സ്നേഹദൂരം.....💜: ഭാഗം 20

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

നീ എന്നെ ആലോചിച്ചിരുന്നോ.....? പക്ഷേ ഒരിക്കലും ഇനി വിദേശത്തേക്ക് പോയാൽ എനിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല, അവൻറെ ആ വാക്കുകളിൽ അവൾ നടുങ്ങി പോയിരുന്നു....... ഉറച്ച ഒരു മനസ്സിൽ നിന്ന് വന്ന മറുപടി ആയിരുന്നു ഹരിയേട്ടന്റെ എന്ന് ജാനകി ചിന്തിച്ചു പോയി....  ഇനി താൻ എന്തു പറഞ്ഞിട്ടും യാതൊരു അർത്ഥവുമില്ല എന്നും അവൾക്ക് തോന്നിയിരുന്നു......... താൻ എന്തൊക്കെ പറഞ്ഞാലും ഇനി ഒരിക്കലും അവൻ അത് അംഗീകരിക്കാൻ പോകുന്നില്ല, അത്രമേൽ ഉറച്ച ഒരു തീരുമാനം ശ്രീഹരി മനസ്സിൽ എടുത്തിട്ടുണ്ട് ആ കാര്യത്തിൽ നിന്ന് അവൾക്ക് വ്യക്തമായി തന്നെ മനസ്സിലായി.......

ഒന്നും പറയുവാൻ അവൾക്ക് തോന്നിയിരുന്നില്ല, ഹരിയേട്ടൻ മറ്റൊരു ജീവിതം ആഗ്രഹിക്കുന്നുണ്ട് എന്ന് തന്നെയാണ് ആ പറഞ്ഞതിൽ നിന്നും അവൾ മനസ്സിലാക്കിയത്, താൻ ഒരു ബാധ്യത ആയി മാറുമെന്ന് ഹരിയേട്ടൻ പേടിക്കുന്നുണ്ട്....... അങ്ങനെ ഹരിയേട്ടൻ തന്നെ സ്വീകരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല, സ്നേഹം എന്ന് പറയുന്നത് തട്ടിപ്പറിക്കൽ അല്ലല്ലോ, അതുകൊണ്ട് തന്നെ സ്വാഭാവികമായും ഹരിയേട്ടൻറെ ജീവിതത്തിന്റെ നന്മയ്ക്ക് വേണ്ടി എങ്കിലും താൻ ഇതിൽ നിന്നും പിന്മാറുകയാണ് വേണ്ടത്, പിന്മാറാൻ ഒരിക്കലും തനിക്ക് കഴിയില്ല,

മരണം കൊണ്ട് അല്ലാതെ ശ്രീഹരിയെ മറക്കുവാൻ ജീവിതത്തിൽ തനിക്ക് സാധിക്കില്ല, ഇനിയും തനിക്ക് ചെയ്യാൻ സാധിക്കുന്നത് ഒന്നുമാത്രമേയുള്ളൂ, ഈ വിവാഹത്തിന് സമ്മതിക്കുക, അതിലൂടെ ഹരിയേട്ടന് സന്തോഷം കിട്ടുമെങ്കിൽ, ഹരിയേട്ടന് മാത്രമല്ല അമ്മയ്ക്കും സമാധാനം ആയിരിക്കും ഈ വിവാഹം, തനിക്ക് ഇനി ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കാൻ സാധിക്കില്ല എന്ന് ഉറപ്പാണ്, അപ്പോൾ പിന്നെ തന്നെ സ്നേഹിക്കുന്നവർ എങ്കിലും സന്തോഷിക്കട്ടെ, എവിടെയാണെങ്കിലും ഹരിയേട്ടൻ സന്തോഷമായി ഇരിക്കുന്നത് ആയിരിക്കും തന്റെ മനസ്സിനും സന്തോഷം, ഒഴുകിവന്ന കണ്ണുനീർ ഷാൾ കൊണ്ട് തുടച്ചു നീക്കി അവൾ പറഞ്ഞു,

