സ്നേഹദൂരം.....💜: ഭാഗം 19

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

തന്നെ എത്രയും പെട്ടെന്ന് വിവാഹം കഴിച്ചു വിടുവാൻ ആണ് ഹരിയേട്ടന്റെ തീരുമാനം എന്ന് അവൾക്ക് മനസ്സിലായി, തൻറെ സ്നേഹത്തിന് യാതൊരു പ്രാധാന്യവും അവൻ നൽകിയില്ല എന്ന് ചിന്തിച്ചപ്പോൾ അവൾക്ക് ഒരു നിമിഷം വല്ലാത്ത വേദന തോന്നിയിരുന്നു, ഏതോ ചില ഓർമകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞു....  ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നുപോലും ജാനകി ആഗ്രഹിച്ചു പോയിരുന്നു, മനസ്സിലാക്കേണ്ടവൻ തൻറെ പ്രണയത്തെ മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ ഈ ഭൂമിയിൽ താൻ ജീവിച്ചിട്ട് എന്തർത്ഥമാണുള്ളത്......? ആ ഒരു നിമിഷം ആത്മഹത്യയെപ്പറ്റി പോലും അവൾ ചിന്തിച്ചു പോയിരുന്നു, നൂറായിരം പൂർണ്ണചന്ദ്രൻമാർ ഒരുമിച്ച് നിന്നാൽ പോലും നിന്നോളം പ്രകാശം എന്നിൽ ചൊരിയാൻ കഴിയില്ല പ്രിയാ....., അവൾ ചിന്തിച്ചു പിന്നീട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോകാൻ തിരിഞ്ഞു ........

"ആഹാ..... മോൾ ഇവിടെ ഉണ്ടായിരുന്നോ.....? പോകാൻ തുടങ്ങിയ അവളെ കണ്ട് സേതു ചോദിച്ചപ്പോൾ അവൾ ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു, ശ്രീഹരിയുടെ കല്ലിച്ച മുഖം കണ്ടപ്പോൾ ആ പുഞ്ചിരി താനെ ചുണ്ടിൽ നിന്നും മാഞ്ഞു പോയിരുന്നു, സേതു അവളെ അരികിലേക്ക് വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞിരുന്നില്ല, " മോൾ പറഞ്ഞതൊക്കെ കേട്ടിട്ടുണ്ടാവില്ലേ.....? നാളെ അവർ വരും, അമലിന്റെ അച്ഛനും അമ്മയും, അവർക്ക് ഇഷ്ടമായി, പിന്നെ ഒരു ചടങ്ങിനു വേണ്ടി നിന്നെ ഒന്ന് കാണുന്നുവെന്ന് മാത്രം, അവൾ ഒന്നും മിണ്ടാതെ ഒരു പുഞ്ചിരി സമ്മാനിച്ച് കഴിഞ്ഞിരുന്നു, അവൾ എന്ത് മറുപടി പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു........

" നാളെ അവർ വരുമ്പോൾ നല്ല സുന്ദരിക്കുട്ടി ആയി ഒരുങ്ങി നിൽക്കണം, ഞാനും വരുന്നുണ്ട്, സേതു വാത്സല്ല്യത്തോടെ പറഞ്ഞു... " നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം, അത് പറഞ്ഞു ജയന്തി അകത്തേക്ക് പോയപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ നിന്നിരുന്ന ജാനകിയെ സേതു അരികിൽ പിടിച്ചിരുത്തി, സേതു അവളുടെ പഠന കാര്യങ്ങളെപ്പറ്റി ഒക്കെ പറയാൻ തുടങ്ങി "മോൾക്ക് പഠിക്കുന്നത് ഇഷ്ടമാണ് എന്ന് അമലിനോട് പറഞ്ഞിട്ടുണ്ട്, വിവാഹം കഴിഞ്ഞാലും എത്ര വേണമെങ്കിലും മോളെ പഠിപ്പിക്കാം എന്ന് ആണ് അവൻ പറഞ്ഞിരിക്കുന്നത്....... വിവാഹം കഴിഞ്ഞാലും പെൺകുട്ടികൾക്ക് നല്ലൊരു ജോലി ഉണ്ടാകണമെന്ന ചിന്താഗതിക്കാർ തന്നെ ആണ് അവർ......

