സ്നേഹദൂരം.....💜: ഭാഗം 18

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

കുട്ടിക്കാലം മുതലുള്ള അവളോടൊപ്പമുള്ള ഓരോ നിമിഷങ്ങളും ശ്രീഹരിയുടെ മനസ്സിലേക്ക് തെളിഞ്ഞ് വന്നിരുന്നു...... തന്റെ കുഞ്ഞനുജത്തി...... അവളുടെ ചോറൂണ് പോലും ഇപ്പോഴും തനിക്ക് ഓർമ്മയുണ്ട്, എന്തിന് 28 പോലും നല്ല വ്യക്തമായി താൻ ഓർക്കുന്നു, അല്ലെങ്കിലും കുട്ടിക്കാലത്തെ ഓർമ്മകൾ എല്ലാം എപ്പോഴും തൻറെ മനസ്സിൽ ഉണ്ടായിരുന്നു........ ഇന്ന് വരെ മറ്റൊരു ഇഷ്ട്ടം അവളോട് തോന്നിയിട്ടില്ല, ഈ നിമിഷം വരെ......... അവളുടെ മനസ്സിൽ താൻ ഉണ്ടെന്നറിഞ്ഞിട്ടും പോലും ഒന്നും തനിക്ക് തോന്നുന്നില്ല, മറ്റൊരു കണ്ണോടെ അവളെ നോക്കുവാൻ പോലും തനിക്ക് സാധിക്കില്ല.........

കുട്ടിയാണ് അവൾ, തനിക്കൊരു മകളുടെ വാത്സല്യമാണ് അവളോട്........ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി താൻ പ്രവാസത്തിലേക്ക് കൂപ്പുകുത്തിയില്ലായിരുന്നുവെങ്കിൽ സാധാരണ പുരുഷന്മാരെപ്പോലെ 26 വയസ്സ് 27 വയസ്സ് വിവാഹിതനാവുക ആയിരുന്നുവെങ്കിൽ തൻറെ കുഞ്ഞുങ്ങൾക്കും അവൾക്കും ഇപ്പോൾ എത്ര പ്രായവ്യത്യാസം ഉണ്ടാകും.......? എന്നിട്ടും എങ്ങനെയാണ് ഇങ്ങനെ ഒരു മോഹം അവൾക്ക് തോന്നിയത്....?എപ്പോഴോ അവളുടെ ചെയ്തികൾ പ്രണയം ആണ് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു, പക്ഷെ താൻ കാര്യമാക്കിയില്ല,

അവളിൽ നിന്നും അങ്ങനെ ഒരു സമീപനമായിരുന്നില്ല പ്രതീക്ഷിച്ചത്. കുറച്ചുദിവസങ്ങളായി അവളുടെ ഓരോ ചേഷ്ടകളും തന്നിൽ സംശയം ഉണർത്തുനുണ്ടായിരുന്നു...... പക്ഷേ ഒരിക്കലും തന്നോട് അവൾക്ക്, ഏതൊ ഒരു നശിച്ച നിമിഷത്തിൽ ആയിരിക്കും തന്നോട് ഒരിക്കലും തോന്നാൻ പാടില്ലാത്ത ഇഷ്ടം അവൾക്ക് തോന്നിയത് എന്ന് വീണ്ടും വീണ്ടും അവൻ ചിന്തിച്ചു പോവുകയായിരുന്നു, തെറ്റാണ് എന്ന് തനിക്ക് പൂർണ ബോധ്യമുണ്ട് എന്ന് അവൾ തന്നോട് സമ്മതിച്ചതാണ്, പക്ഷേ അവളുടെ ഉപബോധമനസ്സ് അംഗീകരിച്ചു കൊടുക്കുന്നില്ല.......