" ഹരിയേട്ടൻ തീരുമാനിച്ചോളൂ, എനിക്ക് സമ്മതമാണ് എന്താണെങ്കിലും...... അത്രയും അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ അത്ഭുത പൂർവ്വം ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു, ഒന്നും നോക്കാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരിക്കുക ആണ് അവൾ........ മനസ്സിനെ കല്ല് ആക്കാൻ അവൾ പാകപ്പെടുത്തുകയാണ് എന്ന് അവന് തോന്നിയിരുന്നു......... ഈ നിമിഷം ഇത്രത്തോളം ദേഷ്യത്തോടെ, ഇത്രത്തോളം സ്വാർത്ഥതയൊടെ താൻ സംസാരിച്ചില്ലെങ്കിൽ ഒരിക്കലും ജാനകിയുടെ തീരുമാനത്തിൽ നിന്നും അവളെ മാറ്റാൻ സാധിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു, അതുകൊണ്ടുതന്നെയാണ് അങ്ങനെ സംസാരിച്ചത്,

ഒരിക്കലും താൻ കാരണം ജാനകിയുടെ ജീവിതം നശിക്കാൻ പാടില്ല എന്നും അവൻ തീരുമാനിച്ചതായിരുന്നു.......... പ്രായത്തിന്റെ പക്വത കുറവുകൊണ്ട് അവൾക്ക് സംഭവിച്ചുപോയ ഒരു തെറ്റ്, അത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല, താൻ അത് പ്രോത്സാഹിപ്പിക്കുകയാണ് എങ്കിൽ അവളേക്കാൾ വലിയ തെറ്റ് ചെയ്യുന്നത് താൻ ആയിരിക്കും, ഒരിക്കൽ അവൾ തന്നെ വേണമെങ്കിൽ തന്നോട് ചോദിച്ചേക്കാം, തനിക്ക് പക്വതയില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റ് ആയിരുന്നു പക്ഷേ ഹരിയേട്ടൻ അങ്ങനെയായിരുന്നില്ലല്ലോ ഹരിയേട്ടന് ചിന്തിക്കാമായിരുന്നില്ലേ എന്ന്, അങ്ങനെ അവൾ ചോദിച്ചാൽ താൻ തകർന്നുപോകും,

അതിലെല്ലാമുപരി അവളോടുള്ള തന്റെ ഇഷ്ടത്തിന് ഒരിക്കലും മറ്റൊരു നിറവും ഇതുവരെ കടന്നുവന്നിട്ടില്ല, ഇങ്ങനെ അല്ലാതെ മറ്റൊന്നും പറഞ്ഞു അവളെ പിന്തിരിപ്പിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായിരുന്നു, തിരികെ പോകുന്ന വഴിയിൽ മൗനമായിരുന്നു രണ്ടുപേരും........ അവളുടെ മൗനം തകർക്കാൻ അവനും ആഗ്രഹിച്ചിരുന്നില്ല, ഇപ്പോൾ അല്പം വേദനിച്ചാലും അവളുടെ നന്മയ്ക്ക് ഈ തീരുമാനം തന്നെയാണ് നല്ലത് എന്ന് അവനും അറിയാമായിരുന്നു........ വീട്ടിലേക്ക് ചെന്ന് ഇറങ്ങിയപ്പോഴും ശ്രീഹരിയെ നോക്കാതെ അകത്തേക്ക് കയറി പോവുകയായിരുന്നു അവൾ ചെയ്തിരുന്നത്,

നേരിയ ഒരു നൊമ്പരം അവനിലൂടെ കടന്നു പോയിരുന്നുവെങ്കിലും അതുതന്നെയാണ് നല്ലത് എന്ന് അവൻ തീരുമാനിച്ചിരുന്നു, അവനെ ബുദ്ധിമുട്ടിക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല..... രാത്രി മുഴുവൻ അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു അവനെ മറക്കാൻ വേണ്ടി, പുതിയൊരു ജീവിതം ഉൾക്കൊള്ളുവാൻ........... ഒരിക്കലും തനിക്ക് അത് കഴിയില്ല, പിന്നെ ഇനി ചെയ്യാനുള്ളത് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നിന്ന് കൊടുക്കുക എന്നതാണ്, ഹരിയേട്ടന്റെ ജീവിതം സുരക്ഷിതമാക്കാൻ താൻ ഒരു ശല്യം ആകാൻ പാടില്ല, അവഗണിക്കപ്പെടുന്നവരുടെ രാത്രികൾ എത്ര ഭീകരമാണ് എന്ന സത്യം അവൾ മനസിലാക്കി......

