സ്നേഹദൂരം.....💜: ഭാഗം 15

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവളുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലായിരുന്നു കുറച്ചുസമയം ശ്രീഹരി....... തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അവർ മറന്നുപോയിരുന്നു....... എന്താണ് അവൾ പറഞ്ഞത്....? അവൾ തന്റെ കുഞ്ഞനുജത്തി ആയിരുന്നില്ലേ.....? അവൾക്ക് തന്നോട് ഇത്തരത്തിലൊരു ഇഷ്ടം ഉണ്ടായിരുന്നൊ.....? അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് താനായിരുന്നൊ.....? തന്റെ സംശയങ്ങളും ഊഹങ്ങളും എല്ലാം ഒരു പോലെ ആക്കുന്നതു പോലെ അവനു തോന്നി........ ഉച്ച മുതൽ തനിക്ക് ഈ സംശയം തോന്നിയിരുന്നു....... അവളുടെ ചില ചെയ്തികളിൽ അത് തോന്നിയപ്പോൾ, അങ്ങനെ ആവരുതേ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിച്ചിരുന്നു........

പക്ഷെ എന്താണോ താൻ കേൾക്കരുത് എന്ന് ആഗ്രഹിച്ചത് അത് തന്നെയാണ് അവളുടെ നാവിൽ നിന്നും കേട്ടത്........ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ശ്രീഹരിയും......... " എനിക്ക് അറിയില്ല ഹരിയേട്ടാ എപ്പോൾ മുതലാണ് ഹരി ഏട്ടനോട് അങ്ങനെ ഒരു ഇഷ്ടം തോന്നി തുടങ്ങിയത് എന്ന്...... സത്യമായും എൻറെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല, ഈ വട്ടം ഹരിയേട്ടൻ ലീവിൽ വരുന്നത് വരെ എൻറെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല..... ഹരി ഏട്ടനോട് സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു, പക്ഷേ ഒരിക്കലും അതിന് ഈ ഒരു നിറമായിരുന്നില്ല...... പക്ഷേ നമ്മൾ തമ്മിൽ സംസാരിച്ച ഒരു ദിവസം വെറുതെ ഞാൻ ചിന്തിച്ചു നോക്കിയതാ, നമ്മൾ തമ്മിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന്,

ആ നിമിഷം മുതൽ എൻറെ മനസ്സിനെ വിടാതെ പിന്തുടർന്നു ഈ ചിന്ത, അത് എന്നെ കൊല്ലാതെ കൊല്ലുന്നു ഹരിയേട്ടാ...... ഹരിയേട്ടനെ ഒരിക്കലും അങ്ങനെ കാണാൻ പാടില്ലെന്ന് ഞാൻ എൻറെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു നോക്കി......വെറും ചാപല്യം ആണെന്ന് പറഞ്ഞു നോക്കി....... പക്വത കുറവ് ആണ് എന്ന് ചിന്തിച്ചു നോക്കി........പക്ഷെ...... ഹരിയേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരിക്കുകയാണ് എൻറെ മനസ്സ് ഇപ്പൊൾ......അത്രമേൽ ഞാൻ സ്നേഹിച്ചു പോയി.......ഹരിയേട്ടൻ ഇല്ലാതെ, അതിനെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല......" പറയുന്നതിനോടൊപ്പം ശക്തമായിത്തന്നെ കണ്ണുനീർ തുള്ളികളും അവളെ വരവേൽക്കാനായി എത്തുന്നുണ്ടായിരുന്നു........

ആ കണ്ണുനീർ തുള്ളികൾ എല്ലാം അവളുടെ കവിളിന് ചുറ്റും ചാലുകൾ തീർത്തു...... ഹരിയേട്ടന് ഒരിക്കലും ചിലപ്പോൾ എന്നെ സ്നേഹിക്കാൻ കഴിയില്ലായിരിക്കും....... പക്ഷേ എവിടെയോ തെളിയുന്ന ഒരു പ്രതീക്ഷയോടെ മാത്രം ചോദിക്കുക ആണ്..... എന്നെ ഹരിയേട്ടന്റെ പാതി ആയി കാണാൻ കഴിയൂമൊ....? അവൻറെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ ആയിരുന്നു അവൾ ചോദിച്ചിരുന്നത്, അവൻറെ വലതുകരം അവളുടെ മുഖത്ത് പതിഞ്ഞപ്പോഴാണ് എന്താണ് സംഭവിച്ചത് എന്ന് തന്നെ അവൾക്ക് മനസ്സിലായത്.........