മോൾ ഏതായാലും നന്നായി പഠിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, എത്രവേണമെങ്കിലും പഠിപ്പിക്കാം എന്നാണ് അവർ പറഞ്ഞിരിക്കുന്നത്..... സേതു ഉത്സാഹത്തോടെ അമലിനെ പറ്റി പറയുമ്പോഴും അവളുടെ നോട്ടം മൊബൈലിൽ നോക്കി ഇരിക്കുന്ന ശ്രീഹരിയിൽ തന്നെയായിരുന്നു, ഒരു നോട്ടം ഒരേ ഒരു നോട്ടം എനിക്കായി തന്നൂടെ.....? ഒന്നു നോക്കൂ ചേട്ടാ എന്ന് ഹൃദയം തുടികൊട്ടുന്നൂ........ പക്ഷേ ശ്രീഹരി തൻറെ മുഖത്തേക്ക് പോലും നോക്കുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും വേദന നിറഞ്ഞത് പോലെ........ പെട്ടെന്ന് സേതുവിൻറെ ഫോണിൽ ഒരു കോൾ വന്നു....... ഇപ്പോൾ വരാമെന്നു പറഞ്ഞു അയാൾ പുറത്തേക്ക് പോയപ്പോൾ ഇതുതന്നെയാണ് തനിക്ക് ശ്രീഹരിയോടെ തുറന്നു സംസാരിക്കാനുള്ള അവസരം എന്ന് തോന്നിയിരുന്നു,

ഒരു പക്ഷേ ഇത്രത്തോളം തുറന്നു സംസാരിക്കാൻ ഇനി ഒരു അവസരം ഈശ്വരൻ നൽകില്ല എന്നും അവൾ വിചാരിച്ചു, "ഹരിയേട്ടാ ........!! " അവൾ വിളിച്ചപ്പോൾ നോക്കാതിരിക്കാൻ അവന് കഴിഞ്ഞിരുന്നില്ല ......... ഫോണിൽ നിന്നും തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കി എന്ത് എന്ന അർത്ഥത്തിൽ അവൻ തല ചലിപ്പിച്ചു...... അടരാൻ വെമ്പി നിൽക്കുന്ന അവളുടെ കണ്ണുനീർത്തുള്ളികൾ ഒരു നിമിഷം അവൻറെ ഹൃദയത്തിൽ ഒരു വേദന സമ്മാനിച്ചിരുന്നു, പക്ഷേ അത് പുറത്തേക്ക് കാണിക്കാതെ തന്നെ അവളുടെ മുഖത്തേക്ക് നോക്കി എന്ത് എന്ന അർത്ഥത്തിൽ ചോദിച്ചു, " എനിക്ക്........ എനിക്ക് ഹരിയേട്ടനോട്‌ ..... ഒന്ന് സംസാരിക്കണം, മടിച്ചു മടിച്ചു അവൾ പറഞ്ഞു....

" വേണ്ട........ ജാനി ഇനി നമ്മൾ കൂടുതലൊന്നും സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്, ഒരുപാട് ആലോചിച്ചാണ് ഞാൻ ഈ തീരുമാനമെടുത്തത്........ ഇനി നമ്മൾ തമ്മിൽ വലിയ സംസാരങ്ങൾ ഒന്നും വേണ്ട, ഗൗരവം ആയി അവളെ നോക്കാതെ തന്നെ അവൻ പറഞ്ഞു.... " എന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കുകയാണോ ഹരിയേട്ടൻ,? " ഞാനെന്തിനാണ് ജാനിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്.....? അങ്ങനെ പേടിക്കുന്ന ഒരാളാണോ ഞാൻ......? നിന്നെ ഞാൻ പേടിക്കണ്ട ആവിശ്യം എന്താണ് ......? ഇനി നമ്മൾ തമ്മിൽ ഒരുപാട് സംസാരിക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് സംസാരിക്കേണ്ട എന്ന് പറഞ്ഞത്.......

