സ്നേഹദൂരം.....💜: ഭാഗം 22

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഓരോന്ന് ഓർത്തു എങ്ങനെയോ ആ രാവ്‌ വെളുപ്പിച്ചു........ അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടിരുന്നു, അമ്മ ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ പെട്ടെന്ന് തന്നെ എഴുനേറ്റു, ഈ ദിവസം തന്നെ കാത്തിരിക്കുന്ന ജീവിത വിധികളെ പറ്റി അറിയാതെ.... " നീ ഉണർന്നിരുന്നിരുന്നോ....? ഞാൻ വിചാരിച്ചു മോൾ ഉണർന്നിട്ട് ഉണ്ടാവില്ലെന്ന്...... കാലത്തെ അമ്പലത്തിൽ ഒക്കെ പോകേണ്ടതല്ലേ.....? അതുകൊണ്ടാണ് ഞാൻ വിളിച്ചത്, ജയന്തി വാചാല ആയി..... അമ്മയ്ക്ക് അറിയില്ലല്ലോ ഇന്നലെ രാത്രി താൻ ഒട്ടും ഉറങ്ങിയിട്ടില്ല എന്ന്, പിന്നീട് ഉണരേണ്ട ആവശ്യമില്ലല്ലോ...... " മോളെ വേഗം പോയി കുളിച്ചു റെഡി ആവാൻ നോക്ക്, ഏഴര ആകുമ്പോഴേക്കും സേതുവേട്ടൻ ഒക്കെ എത്തും,

അതുകഴിഞ്ഞ് അമ്പലത്തിലേക്ക് പോകേണ്ടേ....? ഒന്നു തലയാട്ടി കാണിച്ച് അവൾ നേരെ കുളിമുറിയിലേക്ക് കയറി, ആ കുളിരു നിറഞ്ഞ പ്രഭാതത്തിൽ പോലും ശരീരം ചുട്ടുപൊള്ളുന്നത് ആണ് എന്ന് അവൾക്ക് തോന്നി, ഈ തീ അണയ്ക്കാൻ ഈ തണുത്ത വെള്ളത്തിന് ആവില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു, എങ്കിലും ഷവറിൽനിന്നും ശരീരത്തിലേക്ക് വെള്ളം ഒരു പരിധിവരെ തന്റെ മനസ്സിനെ തണുപ്പിക്കാൻ കഴിവുള്ളത് ആയിരുന്നു എന്ന് അവൾക്ക് അറിയാമായിരുന്നു.... ഇന്ന് അമൽ വിവാഹമോതിരം തൻറെ കൈകളിലണിയുന്ന നിമിഷംമുതൽ ശ്രീഹരിയും താനും തമ്മിലുള്ള ദൂരം വർധിക്കുകയാണെന്ന് അവൾ വിചാരിച്ചു,

എങ്കിലും മനസ്സിൻറെ ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷ എപ്പോഴെങ്കിലും തൻറെ സ്നേഹം മനസ്സിലാക്കിയിരുന്നുവെങ്കിൽ, സിനിമയിലൊക്കെ കാണുന്നതുപോലെ അവസാനനിമിഷം അമലിൽ നിന്നും തന്നെ രക്ഷിച്ച് സ്വന്തമാക്കിയിരുന്നു എങ്കിൽ, ഒരിക്കലും നടക്കാൻ സാധ്യതയില്ല എന്ന് അവൾക്ക് അറിയാമായിരുന്നു എങ്കിലും മനസ്സിൻറെ ഒരുകോണിൽ വെറുതെ അവളങ്ങനെ മോഹിച്ചു, ഈ ദിവസങ്ങൾക്ക് ഇടയിൽ പലവട്ടം അമൽ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു, ഒന്നോ രണ്ടോ മിനിറ്റ് എന്തെങ്കിലും പറഞ്ഞു ഫോൺ കട്ട് ചെയ്യുകയായിരുന്നു പതിവ്, നല്ലൊരു മനുഷ്യനാണ് അവൻ എന്ന് സംസാരത്തിൽ കൂടി തന്നെ മനസ്സിലായിരുന്നു,

