സ്നേഹദൂരം.....💜: ഭാഗം 14

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

കുറച്ചു സമയം കഴിഞ്ഞപ്പോൾ പിന്നിൽ ഒരു നിഴലനക്കം തോന്നി തിരിഞ്ഞുനോക്കിയപ്പോൾ ഏറ്റവും പ്രതീക്ഷിച്ച ആളെ തന്നെ അരികിൽ കണ്ടു....  പെട്ടെന്ന് കള്ളം പിടിച്ച കുട്ടിയെ പോലെ അവൾ വിദൂരതയിലേക്ക് കണ്ണുകൾ മാറ്റി കളഞ്ഞിരുന്നു........ ഒരുപക്ഷേ തന്റെ കണ്ണുനീർ ചേട്ടൻ കണ്ടാലോ, അതിനുശേഷം വരുത്തി വച്ച ഒരു പുഞ്ചിരി അവനുനേരെ നൽകുവാനും അവൾ മറന്നിരുന്നില്ല...... " എന്തുപറ്റി എന്റെ ജാനിമോൾക്ക്...... അവളുടെ തലമുടി ആർദ്രമായി തലോടി ഏറെ വാത്സല്യത്തോടെ തന്നെ ആ മുഖത്തേക്ക് നോക്കി ചോദിക്കുന്നവനു നേരെ ഒരു നിമിഷം അവളുടെ കണ്ണുകളും പോയിരുന്നു.......

"ഒന്നുമില്ല....!! എന്താ ഹരി ചേട്ടൻ അങ്ങനെ ചോദിച്ചത്.....? അവൾ അജ്ഞത നടിച്ചു...... " നിനക്ക് എന്തോ കാര്യമായ വിഷമം ഉണ്ട്, എന്തോ ഒരു ദുഃഖം നിന്നെ അലട്ടുന്നുണ്ട്, അമലുമായുള്ള വിവാഹത്തിന് നിനക്ക് ഇഷ്ടമല്ല എന്നു പറഞ്ഞു, അതാണ് കാരണം എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്, പക്ഷേ അതല്ല, വിവാഹമേ അല്ല, അതിനുമപ്പുറം നിൻറെ മനസ്സിൽ എന്തോ ഒരു ദുഃഖം ഉണ്ട്..... ഈ പ്രാവശ്യം നിന്നെ കണ്ടപ്പോൾ മുതൽ എനിക്കൊരു സംശയം തോന്നുന്നുണ്ട്, നിൻറെ മനസ്സിൽ എന്താണ് മോളെ......? എന്തിനാണ് നിൻറെ മനസ്സ് ഇത്രത്തോളം വ്യഥപെടുന്നത്.....? ആരോ നിൻറെ മനസ്സിൽ ഉണ്ടെന്ന് നീ പറഞ്ഞു, അയാൾ ആണോ നീന്നെ അലട്ടുന്ന പ്രശ്നം.......? "

അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു....... ഒരു നിമിഷം അവന്റെ കണ്ണിൽ നിന്നും അവൾ ദൃഷ്ടി മാറ്റി......... എന്താണ് താൻ അവനോട് മറുപടി പറയുന്നത്.....? ഹരിയേട്ടൻ തന്നെയാണ് തൻറെ മനസ്സിലെ വേദനയുടെ കാരണമെന്നൊ....? ഈ ഒരുവൻ മാത്രമാണ് തന്നെ അലട്ടുന്ന പ്രശ്നം എന്നോ....? തന്റെ ഉള്ളിൽ തിങ്ങിനിറയുന്നത് ഇവനൊടുള്ള പ്രണയമാണ് എന്നോ....? ആ പ്രണയത്തിൽ നിന്ന് ഉയരുന്ന പുക ആണ് തന്റെ മനസ്സിൻറെ ഇപ്പോഴത്തെ നീറ്റൽ എന്നോ....? എന്താണ് താൻ മറുപടി പറയുന്നത്.....?

