സ്നേഹദൂരം.....💜: ഭാഗം 13

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവളുടെ പ്രവർത്തികളും ഇത്തരം രീതികളുമൊക്കെ അവനിൽ വല്ലാത്ത ഒരു അസ്വസ്ഥത നിറച്ചിരുന്നു...... അവൻറെ മനസ്സിൽ ഒരു ചെറിയ സംശയത്തിന്റെ തരി വീണ് തുടങ്ങുകയായിരുന്നു...... മനസ്സിലൂടെ ശരവേഗം ഒരു മിന്നൽ കടന്നുപോയി....... എന്തായിരിക്കും അവളുടെ മാനസിക വിഷമം.....? അവന്റെ മനസ്സും അസ്വസ്ഥമായി...... മനസ്സിൽ തോന്നിയ സംശയങ്ങൾ എല്ലാം പല രീതിയിൽ അവൻ വഴിതിരിച്ചുവിട്ടു......... വിദ്യയെ പോലെ തന്നെ ആയിരുന്നു അവൾ തനിക്ക്...... അതുപോലെ കൊണ്ടുനടന്ന് വളർത്തിയ കുട്ടിയാണ്......... വിദ്യയെക്കാൾ കൂടുതൽ സ്നേഹിച്ചിട്ട് ഉള്ളവളാണ്.......

അവൾ ഒരിക്കലും മോശം രീതിയിൽ ആരെപ്പറ്റിയും ചിന്തിക്കില്ല എന്ന തന്നെയായിരുന്നു ശ്രീഹരി വിശ്വസിച്ചിരുന്നത്........ ഒരുപക്ഷേ ഇഷ്ടമില്ലാത്ത വിവാഹം നടത്തുന്നത് കൊണ്ടായിരിക്കാം അവളുടെ മുഖത്ത് ഇങ്ങനെ ഒരു വിഷമം എന്നും അവൻ ഊഹിച്ചു......... അവളുടെ വിവാഹം കഴിയുമ്പോൾ എല്ലാ പരിഭവങ്ങളും മാറിക്കൊള്ളും, അവൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ആലോചനയാണ് അമലിന്റെ, ഏറ്റവും നല്ല കുടുംബവും, തനിക്കറിയാവുന്ന ചെറുപ്പക്കാരനാണ് അമൽ എന്നതും അവനിൽ ഒരു സമാധാനം നിറച്ചു........ ഓരോന്ന് ചിന്തിച്ച് പെൺകുട്ടിയുടെ വീട് എത്തിയത് പോലും അവൻ അറിഞ്ഞില്ല.......

വീട് എത്തിയപ്പോൾ തന്നെ മുറ്റത്തേക്ക് ഇറങ്ങി ശ്രീഹരിയെയും വീട്ടുകാരെയും സ്വീകരിക്കുവാൻ എല്ലാവരും ഉണ്ടായിരുന്നു....... കാർന്നോൻമാർ എല്ലാം എന്തൊക്കെയോ ചില നാട്ട് വർത്തമാനങ്ങൾ കഴിഞ്ഞ് ആണ് വീടിനുള്ളിലേക്ക് കയറിയത്......... എല്ലാവരും പ്രതീക്ഷിച്ച മുഖം കാണാൻ ആകാംക്ഷയോടെ അകത്തേക്ക് നോക്കിയിരുന്നു....... കുറേസമയം നീണ്ടുനിന്ന വർത്തമാനങ്ങൾക്കും കുശലാന്വേഷണങ്ങൾക്കും ശേഷം പെൺകുട്ടിയുടെ അച്ഛൻ അവളെ വിളിക്കാം എന്ന് പറഞ്ഞു എന്ന് ഉറക്കെ ആരോ വിളിച്ച് പറഞ്ഞു......