പക്ഷേ അവനോട് ഉള്ള് തുറന്നു സംസാരിക്കുവാനോ സ്നേഹിക്കാനോ കഴിയില്ലല്ലോ, മനസ്സ് നിറച്ച് മറ്റൊരുവന് നൽകിയ താൻ എങ്ങനെയാണ് വേറൊരാളോട് നല്ല രീതിയിൽ സംസാരിക്കുന്നത്.....? ഒരു മൂളലിലോ അല്ലെങ്കിൽ ഒരു ഒറ്റവാക്കിലെ മറുപടിയിലോ വാക്കുകൾ ഒതുക്കുകയായിരുന്നു പലപ്പോഴും ചെയ്തിരുന്നത്, അതിനുമപ്പുറം അയാളോട് സംസാരിക്കാൻ തനിക്ക് ഒന്നും ഉണ്ടായിരുന്നില്ല, തനിക്ക് ആ സംസാരം ഒരു ബുദ്ധിമുട്ടാണെന്ന് തോന്നിയത് കൊണ്ടായിരിക്കും പതിയെ അയാൾ തന്നെ ഒഴിഞ്ഞുമാറി ആ സംസാരം അവസാനിപ്പിച്ചത്....... ഒരുകണക്കിന് അതൊരു ഭാഗ്യം ആയിരുന്നു, പക്ഷെ ഇനി തനിക്ക് ഒരു രീതിയിലും അവഗണിക്കുവാൻ സാധിക്കില്ലല്ലോ,

ഇന്നുമുതൽ തനിക്ക് അവഗണിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് അമൽ മാറുകയല്ലേ.....? ഒരു പക്ഷേ ജീവിതകാലം മുഴുവൻ ഈ അവസ്ഥ തന്നെയായിരിക്കും ഇനി തന്നെ പിന്തുടരുന്നതെന്നും അവളോർത്തു, ജീവിതാവസാനം വരെ ശ്രീഹരിയെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയാതെ വല്ലാതെ ഉരുകി തീരും താൻ എന്ന് അവൾക്ക് തോന്നിയിരുന്നു, ഒരിക്കലും തനിക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ.....? എന്തായിരിക്കും തന്റെ അവസ്ഥ, ഹൃദയത്തിന്റെ ഉടയോൻ ഒരു വശത്ത് താലി കെട്ടി സ്വന്തം ആക്കിയവൻ മറുവശത്ത്, ഒരുപാട് വേഷങ്ങൾ ഇനിയുള്ള ജീവിതത്തിൽ താൻ കെട്ടിയാടേണ്ടി വരും,

അങ്ങനെയൊക്കെ ചിന്തിച്ചുനോക്കിയാൽ ഭ്രാന്ത് പിടിക്കുന്നത് പോലെ അവൾക്ക് തോന്നി, പെട്ടെന്ന് തന്നെ തോർത്തെടുത്ത് തല ചുറ്റി കെട്ടി പുറത്തേക്കിറങ്ങി, അമ്മ പറഞ്ഞതുപോലെ തന്നെ 7 മണി ആയപ്പോഴേക്കും അവിടെനിന്നും എല്ലാവരും എത്തി...... എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം ആണ്, പക്ഷേ ശ്രീഹരിയുടെ മുഖത്ത് മാത്രം അത് അവൾ കണ്ടിരുന്നില്ല, ഏറ്റവും കൂടുതൽ സന്തോഷം ആയിരിക്കേണ്ട സമയം ആണ് ഹരിയേട്ടന് ഇത്....... എന്നിട്ടും ഹരിയുടെ മുഖത്ത് ആ സന്തോഷം ഇല്ല, ആ മനസ്സിലേക്കൊരു സ്ഥാനം തനിക്ക് ഉണ്ടായി തുടങ്ങിയോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു.......

ഇങ്ങനെയൊന്ന് തൻറെ മനസ്സിൽ തോന്നിയിരുന്നില്ലേങ്കിൽ ഇന്നത്തെ ദിവസം എത്ര സന്തോഷത്തോടെ കടന്നു പോകാമായിരുന്നു, എല്ലാ കാര്യങ്ങൾക്കും മുൻപിൽനിന്ന് ഹരിയേട്ടൻ ഒരു ഏട്ടൻ സ്ഥാനത്ത് എല്ലാ കാര്യങ്ങളും ചെയ്തു, തൻറെ മനസ്സിൽ തോന്നിയത് ഒരു തെറ്റാണോ എന്ന് ഓർത്തു, അല്ല ഏട്ടന്റെ സ്ഥാനത്ത് അല്ല അമലിന്റെ സ്ഥാനത്ത് ഹരിയേട്ടൻ ആയിരുന്നു എങ്കിൽ എത്ര സന്തോഷമായിരുന്നു, ആ രീതിയിൽ അവളുടെ മനസ്സിൽ ചിന്തകൾ പോയിരുന്നു, ശ്രീവിദ്യയ്ക്ക് ഒപ്പം ആയിരുന്നു അവൾ അമ്പലത്തിലേക്ക് പോയിരുന്നത്, അമ്പലത്തിൽ ചെന്നപ്പോഴും ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുണ്ടെങ്കിലും അവൾക്ക് പ്രാർത്ഥിക്കുവാൻ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ,