നിദ്ര പോലും അലിവ് കാണിക്കുന്നില്ല.... പിന്നെയെല്ലാം വേഗത്തിലായിരുന്നു, പിറ്റേന്ന് തന്നെ അമലിന്റെ വീട്ടുകാരും വന്നിരുന്നു, എല്ലാവർക്കും ഒറ്റനോട്ടത്തിൽതന്നെ ജാനകിയെ ഇഷ്ടമായിരുന്നു, എല്ലാവരുടെയും മുൻപിൽ ഒരു പ്രതിമ കണക്കെ നിന്ന് കൊടുക്കുമ്പോഴും ഒരു നോട്ടം അറിയാതെപോലും ശ്രീഹരിയുടെ നേരെ പാളി വീഴാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....... പലവുരു അവൻ കണ്ണുകൾ കൊണ്ട് തന്നെ തേടിയപ്പോഴും ഒരു നോട്ടം പോലും അറിയാതെ അവൾ കൊടുത്തിരുന്നില്ല, ശ്രീഹരിയുടെ മനസ്സിൽ ചെറിയൊരു ആശ്വാസം നിഴലിച്ചിരുന്നു......... എല്ലാം അവൾ മറക്കാൻ പഠിച്ച തുടങ്ങിയെന്ന് അവൻ സമാധാനിച്ചു.......

. അമൽ ഇടയ്ക്ക് ഇടയ്ക്ക് സംസാരിക്കുമായിരുന്നു എങ്കിലും എന്തുകൊണ്ട് തിരിച്ച് സംസാരിക്കാനോ വിളിക്കാനോ അവൾക്ക് തോന്നിയിരുന്നില്ല....... ഒരുപാട് സംസാരിക്കാൻ പോയിട്ട് അവനെ കാണുന്നത് പോലും തനിക്ക് ദേഷ്യം ആണ് തോന്നുന്നത്, ആ സ്ഥാനത്ത് ഹരിയേട്ടൻ ആയിരുന്നെങ്കിലൊ.....? വാതോരാതെ എന്തെല്ലാം വിശേഷങ്ങൾ തനിക്ക് പറയാനുണ്ടായിരുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ എത്ര നന്നായിരുന്നു, എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ വീണ്ടും ചെന്നുനിൽക്കുന്നത് അവനിൽ തന്നെയാണ്, എന്തിനാണ് അമലിനെ അവനോട് താരതമ്യം ചെയ്യുന്നത് എന്ന് പോലും അവൾ ചിന്തിച്ചു പോയി,

തുടർന്നുള്ള ജീവിതത്തിലും ഈയൊരു ചിന്ത തന്നെ ആയിരിക്കും വരുന്നത് എന്ന് അവൾ പേടിയോടെ അറിയുകയായിരുന്നു....... തന്നെ അമൽ ഒന്ന് തൊടുമ്പോൾ പോലും ചിലപ്പോൾ ഹരിയേട്ടനെ ആയിരിക്കും ഓർക്കുന്നത്, ജീവിതത്തിൽ ഇനിയുള്ള ദിവസങ്ങൾ സമാധാനം ഇല്ലാത്തതാണ് എന്ന വിശ്വാസത്തിൽ തന്നെ അവൾ അടിയുറച്ചു നിന്നിരുന്നു.......... ഇനി തന്റെ സ്വപ്നങ്ങളിൽ ഒരു വസന്തം പൂക്കില്ല, തന്റെ ജീവിതം ഇരുളിൽ കൂപ്പുകുത്തി.......... അവൾ എല്ലാം മറന്ന് പതുക്കെ അമലിനെ ഇഷ്ടപ്പെടാൻ തുടങ്ങി എന്ന ആശ്വാസത്തിലായിരുന്നു ശ്രീഹരി, പക്ഷേ അവൻ അറിയില്ലല്ലോ അവളുടെ പ്രതിഷേധം ആയിരുന്നു ഈ മൗനം എന്ന്,