അവൾ വളർന്നു വലുതായ കാര്യം വിസ്മരിച്ചു പോയതിന് ഒരു നൂറു തവണ അവനവനെത്തന്നെ പഴിച്ചുകഴിഞ്ഞിരുന്നു...... പാടില്ലായിരുന്നു അവൾ ഒരു വലിയ കുട്ടി ആണെന്ന് താൻ ചിന്തിക്കണമായിരുന്നു..... തന്റെ ഭാഗത്തുനിന്നും അടുപ്പമുള്ള ഒരു രീതിയിലുള്ള സംസാരങ്ങളും അവളോട് ഉണ്ടാവാൻ പാടില്ലായിരുന്നു, വേണ്ടായിരുന്നു ഒന്നും ചോദിക്കേണ്ട ആയിരുന്നു....... അറിയേണ്ട ആയിരുന്നു....... തനിക്ക് മനസ്സമാധാനം എങ്കിലും കിട്ടിയേനെ, ഈ സമയം തന്റെ മനസ്സും അസ്വസ്ഥമാക്കുകയും ആണല്ലോ എന്നായിരുന്നു അവൻ ചിന്തിച്ചു പോയത്.......

ഒന്നും അറിഞ്ഞിട്ടില്ല എന്നോർത്ത് ആശ്വസിക്കുവാനും തനിക്ക് സാധിക്കുന്നില്ല, തൻറെ മുൻപിൽ ഇനി അവൾക്ക് ധൈര്യത്തോടെ അവളുടെ ഇഷ്ടം അറിഞ്ഞു പെരുമാറുവാൻ ഉള്ള ഒരു അനുവാദമാണ് മൗനമായി നൽകിയത് എന്ന് പോലും അവൻ ചിന്തിച്ചു പോയി.......... താൻ അവളെ ഉപദേശിച്ചിട്ടും അവൾ മാറുന്നില്ല എന്ന് കണ്ടപ്പോൾ അല്പം ദേഷ്യത്തോടെ തന്നെ അവളോട് സംസാരിക്കേണ്ടത് ആയിരുന്നു, അതിനുപകരം താൻ ഒന്നും മറുപടി പറയാതെ നിന്നപ്പോൾ ചിലപ്പോൾ അത് തന്റെ മനസ്സിന്റെ മൗനാനുവാദം ആയി അവൾ കാണാനും സാധ്യതയുണ്ട് എന്ന് ശ്രീഹരി ഓർത്തു....... എങ്ങനെയാണ് താൻ അവളോട് ദേഷ്യപ്പെടുക....?

ചെയ്തത് തെറ്റാണെന്ന് പൂർണ ബോധ്യം ഉണ്ടെന്നു പറഞ്ഞു ഒരു കൊച്ചു പെൺകുട്ടി തൻറെ മുൻപിൽ നിന്ന് കരയുമ്പോൾ എന്ത് പറഞ്ഞാണ് താൻ അവളോട് ദേഷ്യപ്പെടുന്നത്....? ഈ ലോകത്ത് മറ്റൊരാളെ സ്നേഹിക്കരുത് എന്ന് പറയാൻ ആർക്കെങ്കിലും അവകാശമുണ്ടോ......? ഈ ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ ഒരു അവകാശം അതുമാത്രമാണ്, പക്ഷേ അവൾ അവസാനം പറഞ്ഞ വാചകങ്ങൾ, ഹരിയേട്ടന്റെ സ്ഥാനത്ത് ജീവിതത്തിൽ ഒരിക്കലും ഇനി ആരെയും എനിക്ക് കാണാൻ സാധിക്കില്ല എന്ന്..... മനസ്സിനുള്ളിൽ ഹരിയേട്ടൻ എനിക്ക് സൂക്ഷിച്ചു വയ്ക്കുന്നതിന് ആരുടെയും അനുവാദം വേണ്ടല്ലോ എന്ന്,

അവളുടെ ആ ചിന്താഗതിയാണ് മാറേണ്ടത്, അതിന് എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടക്കുക തന്നെ വേണം, ജാനകിയെ സുമംഗലിയായി കാണണം.......കുറേ ചിന്തകളും കൂട്ടി കിഴുകലുകളും ഒക്കെയായി എപ്പോഴോ രാവിന്റെ ഒരു യാമത്തിൽ നിദ്ര അവനെ തേടി എത്തി...... 💚❤️💚❤️💚❤️💚❤️💚❤️💚❤️💚❤️💚 പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ചില തീരുമാനങ്ങൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു ശ്രീഹരി...... രാവിലെ തന്നെ തിരികെ വീട്ടിലേക്ക് പോകുവാൻ ഉള്ള തീരുമാനത്തിലായിരുന്നു ജയന്തി, രാവിലെ മുതൽ അവൾ നോക്കിയെങ്കിലും മുറിയിൽതന്നെ ഇരുന്നത് അല്ലാതെ ശ്രീഹരി താഴേക്ക് വന്നിരുന്നില്ല,