തൻറെ സ്നേഹം എന്നെങ്കിലും ഹരിയേട്ടൻ മനസ്സിലാക്കി തന്നെ തിരിച്ചു സ്നേഹിക്കണം എന്ന്...... ഈ അവസാന നിമിഷം ഒരിക്കലും നടക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും എന്തിനാണ് താൻ ഇങ്ങനെ ഒരു വ്യർത്ഥമായ പ്രാർത്ഥന നടത്തുന്നത് എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു, ഒരു പക്ഷേ മനസ്സിൽ ഒരു നാമജപം പോലെ ഇത് മാത്രം ഇരിക്കുന്നതുകൊണ്ടായിരിക്കും അങ്ങനെ പ്രാർഥിച്ചത് എന്ന് അവൾ തന്നെ വിശ്വസിച്ചു, വീട്ടിലേക്ക് ചെന്നപ്പോൾ ശ്രീവിദ്യയും സുഗന്ധിയും കൂടി ചേർന്നായിരുന്നു അവളെ ഒരുക്കിയിരുന്നത്, സ്വർണ കസവ് കരയുള്ള ടിഷ്യു സെറ്റ് സാരി നല്ല രീതിയിൽ ഞൊറിഞ്ഞു ഉടുത്തു,

അതിന് ചേരുന്ന നീലയിൽ ഗോൾഡൻ സ്റ്റോൺ ഹാൻഡ് വർക്ക് വച്ച ബ്ലൗസ്സും അണിഞ്ഞു, നീളൻ മുടിയിൽ രണ്ടു വശത്തു നിന്ന് വകഞ്ഞു കുളിപ്പിന്നൽ ഇട്ടു..... ഒരുങ്ങി കഴിഞ്ഞപ്പോൾ ഒരു അപ്സരസ്സിനെ പോലെ തിളങ്ങി നിന്നിരുന്ന അവൾ, മുല്ലപ്പൂക്കൾ കൂടി ആ മുടിയിൽ ചൂടിയപ്പോഴേക്കും ജാനകിക്ക് ഒരു പ്രത്യേക സൗന്ദര്യം കൈവന്നത് പോലെ എല്ലാവർക്കും തോന്നിയിരുന്നു, ആര് കണ്ടാലും മുന്നിൽ ഐശ്വര്യം തോന്നിപ്പിക്കുന്ന ഒരു മുഖമായിരുന്നു അവളുടെ, ഇരു നിറത്തിൽ ഉള്ള ആ മുഖത്തിന്‌ ഒരു നീല പൊട്ട് കൂടി അലങ്കാരം തീർത്തു, ശ്രീഹരി പോലും ഒരു നിമിഷം അവളെ നോക്കി നിന്നു പോയിരുന്നു,

കുറച്ചു സമയങ്ങൾക്കു ശേഷം അമലിന്റെയും വീട്ടുകാരുടെയും വണ്ടി വാതിലിൽ എത്തിക്കഴിഞ്ഞിരുന്നു, എല്ലാവരും സന്തോഷത്തോടെ തന്നെയാണ് ഇറങ്ങിയത്, അവൻറെ അമ്മ ഇറങ്ങി വന്ന ഉടനെ ജാനകിയുടെ കൈകളിൽ പിടിച്ചിരുന്നു, സ്നേഹത്തോടെ അവളുടെ മുഖത്ത് തലോടുകയും ചെയ്തിരുന്നു....... ആ കാഴ്ച ശ്രീഹരിയുടെ ഉള്ള് നിറച്ചിരുന്നു, സുരക്ഷിതമായ കൈകളിൽ തന്നെയാണ് അവൾ എത്തിയത് എന്ന ആ വിശ്വാസം അവനെ വലിയൊരു ആശ്വാസം നൽകി, പിന്നീട് എത്രയുംപെട്ടെന്ന് ചടങ്ങുകൾ തുടങ്ങാം എന്നുള്ള തീരുമാനത്തിലായിരുന്നു, നിശ്ചയതാംബോലം പരസ്പരം കൈമാറുന്നതിന് ഇടയിൽ തന്നെ എഴുതിരിയിട്ട് കത്തിച്ചുവെച്ച നിലവിളക്കിന്റെ ഒരു തിരി കെട്ടു,

