സ്നേഹദൂരം.....💜: ഭാഗം 24

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ജാനകിയെ....... ജാനകിയെ.... ഞാൻ വിവാഹം കഴിക്കട്ടെ അച്ഛാ.....? ഒരു നിമിഷം മകൻറെ ആ വാക്കുകൾ കേട്ട് അച്ഛനുമമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു പോയി.....  " മോനേ നീ.... എന്താ ഈ പറയുന്നത്....,? സുഗന്ധി സ്വയം മറന്ന് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു പോയിരുന്നു....... " അവളുടെ ജീവിതം സുരക്ഷിതമാക്കണ്ടെ അമ്മേ....? അവളെയും അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ അത്ര പെട്ടെന്ന് നമുക്ക് മറക്കാൻ പറ്റുമൊ....? നമ്മളൊക്കെ അവളുടെ ആരെങ്കിലും ആണ് എന്ന് പറഞ്ഞാലും അക്ഷരാർത്ഥത്തിൽ അവൾക്ക് നമ്മൾ അന്യർ അല്ലേ....? ഈ നിമിഷം ആരുടെയെങ്കിലും കൈകളിലേക്ക് അവളെ കൊടുക്കാൻ നമുക്ക് സാധിക്കുമോ....?

അവൾ പോകുന്നിടത്ത് അവൾക്ക് സുന്ദരമായ ജീവിതം അല്ലെങ്കിൽ പിന്നെ നമുക്ക് ആർക്കെങ്കിലും ജീവിതത്തിൽ ഒരു സമാധാനം കിട്ടുമോ....? ഒരുപാട് ഞാൻ ആലോചിച്ചിട്ട് എടുത്ത ഒരു തീരുമാനം ആണ്........ ഒരു പക്ഷേ അവളുടെ അമ്മയുടെ മരണം പോലും എൻറെ ഒരു സ്വാർത്ഥത കൊണ്ടാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്, ഇല്ലെങ്കിൽ കുറച്ചു കാലം കൂടി അവളുടെ അമ്മ എങ്കിലും അവൾക്കൊപ്പം ഉണ്ടായേനെ...... ഞാനായിരുന്നു ഇതു പെട്ടെന്ന് നടത്തണമെന്ന് വാശിപിടിച്ചത്, അതുകൊണ്ടായിരിക്കും ഒരുപക്ഷേ അവളുടെ അമ്മയെ കൂടെ നഷ്ടമായത്, ആ കുറ്റബോധം ജീവിതകാലം മുഴുവൻ എന്നെ പിന്തുടരുന്നു, ഞാൻ നോക്കിയിട്ട് മറ്റൊരു മാർഗ്ഗവും കാണുന്നില്ല......

അച്ഛനും അമ്മയ്ക്കും എതിർപ്പില്ലെങ്കിൽ അവളെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതം ആണ്...... അവരുടെ മുഖത്തേക്ക് നോക്കാതെ ആണ് അവൻ അത് പറഞ്ഞത്...... " മോനെ ഇതിൽ എൻറെയൊ ഇവളുടെയൊ എതിർപ്പൊ സമ്മതമോ അല്ല, അവളുടെ സമ്മതം ആണ് വേണ്ടത്..... ഓർമ്മവച്ച കാലം മുതൽ അവൾ നിന്നെ കണ്ടിട്ടുള്ളത് ഒരു സഹോദരന്റെ സ്ഥാനത്താണ്, പെട്ടെന്ന് നീ അവളെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞാൽ അവൾക്ക് അംഗീകരിക്കാൻ സാധിക്കുമോ....? അവൻറെ തോളിൽ തട്ടി സേതു ആയിരുന്നു ചോദിച്ചിരുന്നത്.... പുച്ഛം നിറഞ്ഞ ഒരു പുഞ്ചിരി മാത്രം ബാക്കിയായി അവന്റെ മുഖത്ത്......