കുറച്ചു സമയങ്ങൾക്കു ശേഷം കുളി കഴിഞ്ഞ് ഇറങ്ങി വരുന്ന ശ്രീഹരിയെ അവൾ പ്രതീക്ഷയോടെ നോക്കിയെങ്കിലും അലിവോടെ തൻറെ നേര ഒരു നോട്ടം പോലും അവൻ നൽകിയിരുന്നില്ല, അത് അവളിൽ വേദന നിറച്ച ഒരു കാര്യം കൂടി ആയിരുന്നു, എന്തും സഹിക്കാം പക്ഷേ ഹരിയേട്ടന്റെ അവഗണന, അത് മാത്രം തനിക്ക് സഹിക്കാൻ കഴിയുന്ന ഒന്നല്ല എന്ന് അവൾ മനസ്സിൽ ചിന്തിക്കുകയായിരുന്നു..... തൻറെ നേർക്ക് ഹരിയേട്ടൻ പൂർണമായും ഒരു അവഗണന കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല......... അങ്ങോട്ട് കയറി സംസാരിക്കുവാനുള്ള ധൈര്യവും ഇല്ല എന്നതാണ് സത്യം....

ഒരു നോട്ടം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ, അതുപോലും ഹരിയേട്ടന്റെ ഭാഗത്തുനിന്നും ഇല്ല........ തീർത്തും ഗൗരവമായ ഭാവം, സുഗന്ധി ആന്റി കൊണ്ടു വന്നു ചായ കൊടുത്തൂ, അപ്പോൾ അതും വാങ്ങി പത്രവുമായി വായനയാണ്, അടുത്തേക്ക് പോകുവാൻ തനിക്ക് ധൈര്യമില്ലാത്തതുകൊണ്ട് തന്നെ അവിടെ നിന്നു....... തന്റെ സാന്നിധ്യം അറിഞ്ഞ കൊണ്ടായിരിക്കും അവിടേക്ക് വെറുതെ പോലും ഒന്ന് പാളി നോക്കിയിരുന്നില്ല ഹരിയേട്ടൻ, തനിക്ക് സഹിക്കാൻ കഴിയുന്നതിലും അധികമാണ് ഈ അവഗണന...... കണ്ണുകൾ നിറഞ്ഞു തുടങ്ങിയ നിമിഷം അവിടെ നിന്നും അടുക്കളയിലേക്ക് നടന്നു,

അവിടെ സുഗന്ധി ആന്റി എന്തൊക്കെയോ കവറിൽ ആക്കി അമ്മയ്ക്ക് കൊടുക്കുന്ന തിരക്കിലാണ്, " ഇനി രാവിലെ വീട്ടിൽ ചെന്ന് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ജയന്തി, ഇവിടുന്ന് എല്ലാം കൊണ്ടു പോവുകയാണെങ്കിൽ അതല്ലേ നല്ലത്.......സുഗാന്ധിക്ക് രാവിലെ തന്നെ പോകണം എന്ന് നിർബന്ധം എന്താ, ഊണ് കഴിഞ്ഞു ഇറങ്ങിയാൽ പോരെ... കാച്ചിലും ചേമ്പും എടുത്തു കവറിൽ വച്ച് കൊണ്ട് സുഗന്ധി ചോദിച്ചു... " മറ്റൊന്നും കൊണ്ടല്ല, രാവിലെ ആകുമ്പോൾ അമ്പലത്തിൽ അധികം ആൾ ഒന്നും കാണില്ലല്ലോ, സ്വസ്ഥമായി ഈശ്വരനെ ഒന്ന് പ്രാർത്ഥിച്ച് വീട്ടിലേക്ക് പോകാമെന്ന് ആണ് ഞാൻ കരുതിയത്......