ആ നിമിഷം തന്നെ അമലിന്റെ വീട്ടുകാരുടെ മുഖത്ത് എന്തോ ഒരു നീരസം തോന്നി കണ്ടിരുന്നു, "എന്തൊരു കാറ്റാണ്, അത് കൊണ്ടാണ്..." എന്ന് പറഞ്ഞ സുഗന്ധി ആ നിമിഷം വളരെ മനോഹരമായി തന്നെ ഒന്ന് പരിഹരിക്കുവാൻ ശ്രമിച്ചിരുന്നു, എങ്കിലും അവൻറെ അമ്മയുടെ മുഖത്ത് തൃപ്തി ഇല്ലായ്മ പ്രകടമായി തോന്നിയിരുന്നു, പക്ഷെ ജാനകിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവർക്ക് ഒന്നും പറയാനും വയ്യ, അത്രമേൽ ആരെയും വരുതിയിൽ ആകുന്ന നിഷ്കളങ്കതയും ഐശ്വര്യവും ആയിരുന്നു അവൾക്ക്, എടുത്ത് പറയാൻ വലിയ സൗന്ദര്യം തോന്നില്ല എങ്കിലും ഐശ്വര്യം നിറഞ്ഞു നിന്ന മുഖം അവൾ ഒരു നല്ല സ്ത്രീ ആണ് എന്ന് കാണിച്ചു,

തൻറെ മകന് അവളെക്കാൾ യോഗ്യയായ ഒരു പെണ്ണിനെ കിട്ടില്ല എന്ന് ആ അമ്മയുടെ മനസ്സിൽ ഇരുന്ന് ആരോ മന്ത്രിച്ചു, അതുകൊണ്ടുതന്നെ ആ ചെറിയ ഒരു കാര്യത്തിൽ തൂങ്ങി ഒരു പ്രശ്നം ഉണ്ടാക്കുവാൻ അവരും ആഗ്രഹിച്ചിരുന്നില്ല, പിന്നീട് മോതിരങ്ങളുടെ കൈമാറ്റം മാത്രമായിരുന്നു ബാക്കി, മോതിരം കൈമാറുന്ന സമയത്ത് ആയപ്പോൾ ജാനകി ശ്രീഹരിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കിയിരുന്നു, ഉള്ളിൽ നിറച്ച സകല പ്രതീക്ഷകളും നിറച്ച ഒരു നോട്ടം, ശ്രീഹരി അത് കണ്ടില്ലെന്ന് നടിച്ചു, അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന ആ നിമിഷത്തെ നിസ്സഹായത വീണ്ടും അവനെ ദുർബലനാകുന്നത് പോലെ അവന് തോന്നിയിരുന്നു, പ്രതീക്ഷയോടെയാണ് അവൾ നോക്കുന്നത്,

അവസാന ശ്രമമെന്ന വണ്ണം മറ്റൊരാളുടെ ആകുന്നതിനു മുൻപ്, അറിയാതെയെങ്കിലും തൻറെ കണ്ണിൽ അവളോട് അല്പം പ്രണയം വിരിഞ്ഞിട്ടുണ്ടോ എന്ന് തിരയുകയാണ് അവൾ എന്ന് അവന് മനസ്സിലായിരുന്നു, അതുകൊണ്ടുതന്നെ അവളുടെ പ്രണയം അറിഞ്ഞു വീണ്ടും ഹൃദയത്തിൽ ഒരു നോവ് പടരുന്നത് ജാനകി അറിഞ്ഞിരുന്നു, എങ്കിൽ പെട്ടെന്ന് തന്നെ മോതിരം ഇട്ടോളൂ എന്ന് കൂട്ടത്തിൽ മുതിർന്ന ഒരാൾ പറഞ്ഞപ്പോൾ, തട്ടിൽ നിന്നും മോതിരം എടുക്കാൻ തുടങ്ങിയപ്പോഴാണ് അമലിന്റെ അച്ഛന്റെ ഫോണിൽ ബെല്ലടിച്ചത്, ആദ്യം അത് കാര്യമാക്കിയില്ല മോതിരം കൈകളിലേക്ക് അണിയാൻ തുടങ്ങിയപ്പോഴേക്കും വീണ്ടും ഫോൺ ബെല്ലടിച്ചു,