എങ്ങനെയാണ് അവരോട് പറയുന്നത് തന്നെ അവൾ കണ്ടത് ആ രീതിയിലല്ല എന്ന്, അതും ആരോടും പറയാൻ കഴിയാത്ത വിധം നിസഹായൻ ആയി മാറി താൻ എന്ന് ശ്രീഹരി ഓർക്കുകയായിരുന്നു........ അയാളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി നൽകി, അതിനുശേഷം അവൻ പറഞ്ഞു... " അവളോട് സംസാരിക്കുന്ന കാര്യം ഞാനേറ്റു..... അത് നിങ്ങൾ എനിക്ക് വിട്ടേക്കൂ, നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് മാത്രം പറഞ്ഞാൽ മതി....... എൻറെ ഭാര്യയുടെ സ്ഥാനത്ത് അവളെ കാണുവാൻ അച്ഛനും അമ്മയ്ക്കും സാധിക്കില്ല എങ്കിൽ പിന്നീട് അതിനെ പറ്റി സംസാരിച്ചിട്ട് കാര്യമില്ല....... ഞാൻ വർഷത്തിൽ ഒന്നോ രണ്ടോ മാസം മാത്രമേ ഇവിടെ നിൽക്കു,

പിന്നീട് നിങ്ങൾക്കൊപ്പം ഇവിടെ നിൽക്കേണ്ടത് അവൾ ആണ്........ അതുകൊണ്ട് തന്നെ നിങ്ങൾക്ക് എന്തെങ്കിലും താൽപര്യക്കുറവ് ഉണ്ടെങ്കിൽ ഇത് ഈ നിമിഷം തന്നെ ഞാനിവിടെ ഉപേക്ഷിക്കും, അതുകൊണ്ടാണ് വീണ്ടും വീണ്ടും നിങ്ങളോട് ഞാൻ ഈ കാര്യം ചോദിക്കുന്നത്........ ശ്രീഹരി ഗൗരവം വീണ്ടെടുത്തു പറഞ്ഞു... " ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള ഇഷ്ടക്കേടും അല്ല, അവളെ ഞാൻ എൻറെ മോളെ പോലെ കണ്ടിട്ടുള്ളൂ, ഇനിയുള്ള കാലവും നിൻറെ ഭാര്യയായി അവൾ ഈ കുടുംബത്തിൽ നിൽക്കുകയാണെങ്കിൽ അതും ഞാൻ സന്തോഷമായി മാത്രമേ കാണുകയുള്ളൂ, സുഗന്തിക്കും അങ്ങനെതന്നെയായിരിക്കും...... അവളുടെ മനസ്സ് എനിക്കറിയാം....... പക്ഷേ ജാനകി.....

അവൾ സേതുവിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിന്നു, പക്ഷെ ശ്രീഹരിയെ സംബന്ധിച്ചിടത്തോളം അവളെ സമ്മതിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് അവന് അറിയാമായിരുന്നു...... ഒരുപക്ഷേ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഈ വാർത്തയ്ക്ക് വേണ്ടി ആയിരിക്കാം...... " ജാനകിയുടെ കാര്യം വിട്ടേക്ക് അച്ഛാ, ഞാൻ പറഞ്ഞില്ലേ അവളോട് ഞാൻ സംസാരിച്ചോളാം, നിങ്ങൾക്ക് രണ്ടുപേർക്കും എതിർപ്പില്ല എന്ന് അറിഞ്ഞാൽ മാത്രം മതി...... " ഞങ്ങൾക്ക് രണ്ടുപേർക്കും യാതൊരുവിധത്തിലുള്ള എതിർപ്പുമില്ല, പക്ഷേ നീ പൂർണ്ണമനസ്സോടെ ആണോ ഈ വിവാഹത്തിന് സമ്മതിക്കുന്നത് എന്ന് എനിക്ക് അറിയണം,