മാത്രമല്ല ഇവൾക്ക് കോളേജിൽ പോവണ്ടേ.....? " അങ്ങനെയാണെങ്കിൽ ഹരിയോട് പറയാം കോളേജിലേക്ക് ജാനിയെ കൊണ്ടു വിടാൻ, പെട്ടെന്ന് ഒരു അവസരം ലഭിച്ചതു പോലെ തോന്നിയിരുന്നു...... അപ്പോഴാണ് ചായകുടിച്ച് ഗ്ലാസ്സുമായി അടുക്കളയിലേക്ക് ഹരിയേട്ടൻ വന്നത്, "ഹരി, ജാനിക്കുട്ടിക്ക് ഇനി വീട്ടിൽ ചെന്നിട്ട് വേണം കോളേജിൽ പോകാൻ, നിനക്ക് അവിടെ വരെ കൊണ്ടാക്കിക്കൂടെ, ആന്റി ചോദിച്ചപ്പോൾ പ്രതീക്ഷയോടെ താനും ആ മുഖത്തേക്ക് നോക്കി, " എനിക്കിന്ന് സമയമില്ല അമ്മേ, ദേവനോട് പറയാം, അത്യാവശ്യമായി രാവിലെ ഒരിടം വരെ പോണം, ദേവനോട് പറയാം ഞാൻ, അവളുടെ മുഖത്തേക്ക് നോക്കാതെ അതും പറഞ്ഞു തിരിഞ്ഞു നടക്കുന്ന ഹരിയേ നിറകണ്ണുകളോടെ നോക്കാൻ അല്ലാതെ മറ്റ് ഒന്നും അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല..........

ഇത്രയും ഗൗരവത്തോടെ താനിതുവരെ ഹരിയേട്ടനെ കണ്ടിട്ടില്ല എന്നതായിരുന്നു സത്യം, തിരിച്ചൊന്നും പറയുവാനും സാധിച്ചിരുന്നില്ല...... " സാരമില്ല സുഗന്ധി, അവൾക്ക് അമ്പലത്തിൽ കയറിയിട്ട് പതുക്കെ കോളേജിൽ പോയാൽ മതിയല്ലോ, അല്പം താമസിച്ചു എന്ന് പറഞ്ഞാലും സാരമില്ല..... അമ്മ അങ്ങനെ പറഞ്ഞെങ്കിലും എൻറെ കണ്ണുകൾ അപ്പോഴും നീണ്ടത് എന്നെ ഗൗനിക്കാതെ കടന്നുപോകുന്ന ഹരിയേട്ടന്റെ മുഖത്തേക്ക് തന്നെയായിരുന്നു, എന്തോ വല്ലാത്ത വേദന തോന്നിയിരുന്നു ആ നിമിഷവും...... പക്ഷേ ഈ മൗനം തന്നെ കൊല്ലാതെ കൊല്ലാൻ ഉറപ്പുള്ളതാണ് എന്നും തോന്നി പോയിരുന്നു, എന്താണ് താൻ ഇതിന് പരിഹാരമായി ചെയ്യുന്നത്.........

തൻറെ മനസ്സ് തുറന്ന് കാണിച്ചതിന് ആണോ ഈ അവഗണന നേരിടേണ്ടി വരുന്നത്......? ഇതൊക്കെ മുൻകൂട്ടി കരുതിയിരുന്നത് ആണ്, പക്ഷേ ഇത്രത്തോളം പ്രതീക്ഷിച്ചിരുന്നില്ല, മനസ്സിൻറെ ഉള്ളിൽ വിദൂരമായ എങ്കിലും പ്രതീക്ഷിച്ചിരുന്നു തൻറെ മനസ്സ് അറിയുമ്പോൾ ചിലപ്പോഴെങ്കിലും ഹരിയേട്ടൻ തന്നെ സ്നേഹിക്കുമെന്ന്, ഒരിക്കലും തന്നെ അങ്ങനെ ഹരിയേട്ടൻ കണ്ടിട്ടില്ല എന്ന് തനിക്ക് പൂർണമായ വിശ്വാസമുണ്ട്, എന്നിട്ട് പോലും തൻറെ മനസ്സ് വെറുതെ അങ്ങനെയൊരു വിഫലമായ ആഗ്രഹം കൊണ്ടു നടന്നിരുന്നു എന്ന് അത്ഭുത പൂർവ്വം അവളോർത്തു........ ഹരിയേട്ടന്റെ അവഗണന താങ്ങാൻ കഴിയില്ല,