അത്യാവശ്യക്കാരാണ് എന്ന് തോന്നിയത് കൊണ്ട് തന്നെ ഫോൺ എടുക്കണം എന്ന് അയാൾക്ക് തോന്നി, ഏതായാലും ഫോണെടുക്കാൻ ആരോ പറഞ്ഞപ്പോൾ അതാണ് ശരിയെന്ന് എല്ലാവർക്കും തോന്നിയിരുന്നു, ഫോണെടുത്ത് അയാളുടെ മുഖഭാവം മാറുന്നത് കണ്ടപ്പോൾ എല്ലാവരിലും ഒരു പരിഭ്രമം തോന്നിയിരുന്നു, " എന്താ ഏട്ടാ, എന്തുപറ്റി...? അമലിനെ അമ്മ ഒരു വല്ലായ്മയോടെ അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, " ഒന്നും ഇല്ല, അമ്മ ബാത്റൂമിൽ ഒന്ന് വീണു എന്ന്, ബോധം ഇല്ലാരുന്നു, ഇപ്പോൾ ആശുപത്രിയിലാണ്, അമ്മലിൻറെ അച്ഛൻറെ അമ്മയാണ്, തീരെ നടക്കാൻ പറ്റാത്ത ആളാണ് അവർ കഷ്ടിച്ച് മുറിയിൽനിന്നും ബാത്ത്റൂമിൽ വരെ പോകും എന്നേയുള്ളൂ,

എന്നാലും ഇതുവരെ അങ്ങനെ ബാത്റൂമിൽ വീണ സംഭവം ഒന്നും ഉണ്ടായിട്ടില്ല, ഇപ്പോൾ എന്തു പറ്റിയതാണോ എന്തോ, അമലിന്റെ അമ്മയുടെ മുഖത്ത് വീണ്ടും ഒരു വിമ്മിഷ്ടം നിറഞ്ഞിരുന്നു, " പ്രായമായ ആളുകൾ അല്ലേ, അത് കാര്യമാക്കേണ്ട,ചടങ്ങ് നടക്കട്ടെ, അവരുടെ കൂട്ടത്തിൽ ആരോ പറഞ്ഞു, " ഇല്ല.....!!!! ഇപ്പൊ ഉടനെ ഈ ചടങ്ങ് വേണ്ട, കുട്ടികളുടെ ജാതകം ഒന്നുകൂടി നോക്കിയിട്ട് മതി, അമലിന്റെ അമ്മ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയിരുന്നു, പക്ഷേ ജാനകിയുടെ മുഖത്ത് മാത്രം ഒരു സന്തോഷം നിറഞ്ഞു നിൽക്കുന്നത് ശ്രീഹരി കണ്ടിരുന്നു, "വേണ്ടെന്നോ.....?????" ഇത്രയും ആളുകളെ വിളിച്ചു കൂട്ടിയിട്ട് ചടങ്ങ് വേണ്ടെന്നോ....?

ശ്രീഹരി അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, വേണ്ടെന്ന് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, "രാവിലെ ഇറങ്ങിയപ്പോൾ മുതൽ ഓരോ സൂചനകളായി കാണിക്കുകയാണ്, അവിടെ നിന്ന് ഇറങ്ങി ഇവിടേയ്ക്ക് വരുന്ന സമയത്ത് രണ്ടുവട്ടം വണ്ടി ഒന്ന് പാളി, ഒരു പൂച്ച വട്ടം ചാടി, രാവിലെ ഏട്ടന്റെ കാൽ ഒന്ന് ഇടറി, ഇവിടെ വന്നപ്പോൾ ആദ്യം തന്നെ താംബോലം കൈമാറിയപ്പോൾ നിലവിളക്ക് കെട്ടു, പിന്നെ മോതിരം ഇടുന്നതിന്റെ അവിടുന്ന് തൊട്ടുമുൻപാണ് ഈ ഫോൺ വന്നത്, ഇതൊക്കെ ഈശ്വരന്മാർ കാണിച്ചുതരുന്നത് ആണ്, നിങ്ങൾക്ക് ഇതിലൊന്നും വിശ്വാസം ഉണ്ടാവില്ല, പക്ഷേ ഞങ്ങൾക്ക് ഈ ജാതകത്തിലും ദൈവവിശ്വാസത്തിലും ഒക്കെ അല്പം വിശ്വാസമുള്ള കൂട്ടത്തിലാണ്,