അപ്പോഴേക്കും സാധാരണ പെണ്ണുകാണൽ സ്റ്റൈലിൽ തന്നെ ഒരു ട്രെയിൻ ചായ പിടിച്ച് ഒരു ദാവണിയും അണിഞ്ഞ ഒരു നാടൻ സുന്ദരി അവിടേക്ക് രംഗപ്രവേശനം ചെയ്തു............ ഒറ്റനോട്ടത്തിൽത്തന്നെ ശ്രീഹരിക്ക് അവളെ ഇഷ്ടമായിരുന്നു, നീണ്ടനാസികയും നിതംബം മൂടിക്കിടക്കുന്ന മുടിയും അവൻറെ ഭാര്യ സങ്കൽപങ്ങളിൽ നിറഞ്ഞുനിന്ന എല്ലാ ഗുണങ്ങളും ഉള്ള ഒരു സുന്ദരി....... ഒരു പുഞ്ചിരി അവൻറെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നു........ ആ പെൺകുട്ടിയെ കണ്ട നിമിഷം മുതൽ ജാനകി അസ്വസ്ഥയായിരുന്നു...... അവളെ ഒന്ന് അടിമുടി നോക്കി ജാനകി...... ഒറ്റനോട്ടത്തിൽ ഹരി ചേട്ടന് നല്ല ചേർച്ച ആണ്.

ചേട്ടനോടൊപ്പം തന്നെ നിറവും ഉണ്ട്....... ആ ഒരു നിമിഷം തന്നെ അവൾ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി, ആരും കാണാതെ ഒരു പുഞ്ചിരി പെൺകുട്ടിക്ക് ഹരി സമ്മാനിച്ചപ്പോൾ പെൺകുട്ടി നിറഞ്ഞ ചിരി തന്നെ ശ്രീഹരിക്ക് കൊടുത്തു....... ആ മുഖത്തു നിന്നും ജാനകിക്ക് അവന്റെ മനസ്സ് വ്യക്തമായിരുന്നു........ നെഞ്ചിൽ ഒരു ഭാരം പോലെ ജാനകിക്ക് തോന്നി....... തന്റെ മുൻപിലിരുന്ന് മറ്റൊരു പെൺകുട്ടിയെ പ്രണയത്തോടെ നോക്കുന്ന ഹരി ചേട്ടൻ, വല്ലാത്ത വേദന..... എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തോന്നി അവൾക്ക് ........ അവളുടെ മനസ്സ് ആ മുറിയിലെ കാഴ്ച കണ്ടിരിക്കാൻ ആഗ്രഹിച്ചില്ല......

ചായ കൊടുത്ത് ജ്യോതി പിന്തിരിഞ്ഞു നടന്നു പോയപ്പോഴും ശ്രീഹരിയുടെ മനസ്സ് നിറഞ്ഞു എന്ന് കണ്ട് നിന്ന എല്ലാവർക്കും മനസ്സിലായിരുന്നു. " കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കണം എങ്കിൽ ആയിക്കോട്ടെ...... ശ്രീഹരിയുടെ അച്ഛൻ പറഞ്ഞപ്പോൾ ഉത്സാഹത്തോടെ തന്നെ ശ്രീഹരി എഴുന്നേറ്റു....... ജാനകിയുടെ ചങ്ക് പിടഞ്ഞു പോയ കാഴ്ചയായിരുന്നു അത്...... ഒരു നിമിഷം പോലും അവിടെ പിന്നീട് ഇരിക്കുവാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്നു പറയുന്നതായിരിക്കും സത്യം...... ഒരു നിസ്സഹായ അവസ്ഥ തന്നെ വലയം ചെയ്യുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു തുടങ്ങി........ താനെന്തു ചെയ്യും....? ആരോടു പറയും......?