തീർത്തും അന്യരോട് സംസാരിക്കുന്നത് പോലെ ആയിരുന്നു ശ്രീഹരിയുടെ സംസാരം തന്നെ...... അത് അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു, " ഒരു വട്ടംകൂടി, ഒരു ഒറ്റ വട്ടംകൂടി എന്നെ കേൾക്കാൻ ഹരിയേട്ടൻ ഒന്നു മനസ്സു കാണിക്കു..... വിങ്ങി പൊട്ടി പറയുന്നവളോട് ഒന്നും പറയാൻ അവന് സാധിച്ചിരുന്നില്ല, " പറ........!!! ഫോൺ മാറ്റി വച്ച് അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു..... "എനിക്ക് ചേട്ടനോട് ഒറ്റയ്ക്ക് സംസാരിക്കണം, അവൾ പെട്ടന്ന് പറഞ്ഞു.... " അതിന്റെ ആവശ്യമില്ല ജാനകി, ഞാൻ അതിന് താല്പര്യപ്പെടുന്നില്ല, അങ്ങനെ പറയാൻ ആയിരുന്നു അവന് തോന്നിയത്...... " പക്ഷേ ഞാനത് താത്പര്യപ്പെടുന്നുണ്ട് ഹരിയേട്ടാ......

ഇത്രത്തോളം ആയ സ്ഥിതിക്ക് എനിക്ക് ഹരിയേട്ടനോട് കുറച്ചു സംസാരിച്ച പറ്റൂ, അതിനുവേണ്ടി ഹരിയേട്ടൻ മനസ്സ് കാണിച്ചേ പറ്റൂ, എനിക്ക് വേണ്ടി അങ്ങനെ ഒരു കാര്യം കൂടി ചെയ്യാൻ പറ്റില്ല എന്നുണ്ട് എങ്കിൽ ഇനി ഒന്നും ഞാൻ ചേട്ടനോട് ആവശ്യപ്പെടില്ല, ഇത് മാത്രം, ഒരു 10 മിനിറ്റ് എനിക്കുവേണ്ടി...... വേദനയോടെ പറയുന്നവളോട് മറുത്ത് പറയാൻ അവന് കഴിഞ്ഞിരുന്നില്ല.... " ശരി........!!! 10 മിനിറ്റ് കൊണ്ട് നിനക്കെന്നോട് പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തിരിക്കണം, അത് ഒരു ഓർമ്മപ്പെടുത്തൽ പോലെയായിരുന്നു അവൾക്ക് തോന്നിയിരുന്നത്, എങ്കിലും അവൾ യാന്ത്രികമായി തലയാട്ടി... " എങ്കിൽ പോയി റെഡി ആയിട്ട് വാ, നമുക്ക് പുറത്തു വരെ പോയിട്ട് വരാം,

നിനക്ക് സംസാരിക്കാനുള്ളത് എന്താണെങ്കിലും അത് നമുക്ക് സംസാരിക്കാം..... സ്വർഗം കിട്ടിയ സന്തോഷമായിരുന്നു ആ നിമിഷം ജാനകിക്ക് തോന്നിയിരുന്നത്, പെട്ടെന്ന് തന്നെ അകത്തേക്ക് പോയിരുന്നു, ഏറ്റവും നല്ലതെന്ന് തോന്നുന്ന ഒരു വേഷം തന്നെയാണ് അണിഞ്ഞത്, നന്നായി ഒന്ന് ഒരുങ്ങാനും മറന്നിരുന്നില്ല, എന്തിനാണ് എന്ന് അവൾക്ക് തന്നെ അറിയില്ല........ പക്ഷേ മനസ്സ് വെമ്പൽ കൊള്ളുന്നു കാണാൻ ഒരാൾ ഉള്ളതു പോലെ, ആ മുൻപിൽ ഒരുങ്ങി നിൽക്കേണ്ടത് തൻറെ കടമയാണെന്ന് മനസ്സ് പറയുന്നതുപോലെ....... കണിക്കൊന്ന നിറമുള്ള ചുരിദാർ ആയിരുന്നു അവൾ തിരഞ്ഞെടുത്തിരുന്നത്, എന്നോ ഹരിയേട്ടന് ഇഷ്ടം എന്ന് പറഞ്ഞത് ഓർമയിൽ തിരഞ്ഞെടുത്തിരുന്നത്,

