സ്നേഹദൂരം.....💜: ഭാഗം 12

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ശ്രീവിദ്യ പറഞ്ഞപ്പോൾ ഒരു നിമിഷം കണ്ണുകൾ അടച്ച് ആ കണ്ണുകൾക്കുള്ളിൽ ശ്രീഹരിയുടെ മുഖം മാത്രം വരുത്തി ജാനകി പാട്ടു പാടാൻ തുടങ്ങി....... 🎶🎶 ഞാനറിഞ്ഞു... ഞാനറിഞ്ഞു... പ്രിയനവനെന്നിലെ സ്നേഹമെന്ന്... ഞാനറിഞ്ഞു... ഞാനറിഞ്ഞു... പ്രിയനവനെന്നിലെ സ്നേഹമെന്ന്... അവനെന്നിലുണരും രാഗമെന്ന് താളമെന്ന്... ആത്മ ദാഹമെന്ന്... ചിറകു വിരിക്കുമെന്‍ സ്വപ്നമെന്ന്... എന്നും അവനെന്റെ സ്വന്തമെന്ന്... കുയിലേ... പൂങ്കുയിലേ... കണ്ടോ നീയെന്‍ ഗായകനേ... ഞാനറിഞ്ഞു... ഞാനറിഞ്ഞു... പ്രിയനെന്നിലുണരും മോഹമെന്ന്... ഞാനറിഞ്ഞു....ഞാനറിഞ്ഞു... പ്രിയനെന്നിലുണരും മോഹമെന്ന്... എന്നുമെൻ ജീവന്റെ ജീവനെന്ന്... കണ്മുന്നില്‍ കാണും ദേവനെന്ന്... ഹൃദയം കവർന്നൊരെൻ തോഴനെന്ന്... എന്നും അവനെന്റെ സ്വന്തമെന്ന്... കാര്‍മുകിലേ... കാര്‍മുകിലേ... കണ്ടോ നീയെന്‍ കാര്‍വര്‍ണ്ണനെ... കുയിലേ...പൂങ്കുയിലേ ... 🎶🎶

ഓരോ വരികളും അവൻറെ മുഖത്തേക്ക് നോക്കി ആയിരുന്നു അവൾ പാടിയിരുന്നത്....... ചില വരികൾ വരുമ്പോൾ മാത്രം ഒരു പ്രത്യേകതയോടെ അവളുടെ കണ്ണുകൾ തിളങ്ങി നിൽക്കുന്നത് ശ്രീഹരിയിൽ തന്നെയാകും..... ഇത് പലവട്ടം ആവർത്തിച്ചപ്പോൾ ശ്രീഹരിക്കും ഒരു വല്ലായ്മ തോന്നിയിരുന്നു...... ആ വരികളുടെ അർഥവും അവളുടെ നോട്ടത്തിന്റെ ഭാവവും അവനിൽ എന്തൊക്കെയൊ സംശയങ്ങൾ ജനിപ്പിച്ചിരുന്നു.......

പാട്ട് കഴിഞ്ഞതും ആ മിഴികൾ ആരാധനയോടെ അവനിൽ തന്നെ കുടുങ്ങി കിടന്നിരുന്നു..... " എങ്ങനെയുണ്ടായിരുന്നു ഹരിയേട്ടാ....? ഇവൾ പാടുന്നത് കേട്ടാൽ ശരിക്കും ആർക്കും ഒന്ന് പ്രേമിക്കാൻ തോന്നും....... അതുപോലെ ഫീലിൽ ആണ് പാടുന്നത്....... ശ്രീവിദ്യ പറഞ്ഞപ്പോഴും ശ്രീഹരി ഒന്നും സംസാരിച്ചിരുന്നില്ല........ അവളുടെ മുഖ ഭാവങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിൽ ആയിരുന്നു ആ നിമിഷവും ശ്രീഹരി...... " ചേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ...... ശ്രീദേവ് കൂടി ചോദിച്ചപ്പോഴാണ് ശ്രീഹരി യാഥാർത്ഥ്യത്തിലേക്ക് വന്നത്...... മനസ്സിൽ എന്തോ ഒരു ഭാരം പോലെ അവന് തോന്നിയിരുന്നു......