അവൻ അടിച്ച വേദനയായിരുന്നു ആ നിമിഷം അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്....... ഇത്രത്തോളം ആത്മാർത്ഥമായി പറഞ്ഞിട്ടും തൻറെ മനസ്സ് മനസ്സിലാക്കാൻ അവനു സാധിക്കില്ലല്ലോ എന്നുള്ള ദുഃഖം മാത്രം ആയിരുന്നു അവളുടെ കണ്ണിൽ,അവളുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളിയിൽ ഒഴുകി പോയത് അവളുടെ പ്രതീക്ഷകൾ കൂടി ആയിരുന്നു...... ചുവപ്പുരാശി പടർന്ന അവൻറെ കണ്ണുകളും ചുവന്നു വന്ന മൂക്കും അവനിൽ ഉണർന്നത് ദേഷ്യമാണോ സങ്കടമാണോ എന്ന് അവൾക്ക് വേർതിരിക്കാൻ കഴിഞ്ഞില്ല....... പക്ഷേ ആ കണ്ണുകൾക്ക് തന്നെ നോക്കി ദഹിപ്പിക്കാൻ ഉള്ള ശക്തിയുണ്ട് എന്ന് അവൾക്ക് തോന്നി...... " ഞാൻ നിൻറെ ആരാടീ........??

എത്രയോ പവിത്രമായി ആണ് നീയും ഞാനും തമ്മിലുള്ള ബന്ധം......!! എൻറെ മനസ്സിൽ അത് നിലനിൽക്കുന്നത് എങ്ങനെ ആണ് എന്ന് നിനക്കറിയുമോ.....? നീ എന്നെ കരുതിയിരുന്നത് ഇങ്ങനെ ആയിരുന്നോ.....? അവൻ ദേഷ്യത്താൽ ജ്വലിച്ചു..... " ഞാൻ പറഞ്ഞില്ലേ ഹരിയേട്ടാ ഒന്നുമുണ്ടായിരുന്നില്ല, എപ്പോഴോ ഞാൻപോലുമറിയാതെ എൻറെ മനസ്സിൽ കയറിക്കൂടിയ.... " വേണ്ട.....!!!! കൈ ഉയർത്തി ഹരി തടഞ്ഞു..... " നീ ചെയ്തതിന് ഇനി കൂടുതൽ ന്യായീകരണങ്ങൾ ഒന്നു പറഞ്ഞു ബുദ്ധിമുട്ടണ്ട...... എന്റെ മുൻപിൽ നിന്ന് പോ ........!!! അതൊരു ഗർജനം ആയിരുന്നു എന്ന് അവൾക്ക് തോന്നി....... അവന്റെ ശബ്ദം വല്ലാതെ പ്രകമ്പനം തീർക്കുന്നത് പോലെ അവൾ മനസ്സിലാക്കി........

"ഹരിയേട്ടാ..... ഒരിക്കൽ കൂടി അവൾ വിളിച്ചുവെങ്കിലും അവൻറെ കണ്ണുകളിലെ ജ്വാല അവളെ എരിക്കാൻ കഴിവുള്ളതാണെന്ന് അവൾക്ക് തോന്നി ......... "പോ.......!!! ഒരിക്കൽ കൂടി തിരിഞ്ഞു നിന്ന് അവൻ അത് പറഞ്ഞപ്പോൾ തന്റെ മുഖം ഇനി കാണണ്ട എന്ന് ആണ് അവൻ ആഗ്രഹിക്കുന്നത് എന്ന് പോലും അവൾക്ക് തോന്നിയിരുന്നു...... അവളുടെ ഹൃദയവും വല്ലാതെ വേദനിച്ചു എങ്കിലും, തന്റെ പ്രണയം തുറന്നു പറഞ്ഞ ഒരു ചാരിതാർത്ഥ്യം അവൾക്ക് തോന്നി....... തൻറെ മനസ്സ് ഹരിയേട്ടൻ അറിഞ്ഞല്ലോ എന്ന് ആശ്വാസം.....ഒരു മഴ പെയ്തു ഒഴിഞ്ഞപോലെ മനസ്സ് ഒന്ന് നിറഞ്ഞു.....

