സ്നേഹദൂരം.....💜: ഭാഗം 17

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഏട്ടൻ എല്ലാം മറക്കുക ആണ്.....നീ ഇനി ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല എന്ന് ഏട്ടന് വാക്ക് താ.... തന്റെ വലംകൈ നീട്ടിപ്പിടിച്ച് തനിക്ക് നേരെ നിൽക്കുന്ന ശ്രീഹരിയോട് എന്തുപറയണമെന്നറിയാതെ ഒരു നിമിഷം ജാനകി നിന്ന് പോയി.....  തൻറെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ നിൽക്കുകയാണ് അവൻ, വീണ്ടും പഴയ ജാനകി ലഭിക്കുമോ എന്ന് അറിയുന്നതിന് വേണ്ടിയാണ് എന്ന് അവൾക്ക് തോന്നിയിരുന്നു, പക്ഷേ എന്താണ് താൻ പറയുക, വേണെങ്കിൽ തനിക്ക് ഒരു കള്ളം പറയാം, പക്ഷേ ഇനി അവനെ പഴയ ശ്രീഹരി ആയി കാണാൻ സാധിക്കുമോ.....? ഇല്ല എന്ന് തന്നെയാണ് മനസ്സ് പറയുന്നത്....

അതുപോലെ മുതിർന്ന ഒരു പുരുഷനോട് തോന്നിയ ഒരു കൗമാരക്കാരിയുടെ ഭ്രമം ആയിരുന്നില്ല തനിക്ക് തോന്നിയിരുന്നത്, ആ ഒരുവനിൽ കണ്ടത് തന്റെ ലോകം തന്നെയായിരുന്നു, അതുകൊണ്ടുതന്നെ ഇനി ഒരിക്കലും ആ ഒരാളിൽ നിന്നും ജാനകിക്ക് ഒരു മടക്കയാത്ര ഉണ്ടാവില്ല, ഒരിക്കലും പഴയ ശ്രീഹരി ചേട്ടനായി തനിക്ക് ശ്രീഹരിയെ കാണാൻ സാധിക്കുകയില്ല, പക്ഷേ അത് പറയുമ്പോൾ എന്തായിരിക്കും ഏട്ടന്റെ പ്രതികരണം.....? ഈ ലോകം തന്നെ നിന്നിലൂടെ ഒഴുകുന്ന ഒരുവളിൽ നിന്നെ മറക്കുക എന്നാൽ മരണം ആണ് എന്ന് നീ അറിയുന്നുണ്ടോ പ്രിയനേ......?

ഇതുവരെ സൗമ്യമായി ആണ് തന്നോട് സംസാരിച്ചത്, ഒരുപക്ഷേ ഇനി ഹരിയേട്ടൻ തന്നിൽ നിന്ന് അകന്നു പോകും, പക്ഷേ ഇനി കള്ളം പറയാൻ വയ്യ......... മനസ്സാക്ഷിയെ വഞ്ചിക്കാൻ വയ്യ, ഒരിക്കൽ കൂടി അവന്റെ മുൻപിൽ നാടകം കളിക്കാൻ വയ്യ, ഇത്രയും ദിവസം നടമാടിയ ആ നാടകം ഇന്നാണ് അവന്റെ മുൻപിൽ അഴിഞ്ഞു വീണത്, അഭിനയിച്ച് ജീവിച്ചത് എത്രത്തോളം ഭീകരമായിരുന്നു എന്ന് തനിക്ക് മാത്രമേ അറിയൂ........ ഒരിക്കലും പഴയ ശ്രീഹരിയായി അവനെ കാണാൻ സാധിക്കില്ല, അതുകൊണ്ടുതന്നെ ഇനി അവനോട് ഒരു കള്ളം പറയാനും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല............