" നന്നായിരുന്നു....നന്നായിട്ട് പാടി..... അത്രയും പറഞ്ഞ് ഒന്നും മിണ്ടാതെ അവന് തിരികെ മുറിയിലേക്ക് പോയപ്പോൾ ജാനകിക്ക് ഒരു വേദന തോന്നിയിരുന്നു....... അവൻറെ ആ ഒരു മാറ്റത്തിന്റെ കാരണം അറിയാതെ ശ്രീദേവും വിദ്യയും നിന്നിരുന്നു........ എന്നാൽ അപ്പോഴേക്കും ആകുലതകൾ നിറഞ്ഞ തുടങ്ങി ജാനകിയിൽ..... തന്റെ പ്രവർത്തിയിൽ ശ്രീഹരിക്ക് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാകുമോ എന്ന ഭയം ആയിരുന്നു അവളിൽ നിറഞ്ഞിരുന്നത്........... കുറച്ച് സമയങ്ങൾ ആയി താൻ എത്ര ശ്രമിച്ചിട്ടും തൻറെ പ്രണയത്തെ ഉള്ളിൽ തടുത്തുനിർത്താൻ തനിക്ക് സാധിക്കുന്നില്ല എന്ന സത്യം കൂടി അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു......

. അത് പുറത്തേക്ക് വരുകയാണ്..... എത്ര ശ്രമിച്ചിട്ടും ഹരിയുടെ അരികിൽ ചെന്ന് നിൽക്കുമ്പോൾ മറ്റൊരാളായി പോവുകയാണ്...... ആ നിമിഷം അവനിൽ നിന്നും കണ്ണുകൾ എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയുന്നില്ല......... ഒരു പുരുഷൻറെ മുൻപിൽ ഒരു പെൺകുട്ടി ഇത്രയുമൊക്കെ ചെയ്യുമ്പോൾ എന്താണെങ്കിലും അയാൾക്ക് ഒരു സംശയം തോന്നുന്നത് സ്വാഭാവികമാണ്...... അങ്ങനെ തന്റെ പ്രവർത്തിയിൽ ഹരി ചേട്ടൻ എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാവുമൊ എന്ന ഒരു ഭയം അവളെ മൂടി കഴിഞ്ഞിരുന്നു..... മുറിയിലേക്ക് ചെന്നതും ശ്രീഹരിയിലും പല സംശയങ്ങളും ഉണർന്നിരുന്നു.....

എന്തിനാകാം ചില വരികൾ അവൾ തൻറെ മുഖത്തേക്ക് മാത്രം നോക്കി പാടിയത്.....? അവളുടെ മനസ്സിലും നോട്ടത്തിലും എന്തൊക്കെ ഒരു അപാകതകൾ ഉള്ളത് പോലെ അവനു തോന്നി...... ഇല്ല....!! വെറും ചിന്തകൾ ആയിരിക്കാം എന്ന് അവർ വിശ്വസിച്ചു....... പെട്ടെന്നായിരുന്നു ഫോൺ ബെൽ അടിച്ചത്...... എടുത്തു നോക്കിയപ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... ഫോണെടുത്തു ചെവിയോട് ചേർത്തു... "അമൽ പറ മോനേ... "ഹരി ചേട്ടാ ഞാൻ വീട്ടിലേക്ക് പോകുവാ, അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് ഇഷ്ട്ടം ആണ് എന്ന്..... ഞാൻ മാത്രമല്ലേ കണ്ടുള്ളൂ..... എനിക്ക് ജാനകി ഇഷ്ടായി, എനിക്ക് മാത്രം ഇഷ്ട്ടം ആയാൽ പോരല്ലോ....... അച്ഛനും അമ്മയ്ക്കും ഇഷ്ടം ആകണ്ടേ.....?

അവർക്ക് കൂടി ഒന്ന് കാണണം എന്ന്...... അവരോട് ചോദിച്ചിട്ട് എന്നാണ് എന്ന് വച്ചാൽ ഹരിയേട്ടൻ പറയണം...... അതിനെന്താ അമലേ, ഉടനെ തന്നെ പറയാം....... ഞാൻ ഇന്ന് വൈകിട്ട് അമലിനെ വിളിച്ചു പറയാം..... " ശരി ഹരിയേട്ടാ......സൗകര്യമുള്ള ഒരു ദിവസം അധികം താമസിക്കാതെ അച്ഛനോടും അമ്മയോടും അവിടെ വന്ന് കാണാൻ പറയാം..... അത് പറഞ്ഞു ശ്രീഹരി ഫോൺ വെച്ചിരുന്നു....... "ഹരി കുട്ടാ...... പെട്ടെന്ന് താഴെ നിന്നും സേതു വിളിച്ചപ്പോഴാണ് അവൻ താഴേക്ക് ഇറങ്ങി ചെന്നിരുന്നത്...... അപ്പോൾ എല്ലാവരും സദ്യ കഴിക്കാനുള്ള തീരുമാനത്തിലാണ്......