ഒരിക്കലും ഇത് പറയാതിരുന്നെങ്കിൽ കള്ളം ചെയ്ത് ഒരു കുട്ടിയെ പോലെ ആയിരിക്കും തന്റെ മനസ്സ്, ഒരിക്കലെങ്കിലും തൻറെ മനസ്സ് തുറക്കേണ്ടത് ആവിശ്യം ആയിരുന്നു....ഹരിയേട്ടന്റെ മുൻപിൽ മനസ്സ് തുറക്കണമെന്ന് ആഗ്രഹിച്ചിരുന്നു, അത് നടന്നു, ഇനി ഹരിയേട്ടന് തീരുമാനിക്കാം എന്തും, തന്നെ തള്ളണോ കൊള്ളണോ എന്ന്, എന്തു തീരുമാനിച്ചാലും തൻറെ മനസ്സിൽ തന്റെ പ്രണയത്തിൻറെ അവകാശിയായി എല്ലാകാലത്തും ശ്രീഹരി എന്ന പേരിൽ നിക്ഷിപ്തമായിരിക്കും, മറ്റൊരാളും ആസ്ഥാനത്തേക്ക് ഉണ്ടാകാൻ പോകുന്നില്ല..... തനിക്ക് പകരം നൽകേണ്ടത് ഈ ജന്മം ആണെങ്കിൽ അതിനു തയ്യാറാണ്,

ഒരിക്കലും ഹരിയേട്ടനെ വേദനിപ്പിക്കാണോ ആ സ്നേഹം പിടിച്ചുവാങ്ങാനോ ശ്രമിക്കുകയും ഇല്ല........ ഒരിക്കലും പിടിച്ചു വാങ്ങുന്ന സ്നേഹത്തിനു സൗന്ദര്യം ഉണ്ടാവില്ലല്ലോ, എന്നെങ്കിലുമൊരിക്കൽ തന്റെ സ്നേഹം അറിഞ്ഞ് ഹരിയേട്ടൻ എന്നെങ്കിലും ആ സ്നേഹം തനിക്ക് തരുമ്പോൾ നൂറായി തന്നെയായിരിക്കും എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം......... അങ്ങനെ മനസ്സിൽ വിചാരിച്ചു തന്നെ ആയിരുന്നു നടന്നിരുന്നത്.... അവൾ നെഞ്ചിലേക്ക് വിതറിയ അഗ്നിയുടെ ജ്വാലയിൽ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷവും ശ്രീഹരി....... എന്ത് ചെയ്യണം എന്ന് പോലും അവന് അറിയുമായിരുന്നില്ല........ താൻ എന്താണ് അവളോട് പറയുന്നത്.....?

ഒരിക്കലും അവൾ ചിന്തിക്കാൻ പാടില്ലാത്ത ഒരു കാര്യം, പക്ഷേ ഒരു 19 വയസ്സുകാരിയുടെ ചിന്തകളിൽ ഇങ്ങനെയൊന്നു വന്നുവെങ്കിലും അവളെ തനിക്ക് കുറ്റം പറയുവാനും സാധിക്കില്ലല്ലോ....! അവൾക്ക് സംരക്ഷണം നൽകുന്ന കരുതൽ നൽകുന്ന മുതിർന്ന ഒരു പുരുഷനോട് അവൾക്ക് ഒരു ആകർഷണം തോന്നുന്നു, സ്വാഭാവികമല്ലേ....... അതിൽ തനിക്ക് എന്തെങ്കിലും അവളോട് പറയാൻ സാധിക്കുമോ......? പക്ഷേ അവൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു, തെറ്റായ രീതിയിൽ ഒരു നോട്ടമോ ഭാവമോ തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്ന് ഒരു കണക്കെടുപ്പു നടത്തിയിരുന്നു ശ്രീഹരി..... ഇല്ല ഒരിക്കൽപോലും മോശമായ രീതിയിൽ അവളോട് താൻ ഇടപെട്ടിട്ടില്ല,