ഒരുങ്ങി വന്നപ്പോഴേക്കും ഹാളിൽ ജയന്തി സേതുവിനും ഹരിക്കും ചായ നൽകുന്ന തിരക്കിലാണ്,അവളുടെ ഒരുക്കങ്ങൾ കണ്ടു ശ്രീഹരി ഞെട്ടി പോയിരുന്നു, തന്നെ കാണിക്കാൻ വേണ്ടി ഉള്ള കാട്ടികൂട്ടലുകൾ ആണ് എന്ന് ഓർത്തപ്പോൾ സഹതാപം ആയിരുന്നു അവന് തോന്നിയത് .... " ഞങ്ങൾ ഇപ്പോൾ വരാം അമ്മേ, അവൾക്ക് പുറത്തുനിന്ന് എന്തോ വാങ്ങണം എന്ന്, ഒരുപാട് താമസിക്കില്ല...... വളരെ പെട്ടെന്ന് തന്നെ വരാം..... " ശ്രീഹരി തന്നെ പറഞ്ഞു..... " എന്ത് വാങ്ങാനാ....? അല്ലെങ്കിലും ഹരി കുട്ടനെ കാണുമ്പോൾ അവൾക്ക് ആവശ്യങ്ങൾ കൂടുതലാണ്, ജയന്തി പറഞ്ഞു... " സാരമില്ല അമ്മേ, അവൾക്ക് പറയാനും എന്തെങ്കിലുമൊക്കെ വാശി പിടിക്കാനും എന്നോടല്ലേ സാധിക്കു, അവൾ എൻറെ സ്വന്തം പെങ്ങൾ അല്ലേ.......?

അവളുടെ മുഖത്തേക്ക് നോക്കി ഒരിക്കൽ കൂടി അവൻ പറഞ്ഞപ്പോൾ അത് ഒരു ഓർമ്മപ്പെടുത്തൽ ആണ് എന്ന് ജാനകിക്ക് തോന്നിയിരുന്നു...... തന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന സന്തോഷമെല്ലാം കെട്ടടങ്ങാൻ അവന്റെ ആ ഒറ്റവാക്ക് തന്നെ ധാരാളമായിരുന്നു, എന്തിനാണ് ഹരിയേട്ടാ എന്റെ മനസ്സ് അറിഞ്ഞിട്ടും വീണ്ടും വീണ്ടും എന്നെ കൊല്ലാതെ കൊല്ലുന്ന എന്നായിരുന്നു ആ നിമിഷം മനസ്സിൽ തോന്നിയിരുന്നത്, പക്ഷെ വാക്കുകൾ പുറത്തേക്ക് വന്നിരുന്നില്ല...... അവളുടെ നിറഞ്ഞകണ്ണുകൾ തന്നെ അതിനുള്ള മറുപടി നൽകുന്നത് പോലെ തോന്നിയിരുന്നു, " കേറൂ ജാനി, പരുഷമായി തന്നെ കാറിന്റെ പിൻ സീറ്റ് തനിക്ക് നേരെ തുറന്നു