ആ സമയം മനസ്സിൽ വന്നിരുന്ന എല്ലാ ചിന്തകളെയും മറ്റൊരു വഴിയിലേക്ക് വിട്ട് ആഘോഷങ്ങളിൽ എല്ലാരും എത്തിക്കഴിഞ്ഞിരുന്നു...... ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു സേതു പറഞ്ഞത്... " നമ്മുടെ വാസുദേവന്റെ മകൾ ഉണ്ടല്ലോ, ആ കുട്ടിയെ ഒന്ന് പോയി കാണണം എന്ന് നമ്മുടെ രാജീവ്‌ വിളിച്ചു പറഞ്ഞിരുന്നു..... സേതുവിന്റെ വാക്കുകൾ കേട്ട് ഭക്ഷണത്തിൽ നിന്ന് ശ്രെദ്ധ മാറ്റി ശ്രീഹരി.... " വാസുദേവന്റെ മോൾ എന്ന് പറയുമ്പോൾ, സീതയുടെ " അതെ സീതയുടെ അനുജത്തിയുടെ മകൾ തന്നെ... ജയന്തി ചോദിച്ചതിന് മറുപടി പറഞ്ഞു സേതു ... " ഇന്ന് വൈകുന്നേരം അങ്ങോട്ട് പോകാം എന്നാണ് കരുതുന്നത്, ഇപ്പോൾ നിങ്ങൾ ഉണ്ടല്ലോ, അവർ നമുക്കറിയാവുന്ന കൂട്ടരുമാണ്.....

ആ കുട്ടി ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു, ഇന്നലെ അത് വന്നിട്ടുണ്ട്...... അപ്പൊ ഇന്ന് കാണാം എന്ന് പറഞ്ഞു, അവർക്ക് അറിയാം..... പക്ഷേ കുട്ടികൾ തമ്മിൽ കാണണമല്ലോ, നിങ്ങളും കൂടി വന്നിട്ട് പോകാം എന്നാണ് ഹരി പറഞ്ഞത്........ അതുകൊണ്ടാ ഇന്ന് തന്നെ പോയി കാണാം എന്ന് വിചാരിച്ചത്..... ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഗന്ധി ജയന്തിയോട് പറഞ്ഞപ്പോൾ എല്ലാവരും ആ കാര്യങ്ങൾ ഏറ്റു പിടിച്ചിരുന്നു...... ഇടയ്ക്കിടയ്ക്ക് പെൺകുട്ടിയെ പറ്റി പറയാനും തുടങ്ങിയിരുന്നു...... ഭക്ഷണം തൊണ്ടയിൽ നിന്നും താഴേക്ക് പോകാത്ത ഒരു അവസ്ഥയിലായിരുന്നു ജാനകിക്ക്.......

അവളുടെ ഓരോ ഭാവങ്ങളും ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്രദ്ധിക്കുകയായിരുന്നു ശ്രീഹരി....... " ജ്യോതി എന്നാണ് കുട്ടിയുടെ പേര്..... മിടുക്കിയാണ് കാണാൻ...... ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നതെങ്കിലും അത്തരത്തിലുള്ള ഒരു മോഡേൺ സ്വഭാവങ്ങളും ഇല്ല....... പാവം കുട്ടിയാ..... അവിടെ അവരുടെ ബന്ധുക്കൾക്ക് ഒപ്പം ആണ് കുട്ടി താമസിക്കുന്നത്....... ഒരു കുഴപ്പവുമില്ല........ പിന്നെ പ്രായം എന്നുപറയുന്നത് ഒരു 24 വയസ്സ് ഉണ്ട്...... 24 വയസ്സ് ഒന്നും അത്ര ചെറിയ പ്രായം അല്ലല്ലോ..... അതുകൊണ്ട് കാണാൻ പോകാം എന്ന് പറഞ്ഞത്...... ഹരിക്ക് ഇപ്പോൾ 32 വയസ്സ് ഉണ്ടല്ലോ....... 32 ഉം 24ഉം തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല......

രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ അടുത്ത വരവിനു തന്നെ നടത്താം എന്ന് കരുതുന്നത്..... സേതു പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും ഒരു ഉരുള പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു ജാനകി...... അവൾ ഒന്ന് പാളി നോക്കിയപ്പോൾ ശ്രീഹരി ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്....... പക്ഷേ ആ മിഴികൾ അവൾ അറിയാതെ അവളെ തേടുന്നുണ്ട് എന്ന് അവൾ അറിഞ്ഞിരുന്നില്ല......... അവളുടെ ഓരോ മുഖഭാവങ്ങളും ഒരു ഭയത്തോടെ ആയിരുന്നു ശ്രീഹരി നോക്കിക്കണ്ടിരുന്നത്........ താൻ സംശയിക്കുന്നത് ഒന്നും ആയിരിക്കരുത് അവളുടെ ഉള്ളിൽ എന്ന് അവൻ ഹൃദയത്തിൻറെ ഉള്ളിൽ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു......

" എങ്കിപ്പിന്നെ വൈകുന്നേരം പോയി കാണാം...... സുഗന്ധി കൂടി അത് പറഞ്ഞതോടെ അവസാന പ്രതീക്ഷയും അറ്റ അവസ്ഥയിലായിരുന്നു ജാനകി...... അവൾ പെട്ടെന്ന് തന്നെ ഭക്ഷണം മതിയാക്കി എഴുന്നേറ്റു.... "നീ ഒന്നും കഴിച്ചില്ലല്ലോ മോളെ..... സുഗന്ധി പറഞ്ഞു.... "മതി ആന്റി..... തലവേദന പോലെ...... ഇടറിയ ശബ്ദത്തോടെ അവൾ അത് പറഞ്ഞപ്പോൾ ഒരു നിമിഷം ഭക്ഷണത്തിൽ നിന്നും തലയുയർത്തി ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി....... അവൻറെ മുഖത്ത് നോക്കാനുള്ള ധൈര്യം ആ നിമിഷം അവൾക്കുണ്ടായിരുന്നില്ല...... ഭക്ഷണം കഴിച്ച ഇല ചുരുട്ടി എടുത്ത് അതും ആയി അവൾ അടുക്കളയിലേക്ക് പോയി.........

അവളുടെ കണ്ണിൽ നിന്ന് അറിയാതെ ഒരു തുള്ളി എത്ര ശ്രേമിച്ചിട്ടും പുറത്തേക്ക് വന്നുപോയി..... ഭക്ഷണം കഴിഞ്ഞ് അവൾ നേരെ നടുമുറ്റത്തേക്ക് ആണ് പോയത്...... അവിടെ ചെറിയൊരു കുളമുണ്ട്, പർഗോള യിൽ നിന്നും മഴപെയ്യുമ്പോൾ വെള്ളം വീഴുന്നതും ഈ കുളത്തിലേക്ക് ആണ്..... അവിടെ ഇരുന്നപ്പോൾ അവൾക്ക് ചെറിയൊരു സമാധാനം തോന്നിയിരുന്നു...... മനസ്സിൽ ഒരു തണുപ്പ്....... കുറച്ചു കഴിഞ്ഞപ്പോൾ ആണ് അരികിൽ ഒരു സാന്നിധ്യം അറിഞ്ഞത്....... തിരിഞ്ഞുനോക്കിയപ്പോൾ ഏറ്റവും ആഗ്രഹിച്ച ആളെ തന്നെ ആയിരുന്നു അരികിൽ കണ്ടിരുന്നത്...... പെട്ടെന്ന് മിഴികൾ വിടർന്നു...... " നീയെന്താ ഭക്ഷണം കഴിക്കാഞ്ഞത്....?