തന്റെ ഹൃദയം കേഴുന്നത് ഈ ഒരുവന് ഒപ്പം ജീവിതത്തിൽ ഒരു സ്ഥാനത്തിനു വേണ്ടി ആണെന്നൊ.....? അല്ലെങ്കിൽ ഇവൻ മറ്റൊരു പെണ്ണിൻറെ സ്വന്തമാകുന്നത് തനിക്ക് സഹിക്കാൻ കഴിയില്ലെന്നൊ....? മറ്റൊരാളുടെ വരണമാല്യം അണിയിക്കാൻ ഹരി ചേട്ടൻ തയ്യാറാകുന്ന നിമിഷം താൻ ഈ ലോകത്തിൽ നിന്നും അപ്രത്യക്ഷയാകാൻ ആഗ്രഹിക്കുന്നുവെന്നൊ....? അങ്ങനെ എന്ത് കാരണം ആണ് അവനോട് പറയാനുള്ളത്.....? ഒരു നിമിഷം അറിയാതെ മിഴികൾ നിറഞ്ഞിരുന്നു....... ശ്രീഹരിയും അത് കണ്ടു, അവന് വല്ലാതെ വിഷമം തോന്നി ...... എന്തോ ഒരു പ്രശ്നം അവളുടെ ഉള്ളിൽ ഉണ്ട് എന്ന് അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു അവൻ.......

ഇല്ലെങ്കിൽ ജാനകി കരയില്ല എന്ന് അവനും അറിയാമായിരുന്നു, കാരണം അവന് പരിചയമുള്ള ജാനകി അങ്ങനെ ഒരാളായിരുന്നില്ല........ " നിൻറെ മനസ്സിൽ ഉള്ളത് ആരാണെങ്കിലും എന്നോട് തുറന്നു പറ....... നല്ല ആൾ ആണെങ്കിൽ നമുക്ക് അയാളുടെ വീട്ടിൽ പോയി സംസാരിച്ച് അതിന് പരിഹാരം കാണാം....... ഇനി ഈ വിഷമം നീ മനസ്സിലിട്ട് ഇങ്ങനെ വേദനിക്കേണ്ട ആവശ്യമില്ല........ തീർച്ചയായും അതിന് നമുക്ക് ഒരു പരിഹാരം ഉണ്ടാക്കി എടുക്കുക തന്നെ ചെയ്യാം....... മോൾ വിഷമിക്കാതെ ഇരിക്കു...... നിൻറെ മനസ്സിലുള്ള പ്രശ്നം എന്താണെങ്കിലും അത് നീ എന്നോട് തുറന്നു പറഞ്ഞോളൂ, എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ നിന്നെ സഹായിക്കാൻ ഞാൻ ശ്രമിക്കാം......

നിനക്ക് ആളെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഞാൻ ചെന്ന് കാണാം, സംസാരിക്കാം, നിൻറെ മനസ്സ് അയാളോട് തുറന്നു പറയാം ..." അവൻ അങ്ങനെ പറഞ്ഞപ്പോഴും എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു, പക്ഷേ മനസ്സ് അലമുറയിട്ട് പറയുന്നുണ്ടായിരുന്നു ശ്രീയേട്ടാ ഒരിക്കലും നിങ്ങൾക്ക് അതിന് സാധിക്കില്ല എൻറെ ഇഷ്ടം നിങ്ങളോട് മാത്രമാണ്, എൻറെ പ്രണയം നിങ്ങൾളിൽ മാത്രം നിക്ഷിപ്തമാണ്, ഒരിക്കലും നിങ്ങൾ അത് അംഗീകരിക്കില്ല എന്ന് എനിക്കറിയാം പിന്നെ ഞാൻ എങ്ങനെയാണ് എന്റെ ഇഷ്ടം നിങ്ങളോട് തുറന്നു പറയുന്നത്.....? ദയനീയമായി അവൻറെ മുഖത്തേക്ക് നോക്കിയവളുടെ മിഴികളിൽ നിന്നും അറിയാതെ കണ്ണുനീർ ചാലുകൾ ഒഴുകി......