ഹരിയേട്ടൻ പറഞ്ഞപ്പോൾ മുൻപിൽ നിൽക്കുന്നത് തനിക്ക് പരിചയമില്ലാത്ത മറ്റൊരു ഹരിയേട്ടൻ ആണ് എന്ന് ആ നിമിഷം ജാനകിക്ക് തോന്നിയിരുന്നു, ആ മുഖം നിറയെ ഗൗരവമാണ്, തന്നോട് കളിതമാശകൾ പറഞ്ഞിരുന്ന വാത്സല്യത്തോടെ തന്നെ നോക്കിയിരുന്നു ആ പഴയ ശ്രീഹരി അല്ല അത് എന്ന് അവൾക്ക് തോന്നിയിരുന്നു........ ആ പഴയ ശ്രീഹരിയും ഈ ശ്രീഹരിയും തമ്മിൽ ഒരുപാട് അന്തരമുണ്ട് എന്ന് അവൾക്ക് മനസ്സിലായി, ഇനി ഒരിക്കലും തനിക്ക് പഴയ ഹരിയേട്ടനെ ലഭിക്കില്ല എന്നും അവൾക്ക് മനസ്സിലായി, വെറുക്കുക ആവും തന്നെ ആ മനസ്സ് ഇപ്പോൾ........ അത് പക്ഷേ എന്തിനാണെന്ന് മാത്രം തനിക്ക് മനസ്സിലാകുന്നില്ല, സ്നേഹം ഒരു ബാധ്യതയായി ഹരിയേട്ടന് തോന്നുന്നുണ്ടാവും,

യന്ത്രികമായി അവൾ കയറി, " പറ.....!! വളരെ ഗൗരവമായിത്തന്നെ ശ്രദ്ധ ഡ്രൈവിങ്ങിൽ കേന്ദ്രീകരിച്ച് ശ്രീഹരി പറഞ്ഞപ്പോൾ എന്തു പറഞ്ഞു തുടങ്ങുമെന്നും എവിടെ നിന്നു തുടങ്ങും എന്ന് അവൾക്ക് അറിയില്ലായിരുന്നു, " എനിക്ക് ഈ വിവാഹം വേണ്ട ഹരിയേട്ടാ..... "ശരി......!എങ്കിൽ വേറെ നോക്കാം... ലളിതമായി അവൻ പറഞ്ഞു... "അതും വേണ്ട..... അവൾ മുഖത്ത് നോക്കാതെ പറഞ്ഞു.... "പിന്നെ ഏത് വിവാഹം ആണ് നിനക്ക് വേണ്ടത്......? എൻറെ കൂടെയുള്ള വിവാഹമോ.....? വണ്ടി സഡൻ ബ്രേക്കിട്ടു നിർത്തി പെട്ടെന്ന് ശ്രീഹരി ദേഷ്യത്തോടെ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്ന് ജാനകിക്ക് അറിയില്ലായിരുന്നു......

" ഇന്നലെ ഞാൻ നിന്നോട് മനസ്സിലാവുന്ന ഭാഷയിൽ എല്ലാം പറഞ്ഞു തന്നതാണ്, എന്നിട്ടും നിനക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ, ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്......? നിനക്ക് എന്താണ്......? എന്താണ് മോളെ നിനക്ക് പറ്റിയത്.....? ഹരിയേട്ടന്റെ കുട്ടി ഇങ്ങനെയൊന്നുമായിരുന്നില്ല......... അവൻ ആർദ്രനായി..... " ഏത് ഗംഗയിൽ കുളിച്ചാല് ആണ് നിനക്ക് ഈ തെറ്റിന് ഈശ്വരൻ മാപ്പ് തരുന്നത്.......? തെറ്റാണ് മോളെ........ ഹരിയേട്ടൻ ഒരിക്കലും മോളെ അങ്ങനെ കണ്ടിട്ടില്ല, ഒരു കാലത്തും ഹരിയേട്ടന് മോളെ അങ്ങനെ കാണാൻ സാധിക്കില്ല, പിറകിലേക്ക് തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു, " കാണണ്ട ഒരിക്കലും ഹരിയേട്ടൻ എന്നെ സ്നേഹിക്കേണ്ട, അങ്ങനെ ഞാൻ വാശി പിടിക്കില്ല ഹരിയേട്ടാ.......