21 വയസ്സുള്ള ഒരു പെൺകുട്ടിയെ നിനക്കുവേണ്ടി വിവാഹം ആലോചിച്ചപ്പോ, ൾ അത്രയും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെന്നു പറഞ്ഞ നീ 19 വയസ്സുള്ള ജാനകിയെ വിവാഹം കഴിക്കുമെന്ന വിശ്വസിക്കാൻ എനിക്കൊരു അല്പം ബുദ്ധിമുട്ടുണ്ട്, ഒന്നുമല്ലെങ്കിലും നിന്നെ പത്തുമാസം വയറ്റിൽ കൊണ്ടുനടന്ന ആളല്ലേ ഞാൻ....? നിൻറെ മനസ്സ് മനസ്സിലാക്കാൻ മറ്റാരെക്കാളും കൂടുതൽ എനിക്കറിയില്ലേ....? അവന്റെ മുഖത്തേക്ക് നോക്കി സുഗന്ധി ചോദിച്ചപ്പോൾ അവന്റെ കയ്യിൽ അതിനുള്ള മറുപടി ഉണ്ടായിരുന്നില്ല, വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി മാത്രമാണ് അവൻ അതിനുവേണ്ടി അവർക്ക് നൽകിയത്.....

" ഞാനിന്നുവരെ എൻറെ ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടില്ല അമ്മ, അന്നും ഇന്നും എന്നും എൻറെ ജീവിതത്തെക്കാൾ ഞാൻ എന്നെ സ്നേഹിക്കുന്നവരുടെ ജീവിതങ്ങൾക്ക് ആണ് പ്രാധാന്യം നൽകിയിട്ടുള്ളത്, ഇല്ലെങ്കിൽ എൻറെ നല്ല കാലം മുഴുവൻ മരുഭൂമിയിൽ ചെലവഴിക്കണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ....? ഇപ്പോഴും ഞാൻ അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്, എൻറെ ഇഷ്ടങ്ങൾ ഒക്കെ അവിടെ നിൽക്കട്ടെ, ഞാൻ പറഞ്ഞില്ലേ ഒരു പക്ഷേ അവളെ വേറെ ആരുടെ എങ്കിലും കൈയ്യിൽ നൽകിയാൽ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ നല്ലൊരു ജീവിതം അവൾക്ക് ലഭിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ആ കുറ്റബോധം എന്നെ പിന്തുടരും.....

നല്ലൊരു ജീവിതം എനിക്ക് മുൻപോട്ട് ഉണ്ടാവില്ല, അതുകൊണ്ട് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ തീരുമാനം എന്ന് എനിക്ക് തോന്നുന്നു..... നമ്മൾ ഇപ്പോൾ എത്രയൊക്കെ ആർഭാടമായി അവളുടെ വിവാഹം നടത്തിയാലും നമ്മൾ അവൾക്ക് അന്യരാണ്...... ചെന്നു കയറുന്ന വീട്ടിൽ അനാഥ എന്ന സ്ഥാനം മാത്രമേ അവൾക്ക് ഉണ്ടാകു, അങ്ങനെ ഒരു പെൺകുട്ടി ജീവിക്കുക എന്ന് പറഞ്ഞാൽ അത് അങ്ങേയറ്റം തളർന്നു പോകുന്ന അവസ്ഥയാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും....... എന്നെക്കാൾ കൂടുതൽ അമ്മയ്ക്ക് അത് മനസ്സിലാക്കാൻ സാധിക്കും, കാരണം അമ്മ ഒരു സ്ത്രീ ആണല്ലോ, ഇവിടെയാണെങ്കിൽ അവൾക്ക് അങ്ങനെയുള്ള യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല,

എൻറെ കണ്മുൻപിൽ വളർന്ന കുട്ടി അല്ലേ, അവൾ ഇവിടെ ആയിരിക്കുമ്പോൾ നമുക്ക് ഒരു സമാധാനമില്ലേ....? അങ്ങനെ അവളെ ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് ബാധ്യതയൊഴിക്കാൻ നമുക്ക് കഴിയില്ലല്ലോ..... അമലിനെ പോലെ ഇനിയും വരുന്നവരും സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇല്ലാത്ത ഒരാളാണെങ്കിൽ അവളുടെ ജീവിതം വീണ്ടും കണ്ണിരിലേക്ക് മാറുകയുള്ളൂ, അച്ഛനും അമ്മയും നഷ്ടപ്പെട്ട അവളെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്, അത് മാത്രമേ ഞാൻ ഇപ്പോൾ മുന്നിൽ കാണുന്നുള്ളൂ..... അതിലുപരി ജാനകി ഒറ്റയ്ക്ക് ആകരുത്, നമ്മുക്ക് അന്യ ആവരുത്..... " അവന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു...