തന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ബലിയർപ്പിച്ച് തന്റെ പ്രണയത്തെ അവൾ മനസ്സിൽ വീണ്ടും വീണ്ടും വളവും വെള്ളവും നൽകി വളർത്തുകയായിരുന്നു എന്ന്, കൂടുതലും ഹരി അവളോട് സംസാരിക്കാതിരിക്കാൻ വേണ്ടി തന്നെയാണ് ശ്രദ്ധിച്ചിരുന്നത്....... വിവാഹം കഴിയുന്നത് വരെയെങ്കിലും അവളോടെ ഒരു അകലം വയ്ക്കേണ്ടത് അത്യാവശ്യമാണ് എന്ന് അവന് തോന്നിയിരുന്നു.......... ഇതിനിടയിൽ ജ്യോതിയുടെ വീട്ടിൽ നിന്ന് രണ്ടു വട്ടം വിളിച്ചിരുന്നു, ജ്യോതിയുടെ സഹോദരൻ അടുത്താഴ്ച വരും എന്നും വിവാഹത്തിൻറെ കാര്യങ്ങൾ എങ്ങനെയാണെന്ന് ആയിരുന്നു അവർ അന്വേഷിച്ചിരുന്നത്, കുറച്ചു കൂടി കഴിഞ്ഞ് വിളിച്ചു പറയാം എന്ന് ശ്രീഹരി സേതുവിനെ കൊണ്ട് വിളിച്ചു പറയിപ്പിച്ചു,

ഏതായാലും അവളുടെ വിവാഹം കഴിഞ്ഞതിനു ശേഷം മതി തന്റേത് എന്ന ഒരു ഉറച്ച തീരുമാനത്തിൽ ശ്രീഹരി എത്തിയിരുന്നു, ഇല്ലെങ്കിൽ അത് അവളുടെ മനസ്സിനെ തകർക്കാൻ കെല്പുള്ള ഒരു കാര്യമായി മാറാനും സാധ്യതയുണ്ട്, അങ്ങനെ ഒരു വേദന കൂടി അവൾക്ക് താൻ നൽകുന്നത് ശരിയല്ല, എത്രയാണെങ്കിലും തന്നെ മനസ്സറിഞ്ഞു സ്നേഹിച്ചത് അല്ലേ....? ആ താൻ മറ്റൊരുവളെ ചേർത്തു പിടിക്കുന്നത് അവളെ കാണിക്കുന്നത് ശരിയല്ല, അവളുടെ മുറിവിൽ കുത്തി നോവിക്കും പോലെ ആകും അത്...... താൻ ഒരുവളെ ചേർത്തുപിടിക്കുമ്പോൾ അവളെ ചേർത്ത് പിടിക്കാനും ഒപ്പം ഒരാൾ ഉണ്ടാവണം, അങ്ങനെയാണെങ്കിൽ അവളുടെ വേദനയുടെ ആഴം എങ്കിലും അല്പം കുറയും,

അതുകൊണ്ട് വിവാഹം ഉടനെ വേണ്ടെന്ന തീരുമാനത്തിൽ തന്നെ ശ്രീഹരി എത്തിയിരുന്നു........... ശ്രീഹരി ആ തീരുമാനം അച്ഛനോടും അമ്മയോടും പറയുകയും ചെയ്തു, പക്ഷെ ആരോടും അതിൻറെ കാരണം തുറന്നു പറയാൻ സാധിക്കാത്തത് കൊണ്ട് ശ്രീഹരി ആ വിഷയം മേല്ലേ എല്ലാവരിൽനിന്നും മാറ്റി കൊണ്ടുപോകുവാൻ ശ്രമിച്ചിരുന്നു, അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ആയിരുന്നു ആ ഒരു ഫോൺ കോൾ വരുന്നത്, നല്ല ഒരു ദിവസം ഉണ്ടായിരുന്നു അന്ന് തന്നെ നിശ്ചയം നടത്തിയാൽ എന്താണ് എന്നുമായിരുന്നു അമലിന്റെ വീട്ടിൽ നിന്നും വിളിച്ചു ചോദിച്ചിരുന്നത്..... എതിർക്കാൻ ജയന്തിക്ക് ഒന്നും ഉണ്ടായിരുന്നില്ല,