പക്ഷേ മറ്റൊരാളെ സ്നേഹിക്കാൻ മാത്രം ഹരിയേട്ടൻ എന്നോട് പറയരുത്, എനിക്ക് ഒരിക്കലും സാധിക്കില്ല....... എല്ലാവരുടെയും മനസ്സിനെ പറ്റി എനിക്ക് അറിയില്ല, പക്ഷേ എൻറെ മനസ്സിനെ സംബന്ധിച്ചിടത്തോളം ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചു പോയി, ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല ഹരിയേട്ടാ....... ഞാൻ വിവാഹത്തിന് സമ്മതിച്ചാലും എൻറെ മനസ്സിൽ എന്നും ഹരിയേട്ടൻ മാത്രമേ ഉണ്ടായിരിക്കുള്ളൂ, നിങ്ങളെല്ലാവരും കൂടി നിർബന്ധിച്ച് എന്നെക്കൊണ്ട് കല്യാണം കഴിപ്പിച്ചാലും അയാളെ സ്നേഹിക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല,

ഒരാൾക്ക് മനസ്സ് നൽകിയിട്ട് മറ്റൊരാൾക്ക്‌ ശരീരം നൽകേണ്ടി വരുന്ന അവസ്ഥയിലേക്ക് ഹരിയേട്ടൻ തന്നെ എന്നെ തള്ളി ഇടരുത്..... എനിക്ക് ഒരിക്കലും അയാളെ സ്നേഹിക്കാൻ കഴിയില്ല ഹരിയേട്ടാ, നിങ്ങളുടെ ഒക്കെ നിർബന്ധത്തിന് വേണമെങ്കിൽ ഞാൻ വിവാഹത്തിനു സമ്മതിക്കാം പക്ഷേ പൂർണ്ണമായും അയാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല, രണ്ടു ജീവിതങ്ങൾ കൂടി തകരുമെന്ന് അല്ലാതെ മറ്റൊന്നും ഉണ്ടാകില്ല, നിങ്ങൾക്ക് ആർക്കും ഒരു ശല്യം ആവാതെ, ഹരിയേട്ടന് പോലും ഒരു ബുദ്ധിമുട്ട് ആവാതെ ഞാൻ ഹരിയേട്ടനെ സ്നേഹിച്ചോളാം, ഒരിക്കലും ഞാൻ ഹരിയേട്ടന്റെ ജീവിതത്തിൽ ഒരു പ്രശ്നത്തിനും വരില്ല, ഹരിയേട്ടൻ, ഹരിയേട്ടന് ഇഷ്ടപ്പെട്ട പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ചുകൊളു,

ഞാൻ ഒരിക്കലും ഒരു ശല്യമായി വരുമെന്ന് പേടിക്കേണ്ട, അങ്ങനെ ഒരു ബുദ്ധിമുട്ട് ആയി ജാനകി വരില്ല, പക്ഷേ എൻറെ മനസ്സിൽ എനിക്ക് സ്നേഹിക്കാനുള്ള അവകാശമില്ലേ ഹരിയേട്ടാ........? ആർക്കും ഉപദ്രവമില്ലാതെ ഞാൻ സ്നേഹിച്ചോളാം ഹരിയേട്ട.... അവൾ കരഞ്ഞു പോയിരുന്നു....... " ഇതൊക്കെ സിനിമയിലും കഥകളിലും മാത്രം നടക്കുന്ന കാര്യങ്ങളാണ് ജാനകി, യഥാർത്ഥ ജീവിതത്തിൽ ഒരു പെൺകുട്ടിക്ക് അങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ ഒന്നും സാധിക്കില്ല....... അതിന് പരിമിതികളുണ്ട്, നിനക്ക് 19 വർഷത്തെ ലോക പരിചയം മാത്രമേ ഉള്ളൂ, നിന്നെക്കാൾ ഒരു പത്ത് പന്ത്രണ്ട് ഓണം കൂടുതൽ ഉണ്ടത് ആണ് ഞാൻ.......