ഈശ്വരനെ വെല്ലുവിളിച്ച് ഒരു കല്യാണം നടത്താൻ താൽപര്യം ഇല്ല, അവർ എടുത്ത് അടിച്ചപോലെ പറഞ്ഞു... " അതിന് ഇവരുടെ ജാതകത്തിൽ നല്ല ചേർച്ച ഉണ്ട് എന്നാണല്ലോ പറഞ്ഞത്.... സേതു ഇടപെട്ടു... " ജാതകത്തിൽ ചേർച്ച ഉണ്ടായാൽ മാത്രം പോരല്ലോ, ആദ്യം മുതലേ കല്ലുകടിയാണ്, ഇത് മുന്നോട്ടു കൊണ്ടു പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്, എങ്കിലും ഞങ്ങൾ പൂർണമായി ഒഴിയുന്നില്ല, നന്നായി ഒന്ന് ആലോചിച്ചു എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് തിരക്കിയതിനുശേഷം അറിയിക്കാം, പിന്നെ ഒരുപാട് ആളുകളെ ഒന്നും വിളിച്ചു കൂട്ടിയിട്ട് ഇല്ലല്ലോ, നമ്മുടെ രണ്ടുപേരുടെയും വീട്ടുകാര് മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ, പിന്നെ അടുത്ത് ഉള്ള ചില ആളുകളും,

അവർക്കൊക്കെ കാര്യം പറഞ്ഞാൽ മനസ്സിലാവും, അമലിന്റെ അമ്മ തീർത്തു പറഞ്ഞപ്പോൾ എല്ലാവരും അസ്വസ്ഥരായിരുന്നു, അമലിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ ജയന്തി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം, അമ്മ പറയുന്നതിനപ്പുറം ഒന്നുമില്ലെന്ന് ആ മുഖത്ത് നിന്ന് തന്നെ മനസ്സിലായിരുന്നു, "അമലിന്റെ തീരുമാനം ഇതാണോ...? ശ്രീദേവ് ചോദിച്ചു.... "അച്ഛനെയും അമ്മയെയും ഞാൻ എതിർക്കാറില്ല അങ്കിൾ, മറ്റെവിടിയോ ദൃഷ്ടി പതിപ്പിച്ചു അവൻ പറഞ്ഞു.... " ഈ വിളിച്ചുകൂട്ടിയവരോടൊക്കെ എന്താ ഞാൻ പറയാ, എൻറെ കുട്ടിക്ക് ജാതകദോഷം ആണെന്നോ.....? ജയന്തി കരയാറായി.... " നിങ്ങളുടെ കുട്ടിക്ക് ജാതകദോഷം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ല,

ദോഷം ചിലപ്പോൾ എൻറെ മകനും ആവാം, എന്താണെങ്കിലും ഇത്രയുമൊക്കെ സൂചനകൾ ഈശ്വരന്റെ ഭാഗത്തുനിന്നും തന്നതുകൊണ്ട് ഈ വിവാഹം വേണ്ടെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ, പൂർണമായി വേണ്ടന്ന് പറഞ്ഞിട്ടുമില്ല, നല്ല ഏതെങ്കിലും ജോത്സ്യന്മാരെ കണ്ട് ഒരു കുഴപ്പവുമില്ല എന്ന് മനസ്സിലാക്കിയാൽ നമുക്ക് നടത്താം, നമ്മൾ ഇപ്പോൾ എല്ലാം തള്ളിക്കളഞ്ഞ് ഇത് നടത്തുന്നു എന്ന് തന്നെ ഇരിക്കട്ടെ, എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ നമുക്ക് രണ്ടുകൂട്ടർക്കും അതൊരു ബുദ്ധിമുട്ടായി മാറുകയും ചെയ്യും, അങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്, അവൾ എഴുന്നേറ്റു, അവരുടെ ആ വാക്കുകൾ ആയിരുന്നു എല്ലാരുടെയും മനസ്സിൽ,