അവളുടെ മറുപടി വൈകുംതോറും ശ്രീഹരിയിൽ ഒരു വല്ലാത്ത ഭയം നിറഞ്ഞു, അവളെ ഉപദേശിച്ചു നല്ല രീതിയിൽ കൊണ്ടുവരാൻ സാധിക്കും എന്ന ഒരു വിദൂരമായ ചിന്ത അപ്പോഴും അവൻറെ മനസ്സിൽ ബാക്കി കിടന്നിരുന്നു......... അതുകൊണ്ടാണ് ഒരിക്കൽ കൂടി സംസാരിച്ച് അവളെ ഒന്ന് പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്, " ഇല്ല ഹരിയേട്ടാ.......!!!അതൊരിക്കലും എനിക്ക് സാധിക്കില്ല....... ഹരിയേട്ടൻ കരുതുന്നതുപോലെ മുതിർന്ന ഒരു പുരുഷനോട് തോന്നിയ വെറും ഭ്രമം മാത്രമല്ല എനിക്ക് ഏട്ടനോട്, ഞാൻ തന്നെ പലവട്ടം എൻറെ മനസ്സിനെ വിലക്കിയിട്ടുണ്ട്, അങ്ങനെ എനിക്ക് സാധിക്കും ആയിരുന്നുവെങ്കിൽ ഹരിയേട്ടനെ മറക്കാനുള്ള എന്തെങ്കിലും ഒരു അവസരം എൻറെ മുന്നിൽ ഉണ്ടായിരുന്നുവെങ്കിൽ,

എൻറെ മനസ്സിൽ അങ്ങനെയൊരു മോഹം തോന്നിയത് പോലും ഹരിയേട്ടൻ അറിയുമായിരുന്നില്ല....... എനിക്ക് സാധിക്കില്ല ഹരിയേട്ടാ, ഒരിക്കലും മറക്കാൻ സാധിക്കില്ല ഹരിയേട്ടനെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി........." അവന്റെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ ഒരു പതർച്ചയും ഉണ്ടായിരുന്നില്ല അവൾക്ക്...... തനിക്ക് മുൻപിൽ നിൽക്കുന്നത് തനിക്ക് പരിചിതമായ ഒരു ജാനകി അല്ലെന്ന് ശ്രീഹരിക്കും തോന്നിയിരുന്നു, പക്വതയാർന്ന ഒരു യുവതിയെ പോലെയാണ് അവളുടെ സംസാരങ്ങൾ, തൻറെ മുൻപിൽ കുട്ടികളി കളിച്ചുകൊണ്ട് പാറി നടന്നിരുന്ന ആ പാവാടക്കാരി യിൽ നിന്നും അവൾ ഒരുപാട് വളർന്നത് പോലെ അവനു തോന്നി,

തങ്ങൾക്കിടയിൽ വല്ലാത്തൊരു ദൂരം സൃഷ്ടിക്കപ്പെടുന്നതും ശ്രീഹരി വേദനയോടെ അറിഞ്ഞു, ഇനി എന്താണ് അവളോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്.....? അവന്റെ മുഖത്തും നിസ്സഹായത തന്നെ നിലനിന്നു,താൻ പറഞ്ഞാൽ അവൾ മനസിലാക്കും എന്നുള്ള പ്രതീക്ഷ ഇല്ലാത്ത ഒരു പ്രതീക്ഷ എവിടെയോ നിലനിന്നിരുന്നു, അതും നഷ്ടം ആയപ്പോൾ ശ്രീഹരി തകർന്നു തുടങ്ങി...... " ചേട്ടൻ എന്നെ ഇഷ്ടപ്പെടണം എന്ന് ഒരിക്കലും ഞാൻ പറയില്ല, അങ്ങനെ എനിക്ക് വാശി പിടിക്കാൻ സാധിക്കില്ല,