അത് അവളുടെ കവിളുകളെ പുണർന്നു ഒഴുകി ....... " എന്തിനാ മോളെ നീ കരയുന്നത്....? ഞാൻ പറഞ്ഞില്ലേ എന്ത് കാര്യമാണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം...... നിൻറെ മാറ്റങ്ങൾ എനിക്ക് മനസിലാകുന്നുണ്ട്....... അവളെ ചേർത്തു പിടിച്ച് അവൻ അങ്ങനെ പറഞ്ഞപ്പോൾ ആ നിമിഷം അവൾക്കാവശ്യം ഒരു ചേർത്തുപിടിക്കൽ ആണ് എന്ന് അവൾക്കും തോന്നിയിരുന്നു...... ആ നിമിഷം തന്നെ അവൻറെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു...... ശേഷം അവളുടെ കണ്ണുനീരിനെ ആ നെഞ്ചിലൊതുക്കി കളഞ്ഞു, ഇത്രയും ദിവസം അവൾ അനുഭവിച്ച ദുഃഖം, നിസ്സഹായത, പറയാൻ വെമ്പി മനസ്സിൽ തുളുമ്പിയ പ്രണയം അങ്ങനെ എല്ലാം ആ കണ്ണുനീരിൽ ഉണ്ടായിരുന്നു ......

കുറച്ചുനേരം കരയുമ്പോൾ അവൾക്ക് ഒരു ആശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് ശ്രീഹരിയും വിചാരിച്ചു....... വാത്സല്ല്യപൂർവ്വം അവളുടെ തലമുടി ഇഴകളിൽ തലോടി..... അപ്പോഴും അവൻ അറിഞ്ഞിരുന്നില്ല ആ പെണ്ണിൻറെ പ്രശ്നം അവനോടുള്ള പ്രണയമാണെന്ന്, ആ പ്രണയത്തിൻറെ അഗ്നിയിൽ അവൾ വെന്ത് കൊണ്ടിരിക്കുകയാണെന്ന്........ ഓരോ നിമിഷവും ഉരുകി അവളുടെ ജന്മം തീരുകയാണ് എന്ന് ..... " മോൾക്ക് ഹരി ചേട്ടനോട് തുറന്ന് സംസാരിക്കാം, അമലിനോടും അവൻറെ വീട്ടുകാരോടും ഞാൻ കാര്യം പറഞ്ഞോളാം..... അറിയാവുന്ന ആശ്വാസവാക്കുകൾ ഉപയോഗിച്ച് തന്നെ അവളെ ആശ്വസിപ്പിക്കുവാൻ അവൻ ശ്രമിച്ചിരുന്നു...... "

ഞാൻ പറഞ്ഞാൽ അത് സാധിച്ചു തരും എന്ന് ഉറപ്പാണോ....? കണ്ണുനീർ തുടച്ച് ഒരു ഉറച്ച മനസ്സോടെ അവൾ ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ തിങ്ങിനിറഞ്ഞ് വികാരം എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രീഹരിക്ക് സാധിച്ചിരുന്നില്ല...... പക്ഷേ അവൾക്ക് ഉറപ്പു കൊടുക്കുക അല്ലാതെ ആ നിമിഷം അവൻറെ മുൻപിൽ മറ്റു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല..... " തീർച്ചയായും എന്നെക്കൊണ്ട് പറ്റുന്ന എന്ത് സഹായം ആണെങ്കിലും ഞാൻ അത് ചെയ്തുതരാം. .... നിൻറെ മനസ്സിൽ ഉള്ളത് ആരാണെന്നും, നിൻറെ യഥാർത്ഥ പ്രശ്നം എന്താണ് എന്നും നീ എന്നോട് പറ മോളെ......"

തൻറെ മനസ്സ് അവനു മുൻപിൽ തുറന്നു കാണിച്ചാലൊ എന്ന് തന്നെ ആ നിമിഷം അവൾ ചിന്തിച്ചിരുന്നു...... ഒരു പക്ഷെ ഇനി ഒരിക്കലും ഇത്തരത്തിൽ ഒരു അവസരം വരില്ല...... ഈശ്വരനായി മുൻപിലേക്ക് കൊണ്ടുവന്നിട്ടത് ആയിരിക്കാം...... താൻ തുറന്നു പറയുമ്പോൾ താൻ പ്രതീക്ഷിക്കുന്നത് പോലെ ഒരു പൊട്ടിത്തെറി ഒന്നുമല്ല ആ ഭാഗത്തുനിന്നും ഉണ്ടാകുന്നതെങ്കിലൊ....? താൻ പറയുന്നത് പോലെ അവനും ആഗ്രഹിച്ചിട്ടുണ്ടായിരുന്നെങ്കിലൊ ...? അങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റാണ്, എനിക്കുറപ്പാണ് ചേട്ടൻ ഒരിക്കലും തന്നെ ആ ഒരു കണ്ണോടെ നോക്കിയിട്ടില്ല, ഈ മഹാപാപം ആദ്യമായി തോന്നിയത് തൻറെ മനസ്സിൽ മാത്രമാണ്......