" നിനക്ക് വേണ്ടി ജാനകിയെ ആലോചിക്കുന്നത് എനിക്ക് സന്തോഷം മാത്രമേയുള്ളൂ, ഈ വീട്ടിലേക്ക് അവൾ മരുമകൾ ആയി കയറി വരുന്നത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ തന്നെയായിരിക്കും,നിന്റെയോ ദേവന്റെയോ പെണ്ണായി അവൾ വരണം എന്ന് ഞാൻ എത്രയോവട്ടം ആഗ്രഹിച്ചിട്ട് ഉണ്ടെന്ന് അറിയുമോ...? സുഗാന്ധി അങ്ങനെ പറഞ്ഞപ്പോൾ ശ്രീഹരിയിലും ഞെട്ടലും അനുഭവപെട്ടു, അമ്മ അങ്ങനെ ആഗ്രഹിച്ചിരുന്നോ ...? എങ്കിലും അവന്റെ മനസ്സു നിറഞ്ഞിരുന്നു, പക്ഷേ അവളെ എങ്ങനെയാണ് ഭാര്യ ആയി കാണുന്നത് എന്ന ചോദ്യം ഇപ്പോഴും മനസിൽ ബാക്കിനിൽക്കുന്നു...... ഒരിക്കലും തനിക്ക് കഴിയില്ല,

തന്നെ കൊണ്ട് ഒരിക്കലും സാധിക്കാത്ത ഒരു ബാലികേറാമല ആയി അത് നിലനിൽക്കുമെന്നും അവൻറെ മനസ്സിൽ ഇരുന്ന് ആരോ മന്ത്രിച്ചു, പക്ഷേ അവളെ അനാഥ ആക്കുവാനും വയ്യ, മനസ്സിന്റെ ഒരു വശം അവളെ തന്റെ പെണ്ണായി ഉൾക്കൊള്ളാൻ വിമുഖത കാണിക്കുമ്പോൾ, മറുവശം അവളെ സമൂഹത്തിൻറെ കൈകളിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കാൻ ഇഷ്ടപ്പെടാതെ നിന്നു........ മനസ്സാക്ഷിയും മനസ്സും തമ്മിൽ പിടിവലി കൂട്ടുന്ന ഒരു നിമിഷം പോലെ ശ്രീഹരിക്ക് തോന്നി ........ എന്താണ് ചെയ്യുക ...? എങ്കിലും മാതാപിതാക്കളുടെ സമ്മതം പിരിമുറുക്കം ബാധിച്ച മനസ്സിന് ചെറിയൊരു അയവ് നൽകിയത് പോലെ ശ്രീഹരിക്ക് തോന്നി,

അങ്ങനെ അവൻ മുറിയിലേക്ക് ചെന്നു, കുറച്ച് സമയം ഇരുന്ന് വെളുപിനെ എപ്പോഴോ ഉറങ്ങിയിരുന്നു...... ഈ ഒരു തീരുമാനത്തിൽ തന്നെ മുന്നോട്ടു പോകുവാൻ ശ്രീഹരി തീരുമാനിച്ചു ........തീർത്തും ഈ ലോകത്തിൽ അനാഥമാക്കപ്പെട്ട, അതിൻറെ പേരിൽ ഈശ്വരന്മാരെ പോലും പഴിച്ചു ഒരു പെണ്ണ് അപ്പുറത്ത് ഉറക്കമില്ലാതെ ഇരുന്നു..... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് തന്നെ ശ്രീദേവും വിദ്യയും തിരിച്ചു പോയിരുന്നു, അവർക്ക് ഇനി ഒരുപാട് അവധി ഒന്നും ഉണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തിരിച്ചു പോവുകയും വേണമായിരുന്നു.... രണ്ടുപേരും ജാനകിയുടെ അടുത്ത് വന്ന് യാത്ര പറഞ്ഞു, അവളെ ആശ്വസിപ്പിച്ചു ആണ് പോയത്......