എങ്കിലും വിവരം അറിയിക്കാം എന്ന് പറഞ്ഞായിരുന്നു അവർ ഫോൺ വച്ചിരുന്നത്, ഫോൺ കട്ട് ചെയ്ത് ഉടനെ തന്നെ അവർ ഹരിയുടെ നമ്പറിലേക്ക് വിളിച്ചിരുന്നു, അവൻറെ വീട്ടുകാർ അല്പം ദൈവവിശ്വാസം കൂടുതലുള്ളവരാണ് എന്ന് തോന്നിയിരുന്നു, കാരണം അവർ എല്ലാകാര്യത്തിനും ജ്യോത്സ്യനോട് അഭിപ്രായം ചോദിക്കുന്നവർ ആയിരുന്നു, വളരെ നല്ല ഒരു ദിവസം ഉണ്ടായിരുന്നു ആ ദിവസം നടത്താമെന്നും അവർ പറഞ്ഞതായി ശ്രീഹരിയെ ജയന്തി അറിയിച്ചു, എല്ലാവർക്കും സമ്മതമാണെങ്കിൽ അങ്ങനെ ചെയ്യുന്നത് തന്നെയാണ് നല്ലതെന്ന് ശ്രീഹരിക്ക് തോന്നിയിരുന്നു, ശ്രീഹരിയും ആയും സേതു ആയും എല്ലാം ആലോചിച്ചതിനു ശേഷം സമ്മതം എന്ന് ജയന്തി വിളിച്ച് പറഞ്ഞു......

വൈകുന്നേരം കോളേജിൽ നിന്നും വന്ന ജാനകിയെ കാത്തിരുന്നത് ഈ വാർത്തയായിരുന്നു, എന്ത് ചെയ്യണം എന്ന് പോലും അവൾക്ക് അറിയാൻ സാധിക്കാത്ത അവസ്ഥ, നാല് ദിവസം കൂടിയേ ഉള്ളൂ, നിശ്ചയം ആയതുകൊണ്ട് തന്നെ അധികമാരെയും വിളിക്കേണ്ട എന്നത് ഒരു ആശ്വാസമാണ് എന്ന ജയന്തി പറയുമ്പോഴും, ഭാഗികമായി മറ്റൊരാളുടെ ആകാൻ പോകുന്ന ഭയം ആണ് ജാനകിയിൽ നിറഞ്ഞത്..... മനസ്സിൽ വളർത്തി വെച്ചിരിക്കുന്ന ശ്രീഹരി എന്ന പ്രണയ വൃക്ഷത്തിന്റെ ആദ്യ ശിഖരം കൊഴിഞ്ഞുപോകുന്നത് പോലെയാണ് അവൾക്ക് തോന്നിയിരുന്നത്.......... " ഹരിയേട്ടൻ അറിഞ്ഞോ...? അവൾ ചോദിച്ചു....

"ഹരി അറിഞ്ഞു, അവരോട് വിളിച്ച് സംസാരിച്ചിരുന്നു, കുറച്ചു ദിവസം കൂടിയേ ഉള്ളൂ അതിനുമുൻപ് നമ്മളെക്കൊണ്ട് പറ്റുന്ന ചെറിയ ചില കാര്യങ്ങൾ ഒക്കെ ചെയ്യണം ചെറുതെങ്കിലും കുറച്ച് ഒരുക്കങ്ങൾ വേണ്ടേ അച്ഛൻറെ വീട്ടുകാരോടും പറയണം, നമുക്ക് ബന്ധുക്കളായ ആരുമില്ലെങ്കിലും നിൻറെ കൂട്ടുകാരോടൊക്കെ പറഞ്ഞേക്കണം, നീ കോളേജിൽ ഇത് കഴിഞ്ഞു പോയാൽ മതി, അതുവരെ പോകണ്ട, ഹരി വരാമെന്ന് പറഞ്ഞിട്ടുണ്ട് നിനക്ക് ഡ്രസ്സ് എടുക്കാൻ, തയ്യപ്പിക്കാൻ ഉണ്ടാവില്ലേ.......? മൂന്നുദിവസംകൊണ്ട് കിട്ടേണ്ട.....? നാളെ തന്നെ അത് പോയി എടുക്കാം, പിന്നെ കുറച്ച് ഒരുക്കങ്ങൾ കൂടിയുണ്ട് അതൊക്കെ സേതുവേട്ടൻ ചെയ്തോളാം എന്ന് പറഞ്ഞത്,