അതുകൊണ്ടാണ് നിന്നോട് പറഞ്ഞു തരുന്നത്, ഇപ്പോൾ നിൻറെ മനസ്സിൽ തോന്നുന്ന ഈ കാര്യം ഒരു അഞ്ചുവർഷം കഴിയുമ്പോൾ ഒന്നുമല്ലാതായി മാറും, നിനക്കെന്നോട് തോന്നുന്നത് പ്രണയമല്ല, നിനക്ക് കിട്ടാതിരുന്ന സംരക്ഷണവും കരുതലും ഞാൻ തന്നപ്പോൾ നീ കണ്ടുപിടിച്ച ഒരു സന്തോഷം മാത്രമാണ്, ഞാൻ നഷ്ടപ്പെട്ടുപോകും എന്ന ഭയം കൊണ്ട് നിൻറെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന ഒരു വികാരം, അതിനു നീ മറ്റൊരു പേര് കണ്ടുപിടിച്ചു.......ഇതിനെ നീ പ്രണയം എന്ന് വിളിക്കരുത് മോളെ..... അത് തെറ്റാണ്, ഇനി മറ്റൊരു കാര്യം കൂടി പറയാം, നീ എന്നെ മാത്രം ആലോചിച്ച് ജീവിതം മുന്നോട്ട് നീക്കുക ആണെങ്കിൽ ഞാൻ എങ്ങനെയാണ് മറ്റൊരു ജീവിതത്തിലേക്ക് പോകുന്നത്.....?

നിന്നെ ഒരിക്കലും എനിക്ക് എൻറെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ സാധിക്കില്ല, എനിക്ക് സ്വാഭാവികമായി ഒരു ജീവിതം ആവശ്യമാണ്, നീ മറ്റൊരു ജീവിതത്തിലേക്ക് സന്തോഷത്തോടെ പോയാൽ മാത്രമേ എനിക്കും എൻറെ ജീവിതം സുരക്ഷിതമാക്കാൻ സാധിക്കു, ഈ വിവരം ഞാൻ അറിഞ്ഞിട്ടില്ലായിരുന്നെങ്കിൽ സാരമില്ല ,പക്ഷേ ഇപ്പോൾ അങ്ങനെ അല്ലല്ലോ, നീ ഇങ്ങനെ നിൽക്കുമ്പോൾ ഞാൻ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുന്നത്.......? എനിക്ക് മറ്റൊരാളെ എങ്ങനെയാണ് വിവാഹം കഴിക്കാൻ സാധിക്കുന്നത്.....? അറിയാതെയാണെങ്കിലും ഞാൻ ആ പെൺകുട്ടിയെ ചതിക്കുക ആയിരിക്കില്ലേ ആ സമയത്ത് ചെയ്യുന്നത്......? ഒരിക്കലും അതിന് ഞാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി ഈ വിവാഹത്തിന് നീ സമ്മതിച്ചേ പറ്റൂ,

നിനക്ക് എന്തുകൊണ്ടും യോജിച്ച ആൾ തന്നെയാണ് അമൽ........ അതല്ല ഇനിയും വാശിപിടിച്ച് എന്നെ മാത്രം മനസ്സിൽ ഓർത്തിരിക്കാൻ ആണ് നിൻറെ ഭാവം എന്ന് പറയാൻ ആണെങ്കിൽ, ഇനി ഒരു തിരിച്ചു വരവ് ശ്രീഹരിക്കും ഉണ്ടാവില്ല, മണലാരണ്യത്തിൽ തന്നെ ഞാൻ ജീവിതം മുൻപോട്ടു നീക്കും, നാട്ടിൽ വന്ന് ആരെയും അഭിമുഖീകരിക്കാതെ അവിടെ തന്നെ ജീവിതം തള്ളിനീക്കും ഞാൻ.... അവസാന നിമിഷം വരെ ആ നാട്ടിൽ....... നീ എന്നെ ആലോചിച്ചിരുന്നോ.....? പക്ഷേ ഒരിക്കലും ഇനി വിദേശത്തേക്ക് പോയാൽ എനിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല, അവൻറെ ആ വാക്കുകളിൽ അവൾ നടുങ്ങി പോയിരുന്നു....... ഉറച്ച ഒരു മനസ്സിൽ നിന്ന് വന്ന മറുപടി ആയിരുന്നു ഹരിയേട്ടന്റെ എന്ന് ജാനകി ചിന്തിച്ചു പോയി................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story