അവൾക്ക് ഒന്നും അറിയില്ലായിരുന്നു, എല്ലാവരും ബാക്കി കാര്യങ്ങൾ പറയുമ്പോഴും ജാനകിയെയും ജയന്തിയെയും ഒക്കെ ആ വീട്ടുകാർക്ക് മുന്നിൽ പരിചയപ്പെടുത്തി കൊടുക്കുമ്പോഴും എല്ലാം ജാനകിയുടെ കണ്ണുകൾ മുറ്റത്തെ അരളി മരച്ചുവട്ടിനു മുൻപിൽ നിന്ന് ആ പെൺകുട്ടിയോട് സംസാരിക്കുന്ന ശ്രീഹരിയിൽ ആയിരുന്നു....... ചിരിച്ചു കൊണ്ടാണ് ഹരിയുടെ സംസാരം..... ആ പെൺകുട്ടിയും എന്തൊക്കെയോ അതേ രീതിയിൽ തന്നെ സംസാരിക്കുന്നുണ്ട്......... ആ ചിരിയിലും സംസാരത്തിലും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ശ്രീഹരിക്ക് ആ പെൺകുട്ടിയെ ഇഷ്ടമായി എന്ന് തന്നെ........

വേദന കൊണ്ട് തൻറെ മനസ്സ് വല്ലാതെ അലമുറയിടുന്നതുപോലെ......... ഒന്ന് പൊട്ടിക്കരയാൻ ആഗ്രഹിക്കുന്നുണ്ട് പക്ഷേ സാഹചര്യം സാധിക്കുന്നില്ല....... എന്താണ് ചെയ്യുക വിടരും മുൻപേ കൊഴിഞ്ഞു പോകുന്ന തന്റെ പ്രണയത്തെപ്പറ്റി ആരോടാണ് പരാതി പറയുക.....? സഹിക്കാൻ കഴിയുന്നില്ല എന്ന് മാത്രമേ ചിന്തിക്കാൻ സാധിക്കു...... ഇത്രമേൽ സ്നേഹിച്ചു പോയിരുന്നു എന്ന് ആ നിമിഷം ആണ് അവൾ അറിഞ്ഞിരുന്നത്....... എന്തിനാണ് ഹൃദയം ഇത്രമേൽ നിണം ചിന്തുന്നത്......? അത്രമാത്രം ഇഷ്ടം ആയിരുന്നൊ.....? അപ്പോൾ ഇത്രകാലവും തനിക്ക് ശ്രീഹരിയൊടെ ഉണ്ടായിരുന്നത് പ്രണയമായിരുന്നൊ എന്ന് പോലും ഒരു മാത്ര അവൾക്ക് സംശയം തോന്നി തുടങ്ങിയിരുന്നു........

അല്ല ഏതോ ഒരു നിമിഷം മാത്രം ആണ് മനസ്സ് കടിഞ്ഞാൺ ഇല്ലാതെ അവനിലേക്ക് അടുത്തതും....... ഏതോ ഒരു നിമിഷം അവനോട് പ്രണയം തോന്നി തുടങ്ങി....... പക്ഷെ ആ നിമിഷം മുതൽ ഈ നിമിഷം വരെ അത്രയും പരിശുദ്ധിയോടെ തന്നെ തൻറെ പ്രണയത്തെ താൻ കാത്തുസൂക്ഷിക്കുന്നു........ ഒരിക്കൽ ആ ഹൃദയം മറ്റൊരാൾക്ക് സ്വന്തമാക്കുമെന്ന പൂർണ ഉറപ്പോടെ ആയിരുന്നു സ്നേഹിച്ചത്.......... തനിക്കൊരിക്കലും ഹരിയെ ലഭിക്കില്ല എന്ന ഉറപ്പോടെ....... പക്ഷേ മറ്റൊരാളോടൊപ്പം ചിന്തിക്കാൻ പോലും തനിക്ക് സാധിക്കുന്നില്ല........ ഒരു നിമിഷം കണ്ണുകൾ അറിയാതെ നിറഞ്ഞു...... ആരും കാണാതെ ആ കണ്ണുനീരിനെ അവൾ ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞിരുന്നു......... എൻറെ ഹൃദയം നിന്നോടുള്ള പ്രണയത്താൽ തുളുമ്പുക ആണെന്ന്, എന്നാണ് നീ അറിയുക.........?