ഒരു മോഹം കൊടുക്കുന്ന രീതിയിൽ സംസാരിച്ചിട്ടും ഇല്ല, എന്നിട്ടും എങ്ങനെ അവൾക്ക് തന്നെ........? അവൾക്ക് എന്നെ തന്നെ അങ്ങനെ സാധിച്ചു എന്ന് അവൻ ചിന്തിക്കുകയായിരുന്നു, തനിക്ക് എന്നും അവർ തന്നെ സ്വന്തം പെങ്ങൾ ആയിരുന്നു........ അങ്ങനെ മാത്രമേ അവളെ കണ്ടിരുന്നുള്ളൂ, അവളോടുള്ള ഇഷ്ടത്തിന്റെ നിറം ഒരിക്കൽപോലും മാറിയിട്ട് ഉണ്ടായിരുന്നില്ല, ഓരോ വട്ടം കാണുമ്പോഴും വാത്സല്യം കൂടുകയായിരുന്നു....... ശ്രീവിദ്യയെ പോലെ തന്നെ അവളുടെ ഹൃദയം വേദനിക്കുമ്പോൾ തനിക്കും വേദന തോന്നിയിട്ടുണ്ട്, ഇപ്പോഴും അവളുടെ മനസ്സിൽ എന്തോ ദുഃഖം ഉണ്ടെന്ന് തനിക്ക് തോന്നിയത് കൊണ്ടാണ് അവളോട് സംസാരിക്കാൻ വേണ്ടി തീരുമാനിച്ചത് തന്നെ,

അവൾ വേദനിക്കരുത് എന്ന് മറ്റാരെക്കാളും കൂടുതൽ ആഗ്രഹിച്ച ഒരു ഏട്ടൻറെ കടമ, അങ്ങനെ മാത്രമേ അതിനെ കരുതിയിരുന്നുള്ളൂ........പക്ഷേ അവൾ അതെല്ലാം മറ്റൊരു അർത്ഥത്തിൽ ആയിരുന്നു കണ്ടിരുന്നത്..... കഴിഞ്ഞുപോയ ഓരോ സന്ദർഭങ്ങളും അവൻ മനസ്സിലേക്ക് കൊണ്ടുവന്നു, അവളുടെ ഇടപെടലുകളും ചെയ്തികളും വീണ്ടും വീണ്ടും ഓർത്തെടുത്തു, അപ്പോഴൊക്കെ അവൾ തന്നെ പ്രണയിക്കുകയായിരുന്നു എന്ന് വീണ്ടും വീണ്ടും ഓർത്തപ്പോൾ ശ്രീഹരിക്ക് മനസ്സിലായി....... അവളുടെ ചില പ്രവർത്തികൾ തന്നിൽ സംശയം ജനിപ്പിച്ചിരുന്നു, അതെല്ലാം തന്നോടുള്ള പ്രണയമായിരുന്നു എന്ന് മാത്രം അറിഞ്ഞിരുന്നില്ല....... അങ്ങനെ ആവരുത് എന്ന് ആഗ്രഹിച്ചിരുന്നു.........

ഉച്ചയ്ക്ക് മാത്രമാണ് തനിക്ക് അങ്ങനെ ഒരു സംശയം തോന്നിയത്...... ആ പാട്ടിൻറെ ഈരടി താളങ്ങൾ തൻറെ മുഖത്തേക്ക് നോക്കി അവൾ പാടിയപ്പോൾ, അവളുടെ മനസ്സിൽ ഉണ്ടായിരുന്നത് അവൾ തന്നോട് പാട്ടിലൂടെ പറയുകയായിരുന്നു എന്ന് പോലും ഒരു നിമിഷം ശ്രീഹരി ഓർത്തു....... അതെ ആ നിമിഷം അവൾ തന്നോട് പറയാതെ പറഞ്ഞത് അവളുടെ പ്രണയമായിരുന്നു, അതിലെ നായകൻ താൻ ആയിരുന്നു എന്ന് മാത്രം അറിഞ്ഞിരുന്നില്ല........ അവളുടെ കണ്ണുകളിൽ താൻ കണ്ടതാണ്, നിറഞ്ഞു നിൽക്കുന്ന പ്രണയം........ എങ്കിലും എന്തുകൊണ്ട് താൻ.......? ആ ഒരു ചോദ്യം മാത്രം വീണ്ടും അവനിൽ അവശേഷിച്ചു,