പക്ഷേ ഒരു വശം അത് തെറ്റാണ് എന്ന് മുറവിളി കൂട്ടുമ്പോഴും, മറുവശം അത് തെറ്റാല്ല എന്ന് പറയുന്നുണ്ട്........ പക്ഷേ യാതൊരു തെറ്റും കാണുന്നില്ല ഒരുപക്ഷേ പ്രണയം തന്റെ മനസ്സിനെയും ചിന്തകളെയും അന്ധമായ പിടിമുറുക്കിയത് കൊണ്ടാകും ........ അവനോട് ഒപ്പം ഒരു ജീവിതം ആഗ്രഹിക്കുന്നില്ല എന്ന് നാവു കൊണ്ട് പറയുമ്പോഴും അവനാൽ പ്രണയിക്കപ്പെടാൻ കൊതിക്കുന്ന ഒരു ഹൃദയം അലമുറ ഇടുന്നത് അവൾ അറിഞ്ഞു... " ഞാൻ ഈ കാര്യം പറയുമ്പോൾ ഹരി ചേട്ടൻ എന്നെ വഴക്കു പറയരുത്........ " ആദ്യമേ അവൾ അങ്ങനെ പറഞ്ഞപ്പോൾ അകാരണമായ ഒരു ഭയം അവനിൽ നിറഞ്ഞിരുന്നു.....

ഉച്ചമുതൽ കണ്ട് അവളുടെ ഭാവങ്ങൾ ആ നിമിഷം അവളുടെ ആ വാക്കുകളിൽ അവനിൽ ഒരു സംശയത്തിന്റെ പ്രതീതി തന്നെ ജനിപ്പിച്ചു....... പക്ഷേ അവൻ സ്വയം നിയന്ത്രിച്ചു.... " ഇല്ല ഞാൻ നിന്നെ ഒന്നും പറയില്ല..... നീ ധൈര്യമായി പറഞ്ഞോളൂ...... നിൻറെ മനസ്സിൽ എന്താണ് എന്ന്....... നിന്നെ ഇത്രമേൽ അലട്ടുന്ന ആ പ്രശ്നം എന്താണ് എന്ന്..... അവൻ സമ്മതം പറഞ്ഞപ്പോൾ തന്റെ ഉള്ളം അവന് മുമ്പിൽ തുറക്കാൻ അവൾ വെമ്പൽ കൊണ്ടു..... ", ഒരിക്കലും മോഹിക്കാൻ പാടില്ലാത്ത ഒരു ഇഷ്ടം,എൻറെ മനസ്സിൽ തോന്നിപ്പോയി ഹരിയേട്ടാ...... അയാൾ എനിക്ക് ആര് ആണെന്ന് ഓർക്കാതെ, ഒരിക്കലും ഞാൻ മനസ്സിൽ പോലും ചിന്തിക്കാൻ പാടില്ലാത്ത ഒരു ഇഷ്ടം, ഏതു നിമിഷത്തിലാണ് അത് തോന്നിയതെന്ന് ഇപ്പോഴും എനിക്കറിയില്ല, ഒരിക്കലും ഇതിനുമുൻപ് തോന്നിയിട്ടില്ല......

പക്ഷേ പെട്ടെന്നൊരു ദിവസം എൻറെ മനസ്സിലേക്ക് അങ്ങനെയൊരു ചിന്ത കടന്നു വന്നു, ആ ചിന്ത, ആ ഇഷ്ട്ടം അത് എന്നെ കൊല്ലാതെ കൊല്ലുന്നു ഹരിയേട്ടാ....... പക്ഷേ മറ്റൊരു സത്യം കൂടി ഞാൻ മനസ്സിലാക്കി ഒരു ശല്യമായി ആ ചിന്തയെ ഞാൻ പലവട്ടം അകറ്റാൻ ശ്രെമിച്ചു.... അപ്പോൾ ജീവിതം തന്നെ എനിക്ക് കൈമോശം വരുന്നത് പോലെ തോന്നി, ഒരിക്കലും സാധ്യമാവില്ല എന്ന് എനിക്ക് ഉറപ്പുണ്ട്...... എന്റെ മാത്രം സ്വകാര്യത ആയിട്ട് തന്നെയാണ് ആ ഇഷ്ട്ടത്തെ ഞാൻ കണ്ടതും, പക്ഷേ ഇപ്പൊ എനിക്ക് ആ ഒരാളില്ലാതെ സാധിക്കില്ല എന്ന അവസ്ഥയാണ്......

