല...... നിനക്കും അങ്ങനെ ഒരു ഇഷ്ടം തോന്നി...... പക്ഷെ അത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല...... അതിനുമപ്പുറം മറുപ്പുറം അറിയുമ്പോൾ അയാൾ അംഗീകരിക്കില്ല എന്ന് നീ പറയുന്നു......

അപ്പോൾ അംഗീകരിക്കില്ലെന്ന കാര്യം നിനക്ക് ഉറപ്പാണ്....... പിന്നെയും നീ അയാളെ സ്നേഹിക്കേണ്ട കാര്യമുണ്ടായിരുന്നോ....? ഇതിപ്പോ അത്രക്കൊന്നും വലുതായിട്ട് ഇല്ലല്ലോ...., നിൻറെ മനസ്സിൽ ഒരു ഇഷ്ടം തോന്നി അതു പറയാൻ നിനക്ക് കഴിയുന്നുമില്ല... അയാൾ അറിഞ്ഞാൽ അത് സമ്മതിക്കുകയുമില്ല.... പിന്നെ നീ ആ ഇഷ്ടത്തിനെ ഒരുപാട് വളർത്തി വലുതാക്കാൻ നിൽക്കണ്ട..... അതിലും നല്ലത് നമ്മുടെ വീട്ടുകാരുടെ ഇഷ്ടത്തിനൊത്ത് ഒപ്പം നിൽക്കുന്നതല്ല മോളെ......? ഏട്ടൻ ഉപദേശിക്കുവല്ല...... പ്രണയിക്കുന്ന ആളുകൾക്ക് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമാണ് ഉപദേശം എന്ന് പറയുന്നത്....... അതുകൊണ്ട് നിന്നെ ഉപദേശിക്കാൻ അല്ല ഞാൻ നോക്കുന്നത്, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാനാണ്.......

രണ്ടുഭാഗത്തും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ അവിടെ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു...... ഇപ്പൊൾ ഇഷ്ടം നിന്റെ ഭാഗത്ത് മാത്രമാണ്...... അയാൾക്ക് അത് അറിയുകപോലുമില്ല ...... അതുകൊണ്ട് വീണ്ടും അതുതന്നെ ആലോചിച്ചിരുന്നിട്ട് യാതൊരു അർത്ഥവുമില്ല .... ചേട്ടൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നില്ലേ. .? അവളുടെ തോളിൽ കൈയ്യിട്ട് അവളെ ചേർത്തു പിടിച്ച് അവനോട് പറഞ്ഞപ്പോൾ അറിയാതെയുള്ള അവന്റെ സ്പർശത്തിൽ പോലും അവൾ കണ്ടെത്തിയ പ്രണയത്തിൻറെ മധുരമായിരുന്നു എന്ന് അവൻ അറിഞ്ഞിരുന്നില്ല......

താഴേക്കിറങ്ങി അവളോടൊപ്പം വരുമ്പോഴും അവളുടെ മനസ്സ് മാറ്റുന്നതിനുള്ള വിഫല ശ്രമങ്ങൾ നടത്തുകയായിരുന്നു അവൻ...... പക്ഷേ അവളുടെ മനസ്സിൽ അവൻ പറയുന്നത് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല, അവളുടെ മിഴികൾ അപ്പോഴും അവനിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു...... തന്റെ മുഖത്തേക്ക് കൗതുകപൂർവം നോക്കുന്ന പെണ്ണിനെ കണ്ടപ്പോൾ കാര്യം എന്താണെന്ന് ശ്രീഹരിയും മനസ്സിലായിരുന്നില്ല...... "ഹരി, ജാനി, വാ കേക്ക് മുറിക്കാം....... സുഗന്ധിയുടെ വിളിച്ചു പറച്ചിലാണ് രണ്ടുപേരെയും യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത് തന്നെ......

തന്നെ കാണുമ്പോൾ വാതോരാതെ സംസാരിക്കുന്ന ഈ പെണ്ണിന് എന്തുപറ്റി എന്ന ഒരു സംശയം അവനിലും ആ നിമിഷം വേരുറച്ചിരുന്നു...... കുറച്ചു നാളുകളായി അവളിൽ മാറ്റങ്ങളുടെ അർത്ഥങ്ങൾ തേടുകയായിരുന്നു അവനും...... കലപില സംസാരത്തിൽ തന്നോട് സംസാരിക്കുന്ന ജാനകിയിൽ നിന്നും പക്വത ഉള്ള ഒരു പെൺകുട്ടിലേക്ക് അവൾ മാറിയത് പോലെ അവനു തോന്നി..... അധികം സംസാരങ്ങൾ ഇല്ല..... തന്റെ അരികിൽ വന്നാൽ തന്നെ കുറെ സമയം തന്നെ നോക്കി നിൽക്കാൻ ആണ് അവൾക്ക് താല്പര്യം ...... തന്റെ കണ്ണുകളിൽ നോക്കുമ്പോൾ തന്നെ ഒരു പ്രത്യേക തിളക്കം പോലെ.....