ആ സ്നേഹം പോലും ഞാനിപ്പോ അർഹിക്കുന്നില്ല, പക്ഷേ ഹരിയേട്ടനെ മറക്കണം എന്ന് മാത്രം എന്നോട് പറയരുത്, ഹരിയേട്ടന് ഒരു ഉപദ്രവവും ഉണ്ടാക്കാതെ എൻറെ മനസ്സിൽ മാത്രമായി ഈ സ്നേഹം നിലനിൽക്കട്ടെ, ചേട്ടൻ പറഞ്ഞതുപോലെ മറ്റൊരാളും ഈ ഇഷ്ടത്തെ പറ്റി അറിയില്ല, ആരുമറിയാതെ എൻറെ മനസ്സിൽ മാത്രം ഞാൻ ഹരിയേട്ടനെ സൂക്ഷിച്ചു വെച്ചോളാം, പക്ഷേ അത് മാത്രം പറ്റില്ലെന്ന് എന്നോട് പറയരുത്, ജീവിതത്തിലൊരിക്കലും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ എനിക്ക് സാധിക്കില്ല ഹരിയേട്ടാ.........

ഇത്ര ദിവസങ്ങൾക്കുള്ളിൽ ഞാൻ ഇത്ര തീവ്രമായി ഹരിയേട്ടനെ ഇഷ്ടപ്പെട്ട് പോയത് എനിക്ക് പോലും അത്ഭുതം ഉണ്ടാക്കുന്ന ഒരു കാര്യമാണ്, പക്ഷേ ഒരിക്കലും ഞാൻ ഹരി ഏട്ടൻ എന്നോട് തിരിച്ചു സ്നേഹിക്കണം എന്ന് വാശി പിടിക്കില്ല, ഹരിയേട്ടനെ സ്വന്തമാക്കണമെന്നും ഞാൻ ആഗ്രഹിക്കില്ല, ഒന്നും മിണ്ടാതെ ആരോടും പറയാതെ ഞാൻ എൻറെ മനസ്സിൻറെ ഉള്ളിൽ സ്നേഹിക്കരുത് എന്ന് മാത്രം പറയരുത്, അതിനുമാത്രം തടസ്സം പറയരുത്, ആർക്കും ഉപദ്രവമില്ലാതെ എൻറെ സ്വകാര്യമായ അവകാശമായി ഞാൻ അത് കണ്ടോട്ടെ, പ്ലീസ് ഇനി ഒരിക്കൽകൂടി എന്നോട് അങ്ങനെ പറയരുത്,

അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ പോകുമ്പോൾ അവളുടെ കണ്ണിൽ നിന്നും അനുസരണയില്ലാതെ നീർക്കുമിളകൾ താഴേക്ക് പതിക്കുന്നുണ്ടായിരുന്നു........ ശ്രീഹരിയും മരവിച്ച ഒരു അവസ്ഥയിലായിരുന്നു, ഒരിക്കൽ പോലും അവളെ താൻ മോശമായ കണ്ണോടെ നോക്കിയിട്ടില്ല........ അവളുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടം നിറം മാറി എന്ന് അറിഞ്ഞ നിമിഷം മുതൽ ഉരുകി ആണ് ജീവിക്കുന്നത്, എല്ലാത്തിലുമുപരി മറ്റാരെങ്കിലും അറിയുകയാണെങ്കിൽ തന്നെ ഏറ്റവും മോശമായി ആയിരിക്കും അവളെ പറ്റി ചിന്തിക്കുന്നത്, താനായിരുന്നു ശ്രദ്ധിക്കേണ്ടത്,

എത്രയൊക്കെ ശ്രീവിദ്യയെ പോലെ ആണ് എന്ന് താൻ പറയുമ്പോഴും അവൾ മറ്റൊരു പെൺകുട്ടിയാണെന്ന് ഞാൻ ചിന്തിക്കണമായിരുന്നു....... വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു പെൺകുട്ടി അവളിൽ ഉണ്ടെന്ന് മനസ്സിലാക്കണമായിരുന്നു....... ഒരുപാട് അടുത്തിടപഴകാൻ പാടില്ലായിരുന്നു, അവളോട് സംസാരിക്കുമ്പോൾ അവൾ മറ്റൊരു പെൺകുട്ടി ആണെന്നുള്ള പരിഗണന നൽകണം ആയിരുന്നു, ഏട്ടൻ എന്ന രീതിയിലായിരുന്നു അവളുടെ അരികിൽ ഇടപെട്ടിരുന്നത് മുഴുവൻ, പക്ഷേ താൻ ഒരു മുതിർന്ന പുരുഷനാണെന്ന് താനും മറന്നു പോയ നിമിഷങ്ങൾ ആയിരുന്നു........ തൻറെ ഭാഗത്തും തെറ്റുണ്ട് എന്ന് ശ്രീഹരി കണക്കെടുപ്പ് നടത്തുകയായിരുന്നു,