ആദ്യം ജാനകിയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചത് അതായിരുന്നു...... " തലവേദനയായിരുന്നു ചേട്ടാ..... അവൻറെ മുഖത്തേക്ക് നോക്കാതെയാണ് അവൾ മറുപടി പറഞ്ഞത്....... അവൻ അതിന് വിശദീകരണങ്ങൾ ഒന്നും ചോദിച്ചില്ല..... " തലവേദന ആണെങ്കിൽ കുറച്ചുനേരം കിടക്ക്...... അത് കഴിഞ്ഞിട്ട് പോകാനുള്ളതല്ലേ.......? " ഞാൻ വരുന്നില്ല ചേട്ടാ...... നിങ്ങൾ എല്ലാവരും കൂടി പോയാൽ മതി....... " തലവേദന ആണെങ്കിൽ കുറച്ചുനേരം കിടന്നാൽ മതി..... ഒരു മണികൂർ ആകുമ്പോഴേക്കും മാറിക്കോളും..... വാൽസല്യവും സ്നേഹവും എല്ലാം വിട്ടു ഗൗരവ രീതിയിലായിരുന്നു അവൻറെ സംസാരം ......

ആ ഒരു രീതി അവളിൽ ഭീതി ഉണർത്തിയിരുന്നു...... "ഹരി ചേട്ടാ ഞാൻ ഇവിടെ നിന്നോളാം...... നിങ്ങൾ എല്ലാവരും കൂടെ പോയി കണ്ടിട്ട് ഇഷ്ടമാണെങ്കിൽ ഞാൻ വന്നാൽ പോരേ......? " പറ്റില്ല...... എൻറെ കൂടെ നിങ്ങളെല്ലാവരും വേണം...... അതുകൊണ്ട് നിങ്ങൾ വന്നിട്ട് പോയാൽ മതി എന്ന് തീരുമാനിച്ചത്..... ഏതായാലും നീ കുറച്ചു നേരം പോയി കിടക്കു....... വേദന മാറിയില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം........... അത്രയും പറഞ്ഞ് തിരികെ പോകുന്നവനെ കണ്ടപ്പോഴും അവൾ മനസ്സിൻറെ വേദന നിയന്ത്രിക്കുവാൻ ശ്രമിക്കുകയായിരുന്നു....... എങ്ങനെയാണ് മറ്റൊരു പെൺകുട്ടിയെ കാണാൻ ഹരിയേട്ടനു ഒപ്പം പോകുന്നത് എന്നായിരുന്നു അവൾ ആലോചിച്ചിരുന്നത്.......

വിദ്യയോടൊപ്പം വിദ്യയുടെ മുറിയിൽ പോയി കിടന്നിരുന്നു....... എങ്കിലും അവൾക്ക് സമാധാനം ലഭിച്ചിരുന്നില്ല...... ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവരും എന്ന് അവൾ മനസ്സിൽ പറഞ്ഞു പഠിപ്പിക്കുകയാണ്..... ചിലപ്പോൾ കല്യാണം വരെ കാണേണ്ടി വരും....... അപ്പോഴൊക്കെ അതിനെ ധൈര്യപൂർവ്വം നേരിടാനുള്ള ഒരു മനോബലം തനിക്ക് ഉണ്ടാവണം എന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിക്കുകയായിരുന്നു....... പ്രണയവും ഇഷ്ടവും ഒക്കെ തൻറെ മനസ്സിൽ മാത്രമാണുള്ളത്, ഇതൊന്നും ഹരിയേട്ടന് അറിയുകപോലുമില്ല, തൻറെ ഹരിയേട്ടൻ മറ്റൊരാൾക്ക് സ്വന്തമാകുന്നത് തനിക്ക് സഹിക്കാൻ കഴിയുന്ന കാര്യമായിരിക്കുമോ....?

ഒരിക്കലും അത് തനിക്ക് താങ്ങാൻ കഴിയില്ല, മറ്റൊരാളുടെ മാറിൽ ഹരിയേട്ടനെ താലി ചേർന്നുകിടക്കുന്നു...... ഹരിയേട്ടൻ മറ്റൊരാളെ നെഞ്ചിൽ ചേർക്കുന്നത്.... ഇതൊന്നും തനിക്ക് ചിന്തിക്കാൻപോലും സാധിക്കുന്നതല്ല..... വിവാഹം നടക്കുകയാണെങ്കിൽ ആ പെൺകുട്ടിക്ക് സ്വന്തമാണ് ഹരിയേട്ടൻ...... ഹരിയേട്ടന്റെ എല്ലാ അവകാശങ്ങളും പിന്നെ ആ പെൺകുട്ടിക്ക് മാത്രമാണ്...... ഹരിയേട്ടൻ എപ്പോഴും ആ പെൺകുട്ടിക്കൊപ്പം ആയിരിക്കും, അവളുടെ അരികിൽ ഉറങ്ങി, ചിലപ്പോള് ആ കരങ്ങളിൽ വിശ്രമിച്ച്, അതിനുമപ്പുറം മറ്റൊന്നും അവൾക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.......