അയാൾ മറ്റൊരാളോട് സംസാരിക്കുന്നതും എന്നോട് സംസാരിക്കാതെ ഇരിക്കുന്നതും ഒന്നും എനിക്ക് സഹിക്കാൻ കഴിയുന്നില്ല, ഞാനിപ്പോ ഇത് പറയുമ്പോൾ എല്ലാരും പക്വതയില്ലായ്മ ആണ് എന്ന് മാത്രമേ പറയു...... പക്ഷെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചു പോയി....!! അവന്റെ കണ്ണുകളിൽ നോക്കിയായിരുന്നു അവൾ പറഞ്ഞത്....... ആ ഒരു നിമിഷം എന്തു പറയണമെന്ന് അവനും അറിയില്ലായിരുന്നു....... പക്ഷേ അവനിൽ അകാരണമായ ഭയം ഉണ്ടായിരുന്നു....... " ഒരു നിമിഷം പോലും അയാളോടൊപ്പം അല്ലാതെ ഒരു ജീവിതം എനിക്ക് ചിന്തിക്കുവാൻ സാധിക്കില്ല...... എന്റെ ഇരവും പകലും എല്ലാം ആ ഒരാളിൽ നിക്ഷിപ്തമായി കഴിഞ്ഞു.......

ഒരിക്കലും ഒരിക്കലും ഞാൻ മോഹിക്കാൻ പാടില്ലാത്തത് ഒരാൾ, എന്നാൽ ഇപ്പോൾ എൻറെ ജീവിതത്തിൽ ആ ഒരാളെ മാത്രം ചിന്തിച്ച് ഞാൻ ഓരോ നിമിഷങ്ങളും ജീവിക്കുന്നത്....... ആ സ്ഥാനത്തേക്ക് മറ്റാരെയും എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല....... ഞാൻ ഇഷ്ടപ്പെട്ടു പോയി, മറ്റൊന്നും എനിക്ക് വേണ്ട അയാളുടെ സാമീപ്യത്തിൽ ഞാൻ സുരക്ഷിതയാണ് എന്നൊരു തോന്നൽ, അയാളുടെ കരുതലിൽ ഞാൻ നിറഞ്ഞ സന്തോഷം അനുഭവിക്കുന്നു, അതിനപ്പുറം മറ്റൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല..... ആ പ്രണയം ഒരു പക്ഷേ ഈ ജന്മം എനിക്ക് അവകാശപ്പെട്ടത് ആയിരിക്കില്ല,

ആ ഹൃദയത്തിൽ ഒരു സ്ഥാനം ഈ ജന്മത്തിൽ ഒരിക്കലും എനിക്ക് ലഭിക്കില്ല...... പക്ഷേ എൻറെ ഇഷ്ടം അയാൾ അറിയാതെപോയ ചിലപ്പോൾ ഞാൻ ശ്വാസം മുട്ടി മരിച്ചു പോകും എന്ന് എനിക്ക് തോന്നുന്നു...... അറിയുമ്പോൾ അയാൾ ചിലപ്പോൾ എന്നെ ശാസിക്കാം, ശിക്ഷിക്കാം ചിലപ്പോൾ ഒന്നും പറയില്ല ഉപദേശിക്കാം എന്താണെങ്കിലും എൻറെ ഇഷ്ടം അയാൾ അറിയണം, അറിഞ്ഞില്ലെങ്കിൽ ഞാൻ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽപോലും അത് അയാളോട് പറയാൻ മറ്റൊരാളും ഇല്ല...... എൻറെ മനസ്സിൽ മാത്രം ഒതുങ്ങിയ ഒരു ഇഷ്ടമായി ഈ മണ്ണിൽ നിന്നും അപ്രത്യക്ഷമായി പോകും......