വിദ്യ ആണെങ്കിൽ അവളെ ചേർത്തുപിടിച്ച് ഒന്നുമില്ലെന്നും തിരികെ വരുമ്പോഴേക്കും പഴയ ജാനകി ആയിരിക്കണമെന്നും ഒക്കെ പറയാനും മറന്നില്ല...... വിദ്യ കൂടി പോയപ്പോൾ ആ മുറിയിൽ ഒറ്റപ്പെട്ടതുപോലെ ആയിരുന്നു ജാനകിക്ക് തോന്നിയിരുന്നത്...... കുറച്ചു സമയങ്ങൾക്കു ശേഷം വാതിലിൽ ഒരു മുട്ട് കേട്ടപ്പോൾ അവൾ മുഖം ഒക്കെ തുടച്ച് വാതിൽ തുറന്നു, മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഉള്ളിൽ വീണ്ടും ഒരു സങ്കടക്കടൽ ആർത്തിരമ്പുന്നത് അവൾ അറിയുന്നുണ്ടായിരുന്നു, ഇത്ര ദിവസമായിട്ടും ഹരിയേട്ടൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നില്ല, ആശ്വസിപ്പിച്ചിരുന്നില്ല.........

ഒരുപക്ഷേ ഈ കുടുംബത്തിലുള്ള എല്ലാവരെയുകാൾ കൂടുതൽ താൻ ആഗ്രഹിച്ചത് ആ ഒരാളുടെ ആശ്വാസവാക്കുകൾക്ക് വേണ്ടിയായിരുന്നു, അത്രയും അന്യ ആയി പോയിരുന്നോ ഹരിയേട്ടാ ഞാൻ...... ആ മനസ്സിൽ നിന്നും താൻ ഒരുപാട് അകന്നല്ലോന്ന് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത വേദനയായിരുന്നു തോന്നിയത്......... ആ മനസ്സിൽ നിന്നും ഞാൻ പൂർണ്ണമായി ഇല്ലാതെ ആയോ എന്ന് ആ മിഴികൾ അവനോട് ചോദിച്ചു കൊണ്ടേയിരുന്നു....... ആ പഴയ ഹരിയേട്ടൻ ആയെങ്കിലും ജാനിക്കുട്ടി ഒന്ന് ചേർത്ത് പിടിക്കാമായിരുന്നില്ലേ.....? ഈ ലോകത്തിൽ അവൾക്ക് വേറെ ആരുമില്ലെന്ന് അറിയാവുന്നതല്ലേ.....? ഒന്ന് ചേർത്തുപിടിച്ച് നിൻറെ കൂടെ ഞാൻ ഇല്ലേ എന്ന് ഒന്ന് ചോദിക്കാമായിരുന്നില്ലേ....?

അതൊന്നും ഉണ്ടായില്ലല്ലോ, തൻറെ ഒരു ചിന്തയ്ക്ക് താൻ കൊടുക്കേണ്ടി വന്ന പ്രതിഫലം ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മനസ്സിൽ നിന്നും തന്റെ സ്ഥാനം നഷ്ടപ്പെട്ടു പോകുക എന്നതായിരുന്നു എന്ന് വേദനയോടെ അവൾ മനസ്സിലാക്കി...... ഇപ്പോൾ മനസ്സിൽ പ്രണയമൊ മറ്റു വികാരങ്ങളോ ഒന്നും തോന്നുന്നില്ല, ഒരു ശൂന്യത മാത്രമാണ്...... ഈശ്വരന്മാർ പോലും തോൽപ്പിച്ച ഒരുവൾക്ക് മനസ്സിൽ മറ്റെന്താണ് തോന്നുക.....? വിധിയുടെ ക്രൂര വിളയാട്ടങ്ങൾ ഇരയായി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ........ ഇതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോവുകയാണ്, മറ്റു മാർഗങ്ങൾ ഒന്നും മുൻപിൽ ഇല്ല,