ഹരിയേട്ടൻ മറ്റൊരു പെൺകുട്ടിയെ നോക്കുന്നത് പോലും ഇപ്പോൾ തനിക്ക് സഹിക്കാൻ കഴിയില്ല...... അപ്പോൾ എങ്ങനെയാണ് താൻ ഇതൊക്കെ സഹിക്കുന്നത്...... ഒരുവേള എല്ലാം തുറന്ന് പറഞ്ഞാലോ എന്ന് പോലും അവൾ ചിന്തിച്ചു........ പക്ഷേ പിന്നീട് സംഭവിക്കുന്നത്, അതിനെപ്പറ്റി ആലോചിച്ചപ്പോൾ അവൾക്ക് ഒന്നിനും മനസ്സ് വന്നിരുന്നില്ല......കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു അവൾ....... ചെന്നു തുറന്നപ്പോൾ ശ്രീവിദ്യ ആയിരുന്നു, അവൾ അരികിൽ നിന്ന് എഴുനേറ്റ് പോയത് പോലും അറിഞ്ഞില്ല..... " നീ വേഗം റെഡി ആവു, നേരം പോയി... അവൾ പറഞ്ഞു.....

അകത്തേക്ക് കയറി അലമാരയിൽ നിന്നും ഡ്രസ്സ്‌ എടുത്തു കുളിക്കാൻ കയറി..... ഇനി നിമിഷങ്ങൾ മാത്രമേയുള്ളൂ ഹരിയേട്ടൻ മറ്റൊരു പെൺകുട്ടിയെ കാണാൻ പോകാൻ..... ഒരുപക്ഷേ ആദ്യകാഴ്ചയിൽ തന്നെ ഇഷ്ട്ടം ആയാലോ....? വീണ്ടും മനസ്സിൽ ചോദ്യങ്ങൾ തുടങ്ങി....... എന്ത് ചെയ്യും എന്ന് അറിയാത്ത നിമിഷങ്ങളായിരുന്നു അത്....... അവസാനം അവളുടെ പക്വത ഇല്ലാത്ത മനസ്സ് ഒരു തീരുമാനത്തിലെത്തി, ഹരിയേട്ടൻ മറ്റൊരാളുടെ ആകുന്ന നിമിഷം ഈ ഭൂമിയിൽ നിന്നും ജാനകി ഇല്ലാതെയാകും....... ഹരി ചേട്ടനോടൊപ്പം അല്ലാതെ തനിക്ക് ജീവിക്കാൻ സാധിക്കില്ല...... ചിലപ്പോൾ പക്വതയില്ലാത്ത ഒരു പെൺകുട്ടിയുടെ ഒരു തീരുമാനം മാത്രമായി അത് മാറിയേക്കാം, പക്ഷേ അവളെ സംബന്ധിച്ചിടത്തോളം ആ പ്രണയം അവളുടെ ഹൃദയമായിരുന്നു......

രണ്ടുംകൽപ്പിച്ച് പോകാനായി അവൾ തയ്യാറായി...... അങ്ങോട്ടുള്ള യാത്രയിൽ അവൾ മൗനമായിരുന്നു....... ശ്രീദേവും വിദ്യയും ഓരോന്ന് പറഞ്ഞു ചിരിക്കുമ്പോഴും മൊബൈലിൽ മാത്രം നോക്കി മറ്റു കാര്യങ്ങളിൽ മുഴുകാൻ ആയിരുന്നു ജാനകി ശ്രദ്ധിച്ചിരുന്നത്...... ശ്രീഹരി അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു...... അവളുടെ പ്രവർത്തികളും ഇത്തരം രീതികളുമൊക്കെ അവനിൽ വല്ലാത്ത ഒരു അസ്വസ്ഥത നിറച്ചിരുന്നു...... അവൻറെ മനസ്സിൽ ഒരു ചെറിയ സംശയത്തിന്റെ തരി വീണ് തുടങ്ങുകയായിരുന്നു...................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story