എൻറെ പ്രണയത്തിൻറെ പുഴയിൽ എന്നാണ് നീ മഴയായി പെയ്യുക.....? ഒരുപക്ഷേ വിടരും മുൻപേ കൊഴിഞ്ഞു പോകാൻ വിധിച്ച എൻറെ പ്രണയം, ആ പ്രണയം ഒരു മരുഭൂമി പോലെ വരണ്ടു പോകും, ഒരിക്കലും അതിലേക്ക് ഒരു പ്രണയ വർഷമായി നീ വരില്ലായിരിക്കാം, പക്ഷേ ആരും കാണാതെ ആരോടും പറയാതെ എൻറെ മനസ്സിൽ ഒരു ചെപ്പിൽ സൂക്ഷിച്ചു വെക്കുവാൻ ഉള്ള അവകാശം ഉണ്ടല്ലോ, അവർ സ്വയം ചിന്തിക്കുകയായിരുന്നു....... പക്ഷേ ഈ കാഴ്ച അത് തൻറെ ഹൃദയത്തെ വല്ലാതെ മുറിവേൽപ്പിക്കുന്നു, പ്രണയം സ്വാർത്ഥമാണ് ഒരിക്കലും ഒരു പ്രണയിനിക്കും സഹിക്കാൻ കഴിയാത്ത ഒരു കാഴ്ചയാണ്......... പക്ഷേ താൻ അശക്ത ആണ് .......

ഹൃദയത്തോട് ചേർന്നു എന്നും ശ്രീഹരി എന്ന് പ്രണയതൂലികയാൽ താൻ എഴുതി......... അവന്റെ കൈകളിൽ ചേർന്ന് മരണം പുൽകാൻ ആണ് തന്റെ ആഗ്രഹം........ പക്ഷേ അത് തൻറെ ആഗ്രഹം മാത്രമായി അത് അവശേഷിക്കും.......... ഞാൻ നൽകിയ പ്രണയത്തെ നീയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്, എപ്പോഴെങ്കിലും ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ നീയും ആഗ്രഹിച്ചിരുന്നു എങ്കിൽ...... ഒരിക്കലും സാധിക്കില്ല എന്ന വിശ്വാസത്തോടെ തന്നെ ഞാൻ അങ്ങനെ ആഗ്രഹിച്ചുപോകുന്നു...... മനസും ശരീരവും തളർന്ന ഈ നിമിഷം അരുമയായി നിന്റെ കരങ്ങൾ ഒന്ന് പുൽകിയെങ്കിൽ, മനസ്സിൽ പല ചിന്തകളും കൂട് കൂട്ടി.......

ശരീരം വല്ലാതെ വിറക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു. ....... ഒരിക്കലും ഒരു പ്രണയിനി കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ചയാണ് കണ്മുന്നിൽ........ കുറച്ചു സമയങ്ങൾക്കു ശേഷം ശ്രീഹരി കയറി വന്നപ്പോഴും ഒരുമാതിരി പ്രതികാരം നിറഞ്ഞ രീതിയിൽ തന്നെ ജ്യോതിയെ നോക്കി പോയിരുന്നു ജാനകി......... ആ നിമിഷം തന്നെ അവളുടെ മനസ്സിനെ അവൾ വിലക്കി...... തന്നോട് എന്ത് തെറ്റാണ് ആ പെൺകുട്ടി ചെയ്തത്......? തെറ്റ് ചെയ്തത് താനാണ്..... താൻ മാത്രം....!! സഹോദരിയുടെ സ്ഥാനത്തെ തന്നെ കണ്ട ഒരുവനെ മറ്റൊരു നിറമോടെ കണ്ടത് താനാണ് .......... തെറ്റാണ്........ ആർക്ക് കേട്ടാലും തോന്നുന്നത് തെറ്റാണെന്ന് തന്നെ.......