അവളോട് ഒരു അകലം സൂക്ഷിക്കണം ആയിരുന്നു, അവൾ വളർന്നു വലുതായി എന്ന് താൻ മനസ്സിലാക്കണമായിരുന്നു.......... അവളുടെ മനസ്സിൽ പ്രണയത്തിൻറെ അലയൊലികൾ മൊട്ടിടുന്നുണ്ടെന്ന് അറിയണമായിരുന്നു...... അല്ലാതെ അവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, തന്നിൽ നിന്നും അവൾക്ക് ലഭിച്ച സംരക്ഷണവും കരുതലുമാണ് പ്രണയമായി അവൾ കാണുന്നത്....... അത് തുറന്നു പറഞ്ഞു കഴിഞ്ഞു, ആ ഒരു കരുതലും സംരക്ഷണവും അവൾ ജീവിതകാലം മുഴുവൻ ആഗ്രഹിക്കുന്നുണ്ട് ആ സംരക്ഷണം,സംരക്ഷണം നൽകുന്ന ആളെയും, അതുതന്നെയാണ് തന്നോടുള്ള പ്രണയത്തിൻറെ ഒരു കാരണമായി അവൾ കാണുന്നത്,

ഒരുപക്ഷേ അതിലും സംരക്ഷണം നൽകാൻ അമലിന് സാധിക്കും, അങ്ങനെയാണെങ്കിൽ പതിയെ പതിയെ അവൾ തന്നെ മറന്നുകൊള്ളും, കുറെ കാലം കഴിഞ്ഞു ഓർക്കുമ്പോൾ ചിരിക്കാനുള്ള ഒരു രൂപം മാത്രമായി താൻ അവളുടെ മനസ്സിൽ മാറും, അങ്ങനെയൊക്കെ മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു ശ്രീഹരി, ഒരു പരിധിവിട്ട് ഇനി അവളോട് പെരുമാറില്ല എന്ന് അവൻ കരുതി, ഇനി ഒരു പ്രതീക്ഷകളും നൽകാൻ താൻ ഒരു കാരണം ആകരുത് എന്ന് ഒരു തീരുമാനങ്ങളെടുക്കുക ആയിരുന്നു ശ്രീഹരി ആ രാത്രി....... കുറച്ച് സമയം കൂടി അവൻ മുറിക്കകത്ത് തന്നെ ഇരുന്നു, മനസ്സ് വല്ലാത്ത വേദനയാണ് നൽകിയിരിക്കുന്നത്

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രത്യാഘാതം ആയിരുന്നു ഇത്, എന്തായിരിക്കും താൻ ഇതിനായി ഒരു പോംവഴി കണ്ടെത്തുന്നത് , അവൻ പല ചിന്തകളിലൂടെ സഞ്ചരിച്ചു നോക്കി....... തന്റെ വിവാഹം ആയാലോ ...? ഒരുപക്ഷേ താൻ മറ്റൊരാൾക്ക്‌ സ്വന്തമാക്കുമ്പോൾ അവൾ മനസ്സിനെ നിയന്ത്രിച്ചാലോ....? വേണ്ട പ്രായം മോശമാണ്, ചിലപ്പോൾ അവൾക്ക് മറ്റെന്തെങ്കിലും ദുർബുദ്ധി തോന്നിയാൽ വീണ്ടും അത് മറ്റൊരു അപകടത്തിലേ ചെന്ന് നിൽക്കുകയുള്ളൂ......, ഉറച്ച മനസ്സോടെയാണ് കുറച്ചു മുൻപ് അവൾ തന്നോട് സംസാരിച്ചത്......., ഒരു വിവാഹം കഴിച്ചാൽ ചിലപ്പോൾ അവളുടെ വാശിയെ കൂട്ടാൻ മാത്രമേ ഉപകരിക്കുകയുള്ളൂ,