തന്നെക്കാൾ ചെറുപ്പമാണ് ശ്രീദേവ്, അവനോട് തോന്നാത്ത ഒരു താൽപര്യം എന്തുകൊണ്ടായിരിക്കും അവൾക്ക് തന്നോട് തോന്നിയത്....... അത്രമേൽ എന്ത് പ്രേത്യകത ആണ് തനിക്ക് ഉള്ളത്....... അവളെക്കാൾ എത്രയോ മുതിർന്ന പുരുഷനാണ് ഒരിക്കലും തന്നോട് തോന്നാൻ സാധ്യതയില്ലാത്ത ഒരു ഇഷ്ടം, അതിന്റെ അർഥം മാത്രം മനസ്സിലായില്ല....... അത്രമേൽ അവളുടെ മനസ്സിനെ സ്വാധീനിക്കാനും മാത്രം എന്താണ് തന്നിലുള്ള ഗുണം....? എവിടെയെങ്കിലും തനിക്ക് തെറ്റുപറ്റിയോ എന്ന് വീണ്ടും വീണ്ടും ശ്രീഹരി ചിന്തിക്കുകയായിരുന്നു, എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും മോശമായ ഒരിക്കൽപോലും അവളോട് പെരുമാറിയത് അവൻ ഓർക്കാൻ സാധിച്ചില്ല.......

തന്റെ ഒരു വാക്കോ നോട്ടമോ അവളിൽ മോശം അനുഭൂതി നിറച്ചിട്ടുണ്ടോ എന്ന് അവൻ ചിന്തിക്കുകയായിരുന്നു...... ഒരു കൊച്ചുപെൺകുട്ടിയുടെ മനസ്സിൻറെ വിഹ്വലതകൾ ആയി അവയെ കാണുവാൻ ആയിരുന്നു അവൻ ആഗ്രഹിച്ചിരുന്നത്, പക്ഷേ എന്നിട്ടും സമാധാനം ലഭിക്കുന്നില്ല, തൻറെ മുഖത്തേക്ക് നോക്കി ആണ് അവൾ ചോദിച്ചത് അവളെ ഇഷ്ടപ്പെടാൻ സാധിക്കുമോ എന്ന്...? അപ്പോൾ അവളുടെ മനസ്സിൽ ആ ഇഷ്ടത്തിന് അത്രത്തോളം ആഴമുണ്ട്, ഒരിക്കലും തനിക്ക് അങ്ങനെ കാണാൻ സാധിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു, പക്ഷേ അവളുടെ മനസ്സ് അത് വല്ലാതെ തന്നെ ആഗ്രഹിക്കുന്നുണ്ട് എന്ന് അവനു തോന്നി........ വല്ലാത്ത വിഷമം ആയിരുന്നു അവന് തോന്നിയത്........

ഒപ്പം വലിയ നിസ്സഹായവസ്ഥയും, എങ്ങനെയാണ് ഈ പെണ്ണിനെ താൻ പറഞ്ഞു മനസ്സിലാക്കുക....... കൗമാരം ആണ് പ്രായം...... എന്തിനോടും ആകർഷണം തോന്നുന്ന പ്രായം, ഈ പ്രായത്തിൽ താനെന്തു ഉപദേശിച്ചാലും അവളുടെ തലയിൽ കയറില്ല, ഈ പ്രായത്തിൽ തോന്നിയ ഒരു ഇഷ്ടം മാത്രമാണ് തന്നോടുള്ളത് എന്ന് അവൻറെ മനസ്സിൽ പറഞ്ഞു, ആ പ്രായം കടന്നുപോകുമ്പോൾ ആ ഇഷ്ട്ടം കടന്നു പോകും, അല്ലെങ്കിൽ തന്നെ തങ്ങൾ തമ്മിൽ എത്രത്തോളം അന്തരമുണ്ട്, അവൾക്ക് ഇഷ്ടപ്പെടാനുള്ള ഒന്നും തന്നെ തന്നിലില്ല തന്നെയും, അവളുടെ ഇഷ്ടങ്ങൾ എല്ലാം വേറെയാണ്, എന്നിട്ടും എങ്ങനെ അവൾക്ക് തന്നെ ഇഷ്ടപ്പെടാൻ സാധിച്ചു....?