പക്ഷേ പ്രണയത്തിന് അതിരുകൾ ഇല്ലല്ലോ......? ഏതോ ഒരു നിമിഷം താൻ മോഹിച്ചുപോയി, എങ്ങനെയാണ് ആ ഒരു മനസ്സിൽ നിന്നും ഇനി ഒരു മോചനം....... ഒരിക്കലും സാധിക്കില്ല എന്ന് തന്നെയാണ് അതിനുള്ള മറുപടി....... ഒരുപക്ഷേ തന്റെ ആദ്യാനുരാഗം ആയതുകൊണ്ടായിരിക്കാം, ഹൃദയത്തിൽ പതിഞ്ഞു പോയതായത് കൊണ്ടാകാം........ ആദ്യമായി തോന്നിയ ഇഷ്ട്ടം....... ആകർഷണം തോന്നിയ പ്രായത്തിൽ ആദ്യമായി തോന്നിയ പ്രണയം ....... ഇനി മറ്റൊരാൾക്കും ആസ്ഥാനത്തേക്ക് വരുവാൻ പോലും സാധിക്കില്ല, ഒന്നും പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും ഇല്ലാതെ തന്റെ മനസ്സിൽ മാത്രം നിറഞ്ഞു നിന്ന പ്രണയം......

പെൺകുട്ടിയുടെ ആങ്ങള ഗൾഫിൽ ആണ്, അദ്ദേഹം വന്നതിനുശേഷം ബാക്കി വിവരങ്ങൾ തീരുമാനിക്കാമെന്നും ശ്രീഹരിയെ ഭയങ്കര ഇഷ്ടമായി എന്നു പറഞ്ഞു അവർ യാത്രയാക്കി ....... തിരികെ ഉള്ള യാത്രയിൽ ഏവരും സന്തോഷത്തിലായിരുന്നു....... പെൺകുട്ടിയുടെ മുടി മുതൽ കാൽ വരെയുള്ള വർണ്ണന ആയിരുന്നു വണ്ടിയിൽ........ അത് സഹിക്കുവാൻ പോലും അൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല....... പക്ഷേ കേൾക്കുക അല്ലാതെ മറ്റു മാർഗം ഒന്നുമുണ്ടായിരുന്നില്ല........ "ഹരിയേട്ടന് ഇഷ്ട്ടം ആയോ ... ശ്രീദേവ് ഹരിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചപോൾ എന്തായിരിക്കും അവനോട്‌ ഹരിയുടെ മറുപടി എന്ന് അറിയുന്നതിനു വേണ്ടി ആകാംക്ഷയോടെ ജാനകി അവന്റെ മുഖത്തേക്ക് നോക്കി.....

എന്തായിരിക്കും അവൻ മറുപടി എന്ന് അറിയുന്നതിനു വേണ്ടി ആയിരുന്നു ആ നോട്ടം അവളെ ഞെട്ടിച്ചു കൊണ്ട് നിറഞ്ഞ ഒരു പുഞ്ചിരി അവന്റെ ചൊടിയിൽ ബാക്കിയായി....... ജാനകിയുടെ സകല പ്രതീക്ഷകളെയും തകർത്തെറിയാൻ സാധിക്കുന്ന ഒരു പുഞ്ചിരിയായിരുന്നു ശ്രീ ഹരി സമ്മാനിച്ചിരുന്നത്.......... പെൺകുട്ടിയെ ഇഷ്ടമായി എന്ന് തന്നെയാണ് ആ പുഞ്ചിരിയോടെ അവൻ മറുപടി നൽകിയത് എന്നും അവൾക്ക് മനസ്സിലായിരുന്നു...... ഇനി ജീവിക്കുന്നതിൽ തന്നെ അർത്ഥമില്ല എന്നായിരുന്നു ആ നിമിഷം അവൾക്ക് തോന്നിയിരുന്നത്...... അല്ലെങ്കിലും കുട്ടിക്കാലം മുതലേ ഈശ്വരൻ തന്നോട് ചെയ്തിട്ടുള്ളത് എല്ലാം ഇങ്ങനെ ആയിരുന്നു........

ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ കുറവ് എന്ന് പറയുന്നത് അച്ഛൻ ഇല്ലായ്മ തന്നെയാണ്, ആ നിമിഷം മുതൽ താൻ തോൽക്കുകയായിരുന്നു....... ഒരുപക്ഷേ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ അച്ഛൻ ഇങ്ങനെ ചിന്തിക്കാതിരിക്കാൻ സാധ്യതയില്ല എന്ന് അവൾ ഓർത്തു...... അച്ഛന് അത്രയ്ക്ക് ഇഷ്ടമായിരുന്നു ഹരി ചേട്ടനെ....... ഒരു പക്ഷേ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് ധൈര്യമായി തന്നെ തന്റെ ഇഷ്ടത്തെ കുറിച്ച് അച്ഛനോട് പറയാമായിരുന്നു, അച്ഛൻ ചേട്ടനോടും ഹരി ചേട്ടൻറെ വീട്ടുകാരോടും സംസാരിച്ച് ഒരുപക്ഷേ നടത്തി തന്നേനെ....... അച്ഛന് തന്നെ മനസ്സിലാക്കാൻ സാധിച്ചേനെ.......

പക്ഷേ ഈ കാര്യം അമ്മയോട് തനിക്ക് പറയാൻ പോലും സാധിക്കില്ല, അമ്മയുടെ പ്രതികരണം ഓർത്തപ്പോൾ തന്നെ അവളുടെ ഹൃദയം വല്ലാതെ വേദനിക്കാൻ തുടങ്ങിയിരുന്നു..... ഇല്ല ഈ സത്യം തന്നോടുകൂടി മണ്ണ് ആവുക അല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല...... പക്ഷേ ഹരിയേട്ടൻ മറ്റൊരാളുടെ സ്വന്തമാകുന്ന നിമിഷം ജാനകി ഈ ലോകത്ത് നിന്നും വിട പറയും........ ആ കാഴ്ച കാണുവാൻ തനിക്ക് സാധിക്കില്ല എന്ന് കഴിഞ്ഞ കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ മനസ്സിലാക്കിയ സത്യമാണ്...... " നിനക്കിഷ്ടപ്പെട്ടില്ലേ ജാനി......? വിദ്യയുടെ ചോദ്യമാണ് അവളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്.......

എന്താണ് മറുപടി പറയുന്നത് ആ സ്ഥാനത്തേക്ക് വരാൻ ആഗ്രഹിക്കുന്നവളോട് തന്നെ ആണ് ഒരു ഈ ചോദ്യം എന്നോർക്കണം.......... മറുപടിയൊന്നും പറയാതെ ഒരു വരണ്ട ചിരി മാത്രം അവൾ അതിനായി നൽകി......... എന്തുപറ്റി എന്ന് പല ആവർത്തി വിദ്യ ചോദിച്ചപ്പോഴും തലവേദനയാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു...... അവളുടെ ആ സ്വഭാവവും ഹരിയെ വല്ലാത്ത ഒരു അവസ്ഥയായിരുന്നു നിറച്ചിരുന്നത്....... അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് തിരിച്ചുംമറിച്ചും ചിന്തിക്കുകയായിരുന്നു അവൻ ..... അവളുടെ മനസ്സിൽ എന്തോ ഒരു പ്രശ്നമുണ്ടെന്ന് ഹരിക്ക് മനസ്സിലായിരുന്നു...... പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്, ഹരി ഫോണെടുത്ത് കഴിഞ്ഞപ്പോഴേക്കും ചിരിയോടെ എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടിരുന്നു.....

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ ജാനകിയുടെ മുഖത്തേക്ക് നോക്കി ചിരിയോടെ ഹരി പറഞ്ഞു.... " വിളിച്ചത് അമൽ ആടി, അവൻറെ വീട്ടുകാർക്ക് എല്ലാം നിന്റെ ഫോട്ടോ ഇഷ്ടമായി..... നിന്റെയും അവന്റെയും ജാതകം നോക്കാൻ വേണ്ടി കൊടുത്തിരിക്കുകയാണ്, ജാതകം ഒക്കെ ആവുകയാണെങ്കിൽ ഉടനെ തന്നെ അവർ നിന്നെ കാണാൻ വരും, അവളുടെ ഹൃദയത്തെ തകർക്കാൻ കെൽപ്പുള്ള ഒരു വാർത്ത തന്നെയായിരുന്നു അതും...... പക്ഷേ നിസാംഗത അല്ലാതെ പ്രത്യേകിച്ചൊരു ഭാവങ്ങളും അവളിൽ ഉണ്ടായിരുന്നില്ല....... എന്നാൽ ശ്രീദേവിനും ശ്രീവിദ്യയ്ക്കും വലിയ സന്തോഷമായിരുന്നു തോന്നിയിരുന്നത്........ "