ഏറ്റവും നല്ല മാർഗ്ഗം അവളുടെ വിവാഹം ഉറപ്പിക്കുകയാണ്, അത് തന്നെയാണ്, താൻ ഒന്നും അറിഞ്ഞിട്ടില്ല, ഈ രാത്രിയിൽ അവളുടെ മനസ്സിലുള്ളത് ഒന്നും അറിഞ്ഞിട്ടില്ല, അവൾ തന്നോടൊന്നും തുറന്നു പറഞ്ഞിട്ടും ഇല്ല, എല്ലാം തീരുമാനിച്ചതു പോലെ തന്നെ, എത്രയും പെട്ടെന്ന് അധികം വൈകാതെ തന്നെ വിവാഹം നടത്തുകയും വേണം........അവളുടെ ജീവിതം സുരക്ഷിതമാക്കണം, അതിനുശേഷം മതി തനിക്കൊരു വിവാഹം, അങ്ങനെയൊരു തീരുമാനം കൂടി ശ്രീഹരി എടുത്തിരുന്നു...... അവളോട് തനിക്ക് വാത്സല്യമാണ് സ്നേഹമാണ് പക്ഷേ പ്രണയം എന്നൊരു വികാരം വിദൂരതയിൽ പോലും അവളോട് തോന്നിയിട്ടില്ല, ഒരിക്കലും തോന്നാൻ പോകുന്നില്ല,

താൻ നെഞ്ചിൽ കിടത്തി വളർത്തിയ കുട്ടിയാണ്, ഒരിക്കലും തനിക്ക് അവളോട് മോശമായ രീതിയിൽ ഒന്നും തോന്നുകയില്ല, എങ്ങനെയാണ് ഭാര്യയുടെ സ്ഥാനത്തേക്ക് അവളെ കാണുന്നത്, എങ്ങനെ അവൾക്ക് തോന്നി തന്നെ ആ ഒരു സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുവാൻ....? അങ്ങനെ പല ചോദ്യങ്ങളും അവന്റെ മനസ്സിൽ ബാക്കിയായി നിന്നിരുന്നു....... 32 വയസ്സ് ഉണ്ട് തനിക്ക് 19 വയസ്സ് പോലും തികഞ്ഞിട്ടില്ല അവൾക്ക്, ആ അന്തരം വളരെ വലുതാണെന്ന് അവനു തോന്നി, ഇല്ല താൻ ഇങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ് അവന്റെ മനസ്സ് ഉരുവിട്ടു, ഒന്നും ചിന്തിക്കാതെ അവൾ തന്നെ പ്രണയിച്ചു എങ്കിൽ അത് അവളുടെ പ്രായത്തിന്റെ അഭിനിവേശം അല്ലാതെ മറ്റൊന്നുമല്ല എന്ന അനുമാനത്തിൽ തന്നെയായിരുന്നു

ശ്രീഹരി എത്തിയിരുന്നത്, കുറച്ച് സമയം കൂടി വെറുതെയവൻ ബാൽക്കണിയുടെ അരികിൽ പോയി നിന്നു........ മനസ്സിൽ ഒരു സ്വസ്ഥത ഇല്ലാത്തതുപോലെ, എത്രയൊക്കെ പല രീതിയിൽ ചിന്തിക്കാൻ നോക്കിയിട്ടും മനസ്സ് തണുക്കുന്നില്ല, അവളുടെ വാക്കുകൾ അത്രമേൽ മനസ്സിനെ പിടിച്ചുലച്ച് കഴിഞ്ഞു......, അവളുടെ വാക്കുകൾ ആയിരുന്നു " അത്രയ്ക്ക് ഞാൻ ഇഷ്ടപ്പെട്ടു പോയി.... " ആ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു....... ഇല്ല മോളെ എനിക്ക് നിന്നെ മറ്റൊരു രീതിയിൽ കാണാൻ സാധിക്കില്ല, സഹോദരതുല്യമായ ഒരു സ്ഥാനം ആണ് നിനക്ക് എന്റെ മനസ്സിൽ, ആ എന്നെ മറ്റൊരു രീതിയിൽ കണ്ടതിന് ഈശ്വരൻ നിന്നെ ശിക്ഷിക്കാതെ ഇരിക്കട്ടെ എന്ന് അല്ലാതെ ഞാൻ എന്താണ് ഈ നിമിഷം നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്.....?