അമൽ ഒരു അനുസരണയുള്ള കുട്ടിയെ പോലെ എഴുന്നേറ്റു പോകുന്നത് കണ്ടപ്പോൾ ശ്രീഹരിക്ക് ആണ് ഏറ്റവും വേദന തോന്നിയത്, കാരണം താൻ മുൻകൈയെടുത്ത് കൊണ്ടുവന്ന ആലോചന ആണ്....... ജയന്തിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവന് വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു, ജാനകി മാത്രം എന്തോ വലിയ സമാധാനത്തിൽ നിൽക്കുകയാണ്, അത് കണ്ടപ്പോൾ ശ്രീഹരിക്ക് ദേഷ്യമാണ് തോന്നിയത്, " മോനെ അവരോട് പോകല്ലേ.....എന്ന്.... പ.... റ അത് പറഞ്ഞുകൊണ്ട് ജയന്തി അവന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും ശ്രീഹരിയുടെ വേദന കൂടിയിരുന്നു, "സാരമില്ല പോട്ടെ, ഇങ്ങനെയുള്ള ആളുകളുടെ ഒപ്പം ജാനിയെ അയക്കുന്നതിനും നല്ലത് അവർ പോവുന്നത് തന്നെയാണ്,

നാളെ അന്ധവിശ്വാസത്തിന്റെ പേരിൽ അവർ അവളെ എന്തെങ്കിലും ചെയ്താൽ നമ്മൾ എന്ത് ചെയ്യും....? പുറത്തു കൂടിയിരുന്ന ആളുകൾക്കിടയിൽ പല രീതിയിലുള്ള മുറുമുറുപ്പുകൾ ഉയർന്നിരുന്നു, അതോടെ ജയന്തിക്ക് സമനിലതെറ്റുന്നത് പോലെ തോന്നി....... പെട്ടെന്ന് തന്നെ അവർ കുഴഞ്ഞു വീണു, ആ നിമിഷം തന്നെ ജാനി ഓടി പോയി, അമ്മേന്ന് വിളിച്ചു, അവളുടെ അലർച്ചയാണ് ശ്രീഹരിയെ അങ്ങോട്ട് നോക്കാൻ പോലും പ്രേരിപ്പിച്ചിരുന്നത്, പെട്ടെന്ന് ശ്രീഹരി ഓടി അവരെ താങ്ങി പിടിച്ചിരുന്നു, അപ്പോഴും അവരുടെ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു, " വണ്ടി എടുക്കടാ ........ ഒരു അലർച്ചയോടെ ആയിരുന്നു ശ്രീഹരി ശ്രീദേവിനോട് അത് പറഞ്ഞിരുന്നത്,

പെട്ടെന്നുതന്നെ വണ്ടി ഇറക്കി, എല്ലാവരും വല്ലാത്ത ഒരു ഭയത്തിൽ തന്നെയായിരുന്നു നിലനിന്നിരുന്നത്, ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും icu യിലേക്ക് മാറ്റിയിരുന്നു, അറ്റാക്ക് വന്നിട്ടുള്ള ആളായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ വേണ്ട എന്ന് ഡോക്ടർ പറഞ്ഞിരുന്നു, ആ നിമിഷം മുതൽ ജാനകിയുടെ മുഖത്ത് വല്ലാത്ത ഒരു ഭയം അവൻ കണ്ടിരുന്നു, അവൻറെ മനസ്സിലും ആരോടും പറയാത്ത ഒരു ഭയം നിൽപ്പുണ്ടായിരുന്നു, കുറച്ചുനേരം കഴിഞ്ഞപ്പോൾ ഡോക്ടർ ഇറങ്ങിവന്നു, സേതുവിനെയും ശ്രീഹരിയെയും മാത്രമായി വിളിച്ച് അയാളുടെ ക്യാബിനിലേക്ക് കൊണ്ടുപോയി, " എന്താ ഡോക്ടർ....? സേതു ചോദിച്ചു.... " ഒരു ഹോപ്പും ഇല്ലടോ, ഇത് മൂന്നാമത്തെ അറ്റാക്ക് അല്ലേ,