അങ്ങനെയാണെങ്കിൽ രണ്ട് കല്യാണവും ഒരു പന്തലിൽ വെച്ച് നടത്തണം, എത്ര രസമായിരിക്കും അതല്ലേ..... വിദ്യ അങ്ങനെ പറഞ്ഞപ്പോഴും യാതൊന്നും പറയാതെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു ജാനകി...... ഇനി എന്താണ് തന്റെ ജീവിതം എന്ന് അറിയാതെ അവളും അവളുടെ മനസ്സിൽ എന്താണെന്ന് അറിയാതെ അവനും..... 💙💙💙💙💙💙💙💙💙💙💙💙💙💙💙 വൈകുന്നേരം വീട്ടിലേക്ക് എത്തിയപ്പോൾ സന്ധ്യയോടെ അടുത്തിരുന്നു, അതുകൊണ്ടുതന്നെ ഇനി ഇവിടെ കിടന്ന് രാവിലെ പോയാൽ മതിയെന്ന് സുഗന്ധി ജയന്തിയോട് പറഞ്ഞു.......

ഒട്ടും തള്ളാൻ സാധിക്കാത്തതു കൊണ്ടും അമലിന്റെ വിവരമറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ജയന്തി....... അതുകൊണ്ട് സമ്മതം നൽകി..... പക്ഷേ ജാനകിയിൽ മാത്രം വല്ലാതെ വേദനയായിരുന്നു......... തൻറെ ജീവിതം താൻ ആഗ്രഹിച്ച ആൾക്കൊപ്പം ജീവിക്കാൻ സാധിക്കില്ലല്ലോ എന്ന വിഷമം ആയിരുന്നു അവളുടെ മനസ്സിൽ നിറയെ........ നേരെ ശ്രീവിദ്യയുടെ മുറിയിലേക്ക് ചെന്നപ്പോൾ ആദ്യം അവൾ ഒരു തോർത്തെടുത്ത് കുളിക്കാനായി പോവുകയായിരുന്നു ചെയ്തിരുന്നത്....... വെള്ളത്തിൻറെ കുളിരിന് മനസ്സിലെ അഗ്നി കെടുത്താൻ കഴിയുന്നില്ല ........ മനസ്സിൽ വീണ്ടും ശ്രീഹരി എന്ന പേര് ഒരു ലിഖിതം പോലെ ഇരിക്കുകയാണ്, ഒരു ഉലയിൽ ഊതി കാച്ചി എന്നതുപോലെ എഴുതി ഇരിക്കുകയാണ്.........

ഈ ജീവിതകാലം മുഴുവൻ ചിലപ്പോൾ ഈ നഷ്ട്ടപ്രണയം തന്നെ കൊല്ലാതെ കൊല്ലും എന്ന് അവൾക്ക് തോന്നിയിരുന്നു....... കുളിച്ചു ഇറങ്ങിയപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു........ മുറിക്കുള്ളിൽ ഇരുന്നപ്പോൾ വീർമുട്ടൽ കൂടി....... ആരെയും കാണാതെ ഇരിക്കാൻ കുറച്ച് സമയം ബാൽക്കണിയിലേക്ക് ചെന്നുനിന്നു....... കുളിർ കാറ്റ് മനസ്സിൽ ഒരല്പം ശാന്തത നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്ന് തോന്നിയിരുന്നു...... കുറച്ചു സമയം കഴിഞ്ഞപ്പോൾ പിന്നിൽ ഒരു നിഴലനക്കം തോന്നി തിരിഞ്ഞുനോക്കിയപ്പോൾ ഏറ്റവും പ്രതീക്ഷിച്ച ആളെ തന്നെ അരികിൽ കണ്ടു......................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story