അങ്ങനെയായിരുന്നു ശ്രീഹരിയുടെ മനസ്സിലെ ചിന്ത , ശ്രീവിദ്യ വന്ന് വീണ്ടും ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും ഭക്ഷണം വേണ്ട എന്ന് പറഞ്ഞ് തന്നെ അവൻ മുറിയിൽ ഇരുന്നു, കുറച്ച് സമയം കൂടി മുറിയിലിരുന്ന് എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവനെ ഹോളിലേക്ക് ചെന്നിരുന്നു, സേതു അവിടെ ഉണ്ടായിരുന്നു ടിവി കാണുകയായിരുന്നു, സേതുവിൻറെ അരികിലേക്ക് ശ്രീഹരി ചെന്നിരുന്നു, " എന്താ ഹരി നിനക്കെന്താ ഭക്ഷണം വേണ്ട എന്ന് പറഞ്ഞത്....? മകൻറെ തല മുടിയിഴകൾ തഴുകി കൊണ്ട് അയാൾ ചോദിച്ചു......

അതിന് മറുപടിയൊന്നും അവൻറെ മുന്നിൽ പറയാനുണ്ടായിരുന്നില്ല, ഒരു നിമിഷം അവൻ വല്ലാതെ തളർന്നു പോയിരുന്നു...... പക്ഷേ അത് അയാൾ അറിയാതെ ഇരിക്കാനും അവൻ ശ്രദ്ധിച്ചിരുന്നു, " അച്ഛൻ നാളെ തന്നെ അമലിന്റെ വീട്ടിൽ പോണം, ജാനകിയുടെ വിവാഹം ഉറപ്പിക്കണം....അവന്റെ വീട്ടുകാരോട് എത്രയും പെട്ടെന്ന് അവിടെ വന്ന് അവളെ കാണാൻ പറ, അത് കഴിഞ്ഞു എത്രയും പെട്ടെന്ന് വിവാഹം നടത്തണം " ശ്രീഹരി പറഞ്ഞപ്പോൾ മനസ്സിലാവാതെ സേതു അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു, " വിവാഹമോ..........?? ഇത്ര പെട്ടെന്നോ...? ഒരിക്കൽ കൂടി സേതു അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.... "

എത്രയും പെട്ടെന്ന് വിവാഹം നടത്തണം, അച്ഛാ പറ്റുമെങ്കിൽ ഞാൻ പോകുന്നതിനു മുൻപ് തന്നെ ജാനകിയുടെ വിവാഹം നടത്തണം.....അതിനുശേഷം തൻറെ വിവാഹത്തെപ്പറ്റി ആലോചിച്ചാൽ മതി അച്ഛാ, അവൾ എൻറെ പെങ്ങളല്ലേ......? അതും ഒരു കടമ തന്നെയല്ലേ..... അതിനുശേഷമേ ഞാൻ ഇനി എന്റെ ജീവിതത്തെ പറ്റി ആലോചിക്കുക ഉള്ളൂ, പറ്റുകയാണെങ്കിൽ ഈ മാസം തന്നെ വിവാഹം നടത്തണം, അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ ശ്രീഹരി മുകളിലേക്ക് പോയപ്പോൾ മകൻറെ മനസ്സിൽ എന്താണെന്ന് അറിയാതെ ഉഴറുകയായിരുന്നു സേതുവും, നിദ്ര നഷ്ടപ്പെട്ട രാത്രിയായിരുന്നു ജാനകിക്കും അത്,