എങ്ങനെയേലും പെട്ടന്ന് ഒരു മരണം അനുഗ്രഹം ആയി നൽകണേ എന്ന പ്രാർത്ഥന മാത്രമേ ഇപ്പോൾ ഉള്ളു, വിഷാദ ചുവയോടെ ഉള്ള ഒരു പുഞ്ചിരി അവന് അവൾ നൽകി, അവളുടെ രൂപം അവനിലും വല്ലാത്തൊരു അതിശയമായിരുന്നു നിറച്ചിരുന്നത്...... ഐശ്വര്യത്തോടെ മാത്രം കണ്ടിട്ടുള്ള ആ മുഖം വല്ലാതെ മാറിപ്പോയിരിക്കുന്നു, വിഷാദവും വേദനയും മാത്രമാണ് ഇപ്പോൾ ആ മുഖത്ത് നിഴലിച്ചു കാണുന്നത്..... അവനിലും വല്ലാത്ത ഒരു നോവ് പടർത്തിയിരുന്നു, ഇങ്ങനെയൊന്നുമായിരുന്നില്ല ജാനകി എന്ന് അവൻ ഓർത്തു....... അവൻറെ മുഖത്ത് വാത്സല്യം നിറഞ്ഞുനിന്നു......... " എന്താ ജാനി ഇത്, നീ എന്താ ഇങ്ങനെ ഒക്കെ......? മുഖം നന്നായിട്ട് കഴുകി വാ, ഇപ്പൊൾ എത്ര വിഷമിച്ചാലും പോയവർ തിരിച്ചു വരുമോ.....? ഒരിക്കലും സാധ്യമാവാത്ത കാര്യമാണ് മോളെ അത്.....

നിൻറെ അമ്മയുടെ ആത്മാവ് പോലും സഹിക്കില്ല ഈ രൂപത്തിൽ നിന്നെ കാണുകയാണെങ്കിൽ, നീ നന്നായി ഒന്ന് കുളിച്ച് ഫ്രഷായി ബാൽക്കണിയിലേക്ക് വാ, എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്...... ഗൗരവത്തോടെ പറഞ്ഞിട്ട് പോയവനെ ആ നിമിഷം അവൾ നോക്കി നിന്ന് പോയി..... വാക്കുകളിൽ പോലും തന്നോട് അകലം സൂക്ഷിക്കുന്നതുപോലെ..... ആ മനസ്സിൽ നിന്നും താൻ ഒരുപാട് ദൂരെ ആയതുപോലെ....... എല്ലാംകൊണ്ടും ജാനകി അനാഥയായി മാറുകയാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു....... ഈ ലോകത്തിൽ ഇപ്പോൾ സ്വന്തം എന്ന് പറയാൻ തനിക്ക് ആരും ഇല്ല......

ഹരിയേട്ടന് എന്തായിരിക്കും തന്നോട് പറയാനുണ്ടാവുക....? അപ്പോഴും അവളുടെ മനസ്സിൽ ഉയർന്ന് ചോദ്യം അതായിരുന്നു..... ഒരുപക്ഷേ കോളേജിൽ പോകണം എന്നായിരിക്കും അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കണമെന്ന് ആയിരിക്കും പറയാനുണ്ടാവുക, ഇനിയും ഹരിയേട്ടനെ ഇഷ്ടത്തിനു വേണ്ടി മറ്റൊരാൾക്ക് മുൻപിൽ കൂടി നിന്ന് കൊടുക്കില്ല, അങ്ങനെ ഒരു അവസ്ഥ വന്നാൽ ഈ വീട്ടിൽ നിന്നും ഇറങ്ങും..... അതിനുശേഷം ആരുമറിയാതെ മറ്റെവിടെയെങ്കിലും അഭയംതേടും ലഭിച്ചില്ല എങ്കിൽ അച്ഛന്റെയും അമ്മയുടെയും അരികിലേക്ക്, അങ്ങനെ അവൾ മനസ്സിൽ തീരുമാനിച്ചിരുന്നു.....