കുറച്ചുനേരം കൂടെ നേരത്തെ കൊണ്ട് വന്നിരുന്നു എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് പറയാൻ പോലും പറ്റില്ല, ഒന്നാമത്തെ അവർക്ക് ഒരുപാട് ബ്ലോക്ക് ഉണ്ട്, ബിപിയും ഹൈ ആണ്...ഒന്നും ചെയ്യാൻ പറ്റില്ല, " വേറെ എവിടെയെങ്കിലും കൊണ്ടുപോയാലോ...? ശ്രീഹരി ചോദിച്ചു, " എവിടെ കൊണ്ടു പോയാലും ഇതിനപ്പുറം ഒരു ട്രീറ്റ്മെൻറ് കൊടുക്കാനില്ല ശ്രീഹരി, തൽക്കാലം ആർക്കെങ്കിലും കാണണമെങ്കിൽ കാണാം, പിന്നെ അറിയിക്കേണ്ടവരെ ഒക്കെ എത്രയും പെട്ടെന്ന് തന്നെ അറിയിച്ചുകൊള്ളു, ഡോക്ടർ പറഞ്ഞപ്പോൾ അവസാന പ്രതീക്ഷയും കൈവിട്ടു എന്ന് ശ്രീഹരിക്ക് മനസ്സിലായിരുന്നു,

ഐസിയുവിൽ മുൻപിൽ ജീവച്ഛവം പോലെ ഇരിക്കുന്ന ആ കൊച്ചുപെൺകുട്ടിയോടെ താൻ ഇത് എങ്ങനെ പറയും എന്നും അവൻ ചിന്തിച്ചു, പക്ഷേ പറയാതെ എങ്ങനെ, അവൻ വരുമ്പോഴാണ് നഴ്സ് പുറത്തേക്കിറങ്ങി വരുന്നത്, " ആരാണ് ശ്രീഹരി...? അവരുടെ ചോദ്യമാണ് അവനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്, " ഞാനാണ്..... " നിങ്ങളെ കാണണം എന്ന് പറയുന്നു, അത് പറഞ്ഞപ്പോൾ എല്ലാവരെയും ഒന്ന് നോക്കി ശ്രീഹരി അകത്തേക്ക് കയറിരുന്നു, എന്തൊക്കെയോ ചികിത്സ സാമഗ്രികളുടെ സഹായത്തോടെ കിടക്കുന്ന ജയന്തിയെ കണ്ടപ്പോൾ അവന് വേദന തോന്നി പോയിരുന്നു,

ആ ഒരു അവസ്ഥയിൽ അവരെ എത്തിക്കാനുള്ള കാരണം താൻ ആണല്ലോ എന്ന കുറ്റബോധം അവനിൽ ഉടലെടുത്തിരുന്നു, " മോനേ.... ഹ.... രീ.... കുട്ടാ.... അവരുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു, " ഒരുപാട് സംസാരിക്കേണ്ട, അവരെ ആശ്വസിപ്പിക്കാൻ അവരുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് വ്യക്തമായ രീതിയിൽ അവർ പറഞ്ഞു, "ഞാൻ മരിക്കും.... മോനേ,... ഞാൻ പോയ..... ന്റെ മോൾക്ക് വേറെ ആരുമില്ല, ആരും...... കൈവിടരുത്.... ഒരിക്കലും.......അവൾക്ക് വേറെ ആരും ഇല്ല.... തികച്ച് പറയാൻ പോലും അവർക്ക് ആവതില്ല, അവരുടെ കണ്ണിൽ കൂടി കണ്ണുനീർ ചാലിട്ടൊഴുകുന്നത് കണ്ടപ്പോൾ ശരിക്കും വേദന തോന്നിയിരുന്നു ശ്രീഹരിക്ക്.... "

അമ്മ വേണ്ടാത്ത കാര്യങ്ങൾ ഒന്നും വിചാരിക്കണ്ട, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഒറ്റയ്ക്ക് ആവില്ല, അങ്ങനെ ഒരു വാക്ക് അവർക്ക് നൽകിയപ്പോൾ അവരുടെ കണ്ണിൽ ഒരു പ്രത്യാശ തിളങ്ങിയിരുന്നു, ആ നിമിഷം തന്നെ ആ ജീവൻ ലോകത്തിൽ നിന്നും വിട വാങ്ങുകയും ചെയ്തിരുന്നു, ശ്രീഹരിയുടെ കൈയ്യിൽ പിടിച്ചിരുന്ന കരങ്ങൾ താഴേക്ക് ഊർന്നു വീണു.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story