ഒരു പക്ഷേ തൻറെ സഹായം അവൾ ആഗ്രഹിക്കുന്നുണ്ടാകും, അയാളോടെ ഇഷ്ടം പറയാൻ..... ആ ഒരു അനുമാനത്തിൽ ആയിരുന്നു അപ്പോഴും അവൻ എത്തിയിരുന്നത്..... കത്തിച്ചുവച്ച മെഴുകുതിരികൾ ഊതി കെടുത്തി പിറന്നാൾ കേക്ക് മുറിച്ചു, ശ്രീവിദ്യയും ശ്രീദേവും,കേക്ക് മുറിച്ചു ആദ്യം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കേക്കുകൾ പങ്കുവെച്ചു..... അതിനുശേഷം ഓരോരുത്തർക്കായി നൽകി...... പിന്നീട് അവരുടേതായി സമയം മൂന്നുപേരും ഓരോന്ന് പറയുന്നതിനിടയിൽ തിരികെ കയറി പോകാൻ തുടങ്ങിയ ശ്രീഹരിയെ മൂന്നാളും ചേർന്ന് പിടിച്ചു നിർത്തി പിന്നീട് വർത്തമാനങ്ങളും സന്തോഷങ്ങളും ആയി നിമിഷങ്ങൾ പോയി.....

അതിനിടയിൽ വിദ്യ ആണ് പറഞ്ഞത്..... "ഹരിയേട്ടൻ കേട്ടിട്ടില്ലല്ലോ ജാനി നന്നായി പാട്ടുപാടും...... ഇന്ന് ഞങ്ങളുടെ പിറന്നാൾ ആണ് ഞങ്ങൾക്ക് വേണ്ടി ഒരു പാട്ട് പാടിക്കേ.... " അയ്യേ ഇപ്പോഴോ.....? അവൾക്ക് നാണം ആയി ... "ഇതാണ് ഏറ്റവും നല്ല സമയം... ശ്രീദേവ് കൂടി പറഞ്ഞു...... "വേണ്ട ചേട്ടാ മറ്റൊരിക്കൽ ആവാം...... ഞങ്ങളുടെ പിറന്നാൾ അല്ലേ ഞങ്ങൾക്ക് സമ്മാനം തരേണ്ടത് ഇന്നാണ് .... ഇത് ഞങ്ങൾ അങ്ങോട്ട് ചോദിക്കുന്ന സമ്മാനം..... നിന്റെ ഒരു അടിപൊളി പാട്ടിന്റെ ഓഡിയോ ഇപ്പോഴും എൻറെ ഫോണിൽ കിടപ്പുണ്ട്....... ഹരിയേട്ടൻ ഇതു വരെ കേട്ടിട്ടില്ലല്ലോ നീ ഒന്ന് പാടിക്കേ..... " അത്ര നന്നായി പാടും എങ്കിൽ ഒന്ന് പാട് എന്റെ ജാനികുട്ടി....

ഹരി പറഞ്ഞതോടെ അവൾക്ക് തള്ളാൻ വയ്യാത്ത അവസ്ഥയായി...... " ഇവിടെ നിൽക്കുന്നതാണ് ബുദ്ധിമുട്ടാണെങ്കിൽ നമ്മുക്ക് ടെറസിന് മുകളിലേക്ക് പോകാടി, അപ്പോൾ നമ്മൾ നാലു പേർ മാത്രമേ ഉണ്ടാവൂ.... ശ്രീദേവിന്റെ ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു...... അങ്ങനെ നാലാളും ടെറസിൽ മുകളിലേക്ക് ചെന്നു, "ഇനി പാട്.... ശ്രീവിദ്യ പറഞ്ഞപ്പോൾ ഒരു നിമിഷം കണ്ണുകൾ അടച്ച് ആ കണ്ണുകൾക്കുള്ളിൽ ശ്രീഹരിയുടെ മുഖം മാത്രം വരുത്തി ജാനകി പാട്ടു പാടാൻ തുടങ്ങി................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story