ഒരു കണക്കിന് സേതുവേട്ടനും വീട്ടുകാരും ഇല്ലായിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ......? ഹരി ആണെങ്കിൽ അവന്റെ കല്യാണം പോലും മാറ്റിവച്ചു സ്വന്തം സഹോദരനെ പോലേ നിൻറെ വിവാഹത്തിനു വേണ്ടി ഓടി നടക്കുന്നത് കാണുമ്പോൾ എന്റെ സ്വന്തം മോൻ ആയില്ലല്ലോ അവൻ എന്ന വേദന മാത്രമേ എനിക്കുള്ളൂ," അമ്മ അങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തൊരു നൊമ്പരം ആയിരുന്നു അവൾക്ക് തോന്നിയിരുന്നത്, അമ്മപോലും തങ്ങളുടെ ബന്ധത്തെ മറ്റൊരു നിറത്തിൽ കണ്ടിട്ടില്ല, ഇത് അറിഞ്ഞാൽ എന്തായിരിക്കും അമ്മയുടെ ഭാവം എന്ന് അവൾ ചിന്തിച്ചു പോയിരുന്നു,

പിറ്റേന്ന് രാവിലെ തന്നെ ശ്രീഹരിയും ശ്രീവിദ്യയും ശ്രീദേവും എത്തിയിരുന്നു, പുറകെ സേതുവും സുഗന്ധിയും ജയന്തിയും ജാനകിയും തയ്യാറായി നിന്നിരുന്നു, ആദ്യം തന്നെ പോയി ഡ്രസ്സ് എടുക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്, എല്ലാരും ഉള്ളതുകൊണ്ടുതന്നെ ശ്രീഹരിയോടെ ഒന്നും സംസാരിക്കാൻ അവൾ ക്ക് കഴിഞ്ഞിരുന്നില്ല, അവളുടെ മുഖത്തേക്ക് തന്നെയായിരുന്നു ഹരിയുടെയും നോട്ടം ചെന്നിരുന്നത്, അവൾ വല്ലാതെ മാറിപ്പോയി എന്ന് അവനു തോന്നി, ആ മുഖം നിറയെ വിഷാദം മാത്രമാണ് തളംകെട്ടി കിടക്കുന്നത്, അരുണാഭമാർന്ന കുസൃതികൾ നിറഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം അവൻറെ കണ്മുൻപിൽ പെട്ടെന്ന് തെളിഞ്ഞുവന്നു,

ആ കളിയും ചിരിയും അവളുടെ മുഖത്ത് ഇല്ല എന്ന് തോന്നിയിരുന്നു, ഡ്രൈവിങ്ങിനിടയിൽ ഇടയ്ക്കിടെ പുറകിലിരുന്നവളുടെ മിഴികളുമായി തൻറെ മിഴികൾ കോർക്കുമ്പോഴെല്ലാം ശ്രദ്ധാപൂർവ്വം ശ്രീഹരി നോട്ടം മാറ്റിയിരുന്നു, പക്ഷേ ആ മിഴി കോണിൽ നിന്ന് ഒരു സത്യം ശ്രീഹരി മനസ്സിലാക്കിയിരുന്നു, അവളുടെ മനസ്സിൽ ഇപ്പോഴും താൻ ഉണ്ട് എന്ന സത്യം, ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള പ്രണയം മാത്രമാണെന്ന സത്യം, ഒരു വേദനയായിരുന്നു വീണ്ടും ശ്രീഹരിക്ക്, ഈ കുറച്ചു ദിവസങ്ങൾ അവൾ തന്നോട് സംസാരിക്കാതെ ഇരുന്നപ്പോൾ താൻ പ്രതീക്ഷിച്ചത് അവൾ തന്നെ പൂർണമായും മറന്നിട്ട് ഉണ്ടാകുമെന്ന് ആണ്, ഒരു ഭ്രമത്തിന് അതിൽ കൂടുതൽ ആയുസ്സ് ഉണ്ടാകും എന്ന് അവൻ വിചാരിച്ചിരുന്നില്ല, പക്ഷേ വീണ്ടും വീണ്ടും തന്നെ കൊല്ലാതെ കൊല്ലുന്നത് പോലെ, അവളുടെ നിറഞ്ഞ മിഴികൾ അവനിൽ ഒരു അസ്വസ്ഥത പടർത്തിയിരുന്നു. ............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story