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോഴും പ്രതീക്ഷയോടെ കണ്ണുകൾ അകത്തേക്ക് പാറി, ഹരിയേട്ടൻ പുറത്തേക്കിറങ്ങി വന്നില്ല...... കുറച്ചുസമയം കൂടി മുകളിലേക്ക് നോക്കിയെങ്കിലും ആളെ കണ്ടില്ല, മനപ്പൂർവ്വം വരില്ല എന്ന് അറിയാമായിരുന്നു, പേരറിയാത്തൊരു നൊമ്പരം മനസ്സിൽ നിറഞ്ഞു നിന്നു...... ഹരിയേട്ടനിൽ നിന്നും ഒരുപാട് അകലുന്നത് പോലെ, മനസ്സിലെ വേദന മറച്ചു വയ്ക്കുവാൻ ശ്രീഹരിയും ആ നിമിഷം പാടുപെടുകയായിരുന്നു, മറ്റൊന്നും തോന്നിയില്ലെങ്കിലും അവൾ വേദനിക്കുന്നത് കാണാൻ തനിക്ക് സാധിക്കില്ല, അത്രമേൽ വാത്സല്യമായിരുന്നു അവളോട്..... ഇനിയും അവൾ തന്റെ പേരിൽ ഒരു മോഹം ഉള്ളിൽ സൂക്ഷിക്കാൻ പാടില്ല,

തനിക്ക് അവളോട് അങ്ങനെ ഒരു ഇഷ്ടമില്ല എന്ന് അവൾ മനസ്സിലാക്കണം, പതുക്കെ സ്വന്തമായി തന്നെ മനസ്സിൽ നിന്നും മായ്ച്ചുകളയും, അതിന് അവഗണനക്കാൾ വലിയൊരു മരുന്നില്ല, ലോകത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും മൂർച്ചയേറിയ ആയുധമാണ് അവഗണന എന്ന് പറയുന്നത്, ഇതിനപ്പുറം മറ്റൊന്നും അവൾക്ക് തനിക്ക് നൽകാൻ സാധിക്കില്ല, ഇതിലൂടെ അല്ലാതെ മറ്റൊന്നിൽ കൂടെയും തനിക്ക് അവളെ അവളുടെ സ്നേഹത്തെ നിന്നു അകറ്റുവാനും സാധിക്കില്ല, ഒരു ഭ്രമം മാത്രമാണ് അവൾക്ക് തന്നോട് തോന്നുന്നത്, താനൊരിക്കലും അത് പ്രോത്സാഹിപ്പിക്കാൻ പാടില്ല, ചിലപ്പോൾ കുറെ കാലങ്ങൾക്ക് ശേഷം തൻറെ തീരുമാനം തെറ്റായിപ്പോയി എന്ന് അവൾക്ക് തോന്നാനും സാധ്യതയുണ്ട്,

അതുകൊണ്ട് തന്നെ ഈ ഇഷ്ടത്തിനെ പ്രോത്സാഹിപ്പിക്കരുത്, തന്റെ ഭാഗത്തുനിന്നും പ്രതീക്ഷയോടെ ഉള്ള ഒരു നോട്ടമോ ഭാവമോ ഉണ്ടാവില്ല എന്ന ഉറച്ച ഒരു തീരുമാനം ശ്രീഹരി എടുത്തു കഴിഞ്ഞിരുന്നു....... ************** അന്നത്തെ ദിവസം വീട്ടിലേക്ക് ചെന്നിരുന്നു എങ്കിലും കോളേജിലേക്ക് ഒന്നും പോകാൻ അവൾക്ക് തോന്നിയിരുന്നില്ല, തലവേദനയാണ് എന്ന് അമ്മയോട് പറഞ്ഞ് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി, ഹരിയും താനും തമ്മിൽ ഒരുപാട് അന്തരമുണ്ട് എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു, വേണമെങ്കിൽ തന്നെ ഒന്ന് വഴക്ക് പറയാമായിരുന്നില്ലേ.....? അല്ലെങ്കിൽ അന്ന് ചെയ്തപോലെ വീണ്ടും തന്നെ അടിക്കാമായിരുന്നു,