കുറെ തുറന്നുപറച്ചിലുകൾ നടത്തിയെങ്കിലും ശ്രീഹരിയുടെ അവസാനത്തെ വാക്ക് തന്റെ ഹൃദയത്തെ വല്ലാതെ ഉലച്ചു കളയാൻ കഴിവുള്ളതാണെന്ന് അവൾക്ക് തോന്നിയിരുന്നു, ഏട്ടനാണ് ഏട്ടൻ ആയി മാത്രമേ കാണാൻ പാടുള്ളൂ, അതിനർത്ഥം ഹരിയേട്ടൻ ഒരിക്കലും തന്നെ സ്നേഹിക്കാൻ സാധിക്കില്ല എന്ന് തന്നെയല്ലേ....? തൻറെ ഇഷ്ടം അറിയേണ്ടയാൾ അറിഞ്ഞു എന്ന് മാത്രമേ ഉള്ളൂ, അത് ഒരിക്കലും തിരികെ കിട്ടാൻ ഭാഗ്യം ഉള്ള ഒന്നല്ല, എങ്കിലും ഒരിക്കലെങ്കിലും ഹരിയേട്ടൻ എൻറെ ഭാഗത്തുനിന്ന് ഒന്നു ചിന്തിച്ചുനോക്കി കൂടെ, അങ്ങനെ നോക്കിയാൽ തീർച്ചയായും ഹരിയേട്ടന് തന്നെ ഇഷ്ടപ്പെടില്ലേ...?

അങ്ങനെ ചില പരിഭവങ്ങളു മനസ്സിൽ നിറഞ്ഞു, വേണ്ട ഒന്നും തിരിച്ച് ആഗ്രഹിച്ചില്ല ജാനകി ശ്രീഹരി ഇഷ്ടപ്പെട്ടത്, പക്ഷേ എന്നെങ്കിലും ശ്രീഹരി മറ്റൊരാളുടെ സ്വന്തം ആയാലും ജാനകിയുടെ മനസ്സിൽ ശ്രീഹരി മാത്രമേ ഉണ്ടായിരിക്കുള്ളൂ, ആ ഒരു രാത്രി കൊണ്ട് തന്നെ ആത്മഹത്യ എന്ന ചിന്തയെ പറ്റി അവൾ മനസ്സിൽ നിന്നും മാറ്റി കളഞ്ഞു, താൻ ജീവിതത്തിൽ അങ്ങനെയൊന്ന് ചെയ്താൽ ഒരിക്കലും ഹരി ഏട്ടന് സമാധാനം കിട്ടില്ല, എവിടെയാണെങ്കിലും അദ്ദേഹത്തിൻറെ സമാധാനവും സന്തോഷവും മാത്രമാണ് താൻ ആഗ്രഹിക്കുന്നത്,

അതുകൊണ്ടുതന്നെ ഹരിയേട്ടനെ കിട്ടിയില്ലങ്കിൽ ആത്മഹത്യ ചെയ്യുക എന്ന ചിന്ത അവൾ ഉപേക്ഷിച്ചു, ഹരിയേട്ടൻ മറ്റൊരാളുടെ സ്വന്തമായാൽ ഈ നാടുവിടുക,അത് കാണാനുള്ള ശേഷി ഇല്ല, പക്ഷേ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, എന്നും ഹരിയേട്ടനെ ഓർമ്മകളുമായി സന്തോഷത്തോടെ ജീവിക്കും, അങ്ങനെയൊരു കണക്കുകൂട്ടലുകൾ എത്തിച്ചേർന്നിരുന്നു ജാനകി, ഒരു ഭിത്തിക്ക് അപ്പുറം ഉറക്കമില്ലാതെ അവനും ചിന്തിച്ചു കിടക്കുകയായിരുന്നു....................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story