സർവ്വവും നഷ്ടപ്പെട്ടവർക്ക് ജീവിച്ചിരിക്കുന്നതിന് പോലും അർഹത ഇല്ലന്ന് തീരുമാനിക്കുകയായിരുന്നു അവൾ.... കുറച്ചുകഴിഞ്ഞ് കുളിയെല്ലാം കഴിഞ്ഞ് നേരെ ബാൽക്കണിയിലേക്ക് പോയി, അവിടെ ചൂരൽ കസേരയിൽ ഇരിക്കുക ആണ്, കാര്യമായ ചിന്തയിലാണ് എന്ന് അവൾക്ക് തോന്നിയിരുന്നു...... അവളുടെ സാന്നിധ്യം അറിഞ്ഞ് അവൻ തിരിഞ്ഞു നോക്കിയിരുന്നു, അവൾ ആണെന്ന് സൂക്ഷിച്ചു നോക്കിയാൽ മാത്രമേ പറയാൻ കഴിയൂ, കുറച്ചു ദിവസങ്ങൾ കൊണ്ട് അവൾ വല്ലാതെ തളർന്ന് പോയി എന്ന് തോന്നിയിരുന്നു...... പഴയ പ്രസരിപ്പും സന്തോഷവും ഒന്നും ആ മുഖത്തില്ല, അതിനുപകരം അസ്ഥി ഒട്ടിയ ഒരു രൂപം പോലെ....... ആഹാരം പോലും അവൾ നന്നായി കഴിക്കുന്നില്ല എന്ന് അവന് തോന്നി.......

അവളെ കണ്ടപ്പോൾ വിഷമം ആണ് അവന് തോന്നിയിരുന്നത്...... അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി നൽകുവാൻ ഒരു വിഫല ശ്രമം നടത്തിയിരുന്നു, പക്ഷേ മനസ്സിൽ പിടിമുറുക്കിയിരിക്കുന്നു പല ചോദ്യങ്ങളും മനസ്സിൽ പല ഉത്തരങ്ങളും ആ പുഞ്ചിരി ഒരു മായ്ച്ചുകളയാൻ ശേഷിയുള്ളത് ആയിരുന്നു..... അവൻറെ മുഖത്തേക്ക് നോക്കാതെ അരികിൽ നിൽക്കുന്ന ആ പെണ്ണിനോട് എന്ത് പറഞ്ഞു തുടങ്ങണം എന്ന് അവന് അറിയില്ലായിരുന്നു..... എങ്കിലും അവൻ പറഞ്ഞു തുടങ്ങി.... " ജാനകി ഞാൻ നിന്നോട് വളരെ കാര്യമായ ഒരു കാര്യം പറയാനാണ് വിളിച്ചത്....... " തുടക്കം പോലെ അവന് പറഞ്ഞു... " എന്താ ഹരിയേട്ടാ, മുഖവര ഒന്നുമില്ലാതെ ഹരിയേട്ടൻ പറഞ്ഞോളൂ......

തനിക്ക് മുൻപിൽ നിൽക്കുന്നത് മറ്റൊരു ജാനകി ആണെന്ന് അവനു തോന്നി, കുട്ടിത്തവും കുറുമ്പും ഒക്കെ കളഞ്ഞ് ജീവിതത്തെ വളരെ പക്വതയോടെ കാണുന്ന ഒരു പെൺകുട്ടിയെ പോലെ അവന് തോന്നിയിരുന്നു...... അവളുടെ മുഖത്തേക്ക് നോക്കുവാൻ പോലും ഭയം തോന്നി...... ആ കണ്ണുകൾക്ക് പോലും വല്ലാത്ത തീക്ഷണത ഉള്ളതുപോലെ....... അവൾ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട് എന്നു തോന്നിയിരുന്നു, " നിൻറെ വിവാഹം ഞാൻ ഉറപ്പിക്കാൻ പോവാ..... " വീണ്ടും ഒരു പ്രകമ്പനം അവളുടെ തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story