അങ്ങനെ പോകും മുൻപ്, മറ്റൊരാളുടെ താലി കഴുത്തിലേറും മുൻപ് ഒരിക്കൽ, ഒരിക്കൽ എങ്കിലും അയാൾ അറിയണം എന്റെ ഇഷ്ട്ടം..... പിന്നീടൊരിക്കലും എനിക്ക് കുറ്റബോധം തോന്നാതിരിക്കാൻ വേണ്ടിയെങ്കിലും, ഒരിക്കലെങ്കിലും എനിക്ക് അയാളോട് പറയണം, നാളെ ആലോചിക്കുമ്പോൾ ജീവിതത്തിൻറെ കണക്കുകൾ എടുക്കുമ്പോൾ ഒരു നഷ്ടം എനിക്ക് തോന്നരുത്, ഒരിക്കലെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ എന്ന് അയാൾ എന്നോട് തിരിച്ചു പറയരുത്, അറിഞ്ഞിരുന്നുവെങ്കിൽ നിൻറെ ഇഷ്ടത്തെ ഞാൻ സ്വീകരിച്ചേനെ എന്ന് എപ്പോഴെങ്കിലും ജീവിതത്തിൽ അയാൾക്ക് പറയേണ്ട അവസ്ഥ ഉണ്ടാവരുത്,

അങ്ങനെ ചിന്തിക്കേണ്ട അവസ്ഥ എനിക്കും ഉണ്ടാവരുത്..., അതുകൊണ്ടുതന്നെ തീർച്ചയായും വിവരം അയാൾ അറിയണം, എനിക്ക് ഈ വിവരം പറയണം......." അയാൾ അറിയണം എന്റെ ഇഷ്ട്ടം ...!! അവളുടെ മറുപടി പുറത്തേക്ക് വരാൻ വെമ്പി നിന്നു, കണ്ണുനീർത്തുള്ളികൾ ഇട്ടിരുന്ന ഷാളുകൊണ്ട് അവൾ തൂത്തു നീക്കിയതിനു ശേഷം ഉറച്ച ഒരു മനസ്സോടെ അവന്റെ മുഖത്തേക്ക് നോക്കി, വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശ്രീഹരി.... " ആരാണയാൾ.....? നിൻറെ മനസ്സിനെ ഇത്രമേൽ മോഹിപ്പിച്ച ഒരിക്കലും നടക്കില്ല എന്ന് നീ പൂർണമായി വിശ്വസിച്ച ആ വ്യക്തി, നിന്റെ ഉറക്കം കളഞ്ഞ ആ വ്യക്തി, അയാൾ ആരാണ്....?

ഗൗരവം ആയിരുന്നു അവൻറെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത്..... അവൻറെ ഗൗരവം അവളുടെ മനോബലം വല്ലാതെ തകർക്കാൻ കെൽപ്പുള്ളത് ആയിരുന്നു....... കുറച്ചുസമയം ഇരുവർക്കുമിടയിൽ മൗനത്തിന് കരിമ്പടം നിറഞ്ഞുനിന്നു....... ഭീകരമായ മൗനം തോന്നിയിരുന്നു, എന്താണ് താൻ പറയുന്നത്.....? ഒരു നിമിഷം സംഭരിച്ച് ധൈര്യമെല്ലാം തന്നിൽ നിന്നും അകന്നു പോകുന്നത് പോലെ, അവൾ നന്നായി ശ്വാസം ഒന്ന് എടുത്തു വലിച്ചു വിട്ടു......

അതിനുശേഷം അവന്റെ മുഖത്തേക്ക് നോക്കി, പ്രതീക്ഷയോടെ ചോദ്യത്തിനുള്ള മറുപടി കാത്തു നിൽക്കുകയാണ് അവൻ.... " ആ ഒരാൾ മറ്റാരുമല്ല, ഹരിയേട്ടൻ ആണ്....... മടിച്ചുമടിച്ചാണ് അവൾ അത് പറഞ്ഞതെങ്കിലും അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു, പറയാതെ മനസ്സിൽ ഒളിപ്പിച്ച ആദ്യനുരാഗത്തിന്റെ ഏട് അവന്റെ മുന്നിൽ അവൾ അനാവൃതം ആക്കി..... ശക്തമായ എന്തോ ഒന്ന് തലയിലേക്ക് വീഴുന്നത് പോലെയാണ് ശ്രീഹരിക്ക് തോന്നിയത്...... ഒരു അശനിപാതം കണക്കെ അവളുടെ വാക്കുകൾ അവൻറെ ഹൃദയത്തെ രണ്ടായി മുറിച്ചു കളഞ്ഞു........................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story