ശരീരം നോവിപ്പിക്കുകയും തന്നെ വാക്കുകൾകൊണ്ട് പ്രഹരിക്കുകയും ചെയ്യാമായിരുന്നില്ലെ.....? പക്ഷെ ഈ മൗനം, അതെനിക്ക് സഹിക്കാൻ കഴിയുന്നില്ല ഹരിയേട്ടാ......! അത് മാത്രം എനിക്ക് താങ്ങാൻ കഴിയുന്നില്ല, ഈ മൗനം കൊണ്ട് എന്നെ കൊല്ലാതെ കൊല്ലരുത്....... നിശബ്ദമായി നീളുന്ന ഈ പരിഭവത്തിന്റെ നിമിഷങ്ങൾ ഇനി എന്ന് മാറും....?നീ നൽകുന്ന ഏത് ശിക്ഷയും ഞാൻ ഏറ്റുവാങ്ങാം ഈ മൗനം ഒഴികെ, പെട്ടെന്ന് പുറത്ത് ഒരു വാഹനത്തിൻറെ പരിചിതമായ ആ ശബ്ദം, പെട്ടെന്ന് തന്നെ മനസ്സിലാക്കി ആരാണ് എന്ന്, പോയ ഉത്സാഹം എല്ലാം തിരികെ വന്നു,

ഹോളിലേക്ക് കയറുമ്പോൾ തന്നെ കണ്ടിരുന്നു സേതുവും ശ്രീഹരി അമ്മയും എന്തൊക്കെയോ സംസാരിക്കുകയാണ്, കുറച്ച് സമയം അവരുടെ സംസാരങ്ങൾക്ക് ചെവിയോർത്തു, " നാളെ രാവിലെ അവരെല്ലാവരും വരും, ഹരിക്കുട്ടൻ പറയുന്നത് എത്രയും പെട്ടെന്ന് തന്നെ അങ്ങ് നടത്താമെന്ന് ആണ്, നിശ്ചയം ആണെങ്കിലും നടത്തി വയ്ക്കുന്നതാണ് നല്ലത്, ഇപ്പഴത്തെ കുട്ടികളല്ലേ നമുക്ക് ഒന്നും പറയാൻ പറ്റില്ല, ഇപ്പോൾ നമ്മുടെ കുട്ടിയെ കണ്ടു ഇഷ്ടമായി വേറെ നല്ലൊരു ആലോചന വന്നാൽ അവര് പോവില്ല എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ, അതുകൊണ്ട് ഒരു നിശ്ചയം നടത്തി വയ്ക്കുന്നത് നല്ലതാണ് എന്നാണ് ഹരി പറയുന്നത്, എല്ലാവരെയും വിളിച്ച് കല്യാണം പോലെ ആഘോഷമായിത്തന്നെ ഒരു നിശ്ചയം നടത്താമെന്ന്, ചിലവിന്റെ കാര്യം ഓർത്തു ജയന്തി പേടിക്കണ്ട,

നാളെ രാവിലെ പയ്യന്റെ അച്ഛനും അമ്മയും കൂടി വരുന്നുണ്ട്. ഏതായാലും പയ്യൻ കണ്ടപ്പോൾ അവളെ ഇഷ്ടമാണെന്ന് പറഞ്ഞത്, ഇനി അച്ഛനും അമ്മയും കൂടി ഒന്ന് കാണട്ടെ, ആ വാക്കുകൾ വല്ലാത്ത ഒരു മനസ്സോടെ ആയിരുന്നു അവൾ കേട്ടിരുന്നത്, ഹോളിൽ നിൽക്കുന്ന ശ്രീഹരി തന്നെ കണ്ടു എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായിരുന്നു, ഒരു നോട്ടം തന്നെ നോക്കി, പിന്നീട് തനിക്ക് മുഖം തരാതിരുന്ന് കാര്യങ്ങൾ സംസാരിക്കുകയാണ് ഹരിയേട്ടൻ, തന്നെ എത്രയും പെട്ടെന്ന് വിവാഹം കഴിച്ചു വിടുവാൻ ആണ് ഹരിയേട്ടന്റെ തീരുമാനം എന്ന് അവൾക്ക് മനസ്സിലായി, തൻറെ സ്നേഹത്തിന് യാതൊരു പ്രാധാന്യവും അവൻ നൽകിയില്ല എന്ന് ചിന്തിച്ചപ്പോൾ അവൾക്ക് ഒരു നിമിഷം വല്ലാത്ത വേദന തോന്നിയിരുന്നു, ഏതോ ചില ഓർമകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.... ........................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story