ഒരുപക്ഷേ അവളുടെ അച്ഛൻ അവൾക്ക് നൽകുന്ന ആ ഒരു സംരക്ഷണം അവൾക്ക് നൽകിയതുപോലെ അവൾക്ക് തോന്നിയിട്ടുണ്ടാകും, അവൾക് ലഭിക്കാതെപോയ സംരക്ഷണം തന്നിൽ നിന്നും ലഭിച്ചപ്പോൾ സന്തോഷം കണ്ടിട്ടുണ്ടാകും...... അതായിരിക്കാം തന്നോട് ഒരു പ്രണയം ആയി പരിണമിച്ചത്, ഒരു നിമിഷം അവളുടെ അവസ്ഥയിൽ ദേഷ്യവും സഹതാപവും തോന്നി അവന് ..... " ചേട്ടാ കഴിക്കുന്നില്ലേ.....?? ശ്രീവിദ്യയുടെ ചോദ്യമാണ് അവനെ ഓർമ്മകളിൽനിന്നും ഉണർത്തിയത്.... " വേണ്ട....!! എനിക്ക് നല്ല തലവേദന പോലെ....... ഇത്തിരി ചൂടുവെള്ളം മുറിയിലേക്ക് എടുത്തു കൊണ്ടു വാ...... അത്രയും പറഞ്ഞ് അവൻ നേരെ മുറിയിലേക്ക് പോയി, അവൻറെ മനസ്സും വല്ലാതെ അസ്വസ്ഥമായിരുന്നു......

താഴേക്ക് ചെന്നപ്പോഴും ജാനകിയുടെ കണ്ണുകൾ മുകളിൽ തന്നെ ആയിരുന്നു........ ഇറങ്ങി വരുന്ന വിദ്യയുടെ പിന്നാലെ ഹരി ഇല്ല എന്ന് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി അവൻറെ മനസ്സ് അസ്വസ്ഥമാണ് എന്ന്..... " ഹരി ചേട്ടൻ എവിടെ.....? "ഹരിയേട്ടൻ തലവേദനയാണെന്ന്, കുറച്ചു ചൂടുവെള്ളം കൊടുക്കാൻ പറഞ്ഞു, മറ്റൊന്നും വേണ്ട എന്ന്..... അവൻറെ ഹൃദയവും വല്ലാത്ത ഭാരം അനുഭവിക്കുന്നുണ്ട് എന്ന് ജാനകിക്ക് മനസ്സിലായിരുന്നു.......

ശ്രീവിദ്യ നേരെ അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസ്സിൽ അല്പം ചൂടു വെള്ളവുമായി കോണിപ്പടി കയറാൻ തുടങ്ങിയപ്പോഴാണ് കയ്യിലിരുന്ന ഫോൺ ബെല്ലടിച്ചത്, നോക്കിയപ്പോൾ രാഹുലാണ്.. " രാഹുൽ ഏട്ടൻ വിളിക്കുന്നു..... ഞാൻ ഇപ്പൊ വരാം..... നീ വെള്ളം കൊടുത്തേക്ക്....! അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ വെള്ളം അവളുടെ കൈകളിലേക്ക് ഏൽപ്പിച്ചു വിദ്യ പോയി.... എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ജാനകി..... എങ്ങനെയാണ് താനിനി അരികിലേക്ക് പോകുന്നത്..... അതിനുള്ള ധൈര്യം തനിക്ക് ഉണ്ടോ.....? ഒരിക്കലുമില്ല തനിക്ക് അരികിലേക്ക് ചെന്നു സംസാരിക്കാൻ സാധിക്കില്ല,

ഇനിയും ആ മുഖം കണ്ടാൽ ഒരുപക്ഷേ താൻ തല കറങ്ങി വീഴും എന്ന് അവൾക്ക് തോന്നി, ഒരുപക്ഷേ തന്നെ കാണാതിരിക്കാൻ വേണ്ടി ആയിരിക്കില്ലേ ഭക്ഷണം പോലും വേണ്ട എന്ന് വച്ചത്....? അപ്പോൾ എങ്ങനെയാണ് വീണ്ടും താനാ അരികിലേക്ക് പോകുന്നത്....? അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും കുറച്ച് സമയം കൂടി നിന്നു..... തിരിച്ചു വിദ്യ വരുന്ന ലക്ഷണം ഒന്നും കാണാഞ്ഞപ്പോൾ മെല്ലെ അവൾ മുകളിലേക്കുള്ള പടികൾ കയറിയിരുന്നു, എന്തും വരട്ടെ എന്ന് മനസ്സിൽ വിചാരിച്ചു തന്നെ....................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story